Thursday 12 December 2019

ഞങ്ങൾ ഇങ്ങനാണ് ഭായ്...


ഞങ്ങൾന്ന് പറഞ്ഞാൽ കടപ്പുറത്ത്കാർ..അല്ലാ കടപ്രത്ത്കാർ..വഴക്കുകൾ നടക്കുമ്പോൾ കേൾക്കാം കടപ്രത്ത്കാർടെ സ്വഭാവം കാണിക്കല്ലേ ന്ന് മുന്നറിയിപ്പുകൾ ..എന്താ അങ്ങനെ പറയുന്നത് എന്നു ചോദിച്ചാൽ പറയും അവർക്ക് തീരെ സ്റ്റാൻഡേർഡ് ഇല്ലാ ത്രേ. അതു ശരിയാകും നിങ്ങൾക്ക് കഴിക്കാൻ വേണ്ടി നാറ്റമുള്ള മീൻ പിടിക്കുന്നവർ അല്ലേ.. അപ്പോൾ അത് വാങ്ങി വയർ നിറച്ചും കഴിക്കുന്ന നിങ്ങൾക്ക് എന്ത് സ്റ്റാൻഡേർഡ് ആണുള്ളത് എന്നും കൂടെ പറയണം!

ഞങ്ങൾ ഭയങ്കര തല്ലൂടികൾ ആണത്രേ..കാര്യം ശരിയാണ് ഞങ്ങൾ ശീത സമരം നടത്താറില്ല. കടൽ പോലെ തന്നെയാണതും. ഉള്ളിൽ ഉള്ളത് ശബ്ദമുണ്ടാക്കി തന്നെ പറയും. ഞങ്ങൾ കാക്കകളെ പോലെയാണ്. ഞങ്ങളിൽ ഒന്നിനെ തൊട്ടാൽ , അത് ശത്രു ആയാലും മിത്രം ആയാലും അയാൾക്ക് വേണ്ടി ഞങ്ങളങ്ങ് ഒന്നിക്കും.. എന്നിട്ട് ആ മാരണത്തെ ഓടിച്ചു കളയുകയും ചെയ്യും. പരസ്പര സ്നേഹവും വിശ്വാസവും അല്പം കൂടുതൽ ആണ്. അപകടം നിറഞ്ഞ കടലിൽ  പരസ്പര വിശ്വാസത്തിന്റെയും , സ്നേഹത്തിന്റെയും കരുതലിലാണ് പണിയെടുക്കാൻ പോകുന്നത്. നിങ്ങൾ പരസ്പര വിശ്വാസം സ്നേഹവും കുറയുമ്പോൾ ഉണ്ടാകുന്ന വഴക്കുകളിൽ അവര് കടപ്രത്തുകാരെ പോലെ തല്ലുണ്ടാക്കുന്നു എന്ന് പറഞ്ഞു ഞങ്ങളെ അപമാനിക്കരുത്. നിങ്ങളുടെ കുഴപ്പങ്ങൾ നിങ്ങൾ ഏറ്റെടുക്കുകയെങ്കിലും വേണം ഭായ്.

ഞങ്ങൾ  കൂട്ടത്തിൽ ഒരാളെ കൂട്ടുക എന്നാൽ അവർ ഞങ്ങളുടേതാകുക എന്ന് തന്നെയാണ് അർത്ഥം.പരസ്പര രഹസ്യങ്ങളും സങ്കടങ്ങളും ഇല്ലാതാകാറുണ്ട് ഞങ്ങൾക്കിടയിൽ. വലിയ ഭാരമില്ലാത്ത ഹൃദയമുള്ളവരാകാറുണ്ട് ഞങ്ങൾ..അത് കൊണ്ട് തന്നെ ചതിച്ചവരെ, കൂട്ടത്തിൽ പണി തരുന്നവരെ.. ഞങ്ങളുടെ നിഷ്കളങ്കതയെ മുതലെടുക്കുന്നവരെ മറന്നു കളയുന്ന പതിവും ഞങ്ങൾക്കുണ്ട്.. അതിനും കടലിന്റെ സ്വഭാവമാണ്.തിരയടിച്ച് കരയിലുള്ളവയെ മായ്ച്ചുകളയും പോലെ ഓർമ്മയിലെ നിങ്ങളെ ഞങ്ങളങ്ങ് മറന്നു കളയും എന്നന്നേക്കുമായി..

ഞങ്ങളുടെ ഭാഷ ചെറ്റഭാഷയാണത്രെ.. അല്ലാ അലക്കി തേച്ച നിങ്ങളുടെ ഭാഷയിൽ മറ്റൊരാളെയും   വേദനിപ്പിക്കാറില്ലേ?  ചെറ്റവീട്ടിൽ ജീവിച്ചു വളർന്ന ഞങ്ങളും മാളികയിൽ വളർന്ന നിങ്ങളും മറ്റൊരാളെ വാക്കുകൾകൊണ്ട് മുറിവേല്പിച്ചാൽ ഒരേ ആഴമാണ്, വേദനയാണ്. അതേ ഭാഷ കൊണ്ട് തന്നെ നിങ്ങളും ഞങ്ങളും ഒരാളെ ചേർത്ത് പിടിച്ചാൽ ഉണ്ടാകുന്ന സ്നേഹവും പ്രചോദനവും ഒരേ അളവായിരിക്കും. അതിൽ കൂടുതൽ എന്ത് മായാജാലമാണ് ഭാഷ കൊണ്ട് കാണിക്കേണ്ടത്.

ഞങ്ങളുടെ സ്ത്രീകൾ സാമർത്ഥ്യക്കാരികൾ ആണത്രേ..അതേലോ നല്ല ധൈര്യവും സാമർത്ഥ്യവും ഞങ്ങൾക്കുണ്ട്  ഇത്രയും അപകടം നിറഞ്ഞ കടലിലേക്ക്, തിരിച്ചു വരുമോ എന്നുറപ്പില്ലാത്ത ജോലിക്ക് വീട്ടിലെ ആണുങ്ങളെ പറഞ്ഞയച്ചിട്ട് മനസ്സുറപ്പിച്ച് ഇരിക്കുന്ന ഞങ്ങളുടെ സ്ത്രീകളിൽ നിന്ന് നിങ്ങളെന്താണ് പ്രതീക്ഷിക്കുന്നത്? കടൽ പോലെ ആഴമാർന്ന പ്രതീക്ഷകളും ,ആത്മാർത്ഥതയും ,ധൈര്യവുമാണ് ഞങ്ങളുടെ സ്ത്രീകൾ.

ഞങ്ങളെ കാണാൻ ലുക്ക് പോരാത്രേ.. ഉറച്ച ഇരുണ്ട നിറമുള്ള പുരുഷന്മാരും സ്ത്രീകളും ആണ് ഞങ്ങളുടെ പരമ്പര. പകലൊട്ടുക്ക് കടലിൽ പണിയെടുക്കുന്ന ഞങ്ങൾക്ക് തണൽ കിട്ടാൻ കടലിൽ മരം നടാൻ പറ്റില്ലല്ലോ ഭായ്. സൂര്യപ്രകാശം തട്ടി ഇരുണ്ട  ശരീരത്തിന്റെ ജീനുകളെ ഞങ്ങൾക്കൊള്ളു. ഞങ്ങൾ അങ്ങനെ ആയിരിക്കേ തന്നെ സുന്ദരികളും സുന്ദരന്മാരും ആണ്.

ഇന്നിപ്പോൾ ഞങ്ങളോടി പഠിപ്പിലും, പണത്തിലും നിങ്ങൾക്ക് ഒപ്പമെത്തി തുടങ്ങിയപ്പോൾ നിങ്ങൾക്ക് അസ്വസ്ഥത വന്നതല്ലേ? ഞങ്ങളുടെ വളർച്ച സ്വീകരിക്കാനാകാത്ത നിങ്ങളുടെ മനസ്സിന്റെ സങ്കുചിതത്വമല്ലേ പ്രശ്നം ഭായ്..അല്ലാതെ ഞങ്ങൾ ഇങ്ങനെ ആയതല്ലാ  ഭായ്..

Friday 11 October 2019

അണ്ടിച്ചി അഥവാ വിപ്ളവകാരി



കുട്ടി അവളുടെ അമ്മയിൽ നിന്ന് ആദ്യമായി പഠിച്ചെടുത്ത പ്രയാസമേറിയ വാക്കായിരിന്നു 'വിപ്ലവകാരി'.
അന്നായിരുന്നു കുട്ടിയുടെ സ്‌കൂളിലെ നാണു മാഷ് കുട്ടിയുടെ അമ്മയെ അണ്ടിച്ചി എന്ന് പരസ്യമായി കുട്ടിയുടെ ക്ലാസിൽ വെച്ച് വിളിച്ചത് .
അതെന്തുട്ടാ മാഷേ ന്ന് വേറെ ഒരു ടീച്ചർ രസം പിടിച്ച് വിളിച്ചു ചോദിക്കുകയും ചെയ്തപ്പോൾ മാഷ്‌ക്ക് ആവേശമായി വിശദീകരിച്ചു
" സംഗതി ഇല്ലെങ്കിലും അതുണ്ടെന്ന തോന്നലിൽ നടക്കുന്ന ചില വേ..... ടക്കോൾ" മാഷ് ഇടക്ക് ഒന്നു നിർത്തി ദ്വയാർത്ഥ പ്രയോഗം നടത്തി.
അത് കേട്ട് കുട്ടിയുടെ ക്ലാസിലെ കുട്ടികളും, മതിലുകൾ ഇല്ലാത്ത അപ്പുറത്തെ ക്ലാസ്സിലെ കുട്ടികളും ടീച്ചർമാരും ആർത്ത് ചിരിച്ചു.അപ്പോൾ കുനിഞ്ഞ തലയും, നിറഞ്ഞെങ്കിലും,തൂവാത്ത കണ്ണുകളുമായി വീട്ടിലെത്തിയതാണ്.
'എന്താ മോളെ' ന്ന് 'അമ്മ ചോദിച്ചപ്പോഴും കുട്ടി തല ഉയർത്തിയില്ല. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ കുട്ടി കാര്യം പറഞ്ഞു..
ഏത് ആ വീട്ടിലെ മാഷോ, എന്നാൽ പിന്നെ ഞാൻ പോയി അയാളോട് ചോദിക്കാലോ എന്നായി അമ്മ. അമ്മക്കതിനും മടിയില്ലെന്ന് കുട്ടിക്കറിയാമായിരുന്നു. അതൊന്നും വേണ്ടെന്ന് കുട്ടി പറഞ്ഞിട്ടും ,കുട്ടിയുടെ തല താഴ്ന്നു തന്നെ നിന്നു.
കുട്ടിയുടെ അമ്മ അണ്ടിച്ചി ആയിട്ടധിക കാലമായിട്ടില്ലായിരുന്നു. അച്ഛന്റെ അടി മുഴുവൻ കൊണ്ട് നിന്ന്, തിരിച്ച് അച്ഛനെ ചീത്ത പറഞ്ഞ അന്നായിരുന്നു അമ്മക്ക് സ്വഭാവശുദ്ധിയുള്ള മരുമകൾ പട്ടം നഷ്ടപ്പെട്ട് പോയത്.
അതു വരെ അച്ഛനും അച്ഛമ്മയും അടിക്കാൻ പിടിക്കുമ്പോൾ അവരോടി ഇരുട്ടിൽ, പറമ്പിന്റെ കിഴക്കേ അറ്റത്തെ കൊട്ട കാടുകളിൽ ഒളിക്കുമായിരുന്നു. അല്ലെങ്കിൽ നേരിയ ഞരക്കങ്ങളോടെ ,തിരിച്ചൊന്നും പറയാതെ അടി മുഴുവൻ കൊള്ളുമായിരുന്നു. ആ വീട്ടിലെ അസ്വസ്ഥതകൾ പുറം ലോകം അറിഞ്ഞിരുന്നത് അടഞ്ഞ ശബ്ദത്തിലുള്ള മൂന്ന് കുഞ്ഞു നിലവിളികളിലൂടെ ആയിരുന്നു. സ്ഥിരമായ കരച്ചിൽ കാരണം അടഞ്ഞു പോയ ശബ്ദവും, വിശന്നു വലഞ്ഞ വയറും മാത്രമുള്ള കുഞ്ഞുങ്ങൾക്ക് കരയാൻ പോലും മര്യാദക്ക് ആരോഗ്യം ഉണ്ടായിരുന്നില്ല.
രാത്രികളിൽ കാണാതാകുന്ന അമ്മ ആത്മഹത്യ ചെയ്യുമോ എന്ന ഭയവും, പരസ്പരം താങ്ങായിരിക്കുന്നതിന്റെ ആശ്വാസവും കുട്ടികൾ പരസ്പരം കെട്ടി പിടിച്ചിരുന്ന് തീർക്കും. അച്ഛനിറങ്ങി പോയാൽ കുട്ടി മണ്ണെണ്ണ വിളക്കും പിടിച്ച് അമ്മയെ തിരയാനിറങ്ങും. കുട്ടിയെന്നും മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ ഒരു ശവത്തെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്..എന്നിട്ടും വിശക്കുന്നെന്ന് വാശി പിടിച്ചു കരയാത്ത കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കാൻ വേണ്ടി മാത്രം കുട്ടിയുടെ അമ്മ ജീവിച്ചിരുന്നു.

അന്നാകട്ടെ വഴക്കിന്റെ ഉച്ചസ്ഥായിയിൽ അമ്മ മുറ്റത്തേക്കിറങ്ങി നിന്ന് അച്ഛനെ ഉറച്ച ശബ്ദത്തിൽ ചീത്ത വിളിച്ചത്. ' നാറി പട്ടി മനുഷ്യൻ' അതായിരുന്നു ആ ചീത്ത വാക്കുകൾ. ഇതിൽ കൂടുതൽ ചീത്ത വാക്കുകൾ കുട്ടിയുടെ അമ്മക്ക് പറയാൻ അറിയില്ലായിരുന്നു. കാരണം ബാക്കി എല്ലാ വാക്കുകളും അച്ഛനും അച്ഛമ്മയും അമ്മയെ വിളിച്ചിരുന്നതാണ്.
അച്ഛനെന്നയാൾ മുറ്റത്തെ ശീമകൊന്നയുടെ വലിയൊരു കൊമ്പ് അടർത്തിയെടുത്ത്, ലാത്തി വലുപ്പത്തിൽ ചവിട്ടി ഒടിച്ചെടുത്തു.അമ്മയുടെ കണ്ണുകളിൽ രണ്ട് മൂർച്ചയേറിയ വാളുകൾ തിളങ്ങുന്നുണ്ടെന്ന് കുട്ടിക്ക് തോന്നി. കുട്ടികൾ മൂന്നും ശ്വാസം വലിക്കാൻ കൂടി മറന്നു പോയി.. ഉറക്കെ ഒരു മുദ്രാവാക്യം പോലെ കുട്ടിയുടെ അമ്മ ആ ചീത്ത വാക്കുകൾ വിളിച്ചു പറഞ്ഞു. വടിയും കൊണ്ട് അച്ഛനെഅടുത്തെത്തിയിട്ടും അമ്മക്ക് ഭയം വരുന്നില്ലാതായിരുന്നു.. അന്നാദ്യമായി മുറ്റത്തെ തെങ്ങും കെട്ടി പിടിച്ച് നിന്ന് കുട്ടിയുടെ 'അമ്മ അടി മുഴുവൻ കൊണ്ടു.
അച്ഛന്റെ കൈ തളർന്നിട്ടും, അച്ഛമ്മയുടെ 'കൊടുക്കടാ അടി' എന്ന അലർച്ച നിന്നിട്ടും അമ്മയുടെ ചീത്ത വിളി നിന്നിരുന്നില്ല. ആ വാക്കുകൾ തുപ്പലിനൊപ്പം അവരുടെ മനസ്സുകളിൽ തെറിച്ച് വീഴുന്നത് കുട്ടി കണ്ടു നിന്നു.
കുട്ടിയുടെ അമ്മയുടെ ദേഹം മുഴുവനും സൈക്കിൾ ടയർ അടയാളത്തിൽ , വയലറ്റ് വർണ്ണത്തിൽ അടികൾ തിണർത്ത്‌ കിടന്നു.  അന്നാണ് കുട്ടിയുടെ അമ്മ പുതിയ ഓല വീട്ടുണ്ടാക്കി കുട്ടികൾക്കൊപ്പം താമസിക്കാൻ ആരംഭിച്ചത്. അച്ഛനും അച്ഛമ്മക്കും മുന്പിലായിട്ടും അവരാരും അമ്മയെ അടിക്കാനോ വഴക്ക് പറയാനോ വരുന്നില്ലന്ന് കുട്ടി അതിശയിച്ചു.
സാരിയും കേറ്റി കുത്തി അമ്മ കിട്ടുന്ന എല്ലാ പണിക്കും പോകാൻ തുടങ്ങി..ഉപദേശിക്കാൻ വരുന്നവരോട് 'എന്നാൽ പിന്നെ നൂറു രൂപാ താ' ഉപദേശം അല്ല വേണ്ടതെന്ന് ദാക്ഷിണ്യമില്ലാതെ പറഞ്ഞു.
വയറു നിറയെ ഭക്ഷണം കഴിച്ചു തെളിഞ്ഞു തുടങ്ങിയ കുട്ടിയേം കുട്ടിയുടെ അനിയൻമാരേയും കാണാൻ നല്ല അഴകേന്ന് അമ്മ സ്വയം പറഞ്ഞു.
എല്ലുകൾ എഴുന്നു നിൽക്കുന്ന മൂന്നു നെഞ്ചിൻകൂടുകളും, ദീനത മുറ്റിയ മൂന്നു ജോഡി കണ്ണുകളും കൊല്ലങ്ങളോളം സഹിച്ച് അവർ നേടിയ സ്വഭാവശുദ്ധി പട്ടം ഏതാനും ദിവസങ്ങൾക്കുള്ളിൽ പോയി കിട്ടിയിരുന്നു.
അങ്ങനെയാണ് നാണുമാഷ് പുതിയ പട്ടം കുട്ടിയുടെ അമ്മക്ക് ചാർത്തി കൊടുത്തത്.

കുനിഞ്ഞ തലക്കുള്ളിൽ നിറഞ്ഞിരിക്കുന്ന സങ്കടങ്ങളെ തിരിച്ചറിഞ്ഞ് കുട്ടിയുടെ അമ്മ പറഞ്ഞു.
" കുഞ്ഞേ , കുഞ്ഞ് വിശന്നു തളർന്ന്, തലകറങ്ങി വീണപ്പോൾ എന്നെങ്കിലും നാണു മാഷ് ചായ വാങ്ങി തന്നിരുന്നോ?"
കുട്ടിയോർത്തു ഇല്ലല്ലോ, വിശപ്പ് കൊണ്ടായിരുന്നു കുട്ടി ഇടക്കിടെ സ്‌കൂളിൽ തലകറങ്ങി വീഴുന്നത് എന്ന് തിരിച്ചറിഞ്ഞ് നേന്ത്രപ്പഴവും ചായയും വാങ്ങിച്ചു തന്നിരുന്നത് കസ്തൂരി ടീച്ചറും , വിമല ടീച്ചറും അല്ലേ? ഈയിടെ ആണെങ്കിൽ കുട്ടിക്ക് തലകറങ്ങാറുമില്ല..
കുട്ടിയുടെ അമ്മ തുടർന്നു " കുട്ടിക്കിപ്പോൾ തലകറങ്ങാത്തത് എന്ത് കൊണ്ടാ, വിശക്കാത്തത് കൊണ്ടാ, അതെന്ത് കൊണ്ടാഅമ്മ  പണിക്ക് പോയി കാശു കിട്ടുന്നത് കൊണ്ടല്ലേ? കുട്ടിക്കിപ്പോൾ നല്ലു ടുപ്പുകൾ ഇല്ല്യേ, ഇതൊന്നും ആരും തന്നില്ലല്ലോ.. അപ്പോൾ പിന്നെ അവരൊക്കെ പറയുന്നത് കുഞ്ഞ് ശ്രദ്ധിക്കേണ്ട ട്ടാ
 ഇനി അമ്മയെ ആരെങ്കിലും അമ്മയെ അണ്ടിച്ചി എന്ന് വിളിക്കുമ്പോൾ കുഞ്ഞു കേൾക്കേണ്ടത് വിപ്ലവകാരി എന്നാണ്.. അത് പെണ്ണുങ്ങൾക്ക് മാത്രമുള്ള വാക്കാണ്.. പെറ്റിട്ട കുഞ്ഞുങ്ങൾക്ക് സമാധാനവും ശാന്തിയും ഇടാനും ഉടുക്കാനും തരാൻ വേണ്ടി ആരെയും കൂസാതെ ഓടുന്ന പെണ്ണുങ്ങൾക്ക് ഉള്ള പേരാണത്. അവരോളം  വിപ്ലവകാരികൾ വേറെ ആരുണ്ട്.. വിപ്ലവകാരൻ എന്ന് കുഞ്ഞ് എവിടെ എങ്കിലും കേട്ടിട്ടുണ്ടോ"
അതും പറഞ്ഞു കുട്ടിയുടെ അമ്മ വിപ്ലവ ചിരി ചിരിച്ചു.
കുട്ടിയുടെ കുനിഞ്ഞ തല നിവർന്നു. കണ്ണിലെ നീർ, കണ്ണുകൾക്ക് കൂടുതൽ തിളക്കം കൂട്ടി.
അവിടെ രണ്ടാമതൊരു വിപ്ലവകാരി കൂടി ജനിച്ചു.

Wednesday 6 March 2019

പ്രണയം

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ,
കാട്ടു തീ കുഞ്ഞു കാറ്റിലും ആളി പടർന്ന പോലെ
ഓരോ നോട്ടത്തിലും ശ്വാസം നിലച്ചു പോകുമെന്ന് തോന്നും വിധം
ഓരോ ചുംബനത്തിലും കൊടുങ്കാറ്റിരമ്പും പോലെ
ഓരോ ആലിംഗനത്തിലും പരസ്പരം അലിഞ്ഞു തീരുന്നില്ലല്ലോ എന്ന് പരിഭവിക്കും വിധം
പ്രണയത്താൽ ലോകം നിങ്ങൾക്ക് ചുറ്റും നിശ്ചലമായിട്ടുണ്ടോ
തിരക്കുള്ള തെരുവിൽ മറ്റുള്ളവരുടെ നോട്ടങ്ങൾ മാഞ്ഞു പോയിട്ടുണ്ടോ
ഒരു കെട്ട് വിട്ട പട്ടം കണക്കെ സ്വയം മറന്ന് പറന്നിട്ടുണ്ടോ
എന്നിട്ട് നീയില്ലാതെ എനിക്ക് ജീവിക്കാനാകുമെന്ന ഒറ്റവാചകത്തിൽ എല്ലാ അഹന്തയും വീണ് പൊട്ടിചിതറിയിട്ടുണ്ടോ
വീണു ചിതറിയ കൂർത്ത ചീളുകൾ നിരന്തരം ചോര പൊടിയിച്ചിട്ടുണ്ടോ
ഉന്മാദത്തിന്റെ ഉച്ചിയിൽ നിന്ന് വിഷാദത്തിന്റെ ആഴത്തിലേക്ക് എടുത്തെറിയപ്പെട്ടിട്ടുണ്ടോ
നിലവിളിയുടെ ഊഞ്ഞാലിൽ ആനപൊക്കത്തിലാടിയിട്ടുണ്ടോ
ആത്മഹത്യാ വിളുമ്പിൽ ചെന്നെത്തി നോക്കി ആഴമളന്നിട്ടുണ്ടോ
എന്നിട്ട് ജീവിച്ചിരിക്കാൻ കാരണം തിരഞ്ഞ് തിരിഞ്ഞ് നടന്നിട്ടുണ്ടോ
ജീവിച്ചിരിക്കുന്ന പുല്ലിനോടും പുൽചാടിയോടും സ്നേഹം തോന്നിയിട്ടുണ്ടോ

ഉണ്ടെങ്കിൽ നിങ്ങളെ തേടി മറ്റൊരു പ്രണയം വരാൻ അധിക നേരമില്ല. കാരണം ചുറ്റുമുള്ള ഒരു സ്നേഹത്തെയും നിങ്ങൾ അഹന്തകൊണ്ട് അളക്കില്ല, മുറിവേല്പിക്കില്ല, പകരം അവരുടെ വിരലിൽ തൂങ്ങി പുതു പ്രഭാതത്തിലേക്ക് നിങ്ങൾ നടന്നു കയറും. വഴിയിൽ ഉപേക്ഷിച്ചവരോട് മനസ്സിൽ നന്ദി നിറയും, ഇനിയൊരിക്കലും തോൽക്കാൻ ഇട നൽകാത്ത അത്രയും കരുത്തുള്ളിൽ നിറച്ചതിന്

ഇനി ഇതൊന്നും അഭവിച്ചിട്ടാത്തവർ നിങ്ങളോളം നിര്ഭാഗ്യമുള്ളവർ വേറെയില്ല. ചെറുകാരണങ്ങളാൽ തകരാൻ തയ്യാറായിരിക്കുന്ന സ്പടികപാത്രം പോലെയാണ് നിങ്ങൾ..