Friday 31 December 2010

മെഹ്റാം ഘട്ട്

ഓരോ യാത്രയും ഓരോ സംസ്ക്കാരത്തിലേക്കുള്ള കടന്നു ചെല്ലലാണ്. അത് അവിടത്തെ പഴയ കൊട്ടാരക്കെട്ടുകളിലേക്കാണങ്കില്‍ ആ സംസ്ക്കാരത്തിന്റെ ചരിത്രത്തിലല്‍പ്പം ജീവിക്കലും കൂടിയാകും. അത് കൊണ്ട് തന്നെ യാത്രകളിലൊരിടത്തും പഴയ കൊട്ടാരങ്ങള്‍ ഒഴിവാക്കാറില്ല. പഴമയുടെ സൌന്ദര്യം മാത്രമല്ല പണ്ടെങ്ങോ പറഞ്ഞ് കേട്ടിട്ടുണ്ടാകാനിടയുള്ള പഴംകഥകളുടെ യഥാര്‍ത്ഥകഥ നമ്മുടെ ഉള്‍മനസ്സ് തിരിച്ചറിയും..അത് തന്നെ വലിയ ഒരു യാത്രാനുഭവമാണ്.



ഇത് മെഹ്‌റാം ഘട്ടിലെക്കുള്ള യാത്രയാണ്. വഴിയുടെ പകുതിയിലേ കണ്ടു ചുറ്റും കെട്ടിപൊക്കിയിരിക്കുന്ന മതിലിനുള്ളില്‍ വലിയ പാറക്കെട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മെഹ്‌റാം ഘട്ട്.
സൂര്യന്‍ എന്നര്‍ത്ഥം വരുന്ന മിഹിര്‍, കോട്ട എന്നര്‍ത്ഥമുള്ള ഘട്ട് എന്ന രണ്ട് സംസ്ക്കൃത വാക്കില്‍ നിന്നാണ് സൂര്യന്റെ കോട്ടയെന്ന മെഹ്‌റാം ഘട്ടിന്റെ ഉത്ഭവം..(ജോദ്പൂര്‍ നഗരം സൂര്യനഗരമെന്നും ബ്ലൂസിറ്റിയെന്ന പേരിലും അറിയപെടാറുണ്ട്.)
ഈ കോട്ട സ്ഥിതി ചെയ്യുന്നത് നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ്. പണ്ടത്തെ കാലത്ത് ശത്രുക്കളുടെ നീക്കം അകലെ നിന്നേ തിരിച്ചറിയാനായിരുന്നത്രെ ഇത്തരം സ്ഥലങ്ങളില്‍ കോട്ടകള്‍ പണിതിരുന്നത്. ഏഴു വലിയ ഗേറ്റുകള്‍ കടന്ന് വേണം കൊട്ടാരത്തിനകത്തേക്ക് പ്രവേശിക്കാനെന്നു ആദ്യമേ കേട്ടിരുന്നു. ഈ ഓരോ ഗേറ്റും ഓരോ കാലത്തെ രാജാക്കന്മാരുടെ വിജയങ്ങളുടെ ഓര്‍മ്മക്കായാണത്രെ നിര്‍മ്മിച്ചിരിക്കുന്നത്.ഒന്നാമത്തെ ഗേറ്റ് ചുറ്റുമതിലിനോട് ചേര്‍ന്ന് എകദേശം ഒരു കിലോമിറ്ററോളം അപ്പുറമാണ്.

ഒന്നാമത്തെ ഗേറ്റ്
ആ ഗേറ്റും കടന്ന് റാണിസര്‍ താലാബ്(കുളം) ചുറ്റിയാണ് അടുത്ത ഗേറ്റിലെത്തുക.


ഈ താലാബില്‍ നിന്നായിരുന്നു കോട്ടയിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഉള്ള ജലം എത്തിച്ചിരുന്നത്. കോട്ടയുടെ മുകളില്‍ ഒരു ചക്രം വെച്ച് അത് ചവുട്ടിയായിരുന്നു ജലം മുകളില്‍ എത്തിച്ചിരുന്നതു.
1459 ല്‍ റാവു ജോദ്ദാ എന്ന രാജാവായിരുന്നു ഈ കോട്ടയുടെ നിര്‍മ്മാണം തുടങ്ങിവെച്ചത്. പിന്നീട് ഭരണത്തില്‍ വന്നവര്‍ അവരവരുടെ ഇഷ്ടപ്രകാരം കൂട്ടിചേര്‍ക്കലുകല്‍ നടത്തിയിരുന്നു. ഇപ്പോഴിതിന്റെ ഉടമസ്ഥര്‍ ഇപ്പോഴത്തെ രാജാവാ‍യ രാജാ ഗജ്സിംങ്ങിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ്.
വിഭജനകാലത്ത് മാര്‍വാഡിലെ രാജാക്കന്മാര്‍ക്ക് പാക്കിസ്ഥാനില്‍ ചേരാനായിരുന്നത്രെ താല്പര്യം. എന്നാല്‍ അവര്‍ അന്നനുഭവിക്കുന്ന ചില അധികാരങ്ങളും അവകാശങ്ങളും അവരുടെ വരും തലമുറക്കു പില്‍ക്കാലത്തും അനുവദിച്ച് കൊടുക്കാം എന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലുമായുണ്ടായ രഹസ്യ ധാരണയിന്മേലാണത്രെ അവര്‍ ഇന്ത്യയില്‍ ചേര്‍ന്നത്.അത് കൊണ്ട് തന്നെ ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വരും മുന്‍പേ രാജാക്കന്മാരെ വിവരം അറിയിക്കുകയും, അവര്‍ ഒട്ട് മിക്കവാറു സ്വത്ത് വകകള്‍ അവരുടെ തന്നെ നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ രൂപീകരിച്ച് അതിന്റെ കീഴിലാക്കി. മെഹ്‌റാം ഘട്ടിലേയും വരുമാനം പോകുന്നത് ഇപ്പോഴത്തെ രാജാവിനാണ്. . ഇവിടത്തെ രാജാക്കന്മാര്‍ ഇന്നും പണ്ടത്തെ അതേ ആഡംഭരത്തോടെ ജീവിക്കുന്നതിനു കാരണമായി ഇത്തരം പിന്നാമ്പുറകഥകള്‍ സുലഭം. എങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കൊട്ടാരങ്ങള്‍ പോലെയല്ല ഇത് സൂക്ഷിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇനി വീണ്ടും ചില കോട്ടകാഴ്ച്കളിലേക്ക്….

കോട്ടയുടെ മൂന്നാമത്തെയും, നാലാമത്തെയും ഗേറ്റുകള്‍ക്കിടയിലുള്ള വഴിയില്‍ നിന്നും മുകളിലെക്ക് മുകളിലേക്ക് കാണുന്നതാണ് കോട്ട അന്തപുരം


കോട്ടയുടെ പുറത്തിറങ്ങാന്‍ അനുവാദമില്ലാതിരുന്ന റാണിമാര്‍ ഈ കിളിവാതിലുകളിലൂടെയാണ് ലോകം കണ്ടിരുന്നത്


അഞ്ചാമത്തെ ഗേറ്റിനപ്പുറം രാവണ്‍ എന്ന സംഗീതോപകരണം വായിക്കുന്ന മാര്‍വാടി ബാലന്‍. വന്യമായ അതിന്റെ സംഗിതം ആസ്വദിച്ച ശേഷം വീണ്ടും മുകളിലേക്ക് നടത്തം.



ഈ തുളയിട്ട ഭാഗം വരെ മാത്രമേ കോട്ട ആദ്യം പണിതിര്‍ന്നിരുന്നൊള്ളു.
അതിനു മുകളിലുള്ള സ്ഥലം ചിഡിയോംനാഥ്( പക്ഷികളുടെ നാഥന്‍) എന്ന ഒരു മനുഷ്യനും ആയിരകണക്കിനു പക്ഷികളുടെയും വാസസ്ഥലമായിരുന്നത്രെ.ഇന്നും ഇവിടെ ധാരാളം പക്ഷികളെ കാണാം. കോട്ട പണിയാനാ‍യി ചിഡിയോനാഥിനെ ഒഴിപ്പിച്ചു, എന്നാല്‍ അയാളുടെ ശാപം മൂലം കൊട്ടാരം പണിയാനാകാതെ നിര്‍ത്തി വെക്കേണ്ടി വന്നത്രെ.പിന്നെ പതിവു പൊലെ കൊട്ടാരം ജ്യോതിഷി പരിഹാരം കണ്ടെത്തി ജീവനൊടെ ഒരു മനുഷ്യനെ മൂടി അതിനു മുകളില്‍ പണി തുടങ്ങുക.. ഇവിടെയാണ് ആ നരബലി നടന്നത്.




രാജാറാം മേഘവാള്‍ എന്ന മനുഷ്യനെ ജീവനോടെ കുഴിച്ച് മൂടിയ സ്ഥലം.. ആള് ദളിതനായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.കൊട്ടാരത്തിന്റെ വിശദീകരണങ്ങളടങ്ങുന്ന ഓഡിയോ ടാപ്പില്‍ പറയുന്നത് രാജാറാം മേഘ്‌വാള്‍ സ്വമനസ്സാലെ ബലിക്ക് തയ്യാറായി എന്നാണ്. എന്നാല്‍ ആഘോഷമായി ബലിമൃഗത്തെയെന്നവണ്ണം പിടിച്ച് കൊണ്ട് വന്നാതായിരിക്കും എന്നാണ്പഴംതലമുറക്കാര്‍ പറയുന്നത്. എന്തു തന്നെയായാലും രാജാറാം മേഘ്‌വാളിന്റെ ഇപ്പോഴത്തെ തലമുറക്ക് കൊട്ടാരത്തിലെ ഏത് പരിപാടിയിലും പ്രത്യേകം സ്ഥാനമുണ്ട്, അവര്‍ ഇപ്പോഴത്തെ രാജാവിന്റെ എസ്റ്റേറ്റിലാണ് താമസിക്കുന്നത് വരെ.
ഇതു ആറാമത്തെ ഗേറ്റ്.. ഇന്ത്യയിലെ ഡോര്‍ ഓഫ് നോ റിട്ടേണ്‍ എന്നിതിനെ വിശേഷിപ്പിക്കാം. ഈ വഴി അകത്തേക്ക് പോയിട്ടുള്ള സ്ത്രീകളില്‍ പലരും തിരിച്ച് പുറത്തേക്കിറങ്ങിയിട്ടും ഇല്ല..പുറത്തിറങ്ങിയവരില്‍ പലരും മരണത്തിലേക്കായിട്ടായിരുന്നു ഇറങ്ങിയതും..അതെ ഇവിടെയാണ് സതിക്കു മുന്‍പു സ്ത്രീകള്‍ അവസാനത്തെ കയ്യടയാളം ഇട്ടിരുന്നത്‌.

ഈ ഗേറ്റിന്മേലിപ്പോഴും ഏറ്റവും അവസാനം നടന്നെന്ന് പറയപെടുന്ന സതി അനിഷ്ഠിച്ച റാണിമാരുടെ കൈയടയാളം ശേഷിക്കുന്നുണ്ട്

ഈ അടയാളങ്ങള്‍ കൂടുതലുള്ളത് ഓരോ കൊട്ടാരത്തിന്റെയും അന്തസ്സ് ഉയര്‍ത്തുമത്രെ.. കാരണം അവിടെ അത്രയധികം പതിവ്രതകള്‍ ഉണ്ടായിരുന്നു എന്ന് ഇതിലൂടെ വ്യക്തമാണല്ലോ.
രാജവിവാഹങ്ങള്‍ ഒരു ഉത്സവം പോലെയാണ്..പടക്കവും , മേളവും, ആനയും ഡാന്‍സുകാരുമൊക്കെയായിട്ടാണ് റാണിമാരെ അന്തപുരത്തില്‍ എത്തിക്കുക..മറ്റ് കൊട്ടാരങ്ങള്‍ പിടിച്ചടക്കി ആ അന്തപുരങ്ങളില്‍ നിന്നും കൊണ്ട് വരുന്ന സ്ത്രീകളെയും ഇത്തരം ആഘോഷത്തോടെ തന്നെയാണ് കൊണ്ട്‌വരാറുള്ളതത്രെ. അതു പോലെ തന്നെ ഓരോ സതിയും ഓരോ അഘോഷമായിട്ടായിരുന്നു ഇവിടെ അനുഷ്ഠിച്ചിരുന്നത്. സതി അനുഷ്ഠിക്കുന്ന വധുക്കളെ അണിയിച്ചൊരുക്കി, എല്ലാ ആഘോഷങ്ങളോട് കൂടി കൊട്ടാരത്തില്‍ നിന്നും ഇറക്കി കൊണ്ട് വരും. വിവാഹം കഴിഞ്ഞ ശേഷം ആദ്യമായി പുറത്തിറങ്ങുന്ന ചില റാണിമാരും ഉണ്ടാകും അക്കൂട്ടത്തില്‍. ഈ ഗേറ്റിലെത്തുമ്പോള്‍ മേളം മുറുകും, തുടര്‍ന്ന് റാണിമാര്‍ അവരുടെ കൈ ചെളിയില്‍ മുക്കി ചുമരില്‍ പതിപ്പിക്കും. പിന്നീടവര് തിരിച്ച് വരവില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നു.




അങ്ങനെ പതിപ്പിച്ച കൈഅടയാളങ്ങള്‍ നേര്‍ത്ത വെള്ളി തകിട് കൊണ്ട് പൊതിഞ്ഞ് ചായം പൂശിയതാണിത്.ഇതിലേറെ കഷ്ടം ഒരു രാജാവിനു ഒന്നിലേറെ ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നതാണ്. . ഇതില്‍ കാണുന്ന എല്ലാ കൈകളും രാജ മാന്‍സിംങ്ങ് എന്ന രാജാവിന്റെ മാത്രം വധുക്കളുടെതാണ്.ഇതു പോലെ എത്ര വധുക്കള്‍ ഈ വഴി അടയാളങ്ങല്‍ ഒന്നും അവശേഷിപ്പിക്കാതെ കടന്ന് പോയിരിക്കും

ഏഴാമത്തെ ഗേറ്റ് കടന്നാല്‍ കോട്ടയിലെ ആഡംഭരകാഴ്ചകളാണ്....ചില മുറികളില്‍ ആയുധശേഖരങ്ങളുടെ പ്രദര്‍ശനങ്ങളും ഉണ്ട്.എന്തോ അതിലൊന്നും മനസ്സുടക്കിയില്ല..ആഘോഷങ്ങല്‍ക്കിടയിലൂടെ മരണത്തിന്റെ ഒപ്പുമിട്ട് കടന്നു പോയ സ്ത്രീകളാണ് മനസ്സിലിപ്പോഴും..


ഫൂല്‍ മഹല്‍ എന്ന ആഡംഭരമുറി














താക്കത്ത് വില്ല എന്ന സ്വകാര്യമുറി















കൊട്ടാരത്തിലെ തൊട്ടിലുകള്‍ സൂക്ഷിക്കുന്ന മുറി




ആയുധശേഖരങ്ങള്‍.



ഇവിടെയാണ് കൊട്ടാരം കണക്കപിള്ള ഇരുന്നിരുന്നത്.
മോത്തി മഹല്‍ എന്ന പൊതുമീറ്റിംങ്ങ് സ്ഥലം


പഴയ കാലത്തെ രണ്ട് ഇതളുകള്‍ ഉള്ള ഫാന്‍

ഇവയൊക്കെ കൂടാതെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ വാതിലുകളും, ആനകൊമ്പില്‍ പണിതീര്‍ത്ത വിവിധ ഫര്‍ണീച്ചറുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

കോട്ടയുടെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ച



ഇപ്പോഴാണ് ജോദ്പൂര്‍ നഗരം ബ്ലൂസിറ്റിയെന്ന് അറിയപെടുന്നതിന്റെ രഹസ്യം പിടികിട്ടിയത്. സിറ്റിയിലെ ഒട്ട് മിക്കവരും വീടുകള്‍ ബ്ലൂ നിറത്തിലാണ്. . പണ്ടേതോ രാജാവിന്റെ കാലത്ത് ബ്രാഹ്മണവീടുകള്‍ തിരിച്ചറിയാന്‍ വേണ്ടി ചെയ്തത് മറ്റുള്ളവരും അനുകരിച്ചതാണത്രെ, കാരണം ബ്ലൂ നിറത്തിലുള്ള വീടുകള്‍ കടുത്ത വേനലില്‍ ചൂട് കുറക്കുന്നുണ്ടെന്ന് പറയപെടുന്നു.
ഇനി തിരിച്ചിറക്കം… ഒരിക്കല്‍ കൂടി സതിയുടെ കൈയ്യടയാളങ്ങള്‍ നോക്കി നിന്നു..തിരിച്ച് വരവില്ലാത്ത എത്രയോ യാത്രയാക്കലിനു, എത്രയോ സ്ത്രീകളുടെ കണ്ണീരിനു സാക്ഷിയാണീ വാതില്‍.. ചരിത്രത്തില്‍ ഒരിക്കലും, ഒരിടത്തും,അത് ഏത് ദേശമോ ഭാഷയോ ആകട്ടെ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പീഡനങ്ങളില്‍ നിന്നും രക്ഷയുണ്ടായിട്ടില്ല..ഇന്നും അവ മാറിയ രൂപങ്ങളിലും ഭാവങ്ങളിലും പിന്തുടരുകായാണല്ലോ എന്ന ചിന്ത മനസ്സിനെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു

30 comments:

Unknown said...

മനസ്സിൽ നിന്ന് മായാത്ത കാഴ്ചകൾ തന്ന്തിന്‌ നന്ദി!!!
മരണത്തിന്റെ കയ്യൊപ്പിട്ട് മരണത്തിലേയ്ക്ക് നടക്കുന്ന
അന്തപ്പുരവാസികളുടെ സ്വാശതാളം ഇവിടെയും മുഴങ്ങുന്നുണ്ട്!!!
നല്ല വിവരണം; ചിത്രങ്ങളും...
നന്ദി...

Promod P P said...

രാജാറാം മേഘവാളിനേയും സതിയേയും എന്തിനേറെ ജോദ്‌പൂരിനേയും മറവിയുടെ മഹാസാഗരം വിഴുങ്ങിയിട്ട് കാലമേറെയായി..

പണ്ട് ചരിത്രാതീതകാലത്ത് (1994ഇൽ) ജെയ്പൂരിൽ നിന്നും 200 കിലോമീറ്ററോളം ദൂരം യാത്ര ചെയ്ത് ജോദ്‌പൂരിൽ എത്തിയത് ഓർക്കുന്നു. ജോധാ റാവു തുടങ്ങി വെച്ച മെഹ്രാഘറുടെ കോട്ടയും നീല നഗരത്തിന്റെ മറ്റ് മായക്കാഴ്ചകളും വിസ്മൃതമായിരിക്കുന്നു.

ഓർമ്മകളുടെ നാൾവഴിക്കുറിപ്പുകൾ കലണ്ടർ താളുകളുടെ ശീഘ്ര പ്രയാണത്തിനിടയിൽ എങ്ങനേയോ നഷ്ടമായി.. ആ സ്മൃതികലുടെ ആഴക്കടലുകളിലേക്ക് കൊണ്ട് പോയി ഈ എഴുത്ത്.........

സ്നേഹം....

ഷാ said...

ഗ്രേറ്റ്..! ഈ കോട്ടയൊരു ഗംഭീരകോട്ട തന്നെ.. വളരെ നന്ദി ഈ വിവരണത്തിന്.

Kalavallabhan said...

എന്നാണ്‌ ജോദ്പൂരിൽ വന്നുപോയത്.
മെഹറാൻ ഗഡിനെപ്പറ്റി വിശദമായിത്തന്നെ എഴുതിയിരിക്കുന്നു.
ഉമെയ്ദ് ഭവൻ കണ്ടില്ലേ ?
ഇന്നും നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്ന പഴമ

നികു കേച്ചേരി said...

എന്നാണാവോ ഇവിടെയൊക്കെ
ഒന്നു പോവ്വാൻ പറ്റാ?

ദിവാരേട്ടN said...

വളരെ നല്ല വിവരണം. ഫോട്ടോകളും നന്നായിട്ടുണ്ട്. പക്ഷേ, ദിവാരേട്ടന് ഒരു സംശയം ഈ Template യാത്രാവിവരണത്തിന് mismatch ആണോ എന്ന്. Anyway, GREAT effort. നന്ദി....

Echmukutty said...

എത്ര നാളായീ ഒരു പോസ്റ്റ് കണ്ടിട്ട്!

കോട്ടയും വിവരണവും എല്ലാം വളരെ ഭംഗിയായി. അറിവ് പകരുന്ന പോസ്റ്റ് ആയിരുന്നു.
അഭിനന്ദനങ്ങൾ.

എങ്കിലും മനസ്സുലയ്ക്കുന്ന വരികൾ ഒരുപാട് വരികൾ അതിലുണ്ട്.

അതെ, പീഡനങ്ങൾക്കും ചൂഷണത്തിനും പുതിയ മുഖങ്ങളാണെന്നല്ലാതെ........

ajith said...

ഞാന്‍ മുമ്പൊരിക്കല്‍ വന്ന് കനോപ്പിയൊക്കെ വായിച്ച് ഇപ്പോള്‍ എന്തായിരിക്കും കാണാത്തതെന്നു വിചാരിച്ചിട്ടുണ്ട്? ഗൌരിനാഥന്‍ മാത്രമല്ല, ബ്ലോഗില്‍ക്കൂടെ സഞ്ചരിക്കുമ്പോള്‍ പ്രതിഭാധനരായ പല ബ്ലോഗര്‍മാരെയും ഇതുപോലെ കാണാതായതിനെപ്പറ്റി ചിന്തിച്ച് അതിനെപ്പറ്റി ഒരു പോസ്റ്റ് ഇടണമെന്നും കരുതി ഡ്രാഫ്റ്റ് ചെയ്തു തുടങ്ങിയിരുന്നു. പിന്നെ പല കാരണങ്ങളാല്‍ നടന്നില്ല. എന്തായാലും വീണ്ടും വന്നുവല്ലോ, സന്തോഷം.

“എന്തോ അതിലൊന്നും മനസ്സുടക്കിയില്ല..ആഘോഷങ്ങല്‍ക്കിടയിലൂടെ മരണത്തിന്റെ ഒപ്പുമിട്ട് കടന്നു പോയ സ്ത്രീകളാണ് മനസ്സിലിപ്പോഴും..”

വ്യക്തിത്വത്തെ വിളംബരം ചെയ്യുന്ന വാക്കുകള്‍.

ente lokam said...

ഞാന്‍ ഇവിടെ ആദ്യം ആണ്.കുറെ കാഴ്ചകളും താമസിച്ചു പോയി..
എങ്കിലും കാണാതെ പോയില്ലല്ലോ.അതും ബ്ലോഗിന്റെ ഒരു സൗകര്യം
എന്നും നമുക്കായി കാഴ്ചകള്‍ ഒരുക്കി അത് കാത്തിരിക്കുന്നു...

ഭീതിയോടെ ഘാനയുടെ കാനോപി walking കഴിഞ്ഞു ജോധ്പൂര്‍ കൊട്ടാരങ്ങള്‍
കയറി ഇറങ്ങിയിട്ടും മനസ്സില്‍ മങ്ങാതെ നില്‍ക്കുന്നത്.ചെളിയില്‍ പുരട്ടി വെള്ളിയില്‍ കാത്തു സൂഷിച്ച ആ കൈപത്തികള്‍ ആണ്.എത്ര ക്രൂരതയുടെ കഥകള്‍ പറയാനുണ്ടാവും അവയ്ക്ക്. ഒരിക്കലും മാപ്പ് കൊടുക്കാന്‍ ആവാത്ത ഒരു 'ഗ്രേറ്റ്'‌ ഇന്ത്യന്‍ സംസ്കാരം അല്ല ആചാരം.

ഈ പോസ്റ്റിനു ഒത്തിരി നന്ദി...വീണ്ടും വന്നു എന്ന് ഒരു പോസ്റ്റില്‍ കമന്റ്‌ കണ്ടാണ്‌
ഇവിടെ വന്നത്..പോകരുതേ... വീണ്ടും എഴുതൂ എന്ന് അപേഷിക്കുന്നു...

ചേച്ചിപ്പെണ്ണ്‍ said...

ചരിത്രത്തില്‍ ഒരിക്കലും, ഒരിടത്തും,അത് ഏത് ദേശമോ ഭാഷയോ ആകട്ടെ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പീഡനങ്ങളില്‍ നിന്നും രക്ഷയുണ്ടായിട്ടില്ല..ഇന്നും അവ മാറിയ രൂപങ്ങളിലും ഭാവങ്ങളിലും പിന്തുടരുകായാണല്ലോ എന്ന ചിന്ത മനസ്സിനെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു
.......

കാട്ടിപ്പരുത്തി said...

THANK YOU FOR TAKING ME TO HERE

Villagemaan/വില്ലേജ്മാന്‍ said...

കൈപത്തികള്‍ ഒരു വല്ലാത്ത കാഴ്ച തന്നെ ..
ഈ മായക്കാഴ്ചകള്‍ കാണാം ഇനിയും വരാം..
നന്ദി..

ശ്രീ said...

ചരിത്രമുറങ്ങുന്ന വഴികള്‍ അല്ലേ?

വിവരണം നന്നായി. പുതുവത്സരാശംസകള്‍!

Kadalass said...

അദ്യായിട്ടാ ഇവിടെ വരുന്നെ....
കേട്ടിട്ടില്ലാത്ത് ഒരുപാട്വ് വിവരങ്ങള്‍ ലഭിച്ചു
സന്തോഷം

എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു!

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഇനി തിരിച്ചിറക്കം… ഒരിക്കല്‍ കൂടി സതിയുടെ കൈയ്യടയാളങ്ങള്‍ നോക്കി നിന്നു....

ഹൃദയം നിറഞ്ഞ ആശംസകളോടെ..

നിരക്ഷരൻ said...

പല പ്രാവശ്യം പോയിട്ടുണ്ട് മെഹ്‌റാം ഘട്ടിൽ. സത്യത്തിൽ ജോധ്‌പൂർ നിന്ന് മുംബൈയിലേക്കുള്ള മടക്കവിമാനം പുറപ്പെടുന്നതിനിടയിൽ വീണുകിട്ടുന്ന സമയം ചിലവാക്കാൻ ഓടിച്ചെന്നിരുന്നത് ഈ കോട്ടയിലേക്കാണ്.

റാണിമാരുടെ കൈയ്യടയാളം ക്യാമറയിൽ പകർത്താൻ ഒരിക്കല്‍പ്പോലും എനിക്കായില്ലെന്നുള്ളതുകൊണ്ടുതന്നെ ആ ചിത്രങ്ങൾ ഇവിടെ കാണാനായതിൽ അതിയായ സന്തോഷമുണ്ട്.

കോട്ടയുടെ മുകൾഭാഗത്ത് പീരങ്കികൾ നിരത്തിവെച്ചിരിക്കുന്നതിന്റേയും പിൻ‌ഭാഗത്തുള്ള ക്ഷേത്രത്തിന്റേയും പടങ്ങൾ ഇതിൽ കണ്ടില്ലല്ലോ ?

ഒരുപാട് കോട്ടകൾ കണ്ടിട്ടുണ്ടെങ്കിലും, ഒരിക്കൽ കൂടെ കാണാൻ ആഗ്രഹിക്കുന്ന കോട്ട ഏതാണെന്ന് ഏത് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ചോദിച്ചാലും എന്റെ ഉത്തരം മെഹ്‌റാം ഘട്ട് എന്ന് തന്നെ ആയിരിക്കും.

ajith said...

ആറുമാസക്കണക്ക് നോക്കിയാല്‍ ഇനി അടുത്ത് പോസ്റ്റ് 30-06-11 ന് ആയിരിക്കുമല്ലേ? (പുതിയത് വല്ലതുമുണ്ടോന്ന് നോക്കി വന്നതാണ് ട്ടോ. ഫോളോ ചെയ്യാന്‍ നോക്കിയിട്ട് സാധിക്കുന്നില്ല)

Unknown said...

നല്ല വിവരണം ...അറിവിലില്ലാത്ത പലതും കാണിച്ചുതന്നു...
കോട്ടയുടെ പുറത്തിറങ്ങാന്‍ അനുവാദമില്ലാതിരുന്ന റാണിമാര്‍ ഈ കിളിവാതിലുകളിലൂടെയാണ് ലോകം കണ്ടിരുന്നത്......
ഒരിക്കല്‍ കൂടി സതിയുടെ കൈയ്യടയാളങ്ങള്‍ നോക്കി നിന്നു..തിരിച്ച് വരവില്ലാത്ത എത്രയോ യാത്രയാക്കലിനു, എത്രയോ സ്ത്രീകളുടെ കണ്ണീരിനു സാക്ഷിയാണീ വാതില്‍.....മനസ്സില്‍ തട്ടുന്ന വിവരണം.....

മനു കുന്നത്ത് said...

നല്ലൊരു യാത്രാവിവരണം ശാരി..!
അഭിനന്ദനങ്ങള്‍..!
ഇതുവരെ പോയിട്ടില്ലെങ്കിലും ഏകദേശമെല്ലാം അറിയാന്‍ കഴിഞ്ഞു..!
നന്ദി..!

ഹാരിസ് നെന്മേനി said...

കലക്കന്‍ പോസ്റ്റുകള്‍ ഇട്ടു നീ ഞങ്ങള്‍ പാവങ്ങളെ മോഹിപ്പിക്കുന്നു..രാജസ്ഥാന്‍ വരെ ഒന്ന് വരേണ്ടി വരും ഈ സ്ഥലങ്ങളെല്ലാം കാണാന്‍ ..!

അന്നവിചാരം said...

എന്നും കാലം ബാക്കി വെച്ച ചില നൊമ്പരക്കാഴ്ചകളാണ് മായക്കാഴ്ചകളായി വരുന്നത്.എന്‍റെ പ്രിയനാട്ടുകാരി എന്‍റെ നാടിന് നന്ദി പറയുന്നു ഇങ്ങിനെ ഒരു സഹോദരിയെ തന്നതിന്.എന്നും അടുത്ത പോസ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പാണ്.

the man to walk with said...

touching one..

Sharu (Ansha Muneer) said...

മുൻപൊക്കെ ഗൌരി പോസ്റ്റ് ചെയ്യുന്നതെല്ലാം തന്നെ വായിച്ചിരുന്നു. പിന്നെ വലിയൊരു ഇടവേളയായിരുന്നുവല്ലോ... ഇപ്പോ വന്നുനോക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ... നല്ല പോസ്റ്റ്... നല്ല വിവരണം :)

ഗൗരിനാഥന്‍ said...

ആദ്യം തന്നെ എല്ലാവര്‍ക്കും നന്ദി ഇവിടെ വന്നതിനും കമന്റിയതിനും...പിന്നെ ഇത്രയും കാലം നെറ്റ് ഇല്ലായിരുന്നതും, അത് ശരിയാക്കിയെടുക്കാന്‍ പോകാന്‍ കുഞ്ഞുള്ളതു കൊണ്ട് കൂടുതല്‍ മടിയും കൂടി... തഥാഗതന്‍: അങ്ങിനെ ഓര്‍മ്മകളിലേക്കൊരു പോക്ക് നന്നായി എന്ന് അറിഞ്ഞതില്‍ സന്തോഷം.. Kalavallabhan : കുറെ കാലം ജോദ്പൂര്‍ തന്നെയായിരുന്നു, ഉമൈദ് ഭവന്റെ അകത്തളങ്ങള്‍ എല്ലാവര്‍ക്കും തുറന്ന് കൊടുക്കാറില്ലാത്തിടത്ത്തും ഞാന്‍ പോയിട്ടുണ്ട്..ഗജ്സിംങ്ങിന്റെ സ്ഥാപനത്തിലെ സ്റ്റാഫിനു കിട്ടിയ പ്രത്യേക അനുമതീയായിരുന്നു ആ സന്ദര്‍ശനം. നിരക്ഷരൻ , nikukechery DIV▲RΣTT▲Ñ Echmukutty Ranjith Chemmad / ചെമ്മാടന്‍ ,, ajith ente lokam ,ചേച്ചിപ്പെണ്ണ്, Villagemaan കാട്ടിപ്പരുത്തി ശ്രീ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ Joy Palakkal ജോയ്‌ പാലക്കല്‍ പാലക്കുഴി മനു കുന്നത്ത് അന്നവിചാരം the man to walk with Sharu (Ansha Muneer) എല്ലാവര്‍ക്കും വീണ്ടും നന്ദി

Mathews Mullackal said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ഒരിക്കലും പോകാൻ പറ്റാത്ത മെഹ്‌റാം ഘട്ടിനെ പറ്റി നല്ലൊരു വിവരണം കഴ്ച്ചവെച്ചിരിക്കുന്നൂ..കേട്ടൊ ഗൌരി

വേണുഗോപാല്‍ said...

മുന്‍പൊരിക്കല്‍ ഞാന്‍ ഇവിടെ വന്നിരുന്നു. അന്നെനിക്ക് മേഹ്രാം ഘട്ട് വായിക്കാന്‍ കഴിഞ്ഞില്ല.

ഭംഗിയുള്ള ചിത്രങ്ങളുടെ അകമ്പടിയോടെ ഈ കോട്ടയെ കുറിച്ച് വിശദമായ ഒരു അറിവ് തന്നതിന് ആശംസകള്‍

സുധി അറയ്ക്കൽ said...

മനോഹരം.

ആ സ്ത്രീകളുടെ ദുരവസ്ഥ സങ്കടപ്പെടുത്തുന്നു... എന്നാ ഒരു കാലമായിരുന്നു അത്? ഹോ.

രാജേശ്വരി said...

കോട്ടയെപ്പറ്റിയുള്ള വിവരണങ്ങളെക്കാൾ, ചിത്രങ്ങളേക്കാൾ, കുറിപ്പിൽ സൂചിപ്പിച്ച, സതി അനുഷ്ഠിക്കേണ്ടി വന്ന സ്ത്രീകളുടെ നിസ്സഹായതയും നരബലി കൊടുക്കപ്പെട്ട മനുഷ്യന്റെ ഗതികേടുമാണ് മനസ്സിൽ തട്ടിയത്. പൗരാണികത ജീർണതകളുടേതു കൂടിയാണെന്ന് ഓർമിപ്പിക്കുന്നു ഈ കുറിപ്പ്. നല്ലെഴുത്ത് 👌

Cv Thankappan said...

അറിവുപകരുന്ന നല്ല വിവരണം
ആശംസകൾ