Tuesday 26 April 2022

രണ്ട് രാത്രികൾ




രാത്രികളെ മനോഹരമാക്കിയ ഓർമ്മകളല്ല എഴുതുന്നത്. ഇന്നും വേദനകളെ ഓർമിപ്പിക്കുന്ന, അതിലേക്ക് എന്നേ തള്ളി വലിച്ചെറിയുന്ന ഓർമ്മകൾ അതാണിത്. മറക്കാൻ പറയുന്ന മര്യാദാജനങ്ങൾക്ക് അറിയുമോ ഇപ്പോഴും എന്നേ പേടിപ്പിക്കുന്ന ഈവേദനകൾക്ക് ഉയർന്നു വരാൻ ഒരു സിനിമാ കാഴ്ചയോ ഒരു ഇൻസ്റ്റാ റീലോ മതിയെന്ന്


ഒന്നാം രാത്രി


 കുട്ടിക്ക്  എന്നും അപ്പൂപ്പൻ കഥ  പറഞ്ഞു കൊടുക്കുമായിരുന്നു. ആർക്കും ഉപദ്രവം ചെയ്യാത്തൊരു ആ ആത്മാവ് പേരകുട്ടികളെ സ്നേഹിച്ചിരുന്നു. ആ കഥകളിൽ മുഴുവനും ദയാലുകളായ ജിന്നുകൾ ഉണ്ടായിരുന്നത് കൊണ്ട് കുട്ടിക്ക് ജിന്നുകളെ വലിയ ഇഷ്ടമായിരുന്നു.

ജിന്നുകൾ ഭൂമിയിൽ പത്തുവർഷത്തിലൊരിക്കൽ രാത്രിയുടെ ഏതോ  യാമങ്ങളിൽ വരുമെന്നും ഇവിടം അവരുടേതാക്കുമെന്നും അവിടെ കച്ചവടം നടത്തുമെന്നും കുട്ടിക്ക് അറിയാമായിരുന്നു. ഭാഗ്യമുള്ള ഒരു പാട് ദാരിദ്രർ അവരുടെ കരുണ അറിഞ്ഞിട്ടുണ്ടത്രേ.

അത് കൊണ്ടായിരിക്കണം 

എട്ട് വയസ്സുകാരി ഉറക്കത്തിൽ ജിന്നിനെ സ്വപ്നം കണ്ടത്.. കുറച്ചു കശുവണ്ടി വിൽക്കാൻ ജിന്നുകളുടെ അടുത്ത് പോയ അവൾക്ക് കശുവണ്ടിയോളം പൊന്ന് തന്ന ജിന്നുകളെ നോക്കി അവൾ ഉറക്കത്തിൽ ചിരിക്കുകയായിരുന്നിരിക്കണം

അമ്മേ കൊറേ കാശു കിട്ടിയെന്ന് കുട്ടി ആവേശം പൂണ്ട് കണ്ണ് തുറന്നത് അമ്മയുടെ ഉണർവ്വിലേക്കായിരുന്നു.

അമ്മ തുറന്നു വെച്ച ചെറ്റ വാതിലൂടെ കടന്നു വരുന്ന നിലാ വെളിച്ചത്തിൽ ഒരു സാരിക്ക് മുകളിലൂടെ രണ്ടാമതൊരു സാരി കൂടെ മുറുക്കി ഉടുക്കുകയായിരുന്നു.

ഉറക്കത്തിലാണോ സ്വപ്നത്തിലാണോ എന്ന് കുട്ടി മനസ്സിലാക്കും മുൻപേ അമ്മ കുഞ്ഞുങ്ങളുടെ കാലിൽ മുത്തി, മുറ്റത്തേക്ക്  നിലവിളിക്കുന്നൊരു കാറ്റായി നീങ്ങി.

ഉറക്കം തളർത്തിയ ശരീരത്തെ വലിച്ചെടുത്ത് കുട്ടി പിടഞ്ഞോടി ചെന്ന് അമ്മയെ വട്ടം പിടിച്ചു.എട്ടു വയസിന്റെ കരുത്തിനെ അമ്മ പറിച്ചെടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു.

കുട്ടി വിട്ടില്ല.

മൂന്നാം പക്കം തിരിച്ചു തരാൻ കടലിനോടിരക്കാൻ, അതിന് കാത്തിരിക്കാൻ അവൾക്ക് മനസ്സില്ലായിരുന്നു. അമ്മ അവൾക്കൊന്നല്ലെയൊള്ളൂ


കുട്ടി പാഞ്ഞു ചെന്ന് അമ്മയുടെ മുറുക്കി കെട്ടിയ സാരികുത്തിൽ പിടികൂടി.

മൂന്നാം പക്കം കരക്കടിയുമ്പോൾ ദേഹം കാണാതിരിക്കാൻ അമ്മ ഉണ്ടാക്കിയ കുരുക്ക്.. അതിൽ , കൈ മുറുക്കിയ കയ്യിനേ അഴിക്കാനായവർ കുട്ടിയെ ആഞ്ഞാഞ്ഞടിച്ചു.

തോറ്റു പോകുമെന്ന് തോന്നിയ നിമിഷത്തിൽ കുട്ടി  രാത്രിയെ നെടുകെ കീറിയൊരു നിലവിളിയിലൂടെ ആ ഗ്രാമത്തേ മുഴുവൻ നടുക്കി.

അമ്മയെ ഞാൻ നോക്കിക്കൊള്ളാമെന്ന് അലറി അലറി കരഞ്ഞു.

ചുറ്റും കൂടിയവർ എല്ലാവരും അമ്മയെ ആ നരകത്തിലേക്ക് വീണ്ടും കുട്ടിയുടെ ധൈര്യത്തിൽ കയറ്റി വിട്ടു.

പിറ്റേ ദിവസം വിമല ടീച്ചർ ക്ലാസ്സിൽ പാഠഭാഗം വായിക്കാൻ പറഞ്ഞപ്പോൾ ശബ്ദമില്ലാതെ നിന്ന കുഞ്ഞിനെ ചേർത്ത് പിടിച്ചു. പിന്നെ ഒന്നുമില്ലാതെ അയഞ്ഞു കിടക്കുന്ന കുഞ്ഞി വയറിനു ഒരു ഗ്ലാസ്സ് പാലുംവെള്ളവും നേന്ത്ര പഴവും  വാങ്ങി തന്നു.


 രണ്ടാം രാത്രി

അന്ന് അമ്മ അധികം അടി കിട്ടും മുൻപേ, അച്ഛന്റെ കൈ തലമുടിയിൽ നിന്ന് അയഞ്ഞൊരു നിമിഷത്തിൽ കാട്ടു മുയലിന്റെ  വേഗത്തിൽ ഇരുട്ടിലലിഞ്ഞു. അച്ഛമ്മ നിരാശയോടെ അച്ഛന്റെ നോക്കി പറഞ്ഞു, പെങ്കോന്തൻ..

ഓലപ്പഴുതിലൂടെ  നോക്കി നിന്നിരുന്ന കുട്ടിയും സഹോദരങ്ങളും ആശ്വാസത്തോടെ പരസ്പരം ചിരിച്ചു.

രാത്രി പതുക്കെ കനത്തു,  

ഇരയെ കാത്തിരുന്ന വേട്ടക്കാരൻ മടുത്തു ഉറക്കം തുടങ്ങിയിരുന്നു.

കുട്ടിയുടെ അനിയന്മാരും.


പറമ്പിൽ കുറുക്കന്റെയും പലതരം ജീവികളുടെയും ഏങ്ങലുകൾ, ഈണത്തിലുള്ള നിലവിളികൾ... എവിടെയോ കൂമന്റെ ശബ്ദം അപ്പോഴും കുട്ടി തിരിച്ചറിഞ്ഞു. മരണം അടുക്കുമ്പോഴാണ് കൂമൻ കൂകുക  എന്ന് അപ്പൂപ്പൻ പറഞ്ഞോർത്തു. കുട്ടിയുടെ മനസ്സിൽ ഭയത്തിന്റെ വാളുകൾ  അമ്മയെ ഓർത്തു തുളച്ചു കയറി, ഉറങ്ങാനാവാതെ കുട്ടി പുറത്തേക്കിറങ്ങി.


പാതിരാ നിലാവുദിച്ചു തുടങ്ങുന്നു.കയ്യിൽ മണ്ണെണ്ണ വിളക്കും പിടിച്ച് പറമ്പിലേക്കിറങ്ങി.

ഇരുട്ടും നിലാവും ചേർന്ന് പല രൂപങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.ഭൂതപ്രേതപ്പേടികൾ പതുക്കെ  ഓർമ്മയിൽ വന്നു.

 കുട്ടിക്ക് തിരിച്ചു പോയാൽ മതിയെന്നായി. അമ്മയെ വല്ല പാമ്പും കടിച്ചാലോ, അല്ലെങ്കിൽ അമ്മ സ്വയം മരിച്ചിരിക്കുമോ എന്ന ചിന്ത ആ ഭയത്തിനും മുകളിൽ സ്ഥാനം പിടിച്ചു.

കുട്ടി ആഞ്ഞു നടന്നു, അടക്കിയ ശബ്ദത്തിൽ അമ്മാ, അമ്മാ ന്ന് വിളിച്ചു.

കുട്ടിയുടെ കാലിനരികിലൂടെ  ഒരു വലിയ ചേര ജീവനും കൊണ്ട് പിടഞ്ഞോടി.

മോളെ എന്ന അടക്കിയ മറുവിളി കേട്ട് നോക്കുമ്പോൾ കൊട്ടകാടിന്റെ നിഴലിൽ അമ്മയേത് നിഴലതെന്ന് അറിയാത്ത പോലെ അമ്മയിരിക്കുന്നു. 

കുട്ടി ഓടിച്ചെന്നു, വിളക്കിന്റെ നാളം  ഉലഞ്ഞു. അമ്മ കൈനീട്ടി വിളക്കിന്റെ തിരിയിൽ പിടിച്ചു കെടുത്തി.


 രാത്രിയിൽ വെളിച്ചവും കൊണ്ടിറങ്ങുന്നത് നല്ലതല്ലെന്ന് പറഞ്ഞു. ഇരുട്ടത്ത് പേടിയാവൂലെ എന്ന ചോദ്യത്തിന് അമ്മ ചിരിച്ചു, ഇരുട്ടിൽ നമ്മളെ ആരാ കാണാ, കാണാത്തോണ്ട് ആരും ഉപദ്രവിക്കില്ലല്ലോ..

കുട്ടി അപ്പോഴാണ് അത് ചിന്തിച്ചത്. കുട്ടിയും അമ്മയെ പോലെ കൊട്ടക്കാടിന്റെ  നിഴലുമായി താദാത്മ്യം പ്രാപിച്ചു. അച്ഛനുറങ്ങിയോ എന്നു ചോദിച്ചതിന് ഉത്തരം പറയും മുൻപേ, 

പെട്ടെന്നമ്മ കുട്ടിയെ വട്ടം പിടിച്ച് വാ പൊത്തി പിടിച്ച് ചെവിയിൽ പറഞ്ഞു ആരോ വരുന്നുണ്ട്, മിണ്ടരുത്, അനങ്ങാതെ,പേടിക്കാതെ ഇരിക്കണം

കുട്ടി അതിനു  മറുപടി പറയാൻ  പോലും പേടിച്ച് ശിലാരൂപിയായി. 


 ഭൂമിയിൽ ഒരു കനത്ത ആഘാതമേൽപ്പിക്കുന്ന ആരുടെയോ കാലൊച്ച വലിയ ശബ്ദമില്ലാതെ അടുത്തെത്തുന്നത് കുട്ടി അനുഭവിച്ചു. എണ്ണ തേച്ചു, രാത്രിക്ക് ചേരുന്ന ഏതോ കളർ തുണി കൊണ്ട് തറ്റുടുത്ത, പുറത്ത് ഒരു ചാക്കിൽ എന്തൊക്കയോ തൂക്കി, നല്ല ആരോഗ്യമുള്ള ദേശത്തിന്റെ കള്ളൻ അമ്മയ്ക്കും കുട്ടിക്കും കാണാവുന്ന ദൂരത്തിലൂടെ ഓടി പോയി.

അമ്മ കള്ളന്റെ പേര് മന്ത്രിച്ചു.

ഇരുട്ടിൽ കക്കാനിറങ്ങി, നിലാവ് തെളിയുമ്പോഴേക്കും വീട്ടിലെത്തുന്ന ശീലമുള്ള ആ കള്ളനെ കുട്ടി പിന്നീട് സ്‌കൂളിലേക്ക് നടന്നു പോകുമ്പോൾ എന്നും കാണാറുണ്ട്.

ഇരുട്ടിനിത്ര സുരക്ഷയുണ്ടെന്നും, ഇരുട്ടിൽ കാണാനെത്ര കാഴ്ചയുണ്ടെന്നും കുട്ടി തിരിച്ചറിഞ്ഞതും രാത്രികളെ സ്നേഹിച്ചു തുടങ്ങിയതും അപ്പോഴാണ്