Tuesday, 24 March 2009

ഒരു നല്ല രാത്രിയുടെ ഓര്‍മ്മയില്‍‌....


കുട്ടനാട്ടില്‍‌ ജോലി ചെയ്യല്‍‌ ഒരു ആഘോഷമായിരുന്നു എനിക്ക്..ചൂണ്ടയിട്ടുള്ള മീന്‍പിടുത്തവും, പുഴകളും, കായലിലൂടെയുള്ള ബോട്ട് യാത്രകളും ആകെ രസകരമായ ദിനങ്ങളായിരുന്നു അത്. ‘എന്നാടാ കൂവ്വേ’ എന്ന് സ്നേഹപൂര്‍വ്വം ചോദിക്കുന്ന ക്രിഷിക്കാരായ നല്ല നാട്ടുകാരുമായി ചങ്ങാത്തമുണ്ടാക്കാന്‍ എനിക്കെളുപ്പം കഴിഞ്ഞു.അവരുമായുള്ള ചങ്ങാത്തവും എനിക്കാഘോഷമായിരുന്നു. കണ്ടിട്ടും കണ്ടിട്ടും തീരാത്ത അത്ഭുതമായി വിസ്ത്രുതമായ കുട്ടനാട് കണ്മുന്‍പില്‍‌, ഏതു കുറുമ്പിനും കൂട്ട് നില്‍ക്കുന്ന മാത്യൂസ് എന്ന സഹപ്രവര്‍ത്തകന്‍, സ്നേഹം കൊണ്ട് പൊതിയുന്ന മാറങ്കരി എന്ന ഞങ്ങളുടെ പ്രവര്‍ത്തന പ്രദേശത്തെ നാട്ടുകാര്‍..വലിയ കുഴപ്പക്കാരല്ലാത്ത മറ്റ് കുറച്ച് സഹപ്രവര്‍ത്തകര്‍.. മാറങ്കരി എന്ന പ്രദേശത്ത് നിന്ന് തന്നെ തിരഞ്ഞെടുത്ത സാഫ് എന്നറിയപെടുന്ന സാമൂഹ്യപ്രവര്‍ത്തകരായ എന്റെ പ്രിയപെട്ട അഞ്ച് കൂട്ടുകാര്‍: സാജന്‍, ലിനു, ആശാമ്മ, സുനിമോള്‍‌, സിജി.. ഞങ്ങള്‍ ഏഴുപേര്‍ ചേര്‍ന്ന് വിജയമായി മാറ്റിയ പദ്ധതി നല്‍ക്കുന്ന സന്തോഷം ഒരു വശത്ത്... അങ്ങിനെ രണ്ട് വര്‍ഷങ്ങള്‍ കടന്ന് പോയി... അതിനിടക്കാണ് മാത്യൂസിനു കുവൈറ്റിലേക്ക് പോകാനുള്ള വിസ വരുന്നതു..

രണ്ട് വര്‍ഷം സദാസമയം കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍ പോകുന്നതിന്റെ വിഷമം ഒരു വശത്ത്..മറ്റൊരു വശത്ത് സാഫുമാരുടെ വിങ്ങി പൊട്ടിയുള്ള കരച്ചില്‍, നാട്ടുകാരുടെ സങ്കടം പറച്ചില്‍..അങ്ങിനെ ഞങ്ങളില്‍ വലിയൊരു ശൂന്യതയുണ്ടാക്കി മാത്യൂസ് കുവൈറ്റിലേക്ക് യാത്ര തിരിച്ചു.

മാത്യൂസ് യാത്രയാകുന്ന ദിവസം ഞങ്ങളുടെ ഓഫീസില്‍ താമസിച്ച് ജോലി ചെയ്യുന്ന കൂട്ടുകാരില്‍ ഒരാളൊഴിച്ച് എല്ലാവരും അവരവരുടെ നാട്ടിലേക്ക് പോവുകയും ചെയ്തു. ഞങ്ങള്‍ പ്രേതഭവനം എന്നു വിളിക്കുന്ന എകദേശം നാല്പതോളം മുറികള്‍ ഉള്ള പ്രവര്‍ത്തനരഹിതമായ ഒരു ആശുപത്രിയുടെ രണ്ടറ്റത്തായാണ് ഞങ്ങള്‍ അഞ്ച് പെണ്ണുങ്ങളും, മൂന്ന് പുരുഷസഹപ്രവര്‍ത്തകരും താമസിക്കുന്നതു. കയ്യബദ്ധത്താല്‍ ഒരാള്‍ മരണപെട്ടത് കൊണ്ടാണത്രെ ആ ആശുപത്രിപ്രവര്‍ത്തനരഹിതമായത്. അന്ന് നാട്ടില്‍ പോകാതിരുന്ന കേരളത്തിന്റെ വടക്കന്‍ ജില്ലയില്‍ നിന്നുള്ള ആ സഹപ്രവര്‍ത്തക കുട്ടനാട്ടില്‍ വന്നിട്ട് കുറച്ച് നാളുകളായിട്ടൊള്ളു. അതു കൊണ്ട് ആ കുട്ടിയെ ആ വലിയ കെട്ടിടത്തില്‍ ഒറ്റക്കാക്കി പോകാന്‍ വിഷമം തോന്നി, മാത്രമല്ല എന്നോട് അവിടെ നില്‍ക്കാമോ എന്നു ചോദിക്കുകയും കൂടി ചെയ്തപ്പോള്‍ അവിടെ അന്നേ ദിവസം നില്‍ക്കാം എന്ന് ഞാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ ഞാനും വീട്ടിലേക്ക് പോയേനേ..

ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യും മുന്‍പേ തന്നെ ഞാന്‍‌ ഒരു ഭയങ്കര സാധനമാണന്ന് മൂപ്പര്‍ പറഞ്ഞത് ഞാനറിഞ്ഞിട്ടുണ്ടായിരുന്നു.നല്ല ഉറച്ച ശബ്ദത്തില്‍‌ ഇഷ്ടമില്ലാത്തവയെ ഇഷ്ടമില്ലന്നും, നല്ലത് കണ്ടാല്‍ കൊള്ളാം എന്നും ആരുടെയും മുഖത്ത് നോക്കി പറയാനുള്ള ധൈര്യവും, മുഖസ്തുതി പറയാനറിയാത്ത കഴിവുകേടും ആണ് പലപ്പോഴും എന്നെ ഭയങ്കരസാധനമാക്കുന്ന ഘടകങ്ങള്‍.ഒരു ഭയങ്കര സാധനമല്ലാതാകാന്‍‌ ഞാന്‍ ആവത് ശ്രമിച്ചാലും ആ കുട്ടി ഇടക്കിടെ എന്നെ പരീക്ഷിക്കാന്‍ വരാറും ഉണ്ട്. രണ്ട് തല തമ്മിലേ ചേരു എന്ന ബഷീറിന്റെ തിരുവചനം ഓര്‍ത്ത് ഞാന്‍‌ അതു മറക്കാറും ഉണ്ട്. ആ കുട്ടിയും അങ്ങനെ തന്നെ മറക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നാറുള്ളതു...

പക്ഷെ ഇത്രക്ക് വലിയ പണി എന്റെ കൂട്ടുകാരന്‍ പോയ അതെ ദിവസം തന്നെ തരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നേ ഇല്ലായിരുന്നു....

രാമങ്കരി കവലയില്‍ നിന്നും കുറച്ച് പച്ചക്കറി വാങ്ങിക്കുമ്പോഴാണ് സിജിത്തെന്ന കൂട്ടുകാരന്റെ മെസ്സേജ് വരുന്നതു ‘ ആ ചേച്ചി കുട്ടനാട്ടുകാരന്‍ തന്നെ ആയ ഞങ്ങളുടെ മറ്റൊരു സഹപ്രവര്‍തകന്‍ ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുന്ന ആശുപത്രിയില്‍‌ അന്ന് രാത്രി കൂട്ടിനു പോയെന്ന്’ അദ്ദേഹത്തിന്റെ വീട് ആ ആശുപത്രിയുടെ അടുത്ത് തന്നെയാണു താനും..മനസ്സില്‍ ഞാന്‍ സകലദൈവങ്ങളെയും അറിയാതെ വിളിച്ച് പോയി, ആ പ്രേതഭവനത്തില്‍ ഞാനീ രാത്രി കഴിച്ച് കൂട്ടണോ? ആയിടെ അവിടെ കള്ളന്മാരുടെ ശല്യവും ധാരാളം..

ഓര്‍ത്തപ്പോള്‍ തന്നെ പാതി കരച്ചിലിന്റെ വക്കിലായി. ഉടനെ തന്നെ സിജിയെ വിളിച്ചു, സിജി പതിവു പോലെ നമ്മുക്ക് ശരിയാക്കാം എന്ന് പറഞ്ഞപ്പോള്‍ ഒരാശ്വാസമായി,‌ അതിനു ശേഷമാണ് കുടുംബസമേതം തൊട്ടടുത്ത് താമസിക്കുന്ന സുരേഷ്ജി എന്ന് ഞാന്‍ വിളിക്കുന്ന സുരേഷ് എന്ന സഹപ്രവര്‍ത്തകനെ ഓര്‍മ്മ വന്നത്. സുരേഷ്ജിയെ വിളിച്ചപ്പോള്‍ തന്നെ വീട്ടിലേക്ക് കൂട്ടാനായി വരാമെന്ന വാഗ്ദാനവും കിട്ടി..

നിറഞ്ഞ മനസമാധാനത്തോടെ രാമങ്കരിയില്‍ നിന്നും നടന്ന് തായങ്കരി പാലത്തിനടുത്തെത്തിയപ്പോള്‍‌ ഒരു തടിച്ച രൂപം കാത്ത് നില്‍ക്കുന്നു. ഞങ്ങളുടെ എഞ്ചിനീയറായ ജെപി ചേട്ടനാണ്,കയ്യിലൊരു കവറില്‍ കുറച്ച് ഓറഞ്ച്, ഒരു പൈന്റ് കുപ്പി, മറ്റൊരു കവറില്‍ നല്ല നെയ്മീന്‍‌... ജെപി ചേട്ടനും മാത്യൂസും പൈന്റടിക്കുന്നെങ്കില്‍ ഓറഞ്ച് എന്റെ അവകാശമാണ്. ജെപി ചേട്ടന്‍ എന്നെ കണ്ടതെ പറഞ്ഞു ‘ എന്റെ കൊച്ചേ ബസ് സ്റ്റോപ്പിലെത്തിയപ്പോഴല്ല്യോ വിവരമറിഞ്ഞേ..മറ്റേ കൊച്ച് വിട്ട വിവരം. ഞാന്‍‌ പല്ലവിയെ(ഭാര്യ) ഒന്നു വിളിച്ച് വിവരം പറയട്ടെ കേട്ടോ’ എന്ന്..
ഞാന്‍ മനസ്സിലോര്‍ത്തു ഇന്നു നെയ്ന്മീന്‍‌ കൂട്ടി നല്ലൊരു ഊണു തരമാകും, ജെപി ചേട്ടന്‍ നല്ല ഒരു പാചകക്കാരനും കൂടി ആണ്.

ചായയും കുടിച്ച് ജെപി ചേട്ടനുമായി കത്തി വെക്കുമ്പോഴാണ് ഒരു ഓട്ടോ വന്ന് നിന്നത്. അതെന്റെ മാറങ്കരിക്കാരായ സാഫ്മാരായിരുന്നു... സിജി, ആശാമ്മ, സാജന്‍, ലിനു..എനിക്കപ്പോള്‍ സന്തോഷം കൊണ്ട് കരച്ചില്‍ വന്നു.കയ്യില്‍ ബെഡ് ഷീറ്റുകളും കരുതിയാണവര്‍ വന്നിരിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ സുരേഷ്ജി കൂടി വന്നു. ഒറ്റക്കാകുമൊ എന്ന ഭയന്നിരുന്ന ഞാന്‍‌ ഒരു കൂട്ടം ആള്‍ക്കാര്‍കിടയില്‍‌...

നെയ്മീന്‍ കറി കൂട്ടി നല്ലൊരു ഊണും കഴിച്ച് കഴിഞ്ഞ്, ജെപി ചേട്ടനും സുരേഷ്ജിയും ഓരോ സ്മോള്‍ കൂടി അടിച്ചപ്പോള്‍‌ രംഗം കൊഴുത്തു. ആ ആശുപത്രിയുടെ നടുമുറ്റത്ത്, നവംബറിലെ നല്ല നിലാവത്ത് ആശാമ്മയുടെ മടിയില്‍‌ ഞാന്‍ തലവച്ച് കിടന്ന്, സുരേഷജി പാടിയ തേനും വയമ്പും പാട്ടും, ജെപി ചേട്ടന്റെ കവിതകളും, സിജിയുടെ പാത്രങ്ങളില്‍ താളമിട്ട് പാടിയ നാടന്‍പാട്ടും, സാജന്റെ തമാശകളും, മാത്യൂസ് പോയതോര്‍മ്മിച്ചുള്ള സെന്റിമെന്റ്സും കേട്ട്...എല്ലാം ചേര്‍ത്ത് ജീവിതത്തിലെ മനോഹരമായ ഉറക്കമില്ലാത്ത രാത്രിയായി മാറി അത്. ആശാമ്മയുടെ മടിയില്‍ കിടന്ന് അവരറിയാതെ ഞാനൊന്ന് കരഞ്ഞു..ഇല്ലെങ്കില്‍‌ സന്തോഷം കൊണ്ടെന്റെ ഹ്രിദയം പൊട്ടി പോയേനെ..

പിറ്റെ ദിവസം രാവിലെ വന്ന ആ കുട്ടിയുടെ മുഖത്ത് നോക്കി ഞാന്‍ നന്ദിപൂര്‍വ്വം മനസ്സ് നിറഞ്ഞ് ചിരിച്ചു...ഇത്രയും മനോഹരവും, സ്നേഹവും നിറഞ്ഞ രാത്രിക്ക് നിമിത്തമായതിന്.

27 comments:

Prayan said...

പാരകളെക്കൊണ്ട് ഇങ്ങിനെയും ചില ഉപകാരങ്ങളുണ്ടല്ലെ....നല്ലവിവരണം.

Typist | എഴുത്തുകാരി said...

അതുകൊണ്ടെന്താ, മറക്കാനാവാത്ത ഒരു രാത്രി കിട്ടിയില്ലേ?

Sureshkumar Punjhayil said...

Subham, Manoharam.. Ashamsakal.

ജുജുസ് തളിക്കുളം said...

കൊള്ളാം... പല പാരകളെയും കുറിച്ച് കേട്ടിട്ടുണ്ട്,എന്നലെന്താ പാര കൊണ്ട് ഉപകാരമായില്ലെ

അരുണ്‍ കായംകുളം said...

അയ്യോ,ഇത് വായിക്കാന്‍ പാടാ,അവസാനം മൊത്തത്തില്‍ സെലക്ട് ചെയ്താ വായിച്ചേ.

ചിതല്‍ said...

എന്തായാലും ക്ലൈമാക്സ് സൂപ്പറായില്ലേ..
ആ ചിരി..

അഗ്നി said...

ഹായ്
കൊള്ളാം
കലക്കി
ആ ചിരി
ഞാനും ചിരിച്ചോട്ടെ?????

ലേഖാവിജയ് said...

കണ്ണൊന്ന് നനഞ്ഞോ..ഏയ് :)

ശ്രീ ഇടശ്ശേരി. said...

ഹൌ..തന്റെ ആ ചിരിയും..ആ പാരയുടെ മുഖവും , ഒര്‍ത്ത് ചിരിച്ച് മതിയായി.
ശ്രീ ക്ക് ഇഷ്ടായി.
ഈ സൌഹൃദ വലയം എന്നും ജീവിതത്തിന് കൂട്ടായിരിക്കട്ടെന്ന് ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു.
:)

നെന്മേനി said...

i know,.. this is an old story anyway good narration..

ThE DiSpAsSioNAtE ObSErVEr said...

ആദ്യത്തെ പോസ്റ്റിലെ അമ്മയുടെ മകള്‍ക്ക് ഒരിക്കലും ഒരു കഷ്ടപ്പാട് ഇന്ടാവില്ലന്നു മനസ്സിലായി...മറ്റുള്ളവര്‍ക്ക് അസൂയ വരുത്തുന്ന വണ്ണം ഒരു കൂട്ടം സുഹൃത്തുക്കളുടെ പ്രിയ കൂട്ടുകാരി അല്ലെ...

shine അഥവാ കുട്ടേട്ടൻ said...

കുറിപ്പു വായിച്ചപ്പോൾ ഒത്തിരി ഓർമ്മകളിലേക്കു പോയി.. ഇനിയൊരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത ഒരു നല്ല കാലത്തിന്റെ ഓർമ്മയിലേക്ക്‌...

ഷാനവാസ് കൊനാരത്ത് said...

വിഷു ആശംസകള്‍

കുട്ടുകുട്ടാപ്പി said...

കൊള്ളാം കൊള്ളാം.... ഇപ്പോ പേടി തോന്നാറില്ലല്ലോ.... എനിക്കറിയാം.... ട്ടോ...

Mahesh Cheruthana/മഹി said...

ഗൗരി,
ഒരു നല്ല രാത്രിയുടെ ഓര്‍മ്മയില്‍‌.എന്റെ കുട്ടാനാട്‌ കാരണമായതിൽ എനിക്കും സന്തോഷം! മനസ്സിൽ എന്നും മായതെ നിൽക്കട്ടേ ആ രാത്രി!!!!

ജ്വാല said...

സുന്ദരമായ ഓര്‍മ്മകളുടെയും സൌഹൃദങ്ങളുടേയും ഉടമയല്ലേ..ഭാഗ്യവതിതന്നെ

ഹരിശ്രീ said...

നല്ല വിവരണം...

:)

ശ്രീഇടമൺ said...

കൊള്ളാം
നന്നായിട്ടുണ്ട്....*
ആ നല്ല രാത്രി മായാതെ, മറയാതെ
എന്നും മനസ്സില്‍ തങ്ങി നില്‍ക്കട്ടെ....

ആശംസകള്‍...*

...പകല്‍കിനാവന്‍...daYdreamEr... said...

ഇങ്ങനെയുള്ള നല്ല കൂട്ടായ്മകളുടെ കുറെ ഏറെ രാത്രികളുടെ സുഖമുള്ള ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോയി... നന്ദി..
(ഒരു കമെന്റിന്റെ അറ്റം പിടച്ചാണ് ഈ വഴി വരെ വന്നത് .. :)

ജെപി. said...

നല്ല പൊസ്റ്റ്

ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

കുമാരന്‍ | kumaran said...

മനോഹരമായ എഴുത്ത്.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

:) അപ്പോൾ ഭയങ്കര ധൈര്യമാണല്ലേ

പുരികപുരാണം said...

Hello sister, I want to know more about your profession. If you dont mind, can u contact me through this email.
purikesh@gmail.com

ജയതി said...

നന്നായിട്ടുണ്ട്.
മോടി പിടിപ്പിക്കാതെ മനസ്സിൽ നിന്നും നേരിട്ടുവരുന്ന വാക്കുകൾ

ശ്രീമതി ജയതി

കരീം മാഷ്‌ said...

നല്ല എഴുത്താണുട്ടോ!
അനുഭവിച്ചെതെഴുതുമ്പോള്‍ വായിക്കാന്‍ ആ അനുഭവം തൊട്ടറിഞ്ഞ പോലെയാണ്.
ഭാവനയില്‍ നിന്നെഴുതുമ്പോള്‍ ബാക്കി വിട്ട കണ്ണികള്‍ പൂരിപ്പിക്കാന്‍ വായനക്കാരനു സ്വയം കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആ രചന ആസ്വദിക്കാനാവില്ല.
ഇതു ഒന്നാം വിഭാഗത്തിലാണ്. അതിനാല്‍ നന്നായി മനസ്സിലായി.
ഞാനും ഇടക്കിത്തിരിക്കാലം ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എല്‍,ഡി.സി. ആയിരുന്നു.
ജോലിക്കു ജോയന് ചെയ്ത ദിവസം പരിചയപ്പെടാന്‍ വന്ന സ്റ്റാഫു നഴ്സു ആദ്യമായി കാണിച്ചു തന്നത് ഒരു ഒളി വാതിലാണ്. ഡോക്ടര്‍ക്കു കയ്യബദ്ധം പറ്റിയാല്‍ തടി രക്ഷപ്പെടുത്താന്‍.
ക്ലാര്‍ക്കാണോ നഴ്സാണോ അറ്റന്‍ഡറാണോ എന്നൊന്നും വയലന്റായ മോബിനു നോട്ടമുണ്ടാവില്ല

കൃഷി എന്നെഴുതാന്‍ ഈ അക്ഷരങ്ങള്‍ kr^shi ഉപയോഗിക്കുക അതിറിയാത്തതിനാല്‍ എനിക്കും ഒരു പാടു കാലം ഈ അക്ഷരത്തെറ്റുമായി ബ്ലോഗെഴുതേണ്ടി വന്നിട്ടുണ്ട്.

ആശംസകള്‍.

സബിതാബാല said...

ഒരുപാട് കാര്യങ്ങള്‍ അറിഞ്ഞു.
നല്ല വിവരണം...

പാലക്കുഴി said...

നന്നായിരിക്കുന്നു.......ആശം സകള്‍