മിയ ഞങ്ങളുടെ കിളി പെണ്ണാണ്. ലോക്ക് ഡൌൺ കാലത്ത്, മോൾടെ നിർബന്ധത്തിനു വാങ്ങിയ ഗ്രീൻ വയലറ്റ് ലവ് ബേർഡ്സിൽ ഒരാളാണ് മിയ , കാര്യം ഗ്രീൻ വയലറ്റ് എന്നൊക്കെയാണ് പേരെങ്കിലും, അവൾക്ക് ശരിക്കും നീല നിറമാണ്. ഞങ്ങളുടെ നടുമുറ്റത്ത് വളരുന്ന അമ്മിണി കുട്ടി എന്ന മരവും ചെടികളും ആയി നല്ല പച്ചപ്പാണ്, അവിടെ ഇവരെ പറക്കാൻ വിട്ട ഒരു ദിവസം, അവളുടെ ഇണയായ ആൺ കിളി പുറത്തേക്ക് പറന്നു പോയിരുന്നു. മനുഷ്യരോട് ഇണക്കമില്ലെങ്കിലും അവർ രണ്ടുപേരും അവിടെ പറന്നു നടക്കുമായിരുന്നു അതിനിടയിൽ ആരോ ഗ്രിൽ തുറന്നപ്പോഴാണ് കിളി പുറത്തേക്ക് പോയത്. ഇത്തരം കിളികൾ പുറത്ത് സർവൈവ് ചെയ്യാൻ സാധ്യതയില്ല എന്നാണ് പറയപ്പെടുന്നത്. അത് കൊണ്ട് ആ കിളി ചത്ത് പോയി കാണണം .
കൗമാരത്തിന്റെ കിറുക്കുകളിലേക്ക് കാലെടുത്തു വെച്ച ഇവിടുത്തെ മനുഷ്യകുട്ടിയുടെ മാറ്റവും , മനുഷ്യനോട് ഒട്ടും ഇണക്കം കൂടെ ഇല്ലാതെ ആയപ്പോൾ അവൾക്കും കിളിയെ പതിയെ മടുത്തു തുടങ്ങിയിരുന്നു.
ഒറ്റയ്ക്ക് ആയിപ്പോയ മിയക്കിളിക്ക് കൂട്ട് പിന്നെ ഞാനായിരുന്നു, എനിക്കാണെങ്കിൽ സംസാരിക്കാൻ കിളിയോ മരമോ പുല്ലോ പുൽച്ചാടിയോ മതിയെന്നതാണ് സത്യം, ഇടയ്ക്കിടെ മുകളിൽ ചെന്ന് അവളോട് വിശേഷം പറയും. അവൾക്ക് കടിച്ചു കളിക്കാൻ ഇലകൾ കൊടുക്കും, ഇഷ്ടമുള്ള സീഡ്സ് കൊടുക്കും, നിറയെ വിശേഷങ്ങൾ പറയും താഴെയിരുന്നാലും മുകളിലേക്ക് ശൂ ശൂ ... എന്ന് വിളിച്ചു അവളോടെന്തെങ്കിലും പറഞ്ഞു കൊണ്ടേയിരിക്കും. പല തരം കിളി ചിലപ്പിലൂടെ, തല ചെരിച്ചെന്നെ നോക്കിയും അവളതിനു മറുപടികൾ തരും. ഞാനത് മൊഴിമാറ്റി ഉത്തരവും പറയും. ഞാനോ ആമിയോ പുറത്ത് നിന്ന് വരുന്നത് കണ്ടാൽ ചിറക് വിടർത്തി ഒരു സംന്തോഷപ്രകടനവും കൂടെയുണ്ട്. അങ്ങനെ അവൾ ഒറ്റക്കല്ലെന്നും ഞങ്ങൾ ഒരുമിച്ചാണെന്നും ഞാൻ ഉറപ്പു വരുത്തി കൊണ്ടിരുന്നു .
എന്നാലും ഒറ്റയ്ക്കായി പോയ ആ പാവത്തിന് ഞാൻ തന്നെയായിരുന്നു അടുത്ത കൂട്ടുകാരി എനിക്ക് മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു .
അങ്ങനെയിരിക്കെയാണ്, ഈയടുത്ത് എനിക്ക് ഒരു മൈൽഡ് ഡിപ്രഷൻ വന്നത്. സദാ നെഞ്ചിൽ ഒരു ചിത എരിയും പോലെ എന്തോ എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ആവശ്യമില്ലാത്ത സങ്കടങ്ങൾ, ഉത്കണ്ഠകൾ, വേദനകൾ, ഓർമ്മകൾ, വിഷമങ്ങൾ ഒക്കെ മാത്രമായി ഞാൻ . പുറത്തേക്കിറങ്ങാനും മടിയായി. ഡോക്ടറെ കാണിച്ചപ്പോൾ ഡിപ്രഷന്റെ മൈൽഡ് വേർഷൻ ആണത്രേ, പെരിമെനോപോസിന്റേതായിരിക്കാം എന്ന് പറഞ്ഞു. വലിയ ഡിപ്രഷനുകളും മാനസിക പ്രശ്നം ഉള്ളവരെയെല്ലാം ഓർത്ത് എനിക്ക് വളരെ വിഷമം തോന്നി. എന്തായിരിക്കും കഠിനമായ അവസ്ഥയിൽ അവരെ വേട്ടയാടുന്ന വേദനകൾ എന്നോർത്ത് സങ്കടപ്പെട്ടു.
നിലവിൽ എനിക്ക് ഉണ്ടായിരുന്ന എല്ലാ ഇഷ്ടങ്ങളെയും അത് പറിച്ചു കളഞ്ഞിരുന്നു. ചെയ്തുകൊണ്ടിരുന്ന എല്ലാ പണികളും മടുത്തു, നിറയെ ചെടികൾ വച്ചുപിടിപ്പിച്ചിരുന്ന ഞാൻ ചെടികളെ മര്യാദയ്ക്ക് നോക്കാതെയായി. മിയ കിളിയോട് സംസാരിക്കാറേ ഇല്ല്യ. വീട്ടിലെ സഹായി മുടങ്ങാതെ അവൾക്കുള്ള വെള്ളവും കഴിക്കാനുള്ളതും എടുത്തു കൊടുക്കും, ചെടികൾക്കെല്ലാം വെള്ളമൊഴിക്കും, അമ്മിണി കുട്ടി എന്ന മരമാകട്ടെ തുടരെ ഇല പൊഴിച്ചും പ്രധിഷേധിക്കുന്നുണ്ടായിരുന്നു.
വിവരമറിഞ്ഞ എന്റെ കൂട്ടുകാർ എല്ലാവരും എനിക്ക് ചുറ്റും പലപ്പോഴായി വന്നു. അവരെന്നെ എന്നെ സഹായിച്ചതിന് കണക്കില്ല. ഉറക്കമില്ലാത്ത രാത്രികളിൽ കാനഡയിൽ നിന്ന് രശ്മി വിളിച്ചു എന്റെ ഉറക്കം വരുവോളം സംസാരിക്കും. എല്ലാ ദിവസവും 'എടീ നീ ഓക്കേ അല്ലെ' എന്നും ചോദിച്ചു ബാംഗ്ലൂരിൽ നിന്ന് അനുമോൾ വിളിക്കും. എന്തെങ്കിലും വായിൽ തോന്നിയത് പറഞ്ഞെന്നെ ചിരിപ്പിക്കും. എന്റെ പാർട്ണർ ഓടിയോടി വരും, ഫോണിൽ ഇടയ്ക്കിടെ വിളിക്കും. ചില രാവുകളിൽ ചിലപ്പോൾ രാജും രമ്യയും വരും. തിരുവന്തപുരം മുഴുവൻ കറങ്ങും, രാത്രികളിലെ ശംഖുമുഖം ബീച്ചും, തുമ്പ ബീച്ചും കണ്ട് കഥ പറഞ്ഞു ഞങ്ങൾ രാവെളുക്കുവോളം നടക്കും.
കടൽ തീരത്തിരുന്ന് ചായ കുടിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങളെല്ലാം നടത്തി തന്ന് , കവിത പോലെ സുന്ദരമായ പടങ്ങൾ എടുക്കും. വൈകുന്നേരങ്ങളിൽ നടക്കാൻ പോകും. നമിത ആഴ്ചയിലൊരിക്കലെങ്കിലും വന്നു എവിടെയെങ്കിലും വച്ച് കണ്ടു, ഞങ്ങൾ തിരുവനന്തപുരം മുഴുവൻ അളക്കും.
എന്റെ മുഴുവൻ ദൗർബല്യങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കും അവർ കാവലിരുന്നു. എന്റെ സങ്കടകടൽ ഇരമ്പിയാർകുമ്പോൾ, കനത്ത കടൽ ഭിത്തി പോലെ അവരെല്ലാവരും എനിക്കൊപ്പം നിന്നു . പലപ്പോഴും സന്തോഷം കൊണ്ടെനിക്ക് കരച്ചിൽ വരുമായിരുന്നു, ഞാൻ എത്ര ഭാഗ്യം ചെയ്ത ജന്മമാണെന്ന് ഓർത്തെന്റെ ഹൃദയം തുടിക്കുമായിരുന്നു. എനിക്ക് ചുറ്റും എത്ര സ്നേഹം നിറഞ്ഞ ഹൃദയങ്ങൾ ആണെന്ന് ഓർക്കും.
വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഞാൻ ഇതിനെ റിക്കവർ ചെയ്തു തുടങ്ങി. നെഗറ്റീവ് ആയ, എന്നെ ബുദ്ധിമുട്ടിക്കുന്ന എല്ലാവരെയും, എല്ലാ തരം ജോലികളെയും ഞാൻ ഉപേക്ഷിച്ചിരുന്നു.
അതിനെല്ലാം ശേഷമാണ് ഞാൻ മിയ കിളിയെ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങിയത്. കൊടുക്കുന്ന വെള്ളവും ഭക്ഷണവും അതെ പോലെ ദിവസങ്ങളോളം ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഉണ്ടകുട്ടി ആയിരുന്ന ആ ശരീരം, ഒരു ബ്ലേഡ് പോലെയായിരിക്കുന്നു, തീരെ കനം കുറഞ്ഞിട്ടുമുണ്ട് , പഴയ പോലെ ചിലയ്ക്കലോ വർത്തമാനമോ ഇല്ല. തൂങ്ങി പിടിച്ചിരിപ്പാണ്.
ഞാനോർത്തു, പാവം ഒറ്റയ്ക്കായി പോയതിന്റെ വിഷമമായിരിക്കും. ആമിയുടെ അനുവാദത്തോടെ അവളെ കൊണ്ടുപോയി അടുത്തുള്ള ഒരു കിളികളുടെ പെറ്റ് ഷോപ്പിൽ ഏൽപ്പിച്ചു. അവളെ പോലുള്ള നിറയെ കിളികൾ ഉള്ള ഒരിടം, അവൾക്ക് നിറയെ കൂട്ടുകാരാകുമല്ലോ എന്ന് സമാധാനിച്ചു, എന്റെ വിഷമം ഞാൻ മറികടന്നു. വൈകുന്നേരം ആയപ്പോഴേക്കും കടക്കാരൻ വിളിച്ചിട്ട് പറഞ്ഞു ഈ കിളി ഇവിടെ അതിജീവിക്കുമെന്ന് തോന്നുന്നില്ല, നിങ്ങളതിനെ തിരിച്ചുകൊണ്ടുപോകൂ എന്ന്. അവൾ കഠിനമായ ഡിപ്രഷനിലാണെന്ന്.
ആ കുഞ്ഞു കിളിത്തലയിൽ ഇത്രമാത്രം വിഷാദവും ഓർമ്മകളും ഉണ്ടാകുമോ മനുഷ്യർക്ക് മാത്രമല്ലേ ഡിപ്രഷൻ വരൂ , എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ഞാൻ പെറ്റ് ഷോപ്പിൽ എത്തുമ്പോൾ കണ്ട കാഴ്ച ഹൃദയം തകർക്കുന്നതായിരുന്നു
ഇടതു ചിറകിനടിയിൽ സ്വന്തം തല ഒളിപ്പിച്ച്, ഒരു ഉരുള പോലെ മറ്റു കിളികളോട് ഒന്നും കൂട്ടുകൂടാതെ, കൂടിന് ഒരറ്റത്ത് ഒറ്റയ്ക്ക് ചുരുണ്ടുകൂടി ഇരിക്കുന്നുണ്ടായിരുന്നവൾ . എന്റെ ശബ്ദം കേട്ട ഉടനെ തല ഉയർത്തി നോക്കി, പിന്നെ ചിറകു വിരിച്ചു സന്തോഷപ്രകടനമായിരുന്നു.
ഇപ്പോഴവളെ താഴെ നടുമുറ്റത്ത് കൂട്ടിലിട്ടു കാരണം അഴിച്ചുവിട്ടാൽ പറക്കാൻ മാത്രമുള്ള ആരോഗ്യം ഒന്നുമില്ല നെഞ്ചിപ്പോഴും ശരിക്കും ഒരു ബ്ലേഡ് പോലെ കൂർത്ത് നിൽക്കുക തന്നെയാണ്. അറിയാവുന്ന വെറ്റിനോട് സംസാരിച്ചപ്പോൾ കിളികൾക്കും ഇത്തരം അവസ്ഥ ഉണ്ടത്രേ.
അവളുടെ ഡിപ്രഷൻ കുറയ്ക്കാനായി ഞാൻ പഴയ പോലെ അവളോട് സംസാരിക്കാൻ തുടങ്ങി. ആമിയും വന്നിരുന്ന സംസാരിക്കും , ഞങ്ങളുടെ വീട്ടിൽ വന്നു പോകുന്ന വിരുന്നുകാരും ഇപ്പോഴവളോട് സംസാരിക്കാൻ തുടങ്ങി.
ഇപ്പോൾ പഴയ പോലെ വെള്ളം കുടിക്കാൻ തുടങ്ങി, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി. കിളി ചിലപ്പുകൊണ്ട് വീടകം നിറയാൻ തുടങ്ങിയിട്ടുണ്ട്. ചിലപ്പോൾ കല പില പറച്ചിൽ ഭീഷണിപ്പെടുത്തി നിർത്തേണ്ടി വരുന്നുണ്ടിപ്പോൾ . ആരോഗ്യമായിട്ട് വേണം അവളെ വീണ്ടും നടുമുറ്റത്ത് അഴിച്ചു വിടാൻ.
പാവം ജീവികൾ മനുഷ്യനുവേണ്ടി വളർത്തിയെടുത്ത് മനുഷ്യരില്ലാതെ ജീവിക്കാൻ ആകാതെയായി. അവളോട് പറഞ്ഞിട്ടുണ്ട്, നിന്റെ കുഞ്ഞി തലയിൽ ഇത്രയും സ്നേഹവും ഓർമ്മയും വിഷാദമൊന്നും വേണ്ടാട്ടോ എന്ന് എല്ലാം കളഞ്ഞേക്കൂ, ഒരാളെയും മതിമറന്നു സ്നേഹിച്ചു, മനുഷ്യനെ പോലെയായി ഒരുപാടൊന്നും ബുദ്ധിമുട്ടരുതെന്ന് . എന്റെ അശ്രദ്ധയിലുള്ള കുറ്റബോധം ഇപ്പോഴും വിട്ടിട്ടില്ലെങ്കിലും അവളുടെ മാറ്റം മനസ്സു നിറയ്ക്കുന്നതാണ്.

No comments:
Post a Comment