Wednesday 23 July 2014

കാലുകള്‍ കഥ പറയുന്ന കാലം…


കുറച്ച്‌ കാലങ്ങളായി ഞാന്‍ മനുഷ്യരെ കാണുന്നതു കാലുകളും, നടത്തങ്ങളുമായി മാത്രമാണ്. ഹീല്‍‌സിട്ട് ഞാന്‍ ഭൂമിയിലല്ലാ എന്ന മട്ടില്‍ വരുന്ന പെണ്‍‌കുട്ടികള്‍, ഉറച്ച കാല്‍‌വെപ്പുകളോടെ ലോകം കീഴടക്കാന്‍ പോകുന്ന പോലുള്ള ചെറുപ്പക്കാര്‍, പിച്ച വെക്കുന്ന പിഞ്ചു കുട്ടികള്‍, തട്ടി തടഞ്ഞും പ്രയാസപ്പെട്ടും നടന്നു വരുന്ന വയസ്സായവര്‍, വയസ്സായി വരികയാണെന്നു ഭാവിച്ചു വരുന്ന തളര്‍ച്ച ബാധിച്ചു തുടങ്ങിയ കാലുകള്‍, സ്റ്റേജില്‍ ഭ്രാന്തന്‍ സ്റ്റെപ്പുകളോടെ കാലുകളാണെന്റെ എല്ലാമെന്നു പറയുന്ന ഡാന്‍സുകാര്‍, മസിലുകള്‍ ഡാന്‍സു ചെയ്യുന്ന സ്പോര്‍ട്ട്സ് കാലുകള്‍, അങ്ങിനെ അങ്ങിനെ ഒരു പാട്‌ കാലുകള്‍, അതിനെയെല്ലാം അസൂയയോടെയാണ് ഞാന്‍ നോക്കാറ്‌, വികലാംഗകരായ കാലുകളെയും നടത്തങ്ങളെയും ഞാന്‍ കരുണയോടെ ശ്രദ്ധിക്കാറുണ്ട്, അതിലും കൂടുതല്‍ ഞാന്‍ ശ്രദ്ധിക്കാറ് ചിരിക്കുന്ന മുഖത്തോടെ ആത്മവിശ്വാസകുറവോടെ തനിക്കു നടക്കാന്‍ ബുദ്ധിമുട്ടുട്ടുണ്ടെന്ന്‌ മറ്റാരും അറിയാതെ സൂക്ഷിച്ച്‌ നടക്കുന്ന ചെറുപ്പക്കാരെ തന്നെയാണ്.  


2003 വരെ ഞാന്‍  നടത്തകളെയോ കാലുകളേയോ ചെരിപ്പുകളേയോ ശ്രദ്ധിച്ചിരുന്നില്ല. കാടുകളും മലകളും കയറി ഇറങ്ങി ചെറുപ്പത്തിനെ ആഘോഷിക്കുമ്പോഴാണ് നട്ടെല്ലില്‍ ഒരിടത്തൊരു ചെറുവേദനയായി ബുദ്ധിമുട്ടുകള്‍ തലനീട്ടിയത്,കുമ്പിട്ടു നിവരാനുള്ള ചില പ്രയാസങ്ങള്‍, നടക്കുമ്പോള്‍ തണ്ടെലിനു(നടുവിനു)ള്ള പിടുത്തങ്ങള്‍, കാലു വേദന, കൈവേദന ഒക്കെ സാധാരണമായപ്പോള്‍ തൃശ്ശൂരിലെ തിരക്കിസ്റ്റായ ഓര്ത്തോ ഡോക്ടറെ കണ്ടത്. പിന്നില് നീണ്ട നിരയിലിരിക്കുന്ന രോഗികളെ തീര്‍ക്കുന്ന തിരക്കിലാണാ ഡോക്ടര്‍, മുന്പിലെത്തുന്ന രോഗിയെ കേള്‍ക്കാനേ സമയമില്ല. എല്ലാ രോഗികള്‍ക്കും സേവനം ലഭ്യമാക്കലിനേക്കാള്‍, അതി ല്‍ ബിസിനസ്സിന്റെ സാധ്യതകളാണ് കൂടുതലയാള്‍ കാണുന്നതെന്നു തോന്നിപ്പോയി..നട്ടെല്ലു കാണിക്കാന്‍ ഉടുപ്പിട്ടാണോ ഡോക്ടര്‍ക്കു മുന്പില് നിലക്കുന്നതെന്ന” അലര്‍ച്ചയോടെയായിരുന്നു അയാള്‍ എന്റെടുത്തേക്കെത്തിയത്.  ,അതു കേട്ടതിന്റെ നടുക്കത്തിനൊപ്പം സ്വയം മാത്രം കണ്ടിട്ടുള്ള നഗ്നത അയാള്‍ക്ക് മുന്‍പില്‍ പ്രദര്‍ശന വസ്തുവാക്കി. കേട്ടു നിന്ന നേഴ്സ് സഹതാപത്തോടെ ഊരിയിട്ടും കിട്ടാത്തവ ഊരിയെടുക്കാന്‍ സഹായിച്ചു, അയാളുടെ അക്ഷമയും, ദേഷ്യവും ആ സമയത്ത്‌ കൂടുതല്‍ വെപ്രാളത്തിലേക്കാണ് ഞങ്ങളെ നയിച്ചത്‌. പരിശോധന കഴിഞ്ഞപ്പോള്‍ കൂടി വന്ന വേദനയേക്കാളും എന്റെ കണ്ണുനനയിപ്പിച്ചത് അയാളുടെ മനുഷ്യത്വമില്ല്യായ്മയായിരുന്നു.    കഴിവുള്ള ഡോക്ടര്‍മാര്‍ എന്നാല്‍ മനുഷ്യത്തവില്ലാത്തവര്‍ എന്നാണെങ്കില്‍ തീര്‍ച്ചയായും അവരെ മനുഷ്യത്തം ഉണ്ടാകാനുള്ള കോഴ്സിനുകൂടി പറഞ്ഞയച്ചിട്ടേ ചികിത്സക്ക് ഇറക്കാവു എന്ന് അന്നു തോന്നിയിരുന്നു.                                                                                                                                                          സ്കാനിങ്ങും ടെസ്റ്റകളും കഴിഞ്ഞ്‌ ചികിത്സ നിശ്ചയിച്ചു. കുറേ അധികം പെയിന്‍ കില്ലറുകള്‍, നട്ടെല്ലിനു 12 ദിവസം ഇഞ്ചക്ഷന്‍, വെയിറ്റിട്ട് കുറച്ചു നാള്‍ കട്ടിലില്‍, ഒരു വര്‍ഷത്തെ വിശ്രമം.പിന്നീട് സെക്കന്റും തേര്‍ഡും ഫോര്‍ത്തും അഭിപ്രായമെടുക്കാനായി പല ഡോക്ടര്‍മാരെയും കണ്ടു..വെജിറ്റബിള്‍ പോലെ ജീവിക്കു, പെയിന്‍ കില്ലറും കഴിക്കു കുറേ കാലം പോകാം എന്നു പറഞ്ഞവരും നേരത്തേ പറഞ്ഞ ചികിത്സാ വിധിയും മാത്രമേ അലോപ്പതിക്കാര്‍ക്കൊള്ളൂ..പിന്നെ മരുന്നുകള്‍ ഇഞ്ചെക്ഷനുകള്‍, എന്നിട്ടും നിന്നെം കൊണ്ടേ പോകു എന്ന മട്ടില്‍ വേദനകള്‍ എന്നെ പിന്തുടര്‍ന്നു. വിശ്രമിച്ചുള്ള ചികിത്സ, നടക്കാ സ്വപ്നമാണ്, വീട്ടിലെ കാര്യങ്ങള്‍ക്കും, എന്തിനു മരുന്നു മേടിക്കാനുള്ള പൈസക്കും ജോലി തന്നെ ശരണം
പിന്നെയാരോ പറഞ്ഞതു കേട്ട്‌ ആയുര്‍വേദം ചെയ്തു, വേദനകള്‍ വിഴുങ്ങിയ, ഉറക്കമില്ല്യാത്ത രാത്രികള്‍ തന്നെ ഫലം. വയ്യാ എന്നു പറഞ്ഞു ശീലമില്ലാത്ത നാവു വളച്ച്‌ ചിരിച്ചു കൊണ്ട് പറഞ്ഞു 'എനിക്കു വയ്യാ', കേട്ടു നിന്ന കൂടെ ജോലി ചെയ്യുന്നവരടക്കം ചിരിച്ചു,
'എന്താ അസുഖം?
'തണ്ടലു(നടുവിനു) വേദന',
'ഇപ്രായത്തിലോ? കണ്ടാലും പറയും'..

സത്യമാണ് ആരെയും കുറ്റം പറയാനാകില്ല. പ്രത്യേകിച്ചൊരു രോഗലക്ഷണവും ഇല്ല, അറ്റന്‍ഷന്‍ സീക്കിങ്ങിനു വേണ്ടി ചില മനോരോഗികള്‍ കാണിക്കുന്ന തരം ഫേഷ്യല്‍ എക്സ്പ്രെഷന്‍, നടത്തത്തിനു മടിയുടെ ഒരു വേഗതകുറവ്‌ അത്ര തന്നെ..  അങ്ങിനെ വേണമെങ്കിലും ഈ ലക്ഷണങ്ങളെ കാണാം, അതാണ് കൂടുതല്‍ ആള്‍ക്കാര്‍ക്കും ഇഷ്ടവും.. 
                        
  വലതു കയ്യും, വലതു കാലും 70% ത്തോളം പണി മുടക്കി തുടങ്ങിയിരുന്നു. മുടി ചീകാനോ, പേന പിടിക്കാനോ ആകാത്തവിധം കയ്യും, . വലിച്ചു കൊണ്ടുപോകും  വിധത്തില്‍ ഭാരമായി വലതു കാലും തൂങ്ങി കിടന്നു. മുഴുവന്‍ ഭാരവും ഇടത് ഭാഗത്തു കൊടുത്തായി നടത്തം, ആ ഭാരം തൂങ്ങി ഇടത്തു ഭാഗം മുഴുവന്‍ നീരു വന്നു വീര്‍ത്തു.ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന ബാല്യത്തിലെ വാശിയില്‍ നിന്നും ആരെങ്കിലും നീട്ടുന്ന ആശ്രയത്തിനു കാത്തു നിലക്കേണ്ടി വരുന്ന നിസ്സഹായതയിലേക്ക് ജീവിതം കൂപ്പു കുത്തി.                                                                                                ഇന്നും ഓര്‍മ്മയിലുണ്ട് ഒരു മീറ്റിങ്ങിന്റെ മിനുട്സ് എഴുതാന്‍ ആവശ്യപെട്ടപ്പോള്‍ 'കൈ വേദനയാ സാര്‍ എഴുതാന്‍ വയ്യെന്ന' എന്റെ മറുപടിക്കു അഹങ്കാരി എന്ന മട്ടിലുള്ള നോട്ടവും, തുടര്‍ന്ന്‌ ഇത്ര മടി പാടില്ലന്ന സഹപ്രവര്‍ത്തകരുടെ ഉപദേശവും കിട്ടിയത്‌.


 ഒരുപാട്‌ അലച്ചിലുകള്‍ക്കൊടുവിലാണ് തിരുനാവായയിലെ പാരമ്പര്യ തിരുമ്മു ചികത്സാ കേന്ദ്രത്തില്‍ എത്തിപ്പെട്ടത്‌.വൈദ്യന്‍ കൈനാഡി പിടിച്ച്‌ വേദനയുള്ള എല്ലാ ജോയിന്റുകളും തൊട്ട്‌ ചോദിച്ചു ‘ഇവിടെയൊക്കെ അല്ലേ വേദനയുള്ളത്‌? എനിക്ക്‌ തിരിച്ചറിയാന്‍ സാധിക്കാത്ത അത്രയും ഇടങ്ങളില്‍, ഓരോ ദിവസവും പല തരത്തിലും,രൂപത്തിലും ആണ് വേദനകള്‍ പിടികൂടാറ്‌. അലോപ്പതി ഡോക്ടര്‍മാരുടെ അടുത്തെത്തി എല്ലാ വേദനകളേകുറിച്ചു പറയാന്‍ തുടങ്ങിയാല്‍ ഏതെങ്കിലും ഒരു വേദന പറയൂ എന്നാകും മറുപടി, അവസാനം വേദനയുള്ളടത്തെല്ലാം പുരട്ടാന്‍ ഒരു ഓയില്‍മെന്റും എഴുതി തരും,ഒരു ഓയില്‍മെന്റ് ഒരു ദിവസത്തിനു തികയാത്ത അവസ്ഥയാണെന്നുള്ളതായിരുന്നു സത്യം. ആ ഗതികേടിനെയായിരുന്നു ആ വൈദ്യന്‍ ആദ്യം തീര്‍ത്തുതന്നത്‌, ആശ്വാസത്തോടെ കാര്യങ്ങള്‍ പറയാന്‍ അതു മൂലം സാധിച്ചു

'കുറച്ചുകാലം ചികത്സ വേണ്ടിവരും, ഉഴിച്ചില്‍, കിഴി , കടിവസ്തി ഒക്കെ വേണം. ചികത്സ കഴിഞ്ഞാലും വിവാഹം, പ്രസവം ഒക്കെ കുറച്ച് കാലത്തേക്ക് മാറ്റിവെക്കേണ്ടി വരും..പ്രസവം ഏതു കാലത്തായാലും ബുദ്ധിമുട്ടാകും...എന്താ തയ്യാറാണോ?                                                                  'എനിക്കൊന്നുറങ്ങണം , പരസഹായമില്ലാതെ നടക്കണം' എന്ന ലളിതമായ രണ്ടാവശ്യങ്ങളുമായി എത്തിയ എനിക്കെന്തു തടസ്സം  ഒരു മാസവും 21 നീണ്ടു നിന്ന ചികിത്സക്കു തുടക്കം കുറിച്ചു.                                                                                        നട്ടെല്ലിനു കേടു വന്ന കല്യാണപ്രായമായ മകളെ നാട്ടുകാരും വീട്ടുകാരും അറിയാതെ ചികിത്സിക്കുക എന്ന അമ്മയുടെ ഉദ്യമത്തിനു മുന്‍പില്‍ സഹായത്തിനു ഹോംനേഴ്സിനെ വെക്കുക മാത്രമേ എനിക്കു നിവര്‍ത്തിയുണ്ടായിരുന്നൊള്ളൂ... അമ്മ എനിക്കു കല്ല്യാണ ആലോചനകള്‍ മുടങ്ങാതിരിക്കാനായും, രോഗവിവരം ആരുമറിയാതിരിക്കാനുമായി വീട്ടിലിരുന്നും സകല അമ്പലങ്ങളിലും, ജ്യോതിഷികളുടേയും അടുത്തു പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചു പോന്നു.  ഹോംനേഴ്സിനെ അന്വേഷിച്ചിരുന്ന  ദിവസങ്ങളില്‍ മനസ്സില്‍ നൂറുപ്രധിഷേധങ്ങളായിരുന്നു. കേരളത്തിലെ വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ക്ക് ഇമ്മാതിരി അസുഖങ്ങള്‍ വരാന്‍ പാടില്ലേ, അഥവാ വന്നാല്‍ തന്നെ വീട്ടില്‍ നിന്നുള്ള ഇത്തരം സേവനങ്ങള്‍ ലഭ്യമാകില്ലേ…ഇല്ല എന്നു തന്നെയായിരുന്നു ഉത്തരം, എനിക്കും ഹോം നേഴ്സിനെ തന്നെ നിര്‍ത്തേണ്ടി വന്നു.ചെറിയ അനിയന്‍ ഹോംനേഴ്സ് വരും വരെ എനിക്കു തുണയായി ആറു ദിവസം കൂട്ടു നിന്നു. അതു തന്നെ വലിയ കാര്യമായിരുന്നു.

                                                                                                                            നിറഞ്ഞ അനാഥത്തത്തില്‍ കൂട്ടു വന്ന വൃദ്ധയായ ട്രീസചേച്ചി എന്റെ ഇടം കൈകൊണ്ട് കോരി വായിലേക്കെത്താത്ത സ്പൂണ്‍ സ്നേഹപൂര്‍വ്വം വായിലടുപ്പിച്ചു തന്നു, സ്റ്റൂളീലിരുത്തി വൃത്തിയായി കുളിക്കാന്‍ പാകത്തിനു വെള്ളം കോരിയൊഴിച്ചു തന്നു, കൈപിടിച്ച് വലതു ഭാഗം താങ്ങി നടത്തി ഉഴിച്ചില്‍ മുറിയില്‍ കിടത്തി തന്നു, ഇടക്കിടെ താഴ്ന്നു പോകുന്ന ബിപിയുടെ അബോധാവസ്ഥയില്‍ ഞാന്‍ അവരെ നോക്കി ‘അമ്മേ; എന്നു വിളിച്ചു കരഞ്ഞിരുന്നെത്രെ.കഴുത്തൊപ്പം വെട്ടിയ മുടി വേഗം വളരട്ടെ എന്നും പറഞ്ഞ്‌ തല നിറച്ചും എണ്ണ തേച്ച്‌ മസ്സാജ്ജു ചെയ്തു തന്നു,മസ്സാജിന്റെ സുഖത്തില്‍ കണ്ണടയുമ്പോള്‍ ഉഴിച്ചില്‍ക്കാരി സല്‍മാത്ത ഭീഷണിപ്പെടുത്തും 'പകലുറങ്ങല്ലേ' 


രാത്രികളിലെല്ലാം കുഞ്ഞുകുട്ടിക്കെന്നവണ്ണം ട്രീസച്ചേച്ചി കേട്ടതും കേള്‍ക്കാത്തതുമായ മുത്തശ്ശി കഥകള്‍ പറഞ്ഞു തരുമായിരുന്നു. അത്‌ കേട്ട്‌ കേട്ടായിരുന്നു ചിലപ്പോള്‍ ബോറടിച്ചും, ബോറടിക്കാതെയും ഉറങ്ങാറ്‌. ആ കഥകള്‍ വലിയ ആശ്വാസം തന്നെയായിരുന്നു. 
പിന്നെ പ്രിയം എന്റെ നോക്കിയയുടെ കുട്ടി ഫോണിനോടായിരുന്നു. അതിനെ ഞാന്‍ പ്രാണനോളം സ്നേഹിച്ചു, അതിലായിരുന്നു എന്നില്‍ ഊര്‍ജ്ജം നിറക്കുന്ന സ്നേഹവിളികള്‍ വന്നിരുന്നത്‌. ഇടക്കിടെ തിരക്കിട്ട്‌ പൊതിച്ചോറുമായി അമ്മ വരും, പിന്നെ വിരലില്‍ എണ്ണാവുന്ന ചില സുഹൃത്തുക്കള്‍ ,അല്ലെങ്കിലും നമ്മള്‍ ഒറ്റപ്പെടുമ്പോഴാണ് നമ്മുടെ ശരിയായ സുഹൃത്തുക്കളെ തിരിച്ചറിയുക.  അവര്‍ പോയി കഴിഞ്ഞാല്‍ പിന്നെയും ശൂന്യമാകുന്ന ദിനങ്ങള്‍. അടുത്ത മുറിയിലുണ്ടായിരുന്ന ബ്രയിന്‍ ട്യൂമറുകരാനായ സനുവെന്ന 10 വയസ്സുകാരനായിരുന്നു ഒരാശ്രയം തുടക്കത്തില്‍, ഒരു ദിവസം പൊടുന്നനെ അവന്‍ മരിച്ചു പോയി, ആ ദിവസങ്ങള്‍ ഓര്‍ക്കാനിപ്പോഴും വയ്യ.                                                                     കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൈകാലുകളുടെ ഭാരം കുറഞ്ഞു വന്നു ഒപ്പം വേദനകളും, ചികിത്സ പുരോഗമിക്കുംതോറും ആത്മവിശ്വാസം കൂട്ടുന്ന തരത്തിലായിരുന്നു വേദനകളുടെ കുറവ്‌, തിരിച്ചു പോരുമ്പോള്‍ ആരുടെയും കൈപിടിക്കാതെ വേദനിക്കാതെ ആയിരുന്നു ഞാന്‍ നടന്നത്‌.ഡോക്ടര്‍ പറഞ്ഞത്രയും വിശ്രമം കഴിഞ്ഞപ്പോള്‍ സ്ഥിതി നേരെ തിരിച്ചും ആയി അവസ്ഥ. ശരീരം വെറുതെ കിടന്നും ഇരുന്നും മടിച്ചിയായിരിക്കുന്നു, അതു പാകപെടുത്തി എടുക്കല്‍ അതിലും വേദനാജനകമായിരുന്നു. ഒരു സാധാരണ നടത്തം പോലും ഓരോഭാഗത്തേയും വേദനിപ്പിച്ചു. സുഖചികിത്സക്കു പോയ ആള്‍ക്കെന്ത് അസ്വസ്ഥത എന്ന മട്ടിലാണ് ഭൂരിഭാഗം ആള്‍ക്കാരും കരുതുന്നത്‌. അതു മടിയായും, വെറുതെ ഇരുന്നു കാശു മേടിക്കുന്ന ആളായും കരുതാന്‍ വഴിയൊരുക്കി, ചിലരുടെ അസ്വാരസ്യങ്ങള്‍ ജോലി ഉപേക്ഷിച്ചു കൂടെ എന്ന ചോദ്യമായി തെളിഞ്ഞും ഒളിഞ്ഞും കേള്‍ക്കേണ്ടി വന്നു. എക്സര്‍സൈസ് ചെയ്യാതിരുന്ന ഒരാള്‍ ചെയ്തു തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന തരം അസ്വസ്ഥത മാത്രമാണെന്നു ചിലരോട് പറയുകയും ചെയ്തു. അന്നതിനെ മറികടക്കാനും ഉത്തരം പറയാനും പാകത്തിനു ആത്മവിശ്വാസം നിറഞ്ഞ ഒരു ശക്തി എനിക്കു ചികിത്സയിലൂടെ കിട്ടിയിരുന്നു
   പക്ഷെ ആ അത്മവിശ്വാസം അധിക കാലം നിലനിന്നില്ല, അപ്പോഴേക്കും ഒരു പുതിയ പ്രശ്നം തലപൊക്കി. ചെറിയ കല്ലില്‍ തട്ടിയാല്‍ പോലും ഞാന്‍ മറിഞ്ഞു വീഴാന്‍ തുടങ്ങി, കല്ല് എന്നു പറഞ്ഞാല്‍ ഒരു കുഞ്ഞു പൊട്ടോളം വലുപ്പമായാലും മതി. കണ്ട് നിലക്കുന്നവരെല്ലാം ചിരിക്കും, ഞാനും കൂടെ ചിരിക്കും, ഇതു പതിവായപ്പോള്‍ എന്റെ ചിരിയണഞ്ഞു, ഒപ്പം ആത്മവിശ്വാസവും.                                                                         ഫ്ലാറ്റായ ചെരിപ്പില്‍ നിന്നും തെന്നി വീഴുക, കയറ്റം കയറുമ്പോല്‍ പിന്നോക്കം മറിഞ്ഞു വീഴുക. ഒരല്പം മിനുസമുള്ള ഏതു സ്ഥലത്തും വീഴുക എന്നു തുടങ്ങി നടക്കാന്‍ തന്നെ ധൈര്യമില്ല്യാത്ത രീതിയിലേക്കു ഞാന്‍ മാറി. അലോപ്പതിക്കാരും, ആയുര്‍വേദക്കാരും പറഞ്ഞു ഒരു കുഴപ്പവുമില്ല ഇപ്പോഴെന്ന്‌.അതു 2008 വരെ തുടര്‍ന്നു.                                                                               ഒരിക്കള്‍ അടുത്ത സുഹൃത്തായ മൈത്രിയോട് കാര്യം പറഞ്ഞു, അദ്ദേഹമാണ് വയനാട്ടിലുള്ള മറ്റൊരു വൈദ്യരെ പരിചയപെടുത്തിയത്‌.അദ്ദേഹം പറഞ്ഞത്‌ ചികിത്സകളുടെ സൈഡ് എഫക്ട് ആണ്, എന്റെ മസിലികള്‍, പ്രത്യേകിച്ച് നടുമ്പുറത്തേത്‌ സ്റ്റിഫ്‌ ആയിപ്പോയതു കൊണ്ടാണീ വീഴ്ചകള്‍ എന്നു. 2 മാസം അദ്ദേഹത്തിന്റെ വക ചികിത്സ, അതിനേയും തോല്‍പ്പിച്ചു. ആത്മവിശ്വാസത്തോടെ, നടക്കാനാരംഭിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം, ഒരു പക്ഷെ ഞാന്‍ കുട്ടിക്കാലത്തു പിച്ചവെച്ചതിലും ആഹ്ലാദിച്ചിട്ടുണ്ടെന്നു തോന്നി...
ചില്ലറ ബുദ്ധിമുട്ടുകള്‍ ബാക്കിയായെങ്കിലും പരസഹായമില്ല്യാത്ത ഈ യാത്ര സന്തോഷം തന്നെ..എന്നാലും ചിലപ്പോള്‍ ഒറ്റക്കിരിക്കുമ്പോള്‍, ഉറക്കമില്ലാത്ത ചില രാത്രികളില്‍, ചില യാത്രകള്‍ കാണുമ്പോള്‍ ആലോചിക്കും.. സ്വപ്നത്തിലോ മറ്റോ ആയിരുന്നോ ഞാന്‍  എന്നൊരു പെണ്‍കുട്ടി ഒരു ബാക്ക്പാക്കും തൂക്കി, കേരളത്തിലെ കാടായ കാടെല്ലാം കയറി ഇറങ്ങിയത്‌?? ആദിവാസി ഊരുകള്‍ തേടി കിലോമീറ്ററുകളോളം നടന്നിരുന്നത്‌, അതു നടന്നതു തന്നെയായിരുന്നോ? ഇനി അങ്ങനെ വീണ്ടുമൊരു യാത്ര സാധിക്കുമോ?? ആശങ്കയോടെയാണെങ്കിലും ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു, അങ്ങനെ ഒരു കാലം എനിക്കിനിയും ബാക്കി ഉണ്ടെന്നു....കാരണം എന്റെ കൈതുമ്പിലൊരു കുഞ്ഞു കയ്യുണ്ട് കിട്ടാന്‍ വലിയ പ്രയാസമായിരിക്കും എന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്, അതോ ഒട്ടും പ്രയാസപ്പെടുത്താതെ കടന്നുവന്നതും…

Thursday 3 July 2014

അന്ന് ഞങ്ങള്‍ ഒരു കൂട്ടുകുടുംബമായിരുന്നു..

റോഡ്‌ സൈഡില്‍, ഓലകൊണ്ടുണ്ടാക്കിയ, അത്യാവശ്യം വലുപ്പമുള്ള വീടായിരുന്നെന്റേത്‌, ഓര്‍മ്മയിലെ വീട് അവിടെ നിന്നാണ് ആരംഭിക്കുന്നത്‌. റോഡിലൂടെ പോകുന്നവര്‍ക്ക്‌ കാണാനാകാത്ത വിധം മരങ്ങള്‍ ആ വീടിനു മുന്‍പിലുണ്ടായിരുന്നു. ഒരു കുട ചെരിച്ചു വെച്ച പോലെയുള്ള ഒരു പറങ്കി മാവായിരുന്നു അതില്‍ പ്രധാനി. വേനല്‍ കാലത്ത്‌ അതു നിറയെ ഇളം മഞ്ഞ നിറത്തിലുള്ള പറങ്ക്യാങ്ങകള്‍ നിറയും.


മഴക്കാലങ്ങളുടെയും ഓര്‍മ്മ തുടങ്ങുന്നതും ആ വീട്ടില്‍ നിന്നു തന്നെ ആയിരുന്നു.അലച്ച്‌ പെയ്യുന്ന മഴ ഓലവീടിന്മേല്‍ പ്രത്യേകശബ്ദത്തിലായിരുന്നു വീണിരുന്നത്‌, ജലദോഷം വന്ന് അടങ്ങ ശബ്ദം പോലെ അടഞ്ഞ മഴശബ്ദം കേട്ട്‌, ആദ്യമഴയുടെ മണ്‍‌ മണവും നുകര്‍ന്ന്‌, ഭൂമിയിലൂടെ ഉറവകളും, ചാലുകളും ഉണരുന്നതിനെ അറിഞ്ഞുള്ള മഴക്കാല ഉറക്കം മനോഹരമായിരുന്നു.വേനല്‍ക്കാലങ്ങളിലാകട്ടെ മുന്‍‌വാതിലും, പിന്‍‌വാതിലും തുറന്ന്‌ വെച്ചായിരുന്നു ഉറക്കം, ഫാനും കറന്റും വ്യാപകമല്ലായിരുന്ന അക്കാലത്ത്‌ അറബികടലും താണ്ടി, മരങ്ങളുടെയും, കുളങ്ങളുടെയും തണുപ്പും വഹിച്ചെത്തുന്ന കാറ്റായിരുന്നു, ഞങ്ങളുടെ ഫാന്‍.
മുറ്റത്തെ പറങ്കിമാവിന്റെ തണലില്‍, സ്വര്‍‌ണ്ണ നിറമുള്ള മണലില്‍ , അതി വിശാലമായ ഒരു മുറ്റവും ആ ഓലവീടിനുണ്ടായിരുന്നു. ആ മുറ്റത്തായിരുന്നു അയല്‍‌വക്കകാരായ ചിലരൊക്കെ ഉറങ്ങിയിരുന്നത്‌.എന്നും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കിഴക്കേ വീട്ടില്‍ നിന്നും കണ്ണേട്ടനായിരുന്നു ആദ്യത്തെ അതിഥിയായി എത്തിയിരുന്നത്‌. കണ്ണേട്ടന്‍ വളരെ സൌമ്യനും, സ്നേഹമുള്ളയാളുമായിരുന്നു. കാര്യങ്ങള്‍ നന്നായി പറയുകയും ഉള്ളറിഞ്ഞ്‌ ചിരിക്കുകയും ചെയ്തിരുന്ന ഓരാള്‍! കണ്ണേട്ടന്റെ കയ്യില്‍ തൂങ്ങി നാണം കുണുങ്ങി മകന്‍ രാജുവോ, അല്ലെങ്കില്‍ രാജുവിന്റേട്ടന്‍ പ്രേമേട്ടനോ ഉണ്ടാകുമായിരുന്നു. 


കയ്യില്‍ കരുതിയിരിക്കുന്ന പായ്‌ വിരിച്ചോ, അല്ലെങ്കില്‍ തോളിലിട്ടിരിക്കുന്ന തോര്‍ത്ത്‌ വിരിച്ച്, കാറ്റും കൊണ്ട് ആകാശം നോക്കി അവര്‍ കിടക്കും

തൊട്ട് പിന്നാലെ തെക്ക് കിഴക്ക് നിന്നും ബാലേട്ടനും മകന്‍ ഷാജു ഏട്ടനും കൂടി എത്തുകയായി. ബാലേട്ടന്റെ കയ്യില്‍ 4കട്ടയുടെ വെള്ളിനിറമുള്ള ടോര്‍ച്ചുണ്ടാകും. ബാലേട്ടന്‍ അസാധ്യ ഹൂമര്‍സെന്‍സുള്ള ഒരാളായിരുന്നു. ബാലേട്ടന്റെ സംസാരം എപ്പോഴും തമാശയുടെ കൂടാരമായിരുന്നു. ആള്‍ക്കാരെ കളിയാക്കാന്‍ അദ്ദേഹം അതി വിദഗ്ദനായിരുന്നു, അതാകട്ടെ ആര്‍ക്കും പരിഭവം കൂടി തോന്നിക്കാറില്ലായിരുന്നു
നാനി( അപ്പൂപ്പന്റെ അനിയന്റെ ഭാര്യ) കൊടുത്ത ചോറും വാരി വലിച്ചു തിന്നു സഭകൂടാനെത്തുന്ന എല്ലാവര്‍ക്കും പ്രിയങ്കരനായ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള വിത്സനെന്ന നായ. സത്യത്തില്‍ വില്‍‌സനായിരുന്നു ആ മുറ്റത്തെ കൂട്ടുകുടംബത്തിന്റെ വാതില്‍ ഒരു ഇല അനങ്ങിയാലും, ഒരു തവള ചാടിയാലും, പാമ്പിനെയോ എലിയേയോ കണ്ടാലും അവന്‍ കുര തുടങ്ങും. ബാലേട്ടന്‍ നാലുകട്ട ടോര്‍ച്ചടിച്ച്  നോക്കി, ഞങ്ങള്‍ക്ക് ആപത്തൊന്നുമില്ലന്നവനു ബോധ്യമായാലേ അവന്‍ കുര നിര്‍ത്താറൊള്ളു.ഞങ്ങള്‍ മക്കളും, അച്ഛനും, അമ്മയും അപ്പൂപ്പനും അച്ഛമ്മയും ആ സഭയിലേക്ക് കൂടുന്നതോടെ രാത്രി കിസ സജീവമാകും


പിന്നീടങ്ങോട്ട് കഥകളുടെ കെട്ടഴിയുകയായി, അത്ഭുതങ്ങളുടെ ത്രസിപ്പിക്കുന്ന വീരകഥകള്‍, ഭയത്തിന്റെ കഥകള്‍. അവ ശരിക്കും ഒരു നാടിന്റെ കഥ കൂടി ആയിരുന്നു..അക്കാലത്തെ പ്രണയങ്ങള്‍, ഓടിപോകലുകള്‍, കുടുംബവഴക്കുകള്‍, ഗര്‍ഭിണി ആയിട്ടു വിവാഹം കഴിച്ചവര്‍, ഗര്‍ഭിണിയായിട്ടും വിവാഹം കഴിക്കാനാകാഞ്ഞവര്‍, അങ്ങനെ അങ്ങനെ... കുറ്റപേരുകളുടെ ഒരു ലിസ്റ്റുണ്ടായിരുന്നു.. നായ, കുറുക്കന്‍, കാടന്‍, പോക്കര, കൊള്ളി, കൊള്ളക്കാരന്‍, തേന്‍, തപ്പി, അല്പായുസ്സ്, അടപ്പി, കൊഞ്ഞ, വിശപ്പ്… ഓര്‍മ്മയില്‍ നില്‍ക്കാത്ത അത്രയും നീളുന്ന നിരയാണത്‌.


കടലില്‍ വഞ്ചി തകര്‍ന്നിട്ടും രക്ഷപെട്ടവര്‍, കടലിലെ വീരേതിഹാസങ്ങള്‍,തുടങ്ങി.. വിവിധ ഇനം മീനുകള്‍, ആകാശം നോക്കി സമയം പറയല്‍, നക്ഷത്രങ്ങളുടെ നാടന്‍ പേരുകള്‍, അവ ഉദിക്കുന്ന കൃത്യസമയങ്ങള്‍ എല്ലാം അവര്‍ക്ക്‌ അറിയാമായിരുന്നു.


വടക്കന്‍ പാട്ടുകളത്രയും പാട്ടായി കേട്ടതു, യക്ഷിയെം ഗന്ധര്‍വനേയും പരിചയപെട്ടതും ആ സഭയില്‍ നിന്നായിരുന്നു. അവര്‍ കാണാത്ത ദൈവങ്ങളും ഉണ്ടായിരുന്നില്ല, വെളുപ്പിന്‍ കോട്ടത്തായ കുളത്തില്‍ കുളി കഴിഞ്ഞ്‌ പോകുന്ന വാടാനപ്പള്ളി ദേവി, തൃപ്രയാറപ്പന്‍ കടല്‍‌പ്പുറത്ത് കാറ്റ് കൊള്ളാന്‍ പാതിരാക്കു വന്നപ്പോള്‍  കണ്ട കഥ അതില്‍ പ്രധാനപ്പെട്ടതായിരുന്നു.ഒടിയന്‍, ജിന്ന്, മലക്ക്, കുട്ടിച്ചാത്തന്‍, ബ്രഹ്മരക്ഷസ്‌ എന്നു തുടങ്ങി പല ശക്തികളെയും അവര്‍ പലപ്പോഴായി കണ്ടിട്ടുണ്ടെന്ന വാദം അവര്‍ പരസ്പരം അംഗീകരിക്കുകയും, അതു ഞങ്ങള്‍ കുട്ടികള്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ ജനിക്കും മുന്‍പേ ഉണ്ടായിരുന്ന കാടും അതിലുണ്ടായിരുന്ന കുട്ടികളെ തട്ടികൊണ്ട്‌ പോകുന്ന ഒറ്റമുലച്ചി എന്ന യക്ഷിയെ കുറിച്ച് അച്ഛമ്മ എന്നും വാചാലയാകുമായിരുന്നു. അക്കാലത്ത്‌ പകലുകളില്‍ അപ്പൂപ്പന്‍ വീട്ടിലേക്കുള്ള വഴി തെറ്റുന്നത് പതിവായിരുന്നു. ജിന്നിന്റെ അതിര്‍ത്തി പുല്ലെന്ന പുല്ല് ചവിട്ടിയിട്ടെന്നായിരുന്നു പറഞ്ഞിരുന്നത്‌, അന്നൊക്കെ ആ പുല്ല്‌ ചവിട്ടാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു ഞങ്ങള്‍ നടന്നിരുന്നത്‌, പേരറിയാത്ത എല്ലാ പുല്ലുകളേയും ഞങ്ങള്‍ കുട്ടികള്‍ സംശയിച്ചിരുന്നു. വയസ്സാകുമ്പോള്‍ ഉണ്ടാകുന്ന ദിശാഭ്രമമായിരുന്നു അതെന്നു തിരിച്ചറിയാന്‍ പിന്നെയും കാലമേറെ എടുത്തു.

അന്നാട്ടിലെ ചില വ്യക്തികളെ സ്നേഹത്തോടെ കാണാന്‍ ആ സഭയിലെ കഥകള്‍ കാരണമായിട്ടുണ്ടായിരുന്നു. വീട് കെട്ടിമേയാനും, പറമ്പു കിളക്കാനും വരുന്ന വേലുകുട്ടി അച്ചാച്ചന്‍ അതിലൊരാളായിരുന്നു. 16 രൂപ മാസ ശമ്പളം കിട്ടുന്ന ഗവണ്മെന്റ് ഉദ്യോഗം പുല്ലു പോലെ വലിച്ചെറിഞ്ഞു പോന്നയാളായിരുന്നു അദ്ദേഹം.. അതില്‍ കൂടുതല്‍ പൈസ അന്നാദ്ദേഹത്തിന് ഇത്തരം പണികളിലൂടെ ഒരു മാസം കിട്ടുമായിരുന്നത്രെ , അതു പറഞ്ഞാണദ്ദേഹം ആ ജോലി വേണ്ടെന്ന്‌ വെച്ചത്‌.
പിന്നെ സദാ സമയം ചതി ചതി എന്നലറികൊണ്ട് നടന്നിരുന്ന മാടമ്പിയേട്ടന്‍ എന്ന ഭ്രാന്തന്‍ അദ്ദേഹത്തിന്റെ നല്ല കാലത്ത്‌ എത്ര മിടുക്കനായിരുന്നത്രെ..
പിന്നെ മന്ത്രവാദം, കൈവിഷം, ഒടിവെക്കല്‍, എന്നു തുടങ്ങിയ കലാരൂപങ്ങളെ കുറിച്ച്‌ അറിഞ്ഞതും ആ രാത്രികാല കഥകളില്‍ നിന്നായിരുന്നു.
കഥയുടെ രസത്തിനും പേടിക്കും മീതെ പാതിയുറക്കം വന്നു വീഴുമ്പോഴായിരുന്നു അമ്മ ഞങ്ങളെ അകത്തേക്ക് എടുത്ത്‌ കിടത്താറുണ്ടായിരുന്നത്‌.


പകലുകളാകട്ടെ അന്നാട്ടിലെ അമ്മൂമ്മമാരുടെ സംഗമസ്ഥലം കൂടിയായിരുന്നു ആ മുറ്റം. ആ കാറ്റും സുഖവും തേടി ഉച്ചയൂണു കഴിഞ്ഞ ഉടനെ എത്തുക വടക്കേവീട്ടില്‍ നിന്നും നാനിയായിരുന്നു. പിന്നെ തെക്കെലെ അമ്മാമ്മ, ചക്കിഅമ്മാമ്മ, കിഴക്കേലെ അമ്മാമ്മ, രണ്ട കല്യാണി അമ്മാമ്മമാര്‍, മങ്കമ്മാമ്മ..ഇതില്‍  ഏറ്റവും ദൂരെ നിന്നും വരുന്നത്‌ മങ്കമ്മാമ്മയായിരുന്നു, അവരുടെ കൂടെ ഒന്നോ രണ്ടോ ആടുകളും ഉണ്ടാകാറുണ്ട്, അവക്ക് ഇലയൊടിക്കാനാണ് വരുന്നതെന്നായിരുന്നു മൂപ്പര്‍ പറയാറ്‌. ഇക്കൂട്ടത്തിലെ ഏറ്റവും മാന്യയും, സ്നേഹമുള്ള അമ്മാമ്മയായി തോന്നിയിട്ടുള്ളതും അവരെ തന്നെയാണ്. കൂട്ടത്തില്‍ എറ്റവും സുന്ദരിയും , പാവവും ചക്കി അമ്മാമ്മയായിരുന്നു. അച്ഛമ്മയും നാനിയും ആരെയും വരച്ച വരയില്‍ നിര്‍ത്താന്‍ ശേഷിയുള്ള തന്റേടികളായിരുന്നു.ഭ്രാന്തിനോളം വരുന്ന വഴക്കാളികളായിരുനു കല്യാണി അമ്മാമ്മമാര്‍.തെക്കേലെ അമ്മാമ്മ സ്നേഹം വരുമ്പോഴും, ദേഷ്യം വരുമ്പോഴും തെറിവാക്കുകള്‍ കൊണ്ടായിരുന്നു ആളുകളെ അഭിസംബോധന ചെയ്തിരുന്നത്‌.അല്പം സെക്സ് കലര്‍ത്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെയായിരുന്നു കിഴക്കേലെ അമ്മാമ്മ സംസാരിച്ചിരുന്നത്‌

ആ സഭയില്‍ വെച്ചായിരുന്നു ആ വീടുകളിലെയെല്ലാം മരുമക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കപ്പെട്ടിരുന്നത്‌. ഒരു വിധപെട്ട മരുമക്കളും ചെറുപ്പക്കാരികളും ആ ഗ്രൂപ്പിനു മുന്നില്‍ വന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. മരുമക്കള്‍ക്കെതിരെയുള്ള  ചില കാര്യങ്ങള്‍ ശരിയല്ലെന്നു പറയാന്‍ ആകെ ധൈര്യം കാണിച്ചിരുന്നത്‌ മങ്കമ്മാമ്മയായിരുന്നു.,ഇവര്‍ക്കെല്ലാം ഇടക്കിടെ കട്ടന്‍ ചായയുമായി വരുന്ന എന്റെ അമ്മയുടെ നേരെ നീളുന്ന അവരുടെ നോട്ടത്തിലെ ദയ ഇന്നും മനസ്സിലുണ്ട്.


ഞങ്ങള്‍ കുട്ടികളും, വില്‍‌സനും ഒട്ടുമിക്കവാറു സഭകളുടേയും കൂടെ ഇരിക്കാമായിരുന്നു. അവര്‍ക്കൊപ്പമിരിക്കുമ്പോള്‍ നൂറായിരം വിമര്‍ശനങ്ങളും, ഉപദേശങ്ങളും ചാക്കു കണക്കിനു ഞങ്ങള്‍ക്ക്‌ നല്‍കിപോന്നിരുന്നു.വില്‍‌സന്‍ പോലും അവകേട്ട്, ആലസ്യത്തോടെ കോട്ടുവാ വിട്ട് പാതി അടഞ്ഞ കണ്ണുകളോടെ കിടക്കും.. അവരോടെല്ലാം മര്യാദയിലും, ബഹുമാനത്തിലും പെരുമാറുക എന്നത്‌ ഒരു അനുഭവമായിരുന്നു. സദാസമയം ഞങ്ങളുടെ അമ്മമ്മാരെ ചീത്ത പറയുന്നതു കേട്ടിട്ടും തിരിച്ചൊന്നും പറയാനാകാത്തത്, ജീവിതമെന്ന പ്രയാണത്തിലെ ആദ്യത്തെ പരീക്ഷയായിരുന്നു എന്നു ഇപ്പോഴാണ് തിരിച്ചറിയുന്നതെനു മാത്രം. പെട്ടെന്നു തന്നെ ക്ഷമിക്കാനും, ചുറ്റുമുള്ളവരെല്ലാം എന്റേതാണെന്ന്‌ കരുതി സ്നേഹിക്കാനുള്ള മനസ്സൊക്കെ ആ ക്ലാസ്സ്മുറിയില്‍ നിന്നു കിട്ടിയതാണ്.ഇന്നിപ്പോള്‍ മരങ്ങളെല്ലാം വെട്ടിമാറ്റപ്പെട്ടു, അവക്കു പകരം മറ്റൊന്നു വെചുപിടിപ്പിച്ചുമില്ല, ഓലവീടെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങളാക്കി, അവയുടെ മുറ്റത്തേക്ക് ചായുന്ന മരങ്ങളെല്ലാം അപ്പപ്പോള്‍ വെട്ടി ചെറുതാക്കി..രാത്രിയിലും നട്ടപ്ര വെയിലത്താണോ കിടക്കുന്നതെന്ന് സംശയം തോന്നാറുണ്ടന്നമ്മ പറയുന്നു. കാറ്റു കടക്കാനിടം തരാതെ ജാലകങ്ങളും വാതിലും അടച്ചിട്ടും തൃപ്തി വരാതെ ഉറക്കം വരാത്ത രാത്രികളാണിപ്പോള്‍, ഭയത്തിന്റേയും, അവിശ്വാസത്തിന്റേയും മതിലുകളും വാതിലുകളും കൊണ്ട്‌ എന്റെ ഗ്രാമം നിറഞ്ഞിരിക്കുന്നു.ആരെയും പരസ്പരം വിശ്വാസമില്ലാത്ത അയല്‌വക്കമായിരിക്കുന്നു ഞങ്ങളെല്ലാം...കനത്ത താഴിട്ടു പൂട്ടിയ ഗേറ്റിനപ്പുറം നിന്നു അയല്‍‌വക്കകാരോട് വര്‍ത്തമാനം പറഞ്ഞപ്പോള്‍ ഓര്‍ത്തു, ഇനിയില്ല അങ്ങനെ വിശ്വാസത്തിന്റെ ഒരു കൂട്ടുകുടുംബം, ഇനിയില്ല അങ്ങനെയൊരു സ്നേഹക്കാലം, ഇനിയില്ല ആ കഥാകാലം.. അല്ലെങ്കിലും നൊസ്റ്റാള്‍ജിയകള്‍ സുഖമുള്ള ഒരു വേദനയല്ലേ..