Thursday, 15 October 2026

ഒരു യാത്രാമൊഴി (കഥ )

 

 ചില സംഭാഷണങ്ങൾ തുടങ്ങുന്നത് ആരുമറിയാത്ത  ഇടങ്ങളിലാണ്. പേരുകൾ മറച്ചുവെച്ച്, സ്വത്വത്തെ  മറയ്ക്കു പിന്നിൽ സൂക്ഷിച്ചുകൊണ്ട് അവരിങ്ങനെ എല്ലാരേയും പറ്റിച്ചേ എന്നൊരു കുസൃതി ന്നുണഞ്ഞായിരിക്കും ഇരിക്കുന്നുണ്ടാകുക...

പേരില്ലാത്ത ഒരു അപരിചിതനോട് സംസാരിക്കുന്നതിൽ എനിക്കും എന്തോ ഇഷ്ടമുണ്ട് അതിൽ അനാവശ്യമായ ഒരു സൗന്ദര്യം തോന്നാറുണ്ട്..

ആരാണ് പറഞ്ഞത് വാക്കാണ് സത്യമെന്ന്, കരുണാകരഗുരുവാണത്  പറഞ്ഞത്, പണ്ടത് കേട്ടപ്പോൾ വാക്കല്ലേ മാറ്റാൻ  പറ്റൂ അതിലല്ലേ  എല്ലാ അസത്യങ്ങളും എന്നോർത്തിരുന്നു.  ആ ശിശു ഇന്നും എന്റെയുള്ളിൽ കളിയാക്കി ചിരിക്കുന്നുണ്ട്.   

പിന്നെയെപ്പോഴാണ് വാക്കെനിക്ക് സത്യമായി മാറിയത്?

അതവരെ കണ്ടപ്പോഴായിരുന്നു, വാക്കുകളിലൂടെ ഈ ഭൂമി മുഴുവൻ അറിയുന്ന കാഴ്ചയില്ലാത്ത ജഗനെ കണ്ടപ്പോഴായിരുന്നു. കാറ്റും കടലും മഴയും മണലും മനുഷ്യരും അവരുടെ നോട്ടവും ശ്വാസതാളവും വരെ അവൻ ശബ്ദത്തിലൂടെ  അനുഭവിക്കുന്നുണ്ട്, Sehnsucht* (സേൺസൂഖ്റ്റ്)  മുതൽ Resentment* ലൂടെ  saudade* (സൗദാദെ) വരെയുള്ള  വികാരവിസ്മയങ്ങളെ  കുറിച്ചെന്നോട് പറയുമ്പോൾ, അടുത്തിരുന്നു നിത്യൻ എല്ലാ അക്ഷരങ്ങളെയും ചോദിച്ചു, വിരലുകളിൽ മനസ്സിലാക്കി വായിച്ചു നോക്കി , പിന്നെ അതിശയത്തോടെ നിത്യൻ,  അതെല്ലാം   വല്ല  ജീവികളുടെ പേരാണോ  എന്ന്  വിരലുകളിലൂടെ തന്നെ എന്നോട് ചോദിച്ച അന്നാണ് അവനതൊന്നും മനസ്സിലാകില്ലന്ന് തിരിച്ചറിഞ്ഞത് . അവന്റെ ശബ്ദമൊട്ടുമില്ലാത്ത  കാഴ്ചലോകം  ആകെ സമ്മാനിച്ച വികാരങ്ങൾ,  സ്നേഹം , സന്തോഷം, ദുഃഖം, ദേഷ്യം, ഭയം എന്നിവയിൽ മാത്രമാണ്. കാഴ്ചയുടെ നിറങ്ങൾ  മുഴുവൻ ഒപ്പിയെടുക്കുന്ന  കേൾവിയും സംസാരവും ഇല്ലാത്ത  നിത്യനു  ഈ വികാരങ്ങൾ ഒന്നും അറിയുന്നില്ലന്നത് ഞങ്ങളെ  ആത്മാവോളം പൊള്ളിച്ചു.   അത് പറഞ്ഞു മനസ്സിലാക്കിക്കാനാകാതെ ഞാൻ തലകുനിച്ചു , കേൾക്കാത്തവനാണ് വികാരങ്ങൾ കുറവ് അല്ലേ  എന്ന് ജഗനും നെടുവീർപ്പിട്ടു. കയ്യിൽ നൃത്തം വെക്കുന്ന 3500 വാക്കുകൾ കൊണ്ടാണ് നിത്യൻ ലോകത്തിലെ  എല്ലാ വികാര വിക്ഷോഭങ്ങളും വിവരിക്കേണ്ടതെന്ന് പിന്നീട് വിരൽമൊഴി വിദഗ്ധയയാരുവൾ  പറഞ്ഞു .  

അപ്പോഴാണ് വാക്ക് സത്യമാണെന്നത് എനിക്ക് മനസിലായത് , വാക്കുകളിലൂടെ അറിയുമ്പോൾ മാത്രമേ കാഴ്ചയ്ക്ക് അർത്ഥമുള്ളൂ എന്നറിഞ്ഞത് ..അന്ന് മുതൽ എന്റെ വാക്കുകൾ എന്നത്തേതിനേക്കാൾ സത്യത്തെ പേറിയാണ് ജനിച്ചു വീണത് .. അപ്പോൾ മുതൽ മറ്റുള്ളവരുടെ വാക്കുകളിലും ഞാൻ സത്യത്തെ കണ്ടെത്താൻ തുടങ്ങി . സംശയത്തിന്റെ മുൾമുനകളെ ഞാൻ എന്നും ഒടിച്ചു നുറുക്കി കളയുമായിരുന്നു.

അതെന്റെ ഒരു ദൗർബല്യമായിരിക്കാം. മറ്റുള്ളവരുടെ വാക്കുകളെ ഞാൻ അളക്കുന്നത്, എന്റെ ഉള്ളിൽ ഞാൻ കരുതിവെച്ചിരിക്കുന്ന  സ്വന്തം സത്യസന്ധത കൊണ്ടാണ്. 

എന്റെയാ  അളവുകോലുകൾ എത്ര വട്ടമെന്നെ വഴിതെറ്റിച്ചതിട്ടും ആ വിശ്വാസം എന്നിൽ ഇപ്പോഴും ബാക്കിയാണ് ..വാക്കാണ് സത്യം ..വാക്കുകളില്ലെങ്കിൽ  ഞാൻ ഓമനിക്കുന്ന പല വികാരങ്ങളും മരവിച്ച് പോകും ..ഹോ അതൊന്നുമറിയാത്ത എന്നെ എനിക്ക് സങ്കല്പിക്കാൻ പോലും വയ്യ.  

അത്തരം എന്നിലേക്കാണ്, ഒരു വിശദീകരണവും ബാക്കിയാക്കാതെ കടന്നുപോകുന്ന അത്രയും നേരിയൊരു സാന്നിധ്യമായി അയാൾ  ആരെന്നു വ്യക്തമാക്കാതെ കൂടെ കൂടിയത്. ഇന്റർനെറ്റിന്റെ  ചിലയിടങ്ങളിൽ അജ്ഞാതരായിരിക്കുന്ന  മനുഷ്യർ ചിലപ്പോൾ അതിശയകരമായി സ്വതന്ത്രരാകാറുണ്ട്, സാധാരണയായി ഉള്ളിൽ മടക്കിവെക്കുന്ന ചിന്തകൾ അവർക്ക് പുറത്തെടുക്കാം. ആരും നോക്കുന്നില്ലെന്ന തോന്നലിൽ കുറച്ച് കുസൃതിയാകാം.

ആരും വിധിക്കില്ലെന്ന വിശ്വാസത്തിൽ കുറച്ച് ദുർബലരാകാം. എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലാതെ കൗതുകപ്പെടാം. തൊഴിലിന്റെ സ്ഥാനമോ , പദവിയോ  സാമൂഹിക പ്രതീക്ഷകളോ അളക്കാൻ വരില്ല, ശ്രദ്ധാപൂർവം നിർമ്മിച്ച് വെച്ചിരിക്കുന്ന കപട  വ്യക്തിത്വത്തിന്റെ പരസ്യവും ആകേണ്ടതില്ല 

അയാളെ തുറന്നു കാണിക്കാൻ മടിയുള്ള അയാൾ, എന്നെ  അറിയുന്നതിൽ അനുഭവിക്കുന്ന ആനന്ദത്തെ കണ്ടപ്പോൾ ഞാനുള്ളിൽ പുലമ്പി, നീ പോലും അറിയാതെ ആ മറ സ്വയം നീക്കി നീ എന്നിലേക്ക് ഇറങ്ങി വരുന്ന ദിവസം ഒട്ടും അകലെയല്ല .. കാരണം ഞാൻ ആഗ്രഹിച്ചതെല്ലാം  നടക്കാറുണ്ടെന്ന് ..

 എത്രയൊക്കെ കണക്കു കൂട്ടിയാലും മറച്ചു വെച്ചാലും പ്രപഞ്ചം ആരുമറിയാതെ ഒരു വാതിൽ അല്പം തുറന്നിട്ടുണ്ടാകും , അല്ലെങ്കിൽ ഒന്ന് കുഞ്ഞു കിളി വാതിൽ എങ്കിലും ഉണ്ടകാത്തിരിക്കില്ല ... ലൈക് തേർ  ഈസ് നോ പെർഫെക്റ്റ് ക്രൈം ഇൻ ദി വേൾഡ്, there ഈസ് നോ പെർഫെക്റ്റ് അനോണിമിറ്റി ടൂ..

അപരിചിതത്വത്തിനുള്ളിൽ നമുക്ക് മനസിലാകാത്ത ഒരു  അടുപ്പമുണ്ട്. കൈ നീട്ടി ആ വ്യക്തിയുടെ കൈ പിടിക്കാനാകാത്തത് കൊണ്ട് , നമ്മൾ അവർ ആലോചിച്ചെഴുതിയ

വാചകത്തിലേക്ക് കൈ നീട്ടും, എന്നിട്ടത് സത്യംണെന്നും സ്നേഹമാണെന്നും കരുതും...

അവരുടെ കണ്ണുകളിലേക്ക് നോക്കാനാകാത്തത് കൊണ്ട് അവരുടെ കണ്ണുകളിലെ കുടിലതയോ സ്നേഹമോ തിരിച്ചറിയില്ല, അപ്പോൾ 

അവരുടെ വാക്കുകൾക്കിടയിലെ നിശ്ശബ്ദതകൾ കുറച്ചുകൂടി ശ്രദ്ധയോടെ വീണ്ടും വീണ്ടും വായിച്ചു നോക്കും. 

അവർ തുറന്നുതരുന്ന ചെറിയ ചെറിയ വിവരങ്ങളിലൂടെ ആ വ്യക്തിയെകണ്ടെത്താൻ നോക്കാമെന്നു മാത്രം . 

 ആ സ്നേഹം  ചിലപ്പോൾ എനിക്ക് സ്വപ്നം പോലെയാണ് തോന്നാറുള്ളത് , ആരാണെന്നതറിയില്ല, മുഖമില്ല, എന്നാലോ സാന്നിധ്യമായി  കൂടെ ഉണ്ട് താനും ..

രാത്രി വൈകി പെട്ടെന്ന് എത്തുന്ന ഒരു ചിന്തയായി, അറിയാതെ തന്നെ നമ്മളെ പുഞ്ചിരിപ്പിക്കുന്ന ഒരു സന്ദേശമായി , സ്ക്രീൻ ഇരുണ്ടുപോയിട്ടും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഉമ്മയായി ആ സാന്നിധ്യം കൂടെ നില്കുന്നുണ്ടായിരുന്നു. 

എപ്പോഴാണ് ഉറക്കത്തിന്റെ ആഴങ്ങളിൽ സ്വപ്നത്തിൽ അയാളുടെ മുഖം പൊങ്ങി വന്നത് ? ഓർമ്മയില്ല , പക്ഷെ ആ മുഖം വരച്ചു വെച്ചത് പോലെ ഉള്ളിലുണ്ട് . കഥയിലെന്നോണം മുടി നീണ്ട പെണ്ണൊരുത്തിയെ കയ്യ് പിടിച്ചോമനിച്ചയാൾ എന്റെ സ്വപ്നത്തിലേക്ക് കടന്നു കയറിയത്. സ്വപ്നത്തിലെ അവരെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. ചിരപുരാതനമായ കരിങ്കൽ ശില്പം  പോലെ പിന്നെയും പിന്നെയും ഓർത്തെടുക്കാവുന്ന അത്രയും വ്യക്തമായി അവരെ ഞാൻ കണ്ടെത്തി.  ആർക്ക് തടയാനായി അത് , കാത്തു സൂക്ഷിച്ച അവരുടെ അജ്ഞാതവാസം കളഞ്ഞ എന്റെ മനസ്സേ നിനക്കൊരുമ്മ. 

എന്തൊരു ലോകമാണിത്, വരച്ചെടുത്ത മാപ്പു പോലെയാണ് ഓരോ മനുഷ്യ ജീവിതവും , അത്രയധികം പരസ്യമായ ജീവിതങ്ങൾ  തന്നെ ...പറഞ്ഞറിഞ്ഞ ചില്ലറ വിശേഷങ്ങളിലൂടെ ആ സ്വപ്നത്തിലെ മുഖമതു തന്നെയെന്നൊരു  സർട്ടിഫിക്കേറ്റ് തയ്യാറാക്കുമ്പോൾ, അന്നത്തെ ദിവസം വന്നത് അയാളുടെ വിളിയായിരുന്നു .. യു ട്യൂബിലെ അയാൾക്കും എന്റെ ഫോണിലെ അയാൾക്കും  ഒരേ വശ്യതയാർന്ന ശബ്ദമായിരുന്നു .. 

പിന്നെയാണ് അയാളെ അറിയില്ലെന്ന നടനത്തിന്റെ  വിചിത്രമായ രസം എന്നിൽ പടരാൻ തുടങ്ങിയത് .. അതാസ്വദിക്കുവന്നതായി പിന്നീടെന്റെ ഇഷ്ടം ... 

പക്ഷേ അതിലും രസകരമായ മറ്റൊന്നുണ്ടായിരുന്നു.

ഇപ്പോഴെനിക്ക് തോളെല്ലുകൾ ഒതുക്കി  അയാൾ നടക്കുന്നതും  വലിയ വാ  മുഴുവൻ തുറന്നു ചിരിക്കുന്നതും, സംസാരിക്കുമ്പോൾ കൂടെ ഡാൻസ് കളിക്കുന്ന കൈവിരലുകളും എല്ലാം ഊഹിക്കാൻ  പറ്റുന്നുണ്ടായിരുന്നു. പോരാത്തതിന് അയാളിൽ അനുരക്തയയാരുവൾ കൂടെ ഇരിക്കുന്നതും കൂടെ ഞാൻ അറിയുന്നുണ്ടായിരുന്നു. അവരെ നോക്കി ഞാൻ ഉള്ളിൽ കണ്ണിറുക്കി കളിച്ചു. 

അയാളുടെ രതിചായ്‌വിനനുസരിച്ച് ഞാൻ പാകപ്പെട്ടെന്നോർത്ത്, അയാളുടെ ഉള്ളിലെ പല  കെട്ടുകളും അഴിഞ്ഞു വീഴുമ്പോൾ ഞാൻ അമർത്തി പിടിച്ചു ചിരിച്ചു. എന്റെ ചിരി കേട്ട് അയാൾക്ക് ദേഷ്യം വരേണ്ടല്ലോ! 

എന്റെ ആത്മഭാഷണങ്ങൾക്ക് ഒരു ചെവി തന്നിരുന്ന അതെ നിമിഷങ്ങളിൽ തന്നെ  മറ്റൊരുവളോട് രതിനിർഭരമായ  പെരുമാറുന്നത് എങ്ങനെയാണെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്. കാരണം പലവേലകൾ ഒന്നിച്ച് ആണുങ്ങൾക്കൊക്കില്ലന്നല്ലേ ലോകം പറയുന്നത്. 

എന്റെ ഭയങ്ങളെ എന്റെ ചിന്തകളെയും അരക്ഷിതാവസ്ഥയെയും സ്വപ്നങ്ങളെക്കുറിച്ചും സന്തോഷിപ്പിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളും എത്ര  ക്ഷമയോടെയാണ് അപ്പോഴും  കേട്ടിരുന്നത് !

 യഥാർത്ഥത്തിൽ എന്തൊരു അടുപ്പം എന്ന് കരുതിയിരുന്നു.  യാതൊരു ലക്ഷ്യവും ഇല്ലാതെ, പ്രതീക്ഷകളുടെ ഭാരം ഇല്ലാതെയായിരുന്നു  ആ അടുപ്പം എന്നിൽ വളർന്നു വന്നത്.  എന്നെ പറ്റിയുള്ളതെല്ലാം ഓർത്തോർത്തു വെക്കുന്ന അയാളുടെ ഓർമ്മയോടു പോലും എനിക്ക് സ്നേഹമായിരുന്നു.  

രണ്ട് വാക്ക് അയാളോട് പറയാതെ വയ്യ 

എത്രത്തോളം ആർദ്രമായിരുന്നു നിന്നിലെക്കെന്നെ പാകപ്പെടുത്തൽ, കഴുത്തിൽ വീണ തുകൽ ബന്ധനം ഞാൻ അറിയാതെ പോകുന്നത്ര ആർദ്രമായിരുന്നു.  ആത്മബന്ധം എന്ന് കരുതിയതെല്ലാം  നിന്റെ ആവശ്യങ്ങളിലേക്കെന്നെ  പാകപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു എന്ന്   തിരിച്ചറിയാൻ  ഇത്തിരി വൈകി , കാരണം വാക്കാണ് സത്യമെന്നും , അതാണ് സ്നേഹമെന്നും കരുതുന്ന പമ്പരവിഡ്ഢിയല്ലേ ഞാൻ , എന്നെ പറ്റിച്ചെന്ന ആനന്ദം നിന്റെ കണ്ണിൽ ഞാനിപ്പോൾ കാണുന്നുണ്ട് .. എന്നിരുന്നാലും   സ്നേഹം ഉപയോഗിച്ച് എന്റെ അതിരുകൾ മറികടക്കാൻ ആർക്കും അവകാശമില്ല. 

തണുത്ത് തണുത്ത് പോകുന്ന മറുപടികൾക്കിടയിൽ നിന്നൊരു ദിവസം മടുത്തപ്പോഴാണ് ഞാൻ പിന്തിരിഞ്ഞു നടന്നത്

 അപ്പോഴെന്തിനാണ്  നീ  വീണ്ടും വീണ്ടും എന്നെ എത്തിച്ചു നോക്കുന്നത്?

 ഇല്ല, നിന്റെ സൗകര്യങ്ങൾക്ക് അനുസരിച്ച് പാകപ്പെടാൻ എനിക്കു സാധ്യമല്ല

 കാരണം ഇപ്പോൾ നേടിയതെല്ലാം എന്തെല്ലാം കഠിന യുദ്ധങ്ങൾ കഴിഞ്ഞിട്ടാണ് എനിക്ക് ലഭിച്ചതെന്ന് നിനക്ക് മനസ്സിലാകുമോ? ഒട്ടും സാധ്യത ഇല്ലന്നറിയാം കാരണം 

വിശേഷഭാഗ്യങ്ങളുടെ  തങ്കത്തൊട്ടിലിൽ കിടന്നു വളർന്ന നിനക്ക് അതിന്റെ മൂല്യം എങ്ങനെ അറിയാനാണ്!

തോന്നുമ്പോൾ പെയ്തിറങ്ങുന്ന താന്തോന്നിയായ മഴകാലത്ത് ഉണക്കാൻ ഇട്ട തുണി പോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും യന്ത്രമല്ല ഞാൻ.

എന്നെ വീണ്ടും കാണാൻ നീ വരാതിരിക്കു, എനിക്ക് നിന്നോട് വിട പറയാൻ വിഷമമായതുകൊണ്ടാണ്, നമുക്ക് വിടപറയാതെ വേർപിരിയാം, നീ ഒരിക്കലും എന്റേതല്ല എന്നെനിക്കറിയാം ഞാനാണെങ്കിൽ നിന്നിലേക്ക് പാകപ്പെടാൻ ഒരിക്കലും മനസ്സില്ലാത്തവളും

 എന്റെ ശാന്തതയെ ശാപമാക്കി മാറ്റാതെ വഴിയിലൊരിക്കലും എത്തി നോക്കാതെ തിരിഞ്ഞു നടക്കൂ  പ്രിയനിറഞ്ഞ  അപരിചിതനേ.  



***************************************


*Sehnsucht (സേൺസൂഖ്റ്റ്)ജർമൻ  : നമുക്ക് കൃത്യമായി നിർവചിക്കാനോ പേരിട്ടു വിളിക്കാനോ കഴിയാത്ത എന്തിനെയോ കുറിച്ചുള്ള ആഴമേറിയ ആഗ്രഹവും തീവ്രമായ ലോങ്ങിങ് .


*Resentment:  ഒരാൾ നമ്മളോട് ചെയ്ത അനീതിയുടെയോ വേദനിപ്പിച്ച പ്രവൃത്തിയുടെയോ പേരിൽ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന നീരസവും അമർഷം 


*Saudade (സൗദാദെ):  പോർച്ചുഗീസ് : അരികിലില്ലാത്ത ഒരാളോടോ നഷ്ടപ്പെട്ട ഒരു കാലത്തോടോ ഉള്ള മധുരം കലർന്ന വേദനയാർന്ന ഓർമയും ആഗ്രഹവും. ഒരുപക്ഷേ ഒരിക്കലും തിരിച്ചുകിട്ടാനിടയില്ലെന്ന അറിവിനൊപ്പം ജീവിക്കുന്ന വിരഹം.

Tuesday, 6 October 2026

ആഘോഷം


 എഴുപതുകളുടെ അവസാനത്തിലാണ് ഞാൻ ജനിച്ചത്... ഹോ അതെന്തൊരു കാലമായിരുന്നു. 

പെൺകുട്ടികളുടെ ശരീരവും വസ്ത്രവും പെരുമാറ്റവുമൊക്കെ  സമൂഹത്തിന്റെ,  കുടുംബത്തിന്റെ ഒക്കെ മാനം അളക്കുന്നതിനുള്ള അളവ് കോൽ മാത്രമായിരുന്ന കാലമായിരുന്നു അത്.

എല്ലാത്തിനും നിയമങ്ങളുണ്ടായിരുന്നു. എന്ത് ധരിക്കണം, ശരീരം എത്രത്തോളം കാണിക്കാം, എങ്ങനെ ഇരിക്കണം, എങ്ങനെ നടക്കണം, എങ്ങനെ ചിരിക്കണം, പാചകം  അടുക്കള അതായിരിക്കണം പെൺകുട്ടികളുടെ ലോകം..അങ്ങനെ അങ്ങനെ വിവാഹത്തിന് പാകപ്പെടുത്തി എടുക്കുന്ന ഒരു പരിപാടി മാത്രമാണ് പെൺകുട്ടിയെ വളർത്തൽ.

വിവാഹം കഴിക്കാൻ ആൺകൂട്ടർക്ക് തോന്നിപ്പിക്കണം. അല്ലാത്ത പെൺകുട്ടികളെ മൊത്തത്തിൽ പുച്ഛമാണ്. 

അന്ന് ഫാഷൻ എന്നത് പറയാൻ പോലും പാടില്ലാത്ത വാക്കായിരുന്നു. സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്ക് തുലോം തുച്ഛമായിരുന്നു.

അതിപ്പോൾ പൈസക്കാരുടെ  വീട്ടിലെ പെൺകുട്ടികളുടെ അവസ്ഥയും കണക്കായിരുന്നു.  

മുട്ടൊപ്പമുള്ള കുട്ടി പാവാടയിൽ നിന്ന് പത്തു പന്ത്രണ്ട് വയസ്സാകുമ്പോൾ നീളൻ പാവാടയിലേക്ക് മാറ്റം കിട്ടും.അതിൽ നിന്ന് ഹാഫ് സാരി, ഒടുവിൽ സാരിയിലേക്ക്. അത്രയായിരുന്നു പലപ്പോഴും ഞങ്ങളുടെ ഫാഷൻ യാത്ര.  പലപ്പോഴും അമ്മയോ അച്ഛനോ തീരുമാനിക്കുന്നതായിരിക്കും ധരിക്കുക..

അല്പം ട്രെൻഡിന് അനുസരിച്ചു എന്തേലും വാങ്ങിക്കാം എന്ന് വീട്ടുകാരോട് പറയാമെന്ന് വിചാരിച്ചാൽ അവരാദ്യമേ,  ആളുകൾ എന്ത് പറയും എന്നൊരു ചോദ്യം ചോദിക്കും...

എണ്ണത്തിൽ വളരെ കുറവാണെങ്കിലും മിഡിയും ടോപ്പും ധരിക്കാൻ ഭാഗ്യം സിദ്ധിച്ച പെൺകുട്ടികൾ  അന്നുണ്ടായിരുന്നു. അവരെ ഞങ്ങൾ, നീളൻ പാവാടകാരികൾ ജാഡക്കാരികൾ  എന്ന് വിളിക്കുമായിരുന്നു. ജീൻസും ടോപ്പും ധരിച്ചാൽ അവരെ പോക്ക് കേസെന്ന് വിളിക്കും.  വസ്ത്രം ആയിരുന്നു അന്നത്തെ പെൺകുട്ടികളുടെ സ്വഭാവത്തിന്റെ പ്രഖ്യാപനം ആയി സമൂഹവും വീട്ടുകാരും കണ്ടിരുന്നത്.   ഇതുപോലെയൊക്കെ ഡ്രസ്സ് ചെയ്ത് നടന്നാൽ നിന്നെ കല്യാണം കഴിക്കാൻ ആണുങ്ങൾ വരില്ലെന്ന് എത്രയോ തവണ അക്കാലത്തെ പെൺകുട്ടികൾ കേട്ടിട്ടുണ്ടാവുമെന്നോ.

പിന്നീട് ചുരിദാർ വന്നു. ദേഹം മുഴുവൻ മൂടി കിടക്കുന്നതുകൊണ്ടും എന്നാൽ നടക്കാൻ സ്വാതന്ത്ര്യമുള്ളതുകൊണ്ടും ആയിരിക്കാം വളരെ പെട്ടെന്ന് ചുരിദാറിനെ ആൾക്കാർ അംഗീകരിച്ചിരുന്നു.  അതിനും അതിന്റേതായ നിയമങ്ങളുണ്ടായിരുന്നു. ശരീരത്തിന്റെ ആകൃതി ഒന്നും കാണാത്ത തരത്തിൽ വലുപ്പമുള്ള ചുരിദാറുകളായിരുന്നു അന്നുണ്ടായിരുന്നത്. ഏകദേശം ഒരു സഞ്ചിക്കകത്ത് കുടുങ്ങിയ പോലെ ആയിരുന്നു അവയിട്ട പെൺകുട്ടികളുടെ രൂപം.

ഇതിനെല്ലാം പുറമെ, ദരിദ്രമായ ഒരു കുടുംബത്തിൽ നിന്നാണെങ്കിൽ ഫാഷൻ എന്നത് സമൂഹത്തിന്റെ നിയന്ത്രണം മാത്രമായിരുന്നില്ല. പണത്തിന്റെ പരിമിതിയും കൂടിയായിരുന്നു. 

 എനിക്കൊക്കെ ട്രെൻഡ് എന്നതിലുപരി കിട്ടുന്നത് ധരിക്കുക എന്നതായിരുന്നു നിയമം. ചെറിയ കുട്ടി ആയിരുന്നപ്പോൾ ചില ഗൾഫുകാരായ ബന്ധുക്കൾ പുതിയ ഉടുപ്പുകൾ തരുമായിരുന്നു.  അന്നത് ധരിച്ചു നടന്നു.

  പിന്നീട് വലുതായപ്പോൾ വാടാനപ്പള്ളിയിലെ കട്ട് പീസ് സെന്ററിൽ നിന്ന് വാങ്ങിച്ച തുണികൾ കൊണ്ടുണ്ടാക്കിയ പാവാടകളും ബ്ലൗസും ആയിരുന്നു ഞാൻ ധരിച്ചിരുന്നത്. കാണാൻ വലിയ ഭംഗിയില്ലാത്ത ഡിസൈനുകളാണ് പൊതുവേ അവിടെ ലഭിക്കുക. അതുപോലെതന്നെ ഇടുമ്പോൾ പ്രത്യേകിച്ച് സുഖവും ഉണ്ടാകാറില്ല. വിലകുറഞ്ഞതും ബഡ്ജറ്റിൽ ഒതുങ്ങുന്നതും വീട്ടുകാർക്ക് സമ്മതമുള്ളതും ധരിക്കുക എന്നതായിരുന്നു അന്നത്തെ എന്റെ ഫാഷൻ. 

കിട്ടിയ ഓരോ ജോഡി വസ്ത്രവും നരച്ചു കീറും വരെ ഉപയോഗിക്കുക എന്നതും ശീലമാണ്.

 അക്കാലഘട്ടങ്ങളിലെ എല്ലാ പെൺകുട്ടികളുടെയും അവസ്ഥ ഏറെക്കുറെ ഇതുപോലെയൊക്കെ ആയിരിക്കും പ്രത്യേകിച്ച് ഞങ്ങളുടെ പരിസരപ്രദേശങ്ങളിൽ ഉള്ളവർ.  

 കോളേജിലൊക്കെ എത്തിയപ്പോൾ പല സുഹൃത്തുക്കളുടെയും വസ്ത്രങ്ങൾ മാറ്റിയിടുമായിരുന്നു. അങ്ങനെ ഇച്ചിരി ട്രെൻഡിന് അനുസരിച്ചിട്ടാൽ സകല ബന്ധുക്കളും കുറ്റപ്പെടുത്തുമായിരുന്നു.

 ജോലി കിട്ടിയപ്പോഴും ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങിക്കുക എന്നത് നടക്കില്ലായിരുന്നു,  വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞു വരുമ്പോൾ പോക്കറ്റ് കാലിയാകുമായിരുന്നു. 

അത് കൊണ്ട് പിന്നെയും നല്ല വസ്ത്രങ്ങൾ ഇടുന്നത്  വലിയ സ്വപ്നമായി തുടർന്നു.

 പിന്നീട് നല്ല വസ്ത്രങ്ങൾ ധരിക്കണമെന്ന് ആഗ്രഹം തോന്നുന്നത് നട്ടെല്ലിന് ക്ഷതമായി കിടപ്പിലായപ്പോഴാണ്.  കൈ പൊക്കി ഏതൊരു ഉടുപ്പും ഇടാൻ മറ്റൊരാളുടെ സഹായം വേണ്ടി വരുന്ന നിസ്സഹായതയിലാണ് എന്നെ നല്ല വസ്ത്രങ്ങൾ കൊതിപ്പിക്കാൻ തുടങ്ങിയത്.  വേദനകളിലൂടെ കടന്നു പോകുമ്പോൾ ഇനി നല്ല വസ്ത്രങ്ങൾ ഇടാൻ എന്റെ ശരീരം പാകപ്പെട്ട്  വരുമോ എന്ന ആധി എന്നെ ഭയപ്പെടുത്തുമായിരുന്നു.

അന്നത്തെ എന്റെ സ്വപ്നങ്ങളിൽ മുഴുവൻ പുത്തനുടുപ്പുകൾ ധരിച്ച് ഞാൻ ലോകം ചുറ്റുന്നത് പതിവായിരുന്നു.

പിന്നീട് ഞാൻ UK-യിൽ എത്തി. അവിടെ സ്ത്രീകൾ അവരുടെ വസ്ത്രങ്ങളെക്കുറിച്ച് ആരോടും വിശദീകരിക്കുന്നില്ല, ഇഷ്ടമുള്ളത് ധരിക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായത്തിന് അനുസരിച്ച് ഒരു സ്ത്രീയുടെ ഉടുപ്പുകൾ മറ്റേണ്ടതില്ലന്നും, അതു വെച്ച് അവളെ അളക്കേണ്ട ആവശ്യമില്ലെന്നും മനസ്സിലാക്കിച്ച ഒരു ലോകം. 

ക്ലാസ് എടുക്കാൻ വരുന്ന ടീച്ചരുടെ ഉടുപ്പുകൾ കണ്ട് ഞെട്ടിയും ഒപ്പം സന്തോഷിച്ചും എന്നിലെ ഫാഷൻ പ്രേമി ഉയിർത്തെഴുന്നേറ്റു.

 അവിടെവച്ചാണ് ഞാൻ എനിക്കിഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങിക്കാനും ധരിക്കാനും ആരംഭിച്ചത്. 

ചെറുപ്പത്തിൽ ഒരിക്കലും ധരിക്കാൻ കഴിയുമെന്ന് പോലും കരുതിയിട്ടില്ലാത്ത വസ്ത്രങ്ങൾ ഞാൻ അവിടെ കണ്ടു. 

 കയ്യിൽ കിട്ടുന്ന പൈസയിൽ നിന്ന് ഇടയ്ക്കിടെ പുത്തൻ ഉടുപ്പുകൾ വാങ്ങി അണിഞ്ഞ് ഞാൻ എന്നെ തന്നെ നോക്കി സന്തോഷപൂർവ്വം ചിരിക്കാൻ തുടങ്ങി.

ഇന്നും അത് തുടരുന്നു.

 നാൽപ്പതുകളിലെത്തിയപ്പോൾ, ഇരുപതുകളിൽക്കാൾ കൂടുതൽ ഞാൻ ഫാഷൻ ആസ്വദിക്കുന്നുണ്ട്.

ചിലരൊക്കെ കുത്തി ചോദിക്കും,

"ഈ പ്രായത്തിൽ ഇങ്ങനെ പെൺകുട്ടികളെപ്പോലെ വസ്ത്രം ധരിക്കുന്നത് എന്തിനാണ്?"

പക്ഷേ അവർ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്.

ഞാൻ ഒരു പെൺകുട്ടിയാകാൻ ശ്രമിക്കുന്നതല്ലഎനിക്ക് ചെറുപ്പത്തിൽ ലഭിക്കാതെ പോയ വസ്ത്രങ്ങൾ ധരിക്കാൻ എന്നിലെ പെൺകുട്ടിയെ ഞാൻ ഇപ്പോഴാണ് അനുവദിക്കുന്നത്.

ഒരിക്കൽ, മുതിർന്നവർ തനിക്കുവേണ്ടി തീരുമാനിച്ച വസ്ത്രങ്ങൾ നിശ്ശബ്ദമായി ധരിച്ചിരുന്ന ഒരു പെൺകുട്ടി,  ഒരു സ്ത്രീ സ്വന്തം ശരീരത്തിൽ എത്രമാത്രം സ്വതന്ത്രയാണെന്നു പഠിച്ചു കഴിഞ്ഞു. അതറിയാത്തവരോട് സഹതാപം മാത്രം.

 അതുകൊണ്ട് മറ്റുള്ളവർക്ക് വ്യത്യസ്തമായി തോന്നുന്നതൊ നിലവിലെ ഫാഷൻ അനുസരിച്ചുള്ള ഒരു വസ്ത്രം ധരിക്കുമ്പോഴോ എന്റെ യൗവനം തേടിപ്പിടിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഞാൻ എന്നെ തന്നെ സ്നേഹിക്കുന്നതാണ്. പണ്ട്  സാധിക്കാതിരുന്ന ആ മോഹങ്ങൾക്ക് ഒരു അറുതി വരുത്തുന്നതാണ് 

ആരെയും ആകർഷിക്കാൻ വേണ്ടിയല്ല അത് ചെയ്യുന്നത്, ചെറു പെൺകുട്ടികളുമായി മത്സരിക്കാനും അല്ല, എന്റെ പ്രായത്തെക്കുറിച്ച് എനിക്ക് ബോധമില്ലാത്തതുകൊണ്ടും അല്ല.

 ഒരു സ്ത്രീ എങ്ങനെയായിരിക്കണം ഓരോ പ്രായത്തിലും വസ്ത്രം ധരിക്കേണ്ടത് എന്നുള്ള പൊതു നിർവചനങ്ങളെ  അതിജീവിച്ച്  എന്നെത്തന്നെ ഞാൻ ആഘോഷിക്കുകയാണ്. 

 അതുകൊണ്ട് ഇതൊരു വസ്ത്രം തിരഞ്ഞെടുക്കൽ എന്ന ചെറു പ്രക്രിയ മാത്രമല്ല ഇതെന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്, ഇതൊരു രാഷ്ട്രീയപ്രവർത്തനം കൂടെയാണ്

അതേ ഞാനെന്റെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.💜

Saturday, 3 October 2026

ചെറ്യേ ഒരു കിസ്സ


 സ്നേഹിക്കാൻ വേണ്ടി ആർത്തിയോടെ കാത്തിരിക്കുന്ന ചിലരുണ്ട്. അവർ ആഗ്രഹിക്കുന്നത് നല്ല സുഹൃത്തിനെ മാത്രമായിരിക്കും. മറ്റൊരു രീതിയിലും ബന്ധത്തെ വഴിതിരിച്ചു വിടാണമെന്ന  ഹിഡൻ അജണ്ടയൊന്നും അവർക്കുണ്ടാകില്ല. എന്നാൽ ഈ ബന്ധത്തിൽ അപ്പുറത്ത് നിൽക്കുന്ന ആളെ കുറിച്ച് യാതൊരു കൺസേണും അവർക്കുണ്ടാകില്ല.

പരസ്പരം മനസ്സിലാക്കുന്ന, അപ്പുറത്തെ സൈഡിൽ നിൽക്കുന്നവരുടെ  ജീവിതത്തെ  ബഹുമാനിക്കാനും, കഴിയുന്ന സമയത്ത് പരസ്പരം കൂടെയുണ്ടാകാനും കഴിയുന്ന ഒരു ശാന്തമായ ഇടമായിരിക്കണം സൗഹൃദം. .

എന്നാൽ ഈ സ്നേഹഭ്രാന്തുള്ള മനുഷ്യർ പതിയെ ആ സൗഹൃദത്തെ ഒരു പരീക്ഷയാക്കി മാറ്റും. സ്നേഹത്തിനും ഒരുമിച്ചു കിട്ടുന്ന സമയത്തിനും എല്ലാം ഗ്രേഡുകൾ ഇട്ടു കളയും. ആ പരീക്ഷയിൽ ഏത് ഗ്രേഡിലാണ് നമ്മുടെ സൗഹൃദം നില്കുന്നതെന്ന് നിർവചിച്ചു കളയും.. 

സ്നേഹവും കരുതലും എങ്ങനെയായിരിക്കണം എന്നതിന് അവർക്ക് അവരുടേതായ സ്വന്തമായ നിർവചനങ്ങളുണ്ടായിരിക്കും.. ചില വാക്കുകളും ചില  സ്നേഹപ്രകടനങ്ങളും , അയാൾ ആഗ്രഹിക്കുന്ന സമയത്ത് തന്നെ വന്നു അവരുടെ അന്വേഷണങ്ങൾക്ക് പ്രത്യാഭിവാദനങ്ങൾ ചെയ്യണമെന്ന് നിർബന്ധവും ഉണ്ടാകും.

അവർ പ്രതീക്ഷിച്ച രീതിയിൽ അത് പ്രകടിപ്പിക്കാതിരുന്നാൽ പിന്നെ പരാതികൾ തുടങ്ങുകയായി.

അപ്പുറത്ത് നിൽക്കുന്നവരുടെ നിശ്ശബ്ദതയ്ക്കു പിന്നിലെ കാരണങ്ങൾ അറിയാൻ സ്നേഹഭ്രാന്തുള്ളവർക്ക് താല്പര്യമുണ്ടാകാറില്ല. അവരുടെ തിരക്കുകൾ ഉത്തരവാദിത്തങ്ങൾ , മാനസികവും ശരീരികവുമായ പ്രശ്നങ്ങൾ അവർ ഓർക്കുക പോലുമില്ല.

ചിലപ്പോൾ സ്നേഹം പോലും പ്രകടിപ്പിക്കാൻ മനസ്സിന് ശേഷിയില്ലാത്തത്ര ക്ഷീണിച്ചുപോകുന്ന ദിവസങ്ങൾ ലോകത്തിലുള്ള എല്ലാ മനുഷ്യർക്കും ഉണ്ടെന്നത് മനസ്സിലാക്കുകയേ ഇല്ല.

പകരം നീ എന്ത് ക്രൂരയാണ്, സ്നേഹമില്ലാത്തവൾ,എന്നെ ഒഴിവാക്കി,  എന്നെ വേണ്ടല്ലേ.. എന്നൊക്കെ പറഞ്ഞു, 'എന്റെ' 'ഞാൻ' 'എന്നെ'എന്ന പല്ലവികളിൽ മാത്രം മുഴുകി സ്വാർത്ഥത മാത്രം ചൊരിഞ്ഞു തരും.

“നിനക്ക് സുഖമാണോ?” എന്നതിന് പകരം “നിനക്ക് എന്നെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ സ്നേഹിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?” എന്നത് മാത്രം ഉണ്ടാകും..

എന്തൊരു കഷ്ടപ്പാടാണെന്ന് ഓർത്തു നോക്കൂ..

 സ്നേഹം ഉണ്ടെന്നും നിലനിൽക്കുന്നുണ്ടെന്നും ഒക്കെ വീണ്ടും വീണ്ടും തെളിയിക്കേണ്ടി വരിക. അതും സാക്ഷ്യപെടുത്താൻ മനസ്സ് മാത്രമുള്ള ഒരു സുന്ദരമായ അനുഭവത്തെ വാക്കുകൾ കൊണ്ടും പ്രവർത്തികൾക്കൊണ്ടും അവരുടെ നിർവചനത്തിൽ എത്താതിരിക്കുമ്പോൾ തെളിവ് ചോദിക്കുന്ന അവസ്ഥ.

തെളിവ് കൊടുക്കാമെന്നു വിചാരിച്ചാലോ, അതിലും കഷ്ടമാണ്..ഓരോ ഉത്തരവും തെറ്റായി അടയാളപ്പെടുത്തപ്പെടാവുന്ന ഒരു പരീക്ഷയെപ്പോലെയാണ് അവരത്  എടുക്കുക..

ഇതിങ്ങനെ തുടർന്ന്,  പതിയെയത് സ്നേഹമായി തോന്നാതാകും. മാനസിക ബന്ധനം ആയി മാറും.. അവരെ കുറിച്ചോർക്കുമ്പോഴേ ഭയം തുടങ്ങും.

ഒരാൾ നിരന്തരം സ്നേഹത്തിന് ഉറപ്പും,  ശ്രദ്ധയും തേടുകയും . മറ്റേയാൾ അത് നൽകാൻ സമ്മർദ്ദം അനുഭവിക്കുകയും ചെയ്യുന്ന വൃത്തികെട്ട കലാരൂപമായി മാറും.. ഈ സമ്മർദ്ദം കൂടുമ്പോൾ  കുറച്ചുകൂടി അകന്നു പോകും.. അതൊരു സർക്കിൾ ആണ്, അന്ത്യമില്ലാത്ത ഒരു വൃത്തം!

അങ്ങനെ ആ ബന്ധം പരസ്പര മനസ്സിലാക്കലിനെക്കാൾ ഒരാളുടെ വൈകാരിക വിശപ്പിനുള്ള ഭക്ഷണമായി മാറും. ഒരിക്കലും മതിയാകാത്ത ഭക്ഷണം.

അത് വൈകാരിക അടുപ്പമല്ല.

അത് വൈകാരിക സമ്മർദ്ദമാണ്.

സ്നേഹം ഒരു കടമയായി മാറുമ്പോൾ, യഥാർത്ഥമായ സ്നേഹം പോലും ആ പ്രതീക്ഷകളുടെ ഭാരത്തിനടിയിൽ പതിയെ ഇല്ലാതാകും. 

അനാരോഗ്യകരമായി മാറും. ഈ സമ്മർദം അനുഭവിക്കുന്നതിലും നല്ലത് നല്ലോർമ്മയിൽ നിർത്തുന്നതാണ്.  എന്തെങ്കിലും നല്ലത് ആ സൗഹൃദത്തെ കുറിച്ച് ഓർക്കാനെങ്കിലും കാണും. മനസ്സമാധാനവും ഉണ്ടാകും.

സത്യത്തിൽ എനിക്ക് തോന്നുന്നത്, ഇത്തരം തീവ്രമായ അടുപ്പങ്ങളെ,സൗഹൃദമെന്ന്   വിളിക്കാനാകില്ല 

ഇതൊരു തരം ഭ്രമമാണ്.. നിരന്തരം മറ്റൊരാളുടെ വികാരങ്ങളിൽ മുഴുകിക്കിടക്കുന്നതിനെ  ആളുകൾ സൗഹൃദമായി തെറ്റിദ്ധരിക്കുന്നതാണ്..

 ആരോഗ്യകരമായ ഒരു ബന്ധത്തിന് വ്യക്തിപരമായ സ്വാതന്ത്ര്യവും അതിരുകളും ഉണ്ട്. നോ  പറയാനുള്ള സ്വാതന്ത്ര്യമാണ് അതിൽ പ്രധാനം. നോ പറഞ്ഞാൽ ശിക്ഷിക്കാനും പരീക്ഷിക്കാനും വരുന്നവരെ അകറ്റി നിർത്തുന്നതാണ് നല്ലത്.

അവരുടെ നിർവചനങ്ങളിൽ നമ്മൾ പെടാത്തതിന്റെ  നിരാശയും ഉത്തവാദിത്വവും  അവരുടെ മാത്രമാണ്.

അവർക്ക് സന്തോഷം കിട്ടാൻ വേണ്ടി, എപ്പോഴും സ്നേഹം തെളിയിക്കാൻ നടന്നാൽ ആ ബന്ധത്തിന്റെ എല്ലാ മനോഹരിതയും പോയി കിട്ടും.

അത്തരം ആൾക്കാരെ ഞാൻ ഒഴിവാക്കാറുണ്ട്. അതെനിക്ക് 

ഹൃദയമില്ലാത്തതുകൊണ്ടോ, ക്രൂരയായത് കൊണ്ടോ കരുതലില്ലാത്തത് കൊണ്ടോ അല്ല.

സ്വന്തം ഹൃദയത്തെക്കുറിച്ച് വീണ്ടും വീണ്ടും വിശദീകരിച്ച് തളർന്നതുകൊണ്ടാണ് 

സ്വന്തം മനഃശാന്തിയെ തകർക്കുന്നതൊന്നും അനുഭവിക്കാൻ വയ്യാത്തത് കൊണ്ടാണ്.... വയസാം കാലത്ത് സൗഹൃദത്തിൽ പുതിയ പരീക്ഷ എഴുതി ജയിക്കാൻ മനസില്ല തന്നെ💜

Thursday, 1 October 2026

ഹൃദയത്തിൽ സൂക്ഷിക്കാൻ


 ഷാരൂഖ് ഖാൻ ഏതോ ഒരു ഇന്റർവ്യൂവിൽ പറയുന്നത് കാണുകയായിരുന്നു ഞാൻ..

അയാൾക്ക് attachments നെ ഭയമാണന്ന് . വേദനിച്ചു കരയുന്നത് ആളുകളുടെ നഷ്ടത്തിലാണ്.അത്  കൊണ്ട് attachment നോട്‌ ഭയമാണെന്ന്...

 ആളുകളുടെ നഷ്ടത്തിൽ ഹൃദയം തകരാത്തവർ ആരാണുള്ളത്.. ഇട്ടിട്ട് പോകുന്നവർക്കും കാണും ആ വേദന..

 അവരുടേതായ കാരണങ്ങൾ അതിനുണ്ടാകുമെന്ന് മാത്രം..

എന്തോ എനിക്ക് attachment-നോട് ഭയമില്ല.

ഒരുപക്ഷേ, എന്റെ ഏറ്റവും വലിയ ദൗർബല്യവും അതാണ്.. എനിക്കെന്നെ ഏറ്റവും ഇഷ്ടവും അതിലാണ്.. കാരണം അതെനിക്ക് സ്നേഹം കൊണ്ടൊരു സുനാമി തന്നെ ഉണ്ടാക്കുന്നുണ്ട്. മനപ്പൂർവം പറഞ്ഞതാണ് സുനാമിയെന്ന്.. കാരണം അതിന് സുനാമിയോളം തന്നെ അപകടമുണ്ട്.

എന്നാലും എന്റെ ജീവിതത്തിലെ ഏറ്റവും  മനോഹരമായ കാര്യം തന്നെയാണത്.

ഒരാളെ സ്നേഹിക്കുമ്പോൾ മുൻകരുതലുകൾ എടുത്ത് ഞാൻ സ്നേഹിക്കാറില്ല.

ഒരിക്കൽ ഈ ബന്ധം തകർന്നാൽ എത്ര വേദനിക്കുമെന്ന്  കണക്കുകൂട്ടി എത്രമാത്രം എന്നെത്തന്നെ നൽകണമെന്ന് ഞാൻ  അളക്കാറില്ല. അങ്ങനെ ചെയ്യുമ്പോൾ ആ സ്നേഹം എങ്ങിനെയാണ് പരന്നൊഴുകുക!


ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ, ഞാൻ അവരെ പൂർണ്ണമായി സ്വീകരിക്കും.. തെറ്റോടും ശരിയോടെയും.. അത് അളക്കാനോ വിധിക്കാനോ നിൽക്കാതെ അവരെ എന്നിലേക്ക് കടത്തി വിടും.

അവരോടൊപ്പമുണ്ടായ സാധാരണ നിമിഷങ്ങൾ പോലും, അവരോടൊപ്പം സംഭവിച്ചതുകൊണ്ട് മാത്രം അമൂല്യമാക്കി മാറ്റും. അതിനിടയിൽ അവരിറങ്ങി പോയാലോ നഷ്ടപെട്ടാലോ എന്ന ചിന്തകളെ ഞാൻ മറക്കും.. ആകെ ആ സ്നേഹവും. ആ നിമിഷങ്ങളും മാത്രമേ ഉണ്ടാകാറൊള്ളൂ.

 മുന്നറിയിപ്പുകൾ ഞാൻ ഓർക്കാറില്ല.പരിപൂർണമായും അതിലേക്ക് മുങ്ങാകുഴിയിടുന്ന ഒരു സന്തോഷകുട്ടി ആയി മാറും. അവർക്കൊപ്പമുള്ള കോടാനുകോടി നിമിഷങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും.

 അവർ പോകുമ്പോഴാണ് എന്റെ സ്നേഹത്തിന്റെ മറ്റേ പകുതി ആരംഭിക്കാറുള്ളത്. 

വേദനയുടെ നരകവാതിൽ എനിക്ക് മുൻപിൽ തുറക്കപ്പെടും. അവരുടെ സാന്നിധ്യം ആഘോഷിച്ച എന്റെ ഹൃദയം അവരുടെ അസാന്നിധ്യത്തിൽ ജീവിക്കേണ്ടതെങ്ങനെ എന്ന് പിച്ചവെക്കും.

ഒരു വിഡ്ഢിയെപ്പോലെ കരയും. 

ഇത്തരം കൊഴിഞ്ഞു പോകലുകൾ, ചതികൾ, വെറുപ്പുകൾ, മരണങ്ങൾ എല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന കാര്യം പോലും മറന്നുപോയ ഒരാളെപ്പോലെ, ഭൂതകാലത്തിലെ നല്ല നേരങ്ങളുടെ വിളുമ്പിൽ ഞാൻ ഊയലാടും.. വേദനിച്ചെന്റെ ഹൃദയം തകർന്നു തരിപ്പണമാകും.

അവരൊരു പക്ഷേ ഓർക്കാത്ത ചെറിയ കാര്യങ്ങൾ പോലും ഞാൻ വീണ്ടും വീണ്ടും ഓർത്തെടുക്കും. അവർ എന്റെ അരികിലുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന എന്നെ ഞാൻ ദുഃഖത്തോടെ ഓർക്കും. മിസ്സ്‌ ചെയ്യും.

എന്നാലും ഈ വേദനയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രം അന്നത്തെ സ്നേഹത്തെ, നല്ല നിമിഷങ്ങളെ വെറുപ്പാക്കി മാറ്റാൻഎനിക്കിതു വരെ ഒരു ബന്ധത്തിലും കഴിഞ്ഞിട്ടില്ല 

ഒരാൾ എന്റെ ജീവിതത്തിൽ ഇല്ലാതായതുകൊണ്ട് മാത്രം അവരെ എന്റെ ഹൃദയത്തിൽ നിന്ന് മായ്ച്ചുകളയാനും എനിക്ക് കഴിയില്ല.

അവരെ ഓർക്കാൻ എനിക്ക് അവരുടെ പോലും അനുവാദം വേണ്ടല്ലോ.. ഹൃദയത്തിന്റെ കോണിൽ ഞാൻ മാത്രം അറിയുന്ന അവരെ ഞാൻ സൂക്ഷിച്ചു വെക്കും..

എന്ന് വെച്ച് പറയാതെ പോയ ഒരാളെ, അകമഴിഞ്ഞെത്ര സ്നേഹമുണ്ടാകിലും, ഓർമകളെ താലോലികുമ്പോഴും അവരെ എനിക്ക്  വീണ്ടും വേണമെന്നേ ഇല്ല.

കാരണം ഒരാളെ സ്നേഹിക്കുന്നതും അവരെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതും രണ്ടും രണ്ടാണ്.

അവരെ എന്റെ ഹൃദയത്തിൽ  സൂക്ഷിച്ചുകൊണ്ട് തന്നെ, പടിക്ക് പുറത്തു നിർത്താനും എനിക്ക് കഴിയും.

 കാരണം എന്റെ പുസ്തകങ്ങൾക്ക് രണ്ടാം ഭാഗം വരുന്നത് എനിക്ക് അത്ര ഇഷ്ടമല്ല.

അതിലും എനിക്കിഷ്ടം അർത്ഥവത്തായി അവ അവസാനിക്കുന്നതാണ്.

ചിലരെ സ്നേഹത്തോടെ ഓർത്തുവെക്കാനാണ്, എനിക്കിഷ്ടം സ്വന്തമാക്കാനല്ല.

അത് കൊണ്ട് തന്നെ ഇപ്പോഴും എനിക്ക് attachments നെ ഭയമില്ല.

 ഇന്നും ബന്ധങ്ങളെ ആഘോഷിക്കുന്ന ഒരു സ്ത്രീ

Monday, 28 September 2026

ഹൃദയത്തിലെ പാട്ടുകാർ


 

പണ്ട് പാട്ടുകൾ കേൾക്കാനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു ബാല്യമായിരുന്നു എന്റെത് .. എന്നിരുന്നാലും അപ്പുറത്തെ വീടുകളിൽ നിന്നും കേൾക്കുന്ന പാട്ടുകളിൽ മയങ്ങി ഇരുന്നു ദിവാസ്വപ്നങ്ങളിൽ മുങ്ങിയിരുന്നു ഒരു കുട്ടി ആയിരുന്നു ഞാൻ .. അങ്ങനെയിരിക്കെയാണ് ഒരു വൈകുന്നേരം രാജീവനയനേ എന്ന പാട്ട് കേട്ടത് ...അത് വരെ കേട്ട ശബ്ദങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ആ ശബ്ദത്തിലേക്ക് ഞാൻ ഒഴുകി വീഴുകയായിരുന്നു. അതായിരുന്നു ജയചന്ദ്രന്റെ ആദ്യം കേട്ട പാട്ട്..പിന്നീടാണ് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും കേൾക്കാൻ തുടങ്ങിയത് . കേട്ടാൽ തിന്നാൻ തോന്നും വിധം എന്തോ ഒരിഷ്ടം എനിക്കാ ശബ്ദത്തോടുണ്ട് .. എനിക്ക് തന്നെ തിരിച്ചറിയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഇഷ്ടം .. എത്ര കേട്ടാലും മതി വരാത്ത ഒരിഷ്ടം... എന്റെ പ്രണയവും സ്നേഹവും ആഹ്ലാദവും മോഹവും മോഹഭംഗവും നിരാശയും വേദനയും എല്ലാം ആ ശബ്ദത്തിലൂടെയായിരുന്നു ഞാൻ മനസ്സിൽ ആവാഹിച്ചിരുന്നത്. 

 'മോഹം കൊണ്ടു ഞാൻ 'എന്ന്  ജയചന്ദ്രൻ പാടിക്കൊണ്ടിരിക്കുമ്പോൾ എന്റെ ഹൃദയം നിലച്ചു പോയി ജീവനെടുക്കണേന്ന് ഞാൻ കൊതിക്കാറുണ്ട്. ആ പാട്ടിൽ അലിഞ്ഞു മരിക്കാമല്ലോ...

അദ്ദേഹത്തിന്റെ ആദ്യ പാട്ടു മുതൽ അവസാനം ഇറങ്ങിയത് വരെ കൊതിയോടെ ഞാൻ ഇന്നും കേൾക്കും .. പറഞ്ഞു വന്നാൽ ജയചന്ദ്രന്റെ കൊടൂര ആരാധികയാണ് ഞാൻ .. അതിൽ കുറവ് ഒരു വാക്കുകൊണ്ടും എന്റെ ആ ഇഷ്ടം എഴുതി അറിയിക്കാൻ വയ്യ. 

അദ്ദേഹം മരിച്ചതറിഞ്ഞു ഞാൻ ആ ദിവസം മുഴുവൻ വിങ്ങിയും വിതുമ്പിയും കരഞ്ഞു കൊണ്ടിരിന്നു .. എല്ലാ പണികളും ചെയ്യുമ്പോഴും ഹൃദയത്തിലെ ഒരു ഭാഗം അടർന്നു വീണ പോലെ സങ്കടം നീങ്ങാതെ  നിന്നിരുന്നു . ഇപ്പോഴും ഇതെഴുമ്പോഴും കണ്ണ് നിറഞ്ഞു പോയിരുന്നു ... 

അതിനു ശേഷം ഞാനിത്ര മേൽ ഒരു ശബ്ദത്തെയും സ്നേഹിച്ചിട്ടില്ല..

എന്നാൽ ജയചന്ദ്രന്റെ ശബ്ദമല്ലാതെയൊരു  പാട്ടെന്നെ, അതെ ഒരേ ഒരു പാട്ടിലെ ശബ്ദം  മാത്രം എന്നെ ഇത് പോലെ മോഹിപ്പിക്കാറുണ്ട് .. 

അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയെന്നു പറഞ്ഞു എന്റെ പാട്ടു ശേഖരത്തിലേക്ക് കയറി വന്ന ഒരു പാട്ടുകാരൻ .. ആ പാട്ടു പാടാൻ വേണ്ടി മാത്രം ജനിച്ച ഒരാൾ .. നിഖിൽ മാത്യു ..

അയാളല്ലാതെ  വേറെ ഒരാൾ ആ പാട്ട് പാടുന്നത് എനിക്ക് ആലോചിക്കാൻ ആകില്ല. അത് കൊണ്ട് തന്നെ അതിന്റെ female വേർഷൻ ഞാൻ അധികം കേൾക്കാറില്ല . 

തുടക്കത്തിലെ ഹമ്മിങ്ങ് കേൾകുമ്പോഴേ  മറന്നു പോയ പ്രണയനഷ്ടത്തിന്റെ വേദനകളിലേക്ക് ആ ശബ്ദം നമ്മെ വീഴ്ത്തി കളഞ്ഞിട്ടുണ്ടാകും.

 കേൾക്കുന്തോറും പ്രണയം,  മരണതുല്യമാകുന്ന നഷ്ടത്തിലേക്ക് ഞാൻ നീന്തി തുടങ്ങും.. ഹൃദയം ആർക്കോ വേണ്ടിഎന്നോണം വിങ്ങും .. എന്തൊരു നരകമാണിതെന്നു ഓർത്തു നിർത്താൻ മനസ്സ് സമ്മതിക്കില്ല .

 പിന്നെയും പിന്നെയും ആ വേദന തിങ്ങിയ ആ ശബ്ദത്തിൽ മുങ്ങി ഇരുട്ടിൽ പണ്ട് വിഷാദ കാലത്ത് ചുരുണ്ടു കിടക്കും പോലെ കിടക്കാൻ തോന്നിപ്പിക്കും ... 

 നോവിന്റെ തീരങ്ങളിൽ ഒറ്റയ്ക്കായി പോയ എല്ലാ ജീവനിലും  വീണ ഇരുളാണ്  ആ പാട്ടിൽ നിറയെ എന്ന് തോന്നും.. 

നോവാർണെന്ന തീരങ്ങളിൽ ഓർമ്മകളുടെ തിരയിളകും, പിന്നോട്ട് നോക്കില്ലാന്നു എത്ര തീരുമാനിച്ചാലും ഉൾപൂവിൽ വീണ നനവിൽ ഹൃദയം ചതിക്കും ..വീണ്ടും വിഷാദ രാവുകൾ ഓർമ്മയിലേക്ക് ഓടി പിടിച്ചെത്തും ..

ഉപേക്ഷിച്ചു കടന്നു പോയ ആ ഇഷ്ടം ഇതറിയുന്നുണ്ടാകുമോ .. പതറി  പാടുന്ന രാഗമായി ഒരാൾ വഴിയിൽ കാത്തു നില്കുന്നത്, മരുഭൂമി പോലെ വേനൽ മാത്രമായത് അറിയുന്നുണ്ടാകുമോ എന്ന്  പിന്നെയുമാ പാട്ട്  ഓർമ്മ ചിരാതിൽ  ഒരു തിരി കൊളുത്തും.. എപ്പോഴേലും  വന്നു പോകുന്ന ഓർമ്മയിൽ ഈ  വിഡ്ഢിയായ ഹൃദയത്തെയും ആഴങ്ങളിൽ  നിന്നയാൾ അയാൾ കണ്ടെടുക്കുമായിരിക്കും എന്നാശ്വസിക്കും ... 

എന്നിട്ട് ആ പാട്ട് വീണ്ടും വീണ്ടും കേട്ട് അയാളെ , ആ ഇഷ്ടത്തെ ഞാൻ വീണ്ടെടുക്കും... എന്റെ ജീവനിൽ ചിതൽ അരിക്കും വരെ ഈ പാട്ടും  ആ ശബ്ദവും    ആ വഴി നടത്തുമായിരിയ്ക്കും ..ഇതേ  വരെ നടത്തിയത് പോലെ ...  

എന്തൊരു ശബ്ദമാണയാളുടേത്  .. ആ പാട്ടിനു  വേണ്ടി ജനിച്ചവനേ  നിനക്കു വേണ്ടി ഒരു ഉമ്മ ഞാൻ കാത്തു വെച്ചിട്ടുണ്ട്...

Thursday, 24 September 2026

ആത്മാവിൽ നഗ്നയാവുകയെന്നാൽ

 


തുറന്നു പറയുക എന്നത് അത്ര എളുപ്പമാണോ... അല്ലെന്നേ ഞാൻ പറയൂ... എത്രയോ കാലം ഒന്നും പറയാതെ അകത്തിട്ട് പൂട്ടി ജീവിച്ച ഒരാളായിരുന്നു ഞാൻ.. അത്രമേൽ ദാരിദ്ര്യവും വഴക്കും അരക്ഷിതാവസ്ഥയും വേദനകളും പ്രശ്നങ്ങളും ഉള്ളിൽ ഒളിപ്പിച്ചിരുന്നു.

 എന്തോ അതിനെ ഒക്കെ ഒരു ഭാഗത്തേക്ക്‌ മാറ്റി വെച്ച് അപ്പപ്പോൾ ആയിരിക്കാൻ സാധിക്കുമായിരുന്നു അന്ന്. 
എന്നാലും സത്യത്തിൽ ആൾക്കൂട്ടത്തിൽ തനിയെ എന്നത് വല്ലാത്ത ദുര്യോഗമാണ്.

  സ്വന്തം പ്രശ്നങ്ങളെ അതും ആഴത്തിലുള്ളവ തുറന്നു പറയൽ എളുപ്പമുള്ള കാര്യമല്ല. മറ്റൊരു മനുഷ്യന്റെ മുൻപിൽ മാനസികമായി നഗ്നനാകുന്ന ഒരു അവസ്ഥയാണത്.

നമ്മെ ഭയപ്പെടുത്തുന്ന കാര്യങ്ങളും, നമ്മെ മുറിവേൽപ്പിച്ച അനുഭവങ്ങളും, നമ്മിൽ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിന്തകളും, നമ്മുടെ അല്പഭിമാനം കൊണ്ട് മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന ദൗർബല്യങ്ങളും മറ്റൊരാളോട് തുറന്നുപറയാൻ വാക്കുകൾ മാത്രം പോരാ. അതിന് വിശ്വാസം വേണം. ധൈര്യം വേണം. അഭിമാനത്തിന്റെയും സ്വയംരക്ഷയുടെയും കൃത്രിമത്വത്തിന്റെയും കവചമില്ലാതെ മറ്റൊരാളുടെ മുന്നിൽ നിൽക്കാനുള്ള മനസ്സിന്റെ സന്നദ്ധത വേണം.
അതെനിക്ക് ഉണ്ടായി തുടങ്ങിയത് നല്ല ചില സൗഹൃദങ്ങൾ ഉണ്ടായപ്പോഴാണ്..

 എന്റെ തുറന്നുപറച്ചിലിനെ കരുതലോടെ സ്വീകരിക്കുമെന്ന് എനിക്കവരിൽ കൂടുതൽ വിശ്വാസം വന്നപ്പോഴാണ് ഞാൻ ആഴത്തിൽ മനസ്സിനെ തുറന്നു വെച്ചത്. അവരില്ലെങ്കിൽ പല ദുരിതകടലും ഞാൻ നീന്തി കടക്കില്ലായിരുന്നു.

ചിലപ്പോൾ എല്ലാവരുടെയും എല്ലാമായി ഇരിക്കുമ്പോഴും അങ്ങനെ ഒരാൾ നമ്മുടെ മനസ്സിൽ ഉണ്ടായികൊള്ളണമെന്നില്ല.

 സത്യസന്ധമായി സംസാരിക്കുന്ന ആ നിമിഷത്തിൽ, മറ്റൊരാൾ നമ്മെ എങ്ങനെ കാണും, vulnerability എന്നത് അതിരുകളില്ലാതെ തുറന്നുപറഞ്ഞാൽ എന്ത് സംഭവിക്കും എന്ന ഭയം, ആളുകൾ എന്ത് പറയും എന്ന ചിന്തകൾ ബാധിക്കാത്ത ഒരാളായി ഞാൻ വളരെ പതുക്കെ മാറുകയായിരുന്നു. നല്ല സൗഹൃദങ്ങളെ റെസിപ്രോക്കേറ്റ് ചെയ്യാൻ പാകപ്പെട്ടിരുന്നു... ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല എന്ന് പ്രത്യേകം പറയണം. എല്ലാവർക്കും അത് സാധിക്കട്ടെ എന്ന് ആഗ്രഹിക്കാറുണ്ട്.

 കാരണം നമ്മളെല്ലാവരും വെറും മനുഷ്യരാണ്..ഭയങ്ങളോടും മുറിവുകളോടും ദൗർബല്യങ്ങളോടും പ്രതീക്ഷകളോടും പ്രണയത്തോടെയും ജീവിക്കുന്ന ഇതിലെല്ലാം അബദ്ധങ്ങൾ പറ്റാൻ എപ്പോഴും സാധ്യത ഉള്ള ആളുകൾ..
അല്ലാതെ എപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന യന്ത്രങ്ങളെല്ല നമ്മൾ.അധിക പോസിറ്റിവിറ്റി ഒരു ടോക്സിസിറ്റി തന്നെയാണ്. അത് നിലനിർത്താൻ ചിലപ്പോൾ ജീവൻ തന്നെ പണയം വയ്ക്കേണ്ടിവരും. എന്തിനാണത്? 
അങ്ങനെ പറയാനാകാതെ എത്ര പേര് ഈ ഭൂമിയിൽ നിന്ന് നിർത്തി പോകുന്നുവെന്നോ.

അങ്ങനെ പച്ചയ്ക്ക് ഒരാളുടെ മുന്നിൽ നിങ്ങൾക്ക് നിൽക്കാൻ ധൈര്യം തരുന്ന ഒരാളെയെങ്കിലും നേടാനാകണം..

ഒന്നിനുമല്ല വെറുതെ...

ചിലപ്പോൾ കൈവിട്ടു പോകുമ്പോൾ പതം പറഞ്ഞു നാണമില്ലാതെ കരയാൻ..
ആത്മഹത്യ ചെയ്യാൻ തോന്നുമ്പോൾ അത് വേണ്ടെന്ന് വെക്കാൻ ..
ചില രഹസ്യങ്ങൾ പറഞ്ഞു ചിരിക്കാൻ..
സ്വന്തം ആത്മാവിനെ സ്വയം പരിഹസിക്കാൻ..
ചുറ്റുമുള്ളവരെ പൊളിക്കൽ കറക്റ്റാനസ്സ് നോക്കാതെ കളിയാക്കി ചിരിക്കാൻ 
ആരെയെങ്കിലും കൊല്ലാൻ തോന്നുമ്പോൾ അത് വേണ്ടെന്ന് വെക്കാൻ  
എനിക്കവരോട് കുശുമ്പ് വരുന്നെന്ന് പറഞ്ഞതും ആഘോഷിക്കാൻ..
നഷ്ടപ്രണയത്തെ കുറിച്ച് പറഞ്ഞു കരയാൻ..
പുതിയ പുതിയ ഫാന്റസികൾ പരസ്പരം പറഞ്ഞു ഓർത്തു ചിരിക്കാൻ...
അങ്ങനെ അങ്ങനെ ഈ ഭൂമിയിലെ ജീവിതം കുറെ കൂടെ കനം കുറഞ്ഞതാക്കി വയസാം കാലത്ത് മരിക്കാൻ കിടക്കുമ്പോൾ കുറെ നല്ലൊർമ്മകൾ ഓർത്തു മരിക്കാൻ.

Tuesday, 21 July 2026

കാലം ഞങ്ങളിലൂടെ 💜

 

സത്യമാണ്..
എന്റെ വഴിയിലെത്ര മുറിവേറ്റിട്ടും എവിടെയും  ഞാൻ വീണു പോകാഞ്ഞത് എന്താണെന്ന് അറിയാമോ..
ഇവരൊക്കെ  കൂടെ ഉണ്ടായത് കൊണ്ടാണ്...
ജീവിതത്തിന്റെ മൂർച്ചയിൽ  ഞാൻ മറന്നു പോയ  ഊഷ്മളതയും മുദുത്വവും,  എന്നോട് കാണിച്ചതിവരായിരുന്നു .മൃദുവാർന്ന മനസ്സു കൊണ്ടെന്നെ ചേർത്ത് പിടിച്ചവർ  രണ്ടും എന്നോടത് പറയാതെ പറയുമായിരുന്നു..
ഇല്ലെങ്കിൽ അതൊക്കെ എന്നേക്കുമായി ഞാൻ മറന്നേനെ!

 ഈ ഫോട്ടോ നോക്കി കണ്ണുകൾ എത്രവട്ടം നനഞ്ഞുവെന്ന് എനിക്ക് ഓർമ്മയില്ല. കാരണം എന്റെ വഴിയിൽ ഏറെ പേര് കടന്നു വരികയും വന്നവരിൽ അധികവും അവരുടെ ആവശ്യം കഴിയുമ്പോൾ പറഞ്ഞോ പറയാതെയോ അവരവരുടെ ഇടത്താവളങ്ങളിൽ ഇറങ്ങി പോകുകയോ ചെയ്യാറുണ്ട്.. ഒന്നുറപ്പാണ്  എന്റെ അടുത്തെത്തിയതിനെക്കാൾ മികച്ച ഒരാളായിട്ടായിരിക്കും  അവർ അവരുടെ പുതിയ താവളത്തിലേക്ക് കാലെടുത്തു വെച്ചിട്ടുണ്ടാവുക. അവരിറങ്ങി പോകുമ്പോൾ ഞാൻ കരയുകയോ വിഷമിക്കുകയോ ചെയ്യാറില്ല കാരണം എനിക്ക് ഇവരുണ്ടല്ലോ എന്നെന്നേക്കുമായി..എനിക്ക് എന്തിനാണ് അധികം പേർ!!. എത്രയോ അധികമാണ് ഇവരെനിക്ക്!!!..

 കടന്നുവരുന്ന  ഓരോരുത്തർക്കും വേണ്ടി ഞാൻ മാറ്റിവെക്കുന്നത് പലപ്പോഴും ഇവരുടെ കൂടെ സമയമായിരുന്നു..ഒരു പരാതിയും കൂടാതെ അവരത് വിട്ടുതരാറുണ്ട്.   എന്നിട്ട് ഞാൻ തിരിച്ചെത്തുമ്പോൾ പഴയപോലെതന്നെ സ്വീകരിക്കുകയും,
 എവിടെ നിർത്തിയോ അവിടെനിന്ന് ഞങ്ങൾ തുടങ്ങകയും ചെയ്യും.

 ഇവരെങ്ങനെയാണ് കോളേജിലെ ഏറ്റവും തല്ലിപ്പൊളിയായ എന്നെ കൂടെ കൂട്ടിയതെന്ന്  എനിക്ക് ഇന്നും അതിശയമാണ്. 
ആരോടും കഠിനമായി പെരുമാറാത്ത അവരും അതിന്റെ വിപരീതമായ ഞാനും, എങ്ങനെ ഒത്തു പോയോ എന്തോ? 
.ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ ഒന്നും  കാര്യമായി അറിയാത്ത പാവം രണ്ടു ജന്മങ്ങൾ ആയിരുന്നു അന്നവർ..
ആരെങ്കിലും സങ്കടം പറഞ്ഞു കണ്ണ് നിറയ്ക്കുന്നത് കണ്ടാൽ ഒപ്പം കണ്ണ് നിറഞ്ഞിരുന്ന രണ്ട് ആത്മാക്കൾ. 
 അപ്പോഴൊക്കെ ഞാൻ അത്ഭുതത്തോടെയും പുച്ഛത്തോടെയും അവരെ നേരിടും.  ഇതൊന്നും മനസ്സിൽ വെക്കുന്ന പതിവ് പണ്ടേ ഇല്ല. അതികഠിനമായി ഞാൻ അവരെ പുച്ഛിച്ചു തള്ളുമായിരുന്നു, പരിഹസിക്കും, അതേപോലെതന്നെ  അവരെ മറ്റുള്ളവരിൽ നിന്ന് പ്രതിരോധിക്കുന്നതും പതിവായിരുന്നു. അവരുടെ ഗുണ്ട ഞാനാണെന്ന് അവർ അഭിമാനിക്കുകയും ചെയ്യും  എത്ര കളിയാക്കിയിട്ടും അവർ രണ്ടും എന്നെ എന്തുമാത്രം സ്നേഹിക്കുന്നുവെന്ന് ഓർക്കുമ്പോൾ അത്ഭുതം തന്നെയാണ്.

 എഴുത്തും വായനയും, വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള പങ്കുവെക്കലുകളും എല്ലാമായി എന്തൊരു സുന്ദരമായിരുന്നു ആ കാലഘട്ടം. നേരം അവർക്കൊപ്പമായിരിക്കുമ്പോൾ പറന്നു പോകുമായിരുന്നു.. എനിക്കതു പിടിച്ചു നിർത്താൻ തോന്നും വിധം മനോഹരമായിരുന്നു അത്.

ഞാനല്ലായിരുന്നു എഴുത്തുകാരി അവരായിരുന്നു, അവർ രണ്ടുപേരും ആയിരുന്നു മനോഹരമായ മലയാളം കൊണ്ട് മാജിക്കുകൾ കാണിച്ചിരുന്നത്. എന്റെ കയ്യിൽ ഉണ്ടായിരുന്നത് കുറെയേറെ ദുരിതം നിറഞ്ഞ അനുഭവങ്ങൾ മാത്രമായിരുന്നു. അതും അവരോട് പോലും വളരെ വൈകി പങ്കു വെച്ചവ. 

 പ്രിയപ്പെട്ടതുങ്ങളെ നിങ്ങൾ എനിക്ക് തന്ന സ്നേഹം നിറഞ്ഞ,  വഴക്കുകളില്ലാത്ത എത്രയോ നല്ല ലോകമാണെന്ന് അറിയാമോ?  ഇപ്പറഞ്ഞതെല്ലാംഎനിക്ക്  എത്ര വലിയ മരീചിക ആയിരുന്നെന്നറിയാമോ..  നിങ്ങളിലൂടെയാണ് ഞാൻ അതെല്ലാം കണ്ടെത്തിയിരുന്നത്,  അത്ഭുതലോകത്തെ ആലീസിനെ പോലെ അതെല്ലാം അറിഞ്ഞിരുന്നത്!

 വാക്കുകൾക്കതീതമായി നിൽക്കുകയാണ് നിങ്ങളോടുള്ള സ്നേഹം.. എത്ര പറഞ്ഞിട്ടും തീരുന്നില്ലല്ലോ...
എന്റെ ജീവിതത്തിലെ എല്ലാ വഴിത്തിരിവുകളിലും അവരുണ്ടായിരുന്നു അവരുടെ വഴിത്തിരിവുകൾ ഞാനും!  അവരുടെ മക്കൾ എന്റേതായിരുന്നു എന്റേത് അവരുടേതും..
അതിന്നും തുടരുന്നു, ഞങ്ങളുടെ മക്കളിലൂടെ കൂടുതൽ ഉറപ്പോടെ തുടരുകയും ചെയ്യും..
മരിക്കുംവരെ എന്റെ ഒപ്പമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്ന അപൂർവം ചിലരെ ജീവിതത്തിൽ ഒള്ളൂ.. അതിൽ രണ്ടു പേരിവരാണ്. ഒരു വഴിയിലും അവർ പറയാതെ ഇറങ്ങി പോകില്ലെന്ന് എനിക്കുറപ്പുണ്ട്. ഏതെങ്കിലും സ്റ്റോപ്പിൽ ഇറങ്ങുന്നുണ്ടെങ്കിൽ അത് എന്റെയും കൂടെ കൈപിടിച്ച് ആയിരിക്കും എന്നുള്ള  ഉറപ്പെനിക്ക് തന്ന  രണ്ടുപേരാണ്. 

 സ്നേഹം കൊണ്ടെനിക്ക് കരച്ചിൽ നിർത്താനാകുന്നില്ലല്ലോ എന്റെ ഹൃദയമേ.💜