Saturday 13 June 2020

ജാർഗൻതലനിറച്ച്  ബുദ്ധി ഉണ്ടെന്ന അറിവിൽ അല്പമൊന്നഹങ്കരിച്ച്, അത് കൂടെയുള്ള ഏവർക്കും മനസ്സിലാക്കി കൊടുക്കണമെന്ന വാശിയോടെ, ബുദ്ധിയുടെ ആഴങ്ങളിൽ നിന്നും കണ്ടെടുത്ത പദങ്ങൾ കൊണ്ടാലങ്കരിച്ചായിരുന്നു അവളുടെ സുഹൃത്ത് സംസാരിച്ചിരുന്നത്. ചെറുപ്പത്തിന്റെ വിവരമില്ലായ്മയിൽ അവളാ ഭാഷാധൂർത്തിൽ അലിഞ്ഞു പോകുമായിരുന്നു, പിന്നെ ആ വാക്കുകളുടെ ശടാ ശടാ ശബ്ദത്തിന്റെ അലയൊലികൾ ആസ്വദിച്ചിരുന്നു. പലപ്പോഴും തുടങ്ങിയതെവിടെയാണെന്ന് അവൾക്ക് ഓർത്തെടുക്കാനാവാത്ത  അത്രയും നീളമുള്ള വാചകങ്ങൾ ആയിരുന്നു അയാൾ പറഞ്ഞിരുന്നത്. അവൾ കേട്ടിട്ട് പോലുമില്ലാത്ത കടുപ്പം നിറഞ്ഞ വാക്കുകൾ ആയിരുന്നു അയാൾ ഉപയോഗിച്ചിരുന്നത്. അവൾക്ക് അതുണ്ടാക്കിയെടുക്കുന്ന, ഒരു തീവണ്ടിയുടെ ചാരുതയോടെ കൂട്ടി ചേർക്കുന്ന അയാളോട് കടുത്ത ആരാധന തോന്നാറുണ്ടായിരുന്നു. അവയിലൊന്നും അവൾക്ക് പ്രണയം ദർശിക്കാനോ, മണക്കാനോ തോന്നിയിട്ടേ ഇല്ലായിരുന്നു.
പ്രണയിക്കാൻ അവൾക്ക് വക്രതയില്ലാത്ത, ഇറ്റിറ്റു വീഴുന്ന തെളിഞ്ഞ വെള്ളം പോലെ എളിമയാർന്ന, കരുണയുള്ള വാക്കുകൾ ആയിരുന്നു ആവശ്യം. അവളുടെ കാമുകനാകട്ടെ  ആവശ്യത്തിന് വേണ്ട വാക്കുകൾ പോലും ഓർത്തെടുക്കേണ്ടിയിരുന്നു. അതാകട്ടെ പതിഞ്ഞ കാറ്റിൽ അപ്പൂപ്പൻ താടികൾ പറന്നു വന്ന് സ്നേഹത്തോടെ നിലം തൊടും പോലെയായിരുന്നു അവൾക്ക് മേൽ തൊട്ടുരുമ്മിയത്.അതിൽ മുഴുവൻ അവൾ പ്രണയത്തെ ദർശിച്ചു. അവ കരുണയോടെ അവളോട് സംവദിക്കുമ്പോൾ ഹൃദയം നെഞ്ചിടം വേദനിക്കും വിധം തുടിച്ചു ചാടി.. അടങ്ങെന്റെ ഹൃദയമേ എന്നു പറഞ്ഞിട്ടും അതയാൾക്ക് മുൻപിൽ ഒരു നാണവും കൂടാതെ വെളിപ്പെട്ടു.

അവനൊപ്പം ഇറങ്ങി തിരിക്കുമ്പോൾ ആദ്യം ചുളിഞ്ഞത് സുഹൃത്തിന്റെ മുഖമായിരുന്നു. അന്നാദ്യമായി കടിച്ചാൽ പൊട്ടാത്ത പദപ്രയോഗങ്ങൾ ഒന്നുമില്ലാതെ സുഹൃത്ത് അവളെ ഉപദേശിച്ചു, ഏതൊരു ഉപദേശിയെയും പോലെ " ഇതല്ല, നിനക്ക് ചേരാത്ത ആളാ, നിറച്ചും ശബ്ദമുണ്ടാക്കുന്ന ഒരാൾ ആയിരുന്നു നിനക്ക് വേണ്ടിയിരുന്നത്"

അവളാദ്യമായി ചുറ്റുമുള്ളവരുടെ വിലാപങ്ങളിലേക്ക് ഇറങ്ങി ചെന്ന സമയത്തായിരുന്നു നിസ്സംഗതയോടെ നിന്നിരുന്ന കാമുകനെ ആദ്യമായി കണ്ടെത്തിയത്. നിസ്സംഗതയിലെ ഹൃദയത്തെ ചൂണ്ടു വിരൽ കൊണ്ട് കുത്തി പുറത്തെടുത്തവൾ അയാളെ ഓർമ്മിപ്പിച്ചു " അതാ നോക്ക് നിന്റെ ഹൃദയം ആ വിലാപങ്ങൾക്ക് കരയുന്നത് കണ്ടോ"

അസ്വസ്ഥതയുടെ വേലിയേറ്റങ്ങൾ അയാളിൽ ഉണ്ടാവുകയും അസഹ്യതയോടെ അതിനെ നിരാകരിക്കാൻ അയാൾ ശ്രമിച്ചെങ്കിലും.. പിന്നെ പതുക്കെ പതുക്കെ വിലപിക്കുന്നവരെ കരുണ നിറഞ്ഞ ഹൃദയത്തോടെ കാമുകൻ ചേർത്തു പിടിച്ചു.  എന്നിട്ടും കാലം പോകെ ചേർത്ത് പിടിക്കലിൽ നിസ്സംഗത പാറി വീഴുന്നത് അവൾ കാണുന്നുണ്ടായിരുന്നു. നീ അത് അറിയുന്നില്ലേ എന്ന അവളുടെ ചോദ്യത്തിന് കാമുകൻ അറിയുന്നുണ്ട്, ഞാനതിന്റെ കാരണം തിരക്കട്ടെ എന്ന് പറഞ്ഞു അവളിൽ ആശ്വാസം നിറച്ചു.

വിലാപങ്ങളുടെ കാരണവും ഉറവിടങ്ങളും തേടി അയാൾ പൊയ്കൊണ്ടിരുന്നു. തുടങ്ങിയാൽ അറ്റം കാണാത്ത പുസ്തകങ്ങളിൽ, വല നെയ്തു കൂട്ടി വെച്ച അറിവുകളിൽ അയാൾ എഴുന്നേൽക്കാനാകാത്ത വിധം  ഉരുണ്ടു വീണു കിടക്കുന്നത് കണ്ടവൾ  വ്രണപ്പെട്ടു.

പരസ്‌പരം കാണുമ്പോഴെല്ലാം കാമുകൻ കട്ടിയുള്ള പദങ്ങൾ കൂട്ടി വെച്ച് തിയറികൾ പറഞ്ഞു തുടങ്ങി.. ദാരിദ്യത്തിന്റെ, സഹനത്തിന്റെ, ദുഃഖത്തിന്റെ  തിയറികൾ.. ആ വാക്കുകളുടെ ശബ്ദത്തിൽ ആത്മരതി പൂണ്ട, അയാളെ കണ്ട് അവൾ വഴിമറന്ന കടൽ പക്ഷിയെ പോലെ പ്രാണൻ തല്ലി.

അവളുടെ ചോദ്യങ്ങളെ 'അറിവില്യായ്മ'  എന്ന് പേരിട്ടു. ഇതാണ് ജാർഗൻസ്, ഇത്തരം പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ ഇല്ലന്ന് ആണയിട്ടു.അത് മനസ്സിലാകാത്ത ജനങ്ങളെ അയാൾ വിവരമില്ലാത്തവർ എന്ന് വിശേഷിപ്പിച്ചു ചിരിച്ചു.

അപ്പൂപ്പൻ താടികൾ വളക്കൂറുള്ള മണ്ണിൽ വീണ് മുളച്ചു പൊങ്ങി ആകാശത്തേക്ക് പൊങ്ങി കരിഞ്ഞു തുടങ്ങിയെന്ന് തോന്നിയ സന്ധ്യയിൽ, എവിടെ നിന്നെന്നറിയാതെയാണ് അവളുടെ സുഹൃത്ത് കാമുകനെ തേടി വരാൻ തുടങ്ങിയത്.

അവർ രണ്ട് പേരും ജെ സി ബി കൊണ്ട് കൽക്ഷ്ണങ്ങൾ ചൊരിയും പോലെ അവളുടെ ഇടം ജാർഗൻ കൊണ്ട് നിറച്ചു.  അവളാകട്ടെ  അവിടം   മുഴുവൻ വിലാപം കൊണ്ട് നിറച്ചു. വിലപിക്കുന്നവർക്ക് മുൻപിൽ ജാർഗൻ വിളമ്പുന്നവർക്ക് മുൻപിൽ വിലാപം കൊണ്ട് കടൽ തീർത്തതറിയാതെ  അവരപ്പോഴും പറഞ്ഞു കൊണ്ടിരുന്നു.

10 comments:

Soorya Mohan said...

വിലപിക്കുന്നവർക്കു മുന്നിൽ ജാർഗൻ വിളമ്പുന്നവർ... ചവിട്ടിനിൽക്കാൻ ഇത്തിരി മണ്ണിനു വിലപിക്കുമ്പോൾ പറക്കാൻ ആകാശം വച്ചു നീട്ടുന്നവർ ... മരുഭൂമിയിൽ ദാഹിച്ചലയുന്നവന് ഇരമ്പുന്ന കടലിന്റെ ഉപ്പുവെള്ളം ഒഴിച്ചുകൊടുക്കുന്നവർ...രക്തം മണക്കുന്ന സ്നേഹത്തെപ്പറ്റി ചോദിക്കുമ്പോൾ രക്തരൂക്ഷിത വിപ്ലവത്തെപ്പറ്റി പറയുന്നവർ! സത്യമാണ്.. അങ്ങനെയും ചിലർ.. ജാർഗൻ! എന്തു മനോഹരമായ ആശയം ചേച്ചി ❤️❤️❤️

രാജേശ്വരി said...

വല്ലാത്തൊരു അവസ്ഥയാണത്. കമ്മ്യൂണിക്കേഷൻ ശരിയാവാതെ വരിക, ഒരാളുടെ ചോദ്യങ്ങൾ, അപ്പുറത്തുള്ള പ്രിയപ്പെട്ടവനോ പ്രിയപ്പെട്ടവൾക്കോ ബാലിശമായി തോന്നുക, മുൻപ് നിലവിലുണ്ടായിരുന്ന മനസ്സിലാക്കലിന്റെ പൊതു ഭാഷ നഷ്ടമാവുക. വായിച്ചു വന്നപ്പോൾ എവിടെയോ കൊണ്ടു. വേറിട്ട എഴുത്ത് 👌

Unknown said...

Beautiful ly written

Unknown said...

എത്രയോ ആഴമേറിയ വീക്ഷണം ..ഇത്തരക്കാരെ മനസിലാകുന്നത് അനുഭവത്തിലൂടെ മാത്രം ...ശക്തമായ ഭാഷയിൽ എഴുതിയിരിക്കുന്ന്നു ..എന്റെ പ്രിയ കൂട്ടുകാരി ..

Unknown said...

Unknown13.6.20
എത്രയോ ആഴമേറിയ വീക്ഷണം ..ഇത്തരക്കാരെ മനസിലാകുന്നത് അനുഭവത്തിലൂടെ മാത്രം ...ശക്തമായ ഭാഷയിൽ എഴുതിയിരിക്കുന്ന്നു ..എന്റെ പ്രിയ കൂട്ടുകാരി ..

മാധവൻ said...

ചേച്ചീ ജാർഗൻ എന്ന വാക്ക് എനിക്ക് പുതിയതാണ്.അതുൾക്കൊള്ളുന്ന അവസ്ഥയെ പക്ഷെ എനിക്ക് പരിചയമുണ്ട്.ഒരക്ഷരം പോലും പറയാതെ ഒന്ന് ചേർത്ത് പിടിക്കേണ്ടത് മാത്രം ആവശ്യമായ സമയത്ത്,ഉള്ളം കയ്യിൽ കൈത്തലം വച്ച് മൃദുവായി ഒന്ന് ഒന്ന് അമർത്തേണ്ടത് മാത്രമുള്ളപ്പോൾ,ജീവിതത്തിന്റെ രസങ്ങളിൽ എന്ത് രസമാണ് ലേ എന്ന് ഒരുമിച്ചാവേണ്ടിടത്ത് ,ചേച്ചി എഴുതിയ ജാർഗൻ രണ്ടുപേർക്കിടയിലെ ഒരു കടലാകുന്നുണ്ട്,കപ്പൽ ച്ഛേദങ്ങളുടെ ഡെബ്രിസ് നിറയെ ഒഴുകി നടക്കുന്ന ഒരു ജാർഗൻ കടൽ.സ്നേഹം ചേച്ചീ.എഴുത്ത് കണ്ടെടുക്കുന്ന ആശയങ്ങളിൽ ജാർഗൻ അതിശയിപ്പിച്ചു.

Geetha said...

"ജാര്‍ഗൻ " ഈ വാക്ക് . സംസാരത്തിലെ ഭാഷ പരസ്പരം മനസ്സിലാകാതെ വരിക . എഴുത്ത് ഇഷ്ടമായി ശാരീ . നല്ല വീക്ഷണം .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു വ്യത്യസ്തമായ അവതരണം..രണ്ടു മനസ്സുകളെ..കാലങ്ങളെ വേർതിരിക്കുന്ന ഒരിടത്ത് എത്തിയ വിഹ്വലത..ഇഷ്ടപ്പെട്ടു.

Muralee Mukundan , ബിലാത്തിപട്ടണം said...

'പരസ്‌പരം കാണുമ്പോഴെല്ലാം കാമുകൻ കട്ടിയുള്ള പദങ്ങൾ കൂട്ടി വെച്ച് തിയറികൾ പറഞ്ഞു തുടങ്ങി.. ദാരിദ്യത്തിന്റെ, സഹനത്തിന്റെ, ദുഃഖത്തിന്റെ തിയറികൾ.. ആ വാക്കുകളുടെ ശബ്ദത്തിൽ ആത്മരതി പൂണ്ട, അയാളെ കണ്ട് അവൾ വഴിമറന്ന കടൽ പക്ഷിയെ പോലെ പ്രാണൻ തല്ലി.

അവളുടെ ചോദ്യങ്ങളെ 'അറിവില്യായ്മ' എന്ന് പേരിട്ടു. ഇതാണ് ജാർഗൻസ്, ഇത്തരം പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ ഇല്ലന്ന് ആണയിട്ടു.അത് മനസ്സിലാകാത്ത ജനങ്ങളെ അയാൾ വിവരമില്ലാത്തവർ എന്ന് വിശേഷിപ്പിച്ചു ചിരിച്ചു.'


ഒരു തരത്തിൽ മ്ളെല്ലം ജാർഗൻസ് വിഭാഗത്തിൽ പെടും ..ല്ലേ 

Anonymous said...

No Deposit Bonus Casino Sites With Free Spins - ChoEgocasino
With so many casinos boasting promotions that make it 1xbet very easy choegocasino to gamble online, you should not be 샌즈카지노 worried if you want to keep your money. These