Monday, 29 December 2025

ഇല ഞരമ്പുകളിലെ യുഗങ്ങൾ

 



നനുനനെ മഴ പൊടിയുമ്പോഴായിരുന്നു സീമയ്ക്ക് ഒപ്പം കാര്യവട്ടം ക്യാമ്പസ് കറങ്ങാൻ ഇറങ്ങിയത്. സീമ അവിടത്തെ മൂന്നു ഡയറക്ടർ പോസ്റ്റിൽ ഇരിക്കുന്ന ആൾ ഒക്കെയാണ് കേട്ടോ.

ഇരുൾ നിറഞ്ഞ കാവുകൾക്കിടയിലൂടെ പുരാതനമായത് എന്തോ തേടി നടന്ന പോലെയുള്ള ഒരു യാത്രയായിരുന്നത്. 

കാട് പിടിച്ച കാമ്പസ്സിനുള്ളിൽ ചെറിയ, ചെറിയ ക്വാർട്ടേഴ്സുകൾ. പണ്ടെങ്ങോ കേരളത്തിലെ കാടുകൾ ചുറ്റി നടന്ന ഓർമ്മയിലേക്ക് അതെന്നെ തള്ളി വിട്ടു. 

എന്നും കാടുകളെനിക്ക് അപാരമായ ശാന്തി തന്നിരുന്നു. കാടുകളിൽ ജോലി ചെയ്തെനിക്ക് വന്യമായ കുറെ ജീനുകൾ കൂടെ കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. അത് കൊണ്ടാകാം കാടെന്ന് തോന്നിപ്പിക്കുന്ന ഈ സ്ഥലവും എനിക്ക് ശാന്തി തരുന്നുണ്ട്.

 സീമ പറഞ്ഞു നിനക്ക് കാണിക്കാൻ ഒരു പ്രത്യേക സ്ഥലം കൂടെയുണ്ട്, ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി ആയിരുന്നു ആ മനോഹരമായ സ്ഥലം.

 ചെരുപ്പുകൾ പുറത്തു ഊരി വെച്ച് അതീവ കരുതലോടെയാണ് അതിനകത്തേക്ക് നമ്മളെ കയറ്റിയത്. 

തിരുവിതാംകൂർ രാജകൊട്ടാരത്തിൽ നിന്നും അവരുടെ ഔദ്യോഗിക രേഖകൾ ഒഴിവാക്കി സാഹിത്യം വിജ്ഞാനം കവിത ഗണിതം എന്നതെല്ലാം എഴുതി സൂക്ഷിച്ചിരിക്കുന്ന താലിയോലക്കെട്ടുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള വീടുകളിൽ നിന്ന് ശേഖരിച്ചവയും കൂടെയുണ്ട്

നൂറ്റാണ്ടുകൾ താണ്ടിയവ, ആരോ പറിച്ചെടുത്ത് മഞ്ഞളിൽ പുഴുങ്ങി പാകപ്പെടുത്തിയെടുത്ത താളിയോലക്കെട്ടുകൾ പഴമയുടെ പ്രൗഢിയോടെ നിരന്നിരിക്കുന്നു.    പഴമയുടെ പ്രൗഢിക്ക് മാറ്റ് കൂട്ടാൻ പുൽതൈലത്തിന്റെ മണവും. 

ഇലകളിൽ കൊത്തിയ കഥകളും കവിതകളും ഗണിതവും, കാലം കുറിച്ച മുറിവ് പോലെ നിൽക്കുന്നു. 

ഇല ഞരമ്പുകളിൽ ഏതോ ഹൃദയത്തിൽ പരന്ന തീയുണ്ടാകാം, സ്വപ്നം ഉണ്ടാകാം, അറിവുണ്ടാകാം, വിദ്യയുണ്ടാകാം. അന്നത് എഴുതി ഉണ്ടാക്കിയ കൈകളെല്ലാം മണ്ണിലലിഞ്ഞു പോയിട്ട് കാലം ഏറെയായിട്ടും ആ യുഗത്തിന്റെ ഓർമ്മകൾ മുഴുവൻ മരിക്കാതെ നിൽക്കുന്നു. 

പഴയ ഓർമ്മകൾ, പാട്ടുകൾ, പ്രാർത്ഥനകൾ എല്ലാം ഈ ഇലകളിൽ ജീവൻ പോലെ തന്നെയാണല്ലോ തുടിക്കുന്നത് എന്ന് ഓർത്തെനിക്ക് കോരിത്തരിച്ചു.

 ഒന്നിൽ ഞാൻ ഒന്ന് പതുക്കെ സ്പർശിച്ചു നോക്കി, പിന്നിൽ എത്രയോ ജന്മങ്ങൾ അതിൽ തൊട്ടിരിക്കാം,  അവിടെയാണല്ലോ ഞാനും തൊടുന്നതെന്നോർത്തു സന്തോഷം തോന്നി. 

 മഷി മങ്ങാത്ത താളിയോലകളിൽ കാലത്തിന്റെ ഒരു വലിയ നിധി തന്നെയാണ് തുടിക്കുന്നത്. ഒരിക്കലെങ്കിലും പോയി കാണേണ്ട കാഴ്ചയാണത്.

 താളിയോലയിൽ എഴുതുമ്പോൾ തെളിയില്ലത്രേ 

പിന്നീട് കരികൊണ്ടുള്ള ചില പ്രക്രിയയിലൂടെ കടത്തി വിടുമ്പോഴാണ് അക്ഷരങ്ങൾ തെളിയുക.

തെറ്റില്ലാതെ എഴുതുക എന്നല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലന്ന്. വെട്ടുകയോ മായ്ക്കുകയോ ചെയ്യാനാകാത്ത കാലം

 ഇന്ന് നമ്മളേത്ര തെറ്റിക്കുന്നു! മായ്കുന്നു.

ഊഹിക്കാൻ ആകാത്ത അത്രയും! 

 മലയാളം അതിന്റെ ശൈശവത്തെയും ബാല്യത്തെയും യൗവനത്തെയും കടന്ന് കാലം കൊണ്ട് പക്വത നേടുന്നത് നമുക്ക് സ്പർശിച്ചറിയാം. 

 പഴക്കമുള്ള താളിയോലകളിലെ ഭാഷ വായിക്കാൻ വയ്യ

 നൂറു കൊല്ലം മുൻപുള്ളവ നമുക്ക് മനസ്സിലാകും. 

ഇതെല്ലാം പറഞ്ഞു തരാനും അതിൽ ഡോക്റ്ററേറ്റ് എടുത്ത വിദഗ്ദരും കൂടെയുണ്ട്.

ഒരിക്കലെങ്കിലും കാണേണ്ട സ്ഥലമാണ്. അത്രക്ക് മനോഹരം, അനുഭവം പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത അത്രയും രസമുണ്ട്. 

കാലത്തെ ഘനീഭവിച്ചു ഉറകുത്താതെ പ്രൌഡിയോടെ നമുക്ക് അനുഭവിക്കാം.

Photo courtesy :Oreintal reserach institute and manuscript library web

No comments: