Friday, 31 December 2010

മെഹ്റാം ഘട്ട്

ഓരോ യാത്രയും ഓരോ സംസ്ക്കാരത്തിലേക്കുള്ള കടന്നു ചെല്ലലാണ്. അത് അവിടത്തെ പഴയ കൊട്ടാരക്കെട്ടുകളിലേക്കാണങ്കില്‍ ആ സംസ്ക്കാരത്തിന്റെ ചരിത്രത്തിലല്‍പ്പം ജീവിക്കലും കൂടിയാകും. അത് കൊണ്ട് തന്നെ യാത്രകളിലൊരിടത്തും പഴയ കൊട്ടാരങ്ങള്‍ ഒഴിവാക്കാറില്ല. പഴമയുടെ സൌന്ദര്യം മാത്രമല്ല പണ്ടെങ്ങോ പറഞ്ഞ് കേട്ടിട്ടുണ്ടാകാനിടയുള്ള പഴംകഥകളുടെ യഥാര്‍ത്ഥകഥ നമ്മുടെ ഉള്‍മനസ്സ് തിരിച്ചറിയും..അത് തന്നെ വലിയ ഒരു യാത്രാനുഭവമാണ്.



ഇത് മെഹ്‌റാം ഘട്ടിലെക്കുള്ള യാത്രയാണ്. വഴിയുടെ പകുതിയിലേ കണ്ടു ചുറ്റും കെട്ടിപൊക്കിയിരിക്കുന്ന മതിലിനുള്ളില്‍ വലിയ പാറക്കെട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മെഹ്‌റാം ഘട്ട്.
സൂര്യന്‍ എന്നര്‍ത്ഥം വരുന്ന മിഹിര്‍, കോട്ട എന്നര്‍ത്ഥമുള്ള ഘട്ട് എന്ന രണ്ട് സംസ്ക്കൃത വാക്കില്‍ നിന്നാണ് സൂര്യന്റെ കോട്ടയെന്ന മെഹ്‌റാം ഘട്ടിന്റെ ഉത്ഭവം..(ജോദ്പൂര്‍ നഗരം സൂര്യനഗരമെന്നും ബ്ലൂസിറ്റിയെന്ന പേരിലും അറിയപെടാറുണ്ട്.)
ഈ കോട്ട സ്ഥിതി ചെയ്യുന്നത് നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ്. പണ്ടത്തെ കാലത്ത് ശത്രുക്കളുടെ നീക്കം അകലെ നിന്നേ തിരിച്ചറിയാനായിരുന്നത്രെ ഇത്തരം സ്ഥലങ്ങളില്‍ കോട്ടകള്‍ പണിതിരുന്നത്. ഏഴു വലിയ ഗേറ്റുകള്‍ കടന്ന് വേണം കൊട്ടാരത്തിനകത്തേക്ക് പ്രവേശിക്കാനെന്നു ആദ്യമേ കേട്ടിരുന്നു. ഈ ഓരോ ഗേറ്റും ഓരോ കാലത്തെ രാജാക്കന്മാരുടെ വിജയങ്ങളുടെ ഓര്‍മ്മക്കായാണത്രെ നിര്‍മ്മിച്ചിരിക്കുന്നത്.ഒന്നാമത്തെ ഗേറ്റ് ചുറ്റുമതിലിനോട് ചേര്‍ന്ന് എകദേശം ഒരു കിലോമിറ്ററോളം അപ്പുറമാണ്.

ഒന്നാമത്തെ ഗേറ്റ്
ആ ഗേറ്റും കടന്ന് റാണിസര്‍ താലാബ്(കുളം) ചുറ്റിയാണ് അടുത്ത ഗേറ്റിലെത്തുക.


ഈ താലാബില്‍ നിന്നായിരുന്നു കോട്ടയിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഉള്ള ജലം എത്തിച്ചിരുന്നത്. കോട്ടയുടെ മുകളില്‍ ഒരു ചക്രം വെച്ച് അത് ചവുട്ടിയായിരുന്നു ജലം മുകളില്‍ എത്തിച്ചിരുന്നതു.
1459 ല്‍ റാവു ജോദ്ദാ എന്ന രാജാവായിരുന്നു ഈ കോട്ടയുടെ നിര്‍മ്മാണം തുടങ്ങിവെച്ചത്. പിന്നീട് ഭരണത്തില്‍ വന്നവര്‍ അവരവരുടെ ഇഷ്ടപ്രകാരം കൂട്ടിചേര്‍ക്കലുകല്‍ നടത്തിയിരുന്നു. ഇപ്പോഴിതിന്റെ ഉടമസ്ഥര്‍ ഇപ്പോഴത്തെ രാജാവാ‍യ രാജാ ഗജ്സിംങ്ങിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ്.
വിഭജനകാലത്ത് മാര്‍വാഡിലെ രാജാക്കന്മാര്‍ക്ക് പാക്കിസ്ഥാനില്‍ ചേരാനായിരുന്നത്രെ താല്പര്യം. എന്നാല്‍ അവര്‍ അന്നനുഭവിക്കുന്ന ചില അധികാരങ്ങളും അവകാശങ്ങളും അവരുടെ വരും തലമുറക്കു പില്‍ക്കാലത്തും അനുവദിച്ച് കൊടുക്കാം എന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലുമായുണ്ടായ രഹസ്യ ധാരണയിന്മേലാണത്രെ അവര്‍ ഇന്ത്യയില്‍ ചേര്‍ന്നത്.അത് കൊണ്ട് തന്നെ ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വരും മുന്‍പേ രാജാക്കന്മാരെ വിവരം അറിയിക്കുകയും, അവര്‍ ഒട്ട് മിക്കവാറു സ്വത്ത് വകകള്‍ അവരുടെ തന്നെ നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ രൂപീകരിച്ച് അതിന്റെ കീഴിലാക്കി. മെഹ്‌റാം ഘട്ടിലേയും വരുമാനം പോകുന്നത് ഇപ്പോഴത്തെ രാജാവിനാണ്. . ഇവിടത്തെ രാജാക്കന്മാര്‍ ഇന്നും പണ്ടത്തെ അതേ ആഡംഭരത്തോടെ ജീവിക്കുന്നതിനു കാരണമായി ഇത്തരം പിന്നാമ്പുറകഥകള്‍ സുലഭം. എങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കൊട്ടാരങ്ങള്‍ പോലെയല്ല ഇത് സൂക്ഷിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇനി വീണ്ടും ചില കോട്ടകാഴ്ച്കളിലേക്ക്….

കോട്ടയുടെ മൂന്നാമത്തെയും, നാലാമത്തെയും ഗേറ്റുകള്‍ക്കിടയിലുള്ള വഴിയില്‍ നിന്നും മുകളിലെക്ക് മുകളിലേക്ക് കാണുന്നതാണ് കോട്ട അന്തപുരം


കോട്ടയുടെ പുറത്തിറങ്ങാന്‍ അനുവാദമില്ലാതിരുന്ന റാണിമാര്‍ ഈ കിളിവാതിലുകളിലൂടെയാണ് ലോകം കണ്ടിരുന്നത്


അഞ്ചാമത്തെ ഗേറ്റിനപ്പുറം രാവണ്‍ എന്ന സംഗീതോപകരണം വായിക്കുന്ന മാര്‍വാടി ബാലന്‍. വന്യമായ അതിന്റെ സംഗിതം ആസ്വദിച്ച ശേഷം വീണ്ടും മുകളിലേക്ക് നടത്തം.



ഈ തുളയിട്ട ഭാഗം വരെ മാത്രമേ കോട്ട ആദ്യം പണിതിര്‍ന്നിരുന്നൊള്ളു.
അതിനു മുകളിലുള്ള സ്ഥലം ചിഡിയോംനാഥ്( പക്ഷികളുടെ നാഥന്‍) എന്ന ഒരു മനുഷ്യനും ആയിരകണക്കിനു പക്ഷികളുടെയും വാസസ്ഥലമായിരുന്നത്രെ.ഇന്നും ഇവിടെ ധാരാളം പക്ഷികളെ കാണാം. കോട്ട പണിയാനാ‍യി ചിഡിയോനാഥിനെ ഒഴിപ്പിച്ചു, എന്നാല്‍ അയാളുടെ ശാപം മൂലം കൊട്ടാരം പണിയാനാകാതെ നിര്‍ത്തി വെക്കേണ്ടി വന്നത്രെ.പിന്നെ പതിവു പൊലെ കൊട്ടാരം ജ്യോതിഷി പരിഹാരം കണ്ടെത്തി ജീവനൊടെ ഒരു മനുഷ്യനെ മൂടി അതിനു മുകളില്‍ പണി തുടങ്ങുക.. ഇവിടെയാണ് ആ നരബലി നടന്നത്.




രാജാറാം മേഘവാള്‍ എന്ന മനുഷ്യനെ ജീവനോടെ കുഴിച്ച് മൂടിയ സ്ഥലം.. ആള് ദളിതനായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.കൊട്ടാരത്തിന്റെ വിശദീകരണങ്ങളടങ്ങുന്ന ഓഡിയോ ടാപ്പില്‍ പറയുന്നത് രാജാറാം മേഘ്‌വാള്‍ സ്വമനസ്സാലെ ബലിക്ക് തയ്യാറായി എന്നാണ്. എന്നാല്‍ ആഘോഷമായി ബലിമൃഗത്തെയെന്നവണ്ണം പിടിച്ച് കൊണ്ട് വന്നാതായിരിക്കും എന്നാണ്പഴംതലമുറക്കാര്‍ പറയുന്നത്. എന്തു തന്നെയായാലും രാജാറാം മേഘ്‌വാളിന്റെ ഇപ്പോഴത്തെ തലമുറക്ക് കൊട്ടാരത്തിലെ ഏത് പരിപാടിയിലും പ്രത്യേകം സ്ഥാനമുണ്ട്, അവര്‍ ഇപ്പോഴത്തെ രാജാവിന്റെ എസ്റ്റേറ്റിലാണ് താമസിക്കുന്നത് വരെ.
ഇതു ആറാമത്തെ ഗേറ്റ്.. ഇന്ത്യയിലെ ഡോര്‍ ഓഫ് നോ റിട്ടേണ്‍ എന്നിതിനെ വിശേഷിപ്പിക്കാം. ഈ വഴി അകത്തേക്ക് പോയിട്ടുള്ള സ്ത്രീകളില്‍ പലരും തിരിച്ച് പുറത്തേക്കിറങ്ങിയിട്ടും ഇല്ല..പുറത്തിറങ്ങിയവരില്‍ പലരും മരണത്തിലേക്കായിട്ടായിരുന്നു ഇറങ്ങിയതും..അതെ ഇവിടെയാണ് സതിക്കു മുന്‍പു സ്ത്രീകള്‍ അവസാനത്തെ കയ്യടയാളം ഇട്ടിരുന്നത്‌.

ഈ ഗേറ്റിന്മേലിപ്പോഴും ഏറ്റവും അവസാനം നടന്നെന്ന് പറയപെടുന്ന സതി അനിഷ്ഠിച്ച റാണിമാരുടെ കൈയടയാളം ശേഷിക്കുന്നുണ്ട്

ഈ അടയാളങ്ങള്‍ കൂടുതലുള്ളത് ഓരോ കൊട്ടാരത്തിന്റെയും അന്തസ്സ് ഉയര്‍ത്തുമത്രെ.. കാരണം അവിടെ അത്രയധികം പതിവ്രതകള്‍ ഉണ്ടായിരുന്നു എന്ന് ഇതിലൂടെ വ്യക്തമാണല്ലോ.
രാജവിവാഹങ്ങള്‍ ഒരു ഉത്സവം പോലെയാണ്..പടക്കവും , മേളവും, ആനയും ഡാന്‍സുകാരുമൊക്കെയായിട്ടാണ് റാണിമാരെ അന്തപുരത്തില്‍ എത്തിക്കുക..മറ്റ് കൊട്ടാരങ്ങള്‍ പിടിച്ചടക്കി ആ അന്തപുരങ്ങളില്‍ നിന്നും കൊണ്ട് വരുന്ന സ്ത്രീകളെയും ഇത്തരം ആഘോഷത്തോടെ തന്നെയാണ് കൊണ്ട്‌വരാറുള്ളതത്രെ. അതു പോലെ തന്നെ ഓരോ സതിയും ഓരോ അഘോഷമായിട്ടായിരുന്നു ഇവിടെ അനുഷ്ഠിച്ചിരുന്നത്. സതി അനുഷ്ഠിക്കുന്ന വധുക്കളെ അണിയിച്ചൊരുക്കി, എല്ലാ ആഘോഷങ്ങളോട് കൂടി കൊട്ടാരത്തില്‍ നിന്നും ഇറക്കി കൊണ്ട് വരും. വിവാഹം കഴിഞ്ഞ ശേഷം ആദ്യമായി പുറത്തിറങ്ങുന്ന ചില റാണിമാരും ഉണ്ടാകും അക്കൂട്ടത്തില്‍. ഈ ഗേറ്റിലെത്തുമ്പോള്‍ മേളം മുറുകും, തുടര്‍ന്ന് റാണിമാര്‍ അവരുടെ കൈ ചെളിയില്‍ മുക്കി ചുമരില്‍ പതിപ്പിക്കും. പിന്നീടവര് തിരിച്ച് വരവില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നു.




അങ്ങനെ പതിപ്പിച്ച കൈഅടയാളങ്ങള്‍ നേര്‍ത്ത വെള്ളി തകിട് കൊണ്ട് പൊതിഞ്ഞ് ചായം പൂശിയതാണിത്.ഇതിലേറെ കഷ്ടം ഒരു രാജാവിനു ഒന്നിലേറെ ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നതാണ്. . ഇതില്‍ കാണുന്ന എല്ലാ കൈകളും രാജ മാന്‍സിംങ്ങ് എന്ന രാജാവിന്റെ മാത്രം വധുക്കളുടെതാണ്.ഇതു പോലെ എത്ര വധുക്കള്‍ ഈ വഴി അടയാളങ്ങല്‍ ഒന്നും അവശേഷിപ്പിക്കാതെ കടന്ന് പോയിരിക്കും

ഏഴാമത്തെ ഗേറ്റ് കടന്നാല്‍ കോട്ടയിലെ ആഡംഭരകാഴ്ചകളാണ്....ചില മുറികളില്‍ ആയുധശേഖരങ്ങളുടെ പ്രദര്‍ശനങ്ങളും ഉണ്ട്.എന്തോ അതിലൊന്നും മനസ്സുടക്കിയില്ല..ആഘോഷങ്ങല്‍ക്കിടയിലൂടെ മരണത്തിന്റെ ഒപ്പുമിട്ട് കടന്നു പോയ സ്ത്രീകളാണ് മനസ്സിലിപ്പോഴും..


ഫൂല്‍ മഹല്‍ എന്ന ആഡംഭരമുറി














താക്കത്ത് വില്ല എന്ന സ്വകാര്യമുറി















കൊട്ടാരത്തിലെ തൊട്ടിലുകള്‍ സൂക്ഷിക്കുന്ന മുറി




ആയുധശേഖരങ്ങള്‍.



ഇവിടെയാണ് കൊട്ടാരം കണക്കപിള്ള ഇരുന്നിരുന്നത്.
മോത്തി മഹല്‍ എന്ന പൊതുമീറ്റിംങ്ങ് സ്ഥലം


പഴയ കാലത്തെ രണ്ട് ഇതളുകള്‍ ഉള്ള ഫാന്‍

ഇവയൊക്കെ കൂടാതെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ വാതിലുകളും, ആനകൊമ്പില്‍ പണിതീര്‍ത്ത വിവിധ ഫര്‍ണീച്ചറുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

കോട്ടയുടെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ച



ഇപ്പോഴാണ് ജോദ്പൂര്‍ നഗരം ബ്ലൂസിറ്റിയെന്ന് അറിയപെടുന്നതിന്റെ രഹസ്യം പിടികിട്ടിയത്. സിറ്റിയിലെ ഒട്ട് മിക്കവരും വീടുകള്‍ ബ്ലൂ നിറത്തിലാണ്. . പണ്ടേതോ രാജാവിന്റെ കാലത്ത് ബ്രാഹ്മണവീടുകള്‍ തിരിച്ചറിയാന്‍ വേണ്ടി ചെയ്തത് മറ്റുള്ളവരും അനുകരിച്ചതാണത്രെ, കാരണം ബ്ലൂ നിറത്തിലുള്ള വീടുകള്‍ കടുത്ത വേനലില്‍ ചൂട് കുറക്കുന്നുണ്ടെന്ന് പറയപെടുന്നു.
ഇനി തിരിച്ചിറക്കം… ഒരിക്കല്‍ കൂടി സതിയുടെ കൈയ്യടയാളങ്ങള്‍ നോക്കി നിന്നു..തിരിച്ച് വരവില്ലാത്ത എത്രയോ യാത്രയാക്കലിനു, എത്രയോ സ്ത്രീകളുടെ കണ്ണീരിനു സാക്ഷിയാണീ വാതില്‍.. ചരിത്രത്തില്‍ ഒരിക്കലും, ഒരിടത്തും,അത് ഏത് ദേശമോ ഭാഷയോ ആകട്ടെ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പീഡനങ്ങളില്‍ നിന്നും രക്ഷയുണ്ടായിട്ടില്ല..ഇന്നും അവ മാറിയ രൂപങ്ങളിലും ഭാവങ്ങളിലും പിന്തുടരുകായാണല്ലോ എന്ന ചിന്ത മനസ്സിനെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു