ഇന്ത്യക്കാരും ബ്രിട്ടനും .....
അങ്ങിനെ കൊച്ചിയില്‍ നിന്നു മുംബൈ വഴി ലണ്ടന്‍ ഹീത്രുവിലേക്ക് ....അവിടെ നിന്നും മാഞ്ചചെസ്റ്ററിലേക്ക് ...
ഹീത്രുവില്‍ ഇറങ്ങിയ ഉടനെ പ്രശ്നങ്ങള്‍ ആരംഭിച്ചു
ടോയലറ്റുകള്‍ മുഴുവന്‍ ടിഷ്യു പേപ്പര്‍ ആണ്, വെള്ളം എന്നത് കണികാണാന്‍ ഇല്ല. ബ്രിട്ടീഷുകാരെ മുഴുവന്‍ മനസ്സില്‍ ചീത്ത വിളിച്ചുകൊണ്ടു ഹീത്രു എയര്‍പോര്‍ട്ട്ലെ ടോയ്ലറ്റുകള്‍ മുഴുവന്‍ കയറി ഇറങ്ങി. ''ഇല്ല ഒരു തരത്തിലും ഉള്ള ഇന്ത്യന്‍ വിട്ടുവീഴ്ചകള്‍ ഇല്ല''.നിങ്ങളും ടിഷ്യു പേപ്പര്‍ ഉപയോഗിച്ചു തുടങ്ങണം എന്നത് അലിഖിത നിയമമായി മനസ്സില്‍ കിടന്നു വേദനിച്ചു.
ഞങ്ങള്‍ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും വാശിയോടെ മാഞ്ചചെസ്റ്റെറിലേക്ക് പറന്നു, മാഞ്ചചെസ്റ്റെര്‍കാര്‍ എങ്കിലും ഞങ്ങളെ മാനിക്കാതിരിക്കില്ല .പക്ഷെ ഞങ്ങളുടെ എല്ലാവരുടെയും പ്രതീക്ഷകളെ തകര്‍ത്തുക്കൊണ്ട് അവരും ഹീത്രുവിലെ പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചു.
''തമ്പുരാനേ ഈ ഭാരം എവിടെയെങ്കിലും ഇറക്കണമല്ലോ'' ആരോക്കയോ പിറുപിറുക്കുന്നത് കേട്ടു. എന്റെ മനസ്സില്‍ അവസാനത്തെ ആശ്രയമായി ആഴ്ച്ചക്ക് 92 പൌണ്ട് കൊടുത്തു ഉറപ്പിച്ചിട്ടിരുന്ന യൂണിവേര്‍സിറ്റി ഫ്ലാറ്റ് ലെ എന്റെ റൂം ആയിരുന്നു പ്രതീക്ഷ . അങ്ങനെ വളരെ സന്തോഷത്തോടെയാണ് ടോയലറ്റിന്റെ വാതില്‍ തുറന്നത് .... ഈശ്വരാ അപ്പൊ നീ ഇവിടേം ചതിച്ചോ?
ഞാന്‍ നിരാശയോടെ പുറത്തു വന്നപ്പോള്‍ നിരാശ പൂണ്ട മറ്റു രണ്ടു ഇന്ത്യന്‍ മുഖങ്ങള്‍ കൂടി പുറത്തു വന്നു,അങ്ങിനെ ഞാന്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷയിലെ തെറികള്‍ പഠിച്ചു. പക്ഷെ അത് കൊണ്ടു കാര്യം ഇല്ലല്ലോ,കാര്യം സാധിക്കണമല്ലോ?
അങ്ങിനെ പരസ്പരം പരിചയപെടും മുൻപേ ഞങ്ങള്‍ പരസ്പരസഹായം തുടങ്ങി. മൂന്നുപേരുടെയും കയ്യില്‍ ഉണ്ടായിരുന്ന പെപ്സി കടലാസ് കപ്പുകള്‍ എടുത്തു വെള്ളം നിറച്ചു ഓരോരുത്തര്‍ ആയി പോയി തുടങ്ങി.ബാക്കി രണ്ടുപേരും കാര്യം സാധിക്കും വരെയുള്ള കാത്തിരിപ്പ്. ഇന്ത്യ യില്‍ നിന്നും മാഞ്ചചെസ്റ്റെര്‍ വരെ കാത്തിരിക്കാം എങ്കില്‍ ഇതൊരു കാത്തിരിപ്പാണോ?
അങ്ങിനെ ആശ്വാസത്തില്‍ ഇരുന്നു പരിചയപെടുമ്പോഴാണ് ഞങ്ങളുടെ അമേരിക്കക്കാരി ആയ ഫ്ലാറ്റ്‌മേറ്റ് പരിചയപെടാന്‍ എത്തിയത്.ഇന്ത്യക്കാരി ആയ ട്രിനറ്റ് പതുക്കെ മൂക്കുവിടര്‍ത്തി മണപ്പിച്ചു നോക്കി ,എന്നിട്ട് ഹിന്ദിയില്‍ പറഞ്ഞു,'' ഇവരും കടലാസുതന്നെ അല്ലെ ഉപയോഗിക്കുന്നത്, അബദ്ധത്തില്‍ ഉണങ്ങിപിടിചിരിപ്പുണ്ടോ എന്ന് ആര്‍ക്കറിയാം''
ചിരിവിഴുങ്ങാന്‍ എന്ത് ബുദ്ധിമുട്ടാണെന്നോ.....
ആദ്യത്തെ ലക്ഷ്യം ബക്കറ്റു തന്നെ എന്ന് തീരുമാനിച്ചാണ് ഞങ്ങള്‍ അന്ന് പുറത്തു പോയത് .