Sunday, 14 October 2012

ബുള്ളറ്റ് ബാബ അഥവാ ബുള്ളറ്റ് ദൈവം


ജോദ്പൂരില്‍ നിന്നും ഒരു മണീക്കൂറിലധികം യാത്ര ചെയ്ത്, രോഹത് എന്ന ചെറിയ ടൌണ്‍ കഴിഞ്ഞാല്‍, പാലി എന്ന സ്ഥലമെത്തും മുന്‍പാണ് ബുള്ളറ്റ്‌ബാബ അഥവാ ബുള്ളറ്റ്‌ ദൈവത്തിന്റെ അമ്പലം ആദ്യമായി കണ്ടത്‌. അത്‌ 2008 ലായിരുന്നു. അന്ന്‌ വണ്ടി അവിടെ ഒന്നു നിര്‍ത്തു, എന്താണെന്നു നോക്കട്ടെ എന്നു പറഞ്ഞപ്പോള്‍ ജോദ്പൂരി സുഹൃത്തിനൊരു ചളിപ്പ്. വീണ്ടും എന്താ അതെന്ന് നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ അതു ബുള്ളറ്റിനെ ദൈവമാക്കി ആരാധിക്കുന്ന ഒരു അമ്പലമാണെന്നു മറുപടി..

സുഹൃത്തെ ജീവിച്ചിരിക്കുന്നവരെ പിടിച്ച്‌ ദൈവമാക്കിയ നാടാ എന്റേത്..പിന്നീടാ ദൈവങ്ങളും അവരുടേ ശിങ്കിടികളും ബിസിനസ്സ്‌ ചെയ്യുന്ന നാടാ..മാത്രമല്ല തൊട്ടയല്‍‌പക്കത്ത്‌ തമിഴ്നാട്ടില്‍ നടിയെയും ദൈവമാക്കി അമ്പലം പണിതിട്ടുണ്ട്…അത്രകില്ലല്ലോ അല്ലേ?

സുഹൃത്തിന്റെ കണ്ണില്‍ അത്ഭുതം…ഇത്രയും പഠിപ്പുള്ളവരുടെ നാട്ടിലോ??

അതിലൊന്നും വലിയ കാര്യമില്ലന്നേ..ഞങ്ങളുടെ നാട്ടിലുള്ളത്ര കുട്ടിച്ചാത്തന്മാരും, ആള്‍ദൈവങ്ങളും ഇവിടെയുണ്ടാവില്ലന്ന് ഞാന്‍ ആണയിട്ടപ്പോള്‍ അദ്ദേഹം ആ കഥ പറഞ്ഞു..ഇങ്ങിനെയാണ്‍ ബുള്ളറ്റും, അതിന്റെ ഉടമസ്ഥനും ദൈവമായതെന്നു…
*****      *****     *****
1988 ലെ ഒരു മഞ്ഞുകാലത്തായിരുന്നു അയാള്‍ അടുത്ത കൂട്ടുകാരനുമൊത്ത്‌ അഭിമാനപൂര്‍വ്വം, അതിലേറെ ആവേശത്തോടെയും, അങ്ങേയറ്റം സന്തോഷത്തോടെയും ചോട്ടില എന്ന ഗ്രാമത്തില്‍ നിന്നും കറങ്ങാനിറങ്ങിയത്‌—അതും സമ്മാനമായി കിട്ടിയ റോയല്‍ എന്‍ഫീഡ് ബുള്ളറ്റിലെ ആദ്യ യാത്ര. 9 മാസങ്ങള്‍ നീണ്ട ഭാര്യഗൃഹവാസത്തിനു ശേഷം ആദ്യമാണ് ജന്മനാടും വീടും കാണുന്നതും..ഈ യാത്രയാണ് ഠാക്കൂര്‍ ഓംബനസിംങ്ങ്‌ പാത്താവത്ത്‌ എന്ന രജപുത്ര യുവാവിനെയും, അയാളുടെ ബുള്ളറ്റിനേയും ദൈവമാക്കി മാറ്റിയത്‌.


സുന്ദരനും സുമുഖനുമായ ഓംബനസിംങ്ങ്‌ പാത്താവത്ത്‌ ചിത്തോര്‍ഘട്ടിലുള്ള സുഹൃത്തിന്റെ വിവാഹചടങ്ങില്‍ വെച്ചാണ്‌ ഊര്‍മിള റാണാവത്ത്‌ എന്ന സുന്ദരിയെ കണ്ട്‌ മുട്ടുന്നത്‌. പത്തു ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകള്‍ക്കിടയില്‍ അവരുടെ പ്രണയവും കത്തിപടര്‍ന്നു. പതിവു പോലെ അതു ഇരുവരുടേയും വീടുകളില്‍ അറിഞ്ഞു, അതിലും പതിവു പോലെ പൊട്ടിതെറികള്‍, എതിര്‍പ്പുകള്‍ എല്ലാം മുറപോലെ ഉണ്ടായി. കാരണം രണ്ട് പേരും രജപുത്രരാണെങ്കിലും പരസ്പരം വിവാഹം കഴിക്കാറില്ല. ചിത്തോര്‍ഘട്ടിലെ റാണാവത്തുക്കളും, രോഹത്ത്ഘട്ടിലെ പാത്താവത്തുക്കളും പണ്ടു മുതലെ ശത്രുക്കളാണ്, വളരെ പണ്ട് കാലത്ത്‌ ഈ രണ്ട്‌ രാജ്യത്തെയും രാജാക്കന്മാര്‍ തമ്മിലുണ്ടായിരുന്ന വഴക്കിന്റെ ഫലമായി ഉണ്ടായി വന്ന നാട്ടാചാരമാണി ശത്രുത.




ഓംബനയും, ഊര്‍മിളയും

ചോട്ടില ഗ്രാമത്തിലെ പ്രമുഖനായ പ്രമാണിയാണ് ഓംബനയുടെ പിതാവ് ഠാക്കൂര്‍ ജോഗ്സിംങ്ങ്‌ പാത്താവത്ത്‌,. പാത്താവത്ത്‌ കുടുംബമൊന്നൊടക്കം ഒന്നൊടക്കം എതിര്‍ത്തിട്ടും ഓംബന തീരുമാനത്തില്‍ ഉറച്ച്‌ നിന്നു..ഒടുവില്‍ മകന്‍ തന്റെ അനുവാദമില്ലാതെ ഊര്‍മിളയെ െ വിവാഹം കഴിക്കുമെന്ന ഘട്ടം വന്നപ്പോള്‍ നാട്ടാചാരങ്ങള്‍ മറികടന്ന്‌ 88 മാര്‍ച്ചില്‍ ചിത്തോര്‍ഘട്ടിലെ വധുഗൃഹത്തില്‍ വെച്ച്‌ വിവാഹം നടത്തി കൊടുത്തു  എങ്കിലും വരനെയും, വധുവിനേയും ചോട്ടിലയിലേക്ക് കൊണ്ട് വരാന്‍ പാത്താവത്ത്‌ കുടുംബം മനസ്സു കാണിച്ചില്ല. ജോഗ്സിംങ്ങ്‌ പാത്താവത്തും, ഭാര്യ സ്വരൂപ്‌ കൌറും തങ്ങളുടെ ഒറ്റമകനെ കാണാ‍തെ എന്നും വിഷമിച്ചിരുന്നു എന്നത്‌ മറ്റൊരു കാര്യം..

അങ്ങനെ മാസങ്ങള്‍ കടന്ന് പോകവെ, ചിത്തോര്‍ഘട്ടില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത എത്തി, ഊര്‍മിള മൂന്നുമാസം ഗര്‍ഭിണീയാണ്. പാത്താവത്ത്‌ കുടുംബവും ഗ്രാമവാസികളും എല്ലാം മറന്നു, ജോഗ്‌ സിംങ്ങ്‌ ഗ്രാമവാസികള്‍ക്കെല്ലാം രസഗുളയും, ലഡുവും വിതരണം ചെയ്തു. തുടര്‍ന്ന്‌ ആചാരപ്രകാരം മകനെയും, ഭാര്യയേയും ചോട്ടിലയിലേക്ക് കൊണ്ടു വന്നു. മകനായി അച്ചന്‍ ഒരു പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ്‌ ബുള്ളറ്റും സമ്മാനമായി കാത്തുവെച്ചിരുന്നു.


 സ്വന്തം നാട് കണ്‍കുളിര്‍ക്കേ കണ്ട് കൊണ്ട് ഹൈവേയിലൂടെ പാലിക്ക് പൊയ്‌കൊണ്ടിരുന്ന ബുള്ളറ്റില്‍ നിയന്ത്രണം വിട്ടു വന്ന ഒരു ലോറി വന്നിടിച്ചു. ദൂരേക്ക് തെറിച്ചു വീണ ഓംബന ചെന്ന്‌ വീണത്‌ ജാല്‍ എന്ന മരത്തിന്റെ ഉണക്ക കമ്പിലായിരുന്നു, ആ കൊമ്പ്‌ തലയില്‍ തുളച്ചു കയറി.. എല്ലാ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, സന്തോഷങ്ങളും അവിടെ അവസാനിച്ചു. ജോഗ്‌സിംങ്ങ്‌ പാത്താവത്തിന്റെ ഒരേയൊരു മകന്‍, ജനിക്കാനിരിക്കുന്ന തന്റെ മകന്റെ മുഖം ഒരു നോക്കു കാണാനാകും മുന്‍പേ സംഭവസ്ഥലത്ത്‌ വെച്ചു തന്നെ മരണമടഞ്ഞു.പിന്നിലിരുന്ന സുഹൃത്തിനു നിസ്സാരമായ പരിക്കുകളേ ഉണ്ടായിരുന്നൊള്ളൂ

ഓംബന ചെന്നിടിച്ചു വീണ ജാല്‍ മരം

ഇവിടെ ഒരു പ്രണയ കഥ അവസാനിച്ചുവെങ്കിലും, ഒരു ദൈവകഥ  തുടങ്ങുകയാണുണ്ടായത്‌.. സംഭവസ്ഥലത്തു നിന്നും ബുള്ളറ്റ്‌ പോലീസ്‌സ്റ്റേഷനിലെത്തിച്ചു.എന്നാല്‍ പിറ്റേ ദിവസം നോക്കുമ്പോള്‍ ബുള്ളറ്റ്‌അവിടെ നിന്നും അപ്രത്യക്ഷമായി പഴയ അപകടം നടന്ന സ്ഥലത്തു തന്നെ കിടപ്പുണ്ടായിരുന്നു. പോലീസുകാര്‍ അതു വല്ല കള്ളന്മാരുടെ വിദ്യയാകും എന്നു കരുതി വീണ്ടും ബുള്ളറ്റ്‌ സ്റ്റേഷനിലെത്തിച്ചു..എന്നാല്‍ സംഭവം വീണ്ടും ആവര്‍ത്തിച്ചു, ഒന്നല്ല അഞ്ചു തവണ. ഭയന്നു പോയ പോലീസുകാര്‍ ആ ബുള്ളറ്റിനെ അവിടെ ഉപേക്ഷിച്ചു പോന്നു.താമസിയാതെ ഈ പ്രേതകഥ നാടാകെ പ്രചരിക്കാന്‍ തുടങ്ങി. രാത്രികാലങ്ങളില്‍ അതു വഴി ആരും സംഞ്ചരിക്കാതെയായി, കഥയൊന്നും അറിയാതെ എത്തുന്ന ദൂരദേശക്കാരുടെ വണ്ടികള്‍ സംഭവസ്ഥലത്ത്‌ അപകടങ്ങളില്‍ പെട്ടു..പലരും മദ്യം ചോദിക്കുന്ന സുന്ദരനാ‍യ ചെറുപ്പക്കാരനെ അപകടശേഷം കണ്ടതായി സാക്ഷ്യം പറഞ്ഞു.(അപകടത്തില്‍ പെടുമ്പോള്‍ ഓംബന മദ്യപിച്ചിരുന്നുവത്രെ)

മാത്രമല്ല രോഹത്തിലും, പാലിയിലും, ചോട്ടില ഗ്രാമത്തിലുമെല്ലാം അകാല്‍ (വരള്‍ച്ച) അതിന്റെ സകല കാഠിന്യത്തോടെ ആക്രമിച്ചു..
ആ ഗ്രാമം കണ്ടതില്‍ വെച്ചേറ്റവും രൂക്ഷമായിരുന്നു രണ്ട് കൊല്ലം നീണ്ടു നിന്ന വരള്‍ച്ച. എന്നും പൊടിക്കാറ്റും, ഉഗ്രമായ ചൂടും കൊണ്ട് നാട്ടുകാര്‍ പൊറുതി മുട്ടി.കുടി വെള്ളത്തിനായി ജനങ്ങള്‍ അന്യനാടുകളിലേക്ക് പോയി, കൃഷികള്‍ നശിച്ചു, നാട്ടില്‍ പച്ചപ്പില്ലാ‍തായി. വെള്ളമില്ലാതെ കന്നുകാലികള്‍ ചത്തൊടുങ്ങി. അവയുടെ ശവശരീരങ്ങളുടെ ദുര്‍ഗന്ധത്താല്‍ നാട്‌ വലഞ്ഞു. ഗവണ്‍മ്മെന്റ് റേഷനായി നല്‍കുന്ന ഗോതമ്പുമാവ്‌ വിശപ്പിനു തികയാതെയായി..അവര്‍ കേജഡി എന്ന മരത്തിന്റെ പുറംതൊലി ചെത്തിയെടുത്ത്‌ പൊടിച്ച്‌ മാവില്‍ കൂട്ടി റൊട്ടിയുണ്ടാക്കി  വിശപ്പടക്കി.



കേജഡി എന്ന മരവും, അതിന്റെ പുറം തൊലിയും.
.
ഇതെല്ലാം കണ്ട് നടന്നിരുന്ന ഒരു ബാഹ്മണബാലന്‍ എന്നും ഒരു മാലയുണ്ടാക്കി ഓംബനയുടെ ബുള്ളറ്റിലും, ജാല്‍ മരത്തിലും ചാര്‍ത്താനും പൂജിക്കാനും തുടങ്ങി. താമസിയാതെ ബാക്കി ഗ്രാമവാസികളും ഇതു അനുകരിക്കാന്‍ തുടങ്ങി. വൈകാതെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമി കുളിക്കേ മഴ പെയ്തു. കെട്ടു പോയ പ്രതാപം പതുക്കെ അന്നാട്ടുകാര്‍ക്കു തിരിച്ചു കിട്ടാന്‍ തുടങ്ങി.

ഇപ്പോഴത്തെ അമ്പലം


പതിയെ ബുള്ളറ്റ്‌, ബുള്ളറ്റ്‌ ബാബയായും, ഓംബന –ഓംബന ബാബ( ദൈവം)യായും മാറി. അതോടൊപ്പം തിരക്കും കൂടി കൂടി വന്നു, അപകടങ്ങള്‍ ഒന്നും കൂടാതെ വീടെത്താനുള്ളാ പ്രാര്ത്ഥനകളുമായി കുടുംബങ്ങളും, നാഷണല്‍ പെര്‍മിറ്റ്‌ വണ്ടി ഡൈവര്‍മാരും ഭണ്‍ധാരം നിറയെ പൈസയും, മദ്യകുപ്പികളും വഴിപാടായി നല്‍കികൊണ്ടിരുന്നു


2008 ല്‍ അമ്പലം ഇങ്ങനെയായിരുന്നു

ക്ഷേത്രത്തിനു ചുറ്റും വെച്ചുവാണിഭക്കാര്‍ ബാബയുടെ ഫോട്ടോയും, മറ്റ് സാധനസാമഗ്രികളും വിറ്റു വരുന്നതിന്റെ തിരക്കും ഏറിവന്നു.




ഈയടുത്ത്‌ ജോദ്പൂര്‍ പോയപ്പോള്‍ ഒരു മോഹം,  2012 ല്‍ ബുള്ളറ്റ്‌ ബാബ എങ്ങിനെ ഉണ്ടെന്നും, അദ്ദേഹത്തിന്റെ ഊര്‍മിളയെയും കാണണം എന്നും, ആ കാഴ്ചകാളിണിത്‌


ഹൈവേക്കടുത്ത്‌ അഞ്ചേക്കര്‍ സ്ഥലവും, സാമാന്യം വലിയ എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു അമ്പലമായി പുരൊഗമിച്ചിരിക്കുന്നു


പൂജാരികളും, രണ്ട്‌  കാവല്‍ക്കാരും, ധാരാളം കുടിവെള്ള കൂളറുകളും, പാര്‍ക്കിംങ്ങ്‌ ഏരിയയും ഉണ്ട്..ഇപ്പോള്‍ ട്രസ്റ്റ്‌ മെംബര്‍മാര്‍ ആണ് അമ്പലക്കാര്യങ്ങള്‍ നടത്തുന്നതു.പഴയ പൂജാരി പയ്യന്‍ വലിയ ബിസിനസ്സുകാരനായി മാറി.


