അച്ഛമ്മ അതി ശക്തയായ ഒരു സ്ത്രീ ആയിരുന്നു. നല്ല തന്റേടവും ഉണ്ടായിരുന്നു. ഒരേ ഒരു മകനോടുള്ള പോസസ്സിവ്നെസ്സും ഭരണശീലവും കാരണം മരുമകളെ അവർക്ക് സ്വീകരിക്കാനേ ആയില്ല.അതു കൊണ്ട് തന്നെ അമ്മയും അച്ഛമ്മയും നിത്യ ശത്രുക്കൾ ആയിരുന്നു. അപ്പൂപ്പൻ വളരെ പതിഞ്ഞ മട്ടിലുള്ള, ഉത്തരവാദിത്തങ്ങൾ ഒന്നും ഏറ്റെടുക്കാത്ത ഒരാളും. വഴക്കൊഴിഞ്ഞ സമയം വളരെ കുറവായിരുന്നു ഞങ്ങളുടെ വീട്ടിൽ. പാതിരവോളം ബഹളവും, അടിയും, നിലവിളികളും നിറഞ്ഞ കാലമായിരുന്നു അത്. അവസരം കിട്ടുമ്പോഴൊക്കെ അമ്മയെ തല്ലുന്നത് അച്ഛമ്മക്ക് ഒരു വിനോദമായിരുന്നു. വഴക്ക് മൂർഛിക്കുമ്പോൾ അമ്മ ഇവരുടെ അടുത്ത് നിന്ന് ഓടി വീടിന്റെ പിന്ഭാഗത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കും. വഴക്കുള്ള ദിവസങ്ങളിൽ വീട്ടിൽ ഭക്ഷണം ഉണ്ടെങ്കിലും കഴിക്കാൻ പാടില്ല എന്നത് ഒരു അലിഖിത നിയമം ആയിരുന്നു. ഇനി അഥവാ അച്ഛമ്മ വഴക്ക് അവസാനിപ്പിച്ച് മൂപ്പരുടെ ഇഷ്ടാക്കാരിയുടെ വീട്ടിലേക്ക് പോയിട്ട് ഉണ്ണാം എന്ന് വിചാരിച്ചാലോ, മുട്ടൻ പണി തന്നേ മൂപ്പത്തി പോകൂ. കലം നിറഞ്ഞിരിക്കുന്ന ചോറിൽ മണ്ണ് വാരിയിട്ടേ ഒട്ടു മിക്കവാറും ദിവസങ്ങളിൽ ആള് വഴക്ക് അവസാനിപ്പിക്കു. മണൽ വീണ ചോറ് അമ്മ ചോറ് വാറ്റുന്ന ഈറ്റ കൊട്ടയിൽ ഇട്ട് പാതിരാത്രിയിൽ ദേവുച്ചേച്ചിയുടെ ( തെക്കേ വീട്ടിലെ) കുളത്തിൽ കൊണ്ട് പോയി പകുതി വെള്ളത്തിൽ മുക്കി ആട്ടി ആട്ടി കഴുകും. കുറേ ഏറെ മണൽ കുളത്തിൽ പോകും, കുറെ കൊട്ടയുടെ അടിയിൽ അടിയും. ഞങ്ങൾ മൂന്നുപേരും ആ ചോറിനു വേണ്ടി വിശന്നരണ്ടിരിക്കും,രണ്ടോ മൂന്നോ ഉരുള പച്ചച്ചോർ വയറ്റിലേക്ക് വാരിയിടുമ്പോൾ അതി കഠിനമായ വിശപ്പൊതുങ്ങും. പിന്നെ മണ്ണ് കടിക്കുന്ന ചോറുണ്ണാൻ മനസ്സു വരില്ല. അപ്പോഴെല്ലാം അമ്മ കരയുന്നുണ്ടാകും.
ദേഷ്യം വരുമ്പോൾ അച്ഛമ്മ പറയുന്ന തെറികൾ കേട്ട് സഹിക്കൽ എളുപ്പമല്ല. അമ്മയെ തെറിയഭിഷേകം നടത്തി തോൽപ്പിക്കാൻ അവർ മിടുക്കിയായിരുന്നു. അങ്ങനെ ഒരു വഴക്കിന്റെ തുടക്കം കണ്ടപ്പോഴേ ഞങ്ങൾ കുട്ടികൾ ചില തീരുമാനങ്ങൾ എടുത്തു അച്ഛമ്മ പറയുന്ന തെറികൾ അമ്മ കേൾക്കാതിരിക്കാനായി വലിയ സ്റ്റീൽ കിണ്ണം എടുത്ത് അതിൽ സ്റ്റീലിന്റെ തന്നെ സ്പൂണു കൊണ്ട് ശക്തിയായി അടിക്കുക. മൂന്ന് ജോഡി കൈകൾ കൊണ്ടുണ്ടാക്കിയ "ന്ന്യോഎം " ശബ്ദത്തിൽ അച്ഛമ്മയുടെ തെറികൾ ഉടഞ്ഞു വീണു. അച്ഛമ്മക്ക് അസഹ്യത നിറഞ്ഞെങ്കിലും തെറിവിളികൾ വളരെ പെട്ടെന്ന് നിന്നു. എന്നാൽ പൊടുന്നനെ അമ്മിയിൽ തേങ്ങാ അരച്ചു കൊണ്ടു നിന്നിരുന്ന അമ്മയുടെ കഴുത്തിന് അവർ കുത്തി പിടിച്ചു. ഇന്നും ഓർമ്മയുണ്ട് കണ്ണുകൾ മിഴിഞ്ഞ്, ശ്വാസം മുട്ടി അച്ഛമ്മയെ തള്ളി മാറ്റാൻ ശ്രമിക്കുന്ന അമ്മയെ. ഞങ്ങൾ മക്കൾ മൂന്നു പേരും കൂടെ അച്ഛമ്മയെ കയ്യ് വിടുവിച്ചതും, അമ്മ ഉടുത്ത സാരിയാലെ, ചെരിപ്പു പോലും ഇടാതെ ഓടിയ ഓട്ടം കിലോമീറ്ററുകൾക്ക് അപ്പുറത്ത് താമസിക്കുന്ന ഇളയ അമ്മാവന്റെ വീട്ടിലെത്തിയേ നിന്നൊള്ളു.
അച്ഛമ്മയുടെ ദേഹത്ത് അരവ് പറ്റിയിരുന്നു. കൂടാതെ മുറ്റത്തെ മണലിൽ കിടന്ന് അവരൊന്ന് ഉരുളുകയും ചെയ്തപ്പോൾ രൂപം പരിതാപകരമായി. ആ രൂപത്തിൽ അവർ നേരെ പോയത് തൊട്ടയല്പക്കത്തെ ബന്ധു വീട്ടിലേക്കാണ്. അവിടെ വിദേശത്ത് താമസിക്കുന്ന ശുദ്ധഗതിക്കാരനായ ഒരാൾ വന്നിരിക്കുന്ന സമയമാണ്.. ആൾ പൈസക്കാരൻ ആയത് കൊണ്ട് സകല ബന്ധുക്കളും ഉണ്ടാകും. അദേഹത്തിന് സത്യത്തിൽ ഞങ്ങളുടെ കാര്യങ്ങൾ ഒന്നും വലിയ ധാരണയൊന്നുമില്ലാത്തതാണ്. ആരെന്തു പറഞ്ഞാലും മൂപ്പര് പെട്ടെന്ന് അലിയും. ഞങ്ങൾ അമ്മയും മക്കളും കൂടി അച്ഛമ്മയെ തല്ലി ചതച്ചു എന്നും പറഞ്ഞ് നെഞ്ചത്തു തല്ലി അലമുറയിട്ട് അച്ഛമ്മ കരഞ്ഞു.
അന്ന് വൈകുന്നേരം ഒരു ചേട്ടൻ വന്ന് ഞങ്ങളെ എല്ലാവരെയും ആ വീട്ടിൽ ഹാജരാകാൻ പറഞ്ഞിട്ടു പോയി. അച്ഛനും ചെറിയ അനിയനും ഒപ്പമുണ്ടായിരുന്നു. അവരുടെ വീടിന്റെ ഉമ്മറം മുഴുവൻ ആളുകൾ ഉണ്ടായിരുന്നു. ഏകദേശം 20 ഓളം ആളുകൾ വീട്ടിനകത്തും ഉമ്മറത്തുമായി ആ ഖാപ്പ് പഞ്ചായത്തിൽ പങ്കെടുത്തു. നിശബ്ദനായി ഞങ്ങളെ അവർക്ക് വിട്ടു കൊടുത്ത് അച്ഛനും അവിടെ ഇരുന്നു. ഇവർക്ക് നടുവിൽ കുറ്റവാളികളായ ഞങ്ങളെ നിർത്തി. പിന്നീടങ്ങോട്ട് ആക്രോശങ്ങൾ, ചീത്തവിളികൾ, കാല് തല്ലിയൊടിക്കാൻ , നാക്ക് മുറിക്കാൻ ഒക്കെയുള്ള ആഹ്വാനങ്ങൾ. 13ഉം 7ഉം വയസ്സുള്ള രണ്ട് കുട്ടികളോട്എല്ലാവരും ചേർന്ന് യുദ്ധം ചെയ്യുകയാണ്. കൂടെ നിന്ന് ആശ്വസിപ്പിക്കാൻ, ഞങ്ങളെ കേൾക്കാൻ ഒരു അലവലാതിയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
അപമാനം, ഊരുവിലക്കുകൾ, വേദനകൾ ഭയം എന്നതൊക്കെ അത്രത്തോളം പിന്നീട് ജീവിതത്തിൽ ഉണ്ടായിട്ടില്ല. അന്ന് മനസ്സിൽ അമ്മേ എന്ന് ഞാൻ ആർത്തു വിളിച്ചു കരയുന്നുണ്ടായിരുന്നു. എന്നിട്ടും ഒരു കരച്ചിലോ, കണ്ണൊന്നു നിറയുകയോ ചെയ്തില്ല. അത് അവരെയൊക്കെ വെല്ലുവിളിക്കുന്നതായി അവർക്ക് തോന്നി. എന്റെ അഹങ്കാരം കുറക്കാനും, അമ്മയെ ഒരു പാഠം പഠിപ്പിക്കാനും ആയി അദ്ദേഹം വിലക്ക് ഏർപ്പെടുത്തിആരും ഞങ്ങളോട് സംസാരിക്കരുത് എന്ന്. ഒരു വിധപ്പെട്ട ബന്ധുക്കളെല്ലാം പൊടുന്നനെ സംസാരിക്കാതെ ആയി. അന്ന് മിണ്ടാതെ ആയ ചിലർ ഇന്നും മിണ്ടാറില്ല.
സ്‌കൂളിൽ പോകുമ്പോൾ നാട്ടിടവഴിയിലെല്ലാം കണ്ടു മുട്ടുന്നവർ, സ്‌കൂളിലെ ടീച്ചർമാർ, കൂട്ടുകാർ ഒക്കെ അച്ഛമ്മയെ തല്ലിച്ചതച്ച പെണ്കുട്ടിയെ ചീത്തവിളിക്കുകയും ഉപദേശിക്കുകയും ചെയ്യുമായിരുന്നു. RD കുറി നടത്തുന്ന ഒരു ബന്ധുവിന്റെ ന്യൂസ് ഏജൻസി ആയിരുന്നു ഈ കഥകൾ ലോകം മുഴുവൻ പരത്തിയത്. (ഏറെ കാലം കഴിഞ്ഞ് എനിക്ക് വന്ന പല കല്യാണാലോചനകളും ഇക്കാരണം പറഞ്ഞു മുടങ്ങിയിരുന്നു .)
അങ്ങനെ അമ്മയില്ലാത്ത ദിവസങ്ങൾ, അച്ഛമ്മ മൂത്തമകളുടെ വീട്ടിലേക്കും അച്ഛൻ ജോലി സ്ഥലത്തേക്കും പോയിരുന്നു. ഞങ്ങളും അപ്പൂപ്പനും ആ വീട്ടിൽ അവശേഷിച്ചു. ആദ്യദിവസം തന്നെ അച്ഛമ്മയുടെ ഇഷ്ടക്കാരി അപ്പൂപ്പനെ വൈകീട്ട് ആറു മണി നേരത്ത് രാത്രി ഭക്ഷണം കൊടുക്കാൻ എന്ന വ്യാജേന അവരുടെ വീട്ടിലേക്ക് കൊണ്ടു പോയി, രാത്രിയിൽ അപ്പൂപ്പൻ 5 മിനിറ്റോളം ദൂരെയുള്ള ഞങ്ങളുടെ വീട്ടിലേക്ക് വരും വഴി വീണാലോ എന്നും പറഞ്ഞു രാത്രി അവരുടെ വീട്ടിൽ തന്നെ കിടത്തും. ഉദ്ദേശ്യം ഞങ്ങളെ പാഠം പഠിപ്പിക്കുക എന്നതാണ്. അന്നാകട്ടെ വീടു പണി നടക്കുന്നത് കാരണം ഓല കൊണ്ടുണ്ടാക്കിയ താത്കാലിക ഷെഡിലാണ് കിടപ്പ്. ഞങ്ങൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ കഞ്ഞി ഉണ്ടാക്കി, അത് കുടിച്ച് കിടന്നു . ഇളയ അനിയന് വെളിച്ചമില്ലാതെ ഉറക്കം വരില്ല. ഓലവാതിൽ ശക്തിയായി( എന്നാണ് വിചാരം) അടച്ച് മണ്ണെണ്ണ വിളക്കും കൊളുത്തി വെച്ച് ഞങ്ങൾ മൂന്നും കെട്ടിപിടിച്ച് കിടന്നു. കുഞ്ഞനിയൻ ഉറങ്ങിയപ്പോൾ വിളക്കൂതി. ഭയത്തിനു മീതെ ഉറക്കം പിടിച്ചു വരുമ്പോഴാണ് ,കാൽക്കൽ വളരെ മൃദുവായ എന്തോ കൂടെ കിടക്കുന്നത് അറിയുന്നത്. ഉള്ളിലെ വലിയ നിലവിളി അടക്കി പിടിച്ച് എഴുന്നേറ്റു. ശബ്ദം കേട്ട് കുട്ടികൾ എഴുന്നേറ്റാൽ കൂട്ടകരച്ചിൽ ആകുമല്ലോ എന്ന ഭയം ഒരു വശത്ത്, ചെറുപ്പത്തിൽ ഏറ്റ സെക്ഷ്വൽ അസോൾട്ടിന്റെ പൊള്ളലിന്റെ ഓർമ്മ ഒരു വശത്ത്. ധൈര്യം സംഭരിച്ച് വിളക്ക് കൊളുത്തി, ശക്തമായ ചെറ്റവാതിൽ കടന്നെത്തിയ അതിഥി ഒരു പട്ടി ആയിരുന്നു. അതിനെ ഓടിച്ചു വിട്ടു, വിളക്കൂതിയപ്പോൾ അത് വീണ്ടും അകത്തേക്ക് വന്നു. വീണ്ടും വിളക്ക് കൊളുത്തി കാൽക്കൽ ഒരു പുൽപായ വിരിച്ച് അതിൽ അമ്മയുടെ സാരി മടക്കിയിട്ട് കൊടുത്തു. നീണ്ട പതിനാല് അമ്മയില്ലാ ദിവസങ്ങളിൽ അവൾ ഞങ്ങൾ ഉറങ്ങിയ ശേഷം വരികയും ഞങ്ങൾ ഉണരും മുൻപേ പോകുകയും ചെയ്തിരുന്നു. മനുഷ്യരെക്കാൾ മൃഗങ്ങളെ വിശ്വസിക്കാം എന്ന് ഞാൻ പഠിച്ചത് അന്നായിരുന്നു.
അമ്മ തിരിച്ചെത്തിയപ്പോൾ ഞങ്ങളെ വീട്ടിൽ നിന്ന് പുറത്തതാക്കി, അവിടെ അച്ഛമ്മ താമസം ആരംഭിച്ചു. ഞങ്ങൾ പറമ്പിനറ്റത്ത് ഒരു കുടിലിലും താമസിച്ചു, നിറഞ്ഞ സമാധാനത്തോടെ.. പക്ഷെ അത് അധിക കാലം നീണ്ടു നിന്നില്ല, കാരണം അപ്പോഴായിരുന്നു അച്ഛമ്മ ഒരു വശം തളർന്ന് വീണത്. ആശുപത്രയിൽ നിന്നും പാതി തളർന്ന ബുദ്ധിയും ശരീരവുമായി ഇഷ്ടക്കാരിയുടെ വീട്ടിലേക്കായിരുന്നു പോയത്. പാതി ബോധത്തിൽ പോലും അവർ പറയുന്ന തെറികൾ അവർക്ക് സഹിക്കാവുന്നില്ലായിരുന്നു. പോരാത്തതിന് ഭാരം കുറയ്ക്കാൻ വേണ്ടി ഭക്ഷണം കുറക്കുകയും, നിരവധി വ്യായാമവും കൂടി ആയപ്പോൾ അച്ഛമ്മ അവരെ തെറിയഭിഷേകം തന്നെ നടത്തി. ഓരോ തെറിക്കും അച്ഛമ്മക്ക് കഠിനമായ ശിക്ഷയും അവർ കൊടുത്തിരുന്നു. മുഖത്തു പലപ്പോഴും നീലിച്ച പാട്ടുകൾ കാണുമായിരുന്നു.
മൂന്നു മാസം കൊണ്ട് അവരെ മടുത്ത അച്ഛമ്മയെ ഞങ്ങളുടെ കുടിലിലേക്ക് കൊണ്ടു വരേണ്ടി വന്നു.ഉണ്ണാതെയും ഉറങ്ങാതെയും കണ്ണീർ കുടിപ്പിച്ച അവരെ കൊണ്ട് വരുന്നതിൽ ഞങ്ങൾ മക്കൾക്ക് എതിർപ്പായിരുന്നു. പക്ഷെ ഗതികെട്ട സമയത്ത് ഒരാളെ ഉപേക്ഷിക്കരുത് എന്ന നയമായിരുന്നു അമ്മയുടേത്.
അവിടെ നിന്ന് വന്ന അന്ന് വൈകീട്ട് അച്ഛമ്മയെ മേൽ കഴുകിക്കുന്ന സമയത്താണ് കാൽ വിരലുകൾക്കിടയിൽ പഴുത്തൊരു മുറിവ് കണ്ടത്. മുറിവിന്റെ ഭാഗം കാലവിരലുകൾക്ക് അടിയിലാണ്, അവിടം മുഴുവൻ പേപ്പർ പോലെ വെളുത്തിരിക്കുകയാണ്. പൊടുന്നനെയാണ് അവിടെ എന്തോ ചലിക്കുന്നതും, കുറച്ച് കറുത്ത കണ്ണുകൾ ഇടക്കിടെ വന്നു പോകുന്നതായും എനിക്ക് തോന്നിയത്.ടോർച്ചടിച്ച് നോക്കിയപ്പോൾ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി,മുറിവ് നിറയെ വലിയ പുഴുക്കൾ ... ജീവനുള്ള ശരീരത്തിൽ നുരക്കുകയാണ് അവറ്റകൾ. അമ്മയും ഞാനും വലിയ കരച്ചിലോടെ ഡെറ്റോളും, ഹൈഡ്രജൻ പെറോക്‌സിഡും,ചൂട് വെള്ളവും മാറി മാറി മുറിവിൽ ഒഴിച്ചു.ഒഴിക്കുന്ന സമയത്ത് അവ കൂടുതൽ ആഴങ്ങളിലേക്ക് പോയി ദ്വാരങ്ങൾ ഉണ്ടാക്കി, അവ ഞങ്ങളെ കൂടുതൽ അസ്വസ്ഥപ്പെടുത്തി.രാവിലെ വരെ കാത്തിരുന്ന് ഡോക്ടറെ കാണിക്കാനുള്ള
ക്ഷമയൊന്നും ഇല്ലായിരുന്നു. ഒടുവിൽ ഒരു സേഫ്റ്റി പിൻ എടുത്ത് ഒരു പുഴുവിനെ കോർത്ത് വലിച്ചെപ്പോൾ അത് പുറത്തേക്ക് ചാടി. അതോടൊപ്പം കഴിച്ചതെല്ലാം ചർദ്ദിച്ചും പോയി . പതിനൊന്ന് പുഴുക്കളെ ഓരോന്നായി കോർത്തെടുത്ത് ചകിരിയിൽ കനലിട്ട് അതിലേക്കിട്ട് കൊന്നു . എത്ര വട്ടം ഞങ്ങൾ ചർദ്ദിച്ചെന്ന് ഓർമ്മ ഇല്ലാത്ത അത്രയും ചർദ്ദിച്ചിരുന്നു. ആ ഓർമ്മയിൽ പാട് നാളെത്തേക്ക് ഭക്ഷണം കഴിക്കാനാകാതെ, ഉറക്കമില്ലാതെ ഞാൻ കഴിച്ചു കൂടിയിട്ടുണ്ട് , അവർക്ക് വേണ്ടി പിന്നെയും പട്ടിണി .. കാലങ്ങളായി ഉള്ളിൽ ഉറച്ചിരുന്ന അവരോടുള്ള എന്റെ പക ഇല്ലാതായി. നീണ്ട അഞ്ചര വർഷം അവരെ വാക്കാലോ നോക്കാലോ വേദനിപ്പിക്കാതെ ഞങ്ങൾ അവരെ ചേർത്ത് പിടിച്ചു. ജീവിതത്തിലെ ഏറ്റവും ഗതികെട്ട മണിക്കൂറുകൾ ആയിരുന്നു ഏതെങ്കിലും മനുഷ്യരൊക്കെ ഇത്രയേ ഒള്ളൂ എന്ന് ശരിക്കും മനസിലായത് അന്നാണ്. മനുഷ്യകുലത്തോട് മുഴുവൻ ദയയുള്ളവളായി ഞാൻ രൂപാന്തരം പ്രാപിച്ചത് അന്നാണ്.