Friday, 21 November 2025

കഥയഴക്

 

ജീവിതത്തിലെ നിറമുള്ള ഓർമ്മകളിലേക്ക് സന്തോഷത്തിന്റെ ഒരു ഏടുകൂടി ചേർത്തു വെച്ചിരിക്കുകയാണ് ഞാൻ 💜

അതിനെ വെറും പുസ്തകപ്രകാശനം എന്ന് വിളിച്ചാൽ പോരാതെ വരും. തിരുവനന്തപുരം എന്ന അപരിചിത നഗരത്തിൽ വന്ന ശേഷം ഉണ്ടായ കുറെ അധികം സ്നേഹിതരുമൊത്തൊരു അഴകുള്ള സ്നേഹ സായാഹ്നം എന്നതിനെ വിളിക്കാനാണ് എനിക്കിഷ്ടം.

ഒരു നന്ദി പ്രകടനത്തിൽ ഒതുങ്ങുന്നതല്ല ഒത്തുകൂടൽ എന്നിരുന്നാലും ചില വാക്കുകൾ കുറിക്കാതെ വയ്യ, ഹൃദയം അത്രയധികം നിറഞ്ഞു തൂവി നിൽപ്പാണ്, കാലം എനിക്ക് വേണ്ടി ഒരുക്കിയ മായക്കാഴ്ചകൾക്ക് അവസാനമില്ലല്ലോ എന്ന അനാദിയായ ആനന്ദത്തിലാണ് ഞാൻ. എന്റെ അമ്മയുടെ ഭാഷ കടമെടുത്താൽ ദൈവത്തിന്റെ ഖജനാവിൽ അമ്മയുടെ മകൾക്ക് നിധികൾ ഏറെ എടുത്തു വെച്ചിട്ടുണ്ട്.

ആദ്യമേ തന്നെ ഒരു കൊച്ചു കാന്താരിയ്ക്കാണ് നന്ദി പറയേണ്ടത്, വയനാട്ടിലെ കൂട്ടുകാരന്റെ മകളായി അവൾ ജനിച്ചപ്പോൾ കയ്യിലെടുത്ത കുഞ്ഞാണ്, അന്നറിഞ്ഞില്ലല്ലോ എന്റെ മകളായി അവളിവിടെ എനിക്ക് വേണ്ടി വരുമെന്ന്. പരിപാടിയുടെ എംസി ആയി നിന്ന എന്റെ  ദത്തുപുത്രി ആഷ്ലി, അവളുടെ ലോക്കൽ അമ്മയുടെ പരിപാടിയെ കളറാക്കി, നന്ദി. 

അജയന്റെ ഭാര്യയെ എന്റെ സുഹൃത്താക്കി മാറ്റാൻ അധികസമയം വേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയണം , കാരണം സീമയോട് സംസാരിച്ച ആദ്യ ദിനം തന്നെ ഞാനെന്നെ അവളിൽ കണ്ടത്തുകയിരുന്നു. മറ്റ് ഏതൊക്കെ ബന്ധങ്ങൾ ഞങ്ങളെ കൂട്ടിയോജിപ്പിച്ചാലും അതിലും ഉയർന്നു നില്കുന്നത് ഞങ്ങൾ തമ്മിലുള്ള സ്നേഹമാണ്, അത് കൊണ്ട് കൂട്ടേ,  നീയെന്നെ എത്ര സ്നേഹത്തോടെ മനോഹരമായാണ് അവതരിപ്പിച്ചു, സന്തോഷിപ്പിച്ചത്. സീമക്ക് ഗൗരിനാഥന്റെ ഹൃദയം നിറഞ്ഞ സ്നേഹം. 

പരിപാടിയുടെ അവസാനനാളുകളിലാണ് ഹാരിസ് നെന്മേനി പറയുന്നത് പുസ്തക പരിചയം വേണമെന്ന്, ഒന്ന് വിളിച്ചു പറഞ്ഞതോടെ മുഹമ്മദ് സാദിക്ക് നിറഞ്ഞ ഹൃദയത്തോടെ നീ ആജ്ഞാപിക്കൂ ഞാൻ ചെയ്തിരിക്കും എന്ന തമാശയുടെ അകമ്പടിയോടെ കാര്യം ഏറ്റെടുത്തു , അതും സമയമില്ലാഞ്ഞിട്ടും സ്നേഹപൂർവം അതിനു സമയം കണ്ടെത്തി , വേദിയിൽ അവതരിപ്പിച്ച, മുക്കത്തിന്റെ എഴുത്തുകാരാ സ്‌നേഹം. 

പ്രകാശനത്തിന് എത്തിയ എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഇന്ദുഗോപനെ കുറിച്ച് പറയാതെ വയ്യ. രണ്ടു ദിവസമായി. മാറാത്ത  വസ്ത്രവും, വിലായത്ത്  ബുദ്ധയുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ പണികൾ കാരണം ഉറക്കമില്ലാത്ത രാത്രികളെയും താണ്ടിയാണ്  എന്നോട് പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടി കഷ്ടപ്പെട്ട് ഓടിയെത്തിയത്. എന്നിട്ട് എന്നെ അപകടം എന്നൊക്കെ വിളിച്ചു സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ, പ്രശസ്തിയുടെ യാതൊരു കനവുമില്ലാതെ സ്നേഹസമ്പന്നമാക്കി ആ സായാഹ്നം.സത്യമായും 'മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം 'തന്നെയായി മാറി.ഇത്രയും ലാളിത്യവും എളിമയും ഉള്ള ഒരാളുമായി ഞാൻ അടുത്തകാലത്ത് കൂട്ടുകൂടിയിട്ടില്ല എന്ന് തന്നെ പറയാം. അയാളോട് എത്ര പറഞ്ഞാലും തീരാത്ത നന്ദിയുണ്ട്.

ഇനി എന്റെ ചേച്ചിയെ കുറിച്ച്,കുറെ ജന്മങ്ങളായി ഒന്നിച്ചാണെന്ന് തോന്നിപ്പിക്കുന്ന അത്രേം സ്നേഹം, അതാണെനിക്ക് ആശ ചേച്ചി. എന്റെ കഥകളെ ഇത്രയധികം ഉൾക്കൊണ്ട ഒരു വായനക്കാരിയില്ല , എന്നിട്ട് വായിച്ചത് പറഞ്ഞന്നെ കണ്ണു നിറയിപ്പിച്ചു.

പുസ്തകം സ്വീകരിക്കാൻ വരേണ്ട ആൾ വൈകിയത് കൊണ്ട് ചേച്ചിയത് സ്വീകരിച്ചത്തിൽ എനിക്ക് അടങ്ങാനാകാത്ത സന്തോഷമുണ്ട്. എന്റെ ജീവിത വഴിയിൽ എല്ലായിടത്തും അവരുണ്ടായിരുന്നു. ഇപ്പോഴും എന്നും ഉണ്ടാകട്ടെ എന്ന് മാത്രമേ ഈ നിമിഷവും ആഗ്രഹമുള്ളൂ.

ചില ഫെയറി റ്റയിൽസ് ആളുകൾക്ക് വിശ്വസിക്കാൻ പ്രയാസമാണ്, അതിലൊന്നാണ് എന്റെ പാർട്ണർ, അയാളെന്നും എന്നെ പ്രണയം കൊണ്ട് തോൽപ്പിക്കാറുണ്ട്, അയാൾ എന്നാൽ എന്നോടുള്ള പ്രണയം മാത്രമാകുന്നു, ഞങ്ങളുടെ ജീവിതം എത്രത്തോളം സാധാരണമാണോ, അതിനുമപ്പുറം അസാധാരണവും കൂടെയാണ്. എന്നെ കുറിച്ച് പറഞ്ഞു കരച്ചിൽ വന്നു തൊണ്ടയടഞ്ഞു പ്രസംഗം നിർത്തി പോയിരുന്നു അവൻ , അത് കേട്ട്, തൊണ്ട വരെ എത്തി നോക്കിയ സന്തോഷകരച്ചിൽ കാരണം എന്നിലെ കരുതി വെച്ച വാക്കുകൾ എല്ലാം ഒലിച്ചു പോയിരുന്നു. കരഞ്ഞു പോകാതിരിക്കാൻ ആഗ്രഹിച്ചു കൊണ്ട് അപ്പോൾ തോന്നിയ പെറുക്കി കൂട്ടിയ വാക്കുകൾ കൊണ്ട് ഒരു നന്ദി പ്രകടനം നടത്തേണ്ടി വന്നെനിക്ക്. അത്രത്തോളം പരസ്പരം അറിയാവുന്നത് കൊണ്ടായിരിക്കാം ഞങ്ങളിങ്ങനെ ഉപാധികൾ ഇല്ലാതെ പരസ്പരം സ്നേഹിക്കുന്നത്, അതൊരിക്കലും അവസാനിക്കല്ലേ എന്നായിരുന്നു എന്റെ പ്രസംഗം നന്നായില്ലെങ്കിലും മനസ്സിൽ ഉണ്ടായിരുന്നത്.

