ഥാർ മരുഭൂമി തീപിടിപ്പിക്കുന്ന വേനൽക്കാലത്ത് മനുഷ്യൻ വരെ ഉണങ്ങി പോകാറുണ്ട്.എന്നിട്ടും ജാനദേസർ ഗ്രാമത്തിനും ഹിംഗോളക്കും ഇടക്കുള്ള ആ സ്ഥലത്ത് മാത്രം ഋതുക്കൾ നോക്കാതെ മരങ്ങൾ മനസ്സ് നിറയ്ക്കും വിധം, ഇറുകെ പൂക്കുകയും കായ്ക്കുകയും ചെയ്തു പോന്നു. ആ വളപ്പിനപ്പുറം മറ്റെല്ലാം ജ്വലിക്കുന്ന അഗ്നിയിലൂടെ കാണുന്ന കാഴ്ച പോലെ വിറച്ചും മങ്ങിയും പ്രതീക്ഷയറ്റതുമായി മരവിച്ചു കിടന്നു.
അതായിരുന്നു മേരിക്കുട്ടി സിസ്റ്ററുടെ പി എച്ച് സി.സിസ്റ്ററുടെ മിഴി മുന കൊണ്ടാണ് ഇലകൾ കാണാത്ത രീതിയിൽ , കാലം തെറ്റി അവ പൂക്കുന്നതും കായ്ക്കുന്നതും എന്ന് ആ രണ്ട് ഗ്രാമങ്ങളിലേയും മനുഷ്യർ അടക്കം പറഞ്ഞിരുന്നു. അത്രമേൽ മനോഹരങ്ങളായ കൂമ്പിയ വലിയ കണ്ണുകൾ തന്നെ ആയിരുന്നു അവരുടേത്. ഒറ്റനോട്ടത്തിൽ ഹൃദയങ്ങളെ പ്രണയത്താൽ പൊള്ളിക്കാൻ ശേഷിയുള്ള നോട്ടവും ആയിരുന്നു.
എല്ലാമാസവും വീടുകൾ സന്ദർശിക്കാനെത്തുമ്പോഴാകട്ടെ മദിരാശിക്കാരി കാലിപീലി എന്നൊരു ചെറു പുച്ഛം മുഖത്തൊട്ടിച്ച് രണ്ട് ഗ്രാമങ്ങളിലെയും ജനങ്ങൾ അവരുടെ ഉപദേശം സ്വീകരിച്ചു പോന്നു. നാട്ടിലെ പെണ്ണുങ്ങൾ ആകട്ടെ കാലിപീലിയുടെ പ്രണയം നീറി കിടക്കുന്ന നോട്ടത്തിൽ അവരവരുടെ പുരുഷന്മാർ പൂത്തുലയാതിരിക്കട്ടെ എന്നും പ്രാർത്ഥിച്ചിരുന്നു.
ഇതൊന്നും അറിയാതെയോ, അറിയാത്ത മട്ടിലോ കൂസലന്യേ മേരിക്കുട്ടി സിസ്റ്റർ മാർവാഡുകാരിയെ പോലെ, സാരി തലപ്പ് ഖൂംഘട്ടാക്കി തലയിൽ വലിച്ചിട്ട്, മനോഹരങ്ങളായ കണ്ണുകൾ മറച്ചു വെച്ചു. അവർ ഓരോ വീട്ടിലും കുത്തി വെപ്പ് എടുക്കേണ്ടതിനെ കുറിച്ച്, ഗർഭ ശുശ്രൂഷയെ കുറിച്ച്, ഗർഭനിരോധന മാർഗ്ഗങ്ങളെ കുറിച്ച് വൃഥാ വിശദീകരിച്ചു പോന്നു. ആ ഗ്രാമത്തിൽ ഇതിനെ കുറിച്ചെല്ലാം പറയാൻ സാധിക്കുന്ന ഏക വനിത എന്നും പറയ്യാം.
പണ്ട് മദിരാശിയിൽ നിന്നും മേരിക്കുട്ടി സിസ്റ്റർ ഗ്രാമത്തിലെ പി എച്ച് സി യിൽ ചാർജ്ജെടുക്കുമ്പോൾ ചെറുപ്പമായിരുന്നു. ഇരുണ്ട നിറത്തിൽ, കൂമ്പിയ കണ്ണുള്ള അവരെ ഗ്രാമത്തിലെ പുരുഷന്മാർ രഹസ്യമായി ആരാധിച്ചിരുന്നു. മേരിക്കുട്ടി സിസ്റ്ററുടെ കണ്ണൊന്ന് തുറന്നു കാണാൻ അവരിൽ പലരും അതിയായി ആഗ്രഹിച്ചിരുന്നു.
പി എച്ച് സി ക്ക് ചുറ്റും ഉള്ള മാവുകൾ നിറയെ കായ്ച മാങ്ങയിലേക്ക് നോക്കി, കൊതി കൊണ്ട് പതിവിലും വിടർന്ന കണ്ണുകൾ ആയിരുന്നു അന്ന്. തല മറ്യ്ക്കാൻ മറന്ന് സിസ്റ്റർ മുറ്റത്തേക്കിറങ്ങിയ ആ നിമിഷത്തിൽ ആയിരുന്നു ഭാനു സിംങ്ങ് അവരുടെ വിടർന്ന കണ്ണുകൾ കണ്ടത്. പിന്നീട് കുറേ കാലത്തേക്ക് മറ്റൊരു കണ്ണിനേയോ കാഴ്ചകളെയോ അയാൾ കണ്ടില്ലെന്ന് പറയുന്നതായിരിക്കണം ശരി.
പ്രണയച്ചൂടിൽ മാർവാഡ് കരിഞ്ഞു നിൽക്കുന്ന വേനലിൽ ആയിരുന്നു ഭാനുസിംങ്ങിന്റെ അമ്മ ഭവർ കൌർ മാർവാഡിയിൽ ചീത്ത വാക്കുകൾ ഉച്ചരിച്ചു കൊണ്ട് മേരിക്കുട്ടി സിസ്റ്ററിനെ പരസ്യമായി അടിച്ചു വീഴ്ത്തിയത്.ഒത്തൊരാണിന്റെ വലുപ്പമുള്ള അവരോടും അവരുടെ ശബ്ദത്തോടും പേടിച്ചോടുക മാത്രമേ, മേരിക്കുട്ടി സിസ്റ്ററിന് വഴിയുണ്ടായിരുന്നൊള്ളൂ.
മൂന്നാം നാൾ പ്രണയം ഉയിർത്തെഴുനേൽപ്പിച്ച സിസ്റ്റർ ജോദ്പൂർ നിന്നും ബസിന് മുകളിലേറി ഭാനുസിംങ്ങിന്റെ കയ്യ് പിടിച്ച് ഗ്രാമത്തിലിറങ്ങി. വേവുന്ന പകലിനെ വെല്ലുവിളിച്ച് അവർ രണ്ടും പിച്ച് സി ലക്ഷ്യമാക്കി നടന്നു പോയി.
മുറ്റത്തെ ആൽമരചുവട്ടിലെ ചാർപൈറിൽ സ്വസ്ഥതയോടെ, സാമധാനത്തോടെ ഭവർ കൌർ ഉറങ്ങിയതും ആ ദിവസം തന്നെയായിരുന്നു. ഉരുളിന്റെ ചങ്ങലപ്പൂട്ടിൽ പെടുത്തി മദിരാശിക്കാരിയുടെ പ്രാണനെടുക്കാൻ അഞ്ചംഗസംഘം പോയത് കൊണ്ടായിരുന്നു അവരുടെ സമാധാനം. ഭാനു സിംങ്ങിന്റെ അച്ഛൻ ഭവാനി സിംങ്ങ്, അമ്മാവൻ, അമ്മാവന്റെ മകൻ, ഭാനു സിങ്ങിന്റെ രണ്ട് അനിയന്മാർ കൂടി സിസ്റ്ററിനെ കടിച്ചു കുടഞ്ഞ് , അർദ്ധപ്രാണയാക്കി വിട്ടു.
മാസത്തിലൊരിക്കൽ മലയാളം പത്രങ്ങളും, വാരികകളും സിസ്റ്റർക്ക് എത്തിച്ചു കൊടുക്കുന്ന, ഗ്രാമമുഖ്യന്റെ മകനായ ടിടിആർ ഗഹ്‌ലോത്ത് ആണ് മരണത്തിൽ നിന്നും സിസ്റ്ററിന്റെ കയ്യ് പിടിച്ചുയർത്തിയത്. അവർ ബോധത്തിന്റെ പാതയിലേക്ക് കടക്കുന്നതിന് മുൻപേ ബലാത്സംഗ വാർത്ത നാടുകളേറെ കടന്ന് മദിരാശി അഥവാ കേരളത്തിൽ എത്തിയിരുന്നു. മലയാളി നേഴ്സുമാരെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മലയാളി നേഴ്സുമാർ സമരം നടത്തിയെങ്കിലും പ്രത്യേകിച്ചു ഫലം ഒന്നുമുണ്ടായില്ല.
ഒരായുസ്സ് മുഴുവൻ താങ്ങി കൊണ്ട് നടക്കേണ്ട ‘മാനം’ കളഞ്ഞു കുളിച്ച സിസ്റ്ററിനെ നാട്ടിൽ കടത്താൻ ആകില്ലന്ന് രണ്ട് ഗ്രാമത്തിലേയും മുഖ്യന്മാരും ജനങ്ങളും പ്രഖ്യാപിച്ചിരുന്നു. ഉറ്റപ്പെടൽ കൊണ്ട് ഉശിരു കൂടിയ സിസ്റ്റർ ഗ്രാമത്തിലേക്ക് തന്നെ തിരിച്ചു. ഗ്രാമാതിർത്തി കടക്കും മുൻപേ മുഖ്യന്മാരും ഗ്രാമവാസികളുമവരെ തടഞ്ഞു വെച്ചു. ഉശിരു കൊണ്ട് മാത്രം അവരെ നേരിടാകാനാവാതെ സിസ്റ്റർ തിരിച്ചു പോയി.
പിന്നീടവർ വന്നത് രണ്ട് പോലീസുകാർക്ക് ഒപ്പമായിരുന്നു. ഗ്രാമമുഖ്യനും , സിംങ്ങ് കുടുംബത്തിനും ഒപ്പം കള്ളു കുടിച്ചു കൊണ്ടിരിക്കുന്ന പോലീസുകാർ നോക്കി നിൽക്കേ ഗ്രാമവാസികൾ പി എച്ച് സി ക്ക് തീയിട്ടു. മാറ്റി ഉടുക്കാൻ ഉടുപുടവകൾ ഇല്ലാതെ, കരിഞ്ഞു പോയ പൂക്കളിലും കായ്കളിലും നീണ്ടു നിവർന്ന മിഴികൾ അർപ്പിച്ച്, മരങ്ങൾക്ക് താഴെ സിസ്റ്റർ മുട്ടുക്കുത്തി നിന്നു.. തീ പ്രണയം പോലെ ആളിക്കത്തുകയും , പിന്നീട് അണയുകയും ചെയ്തു.
അന്ന് വൈകീട്ട് നാട്ടിലെത്തിയ ടി ടി ആർ ഗഹ്‌ലോത്ത് ആണ് സിസ്റ്ററിനോട് ആ കാര്യം പറഞ്ഞത്. ഇന്നാട്ടിൽ പോലിസിന് ഒന്നും ചെയ്യാനാകില്ല, പോയി മഹാരാജാവിനെ കണ്ടാൽ പരിഹാരം കിട്ടുമെന്ന്.. നഗരത്തിലെ രാജാവിന്റെ കൊട്ടാരത്തിലേക്ക് കാലിപീലികൾ ആയ നിരവധി സിസ്റ്റർമാർ ഒന്നിച്ചായിരുന്നു പോയത്, അവരൊന്നിച്ച് രാജാവിന്റെ കാൽക്കൽ കണ്ണീരോടെ വീണു.
സ്വർണ്ണക്കോളാമ്പിയേന്തിയ എം ബി എ ക്കാരൻ അസിസ്റ്റന്റുമൊത്ത്, സ്വർണം കെട്ടിയ ജൂത്തയും , ഷെർവാണിയുമണിഞ്ഞ് പി എച്ച് സിയിൽ എത്തിയ രാജാവിന്റെ കാൽ തൊട്ട് വണങ്ങാൻ ആൺപ്രജകൾ മാല പോലെ നിലത്ത് കിടന്നു. മുഖം മറച്ച് സ്ത്രീകൾ ഷാമിയാന കൊണ്ട് കെട്ടി മറച്ചതിനുള്ളിൽ അടങ്ങി ഇരുന്നു. രാജാവ് മേരികുട്ടി സിസ്റ്ററിനെ കുറിച്ച് പറയാൻ ആരംഭിച്ചു. “പിച്ച് സിയും മേരിക്കുട്ടി സിസ്റ്ററും നമ്മുടേതാണ്.നമ്മുക്ക് വേണ്ടിയാണ് ഈ മരുഭൂമിയിലേക്ക് കേരളമെന്ന സുന്ദരമായ നാട്ടിൽ നിന്നും വന്നത്. ഞാനാണ് ഇവിടെ പീച്ച്സി വേണമെന്ന് സർക്കാരിനെ നിർബന്ധിച്ചത്, അതായത് ഇതെല്ലാം എന്റേതാണ്. എന്റേത് നിങ്ങൾ എങ്ങനെ ആണോ നോക്കേണ്ടത് അതു പോലെ നിങ്ങൾ സിസ്റ്ററെ നോക്കിക്കൊള്ളണം. ഇന്ന് തന്നെ സിസ്റ്ററിന്റെ കാര്യത്തിൽ തീരുമാനം ആയിരിക്കണം”
ഗ്രാമവാസികളുടെ കണ്ണിൽ ആനന്ദാശ്രു പൊഴിഞ്ഞു.രാജാവിനെ പ്രകീർത്തിച്ച് അവർ പാട്ടുകൾ പാടി, കൈകൊട്ടി.
അന്ന് തന്നെ ഗ്രാമമുഖ്യൻ, ഭാനുസിംങ്ങിന്റെ അച്ഛൻ ഭവാനി സിംങ്ങിനോടും കുടുബത്തിനോടും എന്താണ് പ്രതിവിധി എന്ന് പഞ്ചായത്ത് കൂടി അന്വേഷിച്ചു. ഗ്രാമവാസികൾ ഏവരും കാതുകൂർപ്പിച്ച് ശ്വാസം പിടിച്ചിരുന്നു. സിസ്റ്ററിനെ വിവാഹം കഴിച്ച് കുടുംബത്തിലേക്ക് കൂട്ടാൻ തീരുമാനിച്ച വിവരം ഭവാനി സിംങ്ങ് അഭിമാനപൂർവ്വം അറിയിച്ചു.ജനങ്ങൾ ആവേശത്തോടെ കയ്യടിച്ചു. ഭാനു സിങ്ങിന്റെ അച്ഛനായ ഭവാനി സിങ്ങും , അമ്മാവൻ ഡൂംങ്കർ സിംങ്ങും വരന്മാർ ആകാൻ തയ്യാറായി. അവരിൽ ആരെ വേണമെന്ന് സിസ്റ്ററിന് തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഗ്രാമമുഖ്യൻ സന്തോഷത്തോടെ സിസ്റ്ററെ അറിയിച്ചു.
സാരിതലപ്പിൽ മറച്ചു വെച്ചിരുന്ന മുഖം പൊടുന്നനെ പുറത്തേക്കിട്ട് സിസ്റ്റർ, വിവാഹം കഴിക്കാൻ വെമ്പി നിൽക്കുന്ന വൃദ്ധന്മാരെ എരിയുന്ന നോട്ടം നോക്കി. പിന്നെ മുറിഞ്ഞ ഹിന്ദിയിൽ , ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “അവരുടെ കഴിവുകൾ ഞാൻ അനുഭവിച്ചതാണല്ലോ, ആ കുടുംബത്തിൽ ഞാൻ രുചി നോക്കാത്ത ഒരാൾ കൂടെ ബാക്കി ഉണ്ട്, ഭാനു സിംങ്ങ്, എനിക്ക് അവനെ കെട്ടിയാൽ മതി”
മേരിക്കുട്ടി സിസ്റ്ററുടെ വിടർന്ന കണ്ണുകളിലെ ആഴങ്ങളിലേക്ക് നോക്കി തന്നെ ഭാനുസിംങ്ങ് ഒരു ഉറച്ച നഹി പറഞ്ഞ് , കുനിഞ്ഞ ശിരസ്സോടെ സദസ്സ് വിട്ടു. ആളുകളുടെ പരിഹാസചിരികളുടെ മുകളിലൂടെ വായിൽ കനത്ത തുപ്പൽ ഭവർ കൌറിന്റെ മുഖത്തിട്ട് മേരിക്കുട്ടി സിസ്റ്റർ സ്വർണ്ണമണൽ ചവുട്ടി അരച്ച് മുന്നോട്ട് നടന്നു. അവരുടെ കാലടികളിൽ ആയിരം സ്ത്രീകളുടെ അഭിമാനം വസന്തം വിരിച്ചു. അന്നു മുതലാണ് അവരുടെ വളപ്പിൽ മാത്രം ഋതുക്കൾ നോക്കാതെ മരങ്ങൾ പൂക്കാനും കായ്ക്കാനും തുടങ്ങിയത്.