Monday, 26 January 2026

വന്യം മനോഹരം

 


 പതിനാറു വർഷങ്ങൾക്ക് മുൻപ് മാത്യൂസ് ഒരു സ്കോളർ പ്രോഗാം നടത്തിയിരുന്നു. ഇവിടെയല്ല ഇന്ത്യയുടെ വടക്കേ അറ്റത്ത് ജോദ്പൂരിൽ ആയിരുന്നു അത് നടത്തിയത്.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 18 പേരുടെ കൂട്ടം വന്നു, ഒരു മാസം രാജസ്ഥാനിലെ കടുത്ത സൂര്യനു കീഴിൽ ഒരുമിച്ച് പഠിച്ചു, ദിവസങ്ങൾ പങ്കിട്ടു, പിന്നെ കാലം ഞങ്ങളെ എല്ലാവരെയും ലോകത്തിന്റെ പല കോണുകളിലേക്കായി പിരിച്ചു വിട്ടു. 


16 കൊല്ലം കടന്നു പോയി, പല നാടുകളിൽ ജീവിച്ചും അറിഞ്ഞും തിരിച്ച്, കേരളത്തിന്റെ മണ്ണിലേക്ക്, തിരുവനന്തപുരത്തേക്ക് ഞങ്ങൾ തിരിച്ചെത്തി. 


ഈയിടെയാണ് മാത്യൂസിന് സ്‌കൂബ ഡൈവിങ്ങിനു പോകാൻ മോഹമുദിച്ചത്.

അങ്ങനെ ദിനേന കോവളത്തേക്ക് ഡ്രൈവിങ് പഠിക്കാനായി പോകാൻ തുടങ്ങി. ഡൈവിങ് പഠിപ്പിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഒരു ജീപ്പിലാണ് ഏകദേശം 600 മീറ്ററോളം ദൂരെയുള്ള കടലിലേക്ക് യാത്ര തിരിക്കാറുള്ളത്. 


രണ്ട് ദിവസം മുൻപ് മാത്യൂസ് ആ വണ്ടിയിൽ ഇരിക്കുമ്പോൾ ഒരാൾ കൂടെ വന്നു കയറി. ആ സാധാരണ നിമിഷത്തിൽ ലോകം ഒരു അസാധാരണ പ്രവർത്തി നടത്തി. പതിനാറ് വർഷവും ഭൂഖണ്ഡങ്ങളും വേർതിരിച്ച രണ്ട് ജീവിതങ്ങളെ ഒരേ നിമിഷത്തിൽ നേർക്കുനേർ നിർത്തി. അന്നത്തെ സ്ക്കോളർ പ്രോഗ്രാമിൽ പങ്കെടുത്ത ഡെന്മാർക്ക്കാരിയായ സിലി ആയിരുന്നു ആ വാഹനത്തിൽ മാത്യൂസിനൊപ്പം കയറിയത്. തികച്ചും വന്യമായ, ഞെട്ടിപ്പിച്ച കണ്ടുമുട്ടൽ ആയി മാറി അത്.


സിലിക്ക് ഇന്ത്യയിൽ അറിയുന്നത് ആകെ മൂന്ന് പേരെ ആണ് താനും. അതിൽ ഒരാളെ കണ്ടെത്തിയ ഞെട്ടൽ ഇപ്പോഴും വിട്ടിട്ടില്ല, ഞങ്ങൾക്കും. പോരാത്തതിന് വർക്കലയിൽ താമസിക്കുന്ന സിലി ഒരേ ഒരു ദിവസത്തിന് വേണ്ടി മാത്രമാണ് അന്ന് കോവളത്ത് വന്നതും...


നേരെ വീട്ടിലെത്തിയ സിലി അന്ന് മുഴുവൻ ഞങ്ങൾക്കൊപ്പം കൂടി. പക്കാ സൗത്ത് ഇന്ത്യൻ ഭക്ഷണം കഴിച്ചു എരിഞ്ഞു രസിച്ചു. ചെടികൾ അകത്തേക്ക് തലയിട്ട് നോക്കുന്ന ഞങ്ങളുടെ വീട് സിലിക്ക് ഏറെ ഇഷ്ടമായി.


ഇത്രയും വലുതായ ലോകം, പെട്ടെന്ന് ചുരുങ്ങി, ചില ബന്ധങ്ങൾ ഒരിക്കലും അപ്രത്യക്ഷമാകില്ലെന്ന് ഓർമ്മിപ്പിക്കാൻ. അവ വരണ്ട മണ്ണിൽ ഉറങ്ങുന്ന വിത്തുകളെ പോലെ, ശരിയായ ഒരു മഴ കാത്തിരിക്കുകയായിരുന്നു. ലോകം എത്ര വലിയതായാലും, വീണ്ടും കണ്ടുമുട്ടാൻ വിധിയുള്ളതെന്തെങ്കിലും ഉണ്ടെങ്കിൽ, അത് മരുഭൂമികളിലൂടെ, വർഷങ്ങളിലൂടെ, സമുദ്രങ്ങളിലൂടെ കടന്ന്, ഒടുവിൽ ഒരേ ശ്വാസത്തിലേക്കും ഒരേ നിമിഷത്തിലേക്കും തിരിച്ചെത്തും.

Sixteen years ago, Mathews conducted a scholar program, not here, but at the northern edge of India, in Jodhpur. Eighteen people from different countries came together, studied side by side under the fierce Rajasthani sun for a month, shared their days, and then time gently scattered all of us to different corners of the world.


Sixteen years passed. Living in many lands, learning, returning, eventually, we found our way back to the soil of Kerala, to Thiruvananthapuram.


Recently, Mathews developed a desire to go scuba diving. So he began driving daily to Kovalam for training. From the diving institute, they usually travel in a jeep for about 600 meters into the sea.


Two days ago, as Mathews sat in that vehicle, someone else climbed in. In that ordinary moment, the world performed something extraordinary. Two lives separated by sixteen years and entire continents were placed face to face in a single instant. It was Celie, a woman from Denmark who had participated in that very scholar program all those years ago, who sat beside Mathews in that jeep. What followed was a wild, startling encounter.


Sili knows only three people in India in total. The shock of finding one of them like this still hasn’t left her, or us. And as if that weren’t enough, Celie, who is currently staying in Varkala, had come to Kovalam that day for just a single day.


Celie came straight to our home and spent the entire day with us. She ate proper South Indian food, delighted in the spice, and enjoyed every bite. She especially loved our house, where plants lean in through the windows as if peering inside.


Such a vast world, suddenly made small, to remind us that some connections never truly disappear. They are like seeds sleeping beneath dry soil, waiting patiently for the right rain. No matter how large the world may be, if something is destined to meet again, it will travel across deserts, years, and oceans, and finally return to the same breath, to the same moment.

Wednesday, 21 January 2026

ഒരു എമണ്ടൻ കഥ

 




മനുഷ്യരിൽ ഉള്ള വിശ്വാസം കുറഞ്ഞു വരുന്നതിനെ കുറിച്ചുള്ള ഒരു ചർച്ചയിൽ ചില സുഹൃത്തുക്കൾ പറയുന്നുണ്ടായിരുന്നു, എനിക്ക് മനുഷ്യരിലുള്ള വിശ്വാസം നഷ്ടപെടാത്തത് എനിക്ക് കടുപ്പമുള്ള ചതികൾ കിട്ടാത്തത് കൊണ്ടാണെന്ന്. സത്യം പറയാലോ ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്, 30 വര്ഷം പഴക്കമുള്ള ചില ബന്ധങ്ങൾ വരെ, പെട്ടെന്ന് ഒരു രാത്രി കൊണ്ട് മറ്റൊരു മുഖം കാണിക്കുന്നത് കണ്ട് ശ്വാസം നിലച്ച പോലെ നിന്നിട്ടുണ്ട്. സ്വന്തമെന്ന് വിശ്വസിച്ചിരുന്നവർ പുറകിൽ മറ്റൊരു കഥ പറയുന്നതറിയാതെ, സ്വന്തം പ്രൊഫഷൻ പോലും പോകുന്ന രീതിയിലുള്ള റിസ്ക്ക് ഏറ്റെടുത്തിട്ടുണ്ട്. പിന്നീടതറിഞ്ഞു കരയുന്നതെങ്ങനെയെന്ന് പോലും മറന്നു നിന്നിട്ടുണ്ട്. പുതിയ ആൾക്കാരോട് അടുക്കാൻ സാധിക്കാത്ത വിധം തല പണി തരാറുണ്ട്. ഞാൻ മുഴുതെറ്റാണെന്നു തോന്നിപ്പിക്കുന്ന, അത് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മാനിപുലേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ആ മുറിവുകളിൽ നിന്ന് , ആ ട്രോമകളിൽ നിന്ന് പുറത്തു കടക്കാൻ വല്ലാത്ത കഠിനാദ്ധ്വാനം ഞാൻ നടത്താറുണ്ട്. തലയെ പറഞ്ഞു മനസ്സിലാക്കി, ബന്ധങ്ങളിൽ വീണ്ടും വിശ്വസിച്ചു, എന്നെ മുന്നോട്ട് നടത്താൻ ഇടുന്ന മാനസികവ്യായാമം നിരവധിയുമാണ്. മെന്റൽ ഹെൽത്ത് നന്നായി ശ്രദ്ധിച്ചും, mindfulness ദിനേന ചെയ്തും ആണ് മുന്നോട്ട് പോകുന്നത്.


ഈയടുത്ത് തകർത്തു കളഞ്ഞ  കഥ പറയാം.

വളരെ പ്രഷ്യസ് ആണെന്ന് ഞാൻ വിചാരിച്ചിരുന്ന ഒരു ചങ്ക് ഉണ്ടായിരുന്നു.. ആൾ അത്യാവശ്യം നല്ലൊരു കൊക്ക ര കോ ആണെന്ന് എനിക്കറിയാം. എങ്കിലും കൺസന്റില്ലാതെ ആരെയും വേട്ടയാടുന്ന ടൈപ്പ് അല്ലെന്നും ഞാൻ കണ്ടിട്ടുണ്ട്. അവനൊരു ദീർഘകാല പ്രണയം ഉള്ളതും എനിക്കറിയാം, പ്രണയിനി ആരെന്ന് കൃത്യത ഇല്ലായിരുന്നു എന്ന് മാത്രം.  എന്നിട്ടും  പ്രണയം എന്തെന്നറിഞ്ഞിട്ടില്ല എന്നൊക്കെ വെച്ച് കീച്ചാറുമുണ്ട്.  നുണ പറയുന്നവരെ പൊതുവെ ഞാൻ തിരുത്താറില്ല, പകരം സത്യം കേൾക്കുന്ന രീതിയിൽ, ആ നുണ കേട്ടിരുന്നു ആസ്വദിക്കാറുണ്ട്. 

ഒരു ദിവസം മറ്റൊരാൾ എന്നെ പരിചയപ്പെട്ടു അതൊരു പെണ്ണാണ്, രണ്ടുമാസത്തോളം അവൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നത് അവളെ ചതിച്ച ഒരാളെ കുറിച്ചായിരുന്നു. അയാൾ മൂന്നുമാസം കൂടുന്തോറും ഓരോ പെണ്ണിനെ ഉപയോഗിച്ച് കളയുന്ന ഒരു sexual predator ആണെന്നും, അവർക്കിടയിൽ നടന്നിരിക്കുന്ന 'എല്ലാ കാര്യങ്ങളും' എന്നോട് ഷെയർ ചെയ്യുകയും ചെയ്തു. അവൻ അവൾക്ക് ഫാദർ ഫിഗർ ആയിരുന്നുവത്രെ., മാത്രമല്ല അവനുമായുള്ള ബന്ധത്തിന് ശേഷം അവൻ ഇട്ടിട്ട് പോയപ്പോൾ അവൾ asexual ആയി മാറി പോയി എന്നും പറയുകയുണ്ടായി. പ്രതി മറ്റാരുമല്ല എന്റെ ആ പ്രഷ്യസ് ചങ്ക് ആയിരുന്നു.


സത്യം പറഞ്ഞാൽ തലയ്ക്ക് അടികിട്ടിയ പോലെ തോന്നി,  അവരുടെ നിലവിളിയും കരച്ചിലും വിഷമവും കേട്ട് അവളെ അങ്ങനെ ആക്കി മാറ്റിയ, സ്വന്തം കാമുകിയെ ചതിച്ച ആ കൊക്ക രക്കോയോട്, കനത്ത ദേഷ്യം വരികയും ചെയ്തു അയാളെയും അയാളുടെ ഏഴു തലമുറയെയും ചീത്ത പറഞ്ഞു അവളെ ആശ്വസിപ്പിക്കൽ തുടർന്നിരുന്നു. അയാളെ പോലെ ഒരാൾ നിന്നെ അർഹിക്കുന്നില്ല, നീ നല്ലൊരു ഹൃദയത്തിനു ഉടമയാണ്, അവനു സീരിയസ് ആയി മറ്റൊരു സ്ത്രീ ഉണ്ടെന്നും, അവൻ ഒരു കോ ക്ക ര ക്കോ ആണെന്നും ഒക്കെ ഞാൻ പറയുന്നുണ്ട്.

അവനോടത് ഞാൻ ചോദിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ, അത് ചോദിക്കരുത് അവൾ മൂവ് ഓൺ ആയി എന്നും പറഞ്ഞു എന്റടുത്ത് നിന്നും  വാക്ക് മേടിച്ചു. sexual predators , pedophiles എന്നിവരോട് ഞാൻ ഒരു കാലത്തും കൂട്ടാകില്ല. അത് സത്യമല്ലെന്ന് തെളിയും വരെ, അതെത്ര സ്നേഹമുള്ളവർ  ആയാലും എനിക്കത്ര വേദന തോന്നിയാലും ഞാൻ മാറ്റി നിർത്തും.  സ്ത്രീകളുടെ കണ്ണിൽ കൂടെ അവരെ നോക്കി കാണാൻ ശ്രമിക്കുന്നതിനു കാരണമുണ്ട്, നീതി കിട്ടാതെ പോയ അശരണരായ  അസംഖ്യം നിസ്സഹായരായ സ്ത്രീകളെ കണ്ടിട്ടുള്ളതുകൊണ്ടാണ്.


അങ്ങനെ ഞാൻ ആ മനുഷ്യനോട് അകലം കാണിക്കാൻ തുടങ്ങി.


പിന്നീടെപ്പോഴും അവൾ  ഞങ്ങൾ തമ്മിൽ എങ്ങനെയുണ്ടായിരുന്നു, എന്നറിയാൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി. എന്നെ അടിമുടി  അറിയുന്ന ഒരാൾ പാർട്ണർ ആയി കൂടെ ഉള്ളത് വലിയ ആശ്വാസം തന്നെ, അവൻ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഇത് അവന്റെ തന്നെ കാമുകി ആണോ എന്ന്  സംശയമായി.

അവളുടെ ചോദ്യങ്ങൾക്ക് അവൾക്ക് ആവശ്യമെന്ന് തോന്നുന്ന തരത്തിൽ എന്തൊക്കെയോ അപ്പപ്പോൾ വായിൽ തോന്നിയത് പറഞ്ഞു, ഞാൻ അവളെ ഒബ്സർവ് ചെയ്തു. കാര്യം ഏകദേശം ഉറപ്പായപ്പോൾ നീയാണോ അവന്റെ കാമുകി എന്ന് നേരിട്ട് ചോദിച്ചു. അല്ലെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു.  ഞാൻ 'വീണ്ടും ലിസ' ആയി .

രണ്ടുമാസം കഴിഞ്ഞപ്പോൾ ഒരു രാത്രി അവൾ എന്നോട് പറഞ്ഞു അവളാണ് അവന്റെ കാമുകി, എന്റെ പേരും പറഞ്ഞ് അവനുമായി തല്ലു കൂടി, അവൻ എന്നന്നേക്കുമായി പിണങ്ങി പോയി എന്ന്. 'ഇനി അവനെ നീ എടുത്തോ, എന്ന് '( അവനെന്താ കൊടുക്കാൻ വെച്ചിരിക്കുന്ന ഉരുളിയോ )

ഇത് വരെ അവനെ കുറിച്ച് അവൾ പറഞ്ഞതെല്ലാം നുണയായിരുന്നുവെത്രെ . ഇതെല്ലാം കേട്ട് അപ്പിയിൽ ചവിട്ടിയ തോന്നലിൽ, ആ വഴുവഴുപ്പും നാറ്റവും ആണ് മനസ്സിൽ നിറയെ . പിന്നെയവൾ ഹിസ്ടീരിക്കായി നെഞ്ചത്തടിച്ചു കരഞ്ഞു എന്നെ കുറ്റപ്പെടുത്തൽ ആയി പണി.എനിക്കും തോന്നി ശ്യോ ഞാൻ കാരണമാണല്ലോ അവർ തല്ലു കൂടിയത്, കുറ്റബോധം കൊണ്ട് ഞാൻ കരഞ്ഞു പോയി.  പ്രണയം തകർന്നവരെ ആശ്വസിപ്പിക്കാൻ വലിയ പ്രയാസമാണ്, അത് കൊണ്ട് അവളെ ഒറ്റക്കാക്കാതെ ചേർത്ത് പിടിച്ചു ഞാൻ, അവളെങ്ങാൻ ചത്ത് കളയുമോ എന്ന് പേടിച്ചു പോയി  അതാണ് സത്യം.

അവനോട് കാര്യം സംസാരിക്കാൻ പോയപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ബ്ലോക്ക് ഓഫീസിൽ ആണെന്ന്, ഞാൻ അവനെ പറഞ്ഞതെല്ലാം സ്ക്രീൻഷോട്ടും വീഡിയോയും റെക്കോർഡിങ് ആയി അവൻ എത്തിയിട്ടുണ്ടായിരിക്കണം,


എന്തായാലും ദിവസങ്ങളോളം നീണ്ട കരച്ചിലിന് ശേഷം, രണ്ടും കൂടെ ജായും ഡായും ആയ ദിവസം, അവൾ എന്നോട് ഒരു കാര്യം പറഞ്ഞു, അവർ രണ്ടുപേരും ഞാൻ അവരോട് ചെയ്ത തെറ്റല്ലാം ഫോർഗീവ് ചെയ്തു, അതുകൊണ്ട് വലിയ പിടിപാടുള്ള അവൻ എന്നെ ഉപദ്രവിക്കാതെ അവൾ നോക്കിക്കൊള്ളാമെന്ന്. They are harmless to me എന്ന് അതിൽ കനത്ത ഭീഷണി എനിക്ക് ഫീൽ ചെയ്തപ്പോഴാണ് എന്റെ ബുദ്ധി തിരിച്ചുവന്നത്.

ഉടനടി ഞാൻ ചോദിച്ചു ഞാൻ എന്ത് തെറ്റാണ് ചെയ്തത്, നീ അവനെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞപ്പോൾ നിന്നെ ആശ്വസിപ്പിക്കാൻ വേണ്ടി കൂട്ടത്തിൽ നിന്ന് പറഞ്ഞു എന്നുള്ളത് സത്യമാണ്, അത് സാധാരണ ആരും ആശ്വസിപ്പിക്കാൻ പറയുന്ന സ്ഥിരമായ ഒരു കാര്യം മാത്രമാണ്. മാത്രമല്ല നീ നിന്റെ ജീവനാണ് , ആത്മാവാണ് എന്നൊക്കെ പറയുന്ന പുരുഷനെ അല്ലെ സെക്ഷ്വൽ predetor ആയി ഇത്രയും നാൾ എന്റെ മുമ്പിൽ അവതരിപ്പിച്ചത്,  നിങ്ങൾ രണ്ടു പേരും ഇങ്ങോട്ട് വന്നു കൂട്ടായതല്ലേ എന്നൊക്കെ .


അപ്പോൾ അവൾ പറയുകയാണ്, അയാൾ കുറെ പെണ്ണുങ്ങളെ മൂന്നുമാസം കൂടുമ്പോൾ ഗോസ്റ്റ് ചെയ്താലും അവളെ ഒരു നിമിഷം പോലും ബോറടിച്ചിട്ടില്ല, സ്വന്തം കുടുംബത്തിനും മീതെയാണ് അവരുടെ ബന്ധം എന്ന്. മാത്രമല്ല അയാൾ പറ്റിച്ചെന്നു പറയുന്ന പാവം സ്ത്രീകളോട് അവൾക്ക് ആകെ പുച്ഛവും പരിഹാസവും. 


ആ രണ്ടെണ്ണത്തിനെയും ഇക്കണക്കിന് ഹൃദയത്തിൽ എടുത്ത് വെച്ച് സ്നേഹിച്ച എന്നെ വേണം ടപ്പേ ടപ്പേ ന്ന് തരാനെന്നേ പറയാനൊള്ളൂ, പൊതുവെ ആരോടും തോന്നാത്ത കൊടും സ്നേഹം അവർ രണ്ടാളോടും എനിക്ക് തോന്നി പോയി, എന്തിനു പറയുന്നു രണ്ടിനെയും ഒന്നിച്ചു സ്വപ്നത്തിൽ പോലുംകണ്ടിട്ടുമുണ്ട്, ആ ദിവസം അവർ ഒന്നിച്ചുണ്ടായിരുന്ന ദിവസവും കൂടെ ആയിരുന്നുവത്രെ.  എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആരെയും സ്നേഹിക്കുന്നവർ എനിക്ക് പ്രിയപ്പെട്ടവർ ആണെന്നാണ് എന്റെയൊരു രീതി, അതിപ്പോൾ എന്റെ ഭർത്താവിനെ സ്നേഹിക്കുന്ന ഒരുത്തി ആയാലും അങ്ങനെയാണ്. അപ്പോഴാ ഒരു അന്യൻ.

എന്തായാലും ഒരു ദിവസം അവൾ പറഞ്ഞു, എന്റെ പ്രഷ്യസ് ചങ്കും ,  ഓൾടെ കണവനും  ഞാൻ അവളുടെ  ജീവിതത്തിലെ ഒരു ബാഡ് ഓമൻ ആയത് കൊണ്ട് അവളോട്, എന്നോട് മിണ്ടരുതെന്ന് നിർബന്ധം പിടിക്കുന്നു എന്ന്. ശെടാ ഞാനാരായി, ഐ ബിക്കം ഷഷി


അതും പറഞ്ഞ് അവൾ ഒരു ഗുഡ്ബൈ നോട്ട് തന്നിട്ട് സ്ഥലം കാലിയാക്കി എന്തുതന്നെയായാലും അവനെക്കാൾ നല്ലത് അവൾ തന്നെയാണ്, ഒരു ക്ലോഷർ തന്നല്ലോ.


ഏത് ചെറിയ ബന്ധമാണെങ്കിലും, എന്റെ വീട്ടിൽ സ്ഥിരം വരുന്ന പൂച്ചക്കുട്ടിയെ പോലും കാണാതായാൽ വലിയ സങ്കടം വരുന്ന ആളാണ് ഞാൻ, അപ്പോൾ ഇതൊക്കെ ഉണ്ടാക്കുന്ന ട്രോമ ഒന്നും പറയാനില്ല. തേപ്പൊന്നും പുത്തരിയല്ലെങ്കിലും, ഇത്ര അഴുകിയത് ആദ്യായിട്ടായിരുന്നു. എന്തായാലും രണ്ടുപേരും സന്തോഷമായി ഇരിക്കുകയാണല്ലോ എന്ന് ആലോചിച്ചു ഞാൻ.

പക്ഷെ കാര്യങ്ങൾ കഴിഞ്ഞിട്ടില്ലായിരുന്നു.

പിന്നെയവൾ എന്നെ സ്ഥിരമായി ഓൺലൈനിൽ സദാ 'അനുധാവിക്കാൻ' തുടങ്ങി, പ്രത്യേക രീതിയിൽ 'ഡിങ്കോൾഫി' കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന ഒരു ഇടം അവൾക്ക് ഓൺലൈനിൽ സ്വന്തമായി ഉണ്ട്. അതിൽ ആണെങ്കിൽ അത്തരത്തിലുള്ള ഭീതിപ്പെടുത്തുന്ന രീതികൾ പിന്തുടരുന്ന, ആളുകൾ ധാരാളമുണ്ട്. ഏല്ലാറ്റെം കൂടെ എന്നേ ഓൺലൈനിൽ പിന്തുടരുന്നുണ്ട്.

അവരുടെ ജീവിതത്തിൽ ഇല്ലാത്ത എന്നെ, എന്നോട് മിണ്ടാത്ത  അവൾ എന്തിനാണ് ഇങ്ങനെ നോക്കിയിരിക്കുന്നത്  എന്ന് മനസ്സിലാകുന്നേ ഇല്ല്യ. 

ഇതെഴുമ്പോഴും ചെറുതല്ലാത്ത ഭയം മനസ്സിലുണ്ട്. 

എന്നെക്കാൾ കൂടുതൽ എന്റെ പാർട്ട്നർക്കാണ് ആ പേടിയുള്ളത്, എന്നെ ബ്ലോക്ക് ചെയ്തപ്പോഴേ അവനെന്നെ വിഷമിപ്പിച്ചു എന്ന പേരിൽ പാർട്ണർക്ക് നല്ല ദേഷ്യം ഉണ്ട്. കാര്യം പറഞ്ഞു പിരിയാൻ ഉള്ള ചങ്കൂറ്റം കാണിക്കണ്ടേ. 

പണ്ട് തിരുവനന്തപുരത്തെ ഒരു പ്രമുഖനെ സ്ത്രീ പീഡനക്കേസിൽ തെളിവുപറഞ്ഞത് മുതൽ അയാൾ കൊട്ടേഷൻ കൊടുക്കുമോ എന്നായിരുന്നു ഒരുകാലത്ത് പേടി, നോർത്ത് ഇന്ത്യയിലും ആയിരുന്നപ്പോൾ സ്ത്രീകളെ റെസ്ക്യൂ ചെയ്തതിനു ആരെങ്കിലും എന്നെ വെടിവെച്ചു കൊല്ലും എന്നായിരുന്നു പേടി, ഇപ്പോഴവൻ , ഇയാളോ ഈ സ്ത്രീയോ എന്നെ എന്തോ എന്തെങ്കിലും ചെയ്യുമോയെന്ന ഭയത്തിലാണ്. 

 ഞാനും കരുതി ഇരിപ്പുണ്ട്, വേണ്ടപ്പെട്ട കുറച്ചാളുകളെ ഏല്പിച്ചിട്ടുണ്ട് എങ്ങാനും തട്ടിക്കളഞ്ഞാൽ എന്താ ചെയ്യേണ്ടത് എന്ന്. നല്ലതു ചെയ്ത് ക്വട്ടേഷൻ വാങ്ങിക്കുന്നത് പണ്ടേ ശീലമാ,  ഇപ്പോഴും എന്റെ വിശ്വാസം ആ ചങ്കെന്നെ  അപായപ്പെടുത്തില്ല എന്ന് തന്നെയാണ്, അയാൾ അത്ര ദുഷ്ടനല്ല എന്ന് തന്നെയാണ് വിശ്വാസം.

അതിൽ ഏറെ കഷ്ടം തോന്നിയത് ഇത്രയും ഡിങ്കോൾഫിക്കലി ആക്ടീവ് ആയിട്ടുള്ള, കൃത്യമായി ചോയ്സ് ഉള്ള സർവീസ് പേജ് ഉള്ള മൊതലിനെയാണ്  asexual ആക്കി എന്നും പറഞ്ഞു അവനോട് നേരിട്ടല്ലെങ്കിലും ഞാൻ തെറി വിളിച്ചത്. ഒറ്റ ടെലിഗ്രാം വിളി കൊണ്ട് എന്റെ ഫോൺ നമ്പർ ചൂണ്ടിയ, സകല സോഷ്യൽ മീഡിയയിലും പേജ്കൾ ഉള്ള ഒരാളാണ് ലവൾ . ആ മുതലാണ് ടെക്‌നോളജി അറിയില്ലെന്നും sexual കാര്യങ്ങൾ ഒന്നും അറിയില്ല എന്നും പറഞ്ഞു ഇള്ള കളിച്ചത്. അത് വിശ്വസിച്ച ഞാൻ എന്തൊരു വലിയ ആന മണ്ടിയാണ്.

ഈ വിവരങ്ങൾ എഴുതരുത് എന്ന് അവൾ പണ്ടേ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എഴുതിയാൽ അവനെന്നോട് ക്ഷമിക്കില്ല എന്നാണ് അവൾ പറഞ്ഞിരിക്കുന്നത്. എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോയവർ ക്ഷമിച്ചാലെന്ത് ഇല്ലെങ്കിലെന്ത്.,  ആകെ അറിയുന്നത്  അനുഭവമെഴുത്താണ്. അത് ചെയ്യുന്നുവെന്ന് മാത്രം. പേടിയില്ലാതെ അല്ല,. 

അവർ രണ്ട് പേരും നന്നായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു, വയസ്സാം കാലത്തെങ്കിലും അവരാഗ്രഹിക്കുന്നത് പോലെ രണ്ടിനും ഒന്നിച്ചു ജീവിക്കാൻ യോഗമുണ്ടാകട്ടെ. അവളോടെനിക്ക്, കനത്ത സഹതാപവും സങ്കടവും  ഉണ്ട്, കാരണം എത്രയോ കൊല്ലങ്ങളായി പ്രണയത്തിൽ ആയിട്ടും അയാൾ കൊടുത്ത അരക്ഷിതാവസ്ഥ കൊണ്ടാകുമല്ലോ അവനു ചുറ്റുമുള്ള പെണ്ണുങ്ങളെ വെറുപ്പിക്കാൻ നടക്കുന്നത്. ഇപ്പോഴും അവൻ നന്നായല്ല അവളെ പ്രണയിച്ചത് എന്ന് തന്നെയാണ് തോന്നുന്നത്.

അത് കഴിഞ്ഞ് അടുത്ത കൂട്ടുകാരൻ കൊണ്ടുവന്ന മറ്റൊരു സ്ത്രീ പീഡനക്കേസിന്റെ ഇരയായ പെൺകുട്ടി എന്നെ വിളിച്ചത്. അവൾ വിളിച്ച വശം ഞാൻ അവളോട് പറഞ്ഞു തെളിവില്ലാതെ ഞാൻ ഈ കേസെടുക്കില്ല. 

ആ കുട്ടി വാ വിട്ടു നിലവിളിക്കുന്നത് കണ്ടപ്പോഴാണ് എന്റെ കരുണയില്ലായ്മ ഞാൻ ശ്രദ്ധിച്ചത്.ദുഷ്ടർ തെളിവുണ്ടാക്കി വെച്ചിട്ടല്ലല്ലോ പീഡിപ്പിക്കാൻ നടക്കുക.

ഈ മോശം അനുഭവം കാരണം എന്റെ ഉള്ളിൽ സംശയവും മനുഷ്യരിൽ ഉള്ള വിശ്വാസവും എത്രമാത്രം കുറഞ്ഞു പോയെന്ന് അപ്പോഴാണ്തിരിച്ചറിഞ്ഞത്

ഞാനത് തിരുത്തുകയും ചെയ്തു. ഓരോ തേപ്പും കഴിഞ്ഞാൽ പഴയ വിശ്വാസം തിരിച്ചെടുക്കാൻ വലിയ സ്‌ട്രെയിൻ എടുക്കാറുണ്ട്, ഇവിടെയും അത് വേണ്ടി വന്നു. ആ കുട്ടിയ്ക്ക് ശരിയായ കാര്യം പറഞ്ഞു നടത്തുമ്പോൾ എനിക്ക് എന്നോട് തന്നെ വല്ലാത്ത സ്നേഹം തോന്നി. കാരണം ഞാൻ ഇപ്പോഴും ആ പഴയ ആൾ തന്നെ ആയിരിക്കുന്നതിന്.  ഒരു ചീത്ത അനുഭവം കൊണ്ട് രണ്ട് മനുഷ്യർക്കിടയിൽ ഉണ്ടായേക്കാവുന്ന, ഇനിയും വരാൻ പോകുന്ന, നല്ല സ്നേഹമോ അനുഭവങ്ങളോ ലഭിക്കാതെ പോകരുതെന്ന് എന്ന സ്വാർത്ഥത കൊണ്ടാണ് ഇത് ഞാൻ തുടരുന്നത്.

Saturday, 17 January 2026

The crying North Indian girl in the Thrissur Railway station!


അന്ന് അച്ഛന്റെ 41 കഴിഞ്ഞു തിരിച്ചു വരുന്ന ദിവസമായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെയില് ചാഞ്ഞു പോയ നേരത്ത്, വന്ദേ ഭാരത് എത്തുന്നതിന് അരമണിക്കൂർ മുൻപേ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഓർമ്മയിൽ  അച്ഛനോർമ്മകൾ കയറി വന്നപ്പോൾ, വായനയിലേക്ക് മനസ്സ് തിരിച്ചു വിട്ടു 

 ഒരു  അടക്കി പിടിക്കാൻ ശ്രമിക്കുന്ന കരച്ചിൽ കേട്ടാണ് ഞാൻ മുഖമുയർത്തി നോക്കിയത്,

അപ്പോഴാണ് തൊട്ടു മുൻപിലൂടെ വിങ്ങി ഉലഞ്ഞു, ചുവന്നു റെയിൽവേ സ്റ്റേഷനിലെ ആളുകൾ കാണുമല്ലോ എന്ന ഭയത്തെയും കടന്ന് നിലവിളിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്. അവൾ കൃത്യമായി എനിക്ക് എടുത്ത് തന്നെ വന്നിരുന്നു എങ്ങലടിച്ചു കരഞ്ഞവളുടെ വിഷമത്തെ മുഴുവൻ അവളുടെ ഫോണിന്റെ മറുഭാഗത്തെ ആൾക്ക് കൊടുക്കുന്നുണ്ടായിരുന്നു. 

അടുത്തിരുന്ന എന്നെ പോലും ആ ഉലച്ചിൽ വന്നു തൊടുന്നുണ്ടായിരുന്നു.

 ഹിന്ദിയിലാണ് സംഭാഷണം30- 32 വയസ്സ് തോന്നിക്കുന്ന പെണ്ണാണ്. അപ്പുറത്തുള്ള അവളുടെ ബേബിയോട് ആണ് അവൾ  കരഞ്ഞ്  കാര്യങ്ങൾ പറയുന്നത്.

 കണ്ടപ്പോഴേ ഊഹം തോന്നി പ്രണയം തന്നെ!   കഠിനമായ ഒരു  വേർപാടിന്റെ തുടക്കം ആയിരിക്കണം, ഞാൻ മനസ്സിൽ പറഞ്ഞു. 

അവൾ ഫോൺ വച്ചതും,  വെട്ടിവിറച്ച് ചെറുതായി പിന്നോക്കം മലക്കാൻ പോയി,  നെഞ്ചിൽ കൈകൾ വച്ച് അമർത്തി വേദനിക്കുന്നത് എനിക്ക് കാണാമായിരുന്നു. ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അവളെ  ചെന്ന് വട്ടം പിടിച്ചപ്പോൾ ആരെന്ന് നോക്കാതെ അവളെന്നിലേക്ക് ചാഞ്ഞു. അവളുടെ ശരീരം വെട്ടി വിറക്കുന്നുണ്ടായിരുന്നു. അവൾ വെറുമൊരു നിലവിളി മാത്രമായി മാറി.

 എന്തുപറ്റി എന്ന ചോദ്യത്തിന് അവൾക്ക് സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല റെയിൽവേ സ്റ്റേഷനിലൂടെ പോകുന്നവർ ഞങ്ങളെ തുറുപ്പിച്ചു. നോക്കുന്നുണ്ടായിരുന്നു. എന്റെ കയ്യിൽ ഇരുന്ന വെള്ളം ബോട്ടിൽ എടുത്ത് കുറച്ചു വെള്ളം അവൾക്ക് കൊടുത്തു. നെഞ്ചിലും പുറത്തും തടവി അവളെ സമാധാനിപ്പിച്ചു  കൊണ്ടിരിക്കുന്നതിനിടയിൽ വീണ്ടും ഇലക്ട്രിക് ഷോക്ക് അടിച്ചപോലെ അവൾ വീണ്ടും വെട്ടിവിറച്ച് ഒന്നുകൂടെ പുറകോട്ട് മലച്ചു,  കടുത്ത നെഞ്ചുവേദനയോടെ ശ്വാസം വിലങ്ങി പിടഞ്ഞു. അവളപ്പോൾ തന്നെ മരിച്ചു പോകുമോ എന്ന് ഞാൻ പേടിച്ചു പോയിരുന്നു.

പാനിക്ക് അറ്റാക്ക് ആണെന്ന് പിന്നെ മനസ്സിലായി. എന്റെ ചുമലിൽ ചാരി ഇരുന്നവൾ വിങ്ങി വിങ്ങി കരയാൻ ആരംഭിച്ചു എന്റെ  ചുമൽ കണ്ണുനീരു കൊണ്ട് നനഞ്ഞൊഴുകി.

 പിന്നെ ചോദിക്കാതെ തന്നെ മനസ്സിലുള്ളതെല്ലാം അവളിരുന്ന് പറയാൻ തുടങ്ങി.

 അവൾക്കൊരു ഓൺലൈൻ റിലേഷൻഷിപ്പ് ഉണ്ട്. എല്ലാ ദിവസവും ഒരുമിച്ചാണ് അവർ. അവൾ ഇപ്പോൾ ബേബി എന്ന് വിളിച്ച അയാൾ തന്നെ. ഭാര്യയും കുട്ടിയും മരിച്ച ഒരു ഓസ്ട്രേലിയയിൽ സെറ്റിൽ ആയിട്ടുണ്ടെന്ന് അവളോട് പറഞ്ഞിട്ടുള്ള ഒരാൾ. 

അവൻ ഓസ്ട്രേലിയയിൽ നിന്ന് ഈ കുട്ടിയെ കാണാനായി മാത്രം ഇന്ത്യയിലേക്ക് വന്നുവത്രെ. ബോംബെ എയർപോർട്ടിൽ വെച്ച് മുംബൈ പോലീസ് അവനെ എന്തോ പറഞ്ഞു തടഞ്ഞു വെച്ചിരിക്കുകയാണ്.  20,000 രൂപ അയച്ചു കൊടുത്താൽ അവരവനെ വിടും.

ആ പൈസ അവന്റെ കയ്യിൽ ഇല്ലാത്തത് കൊണ്ട് അവളോട് അയച്ചു കൊടുക്കാൻ പറഞ്ഞിരിക്കുകയാണ്. അവളുടെ ഒരു മാസത്തെ ശമ്പളം ആണ് ഇരുപതിനായിരം രൂപ, ഇപ്പോൾ അഡ്വാൻസ് ആയി ചോദിച്ചിട്ടും തൊഴിലുടമ പൈസ കൊടുത്തില്ല. അവനെ ജയിലിൽ ഇടുമെന്നു പോലീസ് പറഞ്ഞിരിക്കുകയാണ്. അത് കൊണ്ടാണ് ഈ പെൺകുട്ടി കരയുന്നത്. 

വെള്ളം കുടിച്ച് കുറച്ച് ആശ്വാസമായപ്പോൾ ഞാൻ പറഞ്ഞു ഇത്തരത്തിൽ സ്കാമുകൾ ഇഷ്ടം പോലെ നടക്കുന്നുണ്ട്.

 ഓൺലൈൻ ആയാലും അവൾ അതികഠിനമായ പ്രണയത്തിലാണ്. പ്രണയത്തിൽ ആയിരിക്കുന്നത് എവിടെയാണെങ്കിലും സ്ത്രീകൾ എത്രമാത്രം ആത്മാർത്ഥതയോടെയാണ് അതിനെ എടുക്കുന്നത് അവൾ എനിക്ക് വീണ്ടും തെളിയിച്ചു തന്നു.

അവൾ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.

  ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു ഓൺലൈനിൽ കാണുന്ന എല്ലാ പുരുഷന്മാരെ നമുക്ക് വിശ്വസിക്കാനാവില്ല ഇത് പോലെ വിശ്വസിച്ചവർക്ക് എല്ലാം പണി കിട്ടിയിട്ടുണ്ട്, അതുകൊണ്ട് ആ വേദന എന്തെന്നറിയാം. 

 അതുകൊണ്ടാണ് പറയുന്നത് ഇതൊരു സ്‌കാമാണ്, പൈസ അവൻ വെറുതെ ചോദിക്കുന്നതാണ് അല്ലെങ്കിൽ അവന് ചോദിക്കാൻ വേറെ ആൾക്കാർ ഉണ്ടാവില്ല എന്ന്

അവൻ പറഞ്ഞു  വിശ്വസിപ്പിച്ചിരിക്കുന്നത്  നാട്ടിൽ ആരും ബന്ധുക്കളില്ല,   ആകെയുള്ള ബന്ധം ഈ കുട്ടി മാത്രമാണ് എന്നാണ്. 

'നീ കാണാത്ത ഒരാൾ തന്ന വാഗ്ദാനമല്ലേ കുഞ്ഞേ, ഓരോ നിമിഷവും എത്രയോ സ്ത്രീകൾക്കാണ് ഓൺലൈൻ പ്രണയം കാരണം പണി കിട്ടുന്നതെന്ന് അറിയാമോ' എന്ന് ചോദിച്ചപ്പോൾ അവളെന്നോട് തിരിച്ചു പറഞ്ഞത് "ഞാൻ ഏറ്റവും കൂടുതൽ ഈ ഭൂമിയിൽ പ്രണയിക്കുന്ന,  ജീവനുതുല്യം സ്നേഹിക്കുന്നവനല്ലേ ദീദി, ചിലപ്പോൾ അവൻ ശരിക്കും ഇങ്ങനത്തെ ഒരു അവസ്ഥയിലാണെങ്കിലോ ഇരുപതിനായിരം രൂപ പോയാലും കുഴപ്പമില്ല ഞാനിത് അയച്ചില്ലെങ്കിൽ എനിക്ക് മനസ്സമാധാനം ഇല്ലാതെ ഇനിയുള്ള കാലം ജീവിക്കേണ്ടി വരും" എന്നാണ്. 

 പ്രണയമാണ് പറഞ്ഞാൽ മനസ്സിലാകില്ല, അത് എത്ര വയസ്സുകാരി ആയാലും അവർക്കത് മനസ്സിലാകണമെന്നില്ല, അതെല്ലാം ഞാനും കടന്നു പോയിട്ടുള്ളതാണല്ലോ, അത് കൊണ്ട് തന്നെ ഞാൻ പറച്ചിൽ നിർത്തി.

  ഈ ഇരുപതിനായിരം രൂപ അവൾക്ക് നഷ്ടപ്പെടട്ടെ അവൾക്കൊരു പാഠം പഠിക്കാനുള്ള ഫീസ് ആയിട്ട് ഞാൻ ഇതിനെ കണക്കാക്കി.

അപ്പോഴേക്കും വന്ദേ ഭാരത് വരുന്നുണ്ടെന്നുള്ള അനൗൺസ്മെന്റ് കേട്ടു, 

 അവളുടെ കഴുത്തിൽ കിടക്കുന്ന വെള്ളി നിറമുള്ള കൊന്ത നോക്കി ഞാൻ അവളോട് ചോദിച്ചു 'നിനക്ക് നല്ല വിശ്വാസമില്ലേ, നിനക്ക് നല്ലതിനു വേണ്ടിയാണ് ഇത് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് പറഞ്ഞതൊന്നും മറക്കാതിരിക്കുക. നന്നായി പ്രാർത്ഥിക്കുക,' അവളെ ആശ്വസിപ്പിക്കാൻ അപ്പോൾ അതു മാത്രമേ എന്റെ കയ്യിൽ മറുവഴി ഉണ്ടായിരുന്നുള്ളൂ. അവൾ നിറഞ്ഞു ചുവന്ന ക ണ്ണുകളിൽ പ്രതീക്ഷ നിറയുന്നുണ്ടായിരുന്നു. പതുക്കെ അവൾ കൊന്തയിൽ തൊടുന്നുണ്ടായിരുന്നു. 

എന്നിട്ടും പോലീസിനെ അറിയിക്കണോ എന്നും കൂടെ ചോദിച്ചു. 

'അവൻ ഒരു ചതിയൻ ആണെങ്കിലോ ദീദി, വേണ്ടാ അവനെ ഞാനായിട്ട് ഉപദ്രവിക്കില്ല' എന്നവൾ.  

അവൾ എന്റെ ഫോൺ നമ്പർ വാങ്ങി, പിന്നെ അടുത്ത് വന്നെന്നെ ഇറുകെ കെട്ടിപിടിച്ചു.   അവളൊരിക്കലും എന്നെ  മറക്കില്ലന്ന് പറഞ്ഞപ്പോൾ ഞാൻ  ശ്രീനിവാസന്റെ ഡയലോഗ് പറഞ്ഞു 'എന്നെ ഓർക്കുകയേ വേണ്ട, ഓർത്തു വെക്കാനായി ഞാനിപ്പോൾ ആർക്കും ഒന്നും ചെയ്യാറില്ല' എന്ന്. 

വന്ദേ ഭാരതിലേക്ക് കയറും മുൻപേ ഒരിക്കൽ കൂടെ ഞാൻ പറഞ്ഞു. രണ്ടോ മൂന്നോ തവണ പൈസ വാങ്ങിച്ചു കഴിയുമ്പോൾ അവൻ നിന്നെ ഗോസ്റ്റ് ചെയ്തു പോകും. അന്നും ഇതുപോലെ പാനിക്കറ്റാക്ക്  വരാതെ നോക്കണം. ഇപ്പോഴേ അതിന് തയ്യാറെടുക്കുക. നമ്മുടെ ആരോഗ്യം നമ്മൾ തന്നെയാണ് നോക്കേണ്ടത്. നമ്മളെ ഇട്ടിട്ട് പോകുന്നവർ അതൊന്നും ആലോചിക്കുന്നവർ ആകില്ലല്ലോ. അത് കൊണ്ടല്ലേ ഇങ്ങനെ ഇട്ടിട്ട് പോകാൻ പറ്റുന്നത്. വ്യക്തമായ പ്ലാനോടെ അവർ വരുന്നതേ നമ്മളെ പറ്റിക്കാനാണ്. നിനക്ക് നല്ലതേ വരൂ നിനക്ക് പഠിക്കാനുള്ള ഒരു വലിയ പാഠമാണ്  ഇതെന്ന് കരുതു എന്നും പറഞ്ഞു ട്രെയിനിലേക്ക് കയറുമ്പോൾ  അവൾ വീണ്ടും പറഞ്ഞു 'നല്ല വാർത്ത വല്ലതും വന്നാൽ വിളിക്കും ഇല്ലെങ്കിൽ ഞാൻ ഒരിക്കലും വിളിക്കില്ല.'

ട്രെയിനിൽ ഇരിക്കുമ്പോൾ മുഴുവനും ഹൃദയമുലഞ്ഞു കരയുന്ന ആ പെൺകുട്ടിയായിരുന്നു മനസ്സിൽ. അവളുടെ പേരാണെങ്കിൽ ഞാൻ ചോദിക്കാനും മറന്നു പോയിരുന്നു.

പ്രണയമെന്ന മനോഹരമായ ആ വികാരത്തെ ഉപയോഗിച്ച് എത്രയോ മനുഷ്യരാണ് ഹൃദയങ്ങളെ ഇങ്ങനെ അമ്മാനമാടുന്നത്,  

ഇത്തരം ആണുങ്ങൾക്ക് ഹൃദയം ഇല്ലെ ആവോ? അവരിങ്ങനെ ഇങ്ങനെ കടന്നു പോകുമ്പോൾ ആ സ്ത്രീകളെ കുറിച്ച് ഒരിക്കലെങ്കിലും ഓർക്കുമോ ആവോ?  നൂറായിരം ചോദ്യങ്ങളുമായാണ് ഞാൻ യാത്ര തിരിച്ചത്.

പ്രണയത്തെ സെക്സിനും, പണത്തിനും മാറ്റാവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ച് അപ്പുറത്ത് നിൽക്കുന്ന മഹാപാവം മനുഷ്യരെ ഒരു നിമിഷം പോലും ഓർക്കാതെ പോകുന്നവരുടെ മനസ്സമാധാനത്തിനു ഒരു പ്രശ്നവും ഇല്ലല്ലോ എന്നോർത്തു, അവളെ കണ്ടു കടന്നു പോയ എന്റെ സമാധാനത്തെ തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടുമ്പോൾ അതായിരുന്നു ചിന്തിച്ചത്.

ഒരർഹതയുമില്ലാത്ത അയാളെ ഇത്ര മാത്രം ആഴത്തിൽ, കളങ്കമില്ലാതേ സ്നേഹിക്കുന്ന അവളെ കണ്ടിട്ട് എനിക്ക് അയാളോട് കനത്ത ദേഷ്യം തോന്നി.

ഈ ചതി അവൾ അതിജീവിച്ചു   വരുമ്പോഴേക്കും എത്രമാത്രം വേദനകളിലൂടെ, അവിശ്വാസത്തിലൂടെ കടന്നു പോകും! ജീവിതം മുഴുവൻ മാറ്റിമറിക്കുന്ന ഒരു അനുഭവമായി എന്നും ഇതിന്റെ വേദന അവൾക്കൊപ്പം ഉണ്ടാകും. 

ആഴ്ച രണ്ടു കഴിഞ്ഞു ഇപ്പോഴും അവൾക്ക് വരാനുള്ള 'അച്ചി ഖബർ' വന്നിട്ടില്ലെന്നു തോന്നുന്നു. അവൾ എന്നെ വിളിച്ചിട്ടുമില്ല ഞാൻ തിരിച്ചും വിളിച്ചിട്ടില്ല. 

ദ ക്രയിങ് നോർത്ത് ഇന്ത്യൻ ഗേൾ ഇൻ ദി തൃശൂർ റെയിൽവേ സ്റ്റേഷൻ  എന്ന് ഞാൻ സേവ് ചെയ്തിരിക്കുന്ന ആ നമ്പറിൽ നിന്ന് ഞാൻ ആ വിളി പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം.

Thursday, 8 January 2026

ആശയുടെ കഥയഴക് കാഴ്ചകൾ

 


Adv. Sari Viswanadhan ഗവൺ. ലോ കോളെജ് തൃശൂരിൽ LL.B പഠിക്കുമ്പോൾ ഞാനവിടെ LL.M പഠിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നു തുടങ്ങിയ ബന്ധം പിന്നെ  ഞങ്ങൾ Dr. Binitha Thampy യുടെ ഒരു പോജറ്റിൽ ഞങ്ങൾ വീണ്ടും ഒരേകുടകീഴിൽ എത്തി. തുടർന്ന് Mathews ശാരിയുടെ പങ്കാളിയായായെത്തി. പിന്നെ ആമികുട്ടി, Adv. അനുമോൾ, സ്‌മിത നന്ദൻ അങ്ങനെയങ്ങനെ ഒത്തിരിപേരായി.

ശാരി, ഗൗരിനാഥൻ എന്ന പേരിൽ എഴുതിയ കഥയഴക് എന്ന ചെറുകഥാസമാഹാരത്തിൻ്റെ പ്രകാശനത്തിന് മുമ്പ് തന്നെ ഞാൻ മുഴുവൻ കഥകളും വായിച്ചിരുന്നു. 

പ്രകാശനചടങ്ങിൽ പുസ്തകം ഇന്ദുഗോപനിൽ നിന്നും ഏറ്റുവാങ്ങിയത് ഞാനാണ്. അപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ ഇവിടെ കുറിക്കുന്നു. 

നിങ്ങൾ കഥകൾ വായിക്കുകയല്ല കഥക്കും യാഥാർത്ഥ്യത്തിനുമിടയിൽ ജീവിച്ച കഥാകാരിയെ വായിക്കുകയായിരിക്കും ശാരിയുടെ കഥ വായിക്കുമ്പോൾ അനുഭവിക്കുക

 കഥയഴക് വായിക്കുമ്പോൾ  ഇതുവരെ അറിയാത്ത ഒരു ലോകത്തെ കൂടി അറിയുകയാണ് നാം.. അതിനാൽ കഥയഴകിനെ ഞാനറിഞ്ഞ വിധം ഇവിടെ പറയാൻ ശ്രമിക്കുകയാണ്. 

മലയാളസാഹിത്യം എന്നും ഏറെ ആഘോഷിച്ചത് മഴയെ ആണെങ്കിൽ ഇവിടെ ശാരി വെയിലിലൂടെയാണ് വിവിധ വികാരങ്ങൾ പ്രകടപ്പിച്ചിരുന്നത്. പ്രപഞ്ചപ്രതിഭാസമായ സൂര്യനും സൂര്യാംശുയായ വെയിലും മനുഷ്യമനസ്സിലെ വികാരതാണ്ടവങ്ങളിലുടെ ശാരി കഥപറയുമ്പോൾ കഥാപാത്രമായും കാഥികയായും സൂത്രധാരനായും നിറഞ്ഞു നിൽക്കുന്നു. എല്ലാ കഥകളും ആ വെള്ളിവെളിച്ചം നിത്യസാക്ഷിയായിട്ടുണ്ട്. 

ചില ജീവിത സത്യങ്ങളെക്കുറിച്ച് കാണിക്കാൻ ഇതിലും നല്ല മാർഗ്ഗമില്ലെന്ന് വായിക്കുമ്പോൾ നമുക്കു മനസ്സിലാകും.

 ഈ കഥകളിലൂടെ ശാരി സഞ്ചരിച്ച എല്ലാ വഴികളും എനിക്ക് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പരിചിതരാണ്. ശാരി യഥാർത്ഥ ജീവിതത്തിൽ ഈ കഥകളിലൂടെ സഞ്ചരിക്കുകയും കഥാപാത്രങ്ങൾക്കൊപ്പം ജീവിച്ചിട്ടുമുണ്ട്. 

 രാജസ്ഥാനിലെ മരുഭൂമിയിൽ ജോലി ചെയ്തതിട്ടുള്ള ശാരിയനുഭവിച്ച ചൂടും തണ്ണുപ്പും വെയിലും മഴയും ശാരിയുടെ കഥാപരിസരത്തുണ്ട്. അങ്ങനെ ശാരി കടന്നുപോയ  അനുഭവങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും കഥാവായനയിൽ ഞാനും സഹയാത്രികയായി.

രാജസ്ഥാനിലെ കഥ പറയുമ്പോൾ ശാരി ആശ്വാസത്തിന്റെ ഒരു കാറ്റ് വീശുന്നതിനെക്കുറിച്ച് പറയുന്നുണ്ട്.  എന്നാൽ കരുണയുടെ കടൽക്കാറ്റ് എന്നാണ് ശാരി വിശേഷിപ്പിക്കുന്നത്.  ഞാൻ അത്ഭുതപ്പെട്ടുപോയി എങ്ങനെയാണ് മരുഭൂമിയിൽ ഒരു കടൽക്കാറ്റ് വരിക എന്ന്. 

 കാരണം എഴുത്തുകാരിയുടെ ജീവിത പരിസരങ്ങളിൽ എപ്പോഴും കടൽ ഉണ്ടായിരുന്നു അതുകൊണ്ട് കടലിനെ കുറിച്ച് പറയാതെ എഴുത്തുകാരിക്ക് കടന്നുപോകാൻ ആകില്ല

 ഈ പുസ്തകത്തിലെഎല്ലാ കഥകളിലും കടലുമായി ബന്ധപ്പെട്ട ഒരു പദം ഞാൻ കണ്ടു പിടിച്ചു തരാം. കടലുമായി എഴുത്തുകാരിയുടെ ജീവിതം അത്രയ്ക്ക് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. 

എന്നെ ഏറ്റവും ഞെട്ടിച്ച ഒരു പദപ്രയോഗം ഇതിലുണ്ട്.  മലയാളത്തിൽ ഇന്നോളം ഞാൻ കേട്ടിട്ടില്ലാത്ത ഒരു മെറ്റഫർ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്  വായിച്ചു ഞാൻ ശരിക്കും ഞെട്ടിയിട്ടുണ്ട്.  

 കുളിരു കോരുക,  രോമാഞ്ചം ഉണ്ടാവുക അല്ലെങ്കിൽ ഗൂസ് ബംസ്  പൊങ്ങുക എന്നതിന് ശാരി ഉപയോഗിച്ചിരിക്കുന്ന മെറ്റഫർ  പുതു പേപ്പറിൽ കൊത്തിയ ബ്രെയിലി ലിപി പോലെ എന്നാണ്. കാരണം

 പ്രണയത്തിന്റെ ഗൂസ് ബംസ്  വന്നത് ഒരു അന്ധയായ പെൺകുട്ടിക്കാണ് അതിനെ ശാരി പറഞ്ഞത് ബ്രെയിലി ലിപികൾ കൊത്തിയ പോലെ എന്നാണ്. 

 ബ്രയിലിലിപി തൊടുമ്പോൾ ഗുസ്ബംബ്‌സിൽ ഉണർന്ന രോമകൂപങ്ങൾ പോലെ . ഞാനൊന്നും അങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല. 

 നിഷിലെ(NISH-  National Institute of Speech and Hearing ) ജോലിയും,  ഡിസെബിലിറ്റിയുള്ള വ്യക്തികളുമൊത്തുള്ള ജീവിതം കൊണ്ടായിരിക്കാം ശാരിയുടെ മനസ്സിൽ ഇത്തരം   നമ്മൾ ചിന്തിക്കാത്ത  മെറ്റഫറുകൾ വരുന്നത്. 

 അവരെ തൊട്ടടുത്തറിഞ്ഞതുകൊണ്ടാകാം അങ്ങനെയുള്ള മനുഷ്യരുടെ പ്രണയത്തെ കുറിച്ച്,മലയാള സാഹിത്യത്തിൽ ഇന്നോളം ആരും പറയാത്ത കഥകൾ പറയുന്നത്..

അതും ആരും പറഞ്ഞിട്ടില്ലാത്ത രീതിയിൽ വളരെ ബ്യൂട്ടിഫുൾ ആയി ശാരി എഴുതുന്നത്. 

