ഞാനിടയ്ക്കിടെ നിറങ്ങളുടെ ഉത്സവമായി പുനർജനിക്കാറുണ്ട്. പ്യൂപ്പയുടെ പുറം കുപ്പായം പൊഴിച്ചു കളഞ്ഞു ചിറകു വിരിച്ചു ലോകത്തെ ആദ്യം കാണുന്നത് പോലെ നോക്കുന്ന ഒരു പൂമ്പാറ്റയെ പോലേ!
ഞാനാർക്കൊക്കെ വേണ്ടി കരുണയുടെ കടും പായസമായിട്ടുണ്ടോ അതിനിരട്ടിയായി എനിക്കത് തിരിച്ചു കിട്ടിയിട്ടുണ്ട്!
പ്രണയമായും, സൗഹൃദമായും, സ്നേഹമായും, ആരാധനയായും കരുതലായും എനിക്കൊപ്പം എന്റെ മനുഷ്യർ കൂടെ നിന്നിട്ടുണ്ട് എന്നിട്ട് ഹൃദയം നിറയെ വാരി കോരി ഊട്ടിയിട്ടുണ്ട്.
ഇന്നെന്റെ ഹൃദയം കൃതജ്ഞതാഭാരത്താൽ നിറഞ്ഞിരിക്കുകയാണ്.
ഹൃദയത്തിൽ ഒരു മുള്ളു കൊള്ളാൻ പോകുകയാണെന്ന്, എന്റെ വഴി നീളെ ചിതറി കിടക്കുന്ന തീഷ്ണ വിഷം തീണ്ടിയ മുള്ളുകളെ കുറിച്ച് മുന്നറിയിപ്പ് തന്നത് ഏത് ശക്തിയാണെന്ന് എനിക്കറിയില്ല്യ. എന്റെ ബുദ്ധി, അറിവ് എന്ന് മാത്രം പറഞ്ഞു മാത്രം നിർത്താനും വയ്യ.
എന്റെ കാഴ്ചവട്ടത്തിലേക്ക് ഇരുണ്ട അഗാധമായ ആ കയത്തെ കാണിച്ചു തരുന്നത്, എനിക്ക് ചുറ്റുമുള്ളവരുടെ സ്നേഹം, എന്റെ ആത്മാർത്ഥത, കറ തീർന്ന സ്നേഹം ഒക്കെയാണന്ന് തോന്നിപോവുകയാണ്.
അല്ലെങ്കിലും ഇത്രയെല്ലാം ഉള്ളയെന്നെ പറ്റിക്കാൻ ആർക്കും സാധിക്കില്ല്യ.
ഇന്നത്തോളം എന്നോട്, എനിക്ക് ഇത്രയും സ്നേഹവും കരുതലും തോന്നിയ ഒരു ദിവസമില്ല്യ. എന്നോളം എന്നെ ഒരാൾക്ക് മുന്നിൽ തുറന്നു വെക്കുക എന്നത് വലിയ പ്രയാസമാണ്, അത് ചെയ്യണമെങ്കിൽ കൊടുംസ്നേഹം വേണം. പകരം അതെങ്ങനെ അവർ ഉപയോഗിക്കുമെന്ന് നമുക്ക് ഊഹിക്കാൻ പോലുമാകില്ല്യ. എന്നിട്ടും അത് ചെയ്തു പോകുന്ന സ്നേഹത്തെ ഒക്കെ പറ്റിക്കാൻ ഈ ലോകം കൂട്ട് നിൽക്കില്ല്യ.
കാരണം നിഗൂഢമായ കാടുപോലെയാണതെന്ന് കണ്ടവർ തിരിച്ചറിയില്ല്യ. ദിശതെറ്റി അലയുമ്പോഴേ അവരതറിയൂ.
അതേ ഇന്നും, ഞാൻ കൂടുതൽ നല്ല ഒരാളായി പുനർജനിച്ചിരിക്കുന്നു. ഞാനെന്റെ നിറമുള്ള ചിറകുകൾ നോക്കി അഭിമാനിച്ചു കൊണ്ട് വീണ്ടും പറക്കട്ടെ.
എന്നോടെനിക്ക് കടലോളം കരയോളം കാടോളം സ്നേഹം.
No comments:
Post a Comment