Sunday 15 April 2012

ജാതിയിലുള്ളത്

ജാതിയില്‍ വിശ്വാസമുണ്ടോ എന്ന് കേരളത്തിലെ ആരോടെങ്കിലും ചോദിച്ചാല്‍ ആള്‍ക്കാര്‍ പറയുന്ന മറുപടി വളരെ രസകരമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇല്ല എന്ന് തന്നെയായിരിക്കും മറുപടി, സ്വന്തം ജാതിയില്‍ പെടാത്ത ഒരാളെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്നു ചോദിച്ചാലും ഇല്ല എന്നു തന്നെയായിരിക്കും ഭൂരിപക്ഷവും പറയുക. എന്നാല്‍ രാജസ്ഥാനികള്‍ ഇക്കാര്യത്തില്‍ കുറെ കൂടി മാന്യത കാണിക്കാറുണ്ട്. ജാതിയില്‍ അടിയുറച്ച വിശ്വാസവും അതു എവിടെയും തുറന്ന് പറയാനുള്ളാ ചങ്കൂറ്റവും ഇവര്‍ക്കുണ്ട്..മലയാളികള്‍ അതിനെ വിവരകുറവെന്നും പറഞ്ഞുകളിയാക്കാറുണ്ടെങ്കിലും.

ഈയിടെ മലയാളം ചാനലുകളില്‍ കൂടെ കൂടെ കമ്മ്യൂണിറ്റി മാട്രിമോണിയുടെ പരസ്യം കാണാറുണ്ട്.സത്യത്തില്‍ നമ്മുടെ നാട്ടിലെ ജാതിയുടെ രാഷ്ട്രീയം ശരിയാംവണ്ണം മനസ്സിലാക്കിയത് അവരാണെന്നു പറയാം. ഒരേ ജാതിയിലുള്ളവര്‍ കല്യാണം കഴിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പുകിലുകള്‍ ഓര്‍മ്മിപ്പിക്കാന്‍ അവരും നമ്മുടെ കൂടെ ഉണ്ട്.

രാജസ്ഥാനില്‍ താമസിക്കുകയും , ഇവിടത്തെ ആളുകളെ അടുത്തറിയുകയും ചെയ്ത അവസരങ്ങളിലെല്ലാം വ്യക്തി ജീവിതത്തിലും സമൂഹത്തിലും ജാതിയുടെ എല്ലാ തരത്തിലുള്ള ഇടപെടലുകളും കണ്ടിട്ടുണ്ട്.ജാതി തന്നെയാണ് ജീവിതമെന്ന് ഇവര്‍ എപ്പോഴും, എവിടെയും ആവര്‍ത്തിച്ച് പറയുകയും ചെയ്യും. ഇവിടെ ജാതിയെ നമ്മുക്കു കണ്ടും തൊട്ടും അറിയാം. കേരളത്തില്‍ ജാതിയെ കാണാനും, തൊടാനും സാധിക്കില്ല, പക്ഷേ പൊള്ളി അറിയാറുണ്ട്.

രാജസ്ഥാനില്‍ ഓരോ കോളേജിനോടും ചേര്‍ന്ന് അവരവരുടെ ജാതിക്കാരുടെ സൌജന്യ ഹോസ്റ്റലുകള്‍ ഉണ്ട്. സമുദായസംഘടനകളുടെ നേതാക്കന്മാരുടെ കീഴിലാണ് ഇവ പ്രവര്‍ത്തികുക.അതു കൊണ്ട് ജാതി ഏതെന്നു പറയുന്നത് ഇവര്‍ക്ക് ഏറെ പ്രയോജനപെടുന്നുണ്ട്. അതെ സമയം ജാതിയുടെ കീഴില്‍ ഇവരെ അണിനിരത്താനുള്ള മൂലധനമാണ് ജാതി സംഘടനകള്‍ ചെലവിടുന്നത്. ഇതു പോലെ ജീവിതതിന്റെ ഓരോ ചുവടുവെപ്പിലും ജാതിയുടെ ഇടപെടലുകള്‍ നമ്മുക്കിവിടെ കാണാന്‍ സാധിക്കും. ഇവിടെ വന്ന അവസരത്തിലൊരിക്കല്‍ ട്രയിനില്‍ വെച്ച് ഏകദേശം 4 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പരിചയപെട്ടു.അവളാദ്യം പേരു ചോദിച്ചു, പേരു പറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു, ആന്റീജിയുടെ സര്‍ നെയിം എന്താ? സര്‍ നെയിമില്‍ ഇവിടെ ജാതി അറിയാം, ഇതിവിടത്തെ തുടരനുഭവമായപ്പോഴാണ് ഈ ഗുട്ടന്‍സ് പിടികിട്ടിയത്

എന്നാല്‍ കേരളത്തില്‍ , ഏറ്റവും വിദ്യാസമ്പന്നരുള്ള, ‘a developed state in a developing country’ എന്ന് വിശേഷണമുള്ള, വിപ്ലവാത്മകമായ സാമൂഹിക നവീകരണങ്ങള്‍ നടന്നിട്ടുള്ള ഇവിടെ, ജാതിയില്ലന്നും, അതില്‍ വിശ്വാസമില്ലെന്നും ഉപരിപ്ലവമായി പറയുകയും, അതിനേക്കാ‍ള്‍ ശക്തമായി ജാതിയെ നെഞ്ചില്‍ കൊണ്ട് നടക്കുന്നവരേയുമാണ് കാണാന്‍ സാധിക്കാറ്‌.

80കളിലൊന്നും കേരളത്തില്‍ ജാതി ചിന്തകള്‍ ഇത്ര ശക്തമായിരുന്നു എന്ന് തോന്നിയിട്ടില്ല.പന്ത്രണ്ടാം ക്ലാസ്സ് എത്തുന്നത് വരെ ജാതി എന്തെന്ന് ഞാനൊന്നും ചിന്തിച്ചിട്ട് തന്നെയില്ലായിരുന്നു. പന്ത്രണ്ടാം ക്ലാസ്സില്‍ വെച്ചാണ് ആദ്യമായി ജാതിയെ കുറിച്ചുള്ള പരാമര്‍ശം കേട്ടിട്ടുള്ളതും. മനകൊടി എന്നൊരു സ്ഥലത്ത് ഒരു കൃസ്ത്യന്‍ വിവാഹ ചടങ്ങില്‍ ഇളം പച്ച പട്ടു പാവാട ഇട്ടു വന്ന കൂട്ടുകാരിയെ നോക്കി ‘ഇവള്‍ നീചജാതിയാണല്ലേ‘ എന്നു ചോദിച്ച കൃസ്ത്യന്‍ സുഹൃത്താണ് ജാതിയെന്ന മഹാമേരുവിനെ ആദ്യമായി ഓര്‍മ്മിപ്പിച്ചത്. നീചജാതിക്കാര്‍ ഉപയോഗിക്കുന്ന തരം നിറമാണത്രെ അതു. അന്നൊക്കെ ജാതി ഒളിപ്പിച്ച് വെക്കാന്‍ ആ കമന്റ് കാരണമായി തീര്‍ന്നു. ജാതി എത്രതോളം ജീവിതത്തില്‍ പ്രധാനമാണെന്നും, ശക്തമാണെന്നും പഠിപ്പിച്ചത് വിമല കോളേജ് ഹോസ്റ്റലിലെ ജീവിതമായിരുന്നു. താഴ്ന്ന ജാതിക്കാരണെന്ന് കരുതുന്നവരോട് വ്യക്തവും ശക്തവുമായ വേര്‍തിരിവ് കാണിക്കാന്‍ കന്യാസ്ത്രീകള്‍ അടക്കം എല്ലാവരും ശീലിച്ചിരുന്നു. അന്ന് മുതല്‍ ആണ് വായനയുടെയോ, സ്വന്തമെന്നു പറയുന്നതിനോടുള്ള ബഹുമാനമോ എന്തോ ഞാനിന്ന ജാതിയാണെന്ന് തുറന്ന് പ്രഖ്യാപിക്കുകയും, അതിന്റെ പേരില്‍ പലതവണ വേര്‍തിരിവ് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പണം, ഭാഷ, നിറം, ഭംഗി കൂടാതെ ജാതിയും വേര്‍തിരിവിന്നാധാരമാണെന്ന് നല്ല പോലെ തിരിച്ചറിയാന്‍ ആ അനുഭവങ്ങള്‍ പഠിപ്പിച്ചു.

ഇനി ജാതിയില്ലെന്ന് പറയുന്നവരുടെ കാര്യമെടുത്താലോ? അത് അതിലും രസകരമാണ്‌. കൃസ്ത്യാനികളെല്ലാവരും ബ്രഹ്മണരില്‍ നിന്നും മാര്‍ക്കം കൂടിയവരാണെന്നാണ് അടുത്തറിയാവുന്ന എല്ലാ കൃസ്ത്യാനികളുടെയും വാദം. അവര്‍ണ്ണരെന്ന് വിളിക്കപ്പെടുന്ന ജാതിക്കാരുടെ മക്കളെയാണ് സ്നേഹിച്ച് വിവാഹം കഴിക്കുന്നതെങ്കില്‍ അവര്‍ക്ക് കുറ്ച്ച് മനസമാധനം ഉണ്ടാകാറുണ്ട്. അവരുടെ മതം മാറ്റത്തോടെ രണ്ട് കൂട്ടരും ഒരേ തരക്കാരാവുമല്ലോ.

ഇനി താഴ്ന്ന ജാതിക്കാരുടെ കാര്യവും വ്യത്യസ്തമല്ല. ‘ഞങ്ങളുടെ തറവാട്ടുപേര്‍ കേട്ടില്ലേ ശരിക്കും ഒരു ഇല്ല പേരാ അതു. അവിടത്തെ ഒരമ്മ ഓടിപോന്നുണ്ടായതാ ഈ പേര്‍’ ഇത്തരം പ്രസ്താവനകള്‍ പണ്ട് സാധാരണമാണെങ്കിലും ഞെട്ടിക്കുന്ന മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റം ശരിക്കും ഞെട്ടിക്കുന്നതു തന്നെയാണ്. കാലങ്ങളായി നവീകരണ പ്രസ്ഥാനങ്ങളും മറ്റ് സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളിലൂടെ നേടിയെടുത്ത അദ്ധ്വാനമാണ് മാറുന്നത്, അതും മുന്നോട്ടുള്ള മാറ്റമല്ല, പിന്നോക്കമാണ് പോക്ക്. ജാതി തിരിച്ച് അയല്‍ക്കൂട്ടങ്ങള്‍ , അവയുടെ മാസം തോറുമുള്ള മീറ്റിംങ്ങുകള്‍, ജനങ്ങളുടെ നിത്യ ജീവിതത്തില്‍ അവയുടെ ഇടപെടലുകള്‍. മാത്രമല്ല ജാതി സംഘടനകളുടെ , ചില ജീവിച്ചിരിക്കുന്ന ദൈവങ്ങളുടെ പേരിലുള്ള സംഘടനകള്‍ എന്നിവര്‍ ഉള്‍ഗ്രാമങ്ങളില്‍ പോലും നടത്തുന്ന ഹിന്ദുമതത്തെയും ആരാധനാക്രമങ്ങളെയും കുറിച്ച് നടത്തുന്ന സെമിനാറുകള്‍. തികച്ചും പ്രകോപനപരവും, മറ്റ് മതങ്ങളെ ഇടിച്ച് താഴ്ത്തിയുമാണ്‍ പ്രസംഗങ്ങള്‍, പ്രാസംഗികനും മോശക്കാരനല്ല, ഒരു പാട് ഡിഗ്രികളുടെ പിന്‍ബലത്തോടെയാണ് അയാളും വന്നിരിക്കുന്നത്. തുടര്‍ന്ന് അതിന്റെ സിഡികള്‍ ചൂടപ്പം പോലെ വില്‍ക്കുന്നു. ഒരു കാര്യം പറയാതെ വയ്യ, ആ പ്രസംഗം കേട്ട് കഴിഞ്ഞാല്‍ പിന്നെ മറിച്ചൊന്നു ചിന്തിക്കുക പോലുമില്ല അത്രക്ക് ശക്തമായി സ്വാധീനിക്കുന്നതാണത്. ഇങ്ങനെ ഓരോരുത്തരും പാകിയിട്ട് പോകുന്നത് തീവ്രഹിന്ദുയിസത്തിന്റെ വിത്തുകളാണ്. ഏത് വികാരമായാലും അധികമായാല്‍ തീവ്രവാദം തന്നെയാണ്, ഓരോരുത്തരുടെയും ജാതിയില്‍ അഭിമാനിക്കുന്നത് നല്ലതു തന്നെ. സംഘടിച്ച് ശക്തരാകുന്നതും നല്ലത് തന്നെ. ഇതൊക്കെ കാണുമ്പോള്‍ സംഘടിച്ച് തീവ്രവാദികള്‍ ആയി പോവുകയാണോ എന്നു തോന്നി പോകും.

ഇനി ജോത്സ്യവും, അമ്പലങ്ങളുടെയും ആള്‍ദൈവങ്ങളുടെയും വളര്‍ച്ചയെ കുറിച്ച് പറയാനാണെങ്കില്‍ ഈ കുറിപ്പ് എനിക്കു നിര്‍ത്തേണ്ടി വരില്ല. അതു കൊണ്ട് ആ വഴിക്കു കടക്കുന്നില്ല

ഹിന്ദൂയിസം ഒരു സംസ്കാരമാണ് മതമല്ല, മറ്റുള്ളവരെ ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ഗുണമെന്നൊക്കെ കേട്ടിട്ടുണ്ട്..ഒന്നു പറയാതെ വയ്യ അതിനകത്തുള്ള വ്യക്തി സ്വതന്ത്ര്യം മറ്റേതു മതത്തിനേക്കാളും അധികമായതു കൊണ്ട് ഞാനും വിശ്വസിക്കുന്നു അതു ഒരു സംസ്കാരം തന്നെയായിരിക്കും എന്നു. അതൊക്കെയാണ് ഈ ഇടപെടലുകള്‍ കൊണ്ട് നശിക്കുന്നത് എന്നു നാം അറിയുന്നേ ഇല്ല്യല്ലോ എന്നോര്‍ത്ത് വിഷമം തോന്നുന്നുണ്ട്. അതിന്റെ വില, അതു തിരിച്ച് കൊണ്ട് വരാന്‍ വേണ്ടി എന്ത് മാത്രം നാം അദ്ധ്വാനിക്കേണ്ടി വരും..

ജാതി ഇല്ലാതായാല്‍ വേര്‍തിരിവുകള്‍ ഇല്ലാതാകും എന്നൊരു വിശ്വാസം എനിക്ക് തീരെയില്ല. കാരണം ജാതി ഇല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം ഇത്തരം വേര്‍തിരിവുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. വികസിത രാഷ്ട്രങ്ങളില്‍ വര്‍ഗ്ഗവും, രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ നമ്മുക്കുള്ള എല്ലാ കാര്യങ്ങളെയും നല്ലതിനും, നന്മക്കും ഉപയോഗിക്കുമ്പോള്‍ നാം വലിയവരാകില്ലേ ജാതിയും നമ്മുക്ക് അതു പോലെ ഉപയോഗിക്കാവുന്ന നല്ല കാര്യമായി എനിക്ക് തോന്നാറുണ്ട്.. ഉത്സവങ്ങളും, കൂട്ടായ്മകളും, വിവിധ ചടങ്ങുകളും ആചാരങ്ങളും അങ്ങിനെ മനുഷ്യരെ ഒന്നിച്ച് നിര്‍ത്താന്‍ അതിനുള്ളില്‍ എത്ര സാധ്യതകളാണുള്ളതു…


അടിക്കുറിപ്പ്:- മേല്‍പറഞ്ഞ ഒരു കാര്യങ്ങളും ഒരു കണക്കിന്റെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു തീര്‍ത്തും വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നുമാണ് എഴുതിയിരിക്കുന്നത്.