Friday 22 February 2008

അമ്മ

തിരുമംഗലം അമ്പലം പേരുകേട്ട ശിവന്റെ അമ്പലമാണ് ..ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പോയിരിക്കുന്ന സ്ഥലമാണ്‌.അന്നും പതിവു പോലെ ഞങ്ങള്‍ അമ്മയും മക്കളും, അമ്മയുടെ അനിയത്തിയും കൂടെ പോയി.തൊഴുതു വലം വെക്കുമ്പോൾ അമ്പലത്തില്‍ ഇടാന്‍ തന്ന അമ്പത് പൈസ ഞങ്ങള്‍ സ്വന്തമാക്കി. അമ്മയെ പറ്റിച്ച സന്തോഷത്തേക്കാള്‍ നാളെ മോഹനേട്ടന്റെ കടയില്‍ നിന്നും ഞങ്ങള്‍ മേടിക്കാന്‍ പോകുന്ന മിഠായിയുടെ മധുരം ആയിരുന്നു മനസ്സില്‍ . വാടാനപ്പള്ളിയില്‍ തിരിച്ചു ബസ്സ് ഇറങ്ങിയപ്പോള്‍ അമ്മയുടെ കയ്യില്‍ അച്ഛന്‍ തിട്ടപെടുത്തി കൊടുത്ത പൈസ തീര്‍ന്നിരുന്നു.അതറിയാമായിരുന്ന ചിറ്റ (അമ്മയുടെ അനിയത്തി )പരിഹാസച്ചിരി ഒളിപ്പിച്ച് ,മൊഞ്ചന്റെ കടയില്‍ നിന്നും സാമാനങ്ങള്‍ വാങ്ങിച്ചു.ഞങ്ങള്‍ അതും നോക്കി അസൂയയോടെ കടത്തിണ്ണയില്‍ ഇരുന്നു. വീട്ടിലേക്ക് നടക്കും വഴി വാടാനപ്പള്ളി മീഞ്ചന്തയുടെ അടുത്തെത്തിയപ്പോള്‍ പുറകില്‍ അമ്മയില്ല.കടത്തിണ്ണയില്‍ കിടക്കുന്ന ഒരു ഭിക്ഷക്കാരിയോടു അലിവോടെ എന്തോ ചോദിക്കുകയാണ് അമ്മ ,അത് കണ്ടു ചിറ്റ ദേഷ്യപെട്ടു മുന്‍പോട്ടു നടന്നു പോയി.ഞങ്ങള്‍ എന്ത് ചെയ്യണം എന്ന് ഒരു നിമിഷം സംശയിച്ചു നിന്നു,പിന്നെ ഓടി അമ്മയുടെ അരികിലേക്ക് പോയി. അമ്മ ഞങ്ങളെ കണ്ടതും ഒളിപ്പിച്ചു വച്ച അമ്പത് പൈസകള്‍ വാങ്ങിച്ചെടുത്തു.അമ്മമാരുടെ കണ്ണുകളെ പറ്റിക്കാന്‍ എന്ത് പ്രയാസമാണ് എന്ന് ഞങ്ങള്‍ മനസ്സില്‍ ഓര്‍ത്തു.വാടിയ മുഖവുമായി നിന്ന ഞങ്ങളോട് അമ്മ വിശദീകരിച്ചു ''അവര്‍ക്ക് വയ്യാഞ്ഞിട്ടല്ലേ മക്കളെ ...കുറച്ചു വെള്ളം വാങ്ങിച്ചു കൊടുക്കാനല്ലെ?'' മിഠായിയുടെ മധുരം മനസ്സില്‍ സങ്കടകടല്‍ ഉണ്ടാക്കുകയാണ് ....ചെറിയ അനിയന്‍ പൈസക്ക് വേണ്ടി കരയാന്‍ തുടങ്ങി ,അവനെ ആശ്വസിപ്പിച്ചു കൊണ്ടു അമ്മ അടുത്തുള്ള സര്‍ബത് കടയിലേക്ക്‌ നടന്നു. കടക്കാരന്‍ ചേട്ടന്‍ ഒരു രൂപ ഇരുപത്തി അഞ്ചു പൈസക്ക്‌ സര്‍ബത് ഉണ്ടാക്കി തന്നു.കൂട്ടത്തില്‍ അമ്മയോട് ചോദിച്ചു ''എന്തിനാടി ശാന്തേ അവന്റെ ഖജനാവ് തട്ടി പറിച്ചത്'' എന്നും

അനിയന്‍ കരച്ചില്‍ നിര്‍ത്തിയിരുന്നില്ല. അമ്മ ആ ചേട്ടനോട് പറഞ്ഞു '' ചേട്ടാ എന്റെ മക്കള്‍ക്ക്‌ വേണ്ടി ദൈവത്തിന്റെ ഖജനാവില്‍ എന്തൊക്കെ കരുതീട്ടുണ്ടാകും, അത് കൊണ്ടു ഈ കുട്ടി ഖജനാവ് ഇന്നു ആ സ്ത്രീ ക്ക് ഇരിക്കട്ടെ '' അനിയന്‍ കരച്ചില്‍ നിര്‍ത്തി , ദൈവത്തിന്റെ ഖജനാവില്‍ നിറച്ചും മിഠായി ഉണ്ടാകുമോ എന്ന് എന്നോട് ചോദിക്കാന്‍ തുടങ്ങി.ഞാന്‍ ആകട്ടെ കാണാത്ത ദൈവത്തിന്റെ കേള്‍ക്കാത്ത ഖജനാവിലെ മിഠായിയെ കുറിച്ചു വിശദീകരിച്ചു. അമ്മ ആ ഭിക്ഷക്കാരിയുടെ അഴുക്കു പിടിച്ച തല വലതു കയ്യില്‍ കോരി എടുത്തു വായിലേക്ക് സര്‍ബത് ശ്രദ്ധയോടെ ഒഴിച്ച് കൊടുത്തു.അവര്‍ ആ സര്‍ബത് ആര്‍ത്തിയോടെ കുടിച്ച് , പീള പറ്റിയ കണ്ണില്‍ നിറയെ നന്ദിയോടെ തമിഴ് കലര്‍ന്ന മലയാളത്തില്‍ ആശീര്‍വദിച്ചു, ''നന്നാ വറും''. ഞങ്ങള്‍ നടന്നു വീട്ടില്‍ എത്തും മുന്പേ വാടാനപ്പള്ളിയില്‍ നിന്നും സൈക്കിളും ചവുട്ടി വന്ന മണികുട്ടന്‍ പറഞ്ഞു '' ശാന്തേച്ച്യേ ...അറിഞ്ഞോ ആ ഭിക്ഷക്കാരി ചത്തൂട്ടാ..ചേച്ചീടെ കയ്യീന്നാ അവരവസാനത്തെ വെള്ളം കുടിച്ചേ.....'' നമ:ശിവായ, നമ:ശിവായ .....എന്ന് അമ്മ പതുക്കെ മന്ത്രിക്കുന്നത് കേട്ടു അവര്‍ക്ക് വേണ്ടി ദൈവത്തിനോട് പറയുകയായിരിക്കും... ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട് അമ്മ പറഞ്ഞതു എത്ര ശരി ആണെന്ന് ,ദൈവത്തിന്റെ ഖജനാവില്‍ അമ്മയുടെ മക്കള്‍ക്ക്‌ എന്തെല്ലാം ഉണ്ടായിരുന്നു ...സ്വപ്നം കാണുന്നതിലും അപ്പുറം ...മാഞ്ചെസ്റ്റർ യൂണിവേര്‍സിറ്റിയില്‍ സ്ക്കോളര്‍ഷിപ്പോടെ പഠിക്കുക എന്നത് അതില്‍ ഏറ്റവും വലുതായിരിക്കും .... എന്നും രാവിലെ എഴുന്നെല്‍ക്കുമ്പോള്‍ നന്മ നിറഞ്ഞ ആ ചിരിയുണ്ട് മനസ്സില്‍...അത് കൊണ്ടായിരിക്കാം ഞാന്‍ ഇവിടെ നന്മ നിറഞ്ഞവരെ മാത്രം കണ്ടു മുട്ടുന്നത് ,അവരെയെല്ലാം ഞാന്‍ വഴിയേ പരിചയപെടുത്താം..... ഗ്രീക്ക് ല്‍ നിന്നുള്ള കാതെറിൻ ചൈനയില്‍ നിന്നും ജിങ്ങ് അങ്ങനെ സോഷ്യല്‍  ഡെവലപ്പ്മെന്റ് പഠിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും വന്ന നല്ല കുറെ മനുഷ്യരെ കുറിച്ചു ,ഈ ലോകത്തെ കുറിച്ചു എല്ലാം .....

16 comments:

tk sujith said...

എഴുത്,എഴുത്.ഞങ്ങള്‍ വായിക്കാം

Siji vyloppilly said...

ഗൗരി എല്ലാം ഇന്നിവിടിരുന്ന് വായിച്ചൂ.. തളിക്കുളത്ത്‌ നിന്ന് 5 സ്റ്റോപ്പ്‌ അപ്പുറേ കാണൂ എന്റെ വീട്‌.

ശ്രീ said...

ബൂലോകത്തേയ്ക്ക് ഒരു വൈകിയ സ്വാഗതം.

തുടക്കം അതി മനോഹരം. അമ്മയ്ക്കു വേണ്ടി സമര്‍പ്പിച്ച ഈ പോസ്റ്റ് ശരിയ്ക്കും മനസ്സിനെ സ്പര്‍ശിച്ചു.
ആ അമ്മയ്ക്ക് എല്ലാ ആശംസകളും നേരുന്നു

അപ്പു ആദ്യാക്ഷരി said...

വായിക്കാന്‍ വളരെ വൈകി. എങ്കിലും വായിക്കാതെ നഷ്ടമായിപ്പോയില്ലല്ലോ. നല്ല പൊസ്റ്റ്, മനസ്സില്‍തട്ടിയ സംഭവം.

വളരെ ശരിയാണ് ഈ എഴുതിയത്. ആ അമ്മയുടെ മക്കള്‍ക്ക് ഒരു ദോഷവും വരില്ല, ഒരിക്കലും. ദൈവത്തിന്റെ ഖജനാവില്‍നിന്ന് ഇനിയും നിറയെ നിറയെ ലഭിക്കാനിരിക്കുന്ന സമ്മാനങ്ങളെന്തൊക്കെയാവും! ആട്ടെ, അനുജനിപ്പോള്‍ എന്തുചെയ്യുന്നു?

ഗൗരിനാഥന്‍ said...

ശ്രീയുടെ ആശംസകള്‍ ഞാന്‍ അമ്മക്ക് തീര്‍ച്ചയായും അറിയിക്കാം
അപ്പു - ആ അമ്മയുടെ മക്കള്‍ നല്ലനിലയില്‍ ആണ്..ചെറിയ അനിയന്‍ നല്ല ജോലിക്കാരനായി ദുബായില്‍ ഉണ്ട്.

അപ്പു ആദ്യാക്ഷരി said...

ദുബായിയിലെ അനിയന്‍ ബ്ലോഗര്‍ ആണോ?
അമ്മയെ ആശംസകള്‍ അറിയിക്കണേ.

ഹരിയണ്ണന്‍@Hariyannan said...

അ..അമ്മ
ആ വാക്കിന്റെ അര്‍ത്ഥം എത്രവലുതാണ്?
ആ സ്നേഹത്തിനുപകരംവക്കാന്‍ ദൈവത്തിന്റെ ഖജനാവുകളും മതിയാവില്ല!!

Unknown said...

ente kannukal niranhu poyi.

commentile word varification ozhivakkikkoode?


I am an old student of Vatanappally Govt. High school (board school)

Sapna Anu B.George said...

ഗൌരി, www.flicker.com go here at this link make your own id with your yahoo email...........please
make one please, i will help you if you need any sort of help.

ആഷ | Asha said...

ഗൌരിയുടെ ബ്ലോഗ് വായിച്ചു തുടങ്ങുകയാണ്.
ആ അമ്മയ്ക്കും മക്കള്‍ക്കും നന്മ മാത്രമേ ഉണ്ടാവൂ.
ശരിക്കും മനസ്സില്‍ തട്ടി.
അമ്മയോടെ എന്റെയും അന്വേഷണം പറയണേ :)

Sathees Makkoth | Asha Revamma said...

അമ്മയെക്കുറിച്ചുള്ള എഴുത്ത് ഹൃദ്യം.

monu said...

A blog worth reading :)

valarey nalukalku shesham oru nalla blog vayikan kazinjathil santhosham

vikadan said...

see www.vidooshakan.com

ജെ പി വെട്ടിയാട്ടില്‍ said...

വായിക്കാന്‍ നല്ല രസമുണ്ട്....
മുഴുവനും വായിച്ചിട്ടില്ല....

അനുമോദനങ്ങള്‍

ജയതി said...

ഹ്രുദയത്തിൽ തൊടുന്ന സംഭവം
പ്രസിദ്ധീകരിച്ചിട്ട് ഒരുവർഷം കഴിഞ്ഞിട്ടൂം വായിക്കാൻ കഴിഞ്ഞില്ലെ?
ഇതാണു ബ്ലോഗിന്റെ മഹിമ.

ശ്രീമതി നായർ

പ്രയാണ്‍ said...

ആദ്യമായാണ് ഇവിടെയെത്തുന്നത്.....എന്റെ പോസ്റ്റിലെ ലിങ്കിലൂടെ ചാടി....പക്ഷെ വെറുതെയായില്ല...ഒരു വറ്ഷം കഴിഞ്ഞിട്ടും അഭിപായങ്ങള്‍ വരുന്ന കാണുമ്പോള്‍ ഊഹിക്കാലോ..
അമ്മ നേടിത്തന്ന അനുഗ്രഹം നല്ലോണം ഉണ്ട്......