Friday 23 January 2009

നന്നാക്കിയാല്‍ നന്നാവാത്തവര്‍


(മുണ്ടുറുമ്മാല്‍ എന്ന പരമ്പരഗത പണിയ വേഷത്തില് കറപ്പി എന്ന അമ്മൂമ്മ)



തണുത്തു വിറങ്ങലിച്ച പ്രഭാതങ്ങള്‍ ...

പൊള്ളുന്ന വെയിലുള്ള പകലുകള്‍ ...

അന്തിയാകാന്‍ തുടങ്ങുമ്പോഴേക്കും മഞ്ഞിറങ്ങുന്ന താഴ്വാരങ്ങള്‍ ...

എത്ര മനോഹരമെന്നോ ഈ വയനാട് ..ഇവിടെയാണ്‌ പുതിയ ജോലിയെന്നറിഞ്ഞു ഒരു പാടു സന്തോഷത്തോടെയാണ് ഞാനും ഓടി വന്നത്..മാത്രമല്ല പഠന വിഷയം അതിലും സന്തോഷം തരുന്നതായിരുന്നു, അധികാര വികേന്ദ്രീകരണം പ്രാന്തവല്‍ക്കരിക്കപെട്ട (MARGINALISED) ജനവിഭാഗങ്ങളെ എത്ര മാത്രം ശാക്തീകരിച്ചു എന്നതിനെ കുറിച്ചും.വയനാട്ടിലെ പ്രാന്തവല്‍ക്കരിക്കപെട്ട ജനങ്ങളെ കുറിച്ചാകുമ്പോള്‍ പണിയ ആദിവാസി വിഭാഗത്തെ ഒഴിവാക്കാനാകില്ല. പഠനത്തിന്റെ ഭാഗമായി പണിയക്കോളനികളിലേക്കുള്ള യാത്രകളും ഇപ്പോള്‍ സ്ഥിരമാണ്.

പണിയ കോളനികള്‍ സാധാരണയായി കുന്നിന്‍ ചെരിവുകളിലോ, പാടശേഖരങ്ങള്‍ക്കപ്പുറത്തായോ ഉള്‍പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യാറ്. മിക്കവാറും കല്ലിട്ട് പാകിയ ഒറ്റവരി റോഡോ, മണ്‍‌റോഡോ, അല്ലെങ്കില്‍ ഒരു പാടവരമ്പോ ആയിരിക്കും നമ്മെ കോളനികളിലേക്ക് നയിക്കുക. എന്തു തന്നെ ആയാലും മിക്കവാറും കോളനികള്‍ പ്രധാന റോഡുകളില്‍ നിന്നും കിലോമീറ്ററകളോളം അകലെയാണ്.വൃത്തിഹീനമായ പണിയ കോളനികളും, അവിടെ സ്കൂളില്‍ പോകാതെ അഴുക്കിന്‍കഷ്ണങ്ങളായി നടക്കുന്ന കുട്ടികളും സ്ഥിരം കാഴ്ചയാണ്.
കോളനികളിലേക്കുള്ള വഴി ചോദിച്ചു ചോദിച്ച് പോകുമ്പോള്‍ വിസ്‌തൃതമായ സ്വന്തം ഭൂമിയില്‍ നെഞ്ചും വിരിച്ച് നിന്നു പണി എടുക്കുന്നതും, എടുപ്പിക്കുന്നതുമായ ബുദ്ധിയുള്ളവരെ ഞങ്ങള്‍ കാണാറുണ്ട്.

...നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ..അവരു നന്നാവില്ല, ഞാനെത്ര ശ്രമിച്ചതാ അവരെ നന്നാക്കാന്‍. അവര്‍ക്കു ബുദ്ധിയില്ലന്നേ...കുടിക്കണം, മുറുക്കണം അത്ര തന്നെ..അതിനുള്ള തലയെ അവര്‍ക്കു ദൈവം കൊടുത്തുള്ളൂ..

എന്ന് സ്ഥിരമായി അവര്‍ ഉപദേശിക്കുകയും ചെയ്തുപോന്നു.ഈ ഡയലോഗ് പറയുന്നവരെ ആദ്യം ശ്രദ്ധിക്കാതെ ഒരു അലസമായ ചിരിയോടെ കടന്ന് പോകുമായിരുന്നു.പിന്നീട് പണിയരുടെ ചരിത്രം അറിഞ്ഞതൊടെ ഈ ബുദ്ധിമാന്മാരോട് സൌഹൃദ സംഭാഷണത്തിനു മുന്‍‌കൈയ്യെടുത്തു. ഈ വ്യക്തികളില്‍ അധികവും(ഇതില്‍ തിരഞ്ഞെടുക്കപെട്ട ജനപ്രധിനിധികളും ഉണ്ടായിരുന്നു) നായര്‍, ക്രിസ്ത്യന്‍, ഗൌഡര്‍ വിഭാഗത്തില്‍ പെടുന്നവരായിരുന്നു...അതായതു പണ്ട്പണിയരെ അടിമകളെ പോലെ പണിയെടുപ്പിച്ചിരുന്ന ഭൂവുടമകളുടെ ഇപ്പോഴത്തെ തലമുറ. മാത്രമോ നാട്ടില്‍ പണി കുറഞ്ഞ് കഷ്ടപാടിലായ പണിയരെ മലയാളികളായ ഭൂവുടമകള്‍ ഇന്നും കുടകിലും കൊണ്ട് പോയി പണി എടുപ്പിക്കുന്നുണ്ട്.. രാവിലെ ഏഴുമണിക്കു പണിക്കിറങ്ങും, അന്തിയാവോളം നീളുന്ന പണിക്കിടയില്‍ വിലകുറഞ്ഞ മദ്യം നല്‍കി പറ്റാവുന്ന അത്ര പണിയിപ്പിക്കും..ആ മദ്യത്തിന്റെ രൂപ അവരുടെ തന്നെ തുച്ചമായ കൂലിയില്‍ നിന്നു കുറക്കുകയും ചെയ്യും. അടിമത്തത്തിന്റെ മോഡേണ്‍ രൂപം...


