Monday, 18 May 2026
വയനാട്ടിലെ കുഞ്ഞുങ്ങളെ സഹായിക്കാം
Sunday, 3 May 2026
ഒരു ഉമ്മ അഥവാ കെട്ടിപിടിച്ചുമ്മ കഥ
സത്യം പറയാമല്ലോ മലയാളി ആണുങ്ങളെ കെട്ടിപ്പിടിക്കാൻ കൊള്ളില്ല. എഴുപതു - എൺപതുകളിൾ ജനിച്ചവരെ മാത്രമായിരുന്നു കെട്ടിപ്പിടിക്കാൻ മടിയുണ്ടായിരുന്നത്. പുതിയ തലമുറ വേറെ ഒന്നും ചിന്തിക്കില്ലന്നും അവർ സ്ത്രീകളെ കൂടുതൽ ബഹുമാനത്തോടെ ആയിരിക്കും കാണുന്നത് എന്ന് കരുതി ഒരു ഹഗ് കൊടുക്കുന്നതിൽ യാതൊരു മടിയുമില്ലായിരുന്നു. മാത്രമല്ല ചേർത്തുപിടിക്കാൻ പറ്റുന്ന തരത്തിലുള്ള ചില ആൺ സൗഹൃദങ്ങൾ ഉണ്ടായതോടെ വിശ്വാസത്തിന്റെ ഒരു വലിയ വഴി തുറന്നു കിട്ടുകയായിരുന്നു
പറയാൻ വന്ന കഥ അതല്ല ഒരു കെട്ടിപ്പിടിച്ചുമ്മയിലൂടെ മേടിക്കുന്നതിലൂടെ, അല്ലെങ്കിൽ ഒരു ഹഗ്ഗ് ചെയ്യുന്ന പെണ്ണ് കൂടെ കിടക്കാൻ റെഡിയാണെന്ന് വിചാരിക്കുന്ന പുതിയ തലമുറ ഇപ്പോഴും ഉണ്ട് എന്നുള്ളത് അതിശയിപ്പിക്കുന്നതാണ്.
ചില അനുഭവം കൊണ്ട് പറഞ്ഞു പോകുന്നതാണ്
പണ്ട് ബ്രിട്ടനിലേക്ക് പോകുമ്പോൾ എന്റേ ധാരണ എന്റെ ഇംഗ്ലീഷ് മോശമായത് കൊണ്ട് ഇംഗ്ലീഷുകാരാരും എന്നോട് കൂട്ടാകില്ല എന്നായിരുന്നു, എന്നാൽ സംഭവിച്ചത് തിരിച്ചായിരുന്നു ഇന്ത്യക്കാർ ആരും എന്നോട് കൂട്ടായില്ല പകരം ബ്രിട്ടീഷുകാർ ആയിരുന്നു എനിക്ക് കൂട്ടുകാരായിട്ട് ഉണ്ടായിരുന്നത്. അവരുടെ വീടുകളിലൊക്കെ പോയിരുന്നത് ഒരു പതിവായിരുന്നു താനും. അപ്പോഴൊക്കെ അവരുടെ അടുത്ത ആൾക്കാർ നമ്മെ ചേർത്ത് പിടിച്ച് കവിളിൽ രണ്ടു ഉമ്മ തന്ന് കെട്ടിപ്പിടിച്ച ശേഷമാണ് വിശേഷങ്ങൾ ചോദിക്കുക.
വഴിയിൽ വെച്ച് കാണുന്ന സുഹൃത്തുക്കളും അങ്ങനെ ആയിരുന്നു. പോരാത്തതിന് അടുത്ത ആഫ്രിക്കൻ സുഹൃത്തുക്കൾ ആകട്ടെ ആണെന്നും പെണ്ണൊന്നും തരമില്ലാതെ അരയിലൂടെ എന്നെ പൊക്കിയെടുത്ത് ആയിരുന്നു ഉമ്മ തന്നിരുന്നത്
ആദ്യമൊക്കെ വലിയ മടിയായിരുന്നു. പതുക്കെ അത് ശീലമായി..ഉമ്മ കിട്ടി മടുത്തു 😂
ശരീരവും ഉമ്മയും ഒക്കെ എന്നേക്കുമായി ബ്രിട്ടനിലെ സ്വസ്ഥതയുള്ള ആൺ പെൺ ഇടപെടലുകളിലൂടെ ഞാൻ മറന്നു പോയി. തിരിച്ചെത്തിയത് ശരീരം ഒരു തടസ്സമല്ലാത്ത ഒരു സ്ത്രീയായിട്ടായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത ആൾക്കാരോട് അടുത്ത് ഇടപഴകാൻ യാതൊരു മടിയുണ്ടായിരുന്നില്ല, അതിൽ ആണെന്നും പെണ്ണെന്നും വേർതിരിവ് ഉണ്ടായിരുന്നില്ല.
പണ്ടേ ആൺ സുഹൃത്തുക്കളായിരുന്നു കൂടുതലും
ഇതെല്ലാംഅനുഭവിച്ച വന്ന ശേഷം ജോലി ചെയുന്ന സ്ഥലത്തും പല രാജ്യക്കാരുമുണ്ടായിരുന്നു. കൂടെ കൂടിയ എന്റെ പാർട്ണറും ഇതേ അനുഭവങ്ങളിലൂടെ കടന്നു പോയി ഇപ്പോഴും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമായി ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് അവനും അതൊരു പ്രശ്നമായിരുന്നില്ല.
എന്റെ പടം എങ്ങാനും മോർഫ് ചെയ്യുകയാണെങ്കിൽ നല്ല ഭംഗിയുള്ള ഏതേലും ശരീരത്തിൽ ചേർക്കാൻ തോന്നണേ എന്നു പറയുന്ന ചില നല്ല പെൺ സുഹൃത്തുക്കളും എനിക്കുണ്ട്
ഇത്തരം ആളുകളുമായിയുള്ള സഹവാസം കൊണ്ടായിരിക്കാം എല്ലാ പുരുഷന്മാരും നല്ലവരാണെന്നും കെട്ടിപ്പിടിത്തമൊന്നും കേരളത്തിലും പ്രശ്നമല്ലെന്ന് തോന്നി തുടങ്ങിയത്.
പോരാത്തതിന് സുന്ദരമായ 48 കളിലാണ് ഞാനിപ്പോൾ. ഉന്മാദത്തിന്റെ ശക്തി കൂടിയ കാലം എന്ന് പറയാം.. ആരെയും ഒന്നിനെയും എന്തിനെയും പേടിയില്ലാത്ത ഒരുവളായി മാറി കഴിഞ്ഞിരുന്നു ഞാൻ.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഹഗ് കൊടുത്തതിന്റെ പേരിൽ ഒരു കുഞ്ഞു പയ്യൻ വന്നു കൂടെ കിടക്കാനുള്ള ഗ്രീൻ സിഗ്നൽ എന്നും കരുതി എന്റെ ശരീരവും വർണിച്ചു എന്നെ അങ്ങ് ക്ഷണിച്ചത്.
എന്തു പറയാനാണ് കിണറ്റിൽ കിടക്കുന്ന തവളയ്ക്ക് അതിനുമുകളിൽ കാണുന്ന ആകാശം മാത്രമല്ലേ അറിയൂ ല്ലേ
അറ്റ്ലീസ്റ്റ് എനിക്കൊരു ജാരൻ ഉണ്ടാവുകയാണെങ്കിൽ എന്നെക്കാൾ അല്പം കൂടെ ബുദ്ധിയും കഴിവും എല്ലാം ഉണ്ടാവണ്ടേ. ഹല്ല പിന്നെ
👿👿👿എന്നുവച്ച് എന്നെക്കാൾ ബുദ്ധിയുള്ളവരാണെന്ന് കരുതുന്നവർ ആരും വന്നിവിടെ ക്യൂ നിൽക്കണ്ട. തൽക്കാലം എനിക്ക് താല്പര്യമില്ലാത്ത വിഷയമാണ്. ഒരുപഞ്ചിനു പറഞ്ഞതാ 😈😈😈
Tuesday, 28 April 2026
ഹയർസ്റ്റഡീസ് 4
![]() |
| സ്റ്റുഡന്റ് വിസ |
അങ്ങനെ അടുത്ത ഘട്ടത്തിലേക്ക്.
അതായത് സ്റ്റുഡന്റ് വിസ ലഭിക്കാനുള്ള പ്രോസസ്
അതിന്റെ ആദ്യ പടിയായി മെഡിക്കൽ ക്ലീയറൻസ് ലഭിക്കേണ്ടതുണ്ട്.
പണ്ടൊക്കെ പുറത്തുപോകുന്ന സമയത്ത് ടിബി ടെസ്റ്റ് നടത്തണമായിരുന്നു. അന്ന് ഏതെങ്കിലും ഒരു ഡോക്ടറുടെ അടുത്തുനിന്ന് എക്സ്-റേ എടുത്ത്, പോകുന്ന ആൾക്ക് ടിബി ഇല്ലെന്ന് സർട്ടിഫൈ ചെയ്താൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, യുകെ ഗവൺമെന്റ് അംഗീകരിക്കുന്ന മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് തന്നെ ടിബി ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എടുക്കേണ്ടതുണ്ട്. കിംസ്, അമൃത ഒക്കെ അവരുടെ ലിസ്റ്റിലുള്ള സ്ഥാപനങ്ങളിൽ ചിലതാണ്.
വിസ പ്രോസസിന് വേണ്ട എല്ലാ രേഖകളും ശേഖരിച്ച് സമാഹരിച്ച് സോഫ്റ്റ് കോപ്പിയും ഹാർഡ് കോപ്പിയും ഉണ്ടാക്കിവെക്കുക എന്നതാണ് പ്രധാനമാണ്.
പ്രധാനമായും യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്കോളർഷിപ്പ് ഇല്ലാത്ത ഒരാളാണെങ്കിൽ പഠനകാലത്ത് നിങ്ങൾക്ക് അവിടെ താമസിക്കാനും ജീവിക്കാനും വേണ്ടി വരുന്ന പൈസ നിങ്ങളുടെ അക്കൗണ്ടിൽ ഉണ്ടെന്ന് തെളിയിക്കുന്ന ഫിനാൻഷ്യൽ ഡോക്യുമെന്റുകൾ അഥവാ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളാണ് പൊതുവേ അത് അതിനുവേണ്ടി വരിക.
കൂടാതെ ആറുമാസത്തെ യൂണിവേഴ്‌സിറ്റി ട്യൂഷൻ ഫീസ് മുൻകൂർ അടച്ചിട്ടുണ്ടായിരിക്കണം, കൂടാതെ അടുത്ത ആറുമാസത്തേക്കുള്ള ട്യൂഷൻ ഫീസ് ബാങ്കിൽ ഇട്ടതിന്റെ സ്റ്റേറ്റ്മെന്റ് കൂടെ കാണിക്കേണ്ടിവരും.
പിന്നീട് വേണ്ടത്
നിങ്ങൾക്ക് താമസിക്കാൻ ഏർപ്പാടാക്കിയ അക്കോമഡേഷന്റെ തെളിവ്,
നിങ്ങളുടെ പാസ്‌പോർട്ട്, അക്കാദമിക് ട്രാൻസ്‌ക്രിപ്റ്റുകൾ, യുകെ വിസ അപ്ലിക്കേഷൻ സ്പെസിഫിക്കേഷൻ ഇൽ എടുത്ത ഫോട്ടോഗ്രാഫുകൾ, യൂണിവേഴ്‌സിറ്റി തന്ന അൺ കണ്ടീഷണൽ ഓഫർ ലെറ്റർ, എന്നിവയാണ്.
സ്കോളർഷിപ്പ് സ്റ്റുഡന്റ് ആണെങ്കിൽ സ്കോളർഷിപ്പ് അവാർഡ് ചെയ്തിരിക്കുന്നതിന്റെ സർട്ടിഫിക്കറ്റ് വെച്ചാൽ മറ്റു ബാങ്ക് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളുടെയോ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളുടെയോ ആവശ്യമില്ല
ഇനി ഓൺലൈൻ ആയി യുകെ ഗവൺമെന്റിന്റെ വെബ്സൈറ്റിൽ കയറി വിസ അപ്ലിക്കേഷൻ ടാബിൽ കയറി ഒരു യൂസർ നെയിമും പാസ്സ്‌വേർഡും സൃഷ്ടിച്ച പുതിയ ഒരു അക്കൗണ്ട് ഉണ്ടാക്കുക.
ശേഷം അവരുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരം രേഖപ്പെടുത്തിയതിന് ശേഷം ഫോം സബ്മിറ്റ് ചെയ്ത് അപേക്ഷ ഫീസ് അടക്കുക.
പിന്നീട് നേരിട്ട് പോയി ബയോമേട്രിക്സ് രേഖപെടുത്താനുള്ള അപ്പോയ്ന്റ്മെന്റ് എടുക്കുക.
ശേഷം അവർ തന്ന സമയത്ത് കൃത്യമായി വിസ സെന്ററിൽ എത്തി
നിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളങ്ങളും ഫോട്ടോയും) നൽകുക.
നമ്മൾ നേരിട്ട് ഹാജരാകുമ്പോൾ , നമ്മൾ ഓൺലൈൻ ആയി സബ്‌മിറ്റ് ചെയ്ത അപ്ലിക്കേഷൻ ഫോമും അതോടൊപ്പം സബ്മിറ്റ് ചെയ്ത എല്ലാ രേഖകളുടെ ഒരോ കോപ്പിയും ഒറിജിനലും അവിടെ നേരിട്ട് സബ്മിറ്റ് ചെയ്യേണ്ടതുണ്ട്.
അതിനു ശേഷം നിങ്ങൾക്ക് വിസ സെന്റരിൽ ഓപ്ഷൻ കൊടുക്കാം പാസ്പോർട്ട് നിങ്ങൾക്ക് നേരിട്ട് വേണോ അതോ സ്പീഡ് പോസ്റ്റിൽ വേണോ എന്ന്.
ചില ആൾക്കാർക്ക് എല്ലാം സ്വയം ചെയ്തു കഴിഞ്ഞാലും വിസ അപ്ലിക്കേഷൻ മൂവ് ചെയ്യാൻ സമയത്ത് മാത്രം നമ്മൾ ഏജൻസികളെ സമീപിക്കാറുണ്ട്. അത് തന്നേ ചെയ്യാനുള്ള ആത്മവിശ്വാസം ഇല്ലാത്തവരോട് ഏജൻസിയെ ഏൽപിച്ചോളാൻ പറയാറുണ്ട്.അതിന് നമുക്ക് പൈസ ചിലവില്ല എന്നു മാത്രമല്ല നമ്മൾ കൊടുക്കുന്ന ഏജൻസിക്ക് എന്തോ ചെറിയ കമ്മീഷൻ നമ്മൾ കാരണം ലഭിക്കുകയും ചെയ്യും. അത് കൊണ്ട് ഈ വിസ പ്രോസസ് മാത്രം ഒരു ഏജൻസിയെ ഏൽപ്പിക്കുന്നതിൽ തെറ്റില്ല.
ഇനി അവർ വിസ തരുന്നതിനു മുൻപ് പോലീസ് വെരിഫിക്കേഷൻ നടത്തി, നമുക്ക് വിസ സ്റ്റാമ്പ് ചെയ്ത പാസ്പോർട്ട് നിങ്ങൾ പറഞ്ഞതനുസരിച്ച് ലഭിക്കും..
ഇതെല്ലാം ഒറ്റക്ക് ചെയ്താണ് ഞാൻ പോയത്. അന്ന് എന്റെ പരിമിതമായ ഇംഗ്ലീഷും, കയ്യിൽ പൈസ ഇല്ലാത്തതും കൂടുതൽ കഷ്ടപ്പാടിന് കാരണം ആയിട്ടുണ്ട്.
എന്നാൽ നിരവധി നൊബേൽ സമ്മാന ജേതാക്കളുടെ ഈറ്റില്ലമായ യൂണിവേഴ്‌സിറ്റിയുടെ പടി കടക്കുമ്പോൾ, ഓർമ്മയുടെ ഒരറ്റത്ത് ഓലവീട്ടിൽ നിന്നും ചെരുപ്പിടാതെ കുന്നും പാടവും കടന്ന് തുറന്നു കിടക്കുന്ന ക്‌ളാസിലേക്ക് ഓടിയിരുന്ന പെൺകുട്ടിക്ക് അഭിമാനം കൊണ്ട് രോമാഞ്ചം വന്നിരുന്നു.
ഹയർസ്റ്റഡീസ് 3
അഡ്മിഷൻ കിട്ടിക്കഴിഞ്ഞാൽ അടുത്ത പ്രോസസ് സ്ക്കോളർഷിപ്പിന് അപ്ലൈ ചെയ്യലാണ്
പിജി അഡ്മിഷനും, സ്കോളർഷിപ്പിനും ഏയ്ജ് റെസ്ട്രിക്ഷൻ ഉണ്ടോ എന്നത് പലരുടെയും സംശയമാണ്. പണ്ട് 35 വയസ്സായിരുന്നു എയ്ജ് റെസ്ട്രിക്ഷൻ. എന്നാൽ അത് ഏയ്ജ് ഡിസ്ക്രിമിനേഷൻ ആയതുകൊണ്ട് എടുത്തു കളയുകയുണ്ടായി. എന്നിരുന്നാലും അപൂർവം ചില യൂണിവേഴ്സിറ്റികൾ ഇൻഫോർമലായി ഇത് ചെയ്യാറുണ്ടെന്ന് പറയപ്പെടുന്നു. ഏതു വയസ്സ് വരെയും ആരോഗ്യമുണ്ടെങ്കിൽ നമുക്ക് അപ്ലിക്കേഷൻസ് കൊടുക്കാം
സ്കോളർഷിപ്പിന് അപ്ലൈ ചെയ്യുന്നതിനും കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണ്.
നേരത്തെ പറഞ്ഞതുപോലെ തന്നെ യൂണിവേഴ്‌സിറ്റിക്ക് കൊടുത്ത എല്ലാ മാർക്ക് ലിസ്റ്റുകളും സിവിയും ഒപ്പം സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് എഴുതി ഉണ്ടാക്കേണ്ടതുണ്ട്.
ഇത്തവണ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് എഴുതുന്നത് നിങ്ങൾ എന്തുകൊണ്ട് നിങ്ങൾ ഇപ്പോൾ സെലക്ട് ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റിയിലെ ആ കോഴ്സ് സെലക്ട് ചെയ്തു, അത് എങ്ങനെയൊക്കെ നിങ്ങളുടെ ഭാവി പ്രൊഫഷണൽ ജീവിതത്തിനും നിങ്ങളുടെ രാജ്യത്തിനും ഉപകാരപ്രദമാകും എന്നതായിരിക്കണം അതിന്റെ ഹൈലൈറ്റ്.
സ്കോളർഷിപ്പുകൾ പലതരത്തിലുള്ളവയുണ്ട്, മെറിറ്റ് സ്കോളർഷിപ്പുകൾ, യൂണിവേഴ്സിറ്റികൾ തരുന്ന ഫീസിലുള്ള ഫിനാൻഷ്യൽ ഇളവുകൾ, ഷെയേഡ് സ്കോളർഷിപ്പുകൾ
അതിൽ തന്നേ പല വിഭാഗങ്ങൾക്കായി പ്രത്യേകം സ്കോളർഷിപ്പുകളും ഉണ്ട്. ഉദാഹരണത്തിന് ആർട്ട് സ്കോളർഷിപ്പ്, സ്പോർട്സ് സ്കോളർഷിപ്പ്, മൈനോറിറ്റി സ്കോളർഷിപ്പ്, എക്സ്ചേഞ്ച് സ്കോളർഷിപ്പ്, ഡെവലപ്മെന്റ് സ്കോളർഷിപ്പ്, എൻജിനീയറിങ് സ്കോളർഷിപ്പ് തുടങ്ങിയവ.
മെറിറ്റ് സ്കോളർഷിപ്പുകൾ നല്ല മാർക്കും പെർഫോമൻസ് ഉള്ള ആൾക്കാർക്ക് മാത്രമുള്ളതാണ്. ഫിനാൻഷ്യൽ ഇളവുകൾ നിങ്ങളുടെ മെറിറ്റ് കാരണം തരുന്ന സഹായമാണ്. ഷെയേഡ് സ്കോളർഷിപ്പുകൾ എന്നു പറഞ്ഞാൽ യൂണിവേഴ്സിറ്റിയും പല എജുക്കേഷണൽ ഡെവലപ്മെന്റ് ഏജൻസികളും കൂടെ ഷെയർ ചെയ്തു തരുന്ന സ്കോളർഷിപ്പുകൾ ആണ്. മെറിറ്റ്സ് സ്കോളർഷിപ്പുകളും ഷെയേഡ് സ്കോളർഷിപ്പുകളും ഫുൾ സ്കോളർഷിപ്പുകൾ ആയിരിക്കും. അതായത് നിങ്ങളുടെ വിമാനക്കൂലി അടക്കം ഒരു യൂണിവേഴ്സിറ്റിയിലെ എല്ലാ പഠന ചെലവുകളും താമസത്തിനും മറ്റുചില ചെലവുകൾ കൂടെ അടങ്ങുന്നതായിരിക്കും.
നിങ്ങൾ പഠിക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്ത് ഏതൊക്കെ സ്കോളർഷിപ്പുകൾ ഇന്റർനാഷണൽ സ്റ്റുഡൻസിന് അവൈലബിൾ ആണെന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്നതാണ്.
പിന്നീട് അതാത് സ്ക്കോളർഷിപ്പ് വെബ്സൈറ്റുകളിൽ കയറി യൂസർനെയും പാസ്‌വേഡും ഉപയോഗിച്ച് ഒരു അക്കൗണ്ട് തുടങ്ങി അപ്ലിക്കേഷൻ ഫോം ഫില്ല് ചെയ്തു തുടങ്ങാം. അതിൽ പ്രധാനപ്പെട്ട കാര്യം അതാത് രാജ്യത്തെ തന്നേയുള്ള യൂണിവേഴ്‌സിറ്റിയിൽ നിന്നും rനിങ്ങൾക്ക് ഒരു അൺ കണ്ടീഷനൽ ഓഫർ ഉണ്ടായിരിക്കണം എന്നതാണ്.
ചില സ്കോളർഷിപ്പുകൾ കോഴ്സുകളോട് ചേർന്നതായിരിക്കും. അതായത് നിങ്ങൾ ഒറ്റ അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുന്നതിലൂടെ സ്കോളർഷിപ്പോട് കൂടി കോഴ്സിന് അഡ്മിഷൻ കിട്ടുന്ന തരം ചില സ്കോളർഷിപ്പുകളും ഉണ്ട്.
ഷെയേഡ് സ്കോളർഷിപ്പുകൾക്കാണ് നിങ്ങൾ അപ്ലിക്കേഷൻ കൊടുക്കുന്നതെങ്കിൽ, ഏതൊക്കെ യൂണിവേഴ്സിറ്റിയാണ് ഈ സ്കോളർഷിപ്പുകളും ആയി ടൈ അപ്പ് ഉണ്ടാക്കിയിരിക്കുന്നത് അതാത് യൂണിവേഴ്സിറ്റിയിലെ അൺ കണ്ടീഷനൽ ഓഫർ ഉണ്ടായിരിക്കണം. മുന്തിയ റാങ്കിംഗ് ഉള്ള യൂണിവേഴ്സിറ്റികൾ ആയിരിക്കും പൊതുവേ ഇത്തരം ഷെയേഡ് സ്കോളർഷിപ്പുകൾ തരുന്നത്.
ഞാൻ പ്രധാനമായും സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട കോഴ്സുകൾക്കാണ് സ്കോളർഷിപ്പുകൾക്ക് ഇതുവരെ അപ്ലിക്കേഷൻ മൂവ് ചെയ്യാൻ മാർഗ്ഗനിർദ്ദേശം നൽകിയിട്ടുള്ളത്
പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകൾ ഇതൊക്കെയാണ്
1. Erasmus Mundus Scholarship
2. Chevening Scholarship
3. Commonwealth Scholarships
4. Gates Cambridge Scholarship
5. Rhodes Scholarship
6. Edinburgh Global Research Scholarships
7. The Felix Scholarship
8. The World Bank Scholarship
9. Nuffic Netherlands Scholarship,
10.University of Twente Scholarships (UTS),
11. Utrecht Excellence Scholarship (UES)
ഇത് എനിക്കറിയാവുന്നതിന്റെ മാത്രം ലിസ്റ്റ് ആണ്. ഇത് വരെ ഈ സ്കോളർഷിപ്പുകൾക്ക് മാത്രമേ ശ്രമിച്ചിട്ടുള്ളൂ. തിരഞ്ഞാൽ ഓരോ രാജ്യത്തിലും നിരവധി സ്കോളർഷിപ്പ് പ്രോഗ്രാമുകൾ അവൈലബിൾ ആണ്.
അണ്ടർ ഗ്രാജുവേഷനും, പോസ്റ്റ് ഗ്രാജ്വേഷനും ഉള്ള സ്കോളർഷിപ്പുകളെക്കാൾ കൂടുതലാണ് പി എച്ച് ഡി ചെയ്യാൻ ഉള്ള സ്കോളർഷിപ്പുകൾ ലഭിക്കുന്നത്.
പി എച്ച് ഡി ക്കും സ്കോളർഷിപ്പുകൾക്കും അപ്ലിക്കേഷൻ കൊടുക്കാനുള്ള എല്ലാ ക്രൈറ്റീരിയകളും വേറെയാണ്. അത് ഇതേപോലെ തന്നെ ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടാവുന്ന കാര്യങ്ങൾ മാത്രമേ ഉള്ളൂ
ഞാൻ പുറത്തുപോകാൻ ശ്രമിക്കുന്ന കാലത്ത് സ്പീടുള്ള ഇന്റർനെറ്റ് സർവീസ് കിട്ടണമെങ്കിൽ എനിക്ക് 45 മിനിറ്റ് യാത്ര ചെയ്ത് തൃശ്ശൂർ ടൗണിൽ എത്തണമായിരുന്നു. ഇന്റർനെറ്റ് കഫേൽ ഇരുന്നാണ് ഇത്തരം എല്ലാ വർക്കുകളും ചെയ്തിരുന്നത്. ഇന്ന് ഫോണിന്റെ തുമ്പിൽ തന്നെയുള്ള ഈ സർവീസുകൾ ഉപയോഗിച്ച് നിങ്ങൾക്കിത് ചെയ്യാൻ സാധിക്കില്ല എന്ന് തോന്നുകയാണെങ്കിൽ നിങ്ങൾ അതിനുള്ള ആളല്ല, ആത്മാർത്ഥമായി ആഗ്രഹമില്ലഎന്നാണർത്ഥം.
എളുപ്പവഴികൾ വേറെയുണ്ട് എന്ന് തോന്നുകയാണെങ്കിൽ ആ വഴി സ്വീകരിക്കുന്നതായിരിക്കും അത്തരക്കാർക്ക് നല്ലത്
ഫിനാൻഷ്യൽ ഡോക്യൂമെന്റുകൾ ഒന്നുമില്ലാതെ, പൈസ ഉണ്ടാക്കേണ്ടതിന്റെ ടെൻഷനില്ലാതെ സ്ക്കോളർഷിപ്പിന്റെ ഒറ്റ പേപ്പറിന്റെ ബലത്തിൽ, മിടുക്കി എന്നൊരു ലേബലിലൂടെ പോകുന്നത് അനുഭവിച്ചു തന്നേ അറിയണം.
നമ്മുടെ സ്വന്തം അദ്ധ്വാനത്തിൽ, മെറിട്ടിൽ എല്ലാവരെയും അത്ഭുതപെടുത്തിക്കൊണ്ട്, പഠിക്കാൻ വേറെ ഒരു രാജ്യത്ത് പോകുന്നതിന്റെ ഒരു സുഖവും അഭിമാനവും പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.
Continue.....
ഹയർ സ്റ്റഡീസ് 2
# ആദ്യം തന്നെ ഹയർ സ്റ്റഡീസിന് പോകാൻ ആഗ്രഹിക്കുന്നവർ പഠിക്കാനാണോ അതോ മൈഗ്രേറ്റ് ചെയ്യാനാണോ ആഗ്രഹിക്കുന്നത് എന്നതിൽ ഒരു വ്യക്തത ഉണ്ടായിരിക്കണം.
# മൈഗ്രേഷനു വേണ്ടിട്ടാണെങ്കിൽ പഠനശേഷം അവിടെത്തന്നെ തുടർന്ന് ജോലി ചെയ്യാനുള്ള സാധ്യതയുള്ള കോഴ്സുകളാണ് എടുക്കേണ്ടത്.
# യുകെയിൽ ചില പിജി കോഴ്‌സുകൾ വർക്ക് എക്സ്പീരിയൻസ് ഓഫർ ചെയ്യാറുണ്ട്. അത് കിട്ടിയാൽ യൂണിവേഴ്‌സിറ്റി തന്നേ പളേസ്‌മെന്റ് നടത്തും
# യുകെയിൽ ആണെങ്കിൽ പിജി കഴിഞ്ഞാൽ രണ്ടു വർഷത്തെ സ്റ്റേബാക്ക് കിട്ടുമെങ്കിലും ജോലി നമ്മൾ തന്നെ തിരഞ്ഞു കണ്ടു പിടിക്കണം. യൂറോപ്പിൽ ആണെങ്കിൽ രണ്ട് വർഷത്തെ റെസിഡൻസ് വിസ കിട്ടിയാലും സ്റ്റേ extend ചെയ്യാൻ സാധിക്കും
# ഇനിയാണ് അടുത്ത പ്രധാനപ്പെട്ട കാര്യം. നിങ്ങൾ പഠിക്കാൻ പോകുന്ന വിഷയം ഏതാണെന്നു തീരുമാനിക്കുക എന്നത്. നിങ്ങൾക്ക് ആ വിഷയത്തിനോട് ശരിക്കും താല്പര്യം ഉണ്ടോ? പഠിച്ചെടുക്കാൻ കഴിയുന്ന വിഷയമാണോ? എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹെൽത്ത് സെക്ടർമായി ബന്ധപ്പെട്ട എല്ലാ കോഴ്സുകൾക്കെല്ലാം വളരെയധികം ഡിമാൻഡ് എല്ലാകാലത്തും വിദേശരാജ്യങ്ങളിലുണ്ട്.
# എത്ര നല്ല കോഴ്സ് പഠിച്ചാലും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും, അവരെ സ്വന്തം കഴിവ് ബോധ്യപ്പെടുത്താനുമുള്ള കഴിവില്ലാതെ ആർക്കും ജോലി കിട്ടില്ല. അതുകൊണ്ട് ഇന്റർവ്യൂവിന് ഫേസ് ചെയ്യാനുള്ള കഴിവ് പഠിക്കുന്ന കാലത്ത് തന്നേ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്
# ഇനി നിങ്ങൾ തിരഞ്ഞെടുത്തു വിഷയത്തിന്റെ ഹയർ സ്റ്റഡീസ് ഏതൊക്കെ യൂണിവേഴ്സിറ്റികളിലാണ് ഉള്ളത് എന്ന് തിരയുക., എന്നിട്ട് മിനിമം 12 എണ്ണം എങ്കിലും ലിസ്റ്റ് ചെയ്ത് എടുക്കണം അതിനുശേഷം ഈ യൂണിവേഴ്സിറ്റികളുടെ റാങ്കിംഗ്, പലവിധ റാങ്കിംഗ് നടത്തുന്ന വെബ്സൈറ്റുകൾ കയറി ഓർഡറിൽ ആക്കി ഇടണം.
ഇത് നമ്മൾക്ക് നല്ല യൂണിവേഴ്സിറ്റിയിൽ പഠിക്കാനുള്ള അവസരം ഉണ്ടാക്കും
# ഈ 12 യൂണിവേഴ്സിറ്റികളിലെയും അഡ്മിഷൻ ക്രൈറ്റീരിയകൾ എന്തെല്ലാമാണെന്ന് ന ഒരു വേർഡ് ഫയൽ ആക്കി സൂക്ഷിക്കണം
അത് ചെക്ക് ചെയ്യുമ്പോൾ നമുക്ക് മനസ്സിലാകും നമ്മൾക്ക് എന്തൊക്കെയാണ് അഡ്മിഷന് ഏതൊക്കെ ഡോക്യുമെന്റ്സ് ആണ് വേണ്ടി വരിക എന്നത്. ഇതാണ് ഒരു പ്രധാന ചെക്ക് ലിസ്റ്റ്
# സാധാരണ 10 പത്താം ക്ലാസ് മുതലുള്ള മാർക്ക് ലിസ്റ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ട്രാൻസ്‌കിപ്റ്സ് , സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്, ഒരു അക്കാദമിക് റഫറൻസ് ലെറ്റർ,
ഒരു പ്രൊഫഷണൽ റഫറൻസ് ലെറ്റർ, സിവി എന്നിവ നിർബന്ധമാണ്. അത് മൾട്ടിമീഡിയ കോഴ്സുകൾ മറ്റ് ആർട്ട് റിലേറ്റഡ് കോഴ്സുകൾ ചെയ്യുമ്പോൾ പോർട്ട്ഫോളിയോ കൂടെ വേണ്ടിവരും പിന്നെ വേണ്ടത് വാലിഡ് പാസ്പോർട്ട്, പാസ്പോർട്ട് സൈസ് photo, ഇത്രയും സംഗതികളുടെ ഹാർഡ് കോപ്പികൾ ഓരോന്നും സോഫ്റ്റ് കോപ്പികൾ അവർ പറഞ്ഞ സൈസിൽ ആക്കി ഒരു ഫയൽ ആക്കി സൂക്ഷിക്കുക. അതിനു ശേഷം മാത്രമേ അഡ്മിഷൻ ട്രൈ ചെയ്യാൻ പാടുള്ളൂ
# ഓരോ യൂണിവേഴ്സിറ്റിയുടെയും വെബ്സൈറ്റ് തുറന്ന് അഡ്മിഷൻ എടുക്കാൻ വേണ്ടി യൂസർ നെയിം പാസ്സ്‌വേർഡും ഉണ്ടാക്കി അഡ്മിഷനു വേണ്ടിയുള്ള അപ്ലിക്കേഷൻ ഫോം ഫില്ല് ചെയ്തു തുടങ്ങേണ്ടതാണ്.എല്ലാ യൂണിവേഴ്സിറ്റികളിലും അപ്ലിക്കേഷൻ ഫോം ഓൺലൈനാണ്. ഒരു ദിവസം കൊണ്ട് തന്നെ ഫില്ല് ചെയ്ത് മുഴുവൻ ആക്കണമെന്നില്ല. ചിലത് 16 പേജ് കാണാം ചിലത് 22 പേജ് വരെയുള്ളത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരാഴ്ചയോളം സമയമെടുത്ത് വേണം ആപ്ലിക്കേഷൻ ഫോം ഫില്ല് ചെയ്തു സബ്മിറ്റ് ചെയ്യേണ്ടത്
# യുകെയിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ എടുക്കുന്നതിന് അതായത് അപ്ലിക്കേഷൻ ഫോമിന് ഫീസ് ആവശ്യമില്ല
യുഎസ്സിൽ ഇതിന് കൃത്യമായ ഫീസ് ഉണ്ട്. പല രാജ്യത്തേ യൂണിവേഴ്സിറ്റികൾക്ക് വ്യത്യസ്തമായ നിയമങ്ങളാണ് ഫീസിന്റെ കാര്യത്തിൽ
# യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ തരുമ്പോൾ അവർ സാധാരണ കണ്ടീഷനൽ ഓഫറുകൾ വെക്കും. ഒന്ന് ഇംഗ്ലീഷ് ഭാഷയിലുള്ള നിങ്ങളുടെ നൈപുണ്യം പ്രൂവ് ചെയ്യേണ്ട സർട്ടിഫിക്കറ്റ് ആയിരിക്കും. ചിലർ മറ്റുപല കണ്ടീഷനുകളും ഫുൾഫിൽ ചെയ്യാൻ പറയും. അതാത് യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾ അനുസരിച്ചായിരിക്കും അതെല്ലാം.
ആദ്യത്തെ ശ്രമത്തിൽ തന്നെ അൺ കണ്ടീഷനൽ ഓഫറും ചിലപ്പോൾ ലഭിക്കാറുണ്ട്. അത് നമ്മൾ ആ വിഷയത്തോട് കാണിക്കുന്ന ആത്മാർത്ഥതയും എഴുതി സബ്‌മിറ്റ് ചെയ്ത സാധനങ്ങളുടെ ഒറിജിനാലിറ്റിയും, ക്വാളിറ്റിയും അനുസരിച്ചായിരിക്കും
അത്തരത്തിൽ അൺ കണ്ടീഷനൽ ഓഫർ കിട്ടിയ ഒരാളാണ് ഞാൻ
ഇത്രയും കഴിഞ്ഞാൽ നിങ്ങളുടെ അഡ്മിഷൻ പ്രോസസ് കഴിഞ്ഞു. ഇനി റിസൾട്ടിനു വേണ്ടി കാത്തിരിക്കാം
Continue...
ഹയർ സ്റ്റഡീസ് 1
എങ്ങനെ ഹയർ സ്റ്റഡീസിന് പോകാം അതും സ്കോളർഷിപ്പോടെ,
ഞാൻ അത്തരത്തിൽ ഇംഗ്ലണ്ടിൽ പോയി പഠിച്ചുവന്ന ഒരു വ്യക്തിയെന്ന നിലയിൽ, മുകളിൽ എഴുതിയ കാര്യത്തെ കുറിച്ചറിയാൻ വേണ്ടി നിരന്തരം എന്നെ കോൺടാക്ട് ചെയ്യുന്ന പലരുമുണ്ട്. അറിയാവുന്നത് പറഞ്ഞു കൊടുക്കാറുണ്ട്. ചിലതിനെക്കുറിച്ച് എനിക്ക് അറിയുകയുമില്ല. അതു പറയുമ്പോൾ പലർക്കും അവിശ്വാസവും ആണ്.
പലരും എന്നെ കോൺടാക്ട് ചെയ്യുന്നത്, അവർക്ക് ഹെയർ സ്റ്റഡീസിന് പോകുന്നതിന് സഹായം ചെയ്യാനാണ്. എന്നു പറഞ്ഞാൽ പണിയൊന്നും എടുക്കാതെ പുറത്തുപോയി പഠിക്കുക എന്ന് ഉദ്ദേശത്തോടുകൂടിയാണ്.
അത്തരം ആൾക്കാരെ ഞാൻ സ്വാഗതം ചെയ്യാറില്ല. അവനവന്റെ കാര്യം അവനവൻ തന്നെ കഷ്ടപ്പെട്ട് മുന്നോട്ടുകൊണ്ട് പോകാത്തവർ വേഗം തോറ്റുപോകും എന്നാണ് എന്റെ തിയറി.
വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കൊടുത്തിട്ട് കുറച്ചുപേർ പുറത്തുപോയി സ്കോളർഷിപ്പോടെയും അല്ലാതെയും പഠിക്കുന്നുണ്ട്. അതിൽ മിക്കവാറും ആൾക്കാർ കുറച്ചുകാലം സോഷ്യൽ സെക്ടറിൽ ജോലി ചെയ്തതിനുശേഷം മാത്രമാണ് ഹയർ സ്റ്റഡീസിന് പോയത്. അതിനവർ കൃത്യമായ ഫീസ് തന്നിട്ടുണ്ട്. വളരെ അധികം കഷ്ടപ്പാടുള്ള സ്ത്രീകളിൽ നിന്ന് ഫീസ് ഈടാക്കിയിട്ടില്ല.
എളുപ്പ പണിക്ക് വേണ്ടി വരുന്ന ആരും എന്റെ കൂടെ നിന്ന് അതിജീവിക്കാറില്ല. മാർഗ്ഗനിർദ്ദേശം എന്ന് പ്രത്യേകം പറയാൻ ചില കാരണമുണ്ട്. പലരുടെയും വിചാരം എന്റെ മാർഗ്ഗനിർദ്ദേശപ്രകാരം പോയ ആൾക്കാരെ ഞാൻ അങ്ങ് പൊക്കിയെടുത്ത് വിദേശത്ത് കൊണ്ടുപോയ പോലെയാണ് സംസാരിക്കാറുള്ളത്.
വ്യക്തമായ കഴിവും ഇംഗ്ലീഷിലുള്ള പ്രാവീണ്യവും, ജോലിയിൽ മുൻപരിചയവും, എഴുതാനും അതേപോലെ കഷ്ടപ്പെടാനുമുള്ള മനസ്സുണ്ടായവർ മാത്രമാണ് രക്ഷപ്പെട്ടിരിക്കുന്നത്. എന്റെ വഴി എന്നത് ഒരു ഏജൻസിയെയും ഇടപെടുത്താതെ എല്ലാം സ്വയം ചെയ്യുന്ന രീതിയാണ്. അതുകൊണ്ടുതന്നെ അതിത്തിരി മുഷിഞ്ഞതും കഠിനവും ആണ്. കയ്യിൽ അഞ്ചു പൈസയില്ലാതെ ഹയർ സ്റ്റഡീസിന് ഇറങ്ങിപ്പുറപ്പെട്ട എനിക്ക് അതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഏജൻസികളെ വെക്കാനും കാശ് കൊടുക്കാനും കഴിവുള്ളവരോട് ആ വഴിക്ക് പോകാനേ ഞാൻ പറയാറുള്ളൂ.
അഡ്മിഷൻ എടുക്കാൻ വേണ്ടി വന്നിട്ട് ഈ പ്രോസസിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞു തുടങ്ങുമ്പോൾ കോൺഫിഡൻസ് ഇല്ല എന്നു പറഞ്ഞ് പിരിഞ്ഞു പോയവർ ധാരാളം ഉണ്ട്.
മുഴുവൻ പണിയും ഞാൻ ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ ഹയർ സ്റ്റഡീസ് വേണ്ടെന്നു വെച്ച്, ചിലർ എന്നോട് പിണങ്ങിയിട്ടുമുണ്ട്.
അവരെ ഞാൻ അഡ്മിഷൻ എടുക്കാൻ സഹായിച്ചത് ഇംഗ്ലണ്ടിലെയോ യൂറോപ്പിലെയോ മുന്തിയ യൂണിവേഴ്സിറ്റികളിൽ ആണ്. അല്ലാതെ ലോക്കൽ സെറ്റപ്പുകളിലും അല്ല. അതുകൊണ്ടുതന്നെ ഈ അഡ്മിഷൻ പ്രോസസ് ഒരു ട്രെയിനിങ് പോലെയാണ് ചെയ്യേണ്ടത്. പലർക്കും അതിന് താല്പര്യമില്ല.
ഇനി ഈ സർവീസിന് ഫീസ് ചോദിക്കുന്നതോടെ ശത്രുവായ ചിലരും ഉണ്ട്. ഒരു അഡ്മിഷൻ എസ് ഓ പി അഥവാ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് ഉണ്ടാക്കിയെടുക്കുക അതിലെ തെറ്റുകൾ തിരുത്തുക അതിനുവേണ്ട ട്രെയിനിങ് കൊടുക്കുക എന്നതൊക്കെ എന്റെ സമയം ഒരുപാട് എടുക്കുന്ന പരിപാടിയാണ്. എന്റെ സമയത്തിന് കൃത്യമായ വിലയുള്ളതുകൊണ്ട് ഫീസ് ചോദിക്കാറുണ്ട്. അതിന്റെ പേരിൽ പിണങ്ങിയവരും ധാരാളം.
ഇപ്പോൾ ഇത് പറയാൻ കാരണം എന്താണെന്ന് വെച്ചാൽ പണ്ട് നമുക്കിട്ട് പണി തന്നതും, കളിയാക്കിയിരുന്നവരും ആയിരുന്ന ചിലർ, വിദേശത്ത് അഡ്മിഷൻ എടുക്കാൻ എന്റെ സഹായം കിട്ടാൻ വേണ്ടി ഇല്ലാത്ത സ്നേഹം നടിക്കുന്നത് കണ്ടുണ്ടായ ഒരു ചെടിപ്പിൽ നിന്നാണ് ഈ പോസ്റ്റ് ഉണ്ടായത്.
ആയതുകൊണ്ട് കൂട്ടുകാരെ എനിക്കുള്ള അറിവ് ഞാൻ തന്നെ ഇന്റർനെറ്റിൽ നിന്ന് സമാഹരിച്ച് എടുത്തതാണ്. അത് പണ്ടും ഇപ്പോഴും തുറന്നിരിക്കുന്നവയും ആണ്. ആർക്കും ഉപയോഗിക്കാം.
ഞാൻ എങ്ങനെ ഇതൊക്കെ ചെയ്തു എന്ന് വരും പോസ്റ്റുകളിൽ പറയാം.
എന്റെ കൂടെ നിന്ന് പുറത്തുപോയി പഠിച്ച ഒരാളും ഭാഗ്യം കൊണ്ടു പോയതല്ല. അവരുടെ കഴിവും അവരുടെ പാഷനും, അവരുടെ കഷ്ടപ്പാടും ശരിയായ ദിശയിൽ ഉപയോഗിച്ചത് കൊണ്ടാണ് പോയത്. അഡ്മിഷന് വേണ്ട 45 മിനിറ്റോളം ഉള്ള ഇന്റർവ്യൂകൾ കടന്നു പോവുക എന്നത് ആർക്കും അത്ര എളുപ്പമല്ല. അതവർ ഒറ്റയ്ക്ക് തന്നെ ഇന്റർവ്യൂ ബോർഡിന് നേരിടേണ്ടി വരും. അവിടെ എനിക്ക് വന്നിരുന്ന ഒരു സഹായവും ചെയ്യാനും പറ്റില്ലല്ലോ അതുകൊണ്ടുതന്നെ അവരിട്ട എഫേർട്ടിനെ ശാരി ചെയ്ത് കൊടുത്തത് എന്ന് കുറച്ചു കാണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കൂടെ പറഞ്ഞുകൊണ്ട് ഈ പോസ്റ്റ് നിർത്തുന്നു
Wednesday, 22 April 2026
പട്ടിഷോ
പ്രിയപ്പെട്ടവരേ.
ഇത്തവണ പുതിയൊരു പരീക്ഷണത്തിലൂടെയാണ് എന്റെ ഏറ്റവും പുതിയ പുസ്തകം പ്രകാശനം നടത്തുന്നത്.
ഭൂരിപക്ഷ മലയാളികളും സ്മാർട്ട് ഫോൺ കയ്യിലുള്ളവരാണ്. ഏതൊരു വികസിതരാഷ്ട്രത്തിനും തുല്യമാണ് മലയാളിയുടെ ഡിജിറ്റൽ സാക്ഷരത. എന്നാൽ അതിനനുസരിച്ച് മലയാള വായന പുതുക്കപ്പെട്ടിട്ടില്ല; അർഹിക്കുന്ന രീതിയിലുള്ള കാമ്പുള്ള പുസ്തകങ്ങൾ ഓൺലൈനിൽ ഡിജിറ്റലായി ലഭ്യമാകുന്നില്ല. ഇതിനൊരു പരിഹാരമായി ബുക്ക്ബാംഗ് (BookBang) എന്നൊരു ആപ്പ് നമുക്കുവേണ്ടി എത്തുകയാണ്. പുസ്തകങ്ങൾ ബാഗിലിട്ടുകൊണ്ടു നടക്കാതെതന്നെ മലയാളത്തിലെ ഒന്നാംനിര എഴുത്തുകാരുടെ പുസ്തകങ്ങൾ ചെറിയ വിലയ്ക്ക് ഇതിലൂടെ വായിക്കാൻ സാധിക്കും.
ഇപ്പോഴുള്ളതിന്റെ പത്തിലൊന്ന് വിലയ്ക്ക് ലോകമെമ്പാടുമുള്ള മലയാളിക്ക് മാതൃഭാഷയിലെ പുതിയ പുസ്തകങ്ങൾ വായിക്കാൻ മൊബൈൽ കയ്യിലുള്ളിടത്തോളം സാധ്യമാണ്. അതിനാവശ്യമായ വിവരസാങ്കേതികതയും ഭാഷാസാങ്കേതികതയും മലയാളം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ പുസ്തകപ്രസാധനവും വിതരണവും വായനയും 190 വർഷം മുമ്പ് തുടങ്ങിയ അതേമട്ടിൽ ഇന്നും തുടരുന്നു. അതിനൊരു മാറ്റമാണ് ബുക്ക്ബാംഗ് ലക്ഷ്യമിടുന്നത്.
പുതിയതായി എഴുതിയ പുസ്തകങ്ങൾ നമുക്ക് ബുക്ക്ബാംഗ് വഴി പ്രകാശനം നടത്തി, ഓൺലൈനായി ചെറുവിലയ്ക്ക് വിതരണംചെയ്യാനും വായിക്കാനും സാധിക്കും. അതേസമയം പുസ്തകമായിത്തന്നെ വേണമെങ്കിൽ പ്രിന്റ് ഓൺ ഡിമാൻഡ് പ്രകാരം അച്ചടിച്ച കോപ്പിയും ലഭ്യമാകും.
എത്ര പേര് വായിച്ചു അതിനനുസരിച്ച് എഴുതിയ ആൾക്ക് കൃത്യമായ റോയൽറ്റിയും ലഭ്യമാകും. വളരെ സുതാര്യമായ രീതിയിലായിരിക്കും കാര്യങ്ങൾ മുന്നോട്ടുപോവുക. സത്യസന്ധമായ റിവ്യൂവും ഇതിൽത്തന്നെയുണ്ടാകും .
എന്റെ അച്ചടി പുസ്തകങ്ങൾ ഇറങ്ങിയപ്പോൾ പുറംനാടുകളിലുള്ളവർക്ക് ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. ലോകത്തെവിടെയുമുള്ള മലയാളത്തെ സ്നേഹിക്കുന്നവർക്ക് ഈയൊരു സംരംഭം അതിനാൽ വലിയ സഹായമാകും.
ബുക്ക്ബാംഗ്. ചെയ്യുന്നത് ഇത്രമാത്രം:
1. വലിയ വിലകൊടുത്ത് വാങ്ങാൻ സാധിക്കാത്തവർക്കുകൂടി ചെറിയ വിലയ്ക്ക് പുസ്തകങ്ങൾ മൊബൈലിലൂടെ എല്ലാവരിലേക്കും എത്തിക്കുക. സാഹിത്യത്തെ വീടകങ്ങളിലേക്ക് എത്തിക്കുക. കഥകളും നോവലുകളും കവിതയും സാമൂഹ്യപഠനങ്ങളും ശാസ്ത്രസാഹിത്യവുമെല്ലാം ഇതിലുൾപ്പെടും.
2. സ്വന്തം കൃതി എത്രപേർ വായിച്ചു എന്ന് ഏതുനിമിഷവും ഗ്രന്ഥകർത്താക്കൾക്ക് അറിയാനുള്ള അവസരമൊരുക്കുക. റോയൽറ്റിയുടെ സത്യസന്ധമായ വിതരണം ഇതിലൂടെ സാദ്ധ്യമാകും.