ചോട്ടില ഗ്രാമം വലുതായി ഒന്നും പുരോഗമിച്ചിട്ടില്ല.പൊളിഞ്ഞടര്‍ന്ന റോഡുകളും, അലഞ്ഞു നടക്കുന്ന കന്നുകാലികളും എല്ലാം ഒരു സാധാരണ മാര്‍വാര്‍ഡ്‌ ഉള്‍ഗ്രാമം തന്നെ

ഓംബന ബാബയുടെ വീട്‌

ആദ്യം കണ്ടത്‌ ഓംബനയുടെ അച്ചന്‍ 81 വയസ്സു കഴിഞ്ഞ ഠാക്കൂര്‍ ജോഗ്‌ സിംങ്ങ് പാത്താവത്തിനെയാണ് 

ഠാക്കൂര്‍ ജോഗ്‌സിംങ്ങ്‌ പാത്താവത്ത്‌

വീടിനോട് ചേര്‍ന്ന വിവിധ ദൈവങ്ങളുടെ പടങ്ങള്‍ നിരന്നിരിക്കുന്ന അദ്ദേഹത്തിന്റെ ഗസ്റ്റ്‌ റൂമില്‍ ഒറ്റക്കാലുള്ള കണ്ണടയും വെച്ച്‌ ഓംബനയുടെ ഓര്‍മകളില്‍ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ട് വാചാലനായി…എന്തായാലും അച്ചന്റെ ദൈവങ്ങള്‍ക്കൊപ്പം മകന്റെ പടമില്ല.



പിന്നീടാണ്, ഓംബനയുടെ പ്രണയിനിയെ കണ്ടത്‌, ഇപ്പോഴും സുന്ദരി തന്നെ..ഫോട്ടോ എടുക്കാന്‍ നേരം മുടി നരച്ചു പോയി എന്നു പരാതി പറഞ്ഞു ചിരിച്ചു, പിന്നെ ഉള്‍മുറിയില്‍ തൂക്കിയിട്ടിരുന്ന വിവാഹ ഫോട്ടോ കാണിച്ചു തന്ന്‌ പഴയ പ്രതാ‍പകാലം പറഞ്ഞു

ഊര്‍മിള റാണാവത്ത്‌

അമ്മ 91 വയസ്സു കഴിഞ്ഞ സ്വരൂപ്‌ കൌര്‍ നല്ല ഗാഗ്ര ചോളി ധരിച്ചാണ്ഫോട്ടോക്ക്‌ പോസ്‌ ചെയ്തത്‌


 സ്വരൂപ്‌ കൌര്‍

 മകന്‍ മഹാന്‍പ്രാക്രം സിംങ്ങിനെ കാണാന്‍ സാധിച്ചില്ല.. വീടിനുള്ളില്‍ പല സ്ഥലത്തും ഓംബനബാബയുടെ പടമുണ്ട്, ഓംബനയുടേതല്ല…ബാബയായ ശേഷമുള്ളതാണ്.

 മഹാന്‍പ്രാക്രം സിംങ്ങ്‌

ഈ കുടുംബം മകന്റെ മാഹത്മ്യങ്ങളില്‍ അഭിമാനിച്ചു കഴിയുകയാണ്, ഒരു പക്ഷെ അയാള്‍ ദൈവമായി മാറിയതു കൊണ്ട്‌ ആ മരണത്തിന്റെ ദു:ഖത്തെ മറികടക്കാനാകുന്നുണ്ടെന്ന് തോന്നി.എന്തായാലും ഈ വഴി ആരെങ്കിലും കടന്നു പോകുന്നുണ്ടെങ്കില്‍ ഓംബനബാബയെ കാണാന്‍ മറക്കണ്ട…ജീവിച്ചിരിക്കുന്നതും, ജീവിച്ചിരുന്നെന്നു കരുതപെടുന്ന ഒരുപാട്‌ ദൈവങ്ങളുടെ അമ്പലങ്ങള്‍ കാണുന്നത്‌ സാധാരണമായതു  കൊണ്ടാണെന്നു തോന്നുന്നു, മലയാളികള്‍ക്കു ഈ ദൈവത്തെ പരിചയപെടുത്തി കളയാം എന്നു തോന്നിയത്..ചിലപ്പോള്‍ നമ്മുക്കു പുതിയ ചില അമ്പലങ്ങള്‍ ഉണ്ടാക്കാന്‍ പ്രചോദനം ആയെങ്കിലോ?? 
ഇതു ഫേസ്ബുക്കിലെ ഓംബന ബാബയുടെ ലിങ്ക്



