Friday, 11 October 2019

അണ്ടിച്ചി അഥവാ വിപ്ളവകാരികുട്ടി അവളുടെ അമ്മയിൽ നിന്ന് ആദ്യമായി പഠിച്ചെടുത്ത പ്രയാസമേറിയ വാക്കായിരിന്നു 'വിപ്ലവകാരി'.
അന്നായിരുന്നു കുട്ടിയുടെ സ്‌കൂളിലെ നാണു മാഷ് കുട്ടിയുടെ അമ്മയെ അണ്ടിച്ചി എന്ന് പരസ്യമായി കുട്ടിയുടെ ക്ലാസിൽ വെച്ച് വിളിച്ചത് .
അതെന്തുട്ടാ മാഷേ ന്ന് വേറെ ഒരു ടീച്ചർ രസം പിടിച്ച് വിളിച്ചു ചോദിക്കുകയും ചെയ്തപ്പോൾ മാഷ്‌ക്ക് ആവേശമായി വിശദീകരിച്ചു
" സംഗതി ഇല്ലെങ്കിലും അതുണ്ടെന്ന തോന്നലിൽ നടക്കുന്ന ചില വേ..... ടക്കോൾ" മാഷ് ഇടക്ക് ഒന്നു നിർത്തി ദ്വയാർത്ഥ പ്രയോഗം നടത്തി.
അത് കേട്ട് കുട്ടിയുടെ ക്ലാസിലെ കുട്ടികളും, മതിലുകൾ ഇല്ലാത്ത അപ്പുറത്തെ ക്ലാസ്സിലെ കുട്ടികളും ടീച്ചർമാരും ആർത്ത് ചിരിച്ചു.അപ്പോൾ കുനിഞ്ഞ തലയും, നിറഞ്ഞെങ്കിലും,തൂവാത്ത കണ്ണുകളുമായി വീട്ടിലെത്തിയതാണ്.
'എന്താ മോളെ' ന്ന് 'അമ്മ ചോദിച്ചപ്പോഴും കുട്ടി തല ഉയർത്തിയില്ല. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ കുട്ടി കാര്യം പറഞ്ഞു..
ഏത് ആ വീട്ടിലെ മാഷോ, എന്നാൽ പിന്നെ ഞാൻ പോയി അയാളോട് ചോദിക്കാലോ എന്നായി അമ്മ. അമ്മക്കതിനും മടിയില്ലെന്ന് കുട്ടിക്കറിയാമായിരുന്നു. അതൊന്നും വേണ്ടെന്ന് കുട്ടി പറഞ്ഞിട്ടും ,കുട്ടിയുടെ തല താഴ്ന്നു തന്നെ നിന്നു.
കുട്ടിയുടെ അമ്മ അണ്ടിച്ചി ആയിട്ടധിക കാലമായിട്ടില്ലായിരുന്നു. അച്ഛന്റെ അടി മുഴുവൻ കൊണ്ട് നിന്ന്, തിരിച്ച് അച്ഛനെ ചീത്ത പറഞ്ഞ അന്നായിരുന്നു അമ്മക്ക് സ്വഭാവശുദ്ധിയുള്ള മരുമകൾ പട്ടം നഷ്ടപ്പെട്ട് പോയത്.
അതു വരെ അച്ഛനും അച്ഛമ്മയും അടിക്കാൻ പിടിക്കുമ്പോൾ അവരോടി ഇരുട്ടിൽ, പറമ്പിന്റെ കിഴക്കേ അറ്റത്തെ കൊട്ട കാടുകളിൽ ഒളിക്കുമായിരുന്നു. അല്ലെങ്കിൽ നേരിയ ഞരക്കങ്ങളോടെ ,തിരിച്ചൊന്നും പറയാതെ അടി മുഴുവൻ കൊള്ളുമായിരുന്നു. ആ വീട്ടിലെ അസ്വസ്ഥതകൾ പുറം ലോകം അറിഞ്ഞിരുന്നത് അടഞ്ഞ ശബ്ദത്തിലുള്ള മൂന്ന് കുഞ്ഞു നിലവിളികളിലൂടെ ആയിരുന്നു. സ്ഥിരമായ കരച്ചിൽ കാരണം അടഞ്ഞു പോയ ശബ്ദവും, വിശന്നു വലഞ്ഞ വയറും മാത്രമുള്ള കുഞ്ഞുങ്ങൾക്ക് കരയാൻ പോലും മര്യാദക്ക് ആരോഗ്യം ഉണ്ടായിരുന്നില്ല.
രാത്രികളിൽ കാണാതാകുന്ന അമ്മ ആത്മഹത്യ ചെയ്യുമോ എന്ന ഭയവും, പരസ്പരം താങ്ങായിരിക്കുന്നതിന്റെ ആശ്വാസവും കുട്ടികൾ പരസ്പരം കെട്ടി പിടിച്ചിരുന്ന് തീർക്കും. അച്ഛനിറങ്ങി പോയാൽ കുട്ടി മണ്ണെണ്ണ വിളക്കും പിടിച്ച് അമ്മയെ തിരയാനിറങ്ങും. കുട്ടിയെന്നും മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ ഒരു ശവത്തെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്..എന്നിട്ടും വിശക്കുന്നെന്ന് വാശി പിടിച്ചു കരയാത്ത കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കാൻ വേണ്ടി മാത്രം കുട്ടിയുടെ അമ്മ ജീവിച്ചിരുന്നു.

അന്നാകട്ടെ വഴക്കിന്റെ ഉച്ചസ്ഥായിയിൽ അമ്മ മുറ്റത്തേക്കിറങ്ങി നിന്ന് അച്ഛനെ ഉറച്ച ശബ്ദത്തിൽ ചീത്ത വിളിച്ചത്. ' നാറി പട്ടി മനുഷ്യൻ' അതായിരുന്നു ആ ചീത്ത വാക്കുകൾ. ഇതിൽ കൂടുതൽ ചീത്ത വാക്കുകൾ കുട്ടിയുടെ അമ്മക്ക് പറയാൻ അറിയില്ലായിരുന്നു. കാരണം ബാക്കി എല്ലാ വാക്കുകളും അച്ഛനും അച്ഛമ്മയും അമ്മയെ വിളിച്ചിരുന്നതാണ്.
അച്ഛനെന്നയാൾ മുറ്റത്തെ ശീമകൊന്നയുടെ വലിയൊരു കൊമ്പ് അടർത്തിയെടുത്ത്, ലാത്തി വലുപ്പത്തിൽ ചവിട്ടി ഒടിച്ചെടുത്തു.അമ്മയുടെ കണ്ണുകളിൽ രണ്ട് മൂർച്ചയേറിയ വാളുകൾ തിളങ്ങുന്നുണ്ടെന്ന് കുട്ടിക്ക് തോന്നി. കുട്ടികൾ മൂന്നും ശ്വാസം വലിക്കാൻ കൂടി മറന്നു പോയി.. ഉറക്കെ ഒരു മുദ്രാവാക്യം പോലെ കുട്ടിയുടെ അമ്മ ആ ചീത്ത വാക്കുകൾ വിളിച്ചു പറഞ്ഞു. വടിയും കൊണ്ട് അച്ഛനെഅടുത്തെത്തിയിട്ടും അമ്മക്ക് ഭയം വരുന്നില്ലാതായിരുന്നു.. അന്നാദ്യമായി മുറ്റത്തെ തെങ്ങും കെട്ടി പിടിച്ച് നിന്ന് കുട്ടിയുടെ 'അമ്മ അടി മുഴുവൻ കൊണ്ടു.
അച്ഛന്റെ കൈ തളർന്നിട്ടും, അച്ഛമ്മയുടെ 'കൊടുക്കടാ അടി' എന്ന അലർച്ച നിന്നിട്ടും അമ്മയുടെ ചീത്ത വിളി നിന്നിരുന്നില്ല. ആ വാക്കുകൾ തുപ്പലിനൊപ്പം അവരുടെ മനസ്സുകളിൽ തെറിച്ച് വീഴുന്നത് കുട്ടി കണ്ടു നിന്നു.
കുട്ടിയുടെ അമ്മയുടെ ദേഹം മുഴുവനും സൈക്കിൾ ടയർ അടയാളത്തിൽ , വയലറ്റ് വർണ്ണത്തിൽ അടികൾ തിണർത്ത്‌ കിടന്നു.  അന്നാണ് കുട്ടിയുടെ അമ്മ പുതിയ ഓല വീട്ടുണ്ടാക്കി കുട്ടികൾക്കൊപ്പം താമസിക്കാൻ ആരംഭിച്ചത്. അച്ഛനും അച്ഛമ്മക്കും മുന്പിലായിട്ടും അവരാരും അമ്മയെ അടിക്കാനോ വഴക്ക് പറയാനോ വരുന്നില്ലന്ന് കുട്ടി അതിശയിച്ചു.
സാരിയും കേറ്റി കുത്തി അമ്മ കിട്ടുന്ന എല്ലാ പണിക്കും പോകാൻ തുടങ്ങി..ഉപദേശിക്കാൻ വരുന്നവരോട് 'എന്നാൽ പിന്നെ നൂറു രൂപാ താ' ഉപദേശം അല്ല വേണ്ടതെന്ന് ദാക്ഷിണ്യമില്ലാതെ പറഞ്ഞു.
വയറു നിറയെ ഭക്ഷണം കഴിച്ചു തെളിഞ്ഞു തുടങ്ങിയ കുട്ടിയേം കുട്ടിയുടെ അനിയൻമാരേയും കാണാൻ നല്ല അഴകേന്ന് അമ്മ സ്വയം പറഞ്ഞു.
എല്ലുകൾ എഴുന്നു നിൽക്കുന്ന മൂന്നു നെഞ്ചിൻകൂടുകളും, ദീനത മുറ്റിയ മൂന്നു ജോഡി കണ്ണുകളും കൊല്ലങ്ങളോളം സഹിച്ച് അവർ നേടിയ സ്വഭാവശുദ്ധി പട്ടം ഏതാനും ദിവസങ്ങൾക്കുള്ളിൽ പോയി കിട്ടിയിരുന്നു.
അങ്ങനെയാണ് നാണുമാഷ് പുതിയ പട്ടം കുട്ടിയുടെ അമ്മക്ക് ചാർത്തി കൊടുത്തത്.

കുനിഞ്ഞ തലക്കുള്ളിൽ നിറഞ്ഞിരിക്കുന്ന സങ്കടങ്ങളെ തിരിച്ചറിഞ്ഞ് കുട്ടിയുടെ അമ്മ പറഞ്ഞു.
" കുഞ്ഞേ , കുഞ്ഞ് വിശന്നു തളർന്ന്, തലകറങ്ങി വീണപ്പോൾ എന്നെങ്കിലും നാണു മാഷ് ചായ വാങ്ങി തന്നിരുന്നോ?"
കുട്ടിയോർത്തു ഇല്ലല്ലോ, വിശപ്പ് കൊണ്ടായിരുന്നു കുട്ടി ഇടക്കിടെ സ്‌കൂളിൽ തലകറങ്ങി വീഴുന്നത് എന്ന് തിരിച്ചറിഞ്ഞ് നേന്ത്രപ്പഴവും ചായയും വാങ്ങിച്ചു തന്നിരുന്നത് കസ്തൂരി ടീച്ചറും , വിമല ടീച്ചറും അല്ലേ? ഈയിടെ ആണെങ്കിൽ കുട്ടിക്ക് തലകറങ്ങാറുമില്ല..
കുട്ടിയുടെ അമ്മ തുടർന്നു " കുട്ടിക്കിപ്പോൾ തലകറങ്ങാത്തത് എന്ത് കൊണ്ടാ, വിശക്കാത്തത് കൊണ്ടാ, അതെന്ത് കൊണ്ടാഅമ്മ  പണിക്ക് പോയി കാശു കിട്ടുന്നത് കൊണ്ടല്ലേ? കുട്ടിക്കിപ്പോൾ നല്ലു ടുപ്പുകൾ ഇല്ല്യേ, ഇതൊന്നും ആരും തന്നില്ലല്ലോ.. അപ്പോൾ പിന്നെ അവരൊക്കെ പറയുന്നത് കുഞ്ഞ് ശ്രദ്ധിക്കേണ്ട ട്ടാ
 ഇനി അമ്മയെ ആരെങ്കിലും അമ്മയെ അണ്ടിച്ചി എന്ന് വിളിക്കുമ്പോൾ കുഞ്ഞു കേൾക്കേണ്ടത് വിപ്ലവകാരി എന്നാണ്.. അത് പെണ്ണുങ്ങൾക്ക് മാത്രമുള്ള വാക്കാണ്.. പെറ്റിട്ട കുഞ്ഞുങ്ങൾക്ക് സമാധാനവും ശാന്തിയും ഇടാനും ഉടുക്കാനും തരാൻ വേണ്ടി ആരെയും കൂസാതെ ഓടുന്ന പെണ്ണുങ്ങൾക്ക് ഉള്ള പേരാണത്. അവരോളം  വിപ്ലവകാരികൾ വേറെ ആരുണ്ട്.. വിപ്ലവകാരൻ എന്ന് കുഞ്ഞ് എവിടെ എങ്കിലും കേട്ടിട്ടുണ്ടോ"
അതും പറഞ്ഞു കുട്ടിയുടെ അമ്മ വിപ്ലവ ചിരി ചിരിച്ചു.
കുട്ടിയുടെ കുനിഞ്ഞ തല നിവർന്നു. കണ്ണിലെ നീർ, കണ്ണുകൾക്ക് കൂടുതൽ തിളക്കം കൂട്ടി.
അവിടെ രണ്ടാമതൊരു വിപ്ലവകാരി കൂടി ജനിച്ചു.

Wednesday, 6 March 2019

പ്രണയം

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ,
കാട്ടു തീ കുഞ്ഞു കാറ്റിലും ആളി പടർന്ന പോലെ
ഓരോ നോട്ടത്തിലും ശ്വാസം നിലച്ചു പോകുമെന്ന് തോന്നും വിധം
ഓരോ ചുംബനത്തിലും കൊടുങ്കാറ്റിരമ്പും പോലെ
ഓരോ ആലിംഗനത്തിലും പരസ്പരം അലിഞ്ഞു തീരുന്നില്ലല്ലോ എന്ന് പരിഭവിക്കും വിധം
പ്രണയത്താൽ ലോകം നിങ്ങൾക്ക് ചുറ്റും നിശ്ചലമായിട്ടുണ്ടോ
തിരക്കുള്ള തെരുവിൽ മറ്റുള്ളവരുടെ നോട്ടങ്ങൾ മാഞ്ഞു പോയിട്ടുണ്ടോ
ഒരു കെട്ട് വിട്ട പട്ടം കണക്കെ സ്വയം മറന്ന് പറന്നിട്ടുണ്ടോ
എന്നിട്ട് നീയില്ലാതെ എനിക്ക് ജീവിക്കാനാകുമെന്ന ഒറ്റവാചകത്തിൽ എല്ലാ അഹന്തയും വീണ് പൊട്ടിചിതറിയിട്ടുണ്ടോ
വീണു ചിതറിയ കൂർത്ത ചീളുകൾ നിരന്തരം ചോര പൊടിയിച്ചിട്ടുണ്ടോ
ഉന്മാദത്തിന്റെ ഉച്ചിയിൽ നിന്ന് വിഷാദത്തിന്റെ ആഴത്തിലേക്ക് എടുത്തെറിയപ്പെട്ടിട്ടുണ്ടോ
നിലവിളിയുടെ ഊഞ്ഞാലിൽ ആനപൊക്കത്തിലാടിയിട്ടുണ്ടോ
ആത്മഹത്യാ വിളുമ്പിൽ ചെന്നെത്തി നോക്കി ആഴമളന്നിട്ടുണ്ടോ
എന്നിട്ട് ജീവിച്ചിരിക്കാൻ കാരണം തിരഞ്ഞ് തിരിഞ്ഞ് നടന്നിട്ടുണ്ടോ
ജീവിച്ചിരിക്കുന്ന പുല്ലിനോടും പുൽചാടിയോടും സ്നേഹം തോന്നിയിട്ടുണ്ടോ

ഉണ്ടെങ്കിൽ നിങ്ങളെ തേടി മറ്റൊരു പ്രണയം വരാൻ അധിക നേരമില്ല. കാരണം ചുറ്റുമുള്ള ഒരു സ്നേഹത്തെയും നിങ്ങൾ അഹന്തകൊണ്ട് അളക്കില്ല, മുറിവേല്പിക്കില്ല, പകരം അവരുടെ വിരലിൽ തൂങ്ങി പുതു പ്രഭാതത്തിലേക്ക് നിങ്ങൾ നടന്നു കയറും. വഴിയിൽ ഉപേക്ഷിച്ചവരോട് മനസ്സിൽ നന്ദി നിറയും, ഇനിയൊരിക്കലും തോൽക്കാൻ ഇട നൽകാത്ത അത്രയും കരുത്തുള്ളിൽ നിറച്ചതിന്

ഇനി ഇതൊന്നും അഭവിച്ചിട്ടാത്തവർ നിങ്ങളോളം നിര്ഭാഗ്യമുള്ളവർ വേറെയില്ല. ചെറുകാരണങ്ങളാൽ തകരാൻ തയ്യാറായിരിക്കുന്ന സ്പടികപാത്രം പോലെയാണ് നിങ്ങൾ..

Saturday, 24 November 2018

മനുഷ്യനിൽ ദയ മുളയ്ക്കും വിധം


അച്ഛമ്മ അതി ശക്തയായ ഒരു സ്ത്രീ ആയിരുന്നു. നല്ല തന്റേടവും ഉണ്ടായിരുന്നു. ഒരേ ഒരു മകനോടുള്ള  പോസസ്സിവ്നെസ്സും ഭരണശീലവും കാരണം മരുമകളെ അവർക്ക് സ്വീകരിക്കാനേ ആയില്ല.അതു കൊണ്ട് തന്നെ അമ്മയും അച്ഛമ്മയും നിത്യ ശത്രുക്കൾ ആയിരുന്നു. അപ്പൂപ്പൻ വളരെ പതിഞ്ഞ മട്ടിലുള്ള, ഉത്തരവാദിത്തങ്ങൾ ഒന്നും ഏറ്റെടുക്കാത്ത ഒരാളും. വഴക്കൊഴിഞ്ഞ സമയം വളരെ കുറവായിരുന്നു ഞങ്ങളുടെ വീട്ടിൽ. പാതിരവോളം ബഹളവും, അടിയും, നിലവിളികളും നിറഞ്ഞ കാലമായിരുന്നു അത്.  അവസരം കിട്ടുമ്പോഴൊക്കെ അമ്മയെ തല്ലുന്നത് അച്ഛമ്മക്ക് ഒരു വിനോദമായിരുന്നു. വഴക്ക് മൂർഛിക്കുമ്പോൾ അമ്മ ഇവരുടെ അടുത്ത് നിന്ന് ഓടി വീടിന്റെ പിന്ഭാഗത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കും.  വഴക്കുള്ള ദിവസങ്ങളിൽ വീട്ടിൽ ഭക്ഷണം ഉണ്ടെങ്കിലും കഴിക്കാൻ പാടില്ല എന്നത് ഒരു അലിഖിത നിയമം ആയിരുന്നു. ഇനി അഥവാ അച്ഛമ്മ വഴക്ക് അവസാനിപ്പിച്ച്    മൂപ്പരുടെ ഇഷ്ടാക്കാരിയുടെ വീട്ടിലേക്ക് പോയിട്ട് ഉണ്ണാം എന്ന് വിചാരിച്ചാലോ,  മുട്ടൻ പണി തന്നേ മൂപ്പത്തി പോകൂ.  കലം നിറഞ്ഞിരിക്കുന്ന ചോറിൽ മണ്ണ് വാരിയിട്ടേ ഒട്ടു മിക്കവാറും ദിവസങ്ങളിൽ ആള് വഴക്ക് അവസാനിപ്പിക്കു. മണൽ വീണ ചോറ് അമ്മ ചോറ് വാറ്റുന്ന ഈറ്റ കൊട്ടയിൽ ഇട്ട് പാതിരാത്രിയിൽ ദേവുച്ചേച്ചിയുടെ  ( തെക്കേ വീട്ടിലെ) കുളത്തിൽ കൊണ്ട് പോയി പകുതി വെള്ളത്തിൽ മുക്കി ആട്ടി ആട്ടി കഴുകും. കുറേ ഏറെ മണൽ കുളത്തിൽ പോകും, കുറെ കൊട്ടയുടെ അടിയിൽ അടിയും. ഞങ്ങൾ മൂന്നുപേരും ആ ചോറിനു വേണ്ടി വിശന്നരണ്ടിരിക്കും,രണ്ടോ മൂന്നോ ഉരുള പച്ചച്ചോർ വയറ്റിലേക്ക് വാരിയിടുമ്പോൾ അതി കഠിനമായ വിശപ്പൊതുങ്ങും. പിന്നെ മണ്ണ് കടിക്കുന്ന ചോറുണ്ണാൻ മനസ്സു വരില്ല. അപ്പോഴെല്ലാം അമ്മ കരയുന്നുണ്ടാകും. 

ദേഷ്യം വരുമ്പോൾ അച്ഛമ്മ പറയുന്ന തെറികൾ കേട്ട് സഹിക്കൽ എളുപ്പമല്ല. അമ്മയെ തെറിയഭിഷേകം നടത്തി തോൽപ്പിക്കാൻ അവർ മിടുക്കിയായിരുന്നു. അങ്ങനെ ഒരു വഴക്കിന്റെ തുടക്കം കണ്ടപ്പോഴേ ഞങ്ങൾ കുട്ടികൾ ചില തീരുമാനങ്ങൾ എടുത്തു  അച്ഛമ്മ പറയുന്ന തെറികൾ അമ്മ കേൾക്കാതിരിക്കാനായി വലിയ സ്റ്റീൽ കിണ്ണം എടുത്ത് അതിൽ സ്റ്റീലിന്റെ തന്നെ സ്പൂണു കൊണ്ട് ശക്തിയായി അടിക്കുക. മൂന്ന് ജോഡി കൈകൾ കൊണ്ടുണ്ടാക്കിയ "ന്ന്യോഎം " ശബ്ദത്തിൽ അച്ഛമ്മയുടെ തെറികൾ ഉടഞ്ഞു വീണു. അച്ഛമ്മക്ക് അസഹ്യത നിറഞ്ഞെങ്കിലും തെറിവിളികൾ വളരെ പെട്ടെന്ന് നിന്നു. എന്നാൽ പൊടുന്നനെ അമ്മിയിൽ തേങ്ങാ അരച്ചു കൊണ്ടു നിന്നിരുന്ന അമ്മയുടെ കഴുത്തിന് അവർ കുത്തി പിടിച്ചു. ഇന്നും ഓർമ്മയുണ്ട് കണ്ണുകൾ മിഴിഞ്ഞ്, ശ്വാസം മുട്ടി അച്ഛമ്മയെ തള്ളി മാറ്റാൻ ശ്രമിക്കുന്ന അമ്മയെ. ഞങ്ങൾ മക്കൾ മൂന്നു പേരും കൂടെ അച്ഛമ്മയെ കയ്യ് വിടുവിച്ചതും, അമ്മ ഉടുത്ത സാരിയാലെ, ചെരിപ്പു പോലും ഇടാതെ ഓടിയ ഓട്ടം കിലോമീറ്ററുകൾക്ക് അപ്പുറത്ത് താമസിക്കുന്ന ഇളയ അമ്മാവന്റെ വീട്ടിലെത്തിയേ നിന്നൊള്ളു. 

അച്ഛമ്മയുടെ ദേഹത്ത് അരവ്  പറ്റിയിരുന്നു. കൂടാതെ മുറ്റത്തെ മണലിൽ കിടന്ന് അവരൊന്ന് ഉരുളുകയും ചെയ്തപ്പോൾ രൂപം പരിതാപകരമായി. ആ രൂപത്തിൽ അവർ നേരെ പോയത് തൊട്ടയല്പക്കത്തെ ബന്ധു വീട്ടിലേക്കാണ്. അവിടെ വിദേശത്ത് താമസിക്കുന്ന ശുദ്ധഗതിക്കാരനായ ഒരാൾ വന്നിരിക്കുന്ന സമയമാണ്.. ആൾ പൈസക്കാരൻ ആയത് കൊണ്ട് സകല ബന്ധുക്കളും ഉണ്ടാകും. അദേഹത്തിന് സത്യത്തിൽ ഞങ്ങളുടെ കാര്യങ്ങൾ ഒന്നും വലിയ ധാരണയൊന്നുമില്ലാത്തതാണ്. ആരെന്തു പറഞ്ഞാലും മൂപ്പര് പെട്ടെന്ന് അലിയും. ഞങ്ങൾ അമ്മയും മക്കളും കൂടി അച്ഛമ്മയെ തല്ലി ചതച്ചു എന്നും പറഞ്ഞ് നെഞ്ചത്തു തല്ലി അലമുറയിട്ട് അച്ഛമ്മ കരഞ്ഞു. 
അന്ന് വൈകുന്നേരം ഒരു ചേട്ടൻ വന്ന് ഞങ്ങളെ എല്ലാവരെയും ആ വീട്ടിൽ ഹാജരാകാൻ പറഞ്ഞിട്ടു പോയി. അച്ഛനും ചെറിയ അനിയനും ഒപ്പമുണ്ടായിരുന്നു. അവരുടെ വീടിന്റെ ഉമ്മറം മുഴുവൻ ആളുകൾ ഉണ്ടായിരുന്നു. ഏകദേശം 20 ഓളം ആളുകൾ വീട്ടിനകത്തും ഉമ്മറത്തുമായി ആ ഖാപ്പ് പഞ്ചായത്തിൽ പങ്കെടുത്തു.  നിശബ്ദനായി ഞങ്ങളെ അവർക്ക് വിട്ടു കൊടുത്ത് അച്ഛനും അവിടെ ഇരുന്നു. ഇവർക്ക് നടുവിൽ കുറ്റവാളികളായ ഞങ്ങളെ നിർത്തി. പിന്നീടങ്ങോട്ട് ആക്രോശങ്ങൾ, ചീത്തവിളികൾ, കാല് തല്ലിയൊടിക്കാൻ , നാക്ക് മുറിക്കാൻ ഒക്കെയുള്ള ആഹ്വാനങ്ങൾ. 13ഉം 7ഉം വയസ്സുള്ള രണ്ട് കുട്ടികളോട്എല്ലാവരും ചേർന്ന് യുദ്ധം ചെയ്യുകയാണ്. കൂടെ നിന്ന് ആശ്വസിപ്പിക്കാൻ, ഞങ്ങളെ കേൾക്കാൻ ഒരു അലവലാതിയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. 
അപമാനം, ഊരുവിലക്കുകൾ, വേദനകൾ ഭയം എന്നതൊക്കെ അത്രത്തോളം പിന്നീട് ജീവിതത്തിൽ ഉണ്ടായിട്ടില്ല. അന്ന് മനസ്സിൽ അമ്മേ എന്ന്  ഞാൻ ആർത്തു വിളിച്ചു കരയുന്നുണ്ടായിരുന്നു. എന്നിട്ടും ഒരു കരച്ചിലോ, കണ്ണൊന്നു നിറയുകയോ ചെയ്തില്ല. അത് അവരെയൊക്കെ വെല്ലുവിളിക്കുന്നതായി അവർക്ക് തോന്നി. എന്റെ അഹങ്കാരം കുറക്കാനും, അമ്മയെ ഒരു പാഠം പഠിപ്പിക്കാനും ആയി അദ്ദേഹം വിലക്ക് ഏർപ്പെടുത്തിആരും ഞങ്ങളോട് സംസാരിക്കരുത് എന്ന്. ഒരു വിധപ്പെട്ട ബന്ധുക്കളെല്ലാം പൊടുന്നനെ സംസാരിക്കാതെ ആയി. അന്ന് മിണ്ടാതെ ആയ ചിലർ ഇന്നും മിണ്ടാറില്ല. 

സ്‌കൂളിൽ  പോകുമ്പോൾ  നാട്ടിടവഴിയിലെല്ലാം കണ്ടു മുട്ടുന്നവർ, സ്‌കൂളിലെ ടീച്ചർമാർ, കൂട്ടുകാർ ഒക്കെ അച്ഛമ്മയെ തല്ലിച്ചതച്ച പെണ്കുട്ടിയെ ചീത്തവിളിക്കുകയും ഉപദേശിക്കുകയും ചെയ്യുമായിരുന്നു. RD   കുറി നടത്തുന്ന ഒരു ബന്ധുവിന്റെ ന്യൂസ് ഏജൻസി ആയിരുന്നു ഈ കഥകൾ ലോകം മുഴുവൻ പരത്തിയത്. (ഏറെ കാലം കഴിഞ്ഞ് എനിക്ക് വന്ന പല കല്യാണാലോചനകളും ഇക്കാരണം പറഞ്ഞു മുടങ്ങിയിരുന്നു .) 

അങ്ങനെ അമ്മയില്ലാത്ത ദിവസങ്ങൾ, അച്ഛമ്മ മൂത്തമകളുടെ വീട്ടിലേക്കും അച്ഛൻ ജോലി സ്ഥലത്തേക്കും പോയിരുന്നു. ഞങ്ങളും അപ്പൂപ്പനും ആ വീട്ടിൽ അവശേഷിച്ചു. ആദ്യദിവസം തന്നെ അച്ഛമ്മയുടെ ഇഷ്ടക്കാരി അപ്പൂപ്പനെ വൈകീട്ട്‌ ആറു മണി നേരത്ത് രാത്രി ഭക്ഷണം കൊടുക്കാൻ എന്ന വ്യാജേന അവരുടെ വീട്ടിലേക്ക് കൊണ്ടു പോയി, രാത്രിയിൽ അപ്പൂപ്പൻ 5 മിനിറ്റോളം ദൂരെയുള്ള ഞങ്ങളുടെ വീട്ടിലേക്ക് വരും വഴി വീണാലോ എന്നും പറഞ്ഞു രാത്രി അവരുടെ വീട്ടിൽ തന്നെ കിടത്തും. ഉദ്ദേശ്യം ഞങ്ങളെ പാഠം പഠിപ്പിക്കുക എന്നതാണ്. അന്നാകട്ടെ വീടു പണി നടക്കുന്നത് കാരണം ഓല കൊണ്ടുണ്ടാക്കിയ താത്കാലിക ഷെഡിലാണ് കിടപ്പ്. ഞങ്ങൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ കഞ്ഞി ഉണ്ടാക്കി, അത് കുടിച്ച് കിടന്നു . ഇളയ അനിയന് വെളിച്ചമില്ലാതെ ഉറക്കം വരില്ല. ഓലവാതിൽ ശക്തിയായി( എന്നാണ് വിചാരം) അടച്ച് മണ്ണെണ്ണ വിളക്കും കൊളുത്തി വെച്ച് ഞങ്ങൾ മൂന്നും കെട്ടിപിടിച്ച് കിടന്നു. കുഞ്ഞനിയൻ ഉറങ്ങിയപ്പോൾ വിളക്കൂതി. ഭയത്തിനു മീതെ ഉറക്കം പിടിച്ചു വരുമ്പോഴാണ് ,കാൽക്കൽ വളരെ മൃദുവായ എന്തോ കൂടെ കിടക്കുന്നത് അറിയുന്നത്. ഉള്ളിലെ വലിയ നിലവിളി അടക്കി പിടിച്ച് എഴുന്നേറ്റു. ശബ്ദം കേട്ട് കുട്ടികൾ എഴുന്നേറ്റാൽ കൂട്ടകരച്ചിൽ ആകുമല്ലോ എന്ന ഭയം ഒരു വശത്ത്‌, ചെറുപ്പത്തിൽ ഏറ്റ സെക്ഷ്വൽ അസോൾട്ടിന്റെ പൊള്ളലിന്റെ ഓർമ്മ ഒരു വശത്ത്. ധൈര്യം സംഭരിച്ച് വിളക്ക് കൊളുത്തി, ശക്തമായ ചെറ്റവാതിൽ കടന്നെത്തിയ അതിഥി ഒരു പട്ടി ആയിരുന്നു. അതിനെ ഓടിച്ചു വിട്ടു, വിളക്കൂതിയപ്പോൾ അത് വീണ്ടും അകത്തേക്ക് വന്നു. വീണ്ടും വിളക്ക് കൊളുത്തി കാൽക്കൽ ഒരു പുൽപായ വിരിച്ച് അതിൽ അമ്മയുടെ സാരി മടക്കിയിട്ട് കൊടുത്തു. നീണ്ട പതിനാല് അമ്മയില്ലാ ദിവസങ്ങളിൽ അവൾ ഞങ്ങൾ ഉറങ്ങിയ ശേഷം വരികയും ഞങ്ങൾ ഉണരും മുൻപേ പോകുകയും ചെയ്തിരുന്നു. മനുഷ്യരെക്കാൾ മൃഗങ്ങളെ വിശ്വസിക്കാം എന്ന് ഞാൻ പഠിച്ചത് അന്നായിരുന്നു.

അമ്മ തിരിച്ചെത്തിയപ്പോൾ ഞങ്ങളെ വീട്ടിൽ നിന്ന് പുറത്തതാക്കി, അവിടെ അച്ഛമ്മ താമസം ആരംഭിച്ചു. ഞങ്ങൾ പറമ്പിനറ്റത്ത് ഒരു കുടിലിലും താമസിച്ചു, നിറഞ്ഞ സമാധാനത്തോടെ.. പക്ഷെ അത് അധിക കാലം നീണ്ടു നിന്നില്ല, കാരണം അപ്പോഴായിരുന്നു അച്ഛമ്മ ഒരു വശം തളർന്ന് വീണത്. ആശുപത്രയിൽ നിന്നും പാതി തളർന്ന ബുദ്ധിയും ശരീരവുമായി ഇഷ്ടക്കാരിയുടെ വീട്ടിലേക്കായിരുന്നു പോയത്. പാതി ബോധത്തിൽ പോലും അവർ പറയുന്ന തെറികൾ അവർക്ക് സഹിക്കാവുന്നില്ലായിരുന്നു. പോരാത്തതിന് ഭാരം കുറയ്ക്കാൻ വേണ്ടി ഭക്ഷണം കുറക്കുകയും, നിരവധി വ്യായാമവും കൂടി ആയപ്പോൾ അച്ഛമ്മ അവരെ തെറിയഭിഷേകം തന്നെ നടത്തി. ഓരോ തെറിക്കും അച്ഛമ്മക്ക് കഠിനമായ ശിക്ഷയും അവർ കൊടുത്തിരുന്നു. മുഖത്തു പലപ്പോഴും നീലിച്ച പാട്ടുകൾ കാണുമായിരുന്നു.
മൂന്നു മാസം കൊണ്ട് അവരെ മടുത്ത അച്ഛമ്മയെ ഞങ്ങളുടെ കുടിലിലേക്ക് കൊണ്ടു വരേണ്ടി വന്നു.ഉണ്ണാതെയും ഉറങ്ങാതെയും കണ്ണീർ കുടിപ്പിച്ച അവരെ കൊണ്ട് വരുന്നതിൽ ഞങ്ങൾ മക്കൾക്ക് എതിർപ്പായിരുന്നു. പക്ഷെ ഗതികെട്ട സമയത്ത് ഒരാളെ ഉപേക്ഷിക്കരുത് എന്ന നയമായിരുന്നു അമ്മയുടേത്.

അവിടെ നിന്ന് വന്ന അന്ന് വൈകീട്ട് അച്ഛമ്മയെ മേൽ കഴുകിക്കുന്ന സമയത്താണ് കാൽ വിരലുകൾക്കിടയിൽ പഴുത്തൊരു മുറിവ് കണ്ടത്. മുറിവിന്റെ ഭാഗം  കാലവിരലുകൾക്ക് അടിയിലാണ്, അവിടം മുഴുവൻ പേപ്പർ പോലെ വെളുത്തിരിക്കുകയാണ്. പൊടുന്നനെയാണ് അവിടെ എന്തോ ചലിക്കുന്നതും, കുറച്ച് കറുത്ത കണ്ണുകൾ ഇടക്കിടെ വന്നു പോകുന്നതായും എനിക്ക് തോന്നിയത്.ടോർച്ചടിച്ച് നോക്കിയപ്പോൾ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി,മുറിവ് നിറയെ വലിയ പുഴുക്കൾ ... ജീവനുള്ള ശരീരത്തിൽ നുരക്കുകയാണ് അവറ്റകൾ. അമ്മയും ഞാനും വലിയ കരച്ചിലോടെ ഡെറ്റോളും, ഹൈഡ്രജൻ പെറോക്‌സിഡും,ചൂട് വെള്ളവും മാറി മാറി മുറിവിൽ ഒഴിച്ചു.ഒഴിക്കുന്ന സമയത്ത് അവ കൂടുതൽ ആഴങ്ങളിലേക്ക് പോയി ദ്വാരങ്ങൾ ഉണ്ടാക്കി, അവ ഞങ്ങളെ കൂടുതൽ അസ്വസ്ഥപ്പെടുത്തി.രാവിലെ വരെ കാത്തിരുന്ന് ഡോക്ടറെ കാണിക്കാനുള്ള
ക്ഷമയൊന്നും ഇല്ലായിരുന്നു. ഒടുവിൽ ഒരു സേഫ്റ്റി പിൻ എടുത്ത് ഒരു പുഴുവിനെ കോർത്ത് വലിച്ചെപ്പോൾ അത് പുറത്തേക്ക് ചാടി. അതോടൊപ്പം കഴിച്ചതെല്ലാം ചർദ്ദിച്ചും പോയി . പതിനൊന്ന് പുഴുക്കളെ ഓരോന്നായി കോർത്തെടുത്ത് ചകിരിയിൽ കനലിട്ട് അതിലേക്കിട്ട് കൊന്നു . എത്ര വട്ടം ഞങ്ങൾ ചർദ്ദിച്ചെന്ന് ഓർമ്മ ഇല്ലാത്ത അത്രയും ചർദ്ദിച്ചിരുന്നു. ആ ഓർമ്മയിൽ പാട് നാളെത്തേക്ക് ഭക്ഷണം കഴിക്കാനാകാതെ, ഉറക്കമില്ലാതെ ഞാൻ കഴിച്ചു കൂടിയിട്ടുണ്ട് , അവർക്ക് വേണ്ടി പിന്നെയും പട്ടിണി .. കാലങ്ങളായി ഉള്ളിൽ ഉറച്ചിരുന്ന അവരോടുള്ള എന്റെ പക ഇല്ലാതായി. നീണ്ട അഞ്ചര വർഷം അവരെ വാക്കാലോ നോക്കാലോ വേദനിപ്പിക്കാതെ ഞങ്ങൾ അവരെ  ചേർത്ത് പിടിച്ചു. ജീവിതത്തിലെ ഏറ്റവും ഗതികെട്ട മണിക്കൂറുകൾ ആയിരുന്നു ഏതെങ്കിലും മനുഷ്യരൊക്കെ ഇത്രയേ ഒള്ളൂ എന്ന് ശരിക്കും മനസിലായത് അന്നാണ്. മനുഷ്യകുലത്തോട് മുഴുവൻ ദയയുള്ളവളായി ഞാൻ രൂപാന്തരം പ്രാപിച്ചത് അന്നാണ്.

Saturday, 31 March 2018

പച്ചപെൺകൊടികൾ


90 -95 കളിലൊക്കെ നാണം കൊണ്ട് ബ്രാൻഡ് ചെയ്ത് തലകുനിച്ച് നീളൻ  മുടി മുന്നിലോട്ടിട്ട് കുണുങ്ങി കുണുങ്ങി ശബ്ദം പുറത്ത് വരാതെ ചിരിക്കുന്ന, അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടികൾക്ക് വലിയ ഡിമാന്റായിരുന്നു... ഞങ്ങളുടെ ക്ലാസ്സ് റൂമുകളിലൊക്കെ അധികവും ഇങ്ങനെ കടകണ്ണെറിയുന്ന/ ഇങ്ങനെയൊക്കെ ആകാൻ ശ്രമിക്കുന്ന പെൺകുട്ടികൾ ആയിരുന്നു അധികവും.. അതിനപവാദമായ ചില പച്ചപെൺകൊടികൾ ഉണ്ടായിരുന്നു( പച്ചയായ പെരുമാറ്റം ന്നേ ഉദ്ദേശിച്ചത്😊) ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുകയും സ്വയം മറന്ന് പൊട്ടിച്ചിരിക്കുകയും, കൂടെയുള്ളവളുമാർ ഏതാ ഈ അലവലാതി എന്നാ മട്ടിൽ നോക്കുമ്പോൾ ഞാനല്ല നീയാ ഒറിജിനൽ അലവലാതി എന്ന മട്ടിൽ അവരെ കണ്ണ് തുറുപ്പിച്ച് നോക്കുന്നവർ... അവർ ഓടി കളിക്കുകകും, ആണ്കുട്ടിളുമൊത്ത് ആടി തിമിർക്കുകയും ചെയ്യും. ( അവർക്ക് കൂട്ടുകൂടാൻ പെൺകുട്ടികൾ അധികം കിട്ടാറില്ല.., ആർക്കാണ് അടക്കവും ഒതുക്കവും ഇല്യാത്തവളെന്ന് കൂടെ നടന്ന് പറയിക്കാൻ ഇഷ്ടം) എന്തൊക്കെ പറഞ്ഞാലും ആൺകുട്ടികൾക്ക് പ്രണയിക്കാൻ സമയത്ത് മറ്റേ കാറ്റഗറി കുട്ടികളെയാണ് താല്പര്യം. അവരപ്പോൾ ദൂതിന് അയക്കുന്നത് അവളെയായിരിക്കും...ദൂതും കൊണ്ട് വരുമ്പോഴായിരിക്കും അടക്കാമൊതുക്കകാരിക്ക് സമാധാനം ആവുക.. അത് വരെ ഇവർ തമ്മിൽ പ്രണയമാണോ എന്നാ സംശയത്തിൽ ഉരുകി ഇരിക്കയായിരിക്കും... അവന്റെ വക ഒരു ഡയലോഗ് ഉണ്ടാകും തത്സമയം... ശ്ശെ അവളെ ആരാ പെൺകുട്ടി ആയി കണ്ടിരിക്കുന്നത് അവള് നമ്മുടെ ആൺകുട്ടി അല്ലെ... ങേ അതെപ്പോ എന്ന് ആലോചിച്ച് നിൽക്കുമ്പോഴും അവൾ വിചാരിക്കും, പോയേറാ ഞാൻ ആരാണെന്ന് ഞാൻ അറിഞ്ഞാൽ പോരെന്ന്... ചിലപ്പോ ചെറിയ സങ്കടം വന്നാലും, അതിൽ ഉറച്ച് നിലക്കാൻ സമയം കിട്ടും മുൻപേ അവൾ പുതിയ എന്തേലും സന്തോഷം കണ്ടെത്തിയിരിക്കും... ക്ലാസ് കട്ട് ചെയ്യാനും പ്രിൻസി യെ കൊണ്ട് വീട്ടിലേക്ക് എഴുത്ത് എഴുതിക്കാനും ഒക്കെ കാരണങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും..  അവിടം അവളാൽ നിറഞ്ഞിരിക്കും ക്ലാസ്സൊക്കെ കഴിയുമ്പോഴേക്കും ഓർമ്മകളുടെ ഒരു കൂമ്പാരം അവൾക്കൊപ്പമുണ്ടാകും... അവളെ ഓർക്കാത്തവർ ആരുമുണ്ടാകില്ല.. അങ്ങനെ കാലം കുറെ കഴിഞ്ഞു വാട്സാപ്പ് കാലഘട്ടത്തിൽ എല്ലാ.നാണികളെയും അവൾ കണ്ടുമുട്ടുമ്പോൾ അവളുമാർ കടുത്ത നിരാശയിൽ ആയിരിക്കും... നാണം കൊണ്ട് തടഞ്ഞു വെക്കപ്പെട്ട അവളുടെ സ്വപ്നങ്ങളെ ചിറക്കുകളെ ചിരികളെ പ്രണയങ്ങളെ ഓർത്ത് വേദനിക്കുന്നത് കാണാം... നീ അന്നും സന്തോഷിച്ചു എന്ന സന്തോഷം കാണാം... അടക്കവും ഒതുക്കവും ഇല്യാത്തവളെന്ന ബ്രാൻഡ് ഓരോ പെൺകുട്ടിക്കും കൊടുക്കുന്ന ഭാഗ്യമാണത്... അത് നേടിയെടുക്കാൻ ഓരോ നിമിഷവും അവൾ പൊരുതുന്നുണ്ട്.... എങ്കിലും ആ വേദനയെക്കാൾ ഒത്തിരി സന്തോഷംഅവൾക്കുണ്ടാകും എന്ന് ഉറപ്പാണ്... ഒരു ഉറക്കെയുള്ള ചിരിയോടെ ഞാൻ

Friday, 2 February 2018

ആർത്തവവിചാരങ്ങൾ


(Photo Courtesy : Churan Zheng)
                          വർഷങ്ങൾക്ക് മുൻപാണ് കുറച്ചു കൊല്ലം ഹോസ്റ്റലിൽ നിൽക്കേണ്ടി വന്നത്. ഇരുനൂറ്റാമ്പതോളം പെൺകുട്ടികൾ പാർക്കുന്ന അവിടെ വെച്ചാണ് നാനാതരം സ്വഭാവമുള്ള ആൾക്കാരുമായി അടുത്തിടപഴകിയിട്ടുള്ളത്. അതിനേക്കാൾ ആർത്തവമെന്ന ബയോളജിക്കൽ സംഗതി എങ്ങനെയൊക്കെ വ്യത്യസ്തമായിരുന്നു എന്ന് കണ്ടതും അപ്പോഴായിരുന്നു. 
ചില ഭാഗ്യവതികൾ ഉണ്ടായിരുന്നു.. ഇളംകാറ്റ് തഴുകും പോലെ ആർത്തവം വന്ന് പോകുന്നതറിയാത്തവർ. വേദനകളോ മറ്റ് പരവേശങ്ങളോ ബാധിക്കാത്തവർ. ചിലരാകട്ടെ വയറുവേദന, നടുവേദന, കയ്യ്-കാൽ കഴപ്പുകൾ, ഛർദ്ദി, തലകറക്കം, മൂഡ് സ്വിംങ്ങ് എന്നിങ്ങനെ നിരന്തര ശല്യക്കാരുമായി പടവെട്ടുന്നത് കാണാം.. രക്തസ്രാവം കൂടുതലായി വിളറി വെളുത്ത് , ഇടക്കിടെ ബാത്റൂമിനകത്തേക്ക് ഓടി ഓടി പോകുന്നവരെ കാണാം... പലപ്പോഴും ആദ്യം പറഞ്ഞ ഭാഗ്യവതികൾക്ക് പരമപുച്ഛമാണ് ഈ പടവെട്ടുകാരോട്. പെണ്ണുങ്ങൾക്ക് മനശക്തിയില്ലെന്നും, സഹനശക്തി ഇല്ലെന്നും ഈ ഭാഗ്യവതികൾ ലേബലൊട്ടിച്ചു കളയും  മാനസികമായി അവരെ നിരന്തര   നാണകേടിലേക്ക് തള്ളിയിടാൻ  അവർക്കാവുന്നത് ചെയ്തിരിക്കും. 
ഇനി വീടുകളിലെ സ്ഥിതിയും വല്യ വ്യത്യസ്ഥമല്ല ,  വേദന ഉള്ള അമ്മയാണെങ്കിലും അടക്കം ഒതുക്കം എന്നാ ലേബലിൽ ആ വേദനകളെ ഒതുക്കി കളയാൻ ഉപദേശിക്കും . ആയവളൊഴിച്ച് ആരും അറിയരുത്. 
ഇതിലും ഭീകരമാണ് വെള്ളമില്ലാ നാട്ടിലെ ആർത്തവ ദിനങ്ങൾ.. മുകളിൽ പറഞ്ഞ ഒന്നിനോടും ഉപമിക്കാൻ വയ്യ. ഓർക്കുമ്പോൾ വയറ്റിൽ ഒരു വേദന ഉരുകാൻ തുടങ്ങും 
വലിയ മണൽ കിഴികൾ സിന്തറ്റിക്ക് തുണിയിൽ കെട്ടിയാണ് അവർ ആർത്തവത്തെ തടയിടുന്നത്. മണലുരഞ്ഞു പഴുത്ത തുടകളിൽ നരകം തീർക്കുന്ന കാലം.. ചില പെൺകുട്ടികൾ ചെറിയ മണൽ കൂനകൾ ഉണ്ടാക്കി അതിനു മുകളിൽ അടയിരിക്കുന്നത് കാണാം.. ചിലരാകട്ടെ കയ്യിൽ കിട്ടിയ പഴംതുണികൾ എല്ലാം കൂട്ടിക്കെട്ടി തിരുകി വെക്കും. ഉപയോഗശൂന്യമായ ചിലവയിൽ ഉള്ള ഹുക്കുകളിൽ നിന്ന് ടെറ്റനസ് അടിച്ച് മരിക്കുന്നവരും ഉണ്ട്.. പെൺജന്മങ്ങൾ തീർന്നു പോകുന്ന ഈ ഇടങ്ങളിലെ ഒരു കണക്കും ആർക്കും ഇല്ല. 
ഇത്രയൊക്കെ പ്രയാസങ്ങൾ ഉണ്ടായാലും ഒന്നും പുറത്ത് പറയാൻ പാടുള്ളതല്ല..ഭാരത സ്ത്രീ തൻ വിശുദ്ധി  ..അശുദ്ധി നേരത്തും കാത്തല്ലേ പറ്റൂ.. ആർത്തവത്തെ അശുദ്ധി എന്ന് ചിന്തിക്കുന്ന നമ്മുടെ നാട്ടിൽ എന്താണാവോ ആർത്തവമില്ലാത്ത പെണ്ണിനെ ആർക്കും ഭാര്യയായി വേണ്ടാത്തത്... 
ഈ എല്ലാ അങ്കവെട്ടലുകൾക്കിടയിലും ഞങ്ങൾ സ്ത്രീകൾ എഴുദിവസവും പ്രവർത്തനനിരതരാണെന്നത് അഭിമാനം തന്നെ എന്നും കൂടി പറഞ്ഞ് നിർത്തട്ടെ...

പെൺ വിചാരങ്ങൾ

 
 ( Photo courtesy : The Mask She Hides Behind Painting by Sara Riches)         
എപ്പോഴും തോന്നാറുണ്ട് ഒരു പുരുഷൻ ഏത് തരമെന്ന് പറയേണ്ടത് അവന്റെ കൂടെ പാർക്കുന്ന സ്ത്രീയാണെന്ന്. ശ്രദ്ധിച്ചിട്ടുണ്ടോ, സ്വന്തം വീടുകളിൽ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാതെ, സമൂഹത്തിലെ പലകാര്യങ്ങളിലും പ്രതികരിച്ച് കൊണ്ട് സുഖമായി ജീവിക്കുന്ന ഒരു പാട് പുരുഷൻമാരെ നമുക്ക് ചുറ്റും കാണാം. അവരാകട്ടെ മറ്റുള്ളവർക്ക് മുൻപിൽ വളരെ സൗമ്യനും, മര്യാദക്കാരനും ആയിരിക്കും. വീട്ടിലാകട്ടെ അവരുടെ കൂടെയുള്ള സ്ത്രീകളുടെ ചോദ്യത്തിന് ഉത്തരമായി അവരെ അടിക്കുന്നവർ ആയിരിക്കും, അവരെ മറ്റുള്ളവർക്ക് മുൻപിൽ വിലകുറച്ചു കാണിക്കുന്നവർ ആയിരിക്കും.. അവരുടെ കൂട്ടുകാരികൾ ആകട്ടെ ഭാരം ചുമക്കുന്ന കഴുതകൾ പോലെ ക്ഷീണിച്ച് അവശരും ആയിരിക്കും, അവർ നിരന്തരം പരാതികൾ പറഞ്ഞു നാക്കിട്ടലച്ചു കൊണ്ടിരിക്കും, വിഷാദത്തിന്റെ തിരമാലകളിൽ ഊയലാടി കൊണ്ടിരിക്കും. അവരെ കേൾക്കാൻ ആർക്കും ഇഷ്ടം തോന്നതെയാകും, കാരണം അവർ പരാതി പറയുന്നത് വളരെ നല്ലതെന്ന് നമ്മുക്ക് തോന്നുന്ന ഒരാൾക്കെതിരെയാണ്. അവനൊപ്പം കൂട്ടുന്നതിന് മുൻപ് അവൾ എങ്ങനെ ആയിരുന്നു എന്ന് അവളടക്കം, ചുറ്റുമുള്ളവർ മറന്നേ പോയിട്ടുണ്ടാകും. അവന്റെ ഇഷ്ടങ്ങൾ, അവന്റെ സന്തോഷങ്ങൾ എന്നിവക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെച്ചും, കഷ്ടപ്പെട്ട, കയ്യിൽ നിന്ന് പോയ കാലങ്ങളുടെ നഷ്ടബോധമാണ് അവൾ ഭ്രാന്തിയെ പോലെ ഉരുവിടുന്നത്..കൂട്ടുകാരില്ലാതെ, അവനു വേണ്ടി വാദിക്കുന്നവരുടെ മുന്പിൽ കൂടിയവളായി തികച്ചും ഒറ്റപ്പെട്ട അവളോട് ഒപ്പം നിൽക്കാനാണ് എനിക്കിഷ്ടം... അവരെ വിശ്വസിക്കാനാണ് എനിക്ക് സാധിക്കു. അവരോടുള്ള ശാരീരികവും മാനസികവുമായ ഹിംസ ചെയ്യുന്ന ഏതൊരുവനും എനിക്ക് ശത്രുവാണ്. അവൻ തനിക്ക് ചുറ്റുമുള്ളവരോട് എങ്ങിനെ എന്നത് തീർത്തും പ്രാധാന്യമില്ലാത്തതാണ് . നമുക്കൊപ്പമുള്ള, നമ്മുക്ക് വേണ്ടി നിലകൊള്ളുന്ന സ്വന്തം സ്ത്രീയെ സന്തോഷിപ്പിക്കാനാവില്ലെങ്കിൽ പുരുഷാ നീ പറയുന്ന ഏത് സമത്വ സുന്ദര അവകാശവാദങ്ങളും വ്യർത്ഥമെല്ലെ? അവളെ ഹിംസിക്കുന്ന നിന്നോളം വെറുക്കപ്പെട്ടതെന്തുണ്ട്?

Sunday, 6 August 2017

ഒരു വട്ടം കൂടിയെൻ....

ആദ്യത്തെ പ്രണയവും ആദ്യത്തെ കോളേജും ലോകത്തിലാരും മറക്കാറില്ലെന്നാണ് തോന്നാറ്‌.സ്ക്കൂളുകളിലെ യൂണിഫോമിന്റെ മുഷിപ്പില്‍ നിന്നും നിറങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ആ പിച്ചവെപ്പ് എങ്ങനെ മറന്ന്‌ കളയും? അച്ചടക്കത്തോടെ പകലൊട്ടുക്ക് ക്ലാസ്സുകളില്‍ ഉറക്കം തൂങ്ങിയിരുന്നവരുടെ ക്ലാസ്സ് കട്ടുകളിലേക്കുള്ള ആഘോഷങ്ങളുടെ വളര്‍ച്ചയാണത്. പലതരം കോളെജുകളുണ്ടെങ്കിലും എന്നെ യൂണിഫോമുള്ള ക്രിസ്റ്റ്യന്‍ മാനേജ്മെന്റ്‌ കോളേജിലയക്കാനായിരുന്നു വീട്ടുകാര്‍ക്ക് താല്പര്യം.എന്നാല്‍ റിസല്‍ട്ട്‌ വന്നതോടെ അതിനൊരു തീരുമാനമായി. അവരുടെ നടക്കാത്ത സ്വപ്നം എനിക്ക് സന്തോഷത്തിനു കാരണമായി, എല്ലാ ഗവണ്‍മ്മെന്റ് മിക്സഡ്‌ കോളെജുകളും എന്റെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറപകിട്ടേകി.

എന്നാല്‍ മാര്‍ക്കിന്റെ ആധിക്യം കാരണം ഒരു വിധപ്പെട്ട എല്ലാ കോളെജുകളും എന്നെ തഴഞ്ഞെന്നറിഞ്ഞപ്പോള്‍ ഞാന്‍ അടുത്തുള്ള ടാഗൊര്‍ ട്യൂട്ടോറിയലില്‍ അഭയം പ്രാപിച്ചു. എന്നെ പോലെ ഇത്രയധികം ആള്‍ക്കാരുണ്ടെന്ന അറിവില്‍ ഇത്തിരി പ്രയാസത്തോടെ ഇതായിരിക്കും എന്റെ ഇടമ്മെന്ന് മനസ്സിലുറപ്പിച്ചു. ആ  ആഗസ്റ്റ്‌ അവസാനത്തിലാണ് സെന്റ് അലോഷ്യസില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ എത്തുന്നത്‌. സന്തോഷത്തിനു പകരം ദേഷ്യമാണ് തോന്നിയത്. എന്നാലമ്മ  വളരെ സന്തോഷത്തിലായിരുന്നു. എല്‍ എഫും വിമലയുമൊന്നുമല്ലേലും ക്രിസ്റ്റ്യന്‍ മാനേജ്മെന്റ് കോളേജാണല്ലോ..മിക്കവാറും യൂണിഫോമും ഉണ്ടാകും എന്നമ്മ പ്രത്യാശിച്ചു. അങ്ങനെയാണെങ്കില്‍ ടാഗോറില്‍ തുടരുന്നതാ ഭേദം എന്ന്‌ ഞാനും ഉറപ്പിച്ചു.

അമ്മയോട് എന്തൊക്കെ പറഞ്ഞിട്ടും അലോഷ്യസിലേക്ക് പോകാന്‍ തന്നെ തീരുമാനമായി. ഒരു മണിക്കൂര്‍ യാത്ര, അതിരാവിലെയുള്ള ഉണരല്‍, ഇതിനോളം ബുദ്ധിമുട്ടെന്തിനുണ്ടെന്നാണ് ഞാനാലോചിച്ചത്‌. ഇത്ര നേരം കാറ്റടിച്ച്‌ എനിക്ക് ജലദോഷം വരും, മനക്കൊടി പാടത്തെ ചീഞ്ഞ മണം കേട്ടാ, ബസിലെ കിളികളെ ഞാന്‍ പ്രേമിച്ചാലൊ എന്നു തുടങ്ങി ഉടക്കു ന്യായങ്ങള്‍ കുറേ പറഞ്ഞിട്ടും അമ്മക്ക് കുലുക്കമില്ല. എല്‍തുരുത്തില്‍ നിന്നും ഓട്ടോയില്‍ കയറി യാത്ര തുടങ്ങിയപ്പോള്‍ ശരിക്കും എന്റെ നിയന്ത്രണം വിട്ടിരുന്നു. അനവധി വളവുകള്‍ തിരിവുകള്‍ ആളനക്കമധികമില്ലാത്ത അവസാനമില്ലാത്ത റോഡ്, എവിടേക്കാ ചേട്ടാ കാട്ടിലേക്കാണോ പോണെ എന്ന്‌ അസഹ്യത മൂത്ത്‌ ചോദിക്കേം ചെയ്തു.


എന്നാല്‍ കോളേജിന്റെ ആദ്യ ഗേറ്റെത്തുന്നതിനു മുന്‍പേ വച്ചു തന്നെ എല്‍തുരുത്തിന്റെ ശാന്തത എന്നിലും പകരാന്‍ തുടങ്ങിയിരുന്നു. റോഡിന്റെ ഇരു സൈഡിലും ഇടതൂര്‍ന്ന വാഴത്തോട്ടങ്ങള്‍, അതിനിടയിലൂടെ നിലാവെട്ടം വീണപോലെ വെയിലടിച്ച്‌  തിളങ്ങുന്ന വെള്ളം നിറഞ്ഞ കോള്‍പ്പാടം, വല്ലാത്ത നിശബ്ദതയും…..ആ നിമിഷം മുതല്‍ ഞാന്‍ അലോഷ്യസിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

അതിവിശാലവും , നിരവധി പടികളുള്ള പള്ളിക്കു മുന്‍പിലാണ് ഓട്ടോ നിന്നത്‌. മുന്‍പ്പിലാകട്ടെ വന്‍പന്‍ പച്ചകുട നിവര്‍ത്തി പിടിച്ച പോലെ ഒരു മദിരാശി മരം.. അതിന്റെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന  വേരുകള്‍ക്കിടയില്‍ നിറങ്ങളുടെ ഉത്സവമെന്നോണം നിരന്നിരിക്കുന്ന കുട്ടികള്‍.ദൂരെ മലകളുടെ നേര്‍ത്ത രേഖ കാണിച്ച്, വെള്ളം നിറഞ്ഞ്‌ വെയിലില്‍ തിളങ്ങി കിടക്കുന്ന കോള്‍ പാടം. മുട്ടുകാലൊപ്പം പൊക്കത്തില്‍ പുല്ലു നിറഞ്ഞ ഗ്രൌണ്ട്, അതിനിടയിലൂടെ നീണ്ടു കിടക്കുന്ന ഒറ്റവരി നടപ്പാത..ഏതൊക്കെയോ റൊമാന്റിക്ക്‌ സിനിമകളില്‍ കണ്ടുമറന്ന അടയാളങ്ങള്‍ എനിക്ക്‌ മുന്‍പില്‍ നിവര്‍ത്തിയിട്ട്‌ അലോഷ്യസ്‌ ചിരിച്ചു.അന്ന്‌ ഒരു സമരദിവസമായിരുന്നു. ഞങ്ങള്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ പ്രിന്‍സിപ്പാളും, സൂപ്രണ്ടും സമരനേതാക്കളും കൂടെ കലശലായ തര്‍ക്കം നടക്കുന്നു. പ്യൂണ്‍ ഹരിക്കുട്ടന്‍ വന്ന് അരമണിക്കൂ‍ര്‍ കഴിഞ്ഞേ അഡ്മിഷന്‍ നടക്കൂ എന്നറിയുച്ചു. എന്നെ കൂടാതെ 5 പേര്‍ കൂടി ഉണ്ടായിരുന്നു അഡ്മിഷന്. ഞങ്ങളെല്ലാരും കൂടെ നേരെ പോയത് കാന്റീനിലേക്കായിരുന്നു.

കോള്‍പ്പാടത്തെ തണുത്ത കാറ്റ്‌ എന്റെ വിടത്തിയിട്ട മുടിക്കുള്ളിലൂടെ ഇക്കിളിയിട്ട് പാഞ്ഞു. കണ്ണത്താദൂരം ആകാശമതിരിട്ട് കിടക്കുന്ന പാടത്തിനിടയില്ലൂടെ ബണ്ട്‌ റോഡുകള്‍ ആകാശത്തേക്കാണോ വഴി കാട്ടുന്നതെന്ന് സംശയിച്ച്, ആലീസ് അത്ഭുത ലോകത്തില്‍ പെട്ട പോലെ ഞാന്‍ കാന്റീന്‍ പുറത്ത്‌ നിന്നു. മനസ്സിലപ്പോള്‍ ഇതാണ് ഇതു മാത്രമാണെന്റെ ഇടമെന്ന്‌ വീണ്ടും വീണ്ടും ഉറപ്പിച്ചു.


ഡിക്സണ് ചേട്ടന്‍ വക ചായയും കുടിച്ച്‌, തിരിച്ച്‌ ഓഫീസിലെത്തിയപ്പോഴാണ് അടുത്ത ഷോക്കുണ്ടായത്‌. അഡ്മിഷനു വേണ്ടി എടുത്ത് വെച്ചിരുന്ന 6 അപേക്ഷാഫോമുകളില്‍ എന്റെ ഫോം മാത്രം കാണാനില്ല, ഹരിയാണെങ്കില്‍ അതെടുത്ത്‌ വെച്ചിരുന്നതാണെന്ന് പറയുന്നുമുണ്ട്.ഇനി അഡ്മിഷന്‍ നടക്കാന്‍ സാധ്യത ഇല്ലെന്ന് സൂപ്രണ്ടിന്റെ മുഖം പരയുന്നുണ്ട്.. എങ്കില്‍ പിന്നെ പോയേക്കാം എന്ന ട്യൂണിലാണമ്മ, അല്ലെങ്കിലും യൂണിഫോമില്ലാത്ത കോളേജിനെന്ത് വില. ഞാനും ഹരിയും കൂടെ മൊത്തം ഫോമുകള്‍ എടുത്ത് പരിശോധിച്ചു, , പക്ഷേ അതിലും അതിനെ കണ്ടു കിട്ടിയില്ല.

ഉള്ളില്‍ നഷ്ടബോധത്തിന്റെ വേദന ഒരു വലിയ കരച്ചിലായി വിങ്ങുന്നുണ്ട്, കണ്ണുനിറയാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഇനി പോകാം എന്നമ്മയോട് പറഞ്ഞു. അപ്പോഴാണ് മാറ്റി വെച്ചിരിക്കുന്ന ആ 5 ഫോമുകളിലൊന്നിനു ഇത്തിരി കനം കൂടുതലില്ലേ എന്ന് അമ്മ സംശയിച്ചത്‌, ഹരി ആ ഫോമെടുത്ത് ഒന്നു കുടഞ്ഞപ്പോള്‍ എന്റെ ഫോം മറ്റൊന്നിനകത്ത്‌ നിന്നു “നിന്നെ പറ്റിച്ചേ“ എന്ന മട്ടില്‍ പുറത്തേക്ക് ചാടി.


അന്ന്‌ മനസ്സ്‌ കൊണ്ട് അവിടെയാടിയ ദപ്പാം കൂത്ത് 2 വര്‍ഷവും തുടര്‍ന്നു. ഏറ്റവും പ്രണയപൂര്‍വ്വം ആ വളവുകളും തിരിവുകളും പൊട്ടിച്ചിരികളോടെ നടന്നു തീര്‍ത്തു. പ്രണയങ്ങളുടെ, സൌഹൃദങ്ങളുടെ, പിണക്കങ്ങളുടെ, സ്വപ്നങ്ങളുടേ, കുറുമ്പുകളുടേ എല്ലാം ആദ്യകാഴ്ച അവിടെ നിന്നായിരുന്നു. ഇടക്കിടെ വെള്ളം നിറയുകയും, പച്ചനിറയുകയും, കായ്കുകയും, കൊയ്തൊഴിഞ്ഞു മരവിച്ച് കിടക്കുകയും ചെയ്തിരുന്ന കോള്‍ പാടം പോലെ തന്നെ വ്യത്യസ്തമായിരുന്നു അലോഷ്യസിലെ പിഡിസി ജീവിതവും. പ്രിയ തുരുത്തിലെ കലാലയമേ നീ തന്നതോളം ഒരിടത്ത്‌ നിന്നും ലഭിച്ചിട്ടില്ല, നിന്നോളമില്ല പിന്നെ വന്ന ഒരു കലാലയവും.