എന്നും ഞാനൊരു മലയാളം വിദ്യാർത്ഥിയാണ്. പക്ഷേ ഞാൻ ഇന്നോളം വായിച്ചിട്ടോ കണ്ടിട്ടോ  സങ്കൽപ്പിച്ചിട്ടോ ഇല്ല ഇത്തരം കഥകളെ കുറിച്ച്. .  ഒരു അന്ധയായ പെൺകുട്ടിയുടെ പ്രണയത്തെ ഇത്ര മനോഹരമായി ആരും എഴുതി കണ്ടിട്ടുമില്ല.അതെന്നെ കൃത്യമായി,  എന്റെ ഹൃദയത്തെ തൊട്ടു. മലയാളസാഹിത്യത്തിൽ ഇത് വരെ ആരും ഉപയോഗിക്കാത്ത  ഒരു ജോണറും ചില മെറ്റഫറുകളും ശാരി സംഭാവന ചെയ്യുന്നുണ്ടെന്നു നിസ്സംശയം പറയാം. 

 സോഷ്യൽവർക്കറായി ജോലി ചെയ്യുന്ന കൂട്ടുകാരി മാലരമണൻ എന്ന മാലയെക്കുറിച്ചും മാലയുടെ ജീവിതത്തെക്കുറിച്ചും ശാരി ഈ കഥയിൽ എഴുതുന്നുണ്ട്. 

 അങ്ങിനെ ജീവിതത്തിൽ ശാരി കടന്നുപോയ ജീവിതങ്ങളെ കുറിച്ചാണ് ശാരി ഇതിൽ എഴുതുന്നത് പക്ഷേ അത് ഒരിക്കലും അനുഭവമെന്നു തോന്നാത്ത വിധം ചമച്ച്, കഥ കഥയുക  എന്നത് ഭംഗിയായി നിർവഹിച്ചിട്ടുണ്ട്

 പുസ്തകം പ്രകാശനം ചെയ്ത ഇന്ദു ഗോപന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ കഥാപാത്രങ്ങളെ തേടിപ്പിടിച്ചു പോയി അവർക്കൊപ്പം സഞ്ചരിച്ച് അവരെക്കുറിച്ച് എഴുതുന്ന ഒരാളാണ്. 

ശാരിക്ക് കഥാപാത്രങ്ങളെ തിരഞ്ഞു പോകേണ്ട ആവശ്യം വരുന്നില്ല. പകരം ശാരി എന്നും ജീവിതം കഥാപാത്രങ്ങൾക്ക് ഒപ്പം കഴിച്ചുകൂട്ടി അനുഭവിച്ചവരെ തൊട്ടറിയുന്ന ഒരു വ്യക്തിയാണ്.  അത് ഈ കഥകളിലുടനീളം കാണാം. 

ഈ കഥകളിലെല്ലാം ആത്മാംശം കൃത്യമായി ഉണ്ടെങ്കിലും അവ ഒരിക്കലും അനുഭവങ്ങളായി തോന്നുകയും ചെയ്യില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. 

നമ്മെ പിടിച്ചിരുത്തി ഒറ്റയിരിപ്പിന് നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കും  ഈ കഥകൾ. 

ഇനിയും കഥകൾ മെനയട്ടെ ശാരി. ജീവിക്കുന്ന പരിസരങ്ങളിൽ നിന്നുതിരുന്ന ഇലകളും ഇതളുകളും ശാരിയുടെ കഥാപുസ്തകതാളുകളിൽ ഛായമടിക്കട്ടെ.

Wednesday, 31 December 2025

നവവത്സര ആശംസകൾ 2026

 പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് എന്തിനാണ് ഫേസ്ബുക്കിൽ ഇങ്ങനെ തുറന്നെഴുതുന്നതെന്ന്.  ആളുകളുടെ ശ്രദ്ധ കിട്ടാനല്ലേ, എഴുത്തുകാരിയായി അറിയപ്പെടാനല്ലേ എന്ന് തുടങ്ങി പല തരത്തിൽ ചോദ്യങ്ങളുണ്ടായിട്ടുണ്ട്.


ഞാൻ സ്വയവും ചോദിച്ചിട്ടുണ്ട് എന്തിനാണെന്ന്. എഴുത്തുകാരിയാവുക എന്നതിനേക്കാളും ചുറ്റുമുള്ളവരോട് സംവദിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ആനന്ദമുണ്ട് അതിനാണ് എഴുതുന്നതെന്നാണ്  തോന്നാറുള്ളത്.

അതെ പോലെ തന്നെ വ്യക്തിപരമായ സ്വകാര്യത എന്ന് പറയുന്നത് വെറും ഒരു സങ്കല്പമാണെന്നും നമ്മൾ വിചാരിക്കും പോലെ നമ്മളാരും സ്വകാര്യമല്ലെന്നും(private) ഉറച്ച വിശ്വാസവും എനിക്കുണ്ട് . 

കാരണം കടന്നു പോന്ന ജീവിതവഴിയിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ, ഹാനികരമായോ, ഹിതകരമായോ സ്വാധീനം ചെലുത്തിയ എത്രയോ ജന്മങ്ങൾ ഈ ഭൂമിയിലുണ്ട് അവരിൽ ആരെങ്കിലും ഒരാൾ പേനയെടുത്താൽ,  നാവാടിയാൽ പോകാവുന്ന സ്വകാര്യതയോ സ്വീകാര്യതയൊ മാത്രമേ നമുക്കൊക്കെ ഉള്ളൂ

പോരാത്തതിന്,  വ്യക്തിപരം എന്ന് ഞാൻ കരുതുന്നതെല്ലാം എന്റെ രാഷ്ട്രീയം കൂടെയാണ്. നീതിയിലേക്കുള്ള വഴി കൂടെയാണ്. 


 ചിലപ്പോൾ രാഷ്ട്രീയം പറയാൻ, ചിലപ്പോൾ ഫെമിനിസം പറയാൻ, ചിലപ്പോൾ ജെൻഡർ ഈക്വാളിറ്റി പറയാൻ, ചിലപ്പോൾ എന്റെ മാനസിക സംഘർഷങ്ങൾ പറയാൻ,  കടന്നുപോയ വഴി ആർക്കെങ്കിലും പ്രചോദനമാകുമെന്ന് തോന്നലിൽ കടന്നു പോന്ന കടമ്പകൾ പറയാൻ, ചിലപ്പോൾ സങ്കടങ്ങൾ പറയാൻ, സന്തോഷങ്ങൾ പകരാൻ...എല്ലാം ഞാൻ ഇവിടം ഉപയോഗിക്കുന്നുണ്ട്.


അപരിചിതരായ നിങ്ങളുടെയൊക്കെ തോളിൽ തലചായ്ച്ചുകൊണ്ട്, ചിലപ്പോൾ കൈകോർത്തു പിടിച്ചു കൊണ്ട് ജീവിത കുതിപ്പ് നടത്താൻ എല്ലാം ഫേസ്ബുക്ക് പേജ് ഉപയോഗിക്കുന്നുണ്ട് അല്ലെങ്കിൽ എഴുത്ത് ഉപയോഗിക്കുന്നുണ്ട്


പറഞ്ഞു വന്നത് എന്താണെന്നറിയാമോ, 

 ഞാൻ അച്ഛനെക്കുറിച്ച് എഴുതിയ,  അച്ഛനോട് ഞാനെങ്ങനെ മാപ്പു കൊടുത്തു എന്ന് എഴുതിയ പോസ്റ്റ് വായിച്ച, പന്ത്രണ്ടോളം പേർ ഇൻബോക്സിൽ വന്ന് അവരുടെ അനുഭവങ്ങൾ എന്നോട് പങ്കുവെക്കുകയുണ്ടായി.


ചിലർ അപരിചിതരായിരുന്നു, ചിലർ പരിചിതരായിരുന്നു.  ഞാൻ കടന്നുപോയതിന്റെ ഏറിയും കുറഞ്ഞുമുള്ള അനുഭവങ്ങളിലൂടെ കടന്നുപോയ ചില ആത്മാക്കൾ ആയിരുന്നു അവർ.

  മാപ്പ് കൊടുക്കണമെന്നു ആഗ്രഹമുള്ളവർ ആയിരുന്നു അവരെല്ലാവരും .  മാപ്പ് കൊടുക്കാൻ സാധിക്കാത്തതിൽ ഉള്ള മാനസിക വ്യഥകളും അവർ എന്നോട് തുറന്നു പറഞ്ഞു. 


എനിക്ക് ഒരു കാര്യത്തിൽ വളരെ സമാധാനം തോന്നി. ആ എഴുത്ത് വായിച്ചതിനുശേഷം അവരിൽ ഈ 12 പേരും മാപ്പ് നൽകി, സമാധാനത്തിന്റെ ആദ്യപടിയിലോ അല്ലെങ്കിൽ മാപ്പ് നൽകേണ്ടത് അവർക്കുള്ള സമാധാനത്തിലേക്കുള്ള ഒരു വഴിയായി സ്വയം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. 


 എഴുതുന്നത് എത്ര നല്ലതാണെന്ന് എന്നെ പഠിപ്പിച്ച മറ്റൊരു അനുഭവം കൂടിയായി മാറി ഇത്.  എനിക്ക് ഒരാൾ പകർന്നു തന്ന വെളിച്ചം 12 പേരിലേക്ക് കൂടെ എത്തിയെന്ന് എനിക്ക് ബോധ്യപ്പെട്ട നിമിഷങ്ങൾ, എത്ര മനസ്സു നിറയ്ക്കുന്നതായിരുന്നുവെന്നത് വാക്കുകളിൽ വിവരിക്കാൻ വയ്യ. 


 മാപ്പ് നൽകേണ്ടത് ഒരിക്കലും ഒരാവശ്യമായി കരുതാതിരുന്ന ഞാനാണ് ഈ പക്വതയിലേക്ക് എത്തിയത്. മറ്റു 12 പേരെ കൂടെ, മനസമാധാനത്തിലേക്കുള്ള വെളിച്ചവും വഴികാട്ടിയുമായി മാറിയതിൽ അഭിമാനം ഉണ്ട്.

 അവരുടെ രഹസ്യങ്ങളോ, വേദനയോ അല്ലെങ്കിൽ അവരുടെ ആത്മാവിനെ തന്നെ തുറന്നു വയ്ക്കലാണ് എന്റെ മുമ്പിൽ ചെയ്തത് എന്ന് എനിക്കറിയാം. അതു കൊണ്ട് അവരുടെ പേര് ഇവിടെ മെൻഷൻ ചെയ്യാൻ വയ്യ 


ആരെയും പാഠം പഠിപ്പിക്കാൻ വേണ്ടി മാപ്പ് കൊടുക്കാതിരിക്കുകയോ വൈരാഗ്യം തീർക്കുകയും ചെയ്യുന്നതിൽ ഒരു അർത്ഥവുമില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതു നമ്മളിൽ കൂടുതൽ ഭാരം നിറയ്ക്കുന്നു എന്നും പകരം നമ്മൾ പാഠം പഠിച്ചു കൊണ്ട് അവരെ മനസ്സിലാക്കിക്കൊണ്ട് അവരോട് വൈരാഗ്യം ഇല്ലാതെ മുന്നോട്ടുപോകുന്നത് നിത്യശാന്തത തരുന്നു എന്നത്, 

എനിക്ക് ഒരാൾ പകർന്നു തന്നത് ജീവിച്ചിരിക്കും വരെ കൂടെയുണ്ടാകും എന്നെനിക്ക് മനസ്സിലാകുന്നുണ്ട്. 


 ചുറ്റുമുള്ളവരിലേക്കുള്ള വെളിച്ചമായി ആ എഴുത്ത് മാറിയതോടെ, എനിക്ക് പകർന്നു കിട്ടിയ വെളിച്ചം,  വീണ്ടും എത്രയോ ഇരട്ടിയാക്കിരിക്കുന്നു എന്നോർത്ത് ആ മനുഷ്യനോട് ഈ നവവത്സരത്തിൽ വീണ്ടും  കടപ്പെട്ടിരിക്കുന്നു


 ഈ ചെറിയ ജീവിതത്തിൽ നമുക്ക് മറ്റൊരാളെ അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചു അവരുടെ വീഴ്ചകളിൽ അവർ എങ്ങനെ പെരുമാറിയെന്നും, അതേ അവസ്ഥയിൽ നമ്മൾ ആയിരിക്കുമ്പോൾ നമ്മൾ എങ്ങനെ പെരുമാറുമെന്നും തിരിച്ചറിയാനും വിശകലനം ചെയ്യാനും നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്ന മാനസിക പ്രക്രിയയിലേക്ക്  എല്ലാവരെയും 2026 നയിക്കട്ടെ എന്നാശംസിക്കുന്നു. 


എല്ലാവർക്കും യഥാർത്ഥ ശാന്തതയിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന നവവത്സരം നേരുന്നു.

ഗൗരീനാഥൻ.

Monday, 29 December 2025

ഇല ഞരമ്പുകളിലെ യുഗങ്ങൾ

 



നനുനനെ മഴ പൊടിയുമ്പോഴായിരുന്നു സീമയ്ക്ക് ഒപ്പം കാര്യവട്ടം ക്യാമ്പസ് കറങ്ങാൻ ഇറങ്ങിയത്. സീമ അവിടത്തെ മൂന്നു ഡയറക്ടർ പോസ്റ്റിൽ ഇരിക്കുന്ന ആൾ ഒക്കെയാണ് കേട്ടോ.

ഇരുൾ നിറഞ്ഞ കാവുകൾക്കിടയിലൂടെ പുരാതനമായത് എന്തോ തേടി നടന്ന പോലെയുള്ള ഒരു യാത്രയായിരുന്നത്. 

കാട് പിടിച്ച കാമ്പസ്സിനുള്ളിൽ ചെറിയ, ചെറിയ ക്വാർട്ടേഴ്സുകൾ. പണ്ടെങ്ങോ കേരളത്തിലെ കാടുകൾ ചുറ്റി നടന്ന ഓർമ്മയിലേക്ക് അതെന്നെ തള്ളി വിട്ടു. 

എന്നും കാടുകളെനിക്ക് അപാരമായ ശാന്തി തന്നിരുന്നു. കാടുകളിൽ ജോലി ചെയ്തെനിക്ക് വന്യമായ കുറെ ജീനുകൾ കൂടെ കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. അത് കൊണ്ടാകാം കാടെന്ന് തോന്നിപ്പിക്കുന്ന ഈ സ്ഥലവും എനിക്ക് ശാന്തി തരുന്നുണ്ട്.

 സീമ പറഞ്ഞു നിനക്ക് കാണിക്കാൻ ഒരു പ്രത്യേക സ്ഥലം കൂടെയുണ്ട്, ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി ആയിരുന്നു ആ മനോഹരമായ സ്ഥലം.

 ചെരുപ്പുകൾ പുറത്തു ഊരി വെച്ച് അതീവ കരുതലോടെയാണ് അതിനകത്തേക്ക് നമ്മളെ കയറ്റിയത്. 

തിരുവിതാംകൂർ രാജകൊട്ടാരത്തിൽ നിന്നും അവരുടെ ഔദ്യോഗിക രേഖകൾ ഒഴിവാക്കി സാഹിത്യം വിജ്ഞാനം കവിത ഗണിതം എന്നതെല്ലാം എഴുതി സൂക്ഷിച്ചിരിക്കുന്ന താലിയോലക്കെട്ടുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള വീടുകളിൽ നിന്ന് ശേഖരിച്ചവയും കൂടെയുണ്ട്

നൂറ്റാണ്ടുകൾ താണ്ടിയവ, ആരോ പറിച്ചെടുത്ത് മഞ്ഞളിൽ പുഴുങ്ങി പാകപ്പെടുത്തിയെടുത്ത താളിയോലക്കെട്ടുകൾ പഴമയുടെ പ്രൗഢിയോടെ നിരന്നിരിക്കുന്നു.    പഴമയുടെ പ്രൗഢിക്ക് മാറ്റ് കൂട്ടാൻ പുൽതൈലത്തിന്റെ മണവും. 

ഇലകളിൽ കൊത്തിയ കഥകളും കവിതകളും ഗണിതവും, കാലം കുറിച്ച മുറിവ് പോലെ നിൽക്കുന്നു. 

ഇല ഞരമ്പുകളിൽ ഏതോ ഹൃദയത്തിൽ പരന്ന തീയുണ്ടാകാം, സ്വപ്നം ഉണ്ടാകാം, അറിവുണ്ടാകാം, വിദ്യയുണ്ടാകാം. അന്നത് എഴുതി ഉണ്ടാക്കിയ കൈകളെല്ലാം മണ്ണിലലിഞ്ഞു പോയിട്ട് കാലം ഏറെയായിട്ടും ആ യുഗത്തിന്റെ ഓർമ്മകൾ മുഴുവൻ മരിക്കാതെ നിൽക്കുന്നു. 

പഴയ ഓർമ്മകൾ, പാട്ടുകൾ, പ്രാർത്ഥനകൾ എല്ലാം ഈ ഇലകളിൽ ജീവൻ പോലെ തന്നെയാണല്ലോ തുടിക്കുന്നത് എന്ന് ഓർത്തെനിക്ക് കോരിത്തരിച്ചു.

 ഒന്നിൽ ഞാൻ ഒന്ന് പതുക്കെ സ്പർശിച്ചു നോക്കി, പിന്നിൽ എത്രയോ ജന്മങ്ങൾ അതിൽ തൊട്ടിരിക്കാം,  അവിടെയാണല്ലോ ഞാനും തൊടുന്നതെന്നോർത്തു സന്തോഷം തോന്നി. 

 മഷി മങ്ങാത്ത താളിയോലകളിൽ കാലത്തിന്റെ ഒരു വലിയ നിധി തന്നെയാണ് തുടിക്കുന്നത്. ഒരിക്കലെങ്കിലും പോയി കാണേണ്ട കാഴ്ചയാണത്.

 താളിയോലയിൽ എഴുതുമ്പോൾ തെളിയില്ലത്രേ 

പിന്നീട് കരികൊണ്ടുള്ള ചില പ്രക്രിയയിലൂടെ കടത്തി വിടുമ്പോഴാണ് അക്ഷരങ്ങൾ തെളിയുക.

തെറ്റില്ലാതെ എഴുതുക എന്നല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലന്ന്. വെട്ടുകയോ മായ്ക്കുകയോ ചെയ്യാനാകാത്ത കാലം

 ഇന്ന് നമ്മളേത്ര തെറ്റിക്കുന്നു! മായ്കുന്നു.

ഊഹിക്കാൻ ആകാത്ത അത്രയും! 

 മലയാളം അതിന്റെ ശൈശവത്തെയും ബാല്യത്തെയും യൗവനത്തെയും കടന്ന് കാലം കൊണ്ട് പക്വത നേടുന്നത് നമുക്ക് സ്പർശിച്ചറിയാം. 

 പഴക്കമുള്ള താളിയോലകളിലെ ഭാഷ വായിക്കാൻ വയ്യ

 നൂറു കൊല്ലം മുൻപുള്ളവ നമുക്ക് മനസ്സിലാകും. 

ഇതെല്ലാം പറഞ്ഞു തരാനും അതിൽ ഡോക്റ്ററേറ്റ് എടുത്ത വിദഗ്ദരും കൂടെയുണ്ട്.

ഒരിക്കലെങ്കിലും കാണേണ്ട സ്ഥലമാണ്. അത്രക്ക് മനോഹരം, അനുഭവം പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത അത്രയും രസമുണ്ട്. 

കാലത്തെ ഘനീഭവിച്ചു ഉറകുത്താതെ പ്രൌഡിയോടെ നമുക്ക് അനുഭവിക്കാം.

Photo courtesy :Oreintal reserach institute and manuscript library web

Saturday, 13 December 2025

മിയ കിളിയും ഞാനും പിന്നെ ഞങ്ങളുടെ ഡിപ്രഷനും

 


മിയ ഞങ്ങളുടെ കിളി പെണ്ണാണ്. ലോക്ക് ഡൌൺ കാലത്ത്, മോൾടെ നിർബന്ധത്തിനു വാങ്ങിയ ഗ്രീൻ വയലറ്റ് ലവ് ബേർഡ്സിൽ ഒരാളാണ് മിയ , കാര്യം ഗ്രീൻ വയലറ്റ് എന്നൊക്കെയാണ് പേരെങ്കിലും, അവൾക്ക് ശരിക്കും നീല നിറമാണ്. ഞങ്ങളുടെ നടുമുറ്റത്ത് വളരുന്ന അമ്മിണി കുട്ടി എന്ന മരവും ചെടികളും ആയി നല്ല പച്ചപ്പാണ്, അവിടെ ഇവരെ  പറക്കാൻ വിട്ട ഒരു ദിവസം, അവളുടെ ഇണയായ ആൺ കിളി പുറത്തേക്ക് പറന്നു പോയിരുന്നു. മനുഷ്യരോട് ഇണക്കമില്ലെങ്കിലും അവർ രണ്ടുപേരും അവിടെ പറന്നു നടക്കുമായിരുന്നു അതിനിടയിൽ ആരോ ഗ്രിൽ തുറന്നപ്പോഴാണ് കിളി പുറത്തേക്ക് പോയത്. ഇത്തരം കിളികൾ പുറത്ത് സർവൈവ് ചെയ്യാൻ സാധ്യതയില്ല എന്നാണ് പറയപ്പെടുന്നത്. അത് കൊണ്ട് ആ കിളി ചത്ത് പോയി കാണണം .

കൗമാരത്തിന്റെ കിറുക്കുകളിലേക്ക് കാലെടുത്തു വെച്ച ഇവിടുത്തെ മനുഷ്യകുട്ടിയുടെ മാറ്റവും , മനുഷ്യനോട് ഒട്ടും  ഇണക്കം കൂടെ ഇല്ലാതെ  ആയപ്പോൾ അവൾക്കും കിളിയെ  പതിയെ മടുത്തു തുടങ്ങിയിരുന്നു. 

ഒറ്റയ്ക്ക് ആയിപ്പോയ മിയക്കിളിക്ക് കൂട്ട് പിന്നെ ഞാനായിരുന്നു, എനിക്കാണെങ്കിൽ സംസാരിക്കാൻ കിളിയോ മരമോ പുല്ലോ പുൽച്ചാടിയോ മതിയെന്നതാണ് സത്യം, ഇടയ്ക്കിടെ മുകളിൽ ചെന്ന് അവളോട് വിശേഷം പറയും. അവൾക്ക് കടിച്ചു കളിക്കാൻ ഇലകൾ കൊടുക്കും, ഇഷ്ടമുള്ള സീഡ്സ് കൊടുക്കും, നിറയെ വിശേഷങ്ങൾ പറയും താഴെയിരുന്നാലും മുകളിലേക്ക് ശൂ ശൂ ... എന്ന് വിളിച്ചു അവളോടെന്തെങ്കിലും പറഞ്ഞു കൊണ്ടേയിരിക്കും. പല തരം കിളി ചിലപ്പിലൂടെ, തല ചെരിച്ചെന്നെ നോക്കിയും അവളതിനു മറുപടികൾ തരും. ഞാനത് മൊഴിമാറ്റി ഉത്തരവും പറയും. ഞാനോ ആമിയോ പുറത്ത് നിന്ന് വരുന്നത് കണ്ടാൽ ചിറക് വിടർത്തി ഒരു സംന്തോഷപ്രകടനവും കൂടെയുണ്ട്. അങ്ങനെ അവൾ ഒറ്റക്കല്ലെന്നും ഞങ്ങൾ ഒരുമിച്ചാണെന്നും ഞാൻ ഉറപ്പു വരുത്തി കൊണ്ടിരുന്നു .

എന്നാലും ഒറ്റയ്ക്കായി പോയ ആ പാവത്തിന് ഞാൻ തന്നെയായിരുന്നു അടുത്ത കൂട്ടുകാരി എനിക്ക് മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു .

അങ്ങനെയിരിക്കെയാണ്, ഈയടുത്ത് എനിക്ക് ഒരു മൈൽഡ് ഡിപ്രഷൻ വന്നത്. സദാ നെഞ്ചിൽ ഒരു ചിത എരിയും പോലെ എന്തോ എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ആവശ്യമില്ലാത്ത സങ്കടങ്ങൾ, ഉത്കണ്ഠകൾ, വേദനകൾ, ഓർമ്മകൾ, വിഷമങ്ങൾ ഒക്കെ മാത്രമായി ഞാൻ  . പുറത്തേക്കിറങ്ങാനും മടിയായി. ഡോക്ടറെ കാണിച്ചപ്പോൾ ഡിപ്രഷന്റെ മൈൽഡ് വേർഷൻ ആണത്രേ, പെരിമെനോപോസിന്റേതായിരിക്കാം എന്ന് പറഞ്ഞു. വലിയ ഡിപ്രഷനുകളും മാനസിക പ്രശ്നം ഉള്ളവരെയെല്ലാം ഓർത്ത് എനിക്ക് വളരെ വിഷമം തോന്നി. എന്തായിരിക്കും കഠിനമായ അവസ്ഥയിൽ അവരെ വേട്ടയാടുന്ന വേദനകൾ എന്നോർത്ത് സങ്കടപ്പെട്ടു. 

നിലവിൽ എനിക്ക് ഉണ്ടായിരുന്ന എല്ലാ ഇഷ്ടങ്ങളെയും അത് പറിച്ചു കളഞ്ഞിരുന്നു. ചെയ്തുകൊണ്ടിരുന്ന എല്ലാ പണികളും മടുത്തു, നിറയെ ചെടികൾ വച്ചുപിടിപ്പിച്ചിരുന്ന ഞാൻ ചെടികളെ മര്യാദയ്ക്ക് നോക്കാതെയായി. മിയ കിളിയോട് സംസാരിക്കാറേ ഇല്ല്യ. വീട്ടിലെ സഹായി മുടങ്ങാതെ അവൾക്കുള്ള വെള്ളവും കഴിക്കാനുള്ളതും എടുത്തു കൊടുക്കും, ചെടികൾക്കെല്ലാം വെള്ളമൊഴിക്കും, അമ്മിണി കുട്ടി എന്ന മരമാകട്ടെ തുടരെ ഇല പൊഴിച്ചും പ്രധിഷേധിക്കുന്നുണ്ടായിരുന്നു.

വിവരമറിഞ്ഞ എന്റെ കൂട്ടുകാർ എല്ലാവരും എനിക്ക് ചുറ്റും പലപ്പോഴായി വന്നു. അവരെന്നെ എന്നെ സഹായിച്ചതിന് കണക്കില്ല. ഉറക്കമില്ലാത്ത രാത്രികളിൽ കാനഡയിൽ നിന്ന് രശ്മി വിളിച്ചു എന്റെ ഉറക്കം വരുവോളം സംസാരിക്കും. എല്ലാ ദിവസവും 'എടീ നീ ഓക്കേ അല്ലെ' എന്നും ചോദിച്ചു ബാംഗ്ലൂരിൽ നിന്ന് അനുമോൾ വിളിക്കും. എന്തെങ്കിലും വായിൽ തോന്നിയത് പറഞ്ഞെന്നെ ചിരിപ്പിക്കും. എന്റെ പാർട്ണർ ഓടിയോടി വരും, ഫോണിൽ ഇടയ്ക്കിടെ വിളിക്കും. ചില രാവുകളിൽ ചിലപ്പോൾ രാജും  രമ്യയും വരും. തിരുവന്തപുരം മുഴുവൻ കറങ്ങും, രാത്രികളിലെ ശംഖുമുഖം ബീച്ചും, തുമ്പ ബീച്ചും കണ്ട് കഥ പറഞ്ഞു ഞങ്ങൾ രാവെളുക്കുവോളം നടക്കും. 

 കടൽ തീരത്തിരുന്ന് ചായ കുടിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങളെല്ലാം നടത്തി തന്ന് , കവിത പോലെ സുന്ദരമായ പടങ്ങൾ എടുക്കും. വൈകുന്നേരങ്ങളിൽ നടക്കാൻ പോകും. നമിത ആഴ്ചയിലൊരിക്കലെങ്കിലും വന്നു എവിടെയെങ്കിലും വച്ച് കണ്ടു,  ഞങ്ങൾ തിരുവനന്തപുരം മുഴുവൻ അളക്കും. 

എന്റെ മുഴുവൻ ദൗർബല്യങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കും അവർ കാവലിരുന്നു. എന്റെ സങ്കടകടൽ ഇരമ്പിയാർകുമ്പോൾ, കനത്ത കടൽ ഭിത്തി പോലെ അവരെല്ലാവരും എനിക്കൊപ്പം നിന്നു . പലപ്പോഴും സന്തോഷം കൊണ്ടെനിക്ക് കരച്ചിൽ വരുമായിരുന്നു, ഞാൻ എത്ര ഭാഗ്യം ചെയ്ത ജന്മമാണെന്ന് ഓർത്തെന്റെ ഹൃദയം തുടിക്കുമായിരുന്നു. എനിക്ക് ചുറ്റും എത്ര സ്നേഹം നിറഞ്ഞ ഹൃദയങ്ങൾ ആണെന്ന് ഓർക്കും.

 വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഞാൻ ഇതിനെ റിക്കവർ ചെയ്തു തുടങ്ങി. നെഗറ്റീവ് ആയ, എന്നെ ബുദ്ധിമുട്ടിക്കുന്ന എല്ലാവരെയും, എല്ലാ തരം ജോലികളെയും ഞാൻ ഉപേക്ഷിച്ചിരുന്നു.

അതിനെല്ലാം ശേഷമാണ് ഞാൻ മിയ കിളിയെ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങിയത്. കൊടുക്കുന്ന വെള്ളവും ഭക്ഷണവും അതെ പോലെ ദിവസങ്ങളോളം ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഉണ്ടകുട്ടി ആയിരുന്ന ആ ശരീരം, ഒരു ബ്ലേഡ് പോലെയായിരിക്കുന്നു, തീരെ കനം കുറഞ്ഞിട്ടുമുണ്ട് , പഴയ പോലെ ചിലയ്ക്കലോ വർത്തമാനമോ ഇല്ല. തൂങ്ങി പിടിച്ചിരിപ്പാണ്.

ഞാനോർത്തു, പാവം ഒറ്റയ്ക്കായി പോയതിന്റെ വിഷമമായിരിക്കും. ആമിയുടെ അനുവാദത്തോടെ അവളെ കൊണ്ടുപോയി അടുത്തുള്ള ഒരു കിളികളുടെ പെറ്റ് ഷോപ്പിൽ ഏൽപ്പിച്ചു. അവളെ പോലുള്ള നിറയെ കിളികൾ ഉള്ള ഒരിടം, അവൾക്ക് നിറയെ കൂട്ടുകാരാകുമല്ലോ എന്ന് സമാധാനിച്ചു, എന്റെ വിഷമം ഞാൻ മറികടന്നു. വൈകുന്നേരം ആയപ്പോഴേക്കും കടക്കാരൻ വിളിച്ചിട്ട് പറഞ്ഞു ഈ കിളി ഇവിടെ അതിജീവിക്കുമെന്ന് തോന്നുന്നില്ല, നിങ്ങളതിനെ തിരിച്ചുകൊണ്ടുപോകൂ എന്ന്. അവൾ കഠിനമായ ഡിപ്രഷനിലാണെന്ന്.

ആ കുഞ്ഞു കിളിത്തലയിൽ ഇത്രമാത്രം വിഷാദവും ഓർമ്മകളും ഉണ്ടാകുമോ മനുഷ്യർക്ക് മാത്രമല്ലേ ഡിപ്രഷൻ വരൂ , എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ഞാൻ പെറ്റ് ഷോപ്പിൽ എത്തുമ്പോൾ കണ്ട കാഴ്ച ഹൃദയം തകർക്കുന്നതായിരുന്നു

ഇടതു ചിറകിനടിയിൽ സ്വന്തം തല ഒളിപ്പിച്ച്, ഒരു ഉരുള പോലെ മറ്റു കിളികളോട് ഒന്നും കൂട്ടുകൂടാതെ, കൂടിന് ഒരറ്റത്ത് ഒറ്റയ്ക്ക് ചുരുണ്ടുകൂടി ഇരിക്കുന്നുണ്ടായിരുന്നവൾ . എന്റെ ശബ്ദം കേട്ട ഉടനെ തല ഉയർത്തി നോക്കി, പിന്നെ ചിറകു വിരിച്ചു സന്തോഷപ്രകടനമായിരുന്നു.

ഇപ്പോഴവളെ താഴെ നടുമുറ്റത്ത് കൂട്ടിലിട്ടു കാരണം അഴിച്ചുവിട്ടാൽ പറക്കാൻ മാത്രമുള്ള ആരോഗ്യം ഒന്നുമില്ല നെഞ്ചിപ്പോഴും ശരിക്കും ഒരു ബ്ലേഡ് പോലെ കൂർത്ത് നിൽക്കുക തന്നെയാണ്. അറിയാവുന്ന വെറ്റിനോട് സംസാരിച്ചപ്പോൾ കിളികൾക്കും ഇത്തരം അവസ്ഥ ഉണ്ടത്രേ.

അവളുടെ ഡിപ്രഷൻ കുറയ്ക്കാനായി ഞാൻ പഴയ പോലെ അവളോട് സംസാരിക്കാൻ തുടങ്ങി. ആമിയും വന്നിരുന്ന സംസാരിക്കും , ഞങ്ങളുടെ വീട്ടിൽ വന്നു പോകുന്ന വിരുന്നുകാരും ഇപ്പോഴവളോട് സംസാരിക്കാൻ തുടങ്ങി.

ഇപ്പോൾ പഴയ പോലെ വെള്ളം കുടിക്കാൻ തുടങ്ങി, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി. കിളി ചിലപ്പുകൊണ്ട് വീടകം നിറയാൻ തുടങ്ങിയിട്ടുണ്ട്. ചിലപ്പോൾ കല പില പറച്ചിൽ ഭീഷണിപ്പെടുത്തി നിർത്തേണ്ടി വരുന്നുണ്ടിപ്പോൾ . ആരോഗ്യമായിട്ട് വേണം അവളെ വീണ്ടും നടുമുറ്റത്ത് അഴിച്ചു വിടാൻ.

പാവം ജീവികൾ മനുഷ്യനുവേണ്ടി വളർത്തിയെടുത്ത് മനുഷ്യരില്ലാതെ ജീവിക്കാൻ ആകാതെയായി. അവളോട് പറഞ്ഞിട്ടുണ്ട്, നിന്റെ കുഞ്ഞി തലയിൽ ഇത്രയും സ്നേഹവും ഓർമ്മയും വിഷാദമൊന്നും വേണ്ടാട്ടോ എന്ന് എല്ലാം കളഞ്ഞേക്കൂ, ഒരാളെയും മതിമറന്നു സ്നേഹിച്ചു, മനുഷ്യനെ പോലെയായി ഒരുപാടൊന്നും ബുദ്ധിമുട്ടരുതെന്ന് . എന്റെ അശ്രദ്ധയിലുള്ള കുറ്റബോധം ഇപ്പോഴും വിട്ടിട്ടില്ലെങ്കിലും അവളുടെ മാറ്റം മനസ്സു നിറയ്ക്കുന്നതാണ്.