ചരിത്രം പറയാന്‍ ഞാനാളല്ല..എങ്കിലും ഇത്രയും ദിവസത്തെ പരിചയം കൊണ്ട് എനിക്കിത്രയെങ്കിലും പറയാതിരിക്കാനാകില്ല. നന്നാക്കിയാല്‍ നന്നാവാത്തവര്‍ എന്ന പേരുള്ള ഈ വിഭാഗം പണ്ടുള്ള ഭൂവുടമകളുടെ അടിമകളായിരുന്നു, ഈ അടിമ വിഭാഗത്തിനു അവരെ ഭരിക്കുകയും അടിമകളാക്കുകയും ചെയ്തിരുന്നവര്‍ എത്ര മാത്രം അവസരങ്ങള്‍ കൊടുത്തിരിക്കും..അടച്ചിട്ട മുറിയില്‍ വളര്‍ത്തിയ ഒരു കുട്ടിക്കെത്ര ബുദ്ധിയുണ്ടായിട്ടും കാര്യമുണ്ടാകുമൊ? ഈ ഉപദേശികള്‍ പറയുന്നത് കുറിച്ച്യ വിഭാഗത്തിന്റെ വളര്‍ച്ചയെ കുറിച്ചാണ്.. ശരിയാണ് കുറെ അധികം ഗവണ്മെന്റ് ഉദ്യോഗസ്ഥരും, ഉന്നത വിദ്യഭ്യാസം ലഭിച്ചവരും അവര്‍ക്കിടയില്‍ കാണാം..അത് അവരുടെ ബുദ്ധികൂടുതല്‍ കൊണ്ട് മാത്രമാണോ... എന്റെ തോന്നല്‍ ചരിത്രപരമായി അവര്‍ക്കു വികസനത്തിലേക്കുള്ള ഒരു പാത ഉണ്ടായിട്ടുണ്ട്. പഴശ്ശിരാജയുടെ ഒളിയുദ്ധവും, അതിനോടനുബന്ധിച്ച് മുഖ്യധാരാ സമൂഹത്തില്‍ അവര്‍ക്കു ലഭിച്ച അവസരങ്ങളും അനവധിയായിരിക്കാം.. എന്നാല്‍ ചരിത്രത്തിന്റെ ഇടനാഴിയിലൊരിടത്തും പണിയരുടെ അടിമത്തതിനു ഒഴിവുണ്ടായിട്ടില്ല. 60 വര്‍ഷം മുന്‍പു വരെ അവര്‍ അടിമകളെ പോലെ മറ്റുള്ളവരുടെ തോട്ടത്തില്‍ പണി എടുക്കുകയായിരുന്നു.(80 വര്‍ഷം മുന്‍പു വരെയുള്ള ചരിത്രമേ എനിക്കറിയു, അതും പണിയ വിഭാഗത്തിലെ മുതിര്‍ന്നവര്‍ പറഞ്ഞു തന്നതും) ചെമ്പന്‍ എന്ന 71 വയ്യസ്സുകാരന്‍ അന്നത്തെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിച്ചു. ‘ കാളകള്‍ക്ക് പോലും അന്നു വിശ്രമം ഉണ്ടായിരുന്നു, പക്ഷെ പണിയനു അതു പൊലും ഉണ്ടായിരുന്നില്ല’.


നമ്മള്‍ , വികസനത്തിന്റെ തലതൊട്ടപ്പന്മാര്‍ മലയാളത്തിലാണ് അവരെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമിച്ചത്, പണിയരാകട്ടെ സംസാരിക്കുന്നത് അവന്റെ സ്വന്തം ഭാഷയിലും... വികസനത്തിലേക്കുള്ള ആദ്യപാത നാം ഭാഷയിലൂടെ അടച്ച് കളഞ്ഞിരുന്നു.വിദ്യഭ്യാസമില്ലാത്ത മലയാളി തമിഴ് നാട്ടില്‍ ചെന്ന് തമിഴ് പഠിക്കും പോലെ പണിയര്‍ കാര്യം പഠിക്കാന്‍ കാലമെടുത്തു, അപ്പൊഴേക്കും നമ്മള്‍ ഇന്റെര്‍നെറ്റ് യുഗത്തിലെത്തി. ഒപ്പമെത്താന്‍ അവരോടി കിതക്കുമ്പോള്‍ നമ്മള്‍ പരിഹസിച്ച് ചിരിചുകൊണ്ടെയിരിക്കുകയാണ്.