സാധാരണ എന്തെങ്കിലും പുതിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ എല്ലാവരും പറയുന്ന ഒരു
കാര്യമുണ്ട്. അതു നമ്മുടെ സംസ്കാരത്തിനു നിരക്കുന്നതല്ല അഥവാ സംസ്കാരസമ്പന്നമായ ഇന്ത്യയാണിത്
എന്നൊക്കെ. അതു കേള്‍കുമ്പോഴൊക്കെ സഹിക്കാനാകാത്ത ദേഷ്യം വരാറുണ്ട്..
കുറഞ്ഞകാലം മാത്രം ജീവിതപരിചയം ഉള്ള ഒരാളാണ് ഞാന്‍, എന്നിട്ടും ചില അനുഭവങ്ങള്‍
സംസ്കാരത്തിനോടുള്ള ബഹുമാനം ഇല്ലാതാക്കിയിട്ടുണ്ട്, അതിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങള്‍
കരയിപ്പിച്ചിട്ടൂണ്ട്, അല്ല കരയിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.. കാരണം കണ്ട കാഴ്ചകളിലെ
ക്രൂരതകള്‍ക്കെല്ലാം കാരണമായി നിലകൊണ്ടിരിക്കുന്നതും മേല്പറഞ്ഞ സംസ്കാര സമ്പന്നതയാണ്.
6 മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചിരിക്കുന്നത്, അവള്‍ക്ക് ജനിച്ചപ്പോള്‍
ഉണ്ടായിരുന്ന സുന്ദരമായ ചുണ്ടും മൂക്കും മരിക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. കള്ളുകുടിച്ചെത്തിയ
അവളുടെ സ്വന്തം അച്ഛന്‍ കാമഭ്രാന്ത് കയറിയപ്പോള്‍ കടിച്ചു പറിച്ചെടുത്തതാണ്. ജില്ലാ
കളക്ടറ് ആരതി രാവും പകലും കാവലേര്‍പ്പെടുത്തി, തെളിവില്ലാതാക്കാനായി അവളെ അച്ഛന്‍ അപായപെടുത്തതിരിക്കാന്‍.
കാവലാകേണ്ടിയിരുന്ന അമ്മ തന്നെ അവള്‍ക്ക് പാലും മരുന്നും കൊടുക്കാതെ കൊന്നു കളഞ്ഞു.
ഭര്‍ത്താവ് അവരോട് പറഞ്ഞത്രെ കുഞ്ഞുങ്ങളിനിയും ഉണ്ടാകില്ലേ, ഭര്‍ത്താവോ എന്നു. സ്ത്രീകള്‍
ഭര്‍ത്താവിനെ കുറ്റവാളി ആക്കി വിധവയാകുന്നതും സംസ്കാരത്തിനു നിരക്കുന്നതല്ലല്ലോ, ഗര്‍ഭിണിയുടെ വയറിന്റെ ലക്ഷണം
നോക്കി അകത്തുള്ളത് പെണ്ണാണെന്ന നിഗമനത്തില്‍ നാടന്‍ രീതിയില്‍ ഗര്‍ഭം ഇല്ലാതാക്കുന്ന
നാടണിന്നും ഇന്ത്യ, അപ്പോളൊരു പെണ്‍ഹത്യക്ക് വല്യ പുതുമയൊന്നുമില്ല.
11 വയസ്സുള്ള പെണ്‍രൂപമെത്താത്തൊരു കുഞ്ഞു, അവളുടെ ഗര്‍ഭപാത്രം പൂര്‍ണ്ണമായും
തകര്‍ന്നിരുന്നു. അവളെ വീട്ടിലാരുമില്ലാത്ത സമയത്ത് ബലാത്സംഗം ചെയ്തത് അച്ഛന്റെ അനിയനായിരുന്നു.
പിന്നീടമ്മ മജിസ്ട്രേട്ടിനു മൊഴി നല്‍കി, വീടിനു മുകളില്‍ നിന്നും മറിഞ്ഞു വീണതാണെന്നു.
അതിലും നിസ്സംഗതയോടെ കുട്ടിയെ പറഞ്ഞു പഠിപ്പിച്ചു പെണ്‍കുട്ടികള്‍ ഇതൊക്കെ സഹിക്കാന്‍
പഠിക്കണമെന്ന്. സ്ത്രീകളെപ്പോഴും ക്ഷമയുടെ പര്യായമായിരികുന്നതല്ലേ നമ്മുടെ സംസ്കാരം.
ഗ്രാമങ്ങളിലെ ദളിതര്‍ക്കാവട്ടെ വെള്ളമില്ല, വെളിച്ചമില്ല, വിദ്യാഭ്യാസവുമില്ല.
അതൊക്കെ നിഷേധിച്ചിരിക്കുന്നത് ഉയര്‍ന്ന ജാതിക്കാരാണ്, അവരുടെ അടിമകളായി കഴിയുന്ന ദളിതര്‍
ഇല്ലെങ്കില്‍ ഉയര്‍ന്ന ജാതിക്കാരുടെ ഒരു സൌകര്യങ്ങളും നടക്കില്ല. പ്രധാന സിറ്റികള്‍
വിട്ട് കഴിഞ്ഞാല്‍ എല്ലാ ചായക്കടകളിലും ദളിത് ഗ്ലാസ്സുകള്‍ കാണാം.( പ്രധാനമന്ത്രിയുടെ
നാട് ഇക്കാര്യത്തിലൊട്ടും പിറകിലല്ല) ദളിതനു ചായ വേണമെങ്കില്‍ മതിലിരിക്കുന്ന ചായഗ്ലാസ്സ്
എടുത്ത് വന്നാല്‍ ഗ്ലാസ്സില്‍ തൊടാതെ ചായ ഒഴിച്ചു കൊടുക്കും, ആ ഗ്ലാസ്സ് പ്രത്യേകം
വെച്ചിട്ടുള്ള വെള്ളത്തില്‍ കഴുകി പുറം മതിലില്‍ കമിഴ്ത്തി വെക്കണം.
ഒരിക്കല്‍ സഫായിവാലകള്‍ വന്നപ്പോള്‍ രാവിലത്തെ ഭക്ഷണം കഴിക്കാനവരെ വിളിച്ചു.
ഒട്ടിയ വയറും അഴുക്കു പുരണ്ട് ചിരിയുമായി വെറും
നിലത്ത് കുട്ടിപട്ടാളം നിരന്നിരുന്നു. വിളമ്പാന്‍ പാത്രം കൊണ്ട് വന്നപ്പോള്‍ വെറും
നിലത്ത് വിളമ്പാനായിരുന്നു അവര്‍ പറഞ്ഞത്. ഇല്ലെന്ന് വാശി പിടിച്ചപ്പോള്‍ ഭക്ഷണത്തിനോടുള്ള
കൊതി കൊണ്ടായിരിക്കണം പൂക്കളുള്ള പ്ലേറ്റില്‍ കഴിക്കാമെന്ന് സമ്മതിച്ചത്. സെക്കന്റുകള്‍ കൊണ്ട്, ശ്വാസം മുട്ടലോടെ കഴിച്ചു തീര്‍ത്ത് ആ പ്ലേറ്റും കൊണ്ടാണവര്‍ പോയത്. അതിലിനി
ഞങ്ങള്‍ കഴിച്ചാല്‍ അവര്‍ നരകത്തില്‍ പോകുമെന്നാണത്രെ വിശ്വാസം.
പട്ടണത്തിന്റെ നടുവിലൂടെ വരുന്ന വര്‍ണ്ണങ്ങളില്‍ കുളിച്ച ബരാത്തിലേക്ക് എത്തി
നോക്കാതിരിക്കാന്‍ കഴിയില്ല, അത്രക്ക് സിനിമാറ്റിക്ക് ആണ് വിവാഹങ്ങള്‍, ഈയിടെ കണ്ട വരനു
കൂടിയാല്‍ 7 വയസ്സുവരും , വധു ചെറിയകുഞ്ഞ് കല്യാണപല്ലക്കില്‍ തളര്‍ന്നുറങ്ങുന്നു.നിയമം
വഴി നിരോധിക്കപെട്ടിട്ടും ആയിരകണക്കിനു ബാലവിവാഹങ്ങളാണ് നടക്കുന്നതിന്ത്യയില്‍.
പര്‍ദ്ദാ സമ്പ്രദായ പ്രകാരം ജീവിക്കുന്ന ഒരു സ്ത്രീയെ അബദ്ധവശാല്‍ പുറത്തുള്ള
ഒരാള്‍ കണ്ടു. അന്നു തന്നെ ആ സ്ത്രീയെ ജാതിയില്‍ നിന്നു പുറത്താക്കി, അവള്‍ പിന്നീട്
മറ്റൊരു ജാതിക്കാരുടെ വേശ്യയായി മാറി.
കുഞ്ഞുങ്ങള്‍ മുതല്‍ ഹിജഡകള്‍ വരെ ലൈഗികപീഡനത്തിനിരയാകുന്നു, എന്തിനേറേ അഴുക്കു
കൊണ്ട് നാറുന്ന ഭ്രാന്തിയെ പോലും വെറുതെ വിടില്ല.കൂട്ടബലാത്സംഗം ഒരു ശിക്ഷയായി നടപ്പിലാക്കുന്ന
ഗ്രാമങ്ങള്‍ ധാരാളമുണ്ടിപ്പോഴും. അഭിമാനം രക്ഷിക്കാന്‍ കൊല, എന്തിനും ഏതിനും ലൈഗിംകപീഡനം
ഒരു പരിഹാരമായി കാണുന്ന അതു നടപ്പിലാക്കാന്‍ സദാ തയ്യാറുള്ള പുരുഷലിംഗങ്ങളുള്ള നാടാണിത്.
ഇത് കെട്ടുകഥകളല്ല, കണ്ട കാഴ്ചകളാണ്, ഇന്നാട്ടിലെ കൂടുതല്‍ ജനങ്ങളും ഈയവസ്ഥയിലാണ്.
ഇത്തരത്തില്‍ പരമകഷ്ടമായ വ്യവ്സ്ഥിതിയുടെ ജനത പറയും ഭിന്നലിംഗക്കാരും സ്വവര്‍ഗ്ഗപ്രേമികളുമൊക്കെ
അവരുടേ സമ്പന്നമായ സംസ്കാരത്തിനു യോജിക്കാനാവാത്തതാണെന്നു. അവരും മനുഷ്യരാണ്, അവരെ
കുറ്റവാളികളാക്കുന്നത് നമ്മുടെ (മജോറിറ്റിയുടെ) വ്യവസ്ഥാപിത താല്പര്യങ്ങളാണ്.ജീവിച്ചിരിക്കാന്‍
കൊതിയുണ്ടായിട്ടും നിവൃത്തിയില്ലാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരാണവര്‍. ജീവിക്കാനുതകാത്ത
സംബ്രദായങ്ങളേക്കാള്‍, ജീവനെടുക്കാത്ത , കരുണയുള്ള സംബ്രദായങ്ങളല്ലേ നല്ലത്? അവരെ അംഗീകരിക്കുമ്പോഴല്ലേ
നമ്മള്‍ സംസ്കാരസ്മ്പന്നരാകുക.
ഈ ഭൂമിയില്‍ ഓരോരുത്തരും ജനിക്കുന്നത് ആനന്ദത്തോടെ ജീവിക്കാനാണ്.
ഒരാളുടെ ആനന്ദത്തിന്റെ അതിര്‍ വരമ്പ് മറ്റൊരാളിന്റെ മൂക്കുനോവിക്കാത്ത അത്രയും അകലെയുമായിരിക്കണം
. ഈ ചെറിയ നിയമം മാത്രമേ വേണ്ടു സംസ്കാര സമ്പന്നരായി ഈ ഭൂമിയില്‍ ജീവിക്കാന്‍. എന്നിട്ടും
എത്ര മാത്രം സങ്കീര്‍ണ്ണമായ വ്യവസ്ഥിതിയാണ് നാം കൊണ്ട് നടക്കുന്നതു.ഭൂമിയിലെ ഓരോ ജീവനും
ആനന്ദിക്കട്ടെ, ആരും പിടിച്ചു വെക്കാതെ തന്നെ…