Monday, 21 July 2008

കുറച്ചു ചോദ്യങ്ങള്‍ ???

കടപാട്‌: ഗൂഗിള്‍ ഇമേജ്

രണ്ടായിരത്തി മൂന്നിലെ വേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. എയിഡ്സ് കന്‍‌ഡ്രോള്‍ സൊസൈറ്റിയുടെ റിസോഴ്സ് പേഴ്സണ്‍ ആയി, ഇരുപ്പത്തി നാലു സ്കൂളിന്റെ ചാര്‍ജ്ജാണ് കിട്ടിയിരിക്കുന്നത്‌. ഒരു ബോധവല്‍‌ക്കരണ പരിപാടിയായ അതിന്റെ വിഷയം സെക്സ് എജുകേഷനും, വ്യക്തിത്വ വികസനവും ആണ്. ഞാന്‍ പെണ്‍‌കുട്ടികള്‍‌ക്ക് മാത്രമുള്ള ക്ലാസ്സുകള്‍‌ ആണ് തിരഞ്ഞെടുത്തത്. ഒരു ടീച്ചര്‍‌ ആയല്ല അവരുടെ അടുത്ത സുഹൃത്ത് തന്നെ ആയിരിക്കണം എന്ന് തീരുമാനിച്ചായിരുന്നു ഞാന്‍‌ ആ ജോലി ചെയ്യാന്‍‌ തീരുമാനിച്ചത്‌.

സാരി ഉടുത്തിറങ്ങുമ്പോള്‍‌ അമ്മ കളിയാക്കി “ ആ നല്ല ഗൌരവം തോന്നുന്നുണ്ട്‌ പക്ഷെ വായ തുറക്കല്ലേട്ടാ” അമ്മയെ കണ്ണുരുട്ടി കാണിച്ച് ഇറങ്ങുമ്പോള്‍‌ ഞാനറിഞ്ഞില്ല നിസ്സഹായതയുടെ നീര്‍തുളുമ്പുന്ന കുഞ്ഞു കണ്ണുകളെയാണ് കാണേണ്ടിവരിക എന്നു.

ടോട്ടോചാന്‍‌ വായിച്ചതിന്റെ ഭാഗമായുണ്ടായ ആദര്‍ശങ്ങളും, ചില്ലറ പൊടിക്കൈകളും, തമാശകളും ഒക്കെ ആയി കുട്ടികളില്‍ ഒരാളായി മാറാന്‍‌ എനിക്കെളുപ്പം കഴിഞ്ഞു. സ്ത്രീ- പുരുഷ ശാരീരിക വ്യത്യാസങ്ങളും, ലൈഗിക പീഢനങ്ങളും അവക്കെതിരെ എങ്ങിനെ പ്രതികരിക്കണം, പ്രതികരിക്കാതിരുന്നാല്‍‌ നമ്മുക്ക് തന്നെ നഷ്ടം എന്നെല്ലാം പഠിപ്പിക്കുമ്പോള്‍‌ ക്ലാസ്സില്‍‌ ചില കുട്ടികള്‍ തലചുറ്റി വീണു.
എങ്ങനെ അവര്‍‌ തലകറങ്ങാതിരിക്കും? സെക്സ് എന്താണന്നറിയാത്ത പ്രായത്തില്‍‌ സംരക്ഷിക്കപെടേണ്ടവരില്‍‌ നിന്നു തന്നെ സ്ഥിരമായി പീഢനത്തിനു ഇരയാകേണ്ടി വരുന്ന നിസ്സഹായാ‍യ ഒരു പെണ്‍‌കുട്ടി തലകറങ്ങാതെ എന്തു ചെയ്യാന്‍‌?
നൂറ് മുതല്‍‌ നൂറ്റിഅന്‍പത് കുട്ടികള്‍‌ ആണ് ഒരു ക്ലാസ്സില്‍ ഉണ്ടാവാറ്- അതില്‍‌ ഏറ്റവും കുറഞ്ഞത് പന്ത്രണ്ടു പേര്‍ എങ്കിലും സ്വന്തം പിതാവിനാലൊ, ,സഹോദരനാലോ, അമ്മാവനാലോ , അടുത്ത വീട്ടിലെ സുഹ്രുത്തുക്കളാലോ സ്ഥിരമായി ലൈഗിക പീഢനത്തിനു ഇരയാണ്.മിഠായി കൊടുത്തും, പുന്നാരിച്ചും, കൂടെ കളിച്ചും അവര്‍‌ കുട്ടികളെ മുതലാക്കുന്നു.
ഇതെന്നോട് തുറന്നു പറഞ്ഞവ മാത്രം, തുറന്ന് പറയാത്തവ എത്രയുണ്ടാകാം? എത്രെ നിസ്സഹായരാണു നമ്മുടെ കുട്ടികള്‍‌, ബസ്സില്‍‌ വച്ചുപദ്രവിക്കുന്ന ഒരാള്‍ക്കെതിരെ പ്രതികരിച്ചാല്‍‌ പ്രതിക്കൂട്ടിലാകുന്ന കേരളത്തിലവര്‍ എത്രത്തോളം ശക്തരാകും? ജനലിലൂടെ കാണുന്ന ചതുരാകാശവും, ഇത്തിരി നക്ഷത്രങ്ങളും...പിന്നെ കുറെ അരുതുകളും അവരെ തളര്‍ത്തുകയല്ലാതെ വളര്‍ത്തുകയില്ലല്ലോ... ഇരുപത്തിനാലു സ്കൂളുകളിലും അനുഭവം ഒന്നു തന്നെയായിരുന്നു.. അനുഭവസ്തരുടെ എണ്ണത്തില്‍‌ മാത്രം വ്യത്യാസം കാണാറുണ്ടു.

എടുത്തു പറയെണ്ട ഒരു അനുഭവം കൊണ്ടാണ് ഞാന്‍‌ ആ ജോലി വേണ്ടെന്ന് വെച്ചത്‌.ഈ പദ്ധതി ഒരു ബോധവല്‍ക്കരണ ക്ലാസ്സ് കൊണ്ടു അവസാനിക്കുന്നതായിരുന്നു.പക്ഷെ ഞങ്ങളില്‍‌ ചിലര്‍‌ കുട്ടികള്‍ക്ക് ഒരു സെന്‍‌ട്രല്‍‌ ഗവണ്മെന്റ് പദ്ധതി വഴി സഹായങ്ങള്‍‌ എത്തിച്ച് കൊടുത്തിരുന്നു. അങ്ങനെയാണ് ജയ( തല്‍ക്കാലം ഞാനവളെ അങ്ങിനെ വിളിക്കുന്നു) എന്റെ അടുത്തെത്തിയത്‌.

എന്റെ അമ്മയുടെ ഭാഷയില്‍‌ പറഞ്ഞാല്‍‌ ‘നല്ല പൂവന്‍പഴം പൊലെ ഐശ്വര്യമുള്ള കുട്ടി’. കരഞ്ഞു ചുവന്ന പൊലെ കവിളുകള്‍‌, കണ്ണുകള്‍‌ നിറച്ചും സങ്കടം. “ടീച്ചറെ എന്നെ രക്ഷിക്കാമോ?” എന്നായിരുന്നു എന്നെ കണ്ടപ്പോള്‍‌ ആദ്യം ചോദിച്ചത്‌ “ ഞാന്‍ ഉറങ്ങിയിട്ടേറെ നാളായി ടീച്ചറെ, അമ്മ ഉറങ്ങിയാല്‍‌ അച്ഛന്‍‌( രണ്ടാനച്ഛന്‍‌) എന്റെ റൂമില്‍ വന്ന് ശല്യപെടുത്തുകയാ” ബാക്കി പറയാനാകാതെ ജയ വാ വിട്ട് കരഞ്ഞു.

അമ്മയോടിക്കാര്യം പറഞ്ഞപ്പോള്‍‌ അവര്‍‌ അവളെ അടിച്ചെത്രെ!! സ്നേഹം കാണിക്കുന്ന അച്ഛനെ കുറിച്ച് അപവാദം പറഞ്ഞതിന് . ആ പെണ്‍‌ക്കുട്ടിക്ക് ലോകം കാണിക്കേണ്ട അമ്മ അവരുടെ ജീവിതം നഷ്ടപെടുമൊ എന്ന ഭീതിയിലായിരുന്നു.

ജയയെ സെന്‍‌ട്രല്‍‌ ഗവണ്‍‌മെന്റ് പദ്ധതിയിലേക്കു മാറ്റിതാമസ്സിപ്പിക്കാം എന്നു തീരുമാനമായപ്പോള്‍‌ ജയയുടെ അച്ഛന്‍‌ ആ കുട്ടിയെ ബലമായി എങ്ങോട്ടോ കൊണ്ട് പോയി. പക്ഷെ ജയയുടെ ഒരു ടീച്ചര്‍‌ ഇതു മുന്‍‌കൂട്ടി കണ്ടിരുന്നതിനാല്‍, ജയയെ അവര്‍‌ നിരീക്ഷിച്ചിരുന്നു. അവര്‍‌ അവള്‍‌ എവിടെയെന്നു കണ്ട് പിടിച്ച് പദ്ധതിയിലേക്ക് എത്തിച്ചു.

ഈ സംഭവങ്ങളെല്ലാം വളരെ രഹസ്യമായി ചെയ്യണമായിരുന്നു എന്നതായിരുന്നു അതിന്റെ എറ്റവും വലിയ റിസ്ക്.പുറത്തറിഞ്ഞാല്‍‌ എല്ലാവരും കുറ്റം ചുമത്തുക ആ കുട്ടിയെ ആകും, ചിലപ്പോള്‍‌ വിലയിടാന്‍‌ കാത്തു നില്‍ക്കുന്ന കഴുകന്മാര്‍‌ ഉണ്ടാകും....

പിന്നീട് ജയയെ കാണാന്‍ ഞാനൊരിക്കല്‍ ഈ പദ്ധതിയില്‍ ചെന്നു. ജയ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. “ ടീച്ചറേ എന്നെ ടീച്ചറുടെ കൂടെ കൊണ്ടോകാമൊ?” എന്നും ചോദിച്ച്.. ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്ന NGO ഒരു മതതിന്റെ സാമൂഹ്യസേവനത്തിനു വേണ്ടി ഉണ്ടാക്കിയതാണ്, അതു കൊണ്ട് ഇവിടെയുള്ള അന്തേവാസികള്‍‌ അവരുടെ മതാചാര-അനുഷ്ഠാനങ്ങള്‍‌ ചെയ്യേണ്ടതായി വരുന്നു. ഹിന്ദു മതത്തില്‍‌ ജനിച്ചു വളര്‍ന്ന ജയയടക്കം പല കുട്ടിക്കള്‍ക്കും അതു വീണ്ടും മാനസ്സിക വിഷമത്തിനു ഇടയാക്കി. അന്നു ജയയെ അടക്കി പിടിച്ച് ആശ്വസിപ്പികുമ്പോള്‍‌ ഞാന്‍‌ ഉള്ളില്‍‌ കരഞ്ഞു.
“ ഇല്ല കുഞ്ഞുങ്ങളെ നിങ്ങള്‍ക്കാര്‍ക്കും തരാന്‍‌ ഒന്നുമ്മില്ല എന്റെയീ ദുര്‍ബലമായ കൈക്കുള്ളില്‍..”

ഞാന്‍‌ ഈ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍‌ കേരളം മറ്റൊരു വാര്‍ത്ത കൊണ്ടാടുകയായിരുന്നു.ഒറ്റക്കു താമസ്സിക്കുന്ന ഒരു എഴുത്തുക്കാരിയുടെ (ശ്രീബാലയാണെന്നാണ് ഓര്‍മ്മ) ഫ്ലാറ്റില്‍‌ വന്നു പോകുന്ന പുരുഷന്മാരും അവെരെന്തിനു വരുന്നു, ആ എഴുത്ത് കാരിയുടെ സദാചാരം, ചാരിത്ര്യം ഇത്യാദി കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വിലക്കേര്‍പ്പെടുത്തിയ ഒരു ഹൌസിങ്ങ് കോളനിക്കാരെ കുറിച്ച്.. പത്രങ്ങളില്‍‌ വാര്‍ത്തകള്‍‌, ചര്‍ച്ചകള്‍‌, അഭിപ്രായങ്ങള്‍‌, വായിച്ചപ്പോള്‍‌, തമാശ തോന്നി. എന്റെ കൊച്ചു കേരളത്തിലെ കപട സദാചാരികളോട് ഞാന്‍ ചോദിച്ചു കൊണ്ടേയിരുന്നു.


മറ്റുള്ളവരുടെ ജാലകങ്ങളിലേക്ക് കണ്ണും മിഴിച്ചിരിക്കുമ്പോള്‍‌ പുറകില്‍‌ നിങ്ങളുടെ കുഞ്ഞ് അത് ആണോ പെണ്ണോ ആകട്ടെ സുരക്ഷിതരാണെന്ന് ഉറപ്പുണ്ടോ?
നിങ്ങളെന്തിനു സദാചാരതിനു കാവല്‍‌ ഇരിക്കണം, എത്ര പേര്‍ക്കതിനു യോഗ്യത ഉണ്ട്?
ഉണ്ടെന്നു ഭാവിക്കുന്ന സദാചാരത്തിനു ചലനം സംഭവികുമ്പോള്‍‌ നിങ്ങള്‍‌ എന്തിനു വേവലാതി പിടിക്കണം?
നിങ്ങള്‍‌ നിങ്ങളെ വെച്ച് മറ്റുള്ളവരെ അളന്നിട്ടല്ലേ?
ഒരു ആണിനും പെണ്ണിനും സൌഹ്രുദം ആയിക്കൂട എന്നുണ്ടോ?
പ്രായപൂര്‍ത്തി ആയ ഒരു ആണും പെണ്ണും തമ്മില്‍‌ അടുത്തിടപഴകുന്നതാണോ, അതോ അറിയാത്ത പ്രായത്തില്‍‌ നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മേല്‍‌ സെക്സ് എന്ന ദൌര്‍ബല്യം മുതിര്‍ന്നവര്‍‌ വെച്ച് കെട്ടി കൊടുക്കുന്നതാണോ തെറ്റ് ?‌
ദൈവത്തിന്റെ സ്വന്തം നാട് എന്ന മുഖം മൂടിക്കുള്ളില്‍‌ സാക്ഷര സമ്പന്നരായ നാം എത്ര കാലം ഇത്തരം സത്യങ്ങളെ മൂടി വെക്കും?

----------------------------------------------------------------

73 comments:

സുപ്രിയ said...

വളരെ പ്രസക്തമായ പോസ്റ്റ്.

////നൂറ് മുതല്‍‌ നൂറ്റിഅന്‍പത് കുട്ടികള്‍‌ ആണ് ഒരു ക്ലാസ്സില്‍ ഉണ്ടാവാറ്- അതില്‍ പന്ത്രണ്ടു പേര്‍‌ സ്വന്തം പിതാവിനാലൊ, ,സഹോദരനാലോ, അമ്മാവനാലോ , അടുത്ത വീട്ടിലെ സുഹ്രുത്തുക്കളാലോ സ്ഥിരമായി ലൈഗിക പീഢനത്തിനു ഇരയാണ്.////

ഈ കണക്ക് ഞെട്ടിക്കുന്നതുതന്നെ. പാവപ്പെട്ട ഈ കുട്ടികള്‍ക്ക് എന്തുചെയ്യാന്‍കഴിയും ഇതിനെതിരെ? വേലിതന്നെയല്ലേ പലപ്പോഴും വിളവുതിന്നുന്നത്?

ഇവിടെ ഉന്നയിക്കപ്പെട്ടിരിക്കുന്നവയ്ക്ക് നാമോരോരുത്തരും മറുപടി കണ്ടെത്തേണ്ടതുണ്ട്. എല്ലാവരും സ്വന്തം മനസ്സിനോടു ചോദിയ്ക്കൂ അപ്പോ മറുപടികിട്ടും.

എട്ടുംപൊട്ടുംതിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ സ്വന്തം വികാരപൂരണത്തിനായി ഉപകരിക്കുന്ന നികൃഷ്ടര്‍ക്കെതിരെ നാമോരോരുത്തരും അറിഞ്ഞു വകതിരിവോടെ പ്രതികരിക്കണം. അതുമാത്രമാണ് പ്രതിവിധി. കാരണം ഇത്തരം സംഭവങ്ങള്‍ വളരെ രഹസ്യമായാണ് സംഭവിക്കാറ്. അതിനെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരിലേക്ക് പലപ്പോഴും അവ എത്താറുതന്നെയില്ല.


ഇത്തരം പ്രശ്നാധിഷ്ഠിത പോസ്റ്റുകളാണ് നമുക്കാവശ്യം.
ഗൌരിനാഥന്‍, നന്ദി.

ശ്രീ said...

പ്രസക്തമായ പോസ്റ്റ്...

OAB/ഒഎബി said...

നമ്മള്‍ സാക്ഷരറ് മ്ര്ഗങ്ങളിലേക്ക് മാറുകയല്ലെ.
എന്തിന്‍ ഞെട്ടണം?.

നന്നായി എഴുതുന്നു. നന്ദി.

ഒഎബി.

Rare Rose said...

ആ ചിത്രവും പോസ്റ്റും ഒരുപാട് ചോദ്യങ്ങളാണു മനസ്സിലേക്കിട്ട് തന്നത്....പിഞ്ചുപ്രായത്തിലേ പീഡനത്തിരയാവുന്ന പാവം കുഞ്ഞുങ്ങളുടെ എണ്ണക്കൂടുതല്‍ കണ്ട് മനസ്സ് വിറങ്ങലിച്ചു പോയി.....ആരോടും തുറന്നു പറയാനാവാതെ ഒന്നും മനസ്സിലാകാതെ നിസ്സഹായരായ ആ കുഞ്ഞുങ്ങള്‍....സ്വന്തം അമ്മമാര്‍ തന്നെയാണു കുഞ്ഞുങ്ങളെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്...ആരെയും വിശ്വസിക്കാന്‍ കഴിയാത്ത കപട സദാചാരികളുടെ ഈ കലികാലത്തില്‍ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കായി എപ്പോഴും മുന്‍ കരുതല്‍ എടുക്കേണ്ടതുണ്ട്... ഇത്തരം ബോധവല്‍ക്കരണ ക്ലാസ്സുകളുടെ ആവശ്യകത എത്ര മാത്രം വലുതാണെന്നിപ്പോള്‍ മനസ്സിലാവുന്നു....

ബഷീർ said...

ഗൗരിനാഥന്‍,

വളരെ ഖേദകരമായാ കാര്യങ്ങളാണു ദിനം പ്രതി പുറത്ത്‌ വന്ന് കൊണ്ടിരിക്കുന്നത്‌. പിതാവില്‍ നിന്നും മാതാവില്‍ നിന്നും വരെ രക്ഷയില്ലാതായാല്‍ എവിടെ ഒരു അത്താണി ? കണക്കുകളും കാര്യങ്ങളും നിരത്തി വാദിക്കുന്നതിലാണു പല ചര്‍ച്ചകളും വഴി പിരിയുന്നത്‌. ബോധവത്കരണം അനിവാര്യമാണു . എന്ത്‌ കൊണ്ട്‌ മനുഷ്യര്‍ ഇങ്ങിനെ അധപതിക്കുന്നു എന്നതിന്റെ അടിസ്ഥാന കാരണം കണ്ടെത്തി അതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു നടക്കേണ്ടത്‌ .നിര്‍ഭാഗ്യവശാല്‍ അങ്ങിനെ ഒരു ഉദ്യമം നടക്കുന്നുണ്ടോ എന്ന് സംശയമാണ`് ഇന്ന് ഓരോ രക്ഷിതാവും ഉത്കണ്ഡയോടെയാണു ദിനങ്ങള്‍ തള്ളിനീക്കുന്നത്‌ പ്രത്യേകിച്ചും പെണ്മക്കളുള്ളവര്‍.. എപ്പോഴും ജാഗ്രത പാലിക്കുകയും ,കുഞ്ഞുങ്ങളെ എപ്പോഴും ശ്രദ്ധിയ്ക്കുകയും അവര്‍ക്ക്‌ കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്കുകയും സംവദിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്യ്‌രം ( പ്രത്യേകിച്ച്‌ അമ്മമാരോട്‌ ) ഉണ്ടാക്കുകയും ചെയ്യണം. പിന്നെ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുന്നതിനെ എപ്പോഴും ഇല്ലാതാക്കാന്‍ ശ്രമിയ്ക്കുകയും വേണം. മക്കള്‍ അടുത്തായാലും അകലെയായാലും നമ്മുടെ ഒരു കണ്ണ്‍ അവരിലുണ്ടാവട്ടെ..

താങ്കളുടെ അനുഭവ കുറിപ്പുകള്‍ മറ്റുള്ളവര്‍ക്ക്‌ പാഠമാവട്ടെ.. ആശംസകള്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആശങ്കപ്പെടുത്തുന്നതും അസുഖകരവുമാണ്‍ പല സത്യങ്ങളും...
നല്ല പോസ്റ്റ്... ഇത്തരം പോസ്റ്റുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷ്യോടെ...

Typist | എഴുത്തുകാരി said...

സങ്കടകരമായ സത്യങ്ങള്‍. സാക്ഷരകേരളത്തിലാണിതൊക്കെ നടക്കുന്നതു്.ലജ്ജിച്ചു തലതാഴ്ത്താം, നമുക്കൊക്കെ.

തറവാടി said...

ഈയിടെ വയിച്ചവയില്‍ ഏറ്റവും നല്ല പോസ്റ്റ്.
നല്ല , ഒതുക്കമുള്ള എഴുത്ത്.

മനോജ് കാട്ടാമ്പള്ളി said...

maayakakzhchakal adyamayanu vaayichathu... blog sradheyam..

Unknown said...

പ്രതികരിക്കാന്‍ പറയാനെളുപ്പം, വാക്കുകളാല്‍ പ്രതികരിക്കാനതിലൂമെളുപ്പം. അപ്പോഴെല്ലാം നാം തിരിച്ചറിയുന്നു. ഞാനും നിസഹായനാണ്.

കണ്ണുകളും ചെവികളും നമുക്കു വേണ്ടി മാത്രമായി തുറക്കാം. അത്രേം കുറച്ചു നിരാശയും വിഷമവുമല്ലേ ഉണ്ടാവൂ. പിന്നെയും ചോദ്യം ബാക്കി.
അതു നിങ്ങളുടെ ആരെങ്കിലുമാണെങ്കില്‍???

മുസാഫിര്‍ said...

മനസ്സ് പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഗൌരീനാഥ്.

ടോട്ടോചാന്‍ said...

നന്നായിരിക്കുന്നു പോസ്റ്റ്. അവിചാരിചമായാണ് കണ്ടത്. പ്രസക്തമായ കാര്യങ്ങളെ ചുരുക്കി അവതരിപ്പിച്ചിരിക്കുന്നു.

ശ്രീവല്ലഭന്‍. said...

ഗൌരിനാഥന്‍,
വളരെ പ്രസക്തമായ പോസ്റ്റ്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതുമ്പോള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

"കേരളത്തിലെ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ , ചെറുപ്പത്തിലെ ഉണ്ടായ അനുഭവങ്ങളിലൂടെ സ്വവര്‍ഗ്ഗാനുരാഗം ശീലമായി മാറിയവരാണ് അധികവും."

കേരളത്തിലെ എയിഡ്സ് കണ്ട്രോള്‍ പരിപാടികളുമായ് പ്രവര്‍ത്തിച്ചിട്ടുണ്ട് (1998-2001). അതിനാല്‍ ഈ കണക്ക് ഒട്ടും വിശ്വാസയോഗ്യമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. "ചെറുപ്പത്തിലെ ഉണ്ടായ അനുഭവങ്ങളിലൂടെ സ്വവര്‍ഗ്ഗാനുരാഗം ശീലമായി മാറിയവരാണ്" എന്നതാണ് പ്രശ്നമുണ്ടാക്കുന്ന കണക്ക്. പലരിലും അനുഭവങ്ങള്‍ (പീഢനം തന്നെ!) ചെറുപ്പത്തിലെ ഉണ്ടാകാറുണ്ടെങ്കിലും ശീലമാകുന്നതിനു തീര്‍ച്ചയായും മറ്റു കാരണങ്ങളും ഉണ്ടാകാറുണ്ട്. അതില്‍ പ്രധാനം സ്വവര്‍ഗ ലൈംഗികതയോടുള്ള താത്പര്യം തന്നെ.
താഴെക്കൊടുത്തിരിക്കുന്ന ബ്ലോഗുകളുടെ ലിങ്കുകള്‍ ശ്രദ്ധിക്കുമല്ലോ:

1. കൃഷ്ണ തൃഷ്ണ

2. എന്‍റെ കഥ

3. ശ്രീവല്ലഭന്റെ ഫീല്‍ഡ് ഡയറി

ബഷീർ said...

ശ്രീ വല്ലഭന്‍

മൂന്നാമത്തെ ലിങ്കില്‍ ഒരു കോമ കടന്ന് കൂടി കുത്തിനു പകരം : )

ബഷീർ said...

Sorry
Question mark : )

Shaf said...

പ്രസക്തമായ പോസ്റ്റ്...

ശ്രീവല്ലഭന്‍. said...

നന്ദി ബഷീര്‍.
ഇതാണ് ലിങ്ക്

ശ്രീവല്ലഭന്‍. said...
This comment has been removed by the author.
ശ്രീവല്ലഭന്‍. said...
This comment has been removed by the author.
Sharu (Ansha Muneer) said...

ഇത്തരത്തിലുള്ള പല അനുഭവങ്ങള്‍ പലരില്‍ നിന്നും കേട്ടിട്ടുണ്ട്. അമ്മമാരുടെ ശ്രദ്ധയും കരുതലും ആണ് ഒരുപരിധി വരെ ഇതിന് പരിഹാരം. വളരെ നല്ല പോസ്റ്റ്

കാവലാന്‍ said...

യാഥാര്‍ത്ഥ്യങ്ങളില്‍നിന്നടര്‍ത്തിയെടുത്ത് ഒരേടു പോലെ തോന്നുന്നു.തുടരുക....

“ ടീച്ചറേ എന്നെ ടീച്ചറുടെ കൂടെ കൊണ്ടോകാമൊ?”..........

സുഗത കുമാരിട്ടീച്ചര്‍ ഇതേ പോലൊരു അനുഭവത്തെ കുറിച്ച് മുന്‍പു പറഞ്ഞതോര്‍ത്തു പെട്ടന്ന്.
അട്ടപ്പാടിയില്‍ നിന്നും വന്ന ഒരു സഹായാഭ്യര്‍ത്ഥനയ്ക്കുമുന്നില്‍ സാഹചര്യവശാല്‍ നിസ്സഹായയാവേണ്ടി വന്നതും,പിന്നീട് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഓര്‍മ്മയില്‍ തന്നെ അവര്‍ക്കെന്നും ഏറ്റവും വേദന പകര്‍ന്നതുമായ സംഭവം എന്ന നിലയ്ക്ക്.നിരാലംബമായ നിലവിളികള്‍ക്കുമുന്നില്‍ നിസ്സഹായരാവേണ്ടി വരിക എന്നത് ഒരു വല്ലാത്ത ദുരിതമാണ്.

Sarija NS said...

ഗൌരി,
ശ്രീബാലയെക്കുറിച്ചുള്ള പരാമര്‍ശവും അതിനു ചുവട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കും എണ്ടെയും ഒരൊപ്പ്. അന്യണ്ടെ സദാചാരം പരിശോധിക്കാനിറങ്ങുന്നവര്‍ അവനവണ്ടെ വീട്ടിലേക്കാണ് ആദ്യം നോക്കേണ്ടതെന്നും ഗൌരിയുടെ ഈ പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു.

ഗൗരിനാഥന്‍ said...

സുപ്രിയ,ശ്രീ,OAB,Rare Rose,ബഷീര്‍ വെള്ളറക്കാട്‌,Kichu & Chinnu | കിച്ചു & ചിന്നു, എഴുത്തുകാരി, തറവാടി, മനോജ് കാട്ടാമ്പള്ളി, നിഷാദ്,മുസാഫിര്‍, ടോട്ടോചാന്‍ (edukeralam), നന്ദി നല്ല വാക്കുകള്‍ക്ക്...ഒരു തവണ ഒരു ചിന്തക്കു ഞാന്‍ വഴിതെളിച്ചാല്‍ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം..ഈ പ്രതികരണങ്ങള്‍ എന്റെ പ്രൊഫനുകൂടി കിട്ടുന്ന പ്രതികരണവും, പ്രചോദനവും കൂടിയാണ്..പിന്നെ ശ്രീ വല്ലഭന്‍ പറഞ്ഞതാണ് സത്യമാകാന്‍ സാധ്യത... എനിക്കി ഫീല്‍ഡില്‍ കാര്യമായ പരിചയം ഇല്ല..ആ അടികുറിപ്പായി പറഞ്ഞത് എയിഡ്സ് കന്‍ഡ്രോള്‍ സൊസൈറ്റി പരിശീലനക്ലാസ്സില്‍ അവര്‍ പറഞ്ഞ കാര്യമാണ്..എന്നാലും മുതിരുമ്പോള്‍ തിരഞ്ഞെടുക്കുന്ന ലൈഗിക താല്പര്യങ്ങളെ പോലെ അല്ലല്ലോ ചെറുപ്പത്തില്‍ ഇരയാകുക എന്നു പറയുന്നതു..ശ്രീ വല്ലഭന്‍ പരഞ്ഞതു ശരി തന്നെ അതും പീഡനം തന്നെ...

കുഞ്ഞന്‍ said...

ഗൌരി..

ഞാനൊന്നും കാണാനുമില്ല കേള്‍ക്കാനുമില്ല..സമാധാനം കിട്ടും..ഹൊ ഇതൊന്നു എന്റെ വീട്ടില്‍ നടക്കൂലാ എന്നൊരു ചിന്തയുമുണ്ട്..അങ്ങിനെതന്നെയല്ലെ എല്ലാവരുടേയും..?


എന്തേ ഞാനീ പോസ്റ്റ് കണ്ടില്ലാ..? കണ്ടെത്താത്തത് എന്റെ കുഴപ്പം.

ഇട്ടിമാളു അഗ്നിമിത്ര said...

ചോദ്യങ്ങള്‍ കുറഞ്ഞുപോയോ എന്നൊരു സംശയം..

ഞങ്ങളുടെ ഹോസ്റ്റല്‍ മെസ്സില്‍ ജോലിക്ക് നില്‍ക്കുന്ന ഒരു കുട്ടിയുണ്ട്.. പത്തു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള വീട്ടില്‍ അവളൊരിക്കലും പോവാറില്ല.. ചേട്ടന്റെ കല്ല്യാണത്തിനു പോലും രാവിലെ പോയി വൈകീട്ട് വന്നു.. കണ്ടാലൊരു തറവാട്ടില്‍ പിറന്ന ലുക്കുള്ള ഇവളേന്തെ ഇങ്ങനെ എന്നു ഞങ്ങള്‍ പറയാറുണ്ട്..

പിന്നെയാണ് അറിഞ്ഞത് സ്വന്തം അച്ഛന്റെ കലാപരിപാടികള്‍ സഹിക്കാന്‍ വയ്യാതെയാണ് ഈ ജോലിക്ക് വന്നതെന്ന്.. അവള്‍ പറഞ്ഞ ഒരു വാചകം മനസ്സില്‍ തട്ടുന്നതായിരുന്നു..

“സ്വന്തം അച്ഛന്റെ കുഞ്ഞിനെ പ്രസവിക്കാതിരിക്കാലോ..”

joice samuel said...

നന്നയിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!

Kunjipenne - കുഞ്ഞിപെണ്ണ് said...

ഗൗരിചേച്ചി, കുഞ്ഞിപ്പെണ്ണ്‌.
നന്ദി, പുതിയആളാണ്‌ ഇതൊക്കെയൊന്ന്‌ പരിജയിച്ച്‌ വരുന്നതെയുള്ളു.
ഞാന്‍ ചേച്ചിയുടെ ബ്ലോഗില്‍ പോയിരുന്നു.
ഉള്ളില്‍ തീ കത്തുന്നത്‌ കാണാം
എന്നെ തെറ്റിദ്ധരിക്കില്ലങ്കില്‍ പറയാം.
മനസ്സ്‌ ഒരു രോഗമാണ്‌.
നല്ലതും ചീത്തയും തമ്മില്‍
തെറ്റും ശരിയും തമ്മില്‍
ഞാനും നീയും തമ്മില്‍

മനസ്സാണ്‌ എല്ലാറ്റിനേയും വേര്‍തിരക്കുന്നത്‌.
ഭൂമിയിലെ പ്രഞ്ചത്തിലെ ഞാനൊഴികെ ഒരു വസ്‌തുവിനും ഒരു കുഴപ്പവുമില്ല. കുഴപ്പം എന്റെ മനസ്സിനാണ്‌.
എല്ലാറ്റിന്റേയും അടിസ്ഥാനം മനസ്സാണ്‌.

മനസ്സിനെ ഉപേക്ഷിക്കലാണ്‌ ബോധോദയം.
ശാന്തമായിരിക്കുക. ഈ നിമിഷം മാത്രമാണ്‌ സത്യം.
പിന്നെ മരണവും.

ചെറിയവായില്‍ വായില്‍ വലിയ വര്‍ത്താനം, ക്ഷമിക്കണം.

പ്രീയപ്പെട്ട കാതറിനെ എന്റെ സ്‌നേഹം കൂടി മലയാളത്തില്‍ അറിയിക്കണം (പത്താം ക്ലാസ്സില്‍ മൂന്നാം കൊല്ലം തോറ്റപ്പം കായലോരത്ത്‌ തൊണ്ട്‌ ചുമക്കാന്‍ ഇംഗ്ലീഷും ഹിന്ദിയും അറിയോണ്ടന്ന്‌ അച്ഛന്‍ പറഞ്ഞു.)

ഒത്തിരിസ്‌നേഹത്തോടെ കുഞ്ഞിപ്പെണ്ണ്‌.

ഗൗരിനാഥന്‍ said...

കാവലാന്‍ ,Sarija N S , ഇട്ടിമാളു,'മുല്ലപ്പൂവ് നന്ദി...സരിജയുടെ ഒപ്പിനു പൊന്നു വിലയുണ്ട് ട്ടൊ..കാവാലന്‍ ആ യാഥാര്‍ത്ഥ്യങ്ങളേ അതു പൊലെ മനസ്സിലെറ്റിയല്ലോ നന്ദി.
പിന്നെ ഇട്ടിമാളു..സത്യമാണ് ചോദ്യങ്ങള്‍ ഇത്ര പോര..നന്ദി ആര്‍ജ്ജവം തരുന്ന അഭിപ്രായങ്ങള്‍ക്ക്

പിന്നെ കുഞ്ഞി പെണ്ണേ..അഭിപ്രായം എഴുതുന്നതിനു മുഖവുര വേണ്ട...പറയാന്‍ തോന്നുന്നതു പറയു..
കുഞ്ഞിപെണ്ണ് പറഞ്ഞെതേറെയും മനസ്സിലായില്ല
,,ഉള്ളില്‍ തീ കത്തുന്നത്‌ കാണാം
എന്നെ തെറ്റിദ്ധരിക്കില്ലങ്കില്‍ പറയാം.
മനസ്സ്‌ ഒരു രോഗമാണ്‌.
നല്ലതും ചീത്തയും തമ്മില്‍
തെറ്റും ശരിയും തമ്മില്‍
ഞാനും നീയും തമ്മില്‍

മനസ്സാണ്‌ എല്ലാറ്റിനേയും വേര്‍തിരക്കുന്നത്‌.
ഭൂമിയിലെ പ്രഞ്ചത്തിലെ ഞാനൊഴികെ ഒരു വസ്‌തുവിനും ഒരു കുഴപ്പവുമില്ല. കുഴപ്പം എന്റെ മനസ്സിനാണ്‌.
എല്ലാറ്റിന്റേയും അടിസ്ഥാനം മനസ്സാണ്‌.

മനസ്സിനെ ഉപേക്ഷിക്കലാണ്‌ ബോധോദയം.
ശാന്തമായിരിക്കുക. ഈ നിമിഷം മാത്രമാണ്‌ സത്യം.
പിന്നെ മരണവും.,,

ഇതില്‍ നിന്നും എനിക്കു കിട്ടിയതു ഇത്രയാണ്..രോഗാതുരമായ മനസ്സാണ് ഇത്തരം കാഴ്ചകള്‍ കണ്ട്പിടിക്കുന്നത്‌, അല്ലെങ്കില്‍ ഞാന്‍ എന്നാല്‍ പെര്‍ഫെക്റ്റ് ആണെന്ന ചിന്ത കൊണ്ടാണ് ഇത്തരം കാര്യങ്ങല്ല് കണ്ടുപിടിക്കുന്നത്‌.അതുകൊണ്ട്‌ ആ രോഗാതുരമായ മനസ്സിനെ ഉപേക്ഷിച്ച്, ബോധോദയം അഥവാ ശാന്തമായിരിക്കുക..ഈ നിമിഷം മാത്രമെ സത്യമായൊള്ളൂ.നാളെകളോ ഇന്നലെകളോ ഇല്ലന്ന്.ഇപ്പോള്‍ ലോകത്ത് നടക്കുന്നത് എല്ലാം സംഭവികേണ്ടത് തന്നെ എന്ന്
ഒന്നിനെ ശാന്തമായിരുത്തുക എന്നാല്‍ എന്നെ പോലെ ഒരു സാധാരണക്കാരിക്ക് അര്‍ഥം അതിനു വേണ്ടതെല്ലാം കൊടുത്ത് ത്രുപ്തയാക്കുക എന്നാണ്..അല്ലെങ്കില്‍ അത് എന്നെങ്കിലും ചുരമാന്തി പുറത്ത് വരും..

അങ്ങിനെ എങ്കില്‍ ഞാന്‍ എന്റെ രോഗാതുരമായ(സുന്ദരമായ) മനസ്സിനെ വല്ലാതെ ഇഷ്ടപെടുന്നു..അതിനെ ശാന്തമാക്കി കൊണ്ടിരിക്കയാണ് എന്നു പറയാം.
എന്റെ സ്വന്തം ശാന്തത എന്നു മാത്രം ചിന്തിച്ചിരുന്ന ഒരു തലമുറ ആയിരുന്നു നമ്മുക്കു മുന്‍‌കാലങ്ങലിള്‍ ഉണ്ടായിരുന്നതു എന്നും പറയാം..രോഗാതുരമായ ഒരു വലിയ തലമുറയുടെ പിന്തുടര്‍ച്ചയാണ് നമ്മള്‍ എന്നു സാരം..
പിന്നെ കുഞ്ഞിപെണ്ണിനു ഒരു കുഞ്ഞി തെറ്റിദ്ധാരണ ഉണ്ട്..എന്റെ ഉള്ളീല്‍ ഒരു തീ കത്തുന്നു എന്നു പറഞ്ഞതാണാത്..ഓരൊ കുഞ്ഞി അനുഭവങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ( നല്ലതൊ, ചീത്തയോ) അവയെനിക്ക് പുതിയ നൂറ് കണക്കിനു സ്വപ്നങ്ങള്‍ ആണ് തന്നതു..ഞാനെന്റെ ഉള്ളില്‍ കാണുന്നതു സ്വപ്നങ്ങളുടെ ഇളംകാറ്റാണ്..മറ്റുള്ളവരിലേക്ക് സ്നേഹപൂര്‍വ്വം ഒഴുകി പരക്കുന്ന ഇളംകാറ്റ്..അവിടെ തീ കത്തുന്നില്ല കേട്ടോ..
തീര്‍ച്ചയായും കാതറിനോട് മലയാളത്തില്‍ തന്നെ സ്നേഹം അറിയിക്കാം..
വീണ്ടും വരിക...

വത്സലന്‍ വാതുശ്ശേരി said...

കേട്ട ഹൊറര്‍ കഥകളേക്കാള്‍ ഭയാനകം.

സ്‌പന്ദനം said...

സ്വന്തം വീടുകളില്‍ പോലും കുരുന്നുകള്‍ സുരക്ഷിതമല്ലാത്ത അവസ്ഥ നമ്മുടെ 'ദൈവത്തിന്റെ സ്വന്തം നാട്ടി'ലും സംജാതമായി എന്നു പറയുമ്പോള്‍ അതിന്റെ ഭീകരത (ദയനീയത) എത്രമാത്രമാണ്‌. നിസ്സഹായരായ അത്തരം കുട്ടികളില്‍ നിന്ന്‌ നേരിട്ട്‌ അതു കേള്‍ക്കുമ്പോള്‍ മാഷിന്റെ ദയനീയത എനിക്കു മനസ്സിലാവുന്നു. ബോധവല്‍ക്കരണങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അത്തരം ക്രൂരതകള്‍ അവസാനിച്ചിരുന്നെങ്കില്‍....നമുക്ക്‌ പ്രതീക്ഷ കൈവിടാതിരിക്കാം. ഒപ്പം ജാഗ്രത പാലിക്കുകയും.

മാംഗ്‌ said...
This comment has been removed by the author.
മാംഗ്‌ said...

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണം ഇത്തരം കാര്യങ്ങളില്‍ വലിയ പന്ഗു വഹികുന്നു ലജ്ജിച്ചതുകൊണ്ടോ അമ്പരന്നത് കൊണ്ടോ സന്നദ്ധ പ്രവര്‍ത്തനം കൊണ്ടോ ഒരു മാറ്റം ഉണ്ടാകും ഏന്നു തോന്നുന്നില്ല ശിക്ഷകള്‍ കഠിനം ആക്കണം ഇത്തരം കേസുകളില്‍ വ്യക്തമായ തെളിവുകലുന്ടെങ്ങില്‍ വിചാരണ കൂടാതെ ശിക്ഷ നടപ്പാക്ക്കണം
blogil typing valiya paada aksharathettu thiruthan oru vazhium kaanunnilla

അരുണ്‍ കരിമുട്ടം said...

സ്വല്പം ആധികാരം ആയ പോസ്റ്റ്.കൂടുതല്‍ ആളുകള്‍ വായിക്കാന്‍ ഇട വരട്ടെ...
ആശംസകള്‍

Anonymous said...

മാധ്യമങ്ങളും സിനിമയുമാണ് ഏറ്റവും വലിയ അഴുമതിക്കാരും, സാമൂഹ്യ വിരുദ്ധരും. അവരാണ് സ്ത്രീയെ ഒരു ഉപഭോഗ വസ്തു ആണെന്നുള്ള കാഴ്ചപ്പാട് വളര്‍ത്തുന്നത്. ഇപ്പോഴത്തെ സിനിമ/പരസ്യം സ്ത്രീകളൊട് ഏറ്റവും വലിയ ദ്രോഹമാണ് ചെയ്യുന്നത്. ജനിച്ചു വീഴുന്ന കുട്ടി മുതല്‍ വൃദ്ധന്‍മാര്‍ വരെ ഈ മാദ്ധ്യമത്തിന് അടിമയാണ്. അതിന്റെ teaching ജനങ്ങളുടെ ഉപബോധമനസില്‍ ആഴത്തില്‍ പതിയുന്ന ബിംബങ്ങളാണ്. അത് മാറണമെങ്കില്‍ അവര്‍ക്ക് ലഭിക്കുന്ന ലാഭം കുറയണം.

സിനിമക്കും പരസ്യങ്ങള്‍ക്കും പണം നല്‍കാതിരിക്കുക. സിനിമ കാണണമെന്നുള്ളത് ഒഴിച്ചുകൂടാന്‍ കഴിയുന്നില്ലെങ്കില്‍ അത് കോപ്പിചെയ്തോ, ഡൗണ്‍ലോഡ് ചെയ്തോ, ലൈബ്രറിയില്‍ നിന്ന് സിഡി എടുത്തോ കാണുക. ഏറ്റവും കുറവ് പരസ്യങ്ങള്‍ ഉള്ള ഉത്പന്നങ്ങള്‍ വാങ്ങുക. ആഭാസ പരസ്യങ്ങള്‍ ഉള്ള ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.
നമ്മുടെ ഉപഭോഗം കഴിയുന്നത്ര കുറക്കുക, നമ്മുടെ ബോധ നിലവാരം ഉയര്‍ത്താനുള്ള ശ്രമം എപ്പോഴും നടത്തുക.
ഇത് നമ്മുടെ സുഹൃത്തുക്കളേയും അറിയിക്കുക.

Pramod.KM said...
This comment has been removed by the author.
Pramod.KM said...

നല്ല പോസ്റ്റ്. ഇതു വായിച്ചപ്പോള്‍ കണ്ണൂരിലെ ‘സംസ്കൃതി’ എന്നു പേരുള്ള ലൈംഗികതൊഴിലാളികളെ ബോധവല്‍ക്കരിക്കുന്ന സെന്റര്‍ സന്ദര്‍ശിച്ചതും അവിടെയുള്ള ചിലരുമായി സംസാരിച്ചതും ഓര്‍മ്മ വന്നു. ലൈംഗികതൊഴിലാളികളുടെ കാര്യം തന്നെ അങ്ങനെയാണെങ്കില്‍,ലൈംഗികതയെക്കുറിച്ച് ഒട്ടുമറിയാത്ത പ്രായത്തില്‍ ചൂഷണത്തിനിരയാവുന്ന കുട്ടികളെപ്പറ്റി എന്തു പറയാനാണ്:(

വെള്ളെഴുത്ത് said...

“ ഇല്ല കുഞ്ഞുങ്ങളെ നിങ്ങള്‍ക്കാര്‍ക്കും തരാന്‍‌ ഒന്നുമ്മില്ല എന്റെയീ ദുര്‍ബലമായ കൈക്കുള്ളില്‍..”
ഇങ്ങനെയൊരു വൈകാരികത വേണമായിരുന്നോ എന്ന് സംശയം.
ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ പരിധികള്‍ -
ഇത്രയേ പറ്റൂ , പാടൂ എന്നൊക്കെ - ഉണ്ടെങ്കില്‍ പോലും ഈ രംഗത്തു നില്‍ക്കുന്നവര്‍ ഇത്ര ദുര്‍ബലരായി സ്വയം അവതരിപ്പിക്കുന്നതെന്തിന്?
അതിന് നെഗറ്റീവ് ഫലമാണുണ്ടാവുക.. ഒരു രക്ഷാകര്‍ത്താവ് എനിക്കും വേണം എന്നാവും ഇതിന്റെ വായിച്ചെടുക്കാവുന്ന അര്‍ത്ഥം. ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ എന്നല്ലെ വായിക്കുന്ന ഒരാള്‍ക്കും തോന്നുക. അതല്ലല്ലോ ഗൌരി വേണ്ടത്..?

Unknown said...

പ്രസക്തമായ പോസ്റ്റ് ആയിരുന്നു ....
ആശംസകളോടെ,

ഗൗരിനാഥന്‍ said...

“ ഇല്ല കുഞ്ഞുങ്ങളെ നിങ്ങള്‍ക്കാര്‍ക്കും തരാന്‍‌ ഒന്നുമ്മില്ല എന്റെയീ ദുര്‍ബലമായ കൈക്കുള്ളില്‍..”
ഇങ്ങനെയൊരു വൈകാരികത വേണമായിരുന്നോ എന്ന് സംശയം.

പ്പ്രിയപെട്ട സുഹ്രുത്തെ..ഈ വൈകാരികത ഉണ്ടാക്കിയതല്ലാ എന്നതാണെനിക്ക് ആദ്യം പറയാന്‍ ഉള്ളത്..ആദ്യം ആ കുട്ടികള്‍ എന്റെ പ്രൊജെക്റ്റിന്റെ ഭാഗമായിരുന്നു,,പിന്നീട് അവര്‍ എന്റെതായി മാറി..ആ മാറ്റത്തില്‍ നിന്നാണാ വൈകാരികത ഉണ്ടായത്..ആ താങ്കള്‍ക്ക് മനസ്സിലാകുമായിരിക്കും എങ്ങനെയെങ്കില്‍ നമ്മുടെ മകളോ ,അടുത്ത ബന്ധുക്കള്‍ക്കൊ ഇത്തരന്‍ അപകടങ്ങള്‍ പറ്റുമ്പോള്‍ അറിയാതെ വന്ന് പോകുന്ന വൈകാരികത..അതൊരു പക്ഷെ പുറമെ നിന്ന് നോക്കുന്നവര്‍ക്ക് പ്രകടനമോ, ,നാടകീയമൊ എന്നൊക്കെ തോന്നാം,,പക്ഷെ മനസ്സു അതു കൊണ്ട് ഇത്തരം വൈകാരികത വേണ്ടെന്ന് നം വെക്കാറുണ്ടോ?

/ /ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ പരിധികള്‍ -
ഇത്രയേ പറ്റൂ , പാടൂ എന്നൊക്കെ - ഉണ്ടെങ്കില്‍ പോലും ഈ രംഗത്തു നില്‍ക്കുന്നവര്‍ ഇത്ര ദുര്‍ബലരായി സ്വയം അവതരിപ്പിക്കുന്നതെന്തിന്?
അതിന് നെഗറ്റീവ് ഫലമാണുണ്ടാവുക.. ഒരു രക്ഷാകര്‍ത്താവ് എനിക്കും വേണം എന്നാവും ഇതിന്റെ വായിച്ചെടുക്കാവുന്ന അര്‍ത്ഥം. ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ എന്നല്ലെ വായിക്കുന്ന ഒരാള്‍ക്കും തോന്നുക. അതല്ലല്ലോ ഗൌരി വേണ്ടത്..? / /

സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നില്‍ക്കൂന്നവര്‍ വൈകാരികമായി ദുര്‍ബലര്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചതായി തോന്നിയില്ല..പകരം നമ്മുക്ക് ചെയ്യാന്‍ ഉള്ളത് വളരെ കുറവും പ്രശ്നങ്ങള്‍ അധികവും എന്നല്ലെ പറഞ്ഞൊള്ളോ..ഞാന്‍ ഇപ്പോഴും ആ കുട്ടികളുടെ കാര്യത്തില്‍ ദുര്‍ബ്ബല തന്നെ..എനീക്കവരെ സംരക്ഷിക്കാന്‍ കയ്യിലെന്തുണ്ട്..വീട്, വിദ്യാഭ്യാസം, എന്തിനേറെ നാണം മറക്കാന്‍ വസ്ത്രം..ഇവയില്‍ എന്തുണ്ടെന്റെകയ്യില്‍ ?ഇതു തന്നെയാണ് വായിച്ചവര്‍ക്കും തോന്നി കാണുക എന്നാണ് ഞാന്‍ കരുതിയതു.ഒരു പക്ഷെ എന്റെ എഴുത്തിന്റെ രീതി കൊണ്ട് താങ്കള്‍ക്ക് ക്രിത്യമായി കാര്യം ഗ്രഹിക്കാന്‍ പറ്റാഞ്ഞതാകാം..

പിന്നെ മനസ്സു കൊണ്ട് ഈ പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞ് നിലക്കാന്‍, അല്ലെങ്കില്‍ ഇത് എന്നെ ബാധിക്കുന്നില്ലങ്കില്‍ ഈ പ്രശ്നം ഉണ്ടായലെന്ത്, ഇല്ലെങ്കിലെന്ത് എന്ന് ക്കരുതി മാറി നീല്‍ക്കാന്‍ കഴിയാത്തത് ഒരു പക്ഷെ ദൌര്‍ബല്യമാകാം, എങ്കില്‍ അതിനെ എനികിഷ്ടമാണ്..അതു കൊണ്ടാകാം മോശമല്ലാത്ത ഒരു പ്രൊഫണല്‍ ഡിഗി കയ്യിലുണ്ടായിട്ടും ഞാന്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക് അറിയാതെ വന്നു ചേര്‍ന്നതും..

പിന്നെ എനിക്കും വേണം രക്ഷക്കര്‍ത്താവെന്ന് ഞാന്‍ ഉദ്ദേശിച്ചതായി തോന്നിയതില്‍ പരാതി ഇല്ല..കാരണം അങ്ങനെ മാത്രം സ്ത്രീകളെ കണ്ട് വളര്‍ന്നവരല്ലെ നമ്മള്‍,, എറ്റവും എളുപ്പത്തില്‍ ഉദ്ദേശിച്ചത് പിടികിട്ടണമെങ്കില്‍ ഈ മുന്‍‌ധാരണകളിലൂടെ വായിക്കുകയാണ് സുഖം..
ഒന്നു കൂടി പറയട്ടെ എന്റെ ആ ദുബലത ഞാന്‍ എന്നു തിരിച്ചറിഞ്ഞുവോ അന്ന് മുതല്‍ ഇന്നു വരെ അവ ഇല്ല്യാതാക്കാനാണ് എന്റെ ശ്രമം..അതു കൊണ്ട് എന്റെ ആ കൊച്ച് സ്വപ്നം വളര്‍ന്ന് അതിന്റെ ആദ്യ പടിയില്‍ ഞാന്‍ എത്തി,അത് ആ തിരിച്ചറിവിന്റെ ഗുണമായിരുന്നു..ആ വൈകാരികതയുടെ പ്രചോദനം ആയിരുന്നു..കാരണം അത് എനിക്ക് ജീവിതം തന്നെ ആണ്...അതിനെ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണോ ഞാന്‍ എഴുതിയത്?

വെള്ളെഴുത്ത് said...

ഗൌരീ, ഞാന്‍ മോശമായ അര്‍ത്ഥത്തില്‍ എഴുതിയതല്ല. സാമൂഹികപ്രവര്‍ത്തനരംഗത്തു നില്‍ക്കുന്നവര്‍ എളുപ്പം വികാരത്തിനു വശംവദരാവുന്നത് നല്ലതല്ല എന്നു തന്നെയാണ് അനുഭവം. ( എടുത്തു പറഞ്ഞ വരികളിലെത്തിയപ്പോള്‍ എനിക്കു വല്ലാത്ത മനസ്സിടിച്ചിലുണ്ടായി, പലപാട് കേട്ടിട്ടുള്ളതാണ് ഈ നിസ്സഹായതകള്‍. അതു പങ്കു വയ്ക്കലായിരുന്നോ ഈ എഴുത്തിന്റെ ലക്ഷ്യം? അതോ ഇതുപോലുള്ള അനുഭവങ്ങളില്‍ ദാ നിങ്ങള്‍ക്കും ചിലതൊക്കെ ചെയ്യാന്‍ കഴിയും എന്ന് വായിക്കുന്നവരെ അറിയിക്കുകയോ? രണ്ടാമത്തേതാണ് എന്ന മട്ടിലാണ് ഞാന്‍ പോസ്റ്റ് വായിച്ചത് ) ഒന്നും ശരിയാവില്ല എന്ന് ഉള്ളിലറിയുമ്പോഴും എല്ലാം ശരിയാവും എന്നൊരു പ്രതീക്ഷ തങ്ങളെ ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്കെങ്കിലും പകര്‍ന്നു കൊടുക്കാന്‍ കഴിയാതെ വന്നാല്‍, ചെയ്തതു എത്ര കനപ്പെട്ട കാര്യമായാലും ഫലം വിപരീതമാവും. അത്രമാത്രമേ പറഞ്ഞുള്ളൂ. ഒരു പോസ്റ്റ് സമൂഹത്തോടാണ് സംസാരിക്കുന്നത്. എനിക്ക് ഇതിനു സമാനമായ ഒരു അനുഭവമുണ്ടെന്നിരിക്കട്ടേ, ഈ പോസ്റ്റില്‍ നിന്ന് എനിക്കു കിട്ടേണ്ട അര്‍ത്ഥം എന്താണ്? ഗൌരിയുടെതു പോലെ എന്റെയും കൈകള്‍ ദുര്‍ബലമായതുകൊണ്ട് ഞാന്‍ ഒന്നും ചെയ്യേണ്ട എന്നാണോ? (അങ്ങനെയല്ലെ ഭൂരിപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്?) ഒരു ഒഴിവുകിഴിവ് എനിക്കും ആകാമെന്നാണോ?
ഗൌരി ചെയ്ത കാര്യത്തെ ചെറുതാക്കിയതോ കുറ്റപ്പെടുത്തിയതോ അല്ല. സമാനമായ അനുഭവമുള്ള കുട്ടികള്‍ എന്റെ മുന്നിലുമുണ്ട്. ഞാനെന്താണ് ചെയ്യേണ്ടത് ? അത് അറിയാനാണ് എന്റെ ശ്രമം.

paarppidam said...

പീഠനത്തെ കുറിച്ച്‌ പറയുകയാണെങ്കിൽ കുറച്ചുകൂടെ മലയാളം സീരിയലുകൾ സർക്കാർ സഹായത്തോടെ ഇറക്കട്ടെ.അച്ചാനു മറ്റൊരു ഭാര്യ സ്വന്തം സഹോദരൻ/സഹോദരി എന്നു കരുതിയിരുന്നവൾ അമ്മക്ക്‌ മറ്റൊരാൾ ഉണ്ടായ ജാരസന്തതിയാണെന്ന് അറിയുന്ന കഥാപാത്രം...മകളെ വേലക്കാരിയായി സ്വന്തം വീട്ടിൽ വെക്കുക...എന്തൊക്കെ വിചിത്ര ഭാവനകൾ ആണ്‌ കുടുമ്പ സദസ്സുകളിൽ വിളമ്പുന്നത്‌.ഇതൊക്കെ കണ്ട്‌ ആസ്വദിക്കുന്നവർക്ക്‌ മകളുടെ നഗ്നതയും അവളുടെ മാംശത്തിന്റെ രുചിയറിയുവാനുള്ള ത്വരയും ഉടലെടുക്കുന്നതിൽ എന്ത്‌ അൽഭുതം ഹേ!

മൂന്നുവയസ്സുകാരിയിൽ ലൈംഗീകസുഖം തേടുന്നവനു ജാമ്യം നിൽക്കുവാനും അവനുവേണ്ടി വാദിക്കുവാനും വക്കീലന്മാർ(മകളെ/കൊച്ചു മകളുടെ പ്രായം ഉള്ളവളെ മൃഗീയമായി പീഠിപ്പിച്ച അയാൾക്ക്‌ പറയുവാൻ ഉള്ളതു കോടതിയിൽബോധിപ്പിക്കണ്ടേ!).കുറ്റവാളിക്ക്‌ രക്ഷപ്പെടുവാൻ നിയമത്തിൽ "സംശയത്തിന്റെ ആനുകൂല്യം" എന്ന വിശാലമായ മാർഗ്ഗം. പീഠിപ്പിച്ചവന്റെ "തിരുവവശേഷിപ്പ്‌" കുട്ടിയുടെ ശരീരത്തിനു പുറത്തും അകത്തും ഉണ്ടെങ്കിൽ കേസുവച്ചുനീട്ടാതെ ശിക്ഷിക്കണം അത്രതന്നെ. അതിനു നിങ്ങളെപ്പോലുള്ള വക്കീലന്മാർ കോട്ടിട്ടു വക്കാലത്തുമായി വരാതിരിക്കണം.പീഠനക്കേസുകളിൽ വളരെ തുച്ചമായതേ കോടതികളിൽ എത്തുന്നുള്ളൂ. അഥവാ എത്തിയാൽ പീഠിപ്പിച്ചരീതി,നിന്നോ കിടന്നോ(ക്ഷമിക്കുക എന്റെ രോഷം അത്രക്കാണ്‌),പീഠിപ്പിക്കുമ്പോൾ അയാൾ ഏതുബ്രാന്റ്‌ കള്ളാണടിച്ചിരുന്നത്‌,നിങ്ങളോടുസംസാരിച്ചുകൊണ്ടാണോ പീഠിപ്പിച്ചത്‌ തുടങ്ങി പീഠനമേൽക്കേണ്ടിവന്ന സംഭവത്തിന്റെ വിശദമായ കമന്ററി. ഈ കുട്ടിയെ പ്രദർശനവസ്തുവാക്കാൻ തിടുക്കപ്പെടുന്ന മാധ്യമപ്പട,വർഷങ്ങൾ നീളുന്ന കോടതിവ്യവഹാരം,സമൂഹത്തിന്റെ പുച്ചത്തോടെ ഉള്ള പ്രതികരണങ്ങൾ, ഒടുവിൽ അവർ കുറ്റവിമുക്തരായി പത്രസമ്മേളണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളീൽ നിറയും. പിന്നെ ആരാണ്‌ പീഠനത്തിനെതിരെ കേസിനു പോകുക.

ബോബുവെക്കുന്നവനും,രാജ്യത്തെ ഒറ്റുകൊടുക്കുന്നവനും മനുഷ്യാവകാശം നിഷേധിക്കരുതെന്ന് പറഞ്ഞ്‌ ഇറങ്ങുന്ന ബുജി-സാംസ്ക്കാരിക തൊഴിലാളികൾ/സാംസ്ക്കാരിക പിമ്പുകൾ ഒരു പക്ഷെ നാളെ പീഠനക്കേസിൽ പിടിക്കപ്പെടുന്നവന്റെ ജാതിയുടെ അടിസ്ഥാനത്തിൽ അതു മതത്തിനെതിരെ ഉള്ള കടാന്നുകയറ്റമാണെന്ന് ഒരു പക്ഷെ വിളിചുപറഞ്ഞേക്കാം.ചില മത രാഷ്ട്രീയക്കാർ പ്രതിക്കുവേണ്ടി ഹർത്താലും നടത്തിയേക്കാം.

സമീപകാല സംഭവങ്ങൾ വച്ചുനോക്കിയാൽ മലയാളിക്ക്‌ എന്തോന്ന് സംസ്ക്കാരം എന്ന് സ്വയം ചോദിച്ചുപോകും.

No name.. said...

എണ്റ്റെ ദൈവമേ... മുന്‍പു നേരില്‍ കാണുന്ന സമയത്ത്‌ ഒരു കുഞ്ഞു തൃത്താവിണ്റ്റെ അത്രേം ഉണ്ടായിരുന്ന ആ ചേച്ചി തന്നെ ആണൊ ഈ ആല്‍മരവും????? നന്നായിട്ടുണ്ട്‌. ചേച്ചിക്കു പകരം അനുജന്‍ അഭിപ്രായം പറഞ്ഞാലും മതിയാവുമല്ലോ അല്ലേ... കുറെ ഇഷ്ടപ്പെട്ടു പോസ്റ്റ്‌ ഒക്കെ. പിന്നെ പൂമ്പൊടി ഇത്തിരി കൂടി വലുതായി. ഫോട്ടോ ബ്ളോഗില്‍ നോക്കിക്കോളു.

Unknown said...
This comment has been removed by a blog administrator.
ഏറനാടന്‍ said...

ഗൗരിനാഥന്റെ ബ്ലോഗില്‍ പ്രിയസുഹൃത്ത് സുനില്‍ കോടതി വഴി അവിചാരിതമായി എത്തിയതാണ്‌. ഒറ്റയിരുപ്പില്‍ മിക്ക പോസ്റ്റുകളും വായിച്ചു. വളരെ നല്ല എഴുത്ത് അതിലുപരി വിഷയങ്ങളും കണ്‍തുറപ്പിക്കുന്നവ. എടുത്തുപറയാനാണെങ്കില്‍ ഘാനയിലെ അടിമകളുടെ വല്ലാത്തൊരു ഞെട്ടലും ഭീതിയുമുളവാക്കി. മലയാളികളുടെ സദാചാരബോധത്തിനപ്പുറത്തെ യാഥാര്‍ഥ്യങ്ങളും കിടിലമുണ്ടാക്കി..

chithrakaran ചിത്രകാരന്‍ said...

ഇത്ര നല്ലൊരു ബ്ലോഗ് ഇത്ര നാളും കണ്ടില്ലല്ലോ എന്നൊരു വിഷമമാണ് തോന്നുന്നത്.
സമൂഹത്തിലെ അടിയൊഴുക്കുകളെക്കുറിച്ച് നേര്‍സാക്ഷ്യം നല്‍കുന്ന മായ കാഴ്ച്ചയുടെ ബ്ലോഗര്‍ക്ക് അഭിവാദ്യങ്ങള്‍

Kunjipenne - കുഞ്ഞിപെണ്ണ് said...

ചേച്ചി കുഞ്ഞിപ്പെണ്ണ്‌,
കുറച്ച്‌ വൈകിയോന്നൊരു സംശയം?
രോഗാതുരമായ മനസ്സാണ്‌ ഇത്തരം കാഴ്‌ചകള്‍ കണ്ട്‌ പിടിക്കുന്നതെന്ന്‌ ഞാന്‍ പറഞ്ഞില്ല .
ഒരോരുത്തരുടേയും മനസ്സു പോലെയാണ്‌ കാഴ്‌ചകള്‍ എന്നാണ്‌ ഞാനുദ്ദേശിച്ചത്‌.
മിണ്ടാതിരിക്കുന്നതാണ്‌ ബുദ്ധിയെന്ന്‌ ഇപ്പം തോന്നുന്നു.
ഈ പെര്‍ഫക്ടെന്നക്കെ പറഞ്ഞാലെന്താ ചേച്ചി,
ശുദ്ധസംബന്ധമല്ലെ, കാഴ്‌ചേടെ പ്രശ്‌നം തന്നെ!
ശാന്തമായിരിക്കുക എന്നതുകൊണ്ട്‌ ഞാനുദ്ദേശിച്ചത്‌ മിണ്ടാതിരിക്കുക എന്നല്ല.
മാവിന്റെ വിത്തിനുള്ളില്‍ ഒരു വലിയ മരം ഇരിക്കും പോലെ, നൂറ്‌ കണക്കിന്‌ മാങ്ങകളിരിക്കും പോലെ, ഇലകളിരിക്കും പോലെ പൂക്കളിരിക്കും പോലെ
പക്ഷെ നമുക്ക്‌ ലോകത്തുള്ളതുമുഴുവന്‍ ഒരുതട്ടിലാണ്‌ ഒന്നുകില്‍ ശരിയുടെ തട്ട്‌ അല്ലങ്കില്‍ തെറ്റിന്റെ തട്ട്‌
മാവിരുന്നാലും മാങ്ങ ഇരുന്നാലും പൂവിരുന്നാലും നമുക്കതൊരു മാങ്ങാണ്ടിക്കൂട്‌, അത്രമാത്രം.
ലോകത്തെന്തിനെയെങ്കിലും ചേച്ചി നേരേയാക്കാന്‍ ശ്രമിക്കുന്നുണ്ടൊ? ഉണ്ടങ്കില്‍ അതിന്‌ കഴിയുമൊ?
ഉടനെ അതിനൊരു ചോദ്യം വരും അതിനുള്ള ഉത്തരം അപ്പോള്‍ പറയാം.
പിന്നെ എന്റെ തെറ്റിദ്ധാരണയെ കുറിച്ച്‌, തെറ്റിദ്ധാരണകളുടെ ഒരു കൂമ്പാരമാണ്‌ ഞാന്‍, എങ്കിലും ചേച്ചിയുടെ എഴുത്തില്‍ പല കുഞ്ഞ്‌ അനുഭവങ്ങളോടും രോക്ഷം ഉള്ളതായി തോന്നി, ഒന്നിനോടും രോക്ഷമില്ലങ്കില്‍ ഉള്ളില് തീയില്ല. എന്റെ ഒരു തെറ്റിദ്ധാരണ മാത്രം
വീണ്ടും വീണ്ടും എഴുതുക
ഒത്തിരി സ്‌നേഹത്തോടെ കുഞ്ഞിപെണ്ണ്‌.

നരിക്കുന്നൻ said...

"അതില്‍ പന്ത്രണ്ടു പേര്‍‌ സ്വന്തം പിതാവിനാലൊ, ,സഹോദരനാലോ, അമ്മാവനാലോ , അടുത്ത വീട്ടിലെ സുഹ്രുത്തുക്കളാലോ സ്ഥിരമായി ലൈഗിക പീഢനത്തിനു ഇരയാണ്"

സമകാലീന കേരളത്തിൽ വളരെ പ്രസക്തമായ ഒരു പോസ്റ്റ്. അഭിനന്ദനങ്ങൾ അർഹിക്കുന്നു. നമ്മുടെ സമൂഹം എത്രമാത്രം അധപതിച്ചിരിക്കുന്നു എന്ന് ഈ പോസ്റ്റിലൂടെ കാണാം. സ്വന്തം മകളെ, സ്വന്തം പെങ്ങളെ കാമ ശമനത്തിന് ഇരയാക്കുന്ന ഇവരെ എന്തു ചെയ്യണം? സംരക്ഷിക്കപ്പേടേണ്ടവരാൽ പീഡിക്കപ്പെടുമ്പോൾ ഈ കുഞ്ഞുങ്ങൾ എവിടെ അഭയം തേടും?

പക്ഷേ ഇവിടെ ഉയരുന്ന മറു ചോദ്യമുണ്ട്. പടിഞ്ഞാറൻ സംസ്കാരങ്ങളെ അവ എത്ര മ്ലേച്ചമായതായാലും അനുകരിക്കുന്നത് ഒരു ഫാഷനായി കാണുന്ന മലയാളി എങ്ങനെ ഈ പ്രശ്നത്തിന് പരിഹാരം കാണും. തന്റെ മകൾക്ക് ഒരു കാമുകനുണ്ടാകുന്നത് സ്റ്റാറ്റസ് സിമ്പലായി കാണുന്ന, കല്യാ‍ണം കഴിക്കുന്നതിന് മുമ്പ് തന്നെ ലൈഗിഗ ബന്ധത്തിലേർപ്പെട്ട് സംത്ര്ഹ്പ്തരാണങ്കിൽ മാത്രം തുടർന്ന് ജീവിക്കുന്ന, കല്യാണത്തിന് മുമ്പേ പലവട്ടം അബോർഷന് വിധേയരാകുന്ന, അമ്മമാരാകുന്ന അവരുടെ സംസ്കാരം മാത്രം നാം എങ്ങനെ വേണ്ടന്ന് വക്കും. ഇവിടെ അച്ചൻ മകളെയോ, ആങ്ങള പെങ്ങളേയോ ഈ രൂപത്തിൽ കാണുന്നുണ്ടങ്കിൽ അതിന് ഒരു പ്രധാന കാരണക്കാരി ആ മകളോ, പെങ്ങളോ, പിന്നെ അമ്മയോ ആണ്. ഒരു പ്രാവശ്യം മൌനിയായിരിക്കുന്നതിന്റെ തിക്ത ഫലങ്ങളാണ് പിന്നീടങ്ങോട്ട് പീഢനങ്ങളായി മാറുന്നത്. ഇവിടെ സമൂഹത്തിന് ഒരുപാട് ചെയ്യാനുണ്ടാകും. പക്ഷേ, ആരാന്റെ മ്മാക്ക് പിരാന്ത് വന്നാൽ കാണാൻ നല്ല ചേലെന്ന് കരുതിയിരിക്കുന്ന നമ്മുടെ സമൂഹം എന്ത് ചെയ്യാൻ.

ഗൗരിനാഥന്‍ said...

വത്സലന്‍ വാതുശ്ശേരി , സ്‌പന്ദനം, mang, അരുണ്‍ കായംകുളം, Pramod.KM , വെള്ളെഴുത്ത് , കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. , paarppidam,നരിക്കുന്നൻ, ഞാനേ പൂമ്പൊടിയാ , ഏറനാടന്‍ ,mljagadees ചിത്രകാരന്‍chithrakaran എല്ലവര്‍ക്കും നന്ദി ...ഞാന്‍ ഇതെഴുതുമ്പോള്‍ ഉദ്ദേശിച്ചത് ഇത്ര മാത്രം..പുറത്ത് നിന്നുള്ള ഒരാള്‍ക്ക് ഈ കുടുംബ വിഷയത്തില്‍ ചെയ്യാനാകുന്നതു പരിമിതം.പ്രത്യെകിച്ച് നമ്മുടെ സാമൂഹ്യവ്യവസ്ത പെണ്ണുങ്ങളേ ക്രൂശിക്കാന്‍ തയ്യാറായി ഇരിക്കുമ്പോള്‍.. അതാത് കുടുംബങ്ങളിലുള്ളവര്‍ മറ്റുള്ളവരുടേ സദാചാരത്തിലേക്കു നോക്കാതെ അവനവന്റെ കുടുംബത്തില്‍ ഓരോരുത്തരും സുരക്ഷിതരാണോ എന്നു ഉറപ്പു വരുത്തി കൂടെ..സ്‌പന്ദനം പറഞ്ഞ പോലെ ജാഗ്രതയൊടെ ഇരിക്കാമല്ലോ..
അങ്ങിനെ എങ്കില്‍ ഈ ഗതികേടുകള്‍ ഒഴിവാക്കാമല്ലോ...

പിന്നെ ജഗദീഷ് പറഞ്ഞത് നൂറ് ശതമാനം സത്യമാണ്..പ്പരസ്യങ്ങല്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ നീങ്ങേണ്ട കാലം കഴിഞ്ഞു..കുറെ ഒക്കെ നമ്മുക്കു സ്വയം നിയന്ത്രിക്കാന്‍ പറ്റുന്നതായിട്ടും നമ്മള്‍ അടിമകള്‍ ആയി കൊണ്ടിരിക്ക തന്നെ..പിന്നെ പാര്‍പ്പിടം കോടതികളില്‍ ഹിയര്‍ ദ അതര്‍ സൈഡ് എന്നതു വേണം എന്നു തന്നെ എന്റെ വാദം ഇല്ല്യെങ്കില്‍ ഇപ്പോള്‍ നിലനില്‍കുന്ന അവകാശങ്ങള്‍ കൂടി പാവങ്ങള്‍ക്കില്ലാതകില്ലെ..ഒന്നും സിസ്റ്റത്തിന്റെ കുഴപ്പം ആണേന്ന് എനിക്ക് തോന്നാറില്ല..ഏറ്റവും നന്മക്കു വേണ്ടി പോലും നമ്മള്‍ ഉണ്ടാക്കിയ എല്ലാം ദുരുപയോഗം ചെയ്യുന്ന മനുഷ്യന്റെ കുടില ബുദ്ധി അല്ലേ യദാര്‍ത്ത പ്രശ്നക്കാര്‍..അതു കൊണ്ടാണ് റേപ്പ് ചെയ്യപെട്ട പെണ്‍കുട്ടി പിന്നെയും കോടതികളീല്‍ വാക്കുകളാല്‍ വീണ്ടും റേപ്പ് ചെയ്യപെടുന്നതു..
ഏത് ശിക്ഷ കൊടുത്താലും ഫലമില്ലാതെ ആകുന്നതും...

chithrakaran ചിത്രകാരന്‍ said...

വളരെ നല്ല പോസ്റ്റ് എന്ന അഭിപ്രായത്തില്‍ നിന്നുകൊണ്ടുതന്നെ ... ഈ വക പ്രശ്നങ്ങളെ കാണുന്ന രീതിയിലും പരിഹരിക്കുന്ന മാര്‍ഗ്ഗത്തിലും കതിരില്‍ വളം വക്കുന്ന രീതിതന്നെയല്ലേ നാം പിന്തുടരുന്നത് എന്ന ചിത്രകാരന്റെ സന്ദേഹമറിയിക്കട്ടെ.

എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളെ ദ്രോഹിക്കുന്ന നികൃഷ്ടരെ നമുക്കെന്താണു ചെയ്യാനാകുക ?
ജയിലിലിടാം,മനശ്ശാസ്ത്ര ചികിത്സ നല്‍കാം,നാട്ടുകാര്‍ ഒത്തുകൂടി തല്ലിക്കൊല്ലാം.
പക്ഷേ,അയാള്‍ ഉപഗ്രഹ ജീവിയൊന്നുമാകില്ലല്ലോ! അയാളും നമുക്കിടയിലെ ഒരു മനുഷ്യനായിരിക്കും. അയാളെ നികൃഷ്ടനാക്കിയ സാഹചര്യം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നതിനാല്‍ വീണ്ടും അത്തരം നികൃഷ്ടന്മാര്‍ ഉണ്ടായിക്കൊണ്ടിരിക്കില്ലെന്ന് പറയാനാകുമോ?
പറയാനാകില്ലെന്നു മാത്രമല്ല, ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.

അപ്പോള്‍ എന്തുചെയ്യും?

പ്രശ്നം നികൃഷ്ടരായ പുരുഷന്മാര്‍ നടത്തുന്ന സ്ത്രീ പീഢനമൊന്നുമല്ല. അത് കതിരില്‍ വളം വക്കുന്നതുപോലുള്ള ഉപരിപ്ലവതയില്‍ നിന്നുണ്ടാകുന്ന പരിഹാര/വിശകലന പ്രസ്താവനയാണ്.ഒരു വര്‍ഗ്ഗീയ പ്രസ്താവനയും!
സ്ത്രീകളെ ജാഗ്രതക്കും,സംശയരോഗത്തിനും,ഭയത്തിനും അടിപ്പെടുത്തി സമൂഹത്തെ കൂടുതല്‍ പരുഷവും സ്നേഹ ശൂന്യവുമാക്കുന്ന ഈ സ്ത്രീപീഢന വിശകലന രീതി സ്ത്രീകളെത്തന്നെയാണ് നശിപ്പിക്കുന്നത്.നന്മ നിറഞ്ഞ സ്വന്തം പുരുഷനേപ്പോലും സ്നേഹിക്കാനാകാതെ... വിദൂരത്തിരിക്കുന്ന കാപട്യം നിറഞ്ഞ സന്തോഷ് മാധവന്മാരെ പഞ്ചാരടിച്ചും,ബ്ലോഗ് മൈഥുനം നടത്തിയും സ്വന്തം പുരുഷനോടു തോന്നുന്ന അകാരണമായ പക വീട്ടുന്ന പെണ്‍പക്ഷ വാദികളെ ബ്ലോഗില്‍ തന്നെ ധാരാളം കാണാനാകുന്നു!

നമ്മുടെ സമൂഹത്തില്‍ സ്നേഹത്തിന്റെ വരള്‍ച്ചയുണ്ട്. ബന്ധങ്ങളുടെ വിള്ളലുകളുണ്ട്. കപടമായ നന്മയുണ്ട്. ചതിക്ക് നീതിശാസ്ത്രമൊരുക്കുന്ന ആചാരങ്ങളുണ്ട്. എന്തിനേയും വിലകൊടുത്തുവാങ്ങമെന്നു അടക്കം പറയുന്ന പണത്തിന്റെ അവിശുദ്ധ പാരംബര്യമുണ്ട്.
സര്‍വ്വോപരി പണത്തിന്റെ ഭരണവും,ദൈവവല്‍ക്കരണവുമുണ്ട്.
ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചികിത്സ ഇവിടെ നിന്നുമാണ് തുടങ്ങേണ്ടത്.
സമൂഹത്തെ കീറി മുറിച്ചു പഠിക്കണം. സാമൂഹ്യ ചരിത്രം വിശകലനം ചെയ്യണം.
ദുരഭിമാനത്തിന്റെ വിഷബീജങ്ങളെ സമൂഹ മനസ്സില്‍ നിന്നും നീക്കം ചെയ്യണം.
കുറച്ചു വേദനിക്കും. പക്ഷേ, സ്നേഹത്തിനും,നന്മക്കും വേണ്ടിയാകുമ്പോള്‍ വേദന വേദനയായി തോന്നിക്കൂട.

അല്ലാതെ, സ്ത്രീ പീഡകരെയും പുരുഷ പീഢകരേയും പിശാചിന്റെ രൂപമാക്കി പ്രതിഷ്ടിച്ച് കല്ലെറിഞ്ഞു കളിക്കുന്നതൊക്കെ പ്രാകൃതമായ അറേബ്യന്‍ ന്യായങ്ങളുടെ ആവര്‍ത്തനമേ ആകുന്നുള്ളു.

ഇതൊക്കെ സമൂഹത്തിലെ വൈകല്യങ്ങളെക്കുറിച്ചുള്ള ചിത്രകാരന്റെ സ്വന്തം നിരീക്ഷണങ്ങളാണ്. ബ്ലോഗിലെ സൌകര്യം ഉപയോഗപ്പെടുത്തി ഈ ചിന്തകള്‍ പങ്കുവക്കുന്നു എന്നുമാത്രം. പോസ്റ്റ് എഴുതിയ മായാകാഴ്ച്ചയുടെ ബ്ലോഗര്‍ക്കോ, കമന്റെഴുതിയവര്‍ക്കോ ഉള്ള ഉത്തരമാണെന്ന് ദയവായി തെറ്റിദ്ധരിക്കാതിരിക്കുക.

സസ്നേഹം :)

ശ്രീ ഇടശ്ശേരി. said...

thegunna kunju manassinde bharam erakki vekkan orathani avan kazinjathu thanne valiya karyamanu..bakki okke pinnathe karyavum..
ella nanmakalum nerunnu.

ഭൂമിപുത്രി said...

ഈ ബ്ലോഗിലേയ്ക്ക് നയിച്ച ചിത്രകാരൻ നന്ദി.
ഇതുപോലെ ഓരോന്ന് വീട്ടിലിരുന്ന് വായിക്കുമ്പോൾ
വല്ലാത്ത അവിശ്വസനീയതയാണ്,
സത്യമാണെന്നറിയാതെയല്ല.
ഇതിപ്പോൾ,ഗൗരി സ്വന്തം അനുഭവമേഖലയിൽനിന്ന് തന്നെ ചിലതെടുത്ത്കാണിയ്ക്കുമ്പോൾ,
ഇതൊകെ തൊട്ട്മുൻപിൽ കണ്പോലെ!
കുഞ്ഞുങ്ങളൂടെ സുരക്ഷ ആദ്യം ഉറപ്പാക്കാൻ കഴിയുന്ന അമ്മമാരെയല്ലെ
തുടക്കത്തിലേ ബോധവൽക്കരിയ്ക്കേണ്ടതു?

ഗൗരിനാഥന്‍ said...
This comment has been removed by the author.
ഗൗരിനാഥന്‍ said...

ചിത്രകാരന്റെ സന്ദേഹം ഈയുള്ളവളിലും വേണ്ടതിലും അധികം ഉണ്ട്.ഇങ്ങനെ സന്ദേഹമുണ്ടെന്നുള്ള കേള്‍ക്കുന്നതും സന്തോഷമാണെനിക്കു..കാരണം അവ നല്ല മാറ്റങ്ങളിലേക്കുള്ള ആദ്യ പടി ആയി കരുതുന്നു ഇന്നു കേരളത്തില്‍ അല്ലെങ്കില്‍ ലോകത്ത് നിലനില്‍ക്കുന്ന 75% വികസന പരിപാടികളും കതിരില്‍ വളം വെക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ബാക്കി 25% ആകട്ടെ ഈ ഡോമിനേറ്റ് ചെയ്യുന്ന 75% ത്തില്‍ മുങ്ങി പൊകുന്നു,എങ്കിലും ചില നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നെങ്കിലും ആശ്വസിക്കാം..എന്തു കൊണ്ടാണീ കതിരില്‍ വളം വെക്കുന്ന രീതിക്ക് പ്രചാരം കിട്ടുന്നത് ചിത്രകാരന്‍ പറഞ്ഞത് തന്നെ കാരണം സമൂഹത്തെ കീറി മുറിച്ചു പഠിക്കണം.
അപ്പൊള്‍ കുറച്ചു വേദനിക്കും..അതിനെ എല്ലാവര്‍ക്കും പേടിയാണ്..പക്ഷെ എല്ലാക്കാലവും നാം ഇങ്ങനെ തന്നെ ആകില്ല..കീറിമുറിക്കേണ്ട കാലം അടുത്ത് തന്നെ..
പിന്നെ ഫെമിനിസം എന്നാല്‍ പെണ്ണങ്ങള്‍ ആണുങ്ങളെ വെറൂക്കലോ, അവിസ്വസിക്കലോ ആണെന്ന് കുറേ ആള്‍ക്കാര്‍ വിശ്വസിച്ച് വെചിരിക്കുകയാണ്..ഞാന്‍ കേരളത്തിന്റെ തലസ്താന നഗരിയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ടിട്ടുണ്ട് ഒരു തരം അന്യഗ്രഹ ജീവികളെ പോലെ സാധാരണക്കാരായ സ്ത്രീകളോട് ഇടപെടാന്‍ പോലുമറിയാത്ത, സാധാരണക്കാരികള്‍ക്കു അടുപ്പം തോന്നിപ്പിക്കാത്ത വിധത്തില്‍ വസ്ത്രാലങ്കാര- ചേഷ്ടകളോട് കൂടിയ ഫെമിനിസ്റ്റ് പെണ്ണുങ്ങളെ.എന്തോന്നു ഫെമിനിസം ഞാന്‍ ഒരെ ഒരു ഇസത്തിലാണ് വിശ്വസിക്കുന്നതു.. അതു മനുഷ്യത്തമാണ്..അതുണ്ടെങ്കില്‍ ബാക്കി ഇസത്തിന്റെ ആവശ്യം തന്നെ ഇല്ല്യ..അത് മാത്രമാണ് ഇപ്പോള്‍ നമ്മുക്കു നഷ്ടപെട്ടിരിക്കുന്നതു..ദേഷ്യം, കരുണയില്ല്യായ്മ, കപടത, പണത്തിന്റെ ഭരണവുംഎല്ലാമതിന്റെ അനന്തരഫലങ്ങള്‍.എല്ലാവരും ഒറ്റകെട്ടായി നിന്നു അതു മാറ്റുക തന്നെ ലക്ഷ്യം..അതിനായി കുറച്ച് പേരെങ്കിലും ലോകത്ത് ബാക്കിയുണ്ട് എന്നാണേന്റെ വിശ്വാസം..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അറിഞ്ഞിട്ടും അറിയാതെ നടിയ്ക്കുന്ന സത്യങ്ങള്‍

നല്ല ലേഖനം

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
Kunjipenne - കുഞ്ഞിപെണ്ണ് said...

ഗൌരി ചേച്ചി ,കുഞ്ഞിപെണ്ണിനോട് എന്തോ ഒരു പിണക്കം പോലുണ്ടല്ലൊ?

ഗൗരിനാഥന്‍ said...

കുഞ്ഞിപെണ്ണേ പിണക്കമല്ലാ‍ാ.........ഒരുപാടു തിരക്കിലാ..വിശദമായി പിന്നെ....

Unknown said...

ഗൗരിനാഥ്,
താങ്കളുടെ ഇ-മെയില്‍ ഐഡി ഒന്നു തരാമോ?

ptsadik@gmail.com

യാമിനിമേനോന്‍ said...

കേരളത്തിലെ സ്ത്രീകള്‍ക്കുനേരെ ഓരോദിവസവും പീഠനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വളരെ വളരെ വേദനാജനകമായ അനുഭവങ്ങള്‍ ആണ് പെണ്ണായി പിറന്ന മലയാളികള്‍ അനുഭവിക്കുന്നത്. ഓരോദിവസവും പുലരുന്നത് പുതിയ പുതിയ പീഠനങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്തയുമായിട്ടാണ്..പാലുകുടിമാറാത്ത കുഞുകുട്ടികളെ പീഠിപ്പിക്കുവാന്‍ എങ്ങിനെ ഇവര്‍ക്ക് കഴിയുന്നു,എന്ത് ആനന്ദമാണിതില്‍ നിന്നും ലഭിക്കുന്നത്?

ഗൌരീ ഇത്തരം ഒരു വിഷയവുമായി ആണ് ഞാനും ബ്ലോഗ്ഗിങ്ങ് തുറ്ടങ്ങിയത്.സമാനമായ വിഷയം നിങ്ങളുടെ പോസ്റ്റിലും കണ്ടു...
അഭിനന്ദനങ്ങള്‍ ...താങ്കളുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും...

paarppidam said...

താങ്കളുടെ ഏതെങ്കിലും കുറിപ്പ് മാത്രഭൂമിയിൽ വന്നോ?
ഏതു കുറിപ്പാണാവോ മാത്രഭൂമിയിൽ വന്നത്?

വെള്ളെഴുത്ത് said...

മാതൃഭൂമിയില്‍ വന്നത് ഇത്.
പേരില്ലാത്ത കഥ

ഗൗരിനാഥന്‍ said...

ഞാനിപ്പോള്‍ നാട്ടിലാണ്..നെറ്റ് ഇന്നാണ് കിട്ടിയത്..അതുകൊണ്ടാണ് മറുപടി വൈകിയതു,,പാര്‍പ്പിടതിനു മറുപടിയിട്ട വെള്ളഴുത്തിനും നന്ദി...

Symphony said...
This comment has been removed by the author.
Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

ലേഖാവിജയ് said...

മറ്റുള്ളവരുടെ ജാലകങ്ങളിലേക്ക് കണ്ണും മിഴിച്ചിരിക്കുമ്പോള്‍‌ പുറകില്‍‌ നിങ്ങളുടെ കുഞ്ഞ് അത് ആണോ(*), പെണ്ണോ ആകട്ടെ സുരക്ഷിതരാണെന്ന് ഉറപ്പുണ്ടോ?
നിങ്ങളെന്തിനു സദാചാരതിനു കാവല്‍‌ ഇരിക്കണം, എത്ര പേര്‍ക്കതിനു യോഗ്യത ഉണ്ട്?

കാലിക പ്രസക്തിയുള്ള വിഷയം ഗൌരി ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു.ആശംസകള്‍!

മൃദുല said...

ദൈവമേ,

Rajesh T.C said...

കേരളത്തിന്‍‌ടെ കപട സംസ്കാരത്തിന് നേരെയുള്ള കുറെ ചോദ്യങ്ങള്‍..പീഡനത്തിന്‍‌റ്റെ സ്വന്തം നാട്.ഇനിയെങ്കിലും ദൈവത്തിന്‍‌റ്റെ സ്വന്തം നാട് എന്നുള്ള പ്രയോഗം ഒഴിവാക്കൂ..ദുര്‍ഗുണനെ സുഗുണന്‍ എന്ന് വിളിക്കുന്ന പോലെ.കേരളത്തില്‍ ഒരോ മിനിറ്റിലും ഒരു സ്ത്രി കാണാതാവുന്നു എന്ന് പത്രത്തില്‍ വായിച്ചിരുന്നു..ഇത് എഴുതുമ്പോള്‍ നാടുമങ്ങാട് രണ്ടാം ക്ലാസ്സ് കുട്ടിയെ സ്കൂള്‍ മാനേജര്‍ പ്രക്രിതിവിരുധപീഡനത്തിന് വിധേയമാക്കിയ വാര്‍ത്ത ചാനലുകള്‍ കാണിച്ചു കോണ്ടിരിക്കുന്നു.അങ്ങനെ കേരളത്തിണ്റ്റെ ഓരോ സ്ഥലവും പീഡനത്തിണ്ടെ പേരില്‍ കുപ്രസിദ്ധി നേടുന്നു.പിന്നെ NGO-കളെ കുറിച്ച്..മിക്കെവാറും NGO കള്‍ക്ക് അവരുടെതായ hidden ajanda ഉണ്ട്.ഇപ്പോള്‍ NGO കാരെയും സ്ത്രി സംഘങ്ങളെയും കാണാനില്ല,അവരെല്ലാം എണ്ണയും കുഴമ്പും ഇട്ടിരിക്കാണ്,മൂന്ന് കോല്ലം കഴിമ്പോള്‍ തെരുവില്‍ ചൂലും പിടിച്ച് ഇറങ്ങേണ്ട്താണ്.പാര്‍പ്പിടം പറഞ്ഞതിലും കാര്യം ഉണ്ട്,നീതിപീഡത്തില്‍ നിന്നും ഇരകള്‍ക്ക് ശരിയായ രീതിയില്‍ നീതി ലഭിക്കാറുണ്ടോ? വക്കിലന്മാരെ- നിങ്ങളുടെ നീതിദേവത‌യോട് ഒരു അഭ്യര്‍ത്ഥന,ഇടത് കയ്യിലുള്ള ത്രാസ് താഴെ വെച്ച്, ആ കയ്യ് കൊണ്ട് കണ്ണില്‍ കെട്ടിയ കറുത്ത തുണി ഒന്ന് മാറ്റിനോക്കു,അപ്പോള്‍ കാണാം സാക്ഷികൂട്ടില്‍ നില്‍ക്കുന്ന ഇരയുടെ മുഖത്തെ ദൈനത,എന്നിട്ട് വലതു കയ്യിലേ വാള്‍ വേട്ടക്കരെ നേര്‍ക്ക് വീശൂ..
പീഡനക്കാരെ കയ്യ്‌വിലങ്ങിട്ട് റോഡിലൂടെ നടത്തുമെന്ന് പറഞ്ഞ അച്ചു മാമനേയും കാണമാനില്ല. പുള്ളിയെ പറഞ്ഞിട്ട് കാര്യമില്ല,കേരളത്തില്‍ റോഡ് ഉണ്ടെങ്കിലെല്ലെ....
വളരെ നല്ല പോസ്റ്റ് ആയിരുന്നു.. ഇനിയും ഇതുപോലെയുള്ള കാലിക പ്രസക്തിയുള്ള പോസ്റ്റ് പ്രതിക്ഷിക്കുന്നു...

Anil cheleri kumaran said...

വ്യത്യസ്ഥമായ പോസ്റ്റ്. ഇഷ്ടപ്പെട്ടു.

ഹാരിസ് നെന്മേനി said...

നീ ഞെട്ടിച്ചു ..മുമ്പ്‌ ഒരു സൂചന പോലും തന്നിട്ടില്ലല്ലോ എഴുത്തിനെ പറ്റി..കൊള്ളാം

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഈ ലേഖനത്തിലെ നിരീക്ഷണങ്ങളോട് വാക്കുകള്‍ക്കതീതമായ ഐക്യദാര്‍ഢ്യം.
സവിനയം... (പോരാട്ടം തുടരൂ.. സ്നേഹിതേ.)

Echmukutty said...

മൂന്നു വയസ്സിൽ,പന്ത്രണ്ട് വയസ്സിൽ,പത്തൊമ്പത് വയസ്സിൽ വയസ്സുകൾക്ക് പ്രസക്തിയില്ല, ഗൌരി....
ഓർമ്മകളിൽ അഴുക്ക് പിടിച്ച് നഖങ്ങളും, വേദനകളുടെ പെരുമഴയും....ചോദ്യവും ഉത്തരവും
കരച്ചിലും പ്രതിഷേധവും ഒന്നിനും ഒരു സാധ്യതയുമില്ല.
പെൺശരീരവുമായി തൊട്ടിലിൽ കിടന്ന് പേടിച്ച് കരയുന്നതിന്റെ ചിലമ്പിച്ച ഒച്ച മാത്രം.....

shine john said...

gud work

ഫൈസല്‍ ബാബു said...

കാലിക പ്രസക്തിയുള്ള വിഷയം >>>>> എന്താ ചെയ്യുക നാം ഇങ്ങിനെയൊക്കെയാണ് :( അപരിഷ്കൃത സമൂഹം :(