Sunday 29 September 2013

മാഞ്ഞുപോയ സ്നേഹകാഴ്ചയിലേക്ക്…


നാട്ടുകാരും, വീട്ടുകാരും മനസ്സുകൊണ്ടു ഞങ്ങളെ ഉപേക്ഷിച്ച ഒരു നാളിലാണ് ഥാര്‍ മരുഭൂമിയിലേക്ക് ഞങ്ങള്‍ കുടിയേറ്റം നടത്തിയത്‌. എന്നത്തേയും പോലെ ദൈവത്തിന്റെ ഖജനാവില്‍ ഷൈലേന്ദ്രനെന്ന മാര്‍വാടി സ്നേഹത്തിന്റേയും, സൌഹൃദത്തിന്റേയും രൂപത്തില്‍ ഞങ്ങള്‍ക്കു വേണ്ടി ഇവിടെ കാത്തിരിപ്പുണ്ടായിരുന്നു.

ചിരിക്കാന്‍ പോലും മടി കാണിക്കുന്ന, ജാതി ചോദിച്ചതിനു ശേഷം മാത്രം സ്നേഹം കാണിക്കണോ എന്ന്‌ തീരുമാനിക്കുന്ന മാര്‍വാടികള്‍ക്കിടയിലെ വ്യത്യസ്ഥനായിരുന്നു അവന്‍, കറതീര്‍ന്ന സ്നേഹം ആത്മാര്ത്ഥത എന്നതിന്റെ എല്ലാം അര്‍ത്ഥം അവനായിരുന്നു. അവനെനിക്ക്‌ വെറും ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല.മാര്‍വാടിന്റെ ഹൃദയത്തിലേക്ക്‌ തുറന്നുവെച്ച ഒരു വാതിലായിരുന്നു, കാഴ്ചയായിരുന്നു, വാക്കുകളായിരുന്നു, ദ്വിഭാഷിയായിരുന്നു, സംരക്ഷകനായിരുന്നു..
കുറെ അധികം ആണുങ്ങള്‍ക്കൊപ്പം ഒറ്റക്ക്‌ കിലോമീറ്ററുകളോളം നീളുന്ന വിജനമായ മരുഭൂമിയില്‍ അവന്‍ കൂടെയുണ്ടെന്നതിന്റെ അറിവില്‍ കടന്നു ചെല്ലാത്ത ഇടങ്ങളില്ല, കാഴ്ചകളില്ല. മാര്‍വാടിന്റെ വേദനകള്‍ പകര്‍ന്നു നല്‍കിയത്‌ അവനായിരുന്നു, ദളിതരോടും സ്ത്രീകളോടും സമത്വത്തോടെ, ബഹുമാനത്തോടെ പെരുമാറിയിരുന്ന ഒരേ ഒരു മാര്‍വാടിയേ ഞാനിവിടെ ജോലി ചെയ്യുമ്പോള്‍ കണ്ടിട്ടൊള്ളൂ. മാര്‍വാടിലെ കാഴ്ചകളോരോന്നും എനിക്ക്‌ ഷോക്കുകളായിരുന്നെങ്കില്‍ ഇവിട്ത്തുകാര്‍ക്കു, എനിക്കൊപ്പം ജോലി ചെയ്യുന്നവര്‍ക്കും ശീലമായിരുന്നു.പക്ഷെ ഷൈലേന്ദ്രന്‍ അങ്ങനെയായിരുന്നില്ല, അതു തന്നെയായിരുന്നു ഞങ്ങളുടെ സൌഹൃദത്തിനു ആദ്യ കാരണമായി തീര്‍ന്നതും
( എനിക്കൊപ്പം ഓഫീസില്‍))) )
പതിയെ അവന്‍ ഞങ്ങളുടെതായി മാറി. ഓരോ യാത്രയും ആദ്യം മൂന്നുപേരായും, പിന്നെ അവന്റെ ഭാര്യയും കൂടി ചേര്‍ന്ന്‌ നാലായും പരിണമിച്ചു.ഞങ്ങള്‍ കൊടുത്ത കേരളാസാരി ഉടുത്തപ്പോള്‍ അവള്‍ തനി മലയാളി തന്നെയായി മാറി. വൃത്തിയിലും അടുക്കിലും, ചിട്ടയിലും, കൃത്യനിഷ്ഠയിലും ഒരേ പോലുള്ള മാത്യൂസും, ഷൈലെന്ദ്രനും, കൂടെ നേരെ എതിര്‍ദിശയിലുള്ള ഞാനും. സ്നെഹിച്ചും തര്‍ക്കിച്ചും സ്വപ്നം കണ്ടും ഞങ്ങള്‍ മാര്‍വാട്‌ സ്വന്തം നാടാക്കി മാറ്റി.

(മാത്യൂസിനൊപ്പം ഫീല്‍ഡില്‍) )


മാര്‍വാട്‌ കേരളം പോലെ ഹരിത സുന്ദരമാകുന്നതവന്റെ സ്വപ്നമായിരുന്നു, അതിനു വേണ്ടി അവന്റെ ഗ്രാമം നിറയെ മരങ്ങള്‍ വെച്ചു , നനച്ചു വളര്‍ത്തിയിരുന്നു അവന്‍. ഇന്നാട്ടിലെ എല്ലാ മരങ്ങളും ചെടികളും അവയുടെ ഉപയോഗങ്ങളും അവനു കാണാപ്പാഠമായിരുന്നു. അറിയാത്തവ മറ്റുള്ളവരോട്‌ ചോദിച്ചു മനസ്സിലാക്കുന്നതു പോലും മനോഹരമായിരുന്നു.. ഉറുമ്പ്‌ പോകും പോലെയായിരുന്നു അവന്‍ ഗ്രാമങ്ങളില്‍ യാത്ര ചെയ്യാറ്‌. എല്ലാവരെയും വണങ്ങി, സംസാരിച്ച്‌. ഒരു തവണ അവനെ കണ്ടവരും മിണ്ടിയവരും അവനെ സ്നേഹിച്ചു പോകും, അത്രമേല്‍ സ്നേഹിച്ചുകൊണ്ട്‌, ലാഭെച്ഛയില്ലാതെ ഗ്രാമവാസികള്‍ക്ക്‌ അറിവില്ലാത്ത പലസഹായങ്ങളും ചെയ്തു കൊണ്ടായിരുന്നു അവന്‍ കടന്നു പോയ്ക്കൊണ്ടിരുന്നതു..അത്തരം ഉറുമ്പു യാത്രകള്‍ ഞങ്ങളൊന്നിച്ച്‌ എത്രയോ ആസ്വദിച്ചിരിക്കുന്നു.

(കിണറ്റില്‍ വീണ മയിലിനെ രക്ഷിച്ചപ്പോള്‍ )


രണ്ടേ രണ്ടു കാര്യങ്ങള്‍ക്കാണ് അവന്‍ ആരോടെങ്കിലും മുഷിയാറ്‌, ഒന്ന്‌ പറഞ്ഞ വാക്ക്‌ പാലിക്കാതിരുന്നാല്‍, രണ്ട്‌ പറഞ്ഞ സമയത്തിനു വരാതെ അവര്‍ക്കു വേണ്ടി കാത്തുനിര്‍ത്തിയാല്‍. എങ്കിലും ആരോടെങ്കിലും വഴക്കിടുന്നത്‌ 5 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ കണ്ടിട്ടേയില്ല

(ഗ്രാമത്തില്‍ മരം വിതരണവും നടലും )

40 വയസ്സു വരെ ജോലി ചെയ്യാനേ അവനു ഇഷ്ടമുണ്ടായിരുന്നൊള്ളൂ, പിന്നീട്‌ സ്വന്തം ഗ്രാമത്തില്‍ കൃഷി ചെയ്തും, ഗ്രാമം നിറച്ച്‌ മരങ്ങള്‍ നട്ടു നനച്ചും ജീവിക്കണമെന്നായിരുന്നു ആഗ്രഹം. അതറിഞ്ഞപ്പോഴാണ് ഞങ്ങള്‍ ഗ്രീന്‍‌ഹാര്‍മണി എന്ന ഞങ്ങളുടെ സ്ഥാപനത്തെ കുറിച്ച്‌ പറഞ്ഞത്‌. വൈകാതെ പകുതി സമയം അതിന്റെ കാര്യങ്ങള്‍ക്കു കൊടുത്തുകൊണ്ട്‌ ഞങ്ങള്‍ അതു മാര്‍വാടില്‍ തുടങ്ങി വെച്ചു. ആദ്യത്തെ ജോലി നഷ്ടപെട്ടപ്പോള്‍ അവനത്‌ മുഴുവന്‍ സമയവും ജോലിയായി ഏറ്റെടുത്തു. എങ്കിലും നല്ല ശംബളക്കൂടുതലുള്ള പല ജോലിക്കും പോകാന്‍ ഞങ്ങള്‍ അവനോട്‌ പറയുമായിര്‍ന്നു. അപ്പോഴൊക്കെ അവന്‍ പറയും, ഇല്ല്യ മരിക്കും വരെ ഇനി ഗ്രീന്‍ ഹാര്‍മണി ക്കൊപ്പമേ ജോലി ചെയ്യൂ, ഈ ഫ്രീഡവും , സംന്തുഷ്ടിയൊക്കെ പിന്നെ എവിടെന്നു കിട്ടാനാ, എന്ന്‌. അതു സത്യമായിരുന്നു താനും..പരസ്പര വിശ്വാസം വല്ലാത്ത സ്വാതന്ത്യം നല്‍കിയിരുന്നു. പലപ്പോഴും മൂന്നുപെരും ചേരിതിരിഞ്ഞ്‌ തര്‍ക്കിക്കുകയും പിണങ്ങുകയും ചെയ്യുമായിരുന്നു.മാത്യൂസും അവനും പിണങ്ങിയാല്‍ പിറ്റേന്ന്‌ വെളുപ്പിനെ പരസ്പരം അന്വേഷിച്ചിറങ്ങുന്നതു കാണാം. മിക്കവാറും പാതിവഴിയില്‍ പരസ്പരം കണ്ടെത്തി പ്രഭാത ഭക്ഷണം എന്റെടുത്തു നിന്നും കഴിച്ചിട്ടായിരിക്കും മടക്കം. അങ്ങിനെ അവന്‍ ഞങ്ങളുടെ വീട്ടുകാരെയും, ഞങ്ങള്‍ അവന്റെ ആള്‍ക്കാരെയും കൂടി സ്വന്തമാക്കി .
എന്നും ഞങ്ങളുടെ വീട്ടില്‍ വന്നിട്ടേ അവന്‍ പോകാറൊള്ളൂ, ഞങ്ങളുടെ ഏതു കാര്യവും പറയാതെ തന്നെ ഏറ്റെടുത്ത്‌ ചെയ്യുന്നതും പതിവായിരുന്നു. ഇന്നും അവന്‍ അറേഞ്ച്‌ ചെയ്തിട്ട വീടാണു ഞങ്ങളുടേത്‌.

ആ സ്നേഹവും കരുതലുമാണ് ഒരുമിച്ചൊരു പ്ലോട്ടില്‍ വീട്‌ വെക്കാന്‍ തീരുമാനമാക്കിയത്‌, ഞാനും അവന്റെ ഭാര്യയും ആ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തു. ഒരിക്കല്‍ ലോണെടുക്കാനായി ഭാര്യയുടെ പേരില്‍ അവന്റെ പിതൃസ്വത്ത്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു, അതും ജോദ്പൂര്‍ ടൌണിലാണെങ്കിലും അത്ര നല്ല സ്ഥലത്തായിരുന്നില്ല, ആ ഭൂമി വിറ്റ്‌ അതടക്കം രണ്ട്‌ പേരും ചേര്‍ന്ന്‌  പുതിയയതെടുത്ത്‌ പണി തുടങ്ങാം എന്നു തീരുമാനമായി. ആ തീരുമാനമായിരുന്നു തുടര്‍ന്നുണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്‌. അവനറിയാതെ ഭാര്യയും , അവളുടെ അച്ഛനും ചേര്‍ന്ന്‌ അതു കുറേ കാലം മുന്‍പെ വിറ്റിരുന്നു. വീട്ടുകാരോടോ, ഞങ്ങളോടോ അവനത്‌ പറയാതെ അതു തിരിച്ചു പിടിക്കാനുള്ള ശ്രമം ആരംഭിച്ചു. അതു പിന്നീട്‌ വലിയ വഴക്കിലെത്തിയ ശേഷമാണ് ഞങ്ങളെല്ലാവരും ഇക്കാര്യങ്ങള്‍ അറിയുന്നത്‌.ഭാര്യ പിണങ്ങിപ്പോയിട്ടും എന്തുകൊണ്ടെന്നില്ലാത്ത ദേഷ്യത്തോടേ അവനാ സമരം തുടര്‍ന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു അമ്മായിഅച്ഛന്‍ അവനെ വെടി വെച്ചിട്ടത്‌.

(ഗ്രീന്‍ ഹാര്‍മണി ഇക്കോ ബാലസഭക്കൊപ്പം)

ഈ മനോവിഷമങ്ങള്‍ക്കിടയിലും അവന്‍ ഗ്രീന്‍ ഹാര്‍മണിയുടെ ജോലികള്‍ അതീവ ഭംഗിയോടെ നടത്തിയിരുന്നു. വെളിച്ചമില്ലാത്ത പല ഗ്രാമങ്ങളിം സോളാര്‍ലാമ്പുകള്‍ വിതരണം നടത്തി, 300 അധികം പാവപെട്ട സ്ര്തീകള്‍ക്കു നല്ല നിലയിലുള്ള സ്ഥിര വരുമാനം,അമ്പലങ്ങളില്‍ കാവുകള്‍, സ്കൂളുകളില്‍ ഇക്കോബാലസഭകള്‍, ഗ്രാമങ്ങള്‍ നിറയെ മരങ്ങള്‍ അങ്ങിനെ അങ്ങിനെ ഒരു പാട്‌ കാര്യങ്ങള്‍..

(ആദ്യമായി വെളിച്ചം എത്തിയ ഗ്രാമത്തിലെ കുട്ടികളുടെ സന്തോഷക്കാഴ്ച അവന്‍ പകര്‍ത്തിയപ്പോള്‍) )


എന്റെ മകള്‍ ഗ്രീന്‍ ഹാര്‍മണിയുടെ ബാലസഭയുടെ ട്രയിനര്‍ ആകുന്നത്‌ അവന്റെ സ്വപ്നമായിരുന്നു. കുട്ടികളില്ലാത്ത അവന് അവള്‍ സ്വന്തം കുഞ്ഞു തന്നെ ആയിരുന്നു. അവള്‍ക്കൊപ്പം ആനകളിച്ചും, സ്നേഹിച്ചും അവന്‍ ആ കുഞ്ഞു ഹൃദയത്തില്‍ പറ്റിക്കൂടി. ഞങ്ങള്‍ ജയ്പൂരിലെക്ക്‌ മാറിയപ്പോള്‍ അവന്‍ എല്ലാ മാസവും ഞങ്ങളെ കാണാന്‍ വരുമായിരുന്നു. അപ്പോഴെല്ലാം അവള്‍ മതിമറന്നാഹ്ലാദിച്ചു. അവന്‍ തിരിച്ചു പോകുമ്പോള്‍ അവള്‍ വിങ്ങിക്കരഞ്ഞു. അവന്‍ പോയ അന്നു മുതല്‍ പിന്നീടുള്ള വരവ്‌ വരെയും ‘നാളെ എന്റെ ഷൈലെന്ദ്ര മാമാജി വരൂലോ‘ എന്നും പറഞ്ഞവള്‍ കാത്തിരുന്നു. മറ്റുള്ളവര്‍ പറയുന്ന ഹിന്ദി അവള്‍ക്കത്ര എളുപ്പം വഴങ്ങാറില്ല. പക്ഷെ അവന്റെ മാര്‍വാടി കലര്‍ന്ന ഹിന്ദിയോടവള്‍ ഹിന്ദിയില്‍ തന്നെ മറുപടികള്‍ പറഞ്ഞു. അവര്‍ക്കിടയില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പും ഉണ്ടായില്ല. അവളിപ്പൊഴും അവളുടെ മാമനെ കാത്തിരിപ്പാണ്.

(എന്റെ മകള്‍ക്കൊപ്പം )


അവന്‍ വെന്റിലേറ്ററില്‍ കിടന്ന്‌ ജീവനു വേണ്ടി പൊരുതുന്ന സമയത്തെല്ലാം അവന്‍ ഉറക്കത്തില്‍ എന്റെ ഷൈലേന്ദ്രമാമാജി എന്താ എന്നെ കാണാ‍ന്‍ വരാത്തെതെന്നും പറഞ്ഞ്‌ കരഞ്ഞെണീറ്റു കൊണ്ടിരുന്നു. അവളെ ആശ്വസിപ്പിക്കാനാകാതെ ഞങ്ങള്‍ പാടുപെട്ടു. കണ്ണീരടക്കാനാകാതെ എത്ര പരസ്പരം ആശ്വസിപ്പിച്ചിട്ടും സങ്കടം തീരാതെ ഞങ്ങളവന്റെ ജീവന് കാവലായി. വരാമെന്ന്‌ പറഞ്ഞ്‌ പോയതല്ലേ, നമ്മളോട്‌ പറയാതെ അവന്‍ പോകില്ലെന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചു. ,കാത്തിരുന്നു.
എന്നിട്ടും യാത്രയൊന്നും പറയാതെ ഞങ്ങള്‍ക്കിടയില്‍ നിന്നും അവന്‍ പൊടുന്നനെ മാഞ്ഞു പോയി. മരിക്കും വരെ ഗ്രീന്‍ ഹാര്‍മണിയിലേ ജോലി ചെയ്യൂ എന്ന വാക്കും പാലിച്ചു കൊണ്ട്‌
ഞങ്ങളെ കൊണ്ടുപോകാമെന്ന് എന്നും പറഞ്ഞു മോഹിപ്പിച്ചിരുന്ന അവന്റെ ഗ്രാമത്തിലേക്ക്‌ ഞങ്ങള്‍ അവനില്ലാതെ പോയി. വലിയ ഉരുളകളായി എത്തുന്ന ചുകന്ന നിറത്തിലുളള പൊടിക്കാറ്റായിരുന്നു ഞങ്ങളെ സ്വീകരിച്ചത്‌. ഞങ്ങളെ സ്നേഹത്തോടെ സ്വീകരിക്കേണ്ടിരുന്ന ആ വീട്ടുകാര്‍ വലിയ നിലവിളികളോടെ ആയിരുന്നു ഞങ്ങളെ അകത്ത്‌ കയറ്റിയത്‌. ഞാനെടുത്ത അവന്റെ ഒരു ഫോട്ടോ ചില്ലിട്ട്‌ വെച്ചിട്ടുണ്ടായിരുന്നു, അത്‌ കണ്ടെന്റെ മകള്‍ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി.
ഞങ്ങളെ കുറിച്ച്‌ അവര്‍ക്കറിയാത്തായി ഒന്നുമുണ്ടായിരുന്നില്ല. മോളുടെ നല്ല മുടി വെട്ടികളഞ്ഞവളുടെ ചന്തം കുറച്ചതിനു അവളെ ഒരിക്കല്‍ പോലും കാണാത്ത അവന്റെ വലിയമ്മ എന്നെ വഴക്കു പറഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന അവന്റെ അമ്മ എന്റെ കയ്യില്‍ ഒരു പൊതി വെച്ചു തന്നു. നിനക്കിതു വലിയ ഇഷ്ടമാണെന്നു പറയാറുണ്ട്‌. എന്റെ സ്വപ്നമായ മാര്‍വാടി ഫൂല്‍‌വാലി ഡ്രെസ്സ്‌. അല്ലെങ്കിലും ഞങ്ങളുടെ ഏത്‌ ആഗ്രഹമാണ് അവന്‍ നടത്തി തരാതിരുന്നിട്ടുള്ളത്‌.
മാത്യൂസ്‌ പറയുന്നു, ഞങ്ങള്‍ മരിച്ചു കഴിഞ്ഞാല്‍ അവനെ കാണാന്‍ പറ്റുമെന്ന്‌. അവനെ കണ്ടാല്‍ ഞാനെന്തു പറയും… അല്ല നല്ല രണ്ടടി കൊടുത്തിട്ട്‌ ‘നീ ആരോട്‌ ചോദിച്ചിട്ടാണ്, ഞങ്ങളെ ആരെ ഏല്‍പ്പിച്ചിട്ടാണ്, ഈ മരുഭൂമിയില്‍ ഞങ്ങളെ ഇട്ടിട്ട്‌ പോയത്‌ എന്നു ചോദിക്കൂ….