Thursday 12 December 2019

ഞങ്ങൾ ഇങ്ങനാണ് ഭായ്...


ഞങ്ങൾന്ന് പറഞ്ഞാൽ കടപ്പുറത്ത്കാർ..അല്ലാ കടപ്രത്ത്കാർ..വഴക്കുകൾ നടക്കുമ്പോൾ കേൾക്കാം കടപ്രത്ത്കാർടെ സ്വഭാവം കാണിക്കല്ലേ ന്ന് മുന്നറിയിപ്പുകൾ ..എന്താ അങ്ങനെ പറയുന്നത് എന്നു ചോദിച്ചാൽ പറയും അവർക്ക് തീരെ സ്റ്റാൻഡേർഡ് ഇല്ലാ ത്രേ. അതു ശരിയാകും നിങ്ങൾക്ക് കഴിക്കാൻ വേണ്ടി നാറ്റമുള്ള മീൻ പിടിക്കുന്നവർ അല്ലേ.. അപ്പോൾ അത് വാങ്ങി വയർ നിറച്ചും കഴിക്കുന്ന നിങ്ങൾക്ക് എന്ത് സ്റ്റാൻഡേർഡ് ആണുള്ളത് എന്നും കൂടെ പറയണം!

ഞങ്ങൾ ഭയങ്കര തല്ലൂടികൾ ആണത്രേ..കാര്യം ശരിയാണ് ഞങ്ങൾ ശീത സമരം നടത്താറില്ല. കടൽ പോലെ തന്നെയാണതും. ഉള്ളിൽ ഉള്ളത് ശബ്ദമുണ്ടാക്കി തന്നെ പറയും. ഞങ്ങൾ കാക്കകളെ പോലെയാണ്. ഞങ്ങളിൽ ഒന്നിനെ തൊട്ടാൽ , അത് ശത്രു ആയാലും മിത്രം ആയാലും അയാൾക്ക് വേണ്ടി ഞങ്ങളങ്ങ് ഒന്നിക്കും.. എന്നിട്ട് ആ മാരണത്തെ ഓടിച്ചു കളയുകയും ചെയ്യും. പരസ്പര സ്നേഹവും വിശ്വാസവും അല്പം കൂടുതൽ ആണ്. അപകടം നിറഞ്ഞ കടലിൽ  പരസ്പര വിശ്വാസത്തിന്റെയും , സ്നേഹത്തിന്റെയും കരുതലിലാണ് പണിയെടുക്കാൻ പോകുന്നത്. നിങ്ങൾ പരസ്പര വിശ്വാസം സ്നേഹവും കുറയുമ്പോൾ ഉണ്ടാകുന്ന വഴക്കുകളിൽ അവര് കടപ്രത്തുകാരെ പോലെ തല്ലുണ്ടാക്കുന്നു എന്ന് പറഞ്ഞു ഞങ്ങളെ അപമാനിക്കരുത്. നിങ്ങളുടെ കുഴപ്പങ്ങൾ നിങ്ങൾ ഏറ്റെടുക്കുകയെങ്കിലും വേണം ഭായ്.

ഞങ്ങൾ  കൂട്ടത്തിൽ ഒരാളെ കൂട്ടുക എന്നാൽ അവർ ഞങ്ങളുടേതാകുക എന്ന് തന്നെയാണ് അർത്ഥം.പരസ്പര രഹസ്യങ്ങളും സങ്കടങ്ങളും ഇല്ലാതാകാറുണ്ട് ഞങ്ങൾക്കിടയിൽ. വലിയ ഭാരമില്ലാത്ത ഹൃദയമുള്ളവരാകാറുണ്ട് ഞങ്ങൾ..അത് കൊണ്ട് തന്നെ ചതിച്ചവരെ, കൂട്ടത്തിൽ പണി തരുന്നവരെ.. ഞങ്ങളുടെ നിഷ്കളങ്കതയെ മുതലെടുക്കുന്നവരെ മറന്നു കളയുന്ന പതിവും ഞങ്ങൾക്കുണ്ട്.. അതിനും കടലിന്റെ സ്വഭാവമാണ്.തിരയടിച്ച് കരയിലുള്ളവയെ മായ്ച്ചുകളയും പോലെ ഓർമ്മയിലെ നിങ്ങളെ ഞങ്ങളങ്ങ് മറന്നു കളയും എന്നന്നേക്കുമായി..

ഞങ്ങളുടെ ഭാഷ ചെറ്റഭാഷയാണത്രെ.. അല്ലാ അലക്കി തേച്ച നിങ്ങളുടെ ഭാഷയിൽ മറ്റൊരാളെയും   വേദനിപ്പിക്കാറില്ലേ?  ചെറ്റവീട്ടിൽ ജീവിച്ചു വളർന്ന ഞങ്ങളും മാളികയിൽ വളർന്ന നിങ്ങളും മറ്റൊരാളെ വാക്കുകൾകൊണ്ട് മുറിവേല്പിച്ചാൽ ഒരേ ആഴമാണ്, വേദനയാണ്. അതേ ഭാഷ കൊണ്ട് തന്നെ നിങ്ങളും ഞങ്ങളും ഒരാളെ ചേർത്ത് പിടിച്ചാൽ ഉണ്ടാകുന്ന സ്നേഹവും പ്രചോദനവും ഒരേ അളവായിരിക്കും. അതിൽ കൂടുതൽ എന്ത് മായാജാലമാണ് ഭാഷ കൊണ്ട് കാണിക്കേണ്ടത്.

ഞങ്ങളുടെ സ്ത്രീകൾ സാമർത്ഥ്യക്കാരികൾ ആണത്രേ..അതേലോ നല്ല ധൈര്യവും സാമർത്ഥ്യവും ഞങ്ങൾക്കുണ്ട്  ഇത്രയും അപകടം നിറഞ്ഞ കടലിലേക്ക്, തിരിച്ചു വരുമോ എന്നുറപ്പില്ലാത്ത ജോലിക്ക് വീട്ടിലെ ആണുങ്ങളെ പറഞ്ഞയച്ചിട്ട് മനസ്സുറപ്പിച്ച് ഇരിക്കുന്ന ഞങ്ങളുടെ സ്ത്രീകളിൽ നിന്ന് നിങ്ങളെന്താണ് പ്രതീക്ഷിക്കുന്നത്? കടൽ പോലെ ആഴമാർന്ന പ്രതീക്ഷകളും ,ആത്മാർത്ഥതയും ,ധൈര്യവുമാണ് ഞങ്ങളുടെ സ്ത്രീകൾ.

ഞങ്ങളെ കാണാൻ ലുക്ക് പോരാത്രേ.. ഉറച്ച ഇരുണ്ട നിറമുള്ള പുരുഷന്മാരും സ്ത്രീകളും ആണ് ഞങ്ങളുടെ പരമ്പര. പകലൊട്ടുക്ക് കടലിൽ പണിയെടുക്കുന്ന ഞങ്ങൾക്ക് തണൽ കിട്ടാൻ കടലിൽ മരം നടാൻ പറ്റില്ലല്ലോ ഭായ്. സൂര്യപ്രകാശം തട്ടി ഇരുണ്ട  ശരീരത്തിന്റെ ജീനുകളെ ഞങ്ങൾക്കൊള്ളു. ഞങ്ങൾ അങ്ങനെ ആയിരിക്കേ തന്നെ സുന്ദരികളും സുന്ദരന്മാരും ആണ്.

ഇന്നിപ്പോൾ ഞങ്ങളോടി പഠിപ്പിലും, പണത്തിലും നിങ്ങൾക്ക് ഒപ്പമെത്തി തുടങ്ങിയപ്പോൾ നിങ്ങൾക്ക് അസ്വസ്ഥത വന്നതല്ലേ? ഞങ്ങളുടെ വളർച്ച സ്വീകരിക്കാനാകാത്ത നിങ്ങളുടെ മനസ്സിന്റെ സങ്കുചിതത്വമല്ലേ പ്രശ്നം ഭായ്..അല്ലാതെ ഞങ്ങൾ ഇങ്ങനെ ആയതല്ലാ  ഭായ്..