Friday 23 September 2011

Friday 16 September 2011

മഴയോര്‍മ്മകള്‍‌

മഴക്കാലത്തെ ഓര്‍മ്മകള്‍ മഴ പോലെ മനോഹരങ്ങളാണ്, എന്നാലോ കോര്‍ത്തിണക്കാന്‍ പ്രയാസമുള്ളത്രയും അനവധിയുമാണ്.എങ്കിലും പറയാതെ പോകാനാകാത്ത ഓര്‍മ്മകളില്‍ ചിലതാണിത്. ഞങ്ങള്‍ തീരദേശവാസികള്‍ക്ക് മഴക്കാലമെന്നാല്‍ കടലിന്റെ മുഴക്കമാര്‍ന്ന ഇരമ്പങ്ങളില്‍ കാതോര്‍ത്ത് കിടന്നുറങ്ങുന്ന രാത്രികളാണ്.. അന്ന് ഞങ്ങളുടെ വീട് ഒരു ചെറിയ കുന്നിന്‍ പുറത്തായിരുന്നു, പെയ്യുന്ന മഴയെ മുഴുവനോടെ വിഴുങ്ങുന്ന ആ കുന്നിറങ്ങിയാല്‍ കാണുന്ന ആദ്യത്തെ വീട്ടുപറമ്പിലാകട്ടെ നിറച്ചും കുഞ്ഞുമീനുകള്‍ ഓടികളിക്കുന്ന അത്രയും വെള്ളം നിറയും മൂന്നാം മഴക്ക് തന്നെ . തോര്‍ത്ത് മുണ്ടുകള്‍ വിരിച്ച് പിടിച്ച് ഞങ്ങള്‍ കുട്ടിപട്ടാളങ്ങള്‍ ആ മീനുകള്‍ക്ക് പുറകെ പായും, അന്നൊക്കെ അസൂയയോടെ ഓര്‍ക്കും, ഇത്രയും മീനോടി കളിക്കുന്ന പറമ്പുള്ള അവരെത്ര ഭാഗ്യവാന്മാരണെന്ന്!
മഴയോര്‍മ്മയില്‍ മുഖ്യം സ്കൂളിലേക്കുള്ള പത്ത് മിനുട്ട് നീണ്ട നാട്ട് വഴി നടത്തം തന്നെയാണ്. ഉണങ്ങാന്‍ മടിക്കുന്ന നീണ്ട ശീലക്കുടകള്‍ ചൂടി, പത്തോളം ചെറുതോടുകള്‍ കടന്ന്, അവയില്‍ പൊടുന്നനെ മുളച്ച് പൊങ്ങിയ അല്ലിച്ചെടികളെയും, ആമ്പല്‍ പൂക്കളെയും കണ്ട് അത്ഭുതപ്പെട്ട്, വെള്ളം കാലുകൊണ്ടടിച്ച് ‘ഠോ’ ന്ന് ശബ്ദമുണ്ടാക്കി…അങ്ങനെ നനഞ്ഞീറനായാകും ക്ലാസ്സിലെത്തുക.


അക്കാലത്ത് സ്കൂളില്‍ നാലോ അഞ്ചോ കുട്ടികള്‍ക്ക് പൂക്കള്‍ നിറഞ്ഞ കളര്‍ കുടകള്‍ ഉണ്ടായിരുന്നു, ഗള്‍ഫുകാരുടെ മക്കളായിരുന്നു അവരില്‍ മിക്കവാ‍റു പേരും. അന്നത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു അത്തരമൊരു കളര്‍ കുട സ്വന്തമാക്കുക എന്നത്.

മഴക്കുറുമ്പുകളുടെ അകമ്പടിയായി ഒരു പനിയും ഉറപ്പായിരുന്നു, ചുക്കു കാപ്പിയുടെ എരിവില്‍ കട്ടിപുതപ്പിനുള്ളില്‍ പനിച്ചു കിടന്നുള്ള ഉറക്കവും എന്ത് സുഖമായിരുന്നു.

എട്ടാം ക്ലാസ്സിലെത്തിയപ്പോള്‍  നീളന്‍ ശീലകുടകള്‍ക്ക് പകരം മടക്കു കുടകള്‍ വന്നെങ്കിലും, കളറ് കുടയെന്ന മോഹം ബാക്കി നിന്നു. കുട കൊണ്ട് കുത്ത് കൂടി കളിക്കുക എന്ന മഴക്കാലവിനോദത്തിനു നീളന്‍ കുടകള്‍ തന്നെയായിരുന്നു നന്നെന്ന് പിന്നീട് ഓര്‍ക്കാറുണ്ടായിരുന്നു



ഏതൊരു മഴക്കാലവും വരാന്‍ പോകുന്ന ചാകരക്കാലത്തിന്റെ ഉത്സവപ്രതീക്ഷയോടെയാണ് ഓരോ തീരദേശവാസികളും എതിരേല്‍ക്കാറ്. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്റെ മുന്‍പിലിരുന്ന് ഓരോ വീട്ടിലും സ്ത്രീകള്‍ പാതിരയാവോളം ബീഡിതെരുക്കുന്നുണ്ടാകും, അതായത് കടലില്‍ പോയ അവരുടെ പുരുഷന്മാര്‍ തിരിച്ചുവരുവോളം.



അവര്‍ വന്നു കഴിഞ്ഞാല്‍ കൊണ്ട് വരുന്ന മീന്‍ മുറിക്കലും, അയല്‌വക്കക്കാര്‍ക്ക് കൊടുക്കലും, ഉറക്കെ വര്‍ത്തമാ‍നം പറഞ്ഞിരുന്ന് മീന്‍ കറിവെക്കലും പതിവായിരുന്നു. എന്നും വെളുപ്പിനേ കനത്ത മഴയിലും, കടലില്‍ പോകാന്‍ ബീഡിയും പുകച്ച് ആവേശഭരിതരായി ഇറങ്ങുന്ന പുരുഷന്മാരെ ഇന്നും അത്ഭുതത്തോടെയേ ഓര്‍ക്കാനാകു.
അത്തരമൊരു കനത്ത മഴക്കാലത്ത് തന്നെയായിരുന്നു മഴയേക്കാള്‍ ശക്തിയായി കരയുന്ന അമ്മയെ കണ്ടത്. ആ പെരുമഴക്കാലത്ത് അച്ചമ്മ ഞങ്ങളെ വീ 
ട്ടില്‍ നിന്ന് പുറത്താക്കിയ ദിവസമായിരുന്നു അന്ന്. ഞങ്ങളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ അമ്മക്ക് ശക്തി തിരികെ വന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു, ഞാനും മൂത്ത അനിയനും വലിയ മരങ്ങളില്‍ വലിഞ്ഞ് കയറി കമ്പുകള്‍ വെട്ടിയിട്ടു, ചെറിയ അനിയനും അമ്മയും അവ വൃത്തിയാക്കി. രാത്രി കുറേ ഏറിയപ്പോഴേക്കും പറമ്പിന്റെ കിഴക്കെ അറ്റത്ത് ഒരു കുടിലിന്റെ പ
കുതി ഭംഗിയോടെ പണി തീര്‍ത്തു. മറുകുതി ക്ഷീണവും വിശപ്പും കൊണ്ട് മടുത്ത ഞങ്ങള്‍ ഒപ്പിച്ചും വെച്ചു. ആ പകുതി എല്ലാ മഴക്കും ചോര്‍ന്നൊലിച്ച് ഞങ്ങള്‍ കിടന്നുറങ്ങുന്ന നല്ല പകുതിയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ അമ്മ കുടിലിനകത്ത് ഒരു ചാലു വെട്ടി വെള്ളം തെങ്ങിന്‍ തടത്തിലേക്ക് തിരിച്ച് വിട്ടു. ആ മഴക്കാലമത്രയും ഉറക്കം പിടിക്കുമ്പോഴും, ഉണരുമ്പോഴും ആ ചാലിലെ വെള്ളമൊഴുക്കായിരുന്നു
കണി.



കാലമെന്നെ എല്‍ത്തുരുത്തിലെത്തിച്ചു, പ്രീഡിഗ്രി പഠനത്തിനു..അവിടത്തെ  മഴ സ്വപ്നതുല്യമായിരുന്നു.പുല്ലു പിടിച്ച് കിടക്കുന്ന ഗ്രൌണ്ടിലും , ആകാശം  അതിരിടുന്ന കോള്‍വയലില്‍  പെയ്യുന്ന കൌമാരത്തിലെ  സ്വപ്നങ്ങള്‍ പോലെ മനോഹരമായ മഴ. അന്ന് മൂന്നു മടക്കുള്ള കുടകള്‍ക്കായിരുന്നു പ്രിയം, പൂക്കളുള്ള കുടകളോടുള്ള കമ്പം  എവിടെയോ അലിഞ്ഞുപോയിരുന്നു.

എന്നാല്‍ വിമലയിലെ ഹോസ്റ്റലിന്റെ നടുമുറ്റത്തെ  മഴ സങ്കടങ്ങളുടേതായിരുന്നു. കന്യാസ്ത്രീകളുടെ കനത്തനോട്ടത്തിന്‍ കീഴില്‍ ക്രിമിനലുകളായി കഴിഞ്ഞിരുന്ന മഴക്കാലങ്ങള്‍ . കുട്ടികളില്‍ ചിലര്‍ മഴ വരുമ്പോള്‍ കരയുന്നത് കാണാമായിരുന്നു. ഹോസ്റ്റലില്‍ നിന്നും കാലെടുത്ത് വെച്ചാലെത്തുന്ന കോളേജിലേക്കെന്ത് കുട. അങ്ങിനെ മൂന്നു വര്‍ഷം മഴ
ക്കൊള്ളാകുട്ടിയായി കഴിഞ്ഞിട്ട് ലോകോളേജിലെത്തി ആദ്യമഴയില്‍ നനഞ്ഞീറനായപ്പോള്‍ മഴയോട് അരിശപെട്ടതും മറ്റൊരോര്‍മ്മയാണ്.

ചോര്‍ന്നൊലിക്കുന്ന ക്ലാസ്സ് മുറികളില്‍ കുടപിടിച്ചിരുന്ന ക്ലാസ്സുകള്‍…അതായിരുന്നു ലോകോളേജിലെ ക്ലാസ്സുകള്‍. ഓടുകള്‍ക്കിടയിലൂടെ അതിഥിയായെത്തിയ മഴത്തുള്ളികളെ തൊട്ട് ഡെസ്ക്കുകളില്‍ കുട്ടികളെല്ലാവരും പടം വരച്ചുതുടങ്ങിയപ്പോള്‍ ടീച്ചര്‍മ്മാര്‍ അവധി തന്ന ഒരു ദിനം,  അന്നായിരുന്നു കൃഷ്ണവര്‍ണ്ണമുള്ള ചുരുളന്‍ മുടിക്കാരന്‍ മഴയെ പേടിച്ച് ഓടിക്കയറി മുന്‍പിലെത്തിയത്. വേണ്ട വെറുതെയൊരു പുലിവാല്‍ എന്ന് കരുതി, പ്രണയം മനസ്സിലൊളിപ്പിച്ച് അയാളെ അകറ്റി നിര്‍ത്തിയതും ആ മഴക്കാലത്ത് തന്നെ ആയിരുന്നു.

ഒരു ജോലിക്കാരിയുടെ ഉത്തരവാദിത്തങ്ങളിലേക്ക്‌ മഴ വഴങ്ങി തന്നത് വളരെ പെട്ടെന്ന് തന്നെയായിരുന്നു. അങ്ങനെ ആദിവാസി ഊരുകള്‍ തോറും കറങ്ങി നടന്ന് കൊണ്ട പനിവരാ മഴകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇടുക്കിയിലെ ഇടമലക്കുടിയെന്ന മുതുവാന്‍ കോളനിയിലേക്ക് പുറപ്പെട്ട് ഇടമലയാറിന്റെ തുടക്കത്തിലെവിടെയോ വഴിതെറ്റി ഒരു ഗുഹയില്‍ ഇരുന്നനുഭവിച്ച ഒരു രാത്രി മഴയാണതില്‍ ഏറ്റവും മനോഹരം. 

ചുറ്റും വര്‍ണ്ണപ്രപഞ്ചം വിരിഞ്ഞെന്നോണം ഇറങ്ങിവരുന്ന വിവിധവര്‍ണ്ണത്തിലുള്ള വലിപ്പമേറിയ ഒച്ചുകള്‍‌, നോക്കിയിരിക്കുമ്പോള്‍ ഗുഹക്കടിയിലെ വെള്ളാരംക്കല്ലുകള്‍ ഇളകി വരുന്ന ആയിരക്കണക്കിനു കുഞ്ഞുറവകള്‍‌, ആടിയുലയുന്ന മ
രങ്ങളുടെ നിലവിളികള്‍…ആ ഇരിപ്പില്‍ ഉറങ്ങിപ്പോയി ഉണരുമ്പോള്‍ തണുത്ത ശാന്തത ചുറ്റും.
കാലം  വെള്ളത്തിന്റെ നാട്ടിലേക്കെന്നെ ഒഴുക്കിയപ്പോള്‍ പമ്പയിലും മണിമലയാറ്റിലും പെയ്യുന്ന മഴകള്‍ കണ്ടു. 
എങ്കി ലും എടത്വാ പാലത്തിന്റെ കൈവരിയില്‍ കൈകള്‍ രണ്ടും വിരിച്ച് പിടിച്ച് മഴകൊണ്ടതും, എന്റെ  പാര്‍ട്ട്ണര്‍  ഓടിവന്ന് കുടചൂടി തന്നതിനും പമ്പ മാത്രം സാക്ഷിയായിരുന്നു. അന്ന് ചൂടി തന്നത് ജീവിതമെന്ന പ്രണയാര്‍ദ്രമായ കുട തന്നെയായി മാറി എന്നത് മഴ സാക്ഷിയായ മറ്റൊരു സത്യമായിരുന്നു.  

തണുത്തു വിറപ്പിച്ച്, പല്ലുകള്‍ കൂട്ടിയിടിപ്പിച്ച്, പിശറന്‍ കാറ്റോട് കൂടി പെയ്ത മാഞ്ചെസ്റ്റര്‍ മഴയെ ഭീതിയോടെയേ ഓര്‍ക്കാനാകൂ, അന്ന് എന്നെയും ഉപേക്ഷിച്ച് ഒടിഞ്ഞ് മടങ്ങി പറന്നകന്ന മൂന്നുമടക്കി കുടയെ ദേഷ്യത്തോടെയെ ഓര്‍ക്കാനാകു.പിന്നീട് സ്നേഹപൂര്‍വ്വം നനഞ്ഞ ആഫ്രിക്കയിലെ കനോപ്പി മഴയാണ് ആ മഴ ദേഷ്യത്തെ തണുപ്പിച്ചെടുത്തത്.

വേനലില്‍ പെയ്യുന്ന വയനാടന്‍ മഴയുടെ തണുപ്പ് വേനലിനെ വല്ലാതെ  സുന്ദരമാക്കുന്നതാണ്,അത്തരമൊരു മഴയുള്ള വേനല്‍ക്കാലത്താണ് വയനാട്ടിലെത്തുന്നത്. ആ തണുപ്പില്‍ പുതച്ച് മൂടി ഉറങ്ങാറുള്ള നാലു മണി ഉറക്കത്തോളം മനോഹരമായ ഉറക്കമില്ല തന്നെ.

അവിടെ നിന്നും താര്‍ മരുഭൂമിയില്‍ എത്തിയപ്പോഴാണ് കേരളത്തിലെ ചാറ്റല്‍ മഴയെ ‘തണ്ട ര്‍സ്റ്റോം’ എന്നു വിശേഷിപ്പിക്കുന്ന ജനതയെ കണ്ടത്. 
നമ്മുടെ മഴയെ സ്നേഹത്തോടെ ഓര്‍ത്ത് കൊണ്ട് തിരിച്ചെത്തിയ ജൂണ്‌മാസമഴയില്‍ എന്റെ മകള്‍ എട്ടാം മാസത്തില്‍ വയറ്റിനുള്ളില്‍ തുള്ളി കളിച്ചു, അവള്‍ക്കും മഴ ഇഷ്ടമായിരിക്കുന്നു.


ഈമഴക്ക് ഞാനൊരു കളറുകുട സ്വന്തമാക്കി, അതും ചൂടി ഞാനും എന്റ മകളും പുറത്തിറങ്ങിയ കനത്തമഴ ദിവസം.. അവള്‍ പൊടുന്നനെ കുഞ്ഞികൈകളില്‍ പുറത്തിട്ട് മഴയെ കോരിയെടുത്ത് പൊട്ടിച്ചിരിച്ചു.. കൂടെ കണ്‍നിറയുവോളം, മഴനിറവോടെ ഞാനും ചിരിച്ചു

Tuesday 4 January 2011