രണ്ട് വര്‍ഷത്തിനു ശേഷമാണീ മഴക്കാലത്ത് കേരളത്തിലെത്തിയത്. എത്ര കണ്ടാലും, കൊണ്ടാലും മതിവരാത്ത സ്വര്‍ഗ്ഗമാണെനിക്കു മഴക്കാലം.മഴനനഞ്ഞ്കൊണ്ട് കാട്ടിലൂടെ ഒരു യാത്ര വലിയ സ്വപ്നമായിരുന്നു.ഒരിക്കല്‍ മഴയത്ത് കാട്ടിലൂടെ നടത്തിയ യാത്രയാകട്ടെ അട്ടയുടെ അമിതലാളനം കൊണ്ട് കുളമാകുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് മഴയത്ത് കാടിനുമുകളിലൂടെ ഒരു യാത്ര തരമായത്, അതും അങ്ങ് വെസ്റ്റ് ആഫ്രിക്കന്‍ കാട്ടിലും! ആ ഓര്‍മ്മക്കിന്നും പച്ചപ്പും ,തണുപ്പും കൂടുതല്‍ തന്നെ..
അതെ വൃക്ഷതലപ്പുകള്‍ക്ക് മുകളിലൂടെ ഒരു യാത്ര അഥവാ കനോപ്പി വാക്കിംങ്ങ്!!
അതെ വൃക്ഷതലപ്പുകള്‍ക്ക് മുകളിലൂടെ ഒരു യാത്ര അഥവാ കനോപ്പി വാക്കിംങ്ങ്!!

ഒരു കാലത്ത് വളരെ നിബിഡമായ എവെര്‍ ഗ്രീന്‍ റെയിന്‍ഫോറെസ്റ്റ് ആയിരുന്നത്രെ ഇത്, പണ്ടുള്ളതിന്റെ 20% ശതമാനം മാത്രമെ ഇന്ന് നിലനില്‍കുന്നൊള്ളൂ എന്നാണറിഞ്ഞത്.വംശനാശം നേരിടുന്ന ആഫ്രിക്കന്‍ ആനകള്‍ അടക്കം 40 ഇനത്തില്‍ പെട്ട മൃഗങ്ങള്‍, 200 അധികം ഇനത്തിലുള്ള പക്ഷികള്‍ എന്നിങ്ങനെ ധാരാളം ജീവികള്‍ വിഹരിക്കുന്ന കാടാണീ കക്കും നാഷണല്‍ പാര്‍ക്ക്.
നടത്തം ആരംഭിക്കും മുന്‍പു തന്നെ പാര്‍ക്കുകാരുടെ വക നീലനിറത്തിലുള്ളാ ടാഗ് കഴുത്തിലണിയിപ്പിച്ചു,അതില്ലെങ്കില്‍ ഉള്ളിലുള്ള ഗാര്‍ഡുകള്‍ നമ്മളെ അകത്ത് കടത്തില്ല. അങ്ങനെ ഒരു ഗൈഡിനൊപ്പം കക്കും നാഷണല്‍ പാര്‍ക്കിനുള്ളിലെക്കുള്ള നടത്തം ഞങ്ങള്‍ ആരംഭിച്ചു.

പണ്ട് ഘാനക്കാര്‍ പല്ലുവൃത്തിയാക്കാന്‍ ബ്രഷ് പോലെ ഒരു മരത്തിന്റെ കമ്പ് ഉപയൊഗിച്ചിരുന്നത്രെ, ആ വന്‍വൃക്ഷത്തെ സൂക്ഷിച്ച് നോക്കിയപ്പോഴല്ലേ മനസ്സിലായത്- അതെ നമ്മുടെ ആര്യവേപ്പ് തന്നെ!! ഏറ്റവും വിലകൂടിയ മരമെന്ന് വിശേഷിപ്പിച്ച മഹാഗണിയും കേരളക്കരക്ക് ചിരപരിചിതം തന്നെ.
പണ്ട് ഇവിടെത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഈ കാടിനുള്ളില്‍ വേട്ടയാടാനുള്ള അവകാശം ഉണ്ടായിരുന്നത്രെ,പിന്നീട് കാടിന്റെ ശോഷണം കൂടി വന്നപ്പോള്‍ അതേ ഗോത്ര വര്‍ഗ്ഗക്കാര്‍ തന്നെ വേട്ടയാടല്‍ നിര്‍ത്തി വെച്ച് ഈ കാടിനെ സംരക്ഷണ മേഖലയാക്കാന്‍ ഗവണ്മെന്റ്റിനോട് ആവശ്യപെട്ടത്.അത് കൊണ്ട് ഇന്നും കാട് നിബിഡമായി നിലനില്‍ക്കുന്നു.
പാര്‍ക്കിനുള്ളിലെക്ക് കടക്കും മുന്‍പു തന്നെ കാടിനുള്ളില്‍ പ്ലാസ്റ്റിക്കോ, മറ്റ് മാലിന്യങ്ങളോ നിക്ഷേപിക്കരുതെന്ന കല്പനയും പരിശോധനയും നടന്നിരുന്നു,എന്നിട്ടും കനോപ്പി റോപ്പിലേക്ക് കയറും മുന്‍പ് അവര്‍ അവസാനവട്ട പരിശോധന നടത്തി. ഇക്കാര്യത്തില്‍ ഗൈഡുകളുടെ ശ്രദ്ധയും, ആത്മാര്‍ഥതയും എടുത്ത് പറയേണ്ടതാണ്. അത് കൊണ്ട് തന്നെയാകാം വരുന്ന വഴിക്കൊരിടത്തും ഒരു മിഠായി തോലു പോലും കണ്ടില്ല. കേരളത്തിലെ ഉള്‍വനങ്ങളില്‍ പോലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാണാറുണ്ട്. അവ കഴിച്ച് മാന്‍ പോലുള്ള ജീവികളുടെ മരണവും സാധാരണമാണ്.
പതിനഞ്ചോളം സ്റ്റെപ്പുകള്‍ കയറിയ ശേഷം,ഒരു മരകുടിലില്‍ ഞങ്ങളെ ഇരുത്തി ഗൈഡ് ഞങ്ങള്‍ക്ക് മുന്‍പ് കയറിയവര്‍ ഇറങ്ങിയോ എന്നു ഉറപ്പുവരുത്തി. കൂടുതല്‍ ആള്‍ക്കാര്‍ ഒരുമിച്ച് കനോപ്പി വാക്ക്‌വേയിലേക്ക് കയറുന്നത് അപകടസാധ്യത കൂട്ടുമെന്നത് കൊണ്ട് തന്നെ 15 ല്‍ അധികം ആള്‍ക്കാരെ ഒരുമിച്ച് കയറ്റാറില്ല.
ഒരാള്‍ക്ക് നടക്കാന്‍ പാകത്തിന്‍ വിതിയുള്ള മരപലകകള്‍ പാകിയ തൂക്കുപാലമാണ് കനോപ്പി വാക്ക് വേ. 10 ഓളം തൂക്കുപാലങ്ങള്‍ മരങ്ങളീല്‍ നിന്ന് മറ്റ് മരങ്ങളിലേക്ക് കയറും, സ്റ്റീല്‍ റോപ്പും ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുകയാണ്.

യാത്രയുടെ തുടക്കം
ആ മരകുടിലില്‍ ഊഴം കാത്തിരിക്കുമ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. പലരും മഴ കഴിയാന്‍ കാത്തിരിക്കെ ഞങ്ങള്‍ എട്ട് പേര്‍ ഈ മഴക്കാഴ്ച സ്വന്തമാക്കാനായി കനോപ്പി പാലങ്ങളിലേക്ക് കയറി. നനുനനെയുള്ള മഴ നടുവിലെത്തുമ്പോഴെക്കും ശക്തി പ്രാപിച്ചു.മരങ്ങള്‍ക്ക് മുകളില്‍ മഴമേഘങ്ങളെ മുട്ടിയുരുമ്മി നില്‍കുന്ന ഏതൊ അപൂര്‍വ്വ ജീവിയാണ് ഞാനെന്ന് എനിക്ക് തോന്നി.മഴ കൂടുന്തോറും വൃക്ഷതലപ്പുകള്‍ നൃത്തമാടാന്‍ തുടങ്ങി അതിനനുസരിച്ച് തൂക്കുപാലങ്ങളും കൂടുതല്‍ ആടാന്‍ തുടങ്ങി.

ഇടക്കിടെ വിശ്രമിക്കാനായി ചില മരങ്ങള്‍ക്ക് ചുറ്റും പ്ലാറ്റ്ഫോമുകള്‍ ഉണ്ടായിരുന്നു, അതില്‍ നിന്ന്കൈകള്‍ മുകളിലെക്കുയര്‍ത്തിയപ്പോള്‍ മേഘങ്ങളെ സ്പര്‍ശിച്ചുവെന്ന വിഭ്രമാവസ്ഥയും ഉണ്ടായി.




വീണ്ടും നിലത്തേക്ക്..മരകുടിലില്‍ വഴിയെ ഒരു തിരിച്ചുപോക്ക്.
തിരിച്ച് നടക്കുമ്പോല്‍ കേരളത്തിലെ വനസമ്പത്തിനെ കുറിച്ചായിരുന്നു ചിന്ത.. ഇതിലും എത്രയോ നല്ല കാടുകള്‍ നമ്മുക്കുണ്ടായിട്ടും നമ്മളെന്തെ ഇങ്ങനെ ചിന്തിച്ചില്ല? ഘാന ഇന്ത്യയേക്കാള്‍ ദരിദ്രമായ രാഷ്ട്രമായിട്ടും എത്ര പവിത്രമായിട്ടാണിതിനെ സൂക്ഷിക്കുന്നത്. കേരളത്തിലാണിങ്ങനെ ഒരു കനോപ്പി വേ എങ്കില്‍ ഉറപ്പാണ് രണ്ട് അഴിമതി കേസ്, പിന്നെ അപകടങ്ങളും…
കക്കും നാഷണല്‍ പാര്‍ക്ക് റെസ്റ്റോറന്റില്‍ നിന്ന് ഘാനക്കാരുടെ ഭക്ഷണവും കഴിച്ചിറങ്ങുമ്പോള്‍ മനസ്സിലുറപ്പിച്ചു .ഇനിയുമൊരുന്നാള്‍ ഞാന്‍ വരും..എനിക്കുറപ്പാണ് ഇതു പോലെ നോക്കുകയാണെങ്കില്‍ അന്നും ഈ വനം ഇതു പോലെ ഉണ്ടാകും എന്ന്‍....