ഇനിയും ഏറെ പേരെ ഓർക്കാനുണ്ട് , എന്നാലും ഒഴിവാക്കാൻ പറ്റാത്തവരെ പറ്റി കുറിക്കട്ടെ,

ഈ കഥകൾ എല്ലാം പുസ്തകരൂപത്തിൽ ഇത്രവേഗം എത്തുന്നതിനും, അത് പുറംലോകം അറിയുന്നതിനും രണ്ട് രാജ്, മാർ എന്റെ ഒപ്പമുണ്ടായിരുന്നു. ഒരാൾ പ്രചോദനമായും മറ്റൊരാൾ ഒപ്പത്തിനൊപ്പം കൂടെ ഓടാനും. രണ്ടു പേരോടും ഈ ജന്മം കൊണ്ടു കടപ്പെട്ടിരിക്കുന്നു.

രാജിന്റെ പാർട്ണർ , എന്റെ നല്ല കൂട്ട്, രമ്യയെന്ന സ്നേഹ പ്രോത്സാഹനം കൂടെ ഇല്ലാതിരുന്നെങ്കിൽ, മനസ്സിലാക്കൽ ഇല്ലാതിരുന്നു എങ്കിൽ രാജിന് എന്റെ ഒപ്പം ഓടിയെത്താൻ സാധിക്കില്ലായിരുന്നു, മാത്രമല്ല രമ്യക്ക് പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്തു തന്നിരുന്നു. അവരെല്ലാം എനിക്ക് ഒപ്പത്തിനൊപ്പം ഈ യാത്രയിൽ കൂടെ ഉണ്ടായിരുന്നു. 

ചങ്ക് സുഹൃത്തായ സുജിത്തിനോട് നന്ദി പറഞ്ഞാൽ ഒരു തട്ട് കിട്ടാൻ സാധ്യത ഉള്ളത് കൊണ്ട് പറയുന്നില്ല, ഈ പരിപാടിയുടെ പ്ലാനിങ്ങിൽ മൊത്തം ഒപ്പം നിന്ന് കാര്യങ്ങൾ ഉപദേശം തരാൻ അവൻ കൂടെ തന്നെ ഉണ്ടായിരുന്നു. പ്രകാശനത്തിന്  ഇന്ദുഗോപനെ വിളിക്കാൻ മടിച്ചു നിന്ന എനിക്ക് വേണ്ടി അദ്ദേഹത്തെ വിളിച്ചതും സുജിത്താണ്. 

കഥയെഴുത്തെന്ന യാതനാപർവ്വത്തിൽ താങ്ങും തണലും ആയി നിന്ന അനു വക്കീൽ ദ മാലാഖ, നമിതയെന്ന എന്റെ ആത്മമിത്രം, സിൽജ , രശ്മി, പിന്നെ എന്റെ പാർട്ണർ, എന്റെ ചിറ്റ അങ്ങനെ ഒരു പാട് പേരുണ്ട് . എന്റെ വികാരപ്രഷുബ്ധത മുഴുവൻ താങ്ങിയത് അവരാണ് .

അതിനുമപ്പുറം എനിക്ക് ബന്ധുക്കളായി വന്നനുഗ്രഹിച്ച ഓരോരുത്തർക്കും എൻെറ സ്നേഹം, മറക്കില്ല നിങ്ങളെ ആരെയും .

ഇനി നന്ദി പറയാനുള്ളത് എന്റെ കുഞ്ഞി കിളിയോടാണ് , പഴയ പോലുള്ള അമ്മാ...വിളികൾ ഇല്ലാതെ അമ്മയെ എഴുതാൻ വിട്ട് , സ്വന്തം കാര്യങ്ങൾ ഏറ്റെടുത്തു ചെയ്ത അവളെ ഓർക്കാതിരിക്കുന്നത് എങ്ങനെ? കൂട്ടുകാരെ മൊത്തം കൂട്ടി അവൾ വന്നിരുന്നു വേദി നിറച്ചു കളഞ്ഞു എന്റെ കുട്ടി .

ഇതെഴുതാൻ ഇത്ര വൈകിയത് , സ്വന്തം അനിയന് തുല്യനായ ഷിനുവിന്റെ മരണം കാരണം വേദനിച്ചനെന്റെ മനസ്സ് തളർന്നു പോയിരുന്നു. ഞങ്ങളിൽ ഏറ്റവും ചെറിയവനെയാണ് ആദ്യം കൊണ്ട് പോയത്. ഓർമ്മകളിൽ അവനൊപ്പമുള്ള കുട്ടികാലം നിറഞ്ഞു നിൽക്കുന്നു , അവൻ ഞങ്ങളെ ഇട്ട് പോയ വേദനയിൽ എല്ലാം മറന്നു പോയി ഞാൻ, എന്റെ കുട്ടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു .

No comments: