Wednesday, 31 December 2025

നവവത്സര ആശംസകൾ 2026

 പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് എന്തിനാണ് ഫേസ്ബുക്കിൽ ഇങ്ങനെ തുറന്നെഴുതുന്നതെന്ന്.  ആളുകളുടെ ശ്രദ്ധ കിട്ടാനല്ലേ, എഴുത്തുകാരിയായി അറിയപ്പെടാനല്ലേ എന്ന് തുടങ്ങി പല തരത്തിൽ ചോദ്യങ്ങളുണ്ടായിട്ടുണ്ട്.


ഞാൻ സ്വയവും ചോദിച്ചിട്ടുണ്ട് എന്തിനാണെന്ന്. എഴുത്തുകാരിയാവുക എന്നതിനേക്കാളും ചുറ്റുമുള്ളവരോട് സംവദിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ആനന്ദമുണ്ട് അതിനാണ് എഴുതുന്നതെന്നാണ്  തോന്നാറുള്ളത്.

അതെ പോലെ തന്നെ വ്യക്തിപരമായ സ്വകാര്യത എന്ന് പറയുന്നത് വെറും ഒരു സങ്കല്പമാണെന്നും നമ്മൾ വിചാരിക്കും പോലെ നമ്മളാരും സ്വകാര്യമല്ലെന്നും(private) ഉറച്ച വിശ്വാസവും എനിക്കുണ്ട് . 

കാരണം കടന്നു പോന്ന ജീവിതവഴിയിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ, ഹാനികരമായോ, ഹിതകരമായോ സ്വാധീനം ചെലുത്തിയ എത്രയോ ജന്മങ്ങൾ ഈ ഭൂമിയിലുണ്ട് അവരിൽ ആരെങ്കിലും ഒരാൾ പേനയെടുത്താൽ,  നാവാടിയാൽ പോകാവുന്ന സ്വകാര്യതയോ സ്വീകാര്യതയൊ മാത്രമേ നമുക്കൊക്കെ ഉള്ളൂ

പോരാത്തതിന്,  വ്യക്തിപരം എന്ന് ഞാൻ കരുതുന്നതെല്ലാം എന്റെ രാഷ്ട്രീയം കൂടെയാണ്. നീതിയിലേക്കുള്ള വഴി കൂടെയാണ്. 


 ചിലപ്പോൾ രാഷ്ട്രീയം പറയാൻ, ചിലപ്പോൾ ഫെമിനിസം പറയാൻ, ചിലപ്പോൾ ജെൻഡർ ഈക്വാളിറ്റി പറയാൻ, ചിലപ്പോൾ എന്റെ മാനസിക സംഘർഷങ്ങൾ പറയാൻ,  കടന്നുപോയ വഴി ആർക്കെങ്കിലും പ്രചോദനമാകുമെന്ന് തോന്നലിൽ കടന്നു പോന്ന കടമ്പകൾ പറയാൻ, ചിലപ്പോൾ സങ്കടങ്ങൾ പറയാൻ, സന്തോഷങ്ങൾ പകരാൻ...എല്ലാം ഞാൻ ഇവിടം ഉപയോഗിക്കുന്നുണ്ട്.


അപരിചിതരായ നിങ്ങളുടെയൊക്കെ തോളിൽ തലചായ്ച്ചുകൊണ്ട്, ചിലപ്പോൾ കൈകോർത്തു പിടിച്ചു കൊണ്ട് ജീവിത കുതിപ്പ് നടത്താൻ എല്ലാം ഫേസ്ബുക്ക് പേജ് ഉപയോഗിക്കുന്നുണ്ട് അല്ലെങ്കിൽ എഴുത്ത് ഉപയോഗിക്കുന്നുണ്ട്


പറഞ്ഞു വന്നത് എന്താണെന്നറിയാമോ, 

 ഞാൻ അച്ഛനെക്കുറിച്ച് എഴുതിയ,  അച്ഛനോട് ഞാനെങ്ങനെ മാപ്പു കൊടുത്തു എന്ന് എഴുതിയ പോസ്റ്റ് വായിച്ച, പന്ത്രണ്ടോളം പേർ ഇൻബോക്സിൽ വന്ന് അവരുടെ അനുഭവങ്ങൾ എന്നോട് പങ്കുവെക്കുകയുണ്ടായി.


ചിലർ അപരിചിതരായിരുന്നു, ചിലർ പരിചിതരായിരുന്നു.  ഞാൻ കടന്നുപോയതിന്റെ ഏറിയും കുറഞ്ഞുമുള്ള അനുഭവങ്ങളിലൂടെ കടന്നുപോയ ചില ആത്മാക്കൾ ആയിരുന്നു അവർ.

  മാപ്പ് കൊടുക്കണമെന്നു ആഗ്രഹമുള്ളവർ ആയിരുന്നു അവരെല്ലാവരും .  മാപ്പ് കൊടുക്കാൻ സാധിക്കാത്തതിൽ ഉള്ള മാനസിക വ്യഥകളും അവർ എന്നോട് തുറന്നു പറഞ്ഞു. 


എനിക്ക് ഒരു കാര്യത്തിൽ വളരെ സമാധാനം തോന്നി. ആ എഴുത്ത് വായിച്ചതിനുശേഷം അവരിൽ ഈ 12 പേരും മാപ്പ് നൽകി, സമാധാനത്തിന്റെ ആദ്യപടിയിലോ അല്ലെങ്കിൽ മാപ്പ് നൽകേണ്ടത് അവർക്കുള്ള സമാധാനത്തിലേക്കുള്ള ഒരു വഴിയായി സ്വയം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. 


 എഴുതുന്നത് എത്ര നല്ലതാണെന്ന് എന്നെ പഠിപ്പിച്ച മറ്റൊരു അനുഭവം കൂടിയായി മാറി ഇത്.  എനിക്ക് ഒരാൾ പകർന്നു തന്ന വെളിച്ചം 12 പേരിലേക്ക് കൂടെ എത്തിയെന്ന് എനിക്ക് ബോധ്യപ്പെട്ട നിമിഷങ്ങൾ, എത്ര മനസ്സു നിറയ്ക്കുന്നതായിരുന്നുവെന്നത് വാക്കുകളിൽ വിവരിക്കാൻ വയ്യ. 


 മാപ്പ് നൽകേണ്ടത് ഒരിക്കലും ഒരാവശ്യമായി കരുതാതിരുന്ന ഞാനാണ് ഈ പക്വതയിലേക്ക് എത്തിയത്. മറ്റു 12 പേരെ കൂടെ, മനസമാധാനത്തിലേക്കുള്ള വെളിച്ചവും വഴികാട്ടിയുമായി മാറിയതിൽ അഭിമാനം ഉണ്ട്.

 അവരുടെ രഹസ്യങ്ങളോ, വേദനയോ അല്ലെങ്കിൽ അവരുടെ ആത്മാവിനെ തന്നെ തുറന്നു വയ്ക്കലാണ് എന്റെ മുമ്പിൽ ചെയ്തത് എന്ന് എനിക്കറിയാം. അതു കൊണ്ട് അവരുടെ പേര് ഇവിടെ മെൻഷൻ ചെയ്യാൻ വയ്യ 


ആരെയും പാഠം പഠിപ്പിക്കാൻ വേണ്ടി മാപ്പ് കൊടുക്കാതിരിക്കുകയോ വൈരാഗ്യം തീർക്കുകയും ചെയ്യുന്നതിൽ ഒരു അർത്ഥവുമില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതു നമ്മളിൽ കൂടുതൽ ഭാരം നിറയ്ക്കുന്നു എന്നും പകരം നമ്മൾ പാഠം പഠിച്ചു കൊണ്ട് അവരെ മനസ്സിലാക്കിക്കൊണ്ട് അവരോട് വൈരാഗ്യം ഇല്ലാതെ മുന്നോട്ടുപോകുന്നത് നിത്യശാന്തത തരുന്നു എന്നത്, 

എനിക്ക് ഒരാൾ പകർന്നു തന്നത് ജീവിച്ചിരിക്കും വരെ കൂടെയുണ്ടാകും എന്നെനിക്ക് മനസ്സിലാകുന്നുണ്ട്. 


 ചുറ്റുമുള്ളവരിലേക്കുള്ള വെളിച്ചമായി ആ എഴുത്ത് മാറിയതോടെ, എനിക്ക് പകർന്നു കിട്ടിയ വെളിച്ചം,  വീണ്ടും എത്രയോ ഇരട്ടിയാക്കിരിക്കുന്നു എന്നോർത്ത് ആ മനുഷ്യനോട് ഈ നവവത്സരത്തിൽ വീണ്ടും  കടപ്പെട്ടിരിക്കുന്നു


 ഈ ചെറിയ ജീവിതത്തിൽ നമുക്ക് മറ്റൊരാളെ അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചു അവരുടെ വീഴ്ചകളിൽ അവർ എങ്ങനെ പെരുമാറിയെന്നും, അതേ അവസ്ഥയിൽ നമ്മൾ ആയിരിക്കുമ്പോൾ നമ്മൾ എങ്ങനെ പെരുമാറുമെന്നും തിരിച്ചറിയാനും വിശകലനം ചെയ്യാനും നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്ന മാനസിക പ്രക്രിയയിലേക്ക്  എല്ലാവരെയും 2026 നയിക്കട്ടെ എന്നാശംസിക്കുന്നു. 


എല്ലാവർക്കും യഥാർത്ഥ ശാന്തതയിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന നവവത്സരം നേരുന്നു.

ഗൗരീനാഥൻ.

No comments: