Tuesday, 28 April 2026

ഹയർസ്റ്റഡീസ്‌ 4

സ്റ്റുഡന്റ് വിസ

 അങ്ങനെ അടുത്ത ഘട്ടത്തിലേക്ക്. 

അതായത് സ്റ്റുഡന്റ് വിസ ലഭിക്കാനുള്ള പ്രോസസ് 

അതിന്റെ ആദ്യ പടിയായി മെഡിക്കൽ ക്ലീയറൻസ്  ലഭിക്കേണ്ടതുണ്ട്.

പണ്ടൊക്കെ പുറത്തുപോകുന്ന സമയത്ത് ടിബി ടെസ്റ്റ് നടത്തണമായിരുന്നു. അന്ന് ഏതെങ്കിലും ഒരു ഡോക്ടറുടെ അടുത്തുനിന്ന് എക്സ്-റേ എടുത്ത്,  പോകുന്ന ആൾക്ക് ടിബി ഇല്ലെന്ന്   സർട്ടിഫൈ ചെയ്താൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, യുകെ ഗവൺമെന്റ് അംഗീകരിക്കുന്ന മെഡിക്കൽ  സ്ഥാപനങ്ങളിൽ നിന്ന് തന്നെ ടിബി ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്  എടുക്കേണ്ടതുണ്ട്. കിംസ്,  അമൃത ഒക്കെ അവരുടെ ലിസ്റ്റിലുള്ള സ്ഥാപനങ്ങളിൽ ചിലതാണ്.  

 വിസ പ്രോസസിന് വേണ്ട എല്ലാ രേഖകളും ശേഖരിച്ച് സമാഹരിച്ച് സോഫ്റ്റ് കോപ്പിയും ഹാർഡ് കോപ്പിയും ഉണ്ടാക്കിവെക്കുക എന്നതാണ് പ്രധാനമാണ്.

 പ്രധാനമായും   യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ  ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്കോളർഷിപ്പ് ഇല്ലാത്ത ഒരാളാണെങ്കിൽ പഠനകാലത്ത് നിങ്ങൾക്ക് അവിടെ താമസിക്കാനും ജീവിക്കാനും വേണ്ടി വരുന്ന പൈസ നിങ്ങളുടെ അക്കൗണ്ടിൽ ഉണ്ടെന്ന് തെളിയിക്കുന്ന ഫിനാൻഷ്യൽ ഡോക്യുമെന്റുകൾ അഥവാ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളാണ് പൊതുവേ അത് അതിനുവേണ്ടി വരിക. 

കൂടാതെ ആറുമാസത്തെ യൂണിവേഴ്‌സിറ്റി ട്യൂഷൻ ഫീസ് മുൻകൂർ അടച്ചിട്ടുണ്ടായിരിക്കണം, കൂടാതെ അടുത്ത ആറുമാസത്തേക്കുള്ള ട്യൂഷൻ ഫീസ് ബാങ്കിൽ ഇട്ടതിന്റെ സ്റ്റേറ്റ്മെന്റ് കൂടെ കാണിക്കേണ്ടിവരും. 

പിന്നീട് വേണ്ടത് 

 നിങ്ങൾക്ക് താമസിക്കാൻ ഏർപ്പാടാക്കിയ  അക്കോമഡേഷന്റെ  തെളിവ്, 

നിങ്ങളുടെ പാസ്‌പോർട്ട്, അക്കാദമിക് ട്രാൻസ്‌ക്രിപ്റ്റുകൾ, യുകെ വിസ അപ്ലിക്കേഷൻ  സ്പെസിഫിക്കേഷൻ ഇൽ എടുത്ത  ഫോട്ടോഗ്രാഫുകൾ,  യൂണിവേഴ്‌സിറ്റി തന്ന അൺ കണ്ടീഷണൽ ഓഫർ ലെറ്റർ, എന്നിവയാണ്.

സ്കോളർഷിപ്പ് സ്റ്റുഡന്റ് ആണെങ്കിൽ  സ്കോളർഷിപ്പ് അവാർഡ് ചെയ്തിരിക്കുന്നതിന്റെ സർട്ടിഫിക്കറ്റ് വെച്ചാൽ മറ്റു ബാങ്ക് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളുടെയോ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളുടെയോ ആവശ്യമില്ല   

ഇനി ഓൺലൈൻ ആയി യുകെ ഗവൺമെന്റിന്റെ വെബ്സൈറ്റിൽ കയറി വിസ അപ്ലിക്കേഷൻ ടാബിൽ കയറി ഒരു യൂസർ നെയിമും പാസ്സ്‌വേർഡും സൃഷ്ടിച്ച പുതിയ ഒരു അക്കൗണ്ട് ഉണ്ടാക്കുക. 

 ശേഷം അവരുടെ ചോദ്യങ്ങൾക്കെല്ലാം  കൃത്യമായി ഉത്തരം രേഖപ്പെടുത്തിയതിന് ശേഷം  ഫോം സബ്മിറ്റ് ചെയ്ത് അപേക്ഷ ഫീസ് അടക്കുക. 

പിന്നീട് നേരിട്ട് പോയി ബയോമേട്രിക്സ് രേഖപെടുത്താനുള്ള അപ്പോയ്ന്റ്മെന്റ് എടുക്കുക. 

ശേഷം അവർ തന്ന സമയത്ത് കൃത്യമായി വിസ സെന്ററിൽ എത്തി 

നിങ്ങളുടെ  ബയോമെട്രിക് വിവരങ്ങൾ (വിരലടയാളങ്ങളും ഫോട്ടോയും) നൽകുക.   

 നമ്മൾ നേരിട്ട് ഹാജരാകുമ്പോൾ , നമ്മൾ ഓൺലൈൻ ആയി സബ്‌മിറ്റ് ചെയ്ത അപ്ലിക്കേഷൻ ഫോമും അതോടൊപ്പം സബ്മിറ്റ് ചെയ്ത എല്ലാ രേഖകളുടെ ഒരോ കോപ്പിയും ഒറിജിനലും അവിടെ നേരിട്ട് സബ്മിറ്റ് ചെയ്യേണ്ടതുണ്ട്. 

അതിനു ശേഷം നിങ്ങൾക്ക് വിസ സെന്റരിൽ ഓപ്ഷൻ കൊടുക്കാം പാസ്പോർട്ട് നിങ്ങൾക്ക് നേരിട്ട് വേണോ അതോ സ്പീഡ് പോസ്റ്റിൽ വേണോ എന്ന്. 

 ചില ആൾക്കാർക്ക് എല്ലാം സ്വയം ചെയ്തു കഴിഞ്ഞാലും വിസ അപ്ലിക്കേഷൻ മൂവ് ചെയ്യാൻ സമയത്ത് മാത്രം നമ്മൾ ഏജൻസികളെ സമീപിക്കാറുണ്ട്. അത് തന്നേ ചെയ്യാനുള്ള ആത്മവിശ്വാസം ഇല്ലാത്തവരോട് ഏജൻസിയെ ഏൽപിച്ചോളാൻ പറയാറുണ്ട്.അതിന് നമുക്ക് പൈസ ചിലവില്ല എന്നു മാത്രമല്ല നമ്മൾ കൊടുക്കുന്ന ഏജൻസിക്ക് എന്തോ ചെറിയ കമ്മീഷൻ നമ്മൾ കാരണം ലഭിക്കുകയും ചെയ്യും. അത് കൊണ്ട് ഈ വിസ പ്രോസസ് മാത്രം ഒരു ഏജൻസിയെ ഏൽപ്പിക്കുന്നതിൽ തെറ്റില്ല.

ഇനി അവർ വിസ തരുന്നതിനു മുൻപ് പോലീസ് വെരിഫിക്കേഷൻ നടത്തി, നമുക്ക് വിസ സ്റ്റാമ്പ്‌ ചെയ്ത പാസ്പോർട്ട് നിങ്ങൾ പറഞ്ഞതനുസരിച്ച് ലഭിക്കും..

ഇതെല്ലാം ഒറ്റക്ക് ചെയ്താണ് ഞാൻ പോയത്. അന്ന് എന്റെ പരിമിതമായ ഇംഗ്ലീഷും, കയ്യിൽ പൈസ ഇല്ലാത്തതും കൂടുതൽ കഷ്ടപ്പാടിന് കാരണം ആയിട്ടുണ്ട്. 

എന്നാൽ നിരവധി നൊബേൽ സമ്മാന ജേതാക്കളുടെ ഈറ്റില്ലമായ  യൂണിവേഴ്‌സിറ്റിയുടെ പടി കടക്കുമ്പോൾ, ഓർമ്മയുടെ ഒരറ്റത്ത് ഓലവീട്ടിൽ നിന്നും ചെരുപ്പിടാതെ കുന്നും പാടവും കടന്ന് തുറന്നു കിടക്കുന്ന ക്‌ളാസിലേക്ക് ഓടിയിരുന്ന പെൺകുട്ടിക്ക് അഭിമാനം കൊണ്ട് രോമാഞ്ചം വന്നിരുന്നു.

ഹയർസ്റ്റഡീസ്‌ 3



അഡ്മിഷൻ കിട്ടിക്കഴിഞ്ഞാൽ അടുത്ത പ്രോസസ്  സ്ക്കോളർഷിപ്പിന്  അപ്ലൈ ചെയ്യലാണ്

പിജി അഡ്മിഷനും, സ്കോളർഷിപ്പിനും  ഏയ്ജ് റെസ്ട്രിക്ഷൻ ഉണ്ടോ എന്നത് പലരുടെയും സംശയമാണ്. പണ്ട് 35 വയസ്സായിരുന്നു എയ്ജ് റെസ്ട്രിക്ഷൻ.  എന്നാൽ അത് ഏയ്ജ് ഡിസ്ക്രിമിനേഷൻ ആയതുകൊണ്ട്  എടുത്തു കളയുകയുണ്ടായി. എന്നിരുന്നാലും അപൂർവം ചില യൂണിവേഴ്സിറ്റികൾ ഇൻഫോർമലായി  ഇത് ചെയ്യാറുണ്ടെന്ന് പറയപ്പെടുന്നു. ഏതു വയസ്സ് വരെയും ആരോഗ്യമുണ്ടെങ്കിൽ നമുക്ക്  അപ്ലിക്കേഷൻസ് കൊടുക്കാം

 സ്കോളർഷിപ്പിന് അപ്ലൈ ചെയ്യുന്നതിനും കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. 

 നേരത്തെ പറഞ്ഞതുപോലെ തന്നെ യൂണിവേഴ്‌സിറ്റിക്ക് കൊടുത്ത എല്ലാ മാർക്ക് ലിസ്റ്റുകളും സിവിയും ഒപ്പം സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് എഴുതി ഉണ്ടാക്കേണ്ടതുണ്ട്. 

 ഇത്തവണ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് എഴുതുന്നത് നിങ്ങൾ എന്തുകൊണ്ട് നിങ്ങൾ ഇപ്പോൾ സെലക്ട് ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റിയിലെ ആ കോഴ്സ് സെലക്ട് ചെയ്തു, അത് എങ്ങനെയൊക്കെ നിങ്ങളുടെ ഭാവി പ്രൊഫഷണൽ ജീവിതത്തിനും നിങ്ങളുടെ രാജ്യത്തിനും ഉപകാരപ്രദമാകും  എന്നതായിരിക്കണം അതിന്റെ ഹൈലൈറ്റ്.

 സ്കോളർഷിപ്പുകൾ പലതരത്തിലുള്ളവയുണ്ട്, മെറിറ്റ് സ്കോളർഷിപ്പുകൾ,  യൂണിവേഴ്സിറ്റികൾ തരുന്ന ഫീസിലുള്ള ഫിനാൻഷ്യൽ ഇളവുകൾ, ഷെയേഡ്  സ്കോളർഷിപ്പുകൾ

അതിൽ തന്നേ പല വിഭാഗങ്ങൾക്കായി പ്രത്യേകം സ്കോളർഷിപ്പുകളും  ഉണ്ട്. ഉദാഹരണത്തിന് ആർട്ട് സ്കോളർഷിപ്പ്, സ്പോർട്സ് സ്കോളർഷിപ്പ്, മൈനോറിറ്റി സ്കോളർഷിപ്പ്, എക്സ്ചേഞ്ച് സ്കോളർഷിപ്പ്, ഡെവലപ്മെന്റ് സ്കോളർഷിപ്പ്, എൻജിനീയറിങ് സ്കോളർഷിപ്പ്  തുടങ്ങിയവ.


 മെറിറ്റ് സ്കോളർഷിപ്പുകൾ നല്ല മാർക്കും പെർഫോമൻസ് ഉള്ള ആൾക്കാർക്ക് മാത്രമുള്ളതാണ്. ഫിനാൻഷ്യൽ ഇളവുകൾ നിങ്ങളുടെ മെറിറ്റ് കാരണം തരുന്ന സഹായമാണ്. ഷെയേഡ് സ്കോളർഷിപ്പുകൾ എന്നു പറഞ്ഞാൽ യൂണിവേഴ്സിറ്റിയും  പല  എജുക്കേഷണൽ  ഡെവലപ്മെന്റ് ഏജൻസികളും കൂടെ ഷെയർ ചെയ്തു തരുന്ന സ്കോളർഷിപ്പുകൾ ആണ്. മെറിറ്റ്സ് സ്കോളർഷിപ്പുകളും ഷെയേഡ് സ്കോളർഷിപ്പുകളും ഫുൾ സ്കോളർഷിപ്പുകൾ ആയിരിക്കും. അതായത് നിങ്ങളുടെ വിമാനക്കൂലി അടക്കം ഒരു യൂണിവേഴ്സിറ്റിയിലെ എല്ലാ പഠന ചെലവുകളും താമസത്തിനും മറ്റുചില  ചെലവുകൾ കൂടെ അടങ്ങുന്നതായിരിക്കും. 


 നിങ്ങൾ പഠിക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്ത് ഏതൊക്കെ സ്കോളർഷിപ്പുകൾ ഇന്റർനാഷണൽ സ്റ്റുഡൻസിന് അവൈലബിൾ ആണെന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്നതാണ്. 

പിന്നീട് അതാത് സ്ക്കോളർഷിപ്പ് വെബ്സൈറ്റുകളിൽ കയറി യൂസർനെയും പാസ്‌വേഡും ഉപയോഗിച്ച് ഒരു അക്കൗണ്ട് തുടങ്ങി അപ്ലിക്കേഷൻ ഫോം ഫില്ല് ചെയ്തു തുടങ്ങാം. അതിൽ പ്രധാനപ്പെട്ട  കാര്യം അതാത് രാജ്യത്തെ തന്നേയുള്ള യൂണിവേഴ്‌സിറ്റിയിൽ നിന്നും rനിങ്ങൾക്ക് ഒരു അൺ കണ്ടീഷനൽ ഓഫർ ഉണ്ടായിരിക്കണം എന്നതാണ്. 

 ചില സ്കോളർഷിപ്പുകൾ കോഴ്സുകളോട് ചേർന്നതായിരിക്കും. അതായത് നിങ്ങൾ ഒറ്റ അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുന്നതിലൂടെ   സ്കോളർഷിപ്പോട് കൂടി കോഴ്സിന് അഡ്മിഷൻ കിട്ടുന്ന തരം ചില സ്കോളർഷിപ്പുകളും ഉണ്ട്.

 ഷെയേഡ് സ്കോളർഷിപ്പുകൾക്കാണ് നിങ്ങൾ അപ്ലിക്കേഷൻ കൊടുക്കുന്നതെങ്കിൽ, ഏതൊക്കെ യൂണിവേഴ്സിറ്റിയാണ് ഈ സ്കോളർഷിപ്പുകളും ആയി ടൈ അപ്പ് ഉണ്ടാക്കിയിരിക്കുന്നത് അതാത് യൂണിവേഴ്സിറ്റിയിലെ അൺ കണ്ടീഷനൽ ഓഫർ ഉണ്ടായിരിക്കണം. മുന്തിയ റാങ്കിംഗ് ഉള്ള യൂണിവേഴ്സിറ്റികൾ ആയിരിക്കും പൊതുവേ ഇത്തരം ഷെയേഡ് സ്കോളർഷിപ്പുകൾ തരുന്നത്.

 ഞാൻ പ്രധാനമായും സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട കോഴ്സുകൾക്കാണ് സ്കോളർഷിപ്പുകൾക്ക് ഇതുവരെ അപ്ലിക്കേഷൻ മൂവ് ചെയ്യാൻ മാർഗ്ഗനിർദ്ദേശം നൽകിയിട്ടുള്ളത് 

 പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകൾ ഇതൊക്കെയാണ്

1. Erasmus Mundus Scholarship

2.  Chevening Scholarship

3. Commonwealth Scholarships

4. Gates Cambridge Scholarship

5. Rhodes Scholarship

6. Edinburgh Global Research Scholarships

7. The Felix Scholarship 

 8. The World Bank Scholarship

9. Nuffic Netherlands Scholarship, 

10.University of Twente Scholarships (UTS), 

11. Utrecht Excellence Scholarship (UES)

 ഇത് എനിക്കറിയാവുന്നതിന്റെ മാത്രം ലിസ്റ്റ് ആണ്.  ഇത് വരെ  ഈ സ്കോളർഷിപ്പുകൾക്ക് മാത്രമേ ശ്രമിച്ചിട്ടുള്ളൂ. തിരഞ്ഞാൽ ഓരോ രാജ്യത്തിലും നിരവധി സ്കോളർഷിപ്പ് പ്രോഗ്രാമുകൾ അവൈലബിൾ ആണ്.

 അണ്ടർ ഗ്രാജുവേഷനും, പോസ്റ്റ് ഗ്രാജ്വേഷനും  ഉള്ള സ്കോളർഷിപ്പുകളെക്കാൾ കൂടുതലാണ് പി എച്ച് ഡി ചെയ്യാൻ ഉള്ള സ്കോളർഷിപ്പുകൾ ലഭിക്കുന്നത്. 

 പി എച്ച് ഡി ക്കും സ്കോളർഷിപ്പുകൾക്കും അപ്ലിക്കേഷൻ കൊടുക്കാനുള്ള  എല്ലാ ക്രൈറ്റീരിയകളും വേറെയാണ്. അത് ഇതേപോലെ തന്നെ ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടാവുന്ന കാര്യങ്ങൾ മാത്രമേ ഉള്ളൂ

ഞാൻ പുറത്തുപോകാൻ ശ്രമിക്കുന്ന കാലത്ത് സ്പീടുള്ള ഇന്റർനെറ്റ് സർവീസ് കിട്ടണമെങ്കിൽ  എനിക്ക് 45 മിനിറ്റ് യാത്ര ചെയ്ത് തൃശ്ശൂർ ടൗണിൽ എത്തണമായിരുന്നു. ഇന്റർനെറ്റ് കഫേൽ ഇരുന്നാണ് ഇത്തരം എല്ലാ വർക്കുകളും ചെയ്തിരുന്നത്. ഇന്ന് ഫോണിന്റെ തുമ്പിൽ തന്നെയുള്ള ഈ സർവീസുകൾ ഉപയോഗിച്ച് നിങ്ങൾക്കിത് ചെയ്യാൻ സാധിക്കില്ല എന്ന് തോന്നുകയാണെങ്കിൽ നിങ്ങൾ അതിനുള്ള ആളല്ല, ആത്മാർത്ഥമായി ആഗ്രഹമില്ലഎന്നാണർത്ഥം. 

 എളുപ്പവഴികൾ വേറെയുണ്ട് എന്ന് തോന്നുകയാണെങ്കിൽ ആ വഴി സ്വീകരിക്കുന്നതായിരിക്കും അത്തരക്കാർക്ക് നല്ലത്

ഫിനാൻഷ്യൽ ഡോക്യൂമെന്റുകൾ ഒന്നുമില്ലാതെ, പൈസ ഉണ്ടാക്കേണ്ടതിന്റെ ടെൻഷനില്ലാതെ സ്ക്കോളർഷിപ്പിന്റെ ഒറ്റ പേപ്പറിന്റെ ബലത്തിൽ, മിടുക്കി എന്നൊരു ലേബലിലൂടെ പോകുന്നത് അനുഭവിച്ചു തന്നേ അറിയണം.

നമ്മുടെ സ്വന്തം അദ്ധ്വാനത്തിൽ, മെറിട്ടിൽ എല്ലാവരെയും അത്ഭുതപെടുത്തിക്കൊണ്ട്, പഠിക്കാൻ വേറെ ഒരു രാജ്യത്ത് പോകുന്നതിന്റെ ഒരു സുഖവും അഭിമാനവും പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. 

Continue.....

ഹയർ സ്റ്റഡീസ്‌ 2



# ആദ്യം തന്നെ ഹയർ സ്റ്റഡീസിന് പോകാൻ ആഗ്രഹിക്കുന്നവർ  പഠിക്കാനാണോ അതോ മൈഗ്രേറ്റ് ചെയ്യാനാണോ  ആഗ്രഹിക്കുന്നത് എന്നതിൽ ഒരു വ്യക്തത ഉണ്ടായിരിക്കണം.
# മൈഗ്രേഷനു വേണ്ടിട്ടാണെങ്കിൽ പഠനശേഷം അവിടെത്തന്നെ തുടർന്ന് ജോലി ചെയ്യാനുള്ള സാധ്യതയുള്ള കോഴ്സുകളാണ് എടുക്കേണ്ടത്.

# യുകെയിൽ ചില പിജി കോഴ്‌സുകൾ വർക്ക് എക്സ്പീരിയൻസ് ഓഫർ ചെയ്യാറുണ്ട്. അത് കിട്ടിയാൽ യൂണിവേഴ്‌സിറ്റി തന്നേ പളേസ്‌മെന്റ് നടത്തും

# യുകെയിൽ ആണെങ്കിൽ പിജി കഴിഞ്ഞാൽ രണ്ടു വർഷത്തെ സ്റ്റേബാക്ക് കിട്ടുമെങ്കിലും ജോലി നമ്മൾ തന്നെ തിരഞ്ഞു കണ്ടു പിടിക്കണം.  യൂറോപ്പിൽ ആണെങ്കിൽ രണ്ട് വർഷത്തെ റെസിഡൻസ് വിസ കിട്ടിയാലും സ്റ്റേ extend ചെയ്യാൻ സാധിക്കും 

# ഇനിയാണ് അടുത്ത പ്രധാനപ്പെട്ട കാര്യം. നിങ്ങൾ പഠിക്കാൻ പോകുന്ന  വിഷയം ഏതാണെന്നു തീരുമാനിക്കുക എന്നത്.  നിങ്ങൾക്ക് ആ വിഷയത്തിനോട് ശരിക്കും താല്പര്യം ഉണ്ടോ? പഠിച്ചെടുക്കാൻ കഴിയുന്ന വിഷയമാണോ?  എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹെൽത്ത് സെക്ടർമായി ബന്ധപ്പെട്ട എല്ലാ  കോഴ്സുകൾക്കെല്ലാം വളരെയധികം ഡിമാൻഡ് എല്ലാകാലത്തും വിദേശരാജ്യങ്ങളിലുണ്ട്.

#  എത്ര നല്ല കോഴ്സ് പഠിച്ചാലും ഇന്റർവ്യൂ അറ്റൻഡ്  ചെയ്യാനും, അവരെ സ്വന്തം കഴിവ് ബോധ്യപ്പെടുത്താനുമുള്ള കഴിവില്ലാതെ ആർക്കും ജോലി കിട്ടില്ല.  അതുകൊണ്ട് ഇന്റർവ്യൂവിന് ഫേസ് ചെയ്യാനുള്ള കഴിവ് പഠിക്കുന്ന കാലത്ത് തന്നേ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്
#  ഇനി നിങ്ങൾ തിരഞ്ഞെടുത്തു വിഷയത്തിന്റെ ഹയർ സ്റ്റഡീസ് ഏതൊക്കെ യൂണിവേഴ്സിറ്റികളിലാണ് ഉള്ളത് എന്ന് തിരയുക., എന്നിട്ട്  മിനിമം 12 എണ്ണം എങ്കിലും ലിസ്റ്റ് ചെയ്ത് എടുക്കണം അതിനുശേഷം ഈ യൂണിവേഴ്സിറ്റികളുടെ റാങ്കിംഗ്,  പലവിധ റാങ്കിംഗ് നടത്തുന്ന വെബ്സൈറ്റുകൾ കയറി ഓർഡറിൽ ആക്കി ഇടണം.
ഇത് നമ്മൾക്ക് നല്ല യൂണിവേഴ്സിറ്റിയിൽ പഠിക്കാനുള്ള അവസരം ഉണ്ടാക്കും

#  ഈ 12 യൂണിവേഴ്സിറ്റികളിലെയും അഡ്മിഷൻ ക്രൈറ്റീരിയകൾ എന്തെല്ലാമാണെന്ന് ന ഒരു വേർഡ് ഫയൽ ആക്കി സൂക്ഷിക്കണം
അത് ചെക്ക് ചെയ്യുമ്പോൾ നമുക്ക് മനസ്സിലാകും നമ്മൾക്ക് എന്തൊക്കെയാണ് അഡ്മിഷന് ഏതൊക്കെ ഡോക്യുമെന്റ്സ് ആണ് വേണ്ടി വരിക എന്നത്. ഇതാണ് ഒരു പ്രധാന ചെക്ക് ലിസ്റ്റ്

#  സാധാരണ 10 പത്താം ക്ലാസ് മുതലുള്ള മാർക്ക് ലിസ്റ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ട്രാൻസ്‌കിപ്റ്സ് , സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്, ഒരു അക്കാദമിക് റഫറൻസ്  ലെറ്റർ,
ഒരു പ്രൊഫഷണൽ റഫറൻസ് ലെറ്റർ, സിവി എന്നിവ നിർബന്ധമാണ്. അത് മൾട്ടിമീഡിയ കോഴ്സുകൾ മറ്റ് ആർട്ട് റിലേറ്റഡ് കോഴ്സുകൾ ചെയ്യുമ്പോൾ പോർട്ട്ഫോളിയോ കൂടെ വേണ്ടിവരും പിന്നെ വേണ്ടത് വാലിഡ് പാസ്പോർട്ട്,  പാസ്പോർട്ട്‌ സൈസ് photo, ഇത്രയും സംഗതികളുടെ ഹാർഡ് കോപ്പികൾ ഓരോന്നും  സോഫ്റ്റ്‌ കോപ്പികൾ അവർ പറഞ്ഞ സൈസിൽ ആക്കി ഒരു ഫയൽ ആക്കി സൂക്ഷിക്കുക. അതിനു ശേഷം മാത്രമേ അഡ്മിഷൻ ട്രൈ ചെയ്യാൻ പാടുള്ളൂ

#  ഓരോ യൂണിവേഴ്സിറ്റിയുടെയും വെബ്സൈറ്റ് തുറന്ന് അഡ്മിഷൻ എടുക്കാൻ വേണ്ടി യൂസർ നെയിം പാസ്സ്‌വേർഡും ഉണ്ടാക്കി അഡ്മിഷനു വേണ്ടിയുള്ള അപ്ലിക്കേഷൻ ഫോം ഫില്ല് ചെയ്തു തുടങ്ങേണ്ടതാണ്.എല്ലാ യൂണിവേഴ്സിറ്റികളിലും അപ്ലിക്കേഷൻ ഫോം ഓൺലൈനാണ്. ഒരു ദിവസം കൊണ്ട് തന്നെ  ഫില്ല് ചെയ്ത് മുഴുവൻ ആക്കണമെന്നില്ല.  ചിലത് 16 പേജ് കാണാം ചിലത് 22 പേജ് വരെയുള്ളത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരാഴ്ചയോളം സമയമെടുത്ത് വേണം ആപ്ലിക്കേഷൻ ഫോം ഫില്ല് ചെയ്തു സബ്മിറ്റ് ചെയ്യേണ്ടത്
#  യുകെയിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ എടുക്കുന്നതിന് അതായത് അപ്ലിക്കേഷൻ ഫോമിന് ഫീസ്  ആവശ്യമില്ല
യുഎസ്സിൽ ഇതിന് കൃത്യമായ ഫീസ് ഉണ്ട്. പല  രാജ്യത്തേ യൂണിവേഴ്സിറ്റികൾക്ക് വ്യത്യസ്തമായ നിയമങ്ങളാണ് ഫീസിന്റെ കാര്യത്തിൽ

# യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ തരുമ്പോൾ അവർ സാധാരണ കണ്ടീഷനൽ ഓഫറുകൾ വെക്കും. ഒന്ന് ഇംഗ്ലീഷ് ഭാഷയിലുള്ള നിങ്ങളുടെ നൈപുണ്യം പ്രൂവ് ചെയ്യേണ്ട സർട്ടിഫിക്കറ്റ് ആയിരിക്കും. ചിലർ മറ്റുപല കണ്ടീഷനുകളും ഫുൾഫിൽ ചെയ്യാൻ പറയും. അതാത് യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾ അനുസരിച്ചായിരിക്കും അതെല്ലാം.
ആദ്യത്തെ ശ്രമത്തിൽ തന്നെ അൺ കണ്ടീഷനൽ ഓഫറും ചിലപ്പോൾ ലഭിക്കാറുണ്ട്. അത് നമ്മൾ ആ വിഷയത്തോട് കാണിക്കുന്ന ആത്മാർത്ഥതയും എഴുതി സബ്‌മിറ്റ് ചെയ്ത സാധനങ്ങളുടെ ഒറിജിനാലിറ്റിയും, ക്വാളിറ്റിയും അനുസരിച്ചായിരിക്കും
അത്തരത്തിൽ അൺ കണ്ടീഷനൽ ഓഫർ കിട്ടിയ ഒരാളാണ് ഞാൻ
ഇത്രയും കഴിഞ്ഞാൽ നിങ്ങളുടെ അഡ്മിഷൻ പ്രോസസ് കഴിഞ്ഞു. ഇനി റിസൾട്ടിനു വേണ്ടി കാത്തിരിക്കാം

Continue...

ഹയർ സ്റ്റഡീസ്‌ 1



എങ്ങനെ ഹയർ സ്റ്റഡീസിന് പോകാം അതും സ്കോളർഷിപ്പോടെ,

ഞാൻ അത്തരത്തിൽ ഇംഗ്ലണ്ടിൽ പോയി പഠിച്ചുവന്ന ഒരു വ്യക്തിയെന്ന നിലയിൽ, മുകളിൽ എഴുതിയ കാര്യത്തെ കുറിച്ചറിയാൻ വേണ്ടി നിരന്തരം എന്നെ കോൺടാക്ട് ചെയ്യുന്ന പലരുമുണ്ട്. അറിയാവുന്നത് പറഞ്ഞു കൊടുക്കാറുണ്ട്. ചിലതിനെക്കുറിച്ച് എനിക്ക് അറിയുകയുമില്ല. അതു പറയുമ്പോൾ പലർക്കും അവിശ്വാസവും ആണ്.

പലരും എന്നെ കോൺടാക്ട് ചെയ്യുന്നത്, അവർക്ക് ഹെയർ സ്റ്റഡീസിന് പോകുന്നതിന് സഹായം ചെയ്യാനാണ്. എന്നു പറഞ്ഞാൽ പണിയൊന്നും എടുക്കാതെ പുറത്തുപോയി പഠിക്കുക എന്ന് ഉദ്ദേശത്തോടുകൂടിയാണ്.
അത്തരം ആൾക്കാരെ ഞാൻ സ്വാഗതം ചെയ്യാറില്ല. അവനവന്റെ കാര്യം അവനവൻ തന്നെ  കഷ്ടപ്പെട്ട് മുന്നോട്ടുകൊണ്ട് പോകാത്തവർ വേഗം തോറ്റുപോകും എന്നാണ് എന്റെ തിയറി.

വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കൊടുത്തിട്ട് കുറച്ചുപേർ പുറത്തുപോയി സ്കോളർഷിപ്പോടെയും അല്ലാതെയും പഠിക്കുന്നുണ്ട്.  അതിൽ മിക്കവാറും ആൾക്കാർ കുറച്ചുകാലം സോഷ്യൽ സെക്ടറിൽ ജോലി ചെയ്തതിനുശേഷം  മാത്രമാണ് ഹയർ സ്റ്റഡീസിന് പോയത്.  അതിനവർ കൃത്യമായ ഫീസ് തന്നിട്ടുണ്ട്.  വളരെ അധികം കഷ്ടപ്പാടുള്ള സ്ത്രീകളിൽ നിന്ന്  ഫീസ് ഈടാക്കിയിട്ടില്ല.

എളുപ്പ പണിക്ക് വേണ്ടി വരുന്ന ആരും എന്റെ കൂടെ നിന്ന് അതിജീവിക്കാറില്ല. മാർഗ്ഗനിർദ്ദേശം എന്ന് പ്രത്യേകം പറയാൻ ചില കാരണമുണ്ട്.  പലരുടെയും വിചാരം എന്റെ മാർഗ്ഗനിർദ്ദേശപ്രകാരം പോയ ആൾക്കാരെ ഞാൻ അങ്ങ് പൊക്കിയെടുത്ത് വിദേശത്ത് കൊണ്ടുപോയ പോലെയാണ് സംസാരിക്കാറുള്ളത്.

വ്യക്തമായ കഴിവും ഇംഗ്ലീഷിലുള്ള പ്രാവീണ്യവും,  ജോലിയിൽ മുൻപരിചയവും, എഴുതാനും അതേപോലെ കഷ്ടപ്പെടാനുമുള്ള മനസ്സുണ്ടായവർ മാത്രമാണ് രക്ഷപ്പെട്ടിരിക്കുന്നത്. എന്റെ വഴി എന്നത് ഒരു ഏജൻസിയെയും ഇടപെടുത്താതെ എല്ലാം സ്വയം ചെയ്യുന്ന രീതിയാണ്. അതുകൊണ്ടുതന്നെ അതിത്തിരി മുഷിഞ്ഞതും കഠിനവും ആണ്. കയ്യിൽ അഞ്ചു പൈസയില്ലാതെ ഹയർ സ്റ്റഡീസിന് ഇറങ്ങിപ്പുറപ്പെട്ട എനിക്ക് അതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഏജൻസികളെ വെക്കാനും കാശ് കൊടുക്കാനും കഴിവുള്ളവരോട് ആ വഴിക്ക് പോകാനേ ഞാൻ പറയാറുള്ളൂ.

അഡ്മിഷൻ എടുക്കാൻ വേണ്ടി വന്നിട്ട് ഈ പ്രോസസിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞു തുടങ്ങുമ്പോൾ കോൺഫിഡൻസ് ഇല്ല എന്നു പറഞ്ഞ് പിരിഞ്ഞു പോയവർ ധാരാളം ഉണ്ട്.
മുഴുവൻ പണിയും ഞാൻ ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ ഹയർ സ്റ്റഡീസ് വേണ്ടെന്നു വെച്ച്, ചിലർ എന്നോട് പിണങ്ങിയിട്ടുമുണ്ട്.
അവരെ ഞാൻ അഡ്മിഷൻ എടുക്കാൻ സഹായിച്ചത് ഇംഗ്ലണ്ടിലെയോ യൂറോപ്പിലെയോ മുന്തിയ യൂണിവേഴ്സിറ്റികളിൽ ആണ്. അല്ലാതെ ലോക്കൽ സെറ്റപ്പുകളിലും അല്ല. അതുകൊണ്ടുതന്നെ ഈ അഡ്മിഷൻ പ്രോസസ് ഒരു ട്രെയിനിങ് പോലെയാണ് ചെയ്യേണ്ടത്. പലർക്കും അതിന് താല്പര്യമില്ല.

ഇനി ഈ സർവീസിന് ഫീസ് ചോദിക്കുന്നതോടെ ശത്രുവായ ചിലരും ഉണ്ട്. ഒരു അഡ്മിഷൻ എസ് ഓ പി അഥവാ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്  ഉണ്ടാക്കിയെടുക്കുക അതിലെ തെറ്റുകൾ തിരുത്തുക  അതിനുവേണ്ട ട്രെയിനിങ് കൊടുക്കുക എന്നതൊക്കെ എന്റെ സമയം ഒരുപാട് എടുക്കുന്ന പരിപാടിയാണ്. എന്റെ സമയത്തിന് കൃത്യമായ വിലയുള്ളതുകൊണ്ട് ഫീസ് ചോദിക്കാറുണ്ട്. അതിന്റെ പേരിൽ പിണങ്ങിയവരും ധാരാളം.

ഇപ്പോൾ ഇത് പറയാൻ കാരണം എന്താണെന്ന് വെച്ചാൽ  പണ്ട് നമുക്കിട്ട് പണി തന്നതും, കളിയാക്കിയിരുന്നവരും ആയിരുന്ന ചിലർ, വിദേശത്ത് അഡ്മിഷൻ എടുക്കാൻ എന്റെ സഹായം കിട്ടാൻ വേണ്ടി ഇല്ലാത്ത സ്നേഹം നടിക്കുന്നത് കണ്ടുണ്ടായ ഒരു ചെടിപ്പിൽ നിന്നാണ് ഈ പോസ്റ്റ് ഉണ്ടായത്.

ആയതുകൊണ്ട് കൂട്ടുകാരെ എനിക്കുള്ള അറിവ് ഞാൻ തന്നെ ഇന്റർനെറ്റിൽ നിന്ന് സമാഹരിച്ച് എടുത്തതാണ്. അത് പണ്ടും ഇപ്പോഴും തുറന്നിരിക്കുന്നവയും ആണ്. ആർക്കും ഉപയോഗിക്കാം.

ഞാൻ എങ്ങനെ ഇതൊക്കെ ചെയ്തു എന്ന് വരും പോസ്റ്റുകളിൽ പറയാം.

എന്റെ കൂടെ നിന്ന് പുറത്തുപോയി പഠിച്ച ഒരാളും ഭാഗ്യം കൊണ്ടു പോയതല്ല. അവരുടെ കഴിവും അവരുടെ പാഷനും, അവരുടെ കഷ്ടപ്പാടും ശരിയായ ദിശയിൽ ഉപയോഗിച്ചത് കൊണ്ടാണ് പോയത്. അഡ്മിഷന് വേണ്ട 45 മിനിറ്റോളം ഉള്ള ഇന്റർവ്യൂകൾ കടന്നു പോവുക എന്നത് ആർക്കും അത്ര എളുപ്പമല്ല. അതവർ ഒറ്റയ്ക്ക് തന്നെ ഇന്റർവ്യൂ ബോർഡിന് നേരിടേണ്ടി വരും. അവിടെ എനിക്ക് വന്നിരുന്ന ഒരു സഹായവും ചെയ്യാനും പറ്റില്ലല്ലോ അതുകൊണ്ടുതന്നെ അവരിട്ട എഫേർട്ടിനെ ശാരി ചെയ്ത് കൊടുത്തത് എന്ന് കുറച്ചു കാണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കൂടെ പറഞ്ഞുകൊണ്ട് ഈ പോസ്റ്റ് നിർത്തുന്നു

Wednesday, 22 April 2026

പട്ടിഷോ

 

പ്രിയപ്പെട്ടവരേ.

ഇത്തവണ പുതിയൊരു പരീക്ഷണത്തിലൂടെയാണ് എന്റെ ഏറ്റവും പുതിയ പുസ്തകം പ്രകാശനം നടത്തുന്നത്.

 ഭൂരിപക്ഷ മലയാളികളും സ്മാർട്ട് ഫോൺ കയ്യിലുള്ളവരാണ്. ഏതൊരു വികസിതരാഷ്ട്രത്തിനും തുല്യമാണ് മലയാളിയുടെ ഡിജിറ്റൽ സാക്ഷരത. എന്നാൽ അതിനനുസരിച്ച് മലയാള വായന പുതുക്കപ്പെട്ടിട്ടില്ല; അർഹിക്കുന്ന രീതിയിലുള്ള കാമ്പുള്ള പുസ്തകങ്ങൾ ഓൺലൈനിൽ ഡിജിറ്റലായി ലഭ്യമാകുന്നില്ല. ഇതിനൊരു പരിഹാരമായി ബുക്ക്ബാംഗ് (BookBang) എന്നൊരു ആപ്പ് നമുക്കുവേണ്ടി എത്തുകയാണ്. പുസ്തകങ്ങൾ ബാഗിലിട്ടുകൊണ്ടു നടക്കാതെതന്നെ മലയാളത്തിലെ ഒന്നാംനിര എഴുത്തുകാരുടെ പുസ്തകങ്ങൾ ചെറിയ വിലയ്ക്ക് ഇതിലൂടെ വായിക്കാൻ സാധിക്കും.

ഇപ്പോഴുള്ളതിന്റെ പത്തിലൊന്ന് വിലയ്ക്ക് ലോകമെമ്പാടുമുള്ള മലയാളിക്ക് മാതൃഭാഷയിലെ പുതിയ പുസ്തകങ്ങൾ വായിക്കാൻ  മൊബൈൽ കയ്യിലുള്ളിടത്തോളം സാധ്യമാണ്. അതിനാവശ്യമായ വിവരസാങ്കേതികതയും ഭാഷാസാങ്കേതികതയും മലയാളം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ പുസ്തകപ്രസാധനവും വിതരണവും വായനയും 190 വർഷം മുമ്പ് തുടങ്ങിയ അതേമട്ടിൽ ഇന്നും തുടരുന്നു. അതിനൊരു  മാറ്റമാണ് ബുക്ക്ബാംഗ് ലക്ഷ്യമിടുന്നത്.

പുതിയതായി എഴുതിയ പുസ്തകങ്ങൾ നമുക്ക് ബുക്ക്ബാംഗ് വഴി പ്രകാശനം നടത്തി, ഓൺലൈനായി ചെറുവിലയ്ക്ക് വിതരണംചെയ്യാനും വായിക്കാനും സാധിക്കും. അതേസമയം പുസ്തകമായിത്തന്നെ വേണമെങ്കിൽ പ്രിന്റ് ഓൺ ഡിമാൻഡ് പ്രകാരം അച്ചടിച്ച കോപ്പിയും ലഭ്യമാകും.

എത്ര പേര് വായിച്ചു അതിനനുസരിച്ച് എഴുതിയ ആൾക്ക് കൃത്യമായ റോയൽറ്റിയും ലഭ്യമാകും. വളരെ സുതാര്യമായ രീതിയിലായിരിക്കും കാര്യങ്ങൾ മുന്നോട്ടുപോവുക. സത്യസന്ധമായ റിവ്യൂവും ഇതിൽത്തന്നെയുണ്ടാകും .

എന്റെ അച്ചടി പുസ്തകങ്ങൾ ഇറങ്ങിയപ്പോൾ പുറംനാടുകളിലുള്ളവർക്ക് ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. ലോകത്തെവിടെയുമുള്ള മലയാളത്തെ സ്നേഹിക്കുന്നവർക്ക് ഈയൊരു സംരംഭം അതിനാൽ വലിയ സഹായമാകും.

ബുക്ക്ബാംഗ്. ചെയ്യുന്നത് ഇത്രമാത്രം:  

1.  വലിയ വിലകൊടുത്ത്  വാങ്ങാൻ സാധിക്കാത്തവർക്കുകൂടി  ചെറിയ വിലയ്ക്ക് പുസ്തകങ്ങൾ മൊബൈലിലൂടെ എല്ലാവരിലേക്കും എത്തിക്കുക.  സാഹിത്യത്തെ വീടകങ്ങളിലേക്ക് എത്തിക്കുക.  കഥകളും നോവലുകളും കവിതയും സാമൂഹ്യപഠനങ്ങളും ശാസ്ത്രസാഹിത്യവുമെല്ലാം ഇതിലുൾപ്പെടും.

2. സ്വന്തം കൃതി എത്രപേർ വായിച്ചു എന്ന് ഏതുനിമിഷവും ഗ്രന്ഥകർത്താക്കൾക്ക് അറിയാനുള്ള അവസരമൊരുക്കുക. റോയൽറ്റിയുടെ സത്യസന്ധമായ വിതരണം ഇതിലൂടെ സാദ്ധ്യമാകും.

അപ്പോൾ, എന്റെ പുതിയ പുസ്തകമായ "പട്ടിഷോ" ഇരുപതുരൂപയ്ക്ക് (ഒരു വർഷത്തേക്ക്) ഇതാ ബുക്ക്ബാംഗിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്. കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ഇഷ്ടമാകുന്ന പുസ്തകമാണിത്. 

 വായിക്കുവാനും വാങ്ങിക്കുവാനും മറക്കല്ലേ.

വാങ്ങിക്കേണ്ട ലിങ്ക് : Link for BookBank app.

Pls install and open. 

Subscribe the Patti show package Gpaying ₹20.

https://play.google.com/store/apps/details?id=org.bookbang.bookbangapp

ചെയ്യേണ്ടത്: ഡൌൺലോഡ് ആപ്പ്, സ്ക്രോൾ ചെയ്ത് പട്ടിഷോ കണ്ടു പിടിച്ചു, സബ്സ്ക്റൈബ് ചെയ്യുക. 20 രൂപ അടച്ചു ഡൌൺലോഡ് ചെയ്യുക. താഴെ ഡൌൺ ലോഡ് എന്ന ഫോൾഡർലും പാക്കേജ് എന്ന ഫോൾഡർ ലും ഉള്ള പട്ടിഷോ വ്യൂ ചെയ്തു വായിക്കുക.