Thursday 15 May 2014

സ്വര്‍ണ്ണക്കാഴ്ചകള്‍

                   ടൂറിസ്റ്റ് സീസണ്‍ അവസാനിക്കാറായ ജയ്സല്‍മേട്‌ വെയിലേറ്റ് സ്വര്‍ണ്ണം പോലെ തന്നെ തിളങ്ങുന്നുണ്ടായിരുന്നു. ചുറ്റും മഞ്ഞകലര്‍ന്ന സാന്‍ഡ്സ്റ്റോണുകളില്‍ തീര്‍ത്ത കെട്ടിടങ്ങള്‍ , രാജ പ്രൌഡിയുടെ പ്രതീകങ്ങളായ ചത്തിരികള്‍(കുടകള്‍) അമ്പലങ്ങള്‍, വീടുകള്‍, മഞ്ഞക്കല്ലുകള്‍ പാകിയ നടപ്പാതകള്‍, ഗേറ്റുകള്‍..അങ്ങിനെ നിറം കൊണ്ട് ജയ്സല്‍മേട് ശരിക്കും സ്വര്‍ണ്ണനഗരി തന്നെ.പോകുന്ന വഴിയില്‍ പലയിടത്തും പരസ്യം കണ്ടു “No need of Viagra, use Jaisalmer bed sheets, bed sheet size apt for one wife” ഡ്രൈവര്‍ വിശദീകരിച്ചു ഇവിടം കട്ട് വര്‍ക്ക് ചെയ്ത ബെഡ്ഷീറ്റുകള്‍ക്കും, സ്റ്റോണ്‍ വര്‍ക്കുകള്‍ക്കും പ്രശസ്തമത്രെ..


ശത്രുക്കളെ പേടിച്ച്, ലോദുര്‍വ്വയില്‍ രാജകുമാരനായ ജയ്സല്‍ കണ്ടെത്തി  വികസിപ്പിച്ചെടുത്ത നഗരമാണിത്, അതു കൊണ്ട് ഇതിനു ജയ്സല്‍മേട് എന്ന പേരു കിട്ടിയതു.

ജയ്സല്‍ രാജാവ്

ജയ്സല്‍മേട് തീര്‍ത്തും ഒരു മരുഭൂമി തന്നെയാണ്, നിറയെ മണ്‍കൂനകളാല്‍ (sand dunes) നിറക്കപെട്ടിരിക്കുകയാണ് ഗ്രാമങ്ങളിലധികവും. ആന്തി അഥവാ പൊടി കൊടുംകാറ്റുകള്‍ ഇവിടെ അതി സാധാരണമാണ്, പ്രത്യേകിച്ചു   വേനല്‍ കാലത്ത്‌.ഒരു മജീഷ്യന്റെ കരവിരുതോടെ കാറ്റ് മണ്‍കൂനകളെ ഒരിടത്തു നിന്നും, മറ്റൊരിടത്തേക്ക് മാറ്റിവെക്കുന്നു. ചിലപ്പോഴൊക്കെ കാറ്റിനു ഭ്രാന്തായി റോഡുകളും വീടുകളും മൂടി കളയാറും ഉണ്ടെത്രെ. ഇന്നു കാണുന്നതിനെ നാളെ കാണണമെന്നില്ല.


സ്കയര്‍കിലോമീറ്ററില്‍‍ 17മുതല്20 വരെയാണ് ജനസാന്ദ്രത.ഏതൊരു ഉള്‍ഗ്രാമത്തെയും പോലെ ജാതി തിരിച്ചുള്ള ഗ്രാമങ്ങളും, ബാലവിവാഹങ്ങളും,  പുല്ലിലും, മണ്ണിലും തീര്‍ത്ത ചാണകം മെഴുകിയ വീടുകളും,  മുഖം മൂടിയ സ്ത്രീകളും , ഒട്ടകങ്ങളും ഒക്കെ തന്നെ കാഴ്ചവെള്ളത്തിനു പ്രധാനമായും മഴതന്നെ ആശ്രയം, കുളങ്ങളും തടാകങ്ങളും ധാരാളമുണ്ടെന്നു പറയപ്പെടുന്നു. കുറേ അധികം മണ്‍കൂനകള്‍ക്കിടയിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ചില കുളങ്ങള്‍ തോന്നലുകള്‍ ആണെന്നു തെറ്റിദ്ധരിക്കാറുണ്ടെന്ന് ഹോട്ടലില്‍ ജോലി ചെയ്യുന്ന മുംബൈക്കാരന്‍ അത്ഭുതപെട്ടു

ഗോള്‍ഡന്‍ ഫോര്‍ട്ട്.


ജയ്സല്‍മേടിന്റ്റെ ചരിത്രം തന്നെ ഉറങ്ങികിടക്കുന്നിടമാണ് ഗോള്‍ഡന്‍ ഫോര്‍ട്ട്.  മഹാറാവല്‍  ജയ്സല്‍ സിംങ്ങാണ് 1156 എ ഡിയില്‍ ഈ കോട്ടക്ക് തറക്കല്ലിട്ടത്‌. പണിത്തീര്‍ത്തെങ്കിലും രാജാവിനധികകാലം ഭരിക്കാനായില്ല, അദ്ദേഹത്തിന്റെ കാലശേഷം തലമുറകളായി ഈ കോട്ട കൈമാറപ്പെട്ടിരുന്നു. ഈ കോട്ടയായിരുന്നു തന്ത്രപ്രധാനമായ സ്ഥാനം അതു കൊണ്ട് തന്നെ ഈ കോട്ട ധാരാളം യുദ്ധങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ടെന്ന് പറയപ്പെടുന്നു..മുഗള്‍ രാജാക്കന്മാരുമായുണ്ടായ ചില യുദ്ധങ്ങള്‍ തലമുറകള്‍ നീണ്ടുനില്‍കുന്നവയായിരുന്നത്രെ. തോല്‍ക്കുമെന്നുറപ്പുള്ള ഘട്ടങ്ങളിലെല്ലാം രാജാക്കന്മാരുടേയും ആശ്രിതരുടേയും ഭാര്യമാരും പെണ്‍കുട്ടികളും ഈ കോട്ടക്കകത്ത്‌ അത്മാഹൂതി ചെയ്തിട്ടുണ്ടെത്രെ. 50000 ല്‍ അധികം സ്ത്രീകളും കുട്ടികളുമാണ് പലതവണകളായി മരിച്ചിട്ടുള്ളതു. പെണ്‍കുട്ടികളെ അമ്മമാരോ അച്ഛന്മാരോ തലവെട്ടിയോ, വയറ്റില്‍ കുത്തിയോ ആണ്   കൊല്ലാറ്, അതിനു ശേഷം അമ്മമാര്‍ ചിതയിലേക്കു ചാടും. കൊട്ടാരത്തിനകത്തു നിന്നും  ആ ചോര ഒഴുകി ഒരു കിലോമീറ്ററോളം ദൂരത്തുള്ള കോട്ടയുടെ ഒന്നാം ഗേറ്റ് വരെ വന്നിട്ടുണ്ടെത്രെ.. ആ ചോരയില്‍ മുക്കിയെടുത്ത വസ്ത്രവുമുടുത്താണ് പോരാളികള്‍ തോല്‍ക്കാനുള്ള യുദ്ധം നയിച്ചിരുന്നതത്രെ …ആ വീരകഥയുടെ യാതൊരു ചൂടും ചൂരും അവശേഷിക്കാത്ത വിധം  തിരക്കുള്ള ഒരു ചന്ത പോലെയാണ് ഗോള്‍ഡന്‍ ഫോര്‍ട്ട് ഇപ്പോള്‍.. കോട്ട മുഴുവനായും ഹോട്ടലുകളും, കടകളും..കണ്ട് കോട്ടയെവിടെ എന്നും ചോദിച്ചു പരക്കം പാഞ്ഞപ്പോള്‍ കമായ്ച എന്ന രാജസ്ഥാന്‍ വീണ വായിച്ച്  പാടുന്ന ഓം സിംങ്ങ് ജി പറഞ്ഞു ബഹന്‍ ഇക്കാണുന്നതൊക്കെ തന്നെ കോട്ട.ആളുകള്‍ ഉപയോഗിക്കുന്ന അപ്പൂര്‍വ്വം കൊട്ടാരങ്ങളേ ലോകത്തോള്ളൂ‍, അതില്‍ പലതും ജയ്സല്‍മേഡിലാണുള്ളതു, അതില്‍ ഏറ്റവും പ്രധാനപ്പെട്ട കോട്ടയാണിത്‌.


1949 ല്‍ രാജസ്ഥാന്‍ സംസ്ഥാനം നിലവില്‍ വന്നെങ്കിലും  1971 ലാണ് രാജാധികാരം പൂര്‍ണ്ണമായും എടുത്തു കളഞ്ഞത്‌. അന്നത്തെ രാജാവായ മഹാറാവല്‍ രഘുനാഥ് സിംങ്ങ് ജി യാണ് ഈ കുന്നുമ്പുറത്തുള്ള ഈ കോട്ട അവിടത്തെ ജോലിക്കാരോരുത്തര്‍ക്കായി വിട്ടു കൊടുത്തതു.എല്ലാ മുറികളിലും കച്ചവടക്കാരും കുടുംബവുണ്ട്.കൊട്ടാരത്തിന്റെ ഇടുങ്ങിയ എല്ലാ വഴികളിലും ഓട്ടോ ചെന്നെത്തും..ഇപ്പോഴത്തെ രാജാവ്‌ ബദല്‍ മഹലിലാണ്(മന്ദിര്‍ പാലസ്) താമസിക്കുന്നത്‌. അതിന്റെ പകുതി ഒരു ഹെറിറ്റേജ് ഹോട്ടലും കൂടിയാണ്.
രാത്രി കുന്നിനു ചുറ്റും ഇട്ടിരിക്കുന്ന മഞ്ഞ വെളിച്ചത്തില്‍ ഉച്ചക്ക് കണ്ടതിനേക്കാള്‍ സ്വര്‍ണ്ണനിറത്തില്‍ കോട്ട  തിളങ്ങുന്നുണ്ടായിരുന്നു.
കോട്ടയില്‍ നിന്നും ഇറങ്ങിയാല്‍ ചുറ്റും പഴയ രാജനിര്‍മിതങ്ങളായ ലോക്കല്‍ മാര്‍ക്കറ്റുകളാണ്.പണ്ടത്തെ അതേ ഡ്രയിനേജ്‌ സംബ്രദായവും, കല്ലില്‍ പണിത കടകളും..ഇടുങ്ങിയ വഴികളില്‍ നിറയെ വഴിമുടക്കികളായ ഭീമാകരന്‍ കാളകളും….കരവിരുതിന്റെ ഉത്തമമാതൃകയായി ജയ്സല്‍മേട് ജൈന്‍ ടെമ്പിള്‍, അതും സാന്‍ഡ്സ്റ്റോണില്‍ തീര്‍ത്തതു തന്നെ. സിറ്റിയില്‍ നിന്നും 5 കിലോമീറ്ററോളം ദൂരമിണ്ടിവിടേക്ക്‌. പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകിച്ചൊന്നുമില്ലായിരുന്നു…അതിന്റെ സൌന്ദര്യവും ശാന്തതയും മനസ്സു നിറക്കുന്നതായിരുന്നു. മകള്‍ക്കാണെങ്കില്‍ അതിന്റെ ഗോപുരത്തില്‍ കയറാനുള്ള രസം കാരണം കുറച്ചു സമയം അവിടെ നിന്നു..


അവിടെ നിന്നായിരുന്നു 30 കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കുല്‍ധാര എന്ന ഗ്രാമത്തിലേക്കു യാത്ര ആരംഭിച്ചത്‌.കുല്‍ധാര ഇന്നറിയപ്പെടുന്നതു ശാപഭൂമി അഥവാ ഭൂതാവാസമുള്ള ഗ്രാമം എന്നാണ്( cursed land  or haunted village)
കുല്‍ധാര


പണ്ട് പാലിവാല്‍ ബ്രാഹ്മണര്‍ താമസിച്ചിരുന്ന ഗ്രാമമായിരുന്നു അത്‌. 20 രുപയുടെ ആര്‍ക്കിയോളജിക്കാരുടെ ടിക്കറ്റെടുക്കുമ്പോഴെ വാതിക്കല്‍ നരച്ച താടിയും, മുഷിഞ്ഞ തലപ്പാവും കണ്ണില്‍ പെട്ടിരുന്നു.. ഓഫീസിലേക്കുള്ള വെള്ളവും കൊണ്ട് വന്ന വണ്ടിയില്‍  ടിക്കറ്റ് ഓഫീസിലിരിക്കുന്ന മകനെ കണ്ടെന്തോ പറയാന്‍ വന്നതായിരുന്നു അദ്ദേഹം..മണിയടിച്ചു മുന്നേറിയപ്പോള്‍ 85 കാരനായ സുമാറാം സിംങ്ങിജി കഥ പറയാമെന്നേറ്റു. മാര്‍വാടി കലര്‍ന്ന ഹിന്ദിയില്‍ ഏതോ നാടന്‍ പാട്ടിന്റ് ഈണത്തില്‍ അദ്ദേഹം നാനൂറ് വര്‍ഷം മുന്‍പു നടനെന്നു പറയുന്ന കഥ പറഞ്ഞു…

സുമാറാം സിംങ്ങ് ജി

പാലിവാല്‍ ബ്രാഹ്മണര്‍ അന്നാട്ടിലെ പണക്കാരായ കച്ചവടക്കാരായിരുന്നു. സ്വത്തിന്റ് കാര്യത്തില്‍ രാജാവിനോളം തന്നെ പോന്നവര്‍. ജയ്സല്‍മേഡില്‍ 84 ഗ്രാമങ്ങളിലായാണ് അവര്‍ താമസിച്ചിരുന്നത്‌.അന്നത്തെ രാജാവിന്റെ ധിവാനായിരുന്നു സാലം സിംങ്ങ്‌ ഒരിക്കല്‍ കുല്‍ധാരയില്‍ വരികയുണ്ടായി. ഗ്രാമത്തിന്റെ കൃഷ്ണമന്ദിറില്‍ വിളക്കു കൊളുത്താന്‍ വന്ന 12 വയസ്സുകാരിയായ അതി സുന്ദരിയെ കണ്ടയാള്‍ മോഹിച്ചു പോയി. 

കഥയിലെ കൃഷ്ണമന്ദിര്‍

അവിടത്തെ കുലഗുരുവിന്റെ മകളായിരുന്നു ആ സുന്ദരി. സാലം സിംങ്ങ്‌ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെത്രെ.പക്ഷെ ബ്രാഹ്മണര്‍ സമ്മതിച്ചില്ല, ഒന്നാമത്തെ കാരണം അവര്‍ അവരുടെ ജാതിക്കാരെ മാത്രമെ വിവാഹം കഴിച്ചിരുന്നൊള്ളൂ..രണ്ടാമതായി സാലം സിംങ്ങ് ഒരു ദുര്‍നടത്തക്കാരനായിരുന്നു. അയാള്‍ രാജാവിന്റെ പണമിടപാടില്‍ ഇടനിലക്കാരന്നായും, രാജാവിന്റെ ഏത് ആവ്ശ്യവും നടത്തി കൊടുത്തും അനധികൃതമായാണ് ധിവാനായാത്‌. രാജാവ്‌ സാലം സിംങ്ങിന്റെ കയ്യിലെ ഒരു പാവ മാത്രമായിരുന്നത്രെ.
ധിവാനാകാന്‍ രജപുത്രനായിരിക്കണമായിരുന്നു, ജാതിയില്‍ താഴ്ന്ന സാലം സിങ്ങിനെ രജപുത്രനായി രാജാവ് പ്രഖ്യാപിക്കുകയായിരുന്നത്രെ. സ്വ:താല്പര്യങ്ങള്‍ക്കായി അദ്ദേഹം എന്തു ദുഷ്ടതയും ചെയ്തു പോന്നിരുന്നു.സാലം സിംങ്ങ്‌ ഈ പെണ്‍കുട്ടിക്കു വേണ്ടി സ്ഥിരമായി കുല്‍‌ധാരക്കാരെ ശല്യം ചെയ്തു പോന്നു, ഒടുവില്‍  24 മണിക്കൂറിനുള്ളില്‍ അനുകൂല തീരുമാനമെടുക്കാനായി അവസാന താക്കീതും കൊടുത്തയാള്‍ മടങ്ങി.
അന്നേ ദിവസം 84 ഗ്രാമങ്ങളിലേയും പാലിവാല്‍ ബ്രഹ്മണരെ വിളിച്ചു കൂട്ടി കുല്‍ധാരയില്‍ ഒരു മീറ്റിംങ്ങ്‌ നടന്നു. അതേ രാത്രിയില്‍ 84 ഗ്രാമങ്ങളിലെയും മുഴുവന്‍ ജനങ്ങളും നാടു വിട്ടു.. അവരുടെ ജാതിയുടെ അഭിമാനത്തിനു മീതെ വീണ ഭീഷണിയെ  നാടുവിടലിലൂടെയാണ്  അവര്‍  നേരിട്ടത്‌.
രാജാവും, സാലം സിംങ്ങും എത്ര അന്വേഷിച്ചിട്ടും അവര്‍ ഒറ്റ രാത്രികൊണ്ട് എങ്ങോട്ടാണ് പോയതെന്ന്‌ കണ്ടുപിടിക്കാനായില്ല.
അവര്‍ നാടു വിടുമ്പോള്‍ പശുക്കള്‍, ആടുകള്‍, ഒട്ടകങ്ങള്‍ എല്ലാം അവിടെ വിട്ടിട്ടാണ് പോയത്‌, അവരുടെ സമ്പാദ്യങ്ങള്‍ ആ ഭൂമിയില്‍ പലയിടത്തായി കുഴിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. പലരും നിധി തേടി ഇവിടെ ഇപ്പോഴും വരാറുണ്ടത്രെ. പലര്‍ക്കും നിധി കിട്ടിയതായും പറയപെടുന്നു. എന്തായാലും നിധി അന്വേഷകര്‍ കുല്‍ധാര നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ആര്‍ക്കിയോളജി ഇതു ഏറ്റെടുത്തത്‌.
കുല്‍ധാര നഷ്ടജീവിതത്തിന്റെയും കൂടി പ്രതീകമായി തോന്നി. ഇടക്കിടെ വരുന്ന ടൂറിസ്റ്റുകളുടെ ശബ്ദമൊഴിച്ചാല്‍ സര്‍വ്വം നിശബ്ദം..അവിടെ വന്നു കയറുമ്പോഴെ ഒരു നിശബ്ദത നമ്മളെയും ബാധിക്കുന്നുണ്ടായിരുന്നു. നോക്കെത്താ ദൂരം പരന്നു കിടന്ന് പാലിവാല്‍ ബ്രഹ്മണരുടെ അഭിമാനം വിളമ്പുന്ന ശാപഭൂമി നോക്കി നില്‍കുമ്പോള്‍ , ആ വിജനത അസഹ്യമായ അസ്വസ്ഥത മനസ്സിലുണ്ടാക്കുന്നണ്ടെന്നു തോന്നി.. അതിലും വിഷമം തോന്നിയതു, ഇതു പോലെ 83 ഗ്രാമങ്ങള്‍ കൂടി ഉണ്ടെന്ന അറിവായിരുന്നു.


തിരിച്ചുള്ള യാത്രയില്‍ സുമാറാം സിങ്ങ്ജിയെ ഗ്രാമത്തില്‍ ഇറക്കുമ്പോള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.. ശാപഭൂമിയില്‍ നിന്നുള്ള വരവല്ലേ അമ്പലത്തില്‍ കയറിയിട്ടു പോ….
സ്വര്‍ണ്ണ മണ്‍ക്കൂന തേടിയുള്ള യാത്ര, വീണ്ടും 20 കിലോമീറ്റര്‍ കൂടി യാത്ര ചെയ്യിപ്പിച്ചു. മണ്‍കൂനകള്‍ക്കപ്പുറം സൂര്യനസ്തമിക്കുന്ന ഗോള്‍ഡന്‍ സണ്‍സെറ്റ്! കടലില്‍ താഴുന്ന സൂര്യനെ കണ്ട് പരിചയിച്ചതുകൊണ്ടായിരിക്കാം, മണ്‍കൂനകള്‍ കടലെന്നു ഒരു നിമിഷം തോന്നിപ്പിച്ചു.ഒട്ടകപ്പുറത്തു കയറുന്നതു അത്ര എളുപ്പമല്ലെന്നറിയുന്നതു കൊണ്ട്, ഒട്ടക വണ്ടിയിലാണ് മണ്‍കൂനകള്‍ക്കിടയിലേക്ക് യാത്രയായത്‌.കാറ്റ് ഡിസൈന്‍ ചെയ്ത മണ്ണിനെ നോക്കി രസിക്കാനധികം കഴിഞ്ഞില്ല. അതിലും മുന്‍പേ ഞാന്‍ ഭൂമി തൊട്ടേ എന്നലറികൊണ്ടെന്റെ മകള്‍ താഴേക്ക് ശയനപ്രദക്ഷിണം തുടങ്ങിയിരുന്നു. പിന്നെ പിടിച്ചു നില്‍ക്കാനായില്ല്യ. മണ്ണിന്റെ മിനുമിനുപ്പും, തരിതരിപ്പും പണ്ടെന്നോ  മറന്നിട്ടു പോയ കുട്ടിക്കാലത്തിലെക്ക്‌ കൈപിടിച്ചു നടത്തിച്ചു


പിന്നീട് മരുഭൂമിയിലെ ജീവികളെ കണ്ടുപിടിക്കാനായുള്ള സൂഷ്മ പരിശോധന. ഒരടയാളം ഒരു പല്ലിയുടേയൊ, ഓന്തിന്റെയോ എന്നു തോന്നിപ്പിച്ചു. മറ്റൊന്നു സൈക്കിള്‍ ടയര്‍ പോലെ ഒരു അടയാളമായിരുന്നു. ചെറിയ പൊന്തക്കാട്ടിലെത്തി അതു നിന്നു.. അതിന്റെ വീട്ടില്‍ കയറി റെയ്ഡ് വേണ്ടെന്നു തീരുമാനിച്ച് ഡെസേര്‍ട്ട് ക്യാമ്പിലെ ഡാന്‍സിലേക്കും, ഭക്ഷണത്തിലേക്കും മടക്കം.

പിറ്റേ ദിവസം രാവിലെയാണ് ഗഡ്സി സാഗര്‍ ലേക്ക് കാണാന്‍ പോയത്‌. രാജ്യത്തിലെ എല്ലാവര്‍ക്കും വെള്ളമെത്തിക്കുക എന്നതിനു വേണ്ടി രാജാ ഗഡ്സി ഉണ്ടാക്കിയതാണീ തടാകം. അതു പൂര്‍ണമാകും മുന്‍പേ അദ്ദേഹം മരിച്ചിരുന്നു, അതു പൂര്‍ത്തിയാക്കിയ ശേഷമാണത്രെ അദ്ദേഹത്തിന്റ് ഭാര്യ സതി അനുഷ്ഠിച്ചതു, അത്രയും കാലം സതി നീട്ടി വെച്ചു അവര്‍. വേനലിന്റ് തുടക്കത്തിലേ ഗഡ്സിയിലെ വെള്ളം കൊഴുത്തു തുടങ്ങി, എന്നാലും പെടല്‍ ബോട്ടുകള്‍ ഉപയോഗിക്കാനുള്ളത്ര വെള്ളം ഉണ്ട്.
പട്ട്‌വോം ക്കി ഹവേലി


ഇവിടത്തെ ഹവേലികള്‍ ആഡംഭരത്തിന്റെ അവസാന വാക്കായാണ് തോന്നിയതു.ജൈന്‍ മതസ്ഥരായ ബിസിനസ്സുകാരുടേതാണിവ കൂടുതലും… ഏറ്റവും പ്രധാനപെട്ടത് പട്ട്‌വോം ക്കി ഹവേലിയാണ്. ആഡംഭരഹോട്ടലുകളെ വെല്ലുന്ന സൌകര്യങ്ങളാണ് അന്നവര്‍ക്കുണ്ടായിരുന്നത്‌.രാജാവ് പതിച്ചു നല്‍കിയ സ്ഥാനപേരാണ്‍ പട്‌വ, പ്രധാനമായും സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ച് വസ്ത്രങ്ങളില്‍ കലാരുപങ്ങള്‍ നെയ്യുന്നവരായിരുന്നു ഇവര്‍, ഒപ്പം ആഭരണങ്ങളും ഉണ്ടാക്കുന്നതിലും മിടുക്കരായിരുന്നു. ആ മിടുക്കിനു പകരമായാണ് പട്ട്‌വ എന്ന സ്ഥാനപേര്‍ ലഭിച്ചത്‌. ബിസ്സിനസ്സുകാരായ ഇവര്‍ തന്നെ ആയിരുന്നു ഖജനാവ്‌ കാലിയാകുമ്പോള്‍ പലിശക്കു പണം കടം കൊടുത്തിരുന്നത്‌. അതു കൊണ്ട് തന്നെ ഭരണത്തില്‍ ഇവര്‍ക്കു കാര്യമായ പിടിപാടുണ്ടായിരുന്നത്രെ.


അമ്പലങ്ങളും, അറുപതിലധികം ബാല്‍കെണികളോടു കൂടിയ വലിയ കൊട്ടാരം തന്നെയായിരുന്നു പട്ട്‌വോം ക്കി ഹവേലി. ആഡംഭരക്കാഴ്ചകളില്‍ പഴയകാല ഫ്രിഡ്ജ്, ഫാന്‍, വസ്ത്രങ്ങള്‍, കണ്ണാടി കൊണ്ട് പണിത ആഡംഭര മുറികള്‍, കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍ മുതല്‍ വിലകൂടിയ പെയിന്റിങ്ങുകള്‍ വരെ ഉള്‍പ്പെടുന്നു.


കണ്ടതില്‍ കൂടുതല്‍ കാണാനിരിപ്പുണ്ടെന്ന തിരിച്ചറിവില്‍, ഫെബ്രുവരിയിലെ ഡെസേര്‍ട്ട് ഫെസ്റ്റിവലില്‍ ജയസല്‍മേടിന്റെ മറ്റൊരു മുഖം കൂടി കാണണമെന്ന മോഹവും കൊണ്ടാണ് ജയ്സല്‍മേടിനോട് യാത്ര പറഞ്ഞത്‌.

31 comments:

ഗൗരിനാഥന്‍ said...

ഇത്തിരി നീണ്ടു പോയോ എന്നൊരു സംശയമുണ്ട്, എന്നാലും കണ്ടതെല്ലാം എഴുതി തീര്‍ന്നില്ല എന്നതാണ്‍ഊ സത്യം ..ബോറടിക്കില്ലെന്ന വിശ്വാസത്തോടെ...

Echmukutty said...

ബോറടിക്കാനോ? സന്തോഷം ... സ്വര്‍ണത്തരികളും സ്വര്‍ണക്കുന്നുകളും.. ബാക്കി കൂടി എഴുതൂ... കാത്തിരിക്കുന്നു..

ഫൈസല്‍ ബാബു said...
This comment has been removed by the author.
ഫൈസല്‍ ബാബു said...

വായിച്ചു വായിച്ചു തീര്‍ന്നതറിഞ്ഞില്ല... കൊട്ടാരവും കൊട്ടാരകാഴചകള്‍ക്ക് പിന്നിലുള്ള കഥയുമൊക്കെയായി ഒരു നല്ല വായനയും സമ്മാനിച്ചു.. ഈ സ്ഥലത്തിലേക്ക് എത്താനുള്ള വഴിയും ടൂറിസ്റ്റ് സ്ഥലവും കൂടി ഉള്‍പെടുത്തിയിരുന്നു എങ്കില്‍ ഒന്ന് കൂടെ മാറ്റ് കൂടുമായിരുന്നു. എന്ന് തോന്നി ,അടുത്ത ഡിസേര്‍റ്റ് ഫെസ്റ്റിവലില്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിയട്ടെ !! ..യാത്ര തുടരെട്ടെ , യാത്രാ വിവരണവും.

Sangeeth K said...

യാത്രാവിവരണത്തോടോപ്പം ചരിത്രവും ഉള്‍പ്പെടുത്തിയതു കൊണ്ട് വളരെ നന്നായി തോന്നി...ആശംസകള്‍... :-)

Dr Premakumaran Nair Malankot said...

നല്ല വിവരണം - ചിത്രങ്ങൾ സഹിതം.
ആശംസകൾ.

ഗൗരിനാഥന്‍ said...

എല്ലാ നല്ല വായനക്കും, അഭിപ്രായങ്ങള്‍കും നന്ദി..പിന്നെ ഫൈസല്‍ ഞാന്‍ പൊതുവെ വഴികള്‍ എഴുതാറില്ല, അതൊക്കെ ഇപ്പോള്‍ ഈസിയായി ഇന്റെര്‍നെറ്റില്‍ കിട്ടില്ലേ,,എന്തിനെഴുതി കൈ വേദനിക്കണം..മടിയാണേ

Kalavallabhan said...

"ഒരു ചന്ത പോലെയാണ് ഗോള്‍ഡന്‍ ഫോര്‍ട്ട് ഇപ്പോള്‍.. കോട്ട മുഴുവനായും ഹോട്ടലുകളും, കടകളും..കണ്ട് കോട്ടയെവിടെ "

പരിചയപ്പെടുത്തൽ ഈ ജോദ്പൂരുകാരനും ഇഷ്ടമായി.

ഇട്ടിമാളു അഗ്നിമിത്ര said...

I vl b thr...yes i vl b thr

Aarsha Abhilash said...

നന്നായിരിക്കുന്നു ചിത്രവിശേഷം :)
കുറെ നാള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും, പല പ്രാവശ്യം plan ചെയ്തിട്ടും എനിക്ക് പോകാന്‍ കഴിയാതെ പോയ ഇടമാണ്..... എന്നെങ്കിലും ഒരിക്കല്‍ പോകുമെന്ന പ്രതീക്ഷയില്‍!
നന്ദി :)

Sudheer Das said...

ഒഴുകികൊണ്ടേയിരിക്കണം. പുതിയ കാഴ്ചകളിലൂടെ, അറിവുകളിലൂടെ. യാത്രകള്‍ ഒരു അനുഗ്രഹമാണ്. ആശംസകള്‍.

Harinath said...

ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് ആദ്യമായാണ്‌ അറിയുന്നത്. രസകരമായ ചരിത്രം.
വിവരണവും ചിത്രങ്ങളും വളരെ ഇഷ്ടപ്പെട്ടു...

Unknown said...

Good

http://novelcontinent.blogspot.com/

viddiman said...

കാഴ്ച്ചകളോടൊപ്പം കഥകളും ചരിത്രവും..
വായന തീർന്നതറിഞ്ഞില്ല.

സതി അവസാനിച്ചെങ്കിലും, അവിടത്തെ സ്ത്രീകളുടെ ജീവിതം ഇപ്പോഴും ദുരിതമയമാണെന്ന് കേട്ടിട്ടുണ്ട്.

വരികള്‍ക്കിടയില്‍ said...

ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ്‌ അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ

വേണുഗോപാല്‍ said...

ചിത്രങ്ങള്‍ സഹിതം നല്‍കിയ മികച്ച വിവരണം. ഇനിയും ചിലത് ബാക്കി വെച്ചിട്ടുണ്ടെങ്കില്‍ അത് കൂടി പോന്നോട്ടെ... ആശംസകള്‍

അന്നൂസ് said...

പാന്ഥന്‍റെ യാത്രാവിവരണത്തെ ഓര്‍മ്മ വന്നു.....വളരെ ഇഷ്ട്ടമായി.....ആശംസകള്‍ അറിയിക്കട്ടെ..ചിത്രങ്ങള്‍ സൂപ്പര്‍

പട്ടേപ്പാടം റാംജി said...

പരിചയം ഇല്ലാത്ത ഒരു സ്ഥലം നന്നായി പരിചയമായി. നല്ല ചിത്രങ്ങള്‍ കൂടി ആയപ്പോള്‍ ഭംഗിയായി.

Promod P P said...

അൽ‌പ്പം നീണ്ടു പോയെങ്കിലും വിവരണം മനോഹരം..

ajith said...

പാഠപുസ്തകങ്ങളില്‍ വായിച്ച ജയ് സാല്‍മീര്‍ എന്ന സ്ഥലത്തിന്റെ ചരിത്രം ജയ്സല്‍മേട് എന്ന ശരിപ്പേരിലൂടെ തുടങ്ങി ഒരളവ് വിശദീകരിച്ചുതന്ന ഒരു യാത്രാവിവരണം. നന്നായി എഴുതി.

Anonymous said...

ജയ്സാല്‍മീര്‍ എന്ന് കേള്‍ക്കുമ്പോഴേ മനസ്സില്‍ വരുന്നത് മണലിന്റെ നിറം ആണ്, മരുഭൂമിയുടെ ചൂടാണ്. എന്നെങ്കിലും ഒരിക്കല്‍ സന്ദര്‍ശിക്കണം എന്ന് ആഗ്രഹം ഉള്ള സ്ഥലങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് എന്റെ കയ്യില്‍ ഉണ്ട്. അതില്‍ ഒന്നാണ് ജയ്സാല്‍മീര്‍. അതിനു കാരണം സാക്ഷാല്‍ നോളന്‍ ആണ്.

പലരും വിശ്വസിക്കുന്നത് അതിലെ പ്രസിദ്ധം ആയ ജയില്‍ ജയ്സാല്‍മീര്‍ ഫോര്‍ട്ട്‌ ആണെന്നാണ്‌. ശരിക്കും ഭീതി ഉണര്‍ത്തുന്ന ഒരു ജയില്‍.

ഇമേജ് ചുവടെ കൊടുക്കുന്നു:
http://wac.450f.edgecastcdn.net/80450F/comicsalliance.com/files/2011/12/screen-shot-2011-12-19-at-11.52.50-am.jpg

വളരെ നല്ല യാത്രാ വിവരണം. ലിസ്റ്റില്‍ ജയ്സാല്‍മീറിന്റെ പ്രയോരിറ്റി മാറ്റാന്‍ സമയം ആയി എന്ന് തോന്നുന്നു :D

Rahul Ashok said...

കിടില്ലന്‍! നല്ലൊരു വായനാനുഭവം നല്‍കിയതില്‍ സന്തോഷമുണ്ട്, ചേച്ചി. സ്ഥലം കൊള്ളാം കേട്ടോ. "ഫാവിയില്‍" പറ്റുവാണേല്‍ ഒന്ന്‍ അങ്ങോടു ഇറങ്ങണം. :D :)

ശ്രീ said...

ഈ സ്ഥലത്തെ പരിചയപ്പെടുത്തിയതിനു നന്ദി.


പോസ്റ്റ് കുറച്ചു വലുതായെങ്കിലും ചിത്രങ്ങളും വിവരണവും നന്നായി.

സാജന്‍ വി എസ്സ് said...

ജയ്സല്മീര്‍ കേട്ടറിവ് മാത്രമായിരുന്നു.ഈ വിവരണം ഏറെ നന്നായി,കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.

Manoj vengola said...

ഈ വായന ഒരു അനുഭവമായി.നന്ദി.

തുമ്പി said...

ജയ്സല്‍മേടിലേക്ക് യാത്ര ചെയ്തത് കെട്ട്കഥയിലെ കാഴ്ച്ചകളും വിവരണവും കണ്ടതും കേട്ടതും പോലെ അവിശ്വസനീയതയോടെയാണ് തോല്‍ക്കപ്പെടാന്‍ പോകുന്നു എന്ന തോന്നലില്‍ ആത്മാഹൂതി ചെയ്ത അമ്മമാരും കൊല്ലപ്പെട്ട മക്കളുമെല്ലാം വേദന പുരണ്ട ഓര്‍മ്മകളായി.

Cv Thankappan said...

വായനാസുഖമുള്ള വായനയിലൂടെ പല പുതിയ അറിവുകളും നേടാന്‍ കഴിഞ്ഞു.ഏവര്‍ക്കും ഉപകാരപ്രദമായ പോസ്റ്റ്.
ആശംസകള്‍

Unknown said...

അങ്ങനെ ജയ്സാല്മേട്ടും കണ്ടു ഈ മനോഹരമായ യാത്രയിലൂടെ . നന്നായിട്ടുണ്ട്

Muralee Mukundan , ബിലാത്തിപട്ടണം said...

ചരിത്രത്തിന്റെ അകമ്പടി കഥകളുമായി ഏവരേയും
ഇന്നത്തെ ഗോൾഡ് ഫോർട്ടിലെത്തിച്ചു ..അല്ലേ ശാരി

സുധി അറയ്ക്കൽ said...

എത്ര മനോഹരം. 83 ഗ്രാമങ്ങളിൽ നിന്ന് ആളൊഴിഞ്ഞ കഥ വായിച്ചപ്പോൾ വിഷമം തോന്നി. ശരിക്കും അതൊക്കെയൊരു വലിയ ശ്മശാനം തന്നെ.

പത്ത് വർഷത്തിനകം ഒരു വലിയ അവധിക്കാലം ഭാരതപര്യടനം നടത്തണമെന്നുണ്ട്.നടക്കുമോ ആവോ.

pravaahiny said...

മനോഹരം