Monday 21 July 2008

കുറച്ചു ചോദ്യങ്ങള്‍ ???

കടപാട്‌: ഗൂഗിള്‍ ഇമേജ്

രണ്ടായിരത്തി മൂന്നിലെ വേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. എയിഡ്സ് കന്‍‌ഡ്രോള്‍ സൊസൈറ്റിയുടെ റിസോഴ്സ് പേഴ്സണ്‍ ആയി, ഇരുപ്പത്തി നാലു സ്കൂളിന്റെ ചാര്‍ജ്ജാണ് കിട്ടിയിരിക്കുന്നത്‌. ഒരു ബോധവല്‍‌ക്കരണ പരിപാടിയായ അതിന്റെ വിഷയം സെക്സ് എജുകേഷനും, വ്യക്തിത്വ വികസനവും ആണ്. ഞാന്‍ പെണ്‍‌കുട്ടികള്‍‌ക്ക് മാത്രമുള്ള ക്ലാസ്സുകള്‍‌ ആണ് തിരഞ്ഞെടുത്തത്. ഒരു ടീച്ചര്‍‌ ആയല്ല അവരുടെ അടുത്ത സുഹൃത്ത് തന്നെ ആയിരിക്കണം എന്ന് തീരുമാനിച്ചായിരുന്നു ഞാന്‍‌ ആ ജോലി ചെയ്യാന്‍‌ തീരുമാനിച്ചത്‌.

സാരി ഉടുത്തിറങ്ങുമ്പോള്‍‌ അമ്മ കളിയാക്കി “ ആ നല്ല ഗൌരവം തോന്നുന്നുണ്ട്‌ പക്ഷെ വായ തുറക്കല്ലേട്ടാ” അമ്മയെ കണ്ണുരുട്ടി കാണിച്ച് ഇറങ്ങുമ്പോള്‍‌ ഞാനറിഞ്ഞില്ല നിസ്സഹായതയുടെ നീര്‍തുളുമ്പുന്ന കുഞ്ഞു കണ്ണുകളെയാണ് കാണേണ്ടിവരിക എന്നു.

ടോട്ടോചാന്‍‌ വായിച്ചതിന്റെ ഭാഗമായുണ്ടായ ആദര്‍ശങ്ങളും, ചില്ലറ പൊടിക്കൈകളും, തമാശകളും ഒക്കെ ആയി കുട്ടികളില്‍ ഒരാളായി മാറാന്‍‌ എനിക്കെളുപ്പം കഴിഞ്ഞു. സ്ത്രീ- പുരുഷ ശാരീരിക വ്യത്യാസങ്ങളും, ലൈഗിക പീഢനങ്ങളും അവക്കെതിരെ എങ്ങിനെ പ്രതികരിക്കണം, പ്രതികരിക്കാതിരുന്നാല്‍‌ നമ്മുക്ക് തന്നെ നഷ്ടം എന്നെല്ലാം പഠിപ്പിക്കുമ്പോള്‍‌ ക്ലാസ്സില്‍‌ ചില കുട്ടികള്‍ തലചുറ്റി വീണു.
എങ്ങനെ അവര്‍‌ തലകറങ്ങാതിരിക്കും? സെക്സ് എന്താണന്നറിയാത്ത പ്രായത്തില്‍‌ സംരക്ഷിക്കപെടേണ്ടവരില്‍‌ നിന്നു തന്നെ സ്ഥിരമായി പീഢനത്തിനു ഇരയാകേണ്ടി വരുന്ന നിസ്സഹായാ‍യ ഒരു പെണ്‍‌കുട്ടി തലകറങ്ങാതെ എന്തു ചെയ്യാന്‍‌?
നൂറ് മുതല്‍‌ നൂറ്റിഅന്‍പത് കുട്ടികള്‍‌ ആണ് ഒരു ക്ലാസ്സില്‍ ഉണ്ടാവാറ്- അതില്‍‌ ഏറ്റവും കുറഞ്ഞത് പന്ത്രണ്ടു പേര്‍ എങ്കിലും സ്വന്തം പിതാവിനാലൊ, ,സഹോദരനാലോ, അമ്മാവനാലോ , അടുത്ത വീട്ടിലെ സുഹ്രുത്തുക്കളാലോ സ്ഥിരമായി ലൈഗിക പീഢനത്തിനു ഇരയാണ്.മിഠായി കൊടുത്തും, പുന്നാരിച്ചും, കൂടെ കളിച്ചും അവര്‍‌ കുട്ടികളെ മുതലാക്കുന്നു.
ഇതെന്നോട് തുറന്നു പറഞ്ഞവ മാത്രം, തുറന്ന് പറയാത്തവ എത്രയുണ്ടാകാം? എത്രെ നിസ്സഹായരാണു നമ്മുടെ കുട്ടികള്‍‌, ബസ്സില്‍‌ വച്ചുപദ്രവിക്കുന്ന ഒരാള്‍ക്കെതിരെ പ്രതികരിച്ചാല്‍‌ പ്രതിക്കൂട്ടിലാകുന്ന കേരളത്തിലവര്‍ എത്രത്തോളം ശക്തരാകും? ജനലിലൂടെ കാണുന്ന ചതുരാകാശവും, ഇത്തിരി നക്ഷത്രങ്ങളും...പിന്നെ കുറെ അരുതുകളും അവരെ തളര്‍ത്തുകയല്ലാതെ വളര്‍ത്തുകയില്ലല്ലോ... ഇരുപത്തിനാലു സ്കൂളുകളിലും അനുഭവം ഒന്നു തന്നെയായിരുന്നു.. അനുഭവസ്തരുടെ എണ്ണത്തില്‍‌ മാത്രം വ്യത്യാസം കാണാറുണ്ടു.

എടുത്തു പറയെണ്ട ഒരു അനുഭവം കൊണ്ടാണ് ഞാന്‍‌ ആ ജോലി വേണ്ടെന്ന് വെച്ചത്‌.ഈ പദ്ധതി ഒരു ബോധവല്‍ക്കരണ ക്ലാസ്സ് കൊണ്ടു അവസാനിക്കുന്നതായിരുന്നു.പക്ഷെ ഞങ്ങളില്‍‌ ചിലര്‍‌ കുട്ടികള്‍ക്ക് ഒരു സെന്‍‌ട്രല്‍‌ ഗവണ്മെന്റ് പദ്ധതി വഴി സഹായങ്ങള്‍‌ എത്തിച്ച് കൊടുത്തിരുന്നു. അങ്ങനെയാണ് ജയ( തല്‍ക്കാലം ഞാനവളെ അങ്ങിനെ വിളിക്കുന്നു) എന്റെ അടുത്തെത്തിയത്‌.

എന്റെ അമ്മയുടെ ഭാഷയില്‍‌ പറഞ്ഞാല്‍‌ ‘നല്ല പൂവന്‍പഴം പൊലെ ഐശ്വര്യമുള്ള കുട്ടി’. കരഞ്ഞു ചുവന്ന പൊലെ കവിളുകള്‍‌, കണ്ണുകള്‍‌ നിറച്ചും സങ്കടം. “ടീച്ചറെ എന്നെ രക്ഷിക്കാമോ?” എന്നായിരുന്നു എന്നെ കണ്ടപ്പോള്‍‌ ആദ്യം ചോദിച്ചത്‌ “ ഞാന്‍ ഉറങ്ങിയിട്ടേറെ നാളായി ടീച്ചറെ, അമ്മ ഉറങ്ങിയാല്‍‌ അച്ഛന്‍‌( രണ്ടാനച്ഛന്‍‌) എന്റെ റൂമില്‍ വന്ന് ശല്യപെടുത്തുകയാ” ബാക്കി പറയാനാകാതെ ജയ വാ വിട്ട് കരഞ്ഞു.

അമ്മയോടിക്കാര്യം പറഞ്ഞപ്പോള്‍‌ അവര്‍‌ അവളെ അടിച്ചെത്രെ!! സ്നേഹം കാണിക്കുന്ന അച്ഛനെ കുറിച്ച് അപവാദം പറഞ്ഞതിന് . ആ പെണ്‍‌ക്കുട്ടിക്ക് ലോകം കാണിക്കേണ്ട അമ്മ അവരുടെ ജീവിതം നഷ്ടപെടുമൊ എന്ന ഭീതിയിലായിരുന്നു.

ജയയെ സെന്‍‌ട്രല്‍‌ ഗവണ്‍‌മെന്റ് പദ്ധതിയിലേക്കു മാറ്റിതാമസ്സിപ്പിക്കാം എന്നു തീരുമാനമായപ്പോള്‍‌ ജയയുടെ അച്ഛന്‍‌ ആ കുട്ടിയെ ബലമായി എങ്ങോട്ടോ കൊണ്ട് പോയി. പക്ഷെ ജയയുടെ ഒരു ടീച്ചര്‍‌ ഇതു മുന്‍‌കൂട്ടി കണ്ടിരുന്നതിനാല്‍, ജയയെ അവര്‍‌ നിരീക്ഷിച്ചിരുന്നു. അവര്‍‌ അവള്‍‌ എവിടെയെന്നു കണ്ട് പിടിച്ച് പദ്ധതിയിലേക്ക് എത്തിച്ചു.

ഈ സംഭവങ്ങളെല്ലാം വളരെ രഹസ്യമായി ചെയ്യണമായിരുന്നു എന്നതായിരുന്നു അതിന്റെ എറ്റവും വലിയ റിസ്ക്.പുറത്തറിഞ്ഞാല്‍‌ എല്ലാവരും കുറ്റം ചുമത്തുക ആ കുട്ടിയെ ആകും, ചിലപ്പോള്‍‌ വിലയിടാന്‍‌ കാത്തു നില്‍ക്കുന്ന കഴുകന്മാര്‍‌ ഉണ്ടാകും....

പിന്നീട് ജയയെ കാണാന്‍ ഞാനൊരിക്കല്‍ ഈ പദ്ധതിയില്‍ ചെന്നു. ജയ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. “ ടീച്ചറേ എന്നെ ടീച്ചറുടെ കൂടെ കൊണ്ടോകാമൊ?” എന്നും ചോദിച്ച്.. ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്ന NGO ഒരു മതതിന്റെ സാമൂഹ്യസേവനത്തിനു വേണ്ടി ഉണ്ടാക്കിയതാണ്, അതു കൊണ്ട് ഇവിടെയുള്ള അന്തേവാസികള്‍‌ അവരുടെ മതാചാര-അനുഷ്ഠാനങ്ങള്‍‌ ചെയ്യേണ്ടതായി വരുന്നു. ഹിന്ദു മതത്തില്‍‌ ജനിച്ചു വളര്‍ന്ന ജയയടക്കം പല കുട്ടിക്കള്‍ക്കും അതു വീണ്ടും മാനസ്സിക വിഷമത്തിനു ഇടയാക്കി. അന്നു ജയയെ അടക്കി പിടിച്ച് ആശ്വസിപ്പികുമ്പോള്‍‌ ഞാന്‍‌ ഉള്ളില്‍‌ കരഞ്ഞു.
“ ഇല്ല കുഞ്ഞുങ്ങളെ നിങ്ങള്‍ക്കാര്‍ക്കും തരാന്‍‌ ഒന്നുമ്മില്ല എന്റെയീ ദുര്‍ബലമായ കൈക്കുള്ളില്‍..”

ഞാന്‍‌ ഈ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍‌ കേരളം മറ്റൊരു വാര്‍ത്ത കൊണ്ടാടുകയായിരുന്നു.ഒറ്റക്കു താമസ്സിക്കുന്ന ഒരു എഴുത്തുക്കാരിയുടെ (ശ്രീബാലയാണെന്നാണ് ഓര്‍മ്മ) ഫ്ലാറ്റില്‍‌ വന്നു പോകുന്ന പുരുഷന്മാരും അവെരെന്തിനു വരുന്നു, ആ എഴുത്ത് കാരിയുടെ സദാചാരം, ചാരിത്ര്യം ഇത്യാദി കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വിലക്കേര്‍പ്പെടുത്തിയ ഒരു ഹൌസിങ്ങ് കോളനിക്കാരെ കുറിച്ച്.. പത്രങ്ങളില്‍‌ വാര്‍ത്തകള്‍‌, ചര്‍ച്ചകള്‍‌, അഭിപ്രായങ്ങള്‍‌, വായിച്ചപ്പോള്‍‌, തമാശ തോന്നി. എന്റെ കൊച്ചു കേരളത്തിലെ കപട സദാചാരികളോട് ഞാന്‍ ചോദിച്ചു കൊണ്ടേയിരുന്നു.


മറ്റുള്ളവരുടെ ജാലകങ്ങളിലേക്ക് കണ്ണും മിഴിച്ചിരിക്കുമ്പോള്‍‌ പുറകില്‍‌ നിങ്ങളുടെ കുഞ്ഞ് അത് ആണോ പെണ്ണോ ആകട്ടെ സുരക്ഷിതരാണെന്ന് ഉറപ്പുണ്ടോ?
നിങ്ങളെന്തിനു സദാചാരതിനു കാവല്‍‌ ഇരിക്കണം, എത്ര പേര്‍ക്കതിനു യോഗ്യത ഉണ്ട്?
ഉണ്ടെന്നു ഭാവിക്കുന്ന സദാചാരത്തിനു ചലനം സംഭവികുമ്പോള്‍‌ നിങ്ങള്‍‌ എന്തിനു വേവലാതി പിടിക്കണം?
നിങ്ങള്‍‌ നിങ്ങളെ വെച്ച് മറ്റുള്ളവരെ അളന്നിട്ടല്ലേ?
ഒരു ആണിനും പെണ്ണിനും സൌഹ്രുദം ആയിക്കൂട എന്നുണ്ടോ?
പ്രായപൂര്‍ത്തി ആയ ഒരു ആണും പെണ്ണും തമ്മില്‍‌ അടുത്തിടപഴകുന്നതാണോ, അതോ അറിയാത്ത പ്രായത്തില്‍‌ നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മേല്‍‌ സെക്സ് എന്ന ദൌര്‍ബല്യം മുതിര്‍ന്നവര്‍‌ വെച്ച് കെട്ടി കൊടുക്കുന്നതാണോ തെറ്റ് ?‌
ദൈവത്തിന്റെ സ്വന്തം നാട് എന്ന മുഖം മൂടിക്കുള്ളില്‍‌ സാക്ഷര സമ്പന്നരായ നാം എത്ര കാലം ഇത്തരം സത്യങ്ങളെ മൂടി വെക്കും?

----------------------------------------------------------------

Saturday 19 July 2008

എന്റെ പ്രിയപ്പെട്ട കാതറിന്‍

ആദ്യത്തെ നാലു ദിവസത്തെ അമ്പരപ്പ് തീരും മുന്പേ സ്കൂള്‍ ഓഫ് എൻവയോണ്മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് ന്റെ ഇന്റക്ഷൻ വീക്ക്‌ ആരംഭിച്ചു. പല നിറത്തില്‍ ഉള്ള ആളുകള്‍ നിരന്നിരിക്കുന്ന ഹാളിലേക്ക് കടക്കുമ്പോള്‍ കാലുകള്‍ വിറച്ചു. ആദ്യമേ തന്നെ ഒരു ഇന്ത്യന്‍ മുഖമാണ് ശ്രദ്ധയില്‍ പെട്ടത്. എന്റെ ട്യൂട്ടര്‍ ഉമാ കോത്താരി. മുന്‍പില്‍ നിരന്നിരിക്കുന്നത് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ പുലികളാണ് :- സാം ഹിക്കി, ടോണി ബെബ്ബിങ്ങ്സണ്‍, അട്മോസ് ശിമ്പോവ് , ഡയാന മില്ടന്‍ , ഫിലിപ്പ് വുഡ് ഹൌസ്.... എന്നിങ്ങനെ നീളുന്ന നിര.

കൊഴ കൊഴാന്ന് കേള്‍ക്കുന്ന ഇംഗ്ലീഷ് പകുതിയും മനസ്സിലായില്ല, പ്രത്യേകിച്ച് അമേരിക്കന്‍, ചൈനീസ്‌ ഇംഗ്ലീഷ്. എങ്കിലും ജന്മ വാസന കൊണ്ടെന്നവണ്ണം ആദ്യ ദിവസം തന്നെ ക്ലാസ്സിലെ എല്ലാവരെയും പരിചയപെടുകയും പേരുകള്‍ ഓര്‍ത്ത് വെക്കുകയും ചെയ്തു . അതിനിടക്കാണ്‌ വായ നിറച്ചും പുകയും വിട്ടു, മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞു നില്‍കുന്ന ഒരാളെ കണ്ടത്. അടുത്ത് ചെന്നു, അറിഞ്ഞ ഭാവം ഇല്ല. ഞാന്‍ വെളുക്കെ ചിരിച്ചു വിഷ് ചെയ്തു. വളരെ ബുദ്ധിമുട്ടി തല ഒന്നു ഉയര്‍ത്തി പറഞ്ഞു.'' ഞാന്‍ ഗ്രീസില്‍ നിന്നും കാതറിൻ ''.

ഞാന്‍ പറഞ്ഞു ''ഞാന്‍ ഇന്ത്യയില്‍ നിന്നു ശാരി'' കണ്ണുകളില്‍ ചിരിപരന്നു, പിന്നെ ചോദിച്ചു ഇന്ത്യയില്‍ എവിടെ? കണ്ട കൂട്ടുകാരില്‍ പലരും ഇന്ത്യയില്‍ വന്നവരാണ്. അത് കൊണ്ടു തന്നെ പറഞ്ഞു '' കേരളം'' കയ്യിലിരുന്ന സിഗരെറ്റ് വലിച്ചെറിഞ്ഞു കാതറിന്‍ എന്നെ പുണര്‍ന്നു. കേരളം ...ഞാന്‍ കേരളത്തിന്റെ ആരാധികയാണ് ..ഗ്രീസും കേരളവും തമ്മില്‍ പണ്ടു കച്ചവട ബന്ധം ഉണ്ടായിരുന്നു. പിന്നെ നിങ്ങളുടെ സിനിമകളും മനോഹരമാണ്. കലാപനിയും പിറവിയും ഞാന്‍ കണ്ടിട്ടുണ്ട്..... എന്നിങ്ങനെ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയം ,സാമൂഹ്യ സാമ്പത്തികമായ മാറ്റങ്ങള്‍, എല്ലാം കാണാപാഠമാണ് കാതെറിനു .

ക്ലാസ്സില്‍ ഒന്നും സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരി ആയ കാതെറിന്‍ എന്റെ അടുത്ത സുഹൃത്തായി. സംസാരിക്കുക എന്നത് എനിക്കൊരു ഹോബി ആയതുകൊണ്ട് ക്ലാസ്സിലെ എല്ലാ ആള്‍ക്കാരുമായി നല്ല സൗഹൃദം ഉണ്ടാക്കാന്‍ എളുപ്പമായിരുന്നു. കാതെറിനു ഞാന്‍ വഴി അവരുമായി നല്ല ബന്ധം ഉണ്ടാവുകയും ചെയ്തു. അതിന് അന്ന് മുതല്‍ ഇന്നു വരെ നന്ദി പറയുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ എന്നെ കണ്ടാല്‍ ''നല്ല ദിവസം '' എന്ന് മലയാളത്തില്‍ ആശംസിക്കാന്‍ അവള്‍ മറക്കാറില്ല.

ഒരിക്കല്‍ കേരളത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുത്ത ക്ലാസ്സ്മുറിയില്‍ അമേരിക്കക്കാരി ആയ പെണ്‍കുട്ടി കേരളത്തിലെ സ്ത്രീകള്‍ കുടുംബത്തിനു അടിമകള്‍ ആണെന്ന് പറഞ്ഞപ്പോള്‍, ഞാന്‍ പ്രതികരിക്കും മുന്പേ കാതെറിന്‍ പ്രതികരിച്ചിരുന്നു. '' യൂറോപ്പിലെ സ്ത്രീകളെക്കാള്‍ ഭേദമാണ് , ഇവിടുത്തെ സ്ത്രീകള്‍ ഫാഷനും, പരസ്യങ്ങള്‍ക്ക്, സെക്സ് നും, മദ്യത്തിനും, മയക്കു മരുന്നിനും അടിമകളാണ്.. അതിലും എത്രയോ നല്ല അവസ്ഥയിലാണ് കേരളത്തിലെ സ്ത്രീകള്‍ ''..തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ..

വീട്ടുകാര്‍ക്ക് കാതെറിന്റെ പഠനത്തിനോട് എതിര്‍പ്പാണ്. അത് കൊണ്ടു തന്നെ സ്വയം ജോലി ചെയ്താണ് കാതെറിന്‍ പഠനത്തിന്‌ പൈസ കണ്ടെത്തുന്നത്. രാവേറുവോളം നീളുന്ന ഹോട്ടെല്‍ ജോലി. എന്നാലും ക്ലാസ്സില്‍ വന്നാല്‍ ഉറങ്ങാറില്ല. ഓരോ ക്ലാസ്സും കേള്‍ക്കുന്ന ആത്മാർത്ഥത കാണുമ്പോൾ ഞാന്‍ മനസ്സു കൊണ്ടവളെ നമിക്കാറുണ്ട്.

അന്നും പതിവു പോലെ കൊച്ചു വര്‍ത്തമാനവുമായി ഞങ്ങള്‍ ഏഴുപേര്‍ കൂടി നില്‍കുന്ന ഒരു വൈകുന്നേരം..ഒരു ബ്രിട്ടീഷ്കാരി വന്നു ജിങ്ങിനോട് ഏതോ ഒരു കെട്ടിടത്തിലേക്കുള്ള വഴി ചോദിച്ചു. ജിങ്ങ് സോറി ഒന്നു കൂടി പറയു എന്ന് ചോദിച്ചതും ആ പെണ്‍കുട്ടി പരിഹസിച്ചു." ഇംഗ്ലീഷ് അറിയില്ല അല്ലെ? നാണമില്ലല്ലോ ഞങ്ങളുടെ നാട്ടില്‍ വരാന്‍"

ജിങ്ങ്ന്റെ കണ്ണുകള്‍ നിറഞ്ഞു. തൃശ്ശൂര്‍ക്കാര്‍ പറയുന്ന മലയാളം മനസ്സിലാകാത്ത തിരുവനന്തപുരം കാരന് മലയാളം അറിയില്ലാന്നു പറയാന്‍ പറ്റില്ലല്ലോ?

കാതെറിന്‍ നടന്നകന്നു കൊണ്ടിരുന്ന ആ പെണ്‍കുട്ടിയെ ഓടി ചെന്നു തടഞ്ഞു നിര്‍ത്തി. പിന്നീട് വളരെ ഗൌരവത്തില്‍ ചോദിച്ചു " അവള്‍ ഇവിടെ പീജിക്കാണ് പഠിക്കുന്നത്. ഇവിടെ എടുക്കുന്ന ഓരോ ക്ലാസ്സും അവള്‍ക്ക് മനസ്സിലാകും'' പിന്നീട് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് കാരിയെ ചൂണ്ടി കാണിച്ചു തുടര്‍ന്നു " ഈ ബ്രിട്ടീഷ് കാരി പറയുന്നതെല്ലാം അവൾക്ക് മനസ്സിലാകും , നീ പറയുന്നതു മറ്റുള്ളവര്‍ മനസ്സിലാക്കണം എന്നഹൃദയമാണ് നിനക്കില്ലാതെ പോയത്.അവള്‍ സംസാരിക്കുന്നത് അവളുടെ സെക്കന്റ് ലാന്ഗ്വേജിലാണ് (ഭാഷ). നിനക്കു നിനക്കെന്തറിയാം ഇംഗ്ലീഷ് അല്ലാതെ , നീ ജനിച്ചതും വളര്‍ന്നതും ആ ഭാഷയില്‍ അല്ലെ? ജിങ്ങ് നീ ഒരു ചൈനീസ് വാക്ക് പറയു.. നീ ഒന്നു ശ്രമിച്ചു നോക്ക് പറയാന്‍..." ജിങ്ങ് പറഞ്ഞതു പറയാന്‍ അവർക്ക് സാധിച്ചില്ല..തുടര്‍ന്ന് ജിങ്ങിന്റെ കൈ പിടിച്ചു മാപ്പും പറഞ്ഞു ആ പെണ്‍കുട്ടി നടന്നകന്നു.


ഞാന്‍ കാതെറിനെ നോക്കി രണ്ടു മിനിട്ട് മുന്പ് കണ്ട രൌദ്ര ഭാവം മുഖത്തില്ല .. കാര്യമായി ഒന്നുംചിന്തിക്കാതെ സിഗരെറ്റും പുകച്ചു പതിവ് പോലെ ഒതുങ്ങി കൂടി നില്‍ക്കുന്നു. നേരത്തെ സടകുടഞ്ഞെഴുന്നെറ്റ ആ ഭാവം ആ മുഖത്ത് തന്നെയോ എന്ന് അത്ഭുത പെടുത്തും വിധത്തില്‍......

Wednesday 18 June 2008

ഘാനയിലൂടെ കുറച്ചു ദിവസങ്ങള്‍

നെതെര്‍ലാന്‍ഡ്‌ കണ്ടപ്പോഴേ കുട്ടനാട്ടില്‍ എത്തിയ സന്തോഷമായിരുന്നു. തോടും പുഴകളും, ബോട്ടും വള്ളങ്ങളും....അങ്ങിനെ അങ്ങിനെ എല്ലാം കുട്ടനാട് പോലെ തന്നെ. അതിന്റെ സുഖകരമായ ഓര്‍മയിലാണ്‌ അക്രയില്‍( ഘാന) വന്നിറങ്ങുന്നത്. നിരന്നു നില്ക്കുന്ന തെങ്ങിന്‍ തോപ്പുകളും , മണലും പിന്നെ മുയൽചെവിയനും കറുകയും നിറഞ്ഞു നില്ക്കുന്ന പുല്പരപ്പുകളും ,പപ്പായ മരങ്ങളും എന്ന് വേണ്ട, എന്റെ കേരളത്തെ ഓര്‍മിപ്പിക്കുന്നവയായിരുന്നു എല്ലാം. ആളുകളുടെ നിറത്തിലും അന്തരീക്ഷത്തിലെ ചൂടു കൂടുതലും ഒഴിച്ചാല്‍ കേരളം തന്നെ. പിന്നീടങ്ങോട്ട് പന്ത്രണ്ടു ദിവസത്തെ യാത്ര...ഘാനയുടെ പുരോഗമന പദ്ധതികളിലൂടെ, ജനങ്ങളിലൂടെ, ആദിവാസി വർഗ്ഗക്കാരിലൂടെ, ഇപ്പോഴും നിലനില്കുന്ന രാജവാഴ്ച്ചയിലൂടെ .... ഏഴാം ദിവസമാണ് ഞങ്ങള്‍ കേപ് ഓഫ് കോസ്റ്റ്ലുള്ള എല്മിന സ്ലേവ് കാസ്റ്റിലില്‍ എത്തിയത്. എണ്ണൂറ്റി അമ്പതു വര്‍ഷംപഴക്കമുള്ള അടിമ കോട്ട !!! ഇതു എല്മിന അടിമ കോട്ട
കണ്ണീരിന്റെയും , വേദനയുടെയും , രക്തത്തിന്റെയും മണമുള്ള എല്മിന അടിമ കോട്ട. ഇവിടെ ആയിരുന്നു അടിമകളെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അയക്കും മുൻപ്    വരെ അവരെ ഇവിടെ പൂട്ടി ഇട്ടു. നിരവധി പേരുടെ ജീവിതവും സ്വപ്നങ്ങളും പറിച്ചെടുത്ത സ്ഥലം. രണ്ടു ആഴമാര്‍ന്ന കിടങ്ങ്കള്‍ക്ക് നടുവിലാണ് ഈ ഭീകരന്‍ കോട്ട സ്ഥിതി ചെയ്യുന്നത്. അടിമകള്‍ ചാടി പോയാലും രക്ഷപെടാതിരിക്കാനുള്ള എളുപ്പ മാര്‍ഗം. ഇതാണ് ആ കിടങ്ങുകള്‍ ...

ഇവിടെ നിന്നാണ് അറുപതു മില്ല്യന്‍ കറുത്ത വര്‍ഗക്കാരെ മറുനാട്ടിലേക്ക് അടിമകള്‍ ആക്കി വിട്ടയച്ചയത് , സെറലിയോണ്‍, നൈജീരിയ, സെനഗല്‍,  ബർക്കിനോ ഫാസോ എന്ന് തുടങ്ങി വെസ്റ്റ് ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളിലേയും ജനങ്ങള്‍ അതില്‍ ഉള്‍പെട്ടിരുന്നു. അതില്‍ മൂന്നില്‍ ഒരു ഭാഗം ആള്‍ക്കാര്‍ ഈ കോട്ടക്ക് അകത്തു വെച്ചും, മൂന്നില്‍ ഒരു വിഭാഗം കപ്പലില്‍ വച്ചും കൊല്ലപെട്ടു. അതില്‍ കൊലപാതകങ്ങളും , ആത്മഹത്യകളും ഉള്‍പെടുന്നു. പിടിച്ചെടുത്ത അടിമകളെ ഇത്തരം ചങ്ങലകള്‍ കൊണ്ടു ബന്ധിപ്പിക്കും.
പിന്നീട് അവസാനത്തെ കുളി ( ലാസ്റ്റ് ബാത്ത് ) എന്നറിയപെടുന്ന വൃത്തിയാക്കല്‍ ചടങ്ങ് നടത്തപെടുന്നു. ലാസ്റ്റ് ബാതിന്റെ പെയിന്റിംഗ് :-


കുളിപ്പിച്ച് വൃത്തി ആക്കിയ അടിമകളെ പിന്നീട് മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചു ബ്രാന്‍ഡ് ചെയ്യപെടും, അങ്ങനെ ബ്രാന്‍ഡ് ചെയ്യപെട്ടവരെ എല്മിന കോട്ടയിലേക്ക് കൊണ്ടു പോകും.പിന്നീട് അവിടെ നടക്കുന്ന അടിമച്ചന്തയില്‍ പലതവണ പ്രദര്‍ശിപ്പിച്ചു , വില ഉറപ്പിക്കപെടും. വിലയില്‍ വില്‍പ്പനക്കാരനും വാങ്ങുന്നവരും ഒത്തു വരുന്നതു വരെ അടിമകള്‍ ഈ കോട്ടയില്‍ താമസിക്കപെട്ടു.
പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ചു രണ്ടു മുറിയില്‍ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. ആണ്‍കുട്ടികള്‍ അച്ഛനോടോപ്പവും, പെണ്‍കുഞ്ഞുങ്ങള്‍ അമ്മമാരോടപ്പവും താമസ്സിച്ചിരുന്നത്. ഒരു മുറിയില്‍ അമ്പതു മുതല്‍ നൂറു വരെ ആള്‍ക്കാര്‍ താമസിച്ചിരുന്നു. അത്തരം ഒരു മുറിയുടെ ഫ്ലാഷ് ഇടാതെ എടുത്ത ചിത്രം.
അതെ മുറി ഫ്ലാഷ് ഇട്ടെടുത്ത ചിത്രം.ഇവിടെ ആയിരുന്നു പുരുഷന്മാര്‍ താമസിച്ചിരുന്നത്‌.
ഇതു സ്ത്രീകള്‍ താമസിച്ചിരുന്ന സ്ഥലം ഫ്ലാഷ് ഇടാതെ എടുത്തത്‌.ഈ മുറികളില്‍ നൂറു മുതല്‍ നൂറ്റി അമ്പതു സ്ത്രീകള്‍ ആയിരുന്നു താമസിച്ചിരുന്നത്‌.
ഫ്ലാഷ് ഇട്ടെടുത്ത ചിത്രം.

ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറികള്‍ ....ഈ ചുമരുകള്‍ എത്രയോ രോദനങ്ങള്‍ കേട്ടിരിക്കും...കാത് ചുവരിനോട് ചേര്‍ത്ത് വെച്ചപ്പോള്‍ ആ കരച്ചില്‍ ഇപ്പോഴും കേള്‍ക്കാം എന്ന് തോന്നി. മുന്നോട്ടു നടന്നപ്പോള്‍ ആരോ ഓര്‍മ്മക്കായി വെച്ച റീത്തുകള്‍
ഈ സ്ഥലത്തായിരുന്നു സ്ത്രീകള്‍ പരസ്യമായി കുളിച്ചിരുന്നത്, അങ്ങനെ കുളിക്കുന്ന സ്ത്രീകളില്‍ നിന്നും ഇഷ്ടപെട്ടവരെ ഉടമകളായ വെളുത്ത വര്‍ഗ്ഗക്കാര്‍ മുകളിലേക്ക് വിളിപ്പിച്ചു ലൈന്‍ഗികമായി ഉപയോഗിച്ചിരുന്നത്.
ഈ ഗോവണി വഴിയാണ് അവര്‍ കയറി പോയിരുന്നത്, അപ്പോഴും അവര്‍ ചങ്ങലയാല്‍ ബന്ധിപ്പിക്കപെട്ടിരുന്നു.ഇത്തരത്തില്‍ സമ്മതിക്കാത്ത സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ചും, ചിലരെ അതിക്രൂരമായി ബലാത്സംഗം ചെയ്തും കൊന്നു കളഞ്ഞിരുന്നു. ചിലര്‍ക്കാവട്ടെ കൊല ചെയ്യുന്നത് വിനോദവും ആയിരുന്നത്രെ.ഇത്തരം ബന്ധത്തില്‍ ഗര്‍ഭിണികള്‍ ആയ അപൂര്‍വ്വം ചിലരെ സ്വതന്ത്രര്‍ ആക്കി, എങ്കിലും കൊല ചെയ്യപെട്ട ഗര്‍ഭിണികള്‍ ആയിരുന്നു അധികവും, വെളുത്ത വർഗ്ഗക്കാർക്കിടയിൽ മനുഷ്യനായി ഒരാള്‍ ഉണ്ടെന്നു ഓര്‍മ്മിപ്പിക്കും വിധത്തില്‍ ഒരു പ്രണയവും ആ കോട്ടയില്‍ സംഭവിച്ചു, അയാള്‍ പിന്നീട് അടിമ പെണ്ണിനോടൊപ്പം കേപ് ഓഫ് കോസ്റ്റ് ല്‍ താമസിച്ചിരുന്നുവത്രെ.
ഇതു വഴിയാണ് അടിമകളെ ബോട്ടുകളിലേക്ക് അയക്കാറുള്ളത്, അന്ന് ഈ കോട്ട കടലിനോടു ചേര്‍ന്നായിരുന്നു. പിന്നീട് കടല്‍ പിന്‍ വാങ്ങിപോയി , കുറച്ചു കര അവശേഷിച്ചു.
ഈ ഇടുങ്ങിയ വാതില്‍ കാണാത്ത ക്രൂരതകള്‍ ഉണ്ടാവില്ല. ഇവിടെ നിന്നും അടിമകള്‍ എന്നന്നേക്കുമായി അവരുടെ നാടും കുടുംബവുമായി ഉള്ള ബന്ധം ഇല്ലാതാകുന്നു.
സ്വാതന്ത്ര്യ മോഹികളായ അടിമകള്‍ ഇവിടെ അവസാനിക്കുന്നു.സ്വാതന്ത്ര്യത്തിനു പോരടിച്ച എല്ലാ അടിമകളെയും ഈ ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറിയില്‍ അടക്കുകയും, പട്ടിണിക്കിട്ട് പതുക്കെ കൊല്ലുകയായിരുന്നു പതിവു. ഈ മുറി ഡോര്‍ ഓഫ് നോ റിട്ടെണ്‍് എന്ന് അറിയപെടുന്നു.
ലോകത്ത് എല്ലായിടത്തും അടിമത്തം ഒരു തരത്തില്‍ അല്ലന്കില്‍ മറ്റൊരു തരത്തില്‍ നിലനിന്നിരുന്നു....... അല്ല ഇപ്പോഴും നിലനില്ക്കുന്നു.എങ്കിലും ഇത്രയും ക്രൂരമായ ഒരു വ്യവസ്ഥിതി ആഫ്രിക്കയിലെ നിലനിന്നിരുന്നോള്ളൂ. ഇന്നു നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്രത്തിന്റെ മൂല്യം, മറ്റെന്തിനോക്കയോ വേണ്ടി പണയപെടുതാന്‍ നാം മല്‍സരിക്കുന്ന ഈ സ്വാതന്ത്ര്യം ,അറുപതു മില്ല്യന്‍ ജനങ്ങളുടെ മാത്രം വിലയല്ല. ആരുമറിയാതെ ചരിത്രം മായ്ച്ചു കളഞ്ഞ എത്രയോ കോടി ജനങ്ങളുടെ ജീവന്റെ വില കൂടി ആകും.......

Saturday 19 April 2008

പേരില്ലാത്ത കഥ

ഇതു ഞാന്‍ എഴുതുന്നത് മാഞ്ചസ്റ്ററില്‍ നിന്നാണ് ...കയ്യിലൊരു കാലണ പോലുമില്ലാതെ ഉപരിപഠനത്തിന്‌ പുറപ്പെട്ട ഞാനെന്ന കഥയാണ്..കഥ പറയുമ്പോള്‍ ചരിത്രം പറയണമല്ലോ...ഇതും അങ്ങിനെ തന്നെ തുടങ്ങാം പണ്ടു പണ്ട് ...വളരെ പണ്ടല്ല രണ്ടായിരത്തില്‍ രണ്ടു കൂട്ടുകാര്‍ തമ്മില്‍ കണ്ടുമുട്ടി, ഒരു പൂച്ചക്കണ്ണുള്ള വെളപ്പായക്കാരന്‍ ബിജോയിയും ഈ ഞാനും ..പിന്നീട് സങ്കടത്തിലും സന്തോഷത്തിലും കുശുമ്പിലും കുനുഷ്ടിലും ഒരുമിച്ചു ജോലിയിലും, ആലത്തൂരിലെ ദോശ കടയിലും , ഇടുക്കിയിലെ ആദിവാസി കോളനിയിലും, തൃശ്ശൂര്‍ റൌണ്ടിലും ആഘോഷപൂര്‍വ്വം കറങ്ങി നടന്നു. എനിക്ക് വെളപ്പായയിലെ അച്ഛനും അമ്മയും ഉണ്ടായപ്പോള്‍ അവന് ശാന്തമ്മയുംഅച്ഛനും ഉണ്ടായി..പതിവു പോലെ ആളുകള്‍ കഥകള്‍ ഉണ്ടാക്കി ..കാലം കുറെ കഴിഞ്ഞപ്പോ മടുത്തു മറ്റുള്ളവരെ കുറിച്ചായി പറച്ചില്‍.. . അവന്‍ എന്റെ ജൂനിയര്‍ ആണെങ്കിലും ( ഇതു ഞാന്‍ എല്ലായിടത്തും പറയുന്നതു ഈഗൊ കൊണ്ട് ആണെന്നാണ് അവന്റെ വാദം) വയസ്സന്‍ ആയതു കൊണ്ടു അവന് കല്യാണ ആലോചന തുടങ്ങി. തളിക്കുളത്തും പരിസരപ്രദേശത്തു നിന്നും തലക്കുറികളും, നാളുകളും കുറെ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല ... കാലം ഏറെയായിട്ടും ഒന്നും ശരിയായില്ല.അവസാനം അച്ഛന്‍ എങ്ങനെയോ ഇരിങ്ങപ്പുറത്തു ഒരു കുട്ടിയെ കണ്ടെത്തി. അങ്ങിനെ അവന്‍ പെണ്ണ് കാണാന്‍ പോയി ...ഞാന്‍ ശ്വാസം അടക്കി പിടിചിരുപ്പാണ് റിസള്‍ട്ട് അറിയാന്‍ ...പെണ്ണും കണ്ടു ഫോട്ടോയും കൊണ്ടു ബിജോയ്‌ എന്റെ അടുത്തെത്തി .. ഭാഗ്യം ബുജി ലുക്ക് ഒന്നും ഇല്ല ..നല്ല കുട്ടി ..സാറ ജോസഫിന്റെ നോവല്‍ വായിക്കുന്ന ആളത്രേ നല്ലവള്‍ ആകാതിരിക്കില്ല. എന്നെ പോലെ ഒരു തലതെറിച്ച കൂട്ടുകാരിയെ തെറിപ്പിച്ചു കളയാന്‍ ശേഷി ഉള്ള ആളാണി വരാന്‍ പോകുന്നത്.ബിജോയ്‌ നല്ല ആശങ്കയിലാണ്...ഞാന്‍ തീരുമാനിച്ചു ആ കുട്ടിക്ക് ഈ കൂട്ടുകെട്ട് ഇഷ്ടപെട്ടില്ലങ്കില്‍ നിര്‍ത്താം ..കൂട്ടുകാരന്റെ മനസ്സമാധനമാണല്ലോ വലുത്. ഉള്ളില്‍ സങ്കടത്തോടെ ഞാന്‍ അത് പറഞ്ഞപ്പോള്‍ ബിജോയ്‌ പറഞ്ഞു പോസിറ്റീവ് ആയി ചിന്തിക്കാന്‍ , എന്റെ അമ്മ പറഞ്ഞു അവന് നല്ലവളെ തന്നെ കിട്ടൂ എന്ന്.

ആദ്യമായി ഫോണിലൂടെ ഞങ്ങള്‍ സംസാരിച്ചു..അന്ന് മുതല്‍ ഞാന്‍ പോസിറ്റീവ് ആയി..കാരണം ദിവ്യയെന്ന അവള്‍ അങ്ങിനെ ആയിരുന്നു.പിന്നീട് കല്യാണം കഴിഞ്ഞപ്പോള്‍ ഞാനൊരു കട്ടുറുമ്പായി അവരുടെ ഒപ്പം കറങ്ങി നടന്നു. വേഗം ഒരു ഉണ്ണി വേണമെന്നും എന്നെ അമ്മായി എന്ന് വിളിപ്പിക്കണം എന്നെല്ലാം പറഞ്ഞു പരസ്പരം മറ്റുള്ളവരെ കുറിച്ചു കമന്റുകള്‍ പറഞ്ഞു ...എന്നെയവള്‍ ഒരു പുറമക്കാരി ആക്കിയില്ല, പകരം സൗഹൃദത്തിന്റെ പുതിയ ലോകം തന്നു. എന്റെ പ്രിയ സുഹൃത്തിനെ പറിച്ചെടുത്തില്ല....പകരം മനസ്സു തുറന്നു എന്തും പറയാന്‍ അവള്‍ അവളെ തന്നെ തന്നു.. പിന്നീട് ബിജോയ്‌ ഔട്ട് ഓഫ് ഫോകസ് ആയി എന്നത് സത്യം.ബിജോയ്‌ അബുദാബി ക്ക് പോയപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു വിഷമിച്ചു.മണികുട്ടി പിറന്നപ്പോള്‍ ഒരുമിച്ചു ആഘോഷിച്ചു അങ്ങനെയിരിക്കെ ആണ് എനിക്ക് മാഞ്ചസ്റ്റര്‍ ല്‍ നിന്നും അണ്‍കണ്ടീഷനല്‍ ഓഫര്‍ വന്നത് . സ്കോളർഷിപ്പിനു അപേക്ഷിക്കണമെങ്കില്‍ പൈസ വേണം.എത്ര ശമ്പളം കിട്ടിയാലും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പങ്കു വെക്കുന്നത്‌ കാരണം കൈ എപ്പോഴും ശൂന്യമാണ് .അടുത്ത കൂട്ടുകാരനായ മാത്യൂസിനോട് അഡ്മിഷന്‍ സമയത്തു ആവശ്യത്തിലും അധികം വാങ്ങിയിട്ടുണ്ട്‌ .ബിജോയ്‌ ആണേല്‍ കുടുംബമായി ,മണികുട്ടി ആയി അവനും ചെലവുകള്‍ ഏറെ ...ഇനി ആരോടു ചോദിക്കും എന്ന വലിയ സങ്കടവും മനസ്സിലിട്ടാണ് അന്ന് മണികുട്ടിയേം ദിവ്യയേം കാണാന്‍ പോയത്.അന്ന് ഞങ്ങള്‍ രണ്ടു പേരും കൂടെ ഗുരുവായൂര്‍ പോയി , ദിവ്യ എ ടി എമ്മില്‍ നിന്നും പൈസ എടുക്കുന്നത് കണ്ടു.തിരിച്ചു പോകാന്‍ ഇറങ്ങുമ്പോള്‍ നാലായിരം രൂപ ദിവ്യ ആരും കാണാതെ കയ്യില്‍ വച്ചു തന്നു. ഇരിങ്ങപ്പുറത്തു നിന്നും ബസ് കയറാന്‍ നടക്കുമ്പോള്‍ വഴിയില്‍ നടന്നു ഞാന്‍ കരഞ്ഞു..അമ്മയുടെ മകള്‍ക്ക്‌ ദൈവത്തിന്റെ ഖജനാവില്‍ ഒരു ദിവ്യയും കൂടെ ഉണ്ടായിരുന്നു.... അവളുടെ ബന്ധുക്കളെല്ലാവരോടും ഇതെന്റെ കൂട്ടുകാരി എന്നും , അവളുടെ വീട്ടില്‍ ഇതു മണിക്കുട്ടിയുടെ അമ്മായി എന്നും പറയുന്നതിന്റെ സ്നേഹം കണക്കുകളില്ലാത്തതായിരുന്നു. പിന്നീട് സ്കോളർഷിപ്പ് കിട്ടിയപ്പോള്‍ സന്തോഷം കൊണ്ടവള്‍ എന്റെ ഒപ്പം കരഞ്ഞു. വിസ എടുക്കാന്‍, മുംബൈ വരെയുള്ള ഫ്ലൈറ്റിനു എന്ന് തുടങ്ങി ഞാന്‍ ചോദിയ്ക്കാതെ നിറഞ്ഞ ഹൃദയത്തോടെ അവള്‍ എനിക്ക് വാരി കോരി തന്നു. പൈസക്ക്‌ ആവശ്യം വന്നപ്പോള്‍ തരാന്‍ ഉണ്ടായിരുന്ന അടുത്ത സുഹൃത്തുക്കള്‍ മുഖം തിരിച്ചപ്പോള്‍ ആ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞ ആശ്വാസവാക്കുകള്‍ എന്നെ എന്ത് മാത്രം ശക്തിപെടുതിയിരുന്നെന്നോ ..എന്ത് മാത്രം പിടിച്ചു നിര്‍ത്തിയിരുന്നു...അവള്‍ കരുതുന്നതിലും അധികമായിരുന്നു. പിരിയുന്ന വിഷമം ഉണ്ടായിരുന്നെങ്കിലും ഇങ്ങോട്ടുള്ള യാത്രയില്‍ ഓരോ ചുവടു വെപ്പിലും അവള്‍ തന്നിട്ടുള്ള ധൈര്യം വല്ലാത്തതായിരുന്നു . എന്നെ അവര്‍ക്കിടയില്‍ ഒരാളാക്കി, മണിക്കുട്ടിയുടെ അമ്മായി ആക്കി ...അവളെന്റെ അമ്മയുടെ മരുമകളായി, അവളെന്റെ പ്രിയസഖി ആയി ... മാഞ്ചസ്റ്ററിലേക്ക് പോരുമ്പോള്‍ ഞാന്‍ അവളോട് മാത്രം യാത്ര പറഞ്ഞില്ല....അവളുടെ വാടിയ മുഖം കാണുമ്പോഴൊക്കെ ഞാന്‍ ഉള്ളില്‍ കരഞ്ഞു. യാത്ര പറയാതിരുന്നാല്‍ ഒരു വലിയ കരച്ചില്‍ ഒഴിവാക്കാം...തൃശ്ശൂര്‍ക്ക് പോകും പോലെ എന്തോ തമാശയും പറഞ്ഞാണ് ഞാന്‍ ഇറങ്ങിയത് ...പിന്നീട് ഞാന്‍ ഒറ്റക്കിരുന്നു കരഞ്ഞു...അവള്‍ അവിടെയും ഇരുന്നു കരഞ്ഞു..അന്ന് ബിജോയ്‌ എന്നെ വിളിച്ചു പറഞ്ഞു. എനിക്ക് നിങ്ങളെ കാണുമ്പോള്‍ സന്തോഷം ഉണ്ടെടി..എന്ന്.

ഇന്നും ഞങ്ങള്‍ എന്നും വിളിക്കുന്നു.മണിക്കുട്ടി വാക്കുകള്‍ കൂട്ടിവെച്ചു സംസാരിച്ചു തുടങ്ങിയപ്പോള്‍ അമ്മയെന്നു വിളിക്കാന്‍ പഠിച്ച ഒപ്പം ശാരി അമ്മായി എന്ന് പറഞ്ഞു തുടങ്ങി. സ്നേഹത്തിന്റെ വലിയ ഒരു ലോകം എനിക്കായി ദിവ്യ തുറന്നു വെച്ചു. ആ കൊച്ചു കേരളത്തില്‍ ഇങ്ങനെയും ഒരു സ്ത്രീ ഉണ്ടെന്നത്‌ എനിക്കിന്നും അത്ഭുതമാണ്. അവന്റെ കല്യാണത്തിന്നു ശേഷം ഞങ്ങളുടെ സൌഹൃദം പൊളിയുമെന്നും സ്വപ്നം കണ്ടു നടന്നിരുന്ന, അപവാദ കഥകള്‍ ഇറക്കിയിരുന്നവരെ ദിവ്യ തോല്‍പ്പിച്ച് കളഞ്ഞു.

ഇവിടെ ഇരുന്നു ഞാന്‍ സ്വപ്നം കാണുകയാണ്...ഞാനും ദിവ്യയും ബിജോയിയും മണിക്കുട്ടിയും കൂടി തൃശൂരും ഞങ്ങളുടെ പതിവു സ്ഥലങ്ങളിലുംകറങ്ങുന്നത് ... ഞങ്ങള്‍ കാത്തിരിക്കുകയാണ്‌... പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി വീണ്ടും ഒന്നിച്ചു കൂടാന്‍ ......

അങ്ങനെ ഈ കഥ തുടരും ഞങ്ങള്‍ ഉള്ള കാലത്തോളം....

Saturday 8 March 2008

മനസ്സുകളുടെ കോളനിവല്ക്കരണം

രാവേറെ ആയിട്ടും മായാത്ത പകല്‍ വെളിച്ചമുള്ള സെപ്റ്റംബര്‍ ... നാലാമത്തെ ഫ്ലാറ്റില്‍ ഞങ്ങള്‍ അഞ്ചു പേര്‍ താമസം ആരംഭിച്ചു.ഓരോ മുറിയിലും അവരവരുടെ നാടുകള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു.കേരളം,മുംബൈ, ചൈന, അമേരിക്ക,ബാംഗ്ലൂര്‍ എന്നിങ്ങനെ അത് പുരോഗമിച്ചു.ഏതൊരു പെണ്‍ ലോകത്തെ പോലെയും ഞങ്ങളുടെ ഫ്ലാറ്റും ഗോസ്സിപ്പുകളുടെ ലോകം തന്നെ ആയിരുന്നു. ധാരാളം ഇന്ത്യക്കാര്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ വന്നും പോയ് കൊണ്ടിരുന്നു.എല്ലാ ഇന്ത്യക്കാരുടെയും (ആണ് പെണ്‍ വ്യത്യാസമില്ലാതെ ) പ്രധാന സംസാര വിഷയം എങ്ങിനെ ഒരു കാമുകി അല്ലെന്കില്‍ കാമുകനെ ഉണ്ടാക്കാം എന്നതായിരുന്നു. പ്രായത്തിന്റെ കൌതുകം ആണോ എന്തോ എല്ലാവരും ആ അന്വേഷണത്തില്‍ ആണ്,അതിന്റെ പ്രധാന പ്രത്യേകത എല്ലാവര്‍ക്കും ബ്രിട്ടീഷ് കാരെയോ അമേരിക്ക കാരെയോ വേണം എന്നതായിരുന്നു. ഞാന്‍ ആണെങ്കില്‍ കൂട്ടത്തില്‍ വയസ്സിയും 'ഗാവ് ' പെണ്ണും ആണ്, എന്നെ ഈ അന്വേഷണത്തില്‍ നിന്നും അവര്‍ ഒഴിവാക്കിയിരു‌ന്നു.ഈ പരക്കം പാച്ചില്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു എന്താണി ഇവരെ തന്നെ വേണം എന്ന് പറയുന്നതിന്റെ കാരണം എന്ന്.എന്നെ നോക്കിയ കണ്ണുകളിലെ പരമപുച്ഛം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ശാരി ഇത്തരം മണ്ടത്തരങ്ങള്‍ ഇനിയും ചോദിക്കല്ലേ, അവരുടെ അത്ര സുന്ദരന്മാര്‍ ആരുണ്ട്. വെളുത്തു ,നീലകണ്ണും ..എന്താ അവരുടെ ഒരു സ്റ്റൈല്‍...ആകെ മൊത്തം ഹോട്ട് അല്ലെ?എന്നതായിരുന്നു ഇന്ത്യന്‍ സുന്ദരിമാരുടെ ഉത്തരം...ആവോ എനിക്കറിയില്ല്യ എന്ന് പറഞ്ഞപ്പോള്‍ അവര്‍ അതിശയത്തില്‍ പരസ്പരം നോക്കി.നമിതയുടെ ഭാഷ കടം എടുത്താല്‍ ഫ്രീസറില്‍ വെച്ച പോലുള്ള ശരീരം ആയാണ് എനിക്ക് തോന്നാറ്‌ ,തനി കേരള കാഴ്ച തന്നെ . അങ്ങിനെ വെളുത്ത വര്‍ഗ്ഗക്കാരുടെ പുറകെയുള്ള ഇന്ത്യക്കാരുടെ പരക്കം പാച്ചിലുകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.. പലരും അസ്ഥി മരവിക്കുന്ന തണുപ്പത്ത് കുട്ടി പാവാടകള്‍ ധരിച്ചു പബ്ബുകളിലും ഡാന്‍സ് ക്ലബ്ബുകളിലും ആടാന്‍ പോയി, ചില ആണ്‍കുട്ടികള്‍ക്ക് ഡാന്‍സ് സമയത്തെന്കിലും ബ്രിട്ടീഷുകാരികളെ തൊടാന്‍ പറ്റി എന്നാശ്വസിക്കാനായി. പക്ഷെ ആരും വിചാരിക്കുന്ന അത്ര എളുപ്പം ആയിരുന്നില്ല കാര്യങ്ങള്‍.. ബ്രിട്ടീഷുകാര്‍ പിടിതരാതെ പോയ്കൊണ്ടിരുന്നു..ഇന്ത്യക്കാര്‍ അവരെ പോലെ ഇംഗ്ലീഷ് സംസാരിച്ചു നോക്കി,മദ്യപിച്ചു ബോധമില്ലാതെ ഒരുമിച്ചുറങ്ങി, രമിച്ചു ...പിറ്റേ ദിവസം കണ്ടിട്ട് തിരിഞ്ഞു നോക്കാതെ പോയ സായിപ്പുമാരെ മുഴുവന്‍ ചീത്ത വിളിക്കേണ്ടി വന്നു എന്നത് ആയിരുന്നു പ്രധാന ഫലം . എന്നിട്ടും ഇന്ത്യക്കാരുടെ മനസ്സു അവര്‍ക്കൊപ്പം ആയിരുന്നു.
ഇരുന്നൂറു വര്‍ഷം ഭരിച്ചുഇന്ത്യ വിട്ടു പോയപ്പോള്‍ ഭൗതികമായേ ഇന്ത്യ കോളനിവല്ക്കരണത്തിൽ നിന്നു രക്ഷ നേടിയിട്ടോള്ളൂ. മനസ്സുകള്‍ എപ്പോഴും കോളനിവല്ക്കരിക്കപെട്ടിരിക്കുകയാണ് എന്ന് അവരുടെ മറുപടികള്‍ എന്നെ ഓര്‍മ്മപെടുത്തി . ജോണ്‍ എന്ന ഞങ്ങളുടെ ഐറിഷ് സുഹൃത്തിനെ പബ്ബില്‍ വച്ചു ഒരു യുവാവായ ബ്രിട്ടീഷുകാരന്‍ റഗ്ബി ബോള്‍ കൊണ്ടു കണ്ണിനു അടിച്ച്, നീര് വന്നു കണ്ണിന്റെ സ്ഥാനത്ത് ഒരു ബോള്‍ പോലെ ആയി.. എല്ലാ ഇന്ത്യക്കാർക്കും ജോണിനോട് സഹതാപം ഉണ്ടെങ്കിലും ബ്രിട്ടീഷുകാരന്‍ കുറ്റക്കാരന്‍ ആണെന്ന് പറയാന്‍ സമ്മതമില്ലായിരുന്നു..കാരണം അയാള്‍ കുടിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് അവര്‍ എന്നോട് വാദിച്ചു കൊണ്ടേയിരുന്നു. ബ്രിട്ടീഷ് പോലീസും അത് പറഞ്ഞാണ് ആ യുവാവിനെ വെറുതെ വിട്ടത്. പക്ഷെ ജോണിനെ അടിക്കുമ്പോള്‍ ആ കുടിയന്‍ '' നീ ഐറിഷ്കാരന്‍ എന്തിനെന്റെ നാട്ടില്‍ വന്നു ...നിങ്ങളെ ഞങ്ങള്‍ക്ക് വെറുപ്പാണ്‌ '' എന്ന് അലറിയിരുന്നത്രേ. അത് എന്റെ ഇന്ത്യന്‍ സുഹൃത്തുക്കളും കേട്ടിരുന്നു. ചരിത്രത്തില്‍ എന്നോ മറഞ്ഞു പോയ ബ്രിട്ടീഷ് - ഐറിഷ് പക ഇന്നും ഇവിടെത്തെ യുവതലമുറയില്‍ അവശേഷിക്കുന്നു എന്നോ? ജോണ്‍ പിന്നീടിത് വരെ പബ്ബില്‍ പോയിട്ടില്ല , കാരണം ഇനിയും എന്തെങ്കിലും സംഭവിച്ചാല്‍ ഒരു ഐറിഷ്കാരന്‍ ആയിപോയത് കൊണ്ടു നീതി കിട്ടില്ല എന്ന് അയാള്‍ക്ക് അറിയാം. ഈ സംഭവം കഴിഞ്ഞു ഒരാഴ്ച തികയും മുന്‍പാണ്‌ ഒരു ബ്രിട്ടീഷ്ക്കാരി എന്റെ ഇന്ത്യന്‍ സുഹൃത്തിനെ പരസ്യമായി ബസ്സ് സ്റ്റോപ്പില്‍ വച്ചു ചീത്ത പറഞ്ഞതു. ''നീ ഇന്ത്യക്കാരി എന്തിനിവിടെ വന്നു'' പിന്നീട് വിളിച്ച ചീത്ത വാക്കുകളില്‍ ഏറ്റവും മാന്യമായത് ഭിക്ഷക്കാരി എന്നതായിരുന്നു. ഇവിടത്തെ യൂനിവേഴ്സിറ്റികളില്‍ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ സാധാരണ വിദ്യാർത്ഥികളേക്കാള്‍ മൂന്നിരട്ടി ഫീസ്‌ കൊടുത്താണ് പഠിക്കുന്നത്.ഇവിടത്തെ യൂണിവേഴ്സിറ്റികളുടെ വളര്‍ച്ചക്ക്‌ അത് നല്ല പോലെ സഹായിക്കുന്നുണ്ടാകും.. ആ സ്ത്രീക്കെതിരെ പരാതി കൊടുക്കാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇന്ത്യക്കാരി മാന്യമായി മൊഴിഞ്ഞു '' അവര്‍ ഒരു മോശം സ്ത്രീ ആണെന്ന് ഞാന്‍ കരുതുന്നില്ല , അവർക്ക്  മനസ്സിനു എന്തോ തകരാറുണ്ട് , കാരണം അവരുടെ മൂക്കൊലിക്കുന്നുണ്ടായിരുന്നു'' ജലദോഷം വന്നാലും ആരെയും എന്തും പറയാമെന്നോ? ഈശ്വരാ.. ഈ ക്ഷമ എന്റെ സുഹൃത്തുക്കള്‍ക്ക് ഇന്ത്യയില്‍ ഉണ്ടാകുമോ? ഉണ്ടായിരുന്നേല്‍ എത്ര നന്നായേനെ ... എങ്കിലും ഇടക്കിടെ നല്ല സദ്യ അരി ചോറും,പപ്പടവും,അച്ചാറും ഉണ്ടാക്കി ഉണ്ണാന്‍ കൊണ്ടു പോകുന്ന ലീ എന്ന ഞങ്ങളുടെ ബ്രിട്ടീഷ് സുഹൃത്തിനെ, എല്ലാ സൌത്ത് ഇന്ത്യന്‍ പെണ്ണുങ്ങളും നല്ലവരെന്നു വിശ്വസിക്കുന്ന ആന്‍ഡ്രൂ ഒന്നും മറക്കാന്‍ ആവില്ല്യ...അത് കൊണ്ടാണ് ഞാന്‍ ചിത്രക്ക് എഴുതിയത് '' ഇവിടെ വര്‍ഗ്ഗത്തിന്റെ പേരില്‍ വ്യത്യാസം കാണിക്കുന്നവര്‍ ഉണ്ട് പക്ഷെ അത് വ്യക്തികളെ ആശ്രയിച്ചാണ് , ഒരിക്കലും എല്ലാവരും അങ്ങിനെ കാണിക്കുന്നവര്‍ അല്ല,അത് നമ്മുടെ ഭാഗ്യകേട്‌ പോലിരിക്കും.'' എന്ന്.

Saturday 23 February 2008

ഇന്ത്യക്കാരും ബ്രിട്ടനും

ഇന്ത്യക്കാരും ബ്രിട്ടനും .....

അങ്ങിനെ കൊച്ചിയില്‍ നിന്നു മുംബൈ വഴി ലണ്ടന്‍ ഹീത്രുവിലേക്ക് ....അവിടെ നിന്നും മാഞ്ചചെസ്റ്ററിലേക്ക് ...

ഹീത്രുവില്‍ ഇറങ്ങിയ ഉടനെ പ്രശ്നങ്ങള്‍ ആരംഭിച്ചു

ടോയലറ്റുകള്‍ മുഴുവന്‍ ടിഷ്യു പേപ്പര്‍ ആണ്, വെള്ളം എന്നത് കണികാണാന്‍ ഇല്ല. ബ്രിട്ടീഷുകാരെ മുഴുവന്‍ മനസ്സില്‍ ചീത്ത വിളിച്ചുകൊണ്ടു ഹീത്രു എയര്‍പോര്‍ട്ട്ലെ ടോയ്ലറ്റുകള്‍ മുഴുവന്‍ കയറി ഇറങ്ങി. ''ഇല്ല ഒരു തരത്തിലും ഉള്ള ഇന്ത്യന്‍ വിട്ടുവീഴ്ചകള്‍ ഇല്ല''.നിങ്ങളും ടിഷ്യു പേപ്പര്‍ ഉപയോഗിച്ചു തുടങ്ങണം എന്നത് അലിഖിത നിയമമായി മനസ്സില്‍ കിടന്നു വേദനിച്ചു.

ഞങ്ങള്‍ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും വാശിയോടെ മാഞ്ചചെസ്റ്റെറിലേക്ക് പറന്നു, മാഞ്ചചെസ്റ്റെര്‍കാര്‍ എങ്കിലും ഞങ്ങളെ മാനിക്കാതിരിക്കില്ല .പക്ഷെ ഞങ്ങളുടെ എല്ലാവരുടെയും പ്രതീക്ഷകളെ തകര്‍ത്തുക്കൊണ്ട് അവരും ഹീത്രുവിലെ പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചു.

''തമ്പുരാനേ ഈ ഭാരം എവിടെയെങ്കിലും ഇറക്കണമല്ലോ'' ആരോക്കയോ പിറുപിറുക്കുന്നത് കേട്ടു. എന്റെ മനസ്സില്‍ അവസാനത്തെ ആശ്രയമായി ആഴ്ച്ചക്ക് 92 പൌണ്ട് കൊടുത്തു ഉറപ്പിച്ചിട്ടിരുന്ന യൂണിവേര്‍സിറ്റി ഫ്ലാറ്റ്‌ ലെ എന്റെ റൂം ആയിരുന്നു പ്രതീക്ഷ . അങ്ങനെ വളരെ സന്തോഷത്തോടെയാണ് ടോയലറ്റിന്റെ വാതില്‍ തുറന്നത്‌ .... ഈശ്വരാ അപ്പൊ നീ ഇവിടേം ചതിച്ചോ?

ഞാന്‍ നിരാശയോടെ പുറത്തു വന്നപ്പോള്‍ നിരാശ പൂണ്ട മറ്റു രണ്ടു ഇന്ത്യന്‍ മുഖങ്ങള്‍ കൂടി പുറത്തു വന്നു,അങ്ങിനെ ഞാന്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷയിലെ തെറികള്‍ പഠിച്ചു. പക്ഷെ അത് കൊണ്ടു കാര്യം ഇല്ലല്ലോ,കാര്യം സാധിക്കണമല്ലോ?

അങ്ങിനെ പരസ്പരം പരിചയപെടും മുൻപേ ഞങ്ങള്‍ പരസ്പരസഹായം തുടങ്ങി. മൂന്നുപേരുടെയും കയ്യില്‍ ഉണ്ടായിരുന്ന പെപ്സി കടലാസ് കപ്പുകള്‍ എടുത്തു വെള്ളം നിറച്ചു ഓരോരുത്തര്‍ ആയി പോയി തുടങ്ങി.ബാക്കി രണ്ടുപേരും കാര്യം സാധിക്കും വരെയുള്ള കാത്തിരിപ്പ്. ഇന്ത്യ യില്‍ നിന്നും മാഞ്ചചെസ്റ്റെര്‍ വരെ കാത്തിരിക്കാം എങ്കില്‍ ഇതൊരു കാത്തിരിപ്പാണോ?

അങ്ങിനെ ആശ്വാസത്തില്‍ ഇരുന്നു പരിചയപെടുമ്പോഴാണ് ഞങ്ങളുടെ അമേരിക്കക്കാരി ആയ ഫ്ലാറ്റ്‌മേറ്റ്‌ പരിചയപെടാന്‍ എത്തിയത്.ഇന്ത്യക്കാരി ആയ ട്രിനറ്റ്‌ പതുക്കെ മൂക്കുവിടര്‍ത്തി മണപ്പിച്ചു നോക്കി ,എന്നിട്ട് ഹിന്ദിയില്‍ പറഞ്ഞു,'' ഇവരും കടലാസുതന്നെ അല്ലെ ഉപയോഗിക്കുന്നത്, അബദ്ധത്തില്‍ ഉണങ്ങിപിടിചിരിപ്പുണ്ടോ എന്ന് ആര്‍ക്കറിയാം''

ചിരിവിഴുങ്ങാന്‍ എന്ത് ബുദ്ധിമുട്ടാണെന്നോ.....

ആദ്യത്തെ ലക്ഷ്യം ബക്കറ്റു തന്നെ എന്ന് തീരുമാനിച്ചാണ് ഞങ്ങള്‍ അന്ന് പുറത്തു പോയത് .

Friday 22 February 2008

അമ്മ

തിരുമംഗലം അമ്പലം പേരുകേട്ട ശിവന്റെ അമ്പലമാണ് ..ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പോയിരിക്കുന്ന സ്ഥലമാണ്‌.അന്നും പതിവു പോലെ ഞങ്ങള്‍ അമ്മയും മക്കളും, അമ്മയുടെ അനിയത്തിയും കൂടെ പോയി.തൊഴുതു വലം വെക്കുമ്പോൾ അമ്പലത്തില്‍ ഇടാന്‍ തന്ന അമ്പത് പൈസ ഞങ്ങള്‍ സ്വന്തമാക്കി. അമ്മയെ പറ്റിച്ച സന്തോഷത്തേക്കാള്‍ നാളെ മോഹനേട്ടന്റെ കടയില്‍ നിന്നും ഞങ്ങള്‍ മേടിക്കാന്‍ പോകുന്ന മിഠായിയുടെ മധുരം ആയിരുന്നു മനസ്സില്‍ . വാടാനപ്പള്ളിയില്‍ തിരിച്ചു ബസ്സ് ഇറങ്ങിയപ്പോള്‍ അമ്മയുടെ കയ്യില്‍ അച്ഛന്‍ തിട്ടപെടുത്തി കൊടുത്ത പൈസ തീര്‍ന്നിരുന്നു.അതറിയാമായിരുന്ന ചിറ്റ (അമ്മയുടെ അനിയത്തി )പരിഹാസച്ചിരി ഒളിപ്പിച്ച് ,മൊഞ്ചന്റെ കടയില്‍ നിന്നും സാമാനങ്ങള്‍ വാങ്ങിച്ചു.ഞങ്ങള്‍ അതും നോക്കി അസൂയയോടെ കടത്തിണ്ണയില്‍ ഇരുന്നു. വീട്ടിലേക്ക് നടക്കും വഴി വാടാനപ്പള്ളി മീഞ്ചന്തയുടെ അടുത്തെത്തിയപ്പോള്‍ പുറകില്‍ അമ്മയില്ല.കടത്തിണ്ണയില്‍ കിടക്കുന്ന ഒരു ഭിക്ഷക്കാരിയോടു അലിവോടെ എന്തോ ചോദിക്കുകയാണ് അമ്മ ,അത് കണ്ടു ചിറ്റ ദേഷ്യപെട്ടു മുന്‍പോട്ടു നടന്നു പോയി.ഞങ്ങള്‍ എന്ത് ചെയ്യണം എന്ന് ഒരു നിമിഷം സംശയിച്ചു നിന്നു,പിന്നെ ഓടി അമ്മയുടെ അരികിലേക്ക് പോയി. അമ്മ ഞങ്ങളെ കണ്ടതും ഒളിപ്പിച്ചു വച്ച അമ്പത് പൈസകള്‍ വാങ്ങിച്ചെടുത്തു.അമ്മമാരുടെ കണ്ണുകളെ പറ്റിക്കാന്‍ എന്ത് പ്രയാസമാണ് എന്ന് ഞങ്ങള്‍ മനസ്സില്‍ ഓര്‍ത്തു.വാടിയ മുഖവുമായി നിന്ന ഞങ്ങളോട് അമ്മ വിശദീകരിച്ചു ''അവര്‍ക്ക് വയ്യാഞ്ഞിട്ടല്ലേ മക്കളെ ...കുറച്ചു വെള്ളം വാങ്ങിച്ചു കൊടുക്കാനല്ലെ?'' മിഠായിയുടെ മധുരം മനസ്സില്‍ സങ്കടകടല്‍ ഉണ്ടാക്കുകയാണ് ....ചെറിയ അനിയന്‍ പൈസക്ക് വേണ്ടി കരയാന്‍ തുടങ്ങി ,അവനെ ആശ്വസിപ്പിച്ചു കൊണ്ടു അമ്മ അടുത്തുള്ള സര്‍ബത് കടയിലേക്ക്‌ നടന്നു. കടക്കാരന്‍ ചേട്ടന്‍ ഒരു രൂപ ഇരുപത്തി അഞ്ചു പൈസക്ക്‌ സര്‍ബത് ഉണ്ടാക്കി തന്നു.കൂട്ടത്തില്‍ അമ്മയോട് ചോദിച്ചു ''എന്തിനാടി ശാന്തേ അവന്റെ ഖജനാവ് തട്ടി പറിച്ചത്'' എന്നും

അനിയന്‍ കരച്ചില്‍ നിര്‍ത്തിയിരുന്നില്ല. അമ്മ ആ ചേട്ടനോട് പറഞ്ഞു '' ചേട്ടാ എന്റെ മക്കള്‍ക്ക്‌ വേണ്ടി ദൈവത്തിന്റെ ഖജനാവില്‍ എന്തൊക്കെ കരുതീട്ടുണ്ടാകും, അത് കൊണ്ടു ഈ കുട്ടി ഖജനാവ് ഇന്നു ആ സ്ത്രീ ക്ക് ഇരിക്കട്ടെ '' അനിയന്‍ കരച്ചില്‍ നിര്‍ത്തി , ദൈവത്തിന്റെ ഖജനാവില്‍ നിറച്ചും മിഠായി ഉണ്ടാകുമോ എന്ന് എന്നോട് ചോദിക്കാന്‍ തുടങ്ങി.ഞാന്‍ ആകട്ടെ കാണാത്ത ദൈവത്തിന്റെ കേള്‍ക്കാത്ത ഖജനാവിലെ മിഠായിയെ കുറിച്ചു വിശദീകരിച്ചു. അമ്മ ആ ഭിക്ഷക്കാരിയുടെ അഴുക്കു പിടിച്ച തല വലതു കയ്യില്‍ കോരി എടുത്തു വായിലേക്ക് സര്‍ബത് ശ്രദ്ധയോടെ ഒഴിച്ച് കൊടുത്തു.അവര്‍ ആ സര്‍ബത് ആര്‍ത്തിയോടെ കുടിച്ച് , പീള പറ്റിയ കണ്ണില്‍ നിറയെ നന്ദിയോടെ തമിഴ് കലര്‍ന്ന മലയാളത്തില്‍ ആശീര്‍വദിച്ചു, ''നന്നാ വറും''. ഞങ്ങള്‍ നടന്നു വീട്ടില്‍ എത്തും മുന്പേ വാടാനപ്പള്ളിയില്‍ നിന്നും സൈക്കിളും ചവുട്ടി വന്ന മണികുട്ടന്‍ പറഞ്ഞു '' ശാന്തേച്ച്യേ ...അറിഞ്ഞോ ആ ഭിക്ഷക്കാരി ചത്തൂട്ടാ..ചേച്ചീടെ കയ്യീന്നാ അവരവസാനത്തെ വെള്ളം കുടിച്ചേ.....'' നമ:ശിവായ, നമ:ശിവായ .....എന്ന് അമ്മ പതുക്കെ മന്ത്രിക്കുന്നത് കേട്ടു അവര്‍ക്ക് വേണ്ടി ദൈവത്തിനോട് പറയുകയായിരിക്കും... ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട് അമ്മ പറഞ്ഞതു എത്ര ശരി ആണെന്ന് ,ദൈവത്തിന്റെ ഖജനാവില്‍ അമ്മയുടെ മക്കള്‍ക്ക്‌ എന്തെല്ലാം ഉണ്ടായിരുന്നു ...സ്വപ്നം കാണുന്നതിലും അപ്പുറം ...മാഞ്ചെസ്റ്റർ യൂണിവേര്‍സിറ്റിയില്‍ സ്ക്കോളര്‍ഷിപ്പോടെ പഠിക്കുക എന്നത് അതില്‍ ഏറ്റവും വലുതായിരിക്കും .... എന്നും രാവിലെ എഴുന്നെല്‍ക്കുമ്പോള്‍ നന്മ നിറഞ്ഞ ആ ചിരിയുണ്ട് മനസ്സില്‍...അത് കൊണ്ടായിരിക്കാം ഞാന്‍ ഇവിടെ നന്മ നിറഞ്ഞവരെ മാത്രം കണ്ടു മുട്ടുന്നത് ,അവരെയെല്ലാം ഞാന്‍ വഴിയേ പരിചയപെടുത്താം..... ഗ്രീക്ക് ല്‍ നിന്നുള്ള കാതെറിൻ ചൈനയില്‍ നിന്നും ജിങ്ങ് അങ്ങനെ സോഷ്യല്‍  ഡെവലപ്പ്മെന്റ് പഠിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും വന്ന നല്ല കുറെ മനുഷ്യരെ കുറിച്ചു ,ഈ ലോകത്തെ കുറിച്ചു എല്ലാം .....