27 comments:

  1. പൊടിപിടിച്ചു കിടക്കുന്ന പാവം ബ്ലോഗിനെ വൃത്തിയാക്കുന്ന ശ്രമമാണിതു

    ReplyDelete
  2. ഏറെ രസകരവും കൌതുകകരവുമായ അറിവുകള്‍. വീടുകാര്യങ്ങളോളം തേടിച്ചെന്ന ഈ യാത്ര ഏറെ ഇഷ്ടമായി ....സസ്നേഹം

    ReplyDelete
  3. ദൈവങ്ങള്‍ ഉണ്ടാകുന്നത്.. :)

    ReplyDelete
  4. നല്ല 'ഹ്യൂമന്‍ ഇന്ററസ്റ്റ്‌ സ്റ്റോറി'. വൈവിധ്യങ്ങളുടെ കടല്‍ തന്നെ ഈ രാജ്യം!

    ReplyDelete
  5. ഒരു നല്ല ചരിത്ര തന്നെയുണ്ടല്ലൊ, പുതിയ അറിവും,
    പിന്നെ ദൈവങ്ങൾ ഉണ്ടാക്കപെടട്ടെ

    ReplyDelete
  6. ഈ യാത്ര ഇഷ്ട്ടപ്പെട്ടു കേട്ടോ...

    ReplyDelete
  7. ബുള്ളറ്റായ നമഹ:
    പെട്രോള്‍ളായ നമഹ:

    മദ്യത്തിന് പകരം പെട്രോള്‍ നേര്‍ച്ചയായിരുന്നെങ്കില്‍ നാട്ടുകാര്‍ പാടുപെട്ടു പോയേനെ.

    ReplyDelete
  8. മടങ്ങിവരവ് ഗംഭീരം

    ReplyDelete
  9. ബാബയുടെ അമ്പലത്തിൽ ഒതുങ്ങാതെ “കഥയിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ” കാട്ടി തന്നതിനുള്ള സന്തോഷം കുറിച്ചിടുന്നു.... :)

    ReplyDelete
  10. നല്ല കൌതുകത്തോടെ വായിച്ചു.ഒരു സംശയംഇവിടെ ആരാണ് ദൈവം..?ബുള്ളറ്റോ അതോ ഓംബാനയോ..?നോര്‍ത്തില്‍ ഇതല്ല ഇതിനപ്പുറവും കാണാം.

    ReplyDelete
  11. നന്നായി രസിച്ചു ... :)നല്ല കൌതുകത്തോടെ വായിച്ചു

    ReplyDelete
  12. ഗൗരീനാഥൻ... മുൻപ് പല ലേഖനങ്ങളിലും, യാത്രാവിവരണങ്ങളിലും ബുള്ളറ്റ്ബാബയേക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും വിശദമായ ഒരു വായന ആദ്യമാണ്.. ബുള്ളറ്റ് ബാബയുടെ കുടുംബം ഉൾപ്പടെയുള്ളവരെ പരിചയപ്പെടുത്തി അവതരിപ്പിച്ച ഈ വിവരണം തീർച്ചയായും അഭിനന്ദനാർഹം തന്നെ..
    ഡൽഹിവാസം അവസാനിപ്പിയ്ക്കുന്നതിനുമുൻപ് ഒരിയ്ക്കൽ പോകണമെന്ന് കരുതിയിരിയ്ക്കുന്ന സ്ഥലമാണ് ഇത്...പ്രാർത്ഥിയ്ക്കുവാനല്ല് കേട്ടോ.. വെറും ഒരു കൗതുകത്തിന്റെ പേരിൽ മാത്രം :) അതുകൊണ്ടുതന്നെ ആവശ്യമായ ചില വിവരങ്ങൾകൂടി ലഭിച്ചു. ആശംസകൾ..

    ReplyDelete
  13. ഹഹ...ചിരിക്കാതെന്ത് ചെയ്യും

    താങ്ക്സ് കേട്ടോ ഈ രസകരമായ വിവരത്തിന്.

    ReplyDelete
  14. കൊള്ളാം കേട്ടോ.. രസകരമായിരിക്കുന്നു...

    ReplyDelete
  15. ഹാഹ്. ഹാ..ഹാ...സൂപ്പര്‍ ...ഇനിയും എത്രയെത്ര ദൈവങ്ങള്‍ ഇത് പോലെ വരാനിരിക്കുന്നു ...ബുള്ളറ്റും ..യമഹയും ..സുസുകിയും എല്ലാം വരും പിറകെ ...എന്റെ പള്ളീ കേരളം എത്ര ഭേദം ..ഇപ്പോഴാണ് ഉഷാ ഉതുപ്പ് പാടിയ പാട്ട് പാടാന്‍ തോന്നുന്നത് ...എന്റെ കേരളം ...എത്ര സുന്ദരം ...

    ആശംസകളോടെ

    ReplyDelete
  16. ഓം കല്ലിവല്ലീശ്വര മഹാരാജ സ്വാഹ!

    ReplyDelete
  17. രസകരമായ ഒരറിവ്. ഓരോ വിശ്വാസങ്ങള്‍ .. നല്ല വിവരണം

    ReplyDelete
  18. Ahhahahahahahah ahahahahha ithenthu sambhavam !!! Thnx 4 ur info ...

    ReplyDelete
  19. ബുള്ളറ്റായ നമ:

    രസത്തോടെ വായിച്ചു..

    ReplyDelete
  20. Anonymous25.10.12

    നല്ല മനോഹരമായ വിവരണം. അറിയാൻ വേണ്ടി നടത്തുന്ന യാത്രകൾ ശരിക്കും ബഹുമാനമർഹിക്കുന്നു.

    ReplyDelete
  21. ബുള്ളറ്റ് ബാബയെ കുറിച്ച് അടുത്ത് പത്രത്തിൽ വായിച്ചിരുന്നു. പക്ഷെ ഇത്രയും വിശദമായിട്ട് വിവരങ്ങൾ ഇല്ലായിരുന്നു... എന്തായാലും വൃത്തിയാക്കിയ ബ്ലോഗിൽ ഇനിയും തുടരെ തുടരെ പോസ്റ്റുകൾ ഉണ്ടാകട്ടെ

    ReplyDelete
  22. പതിവു പോലെ വ്യത്യസ്തമായ ചില അറിവുകൾ ഈ പോസ്റ്റിലൂടെ പകർന്ന് തന്നതിനു ഏറെ നന്ദി.. വളരെ കൌതുകകരമായ കാര്യം തന്നെ.. പിന്നെ ബ്ലോഗ് വീണ്ടും പൊടി പിടിക്കാതെ നോക്കാൻ അടുത്ത പോസ്റ്റ് വരട്ടെ. ആ‍ശംസകൾ

    ReplyDelete
  23. നന്നായി! ഒരു ദൈവത്തെ കൂടെ അറിയാനായല്ലോ!

    ReplyDelete
  24. നന്നായിരിക്കുന്നു. വിജ്ഞാനപ്രദം. ബുള്ളറ്റ് ദൈവത്തെക്കുറിച്ച് ആദ്യമായാണ്‌ അറിയുന്നത്. ചിത്രങ്ങൾ ഉൾപ്പെടുത്തിയതും നന്നായിട്ടുണ്ട്.

    ReplyDelete
  25. വായിച്ചിട്ടുണ്ട് ബുള്ളറ്റ് ഭഗവാനെ പറ്റി.. എന്നാലും ഇത്ര വിശദമായ വായന ഇപ്പോഴ നടന്നുള്ളൂ.. വളരെ രസകരമായി എഴുതീട്ടുണ്ട്.. അഭിനന്ദനങ്ങള്‍

    ReplyDelete
  26. ഹിമാലയ താഴ്വരയില്‍ ഇതുപോലെ ഒരു സൈനികന്‍റെയും കാലി കമ്പള്‍ ബാബയുടെയും അമ്പലമുണ്ട്.. കോട്ടയത്ത് ഒരു ജഡ്ജിയുടെ അമ്പലവും..


    ReplyDelete