അപ്പോൾ, എന്റെ പുതിയ പുസ്തകമായ "പട്ടിഷോ" ഇരുപതുരൂപയ്ക്ക് (ഒരു വർഷത്തേക്ക്) ഇതാ ബുക്ക്ബാംഗിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്. കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ഇഷ്ടമാകുന്ന പുസ്തകമാണിത്.
വായിക്കുവാനും വാങ്ങിക്കുവാനും മറക്കല്ലേ.
വാങ്ങിക്കേണ്ട ലിങ്ക് : Link for BookBank app.
Pls install and open.
Subscribe the Patti show package Gpaying ₹20.
https://play.google.com/store/apps/details?id=org.bookbang.bookbangapp
ചെയ്യേണ്ടത്: ഡൌൺലോഡ് ആപ്പ്, സ്ക്രോൾ ചെയ്ത് പട്ടിഷോ കണ്ടു പിടിച്ചു, സബ്സ്ക്റൈബ് ചെയ്യുക. 20 രൂപ അടച്ചു ഡൌൺലോഡ് ചെയ്യുക. താഴെ ഡൌൺ ലോഡ് എന്ന ഫോൾഡർലും പാക്കേജ് എന്ന ഫോൾഡർ ലും ഉള്ള പട്ടിഷോ വ്യൂ ചെയ്തു വായിക്കുക.
Tuesday, 10 March 2026
വട്ടവട - അപരിചിതർക്കൊപ്പം ഒരു സ്നേഹലഹരിയാത്ര
സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ധാരണയാല്‍ ആഴത്തില്‍ മുറിവേല്ക്കുക. പൂര്‍ണ്ണമനസ്സോടെയും ഹർഷോന്മാദത്തോടെയും രക്തമൊഴുക്കുക.'
ഖലീൽ ജിബ്രാൻ
മനുഷ്യരിൽ നിന്നെനിക്കെത്ര പണി കിട്ടിയാലും മനുഷ്യരെ മാത്രം വിശ്വസിക്കുന്ന എനിക്ക് മനുഷ്യരോളം നല്ല വൈദ്യമില്ല തന്നെ, അതുകൊണ്ട് എന്റെ തീർത്ഥാടനം മനുഷ്യർക്കൊപ്പം നാട് തെണ്ടുന്നതാണ്. അങ്ങനെ ഒരു യാത്ര അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായിട്ടുണ്ടായിരുന്നു.എങ്ങോട്
ഒരുപാട് കൊല്ലങ്ങൾക്ക് പുറകിൽ, നീണ്ട രണ്ടര വർഷം ഇടുക്കി കാടുകളിലും ആദിവാസി ഊരുകളിലും കഴിഞ്ഞു കൂടിയിട്ടുണ്ട് . അന്ന് അവിടെ നിന്നിറങ്ങിയശേഷം പിന്നീട് ഇടുക്കിയിൽ പോയിട്ടുമില്ല . ഇടുക്കി മുഴുവൻ എത്തിയിട്ടും കാണാത്ത സ്ഥലം വട്ടവടയാണ് , അത് കൊണ്ട് ആ യാത്ര മതിയെന്ന് ഉറപ്പിച്ചു. ആരാണ് കൂടെയുണ്ടാവുക എന്ന് യാതൊരു ധാരണയുമില്ലാത്ത ഒരു പ്രത്യേക തരം സോളോ യാത്ര. അപരിചിതർക്ക് ഒപ്പം രണ്ടുദിവസം അതാണ് ഇത്തവണത്തെ എന്റെ നിയോഗം
കൊച്ചിയിൽ ഇൻഫോ പാർക്കിനു മുൻപിൽ പാതിരാവിൽ 2 മണിക്ക് ഓട്ടോ ഇറങ്ങുമ്പോൾ പില്ലർ നമ്പർ 742നു മുൻപിൽ അപരിചിതരായ ചിലർ അപ്പോഴേ ഹാജർ വെച്ചിരുന്നു. പിന്നെ ആളുകൾ കൂടി അതൊരു കൂട്ടമായി പരിണമിച്ചു. കല്ലിനോടും കരിയിലയോടും വരെ സംസാരിക്കുന്ന എനിക്ക് അവർ പ്രിയപ്പെട്ടതാകാൻ വളരെ നിമിഷങ്ങളെ എടുത്തോളൂ. റായ്ഷ്ലിയും വായ്നോട്ടക്കാരൻ( ഡെന്റൽ വിദഗ്ദൻ ആരും തെറ്റിദ്ധരിക്കരുത്) വറുതുണ്ണിയും , രശ്മിയും , ഇരിഞ്ഞാലക്കുട മലയാളം പറഞ്ഞു സന്തോഷിപ്പിച്ച് പ്രസൂണും , പിന്നെ സരുണും ആയിരുന്നു ചായ കമ്പിനി. ഇൻഫോപാർക്കിന് മുമ്പിലെ തട്ടുകടയിൽ നിന്ന് അവർക്കൊപ്പം കുടിച്ച പാതിരാ ചായ വരെ സ്നേഹം നിറഞ്ഞതായിരുന്നു.
ബസ്സിൽ കയറിയാൽ വാളു വെക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടു പോലും തൃശ്ശൂർ ഭാഷയുടെ സൗന്ദര്യത്തിൽ മയങ്ങി തൊട്ടടുത്തിരിക്കാൻ വന്ന കൂട്ടുകാരി രശ്മിയുടെ ഭാഗ്യം കൊണ്ടോ എന്തോ വാൾ വെക്കാൻ തോന്നിയില്ല.
ചാക്കുകണക്കിനു ടെൻഷൻ തലയിൽ ഏറ്റി 49 പേര് ആ ബസിൽ കയറുന്നുണ്ടായിരുന്നു.ബസ്സ് പുറപ്പെട്ടു കുറച്ചു കഴിയുമ്പോഴേക്കും ട്രിപ്പ് നടത്തിപ്പുകാരിയായ ജാസ്മിന്റെ വക ഗെയിംസ് ആരംഭിച്ചിരുന്നു. വെളുപ്പാംകാല ഗെയിംസ് കഴിഞ്ഞപ്പോൾ ആളുകൾ സ്വയം മറന്ന് തലയിലേറ്റിയ ടെൻഷനെല്ലാം മറന്ന് ഡാൻസും കളിയും പാട്ടുമായി തുള്ളാൻ തുടങ്ങിയിരുന്നു.
ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. ബസ്സ് നിറയെ ആഹ്ലാദത്തിന്റെ ആരവം, എന്റെ മനസ്സ് ഒരു തീർത്ഥാടനത്തിൽ എന്നപോലെ ശാന്തതയിലേക്ക് കൂപ്പുകുത്തി. നേരം വെളുത്തു വരുന്നുണ്ടായിരുന്നു നേർത്ത കോടയിറങ്ങി മൂടിയ മലനിരകൾ അവ്യക്തമായി ദൂരെ കാണാം . സുഖകരമായ തണുപ്പ് ചുറ്റി നിൽക്കുന്ന അടിമാലിയിൽ പ്രഭാത ഭക്ഷണം കഴിക്കാനിറങ്ങുമ്പോഴേക്കും എല്ലാവരും കുടുംബാംഗങ്ങൾ എന്നപോലെ സ്നേഹത്തിലായിട്ടുണ്ടായിരുന്നു.
ഇത്ര വേഗത്തിലോ എന്ന് ആർക്കും തോന്നാം പക്ഷേ അപരിചിതത്തിന് അങ്ങനെയൊരു ഗുണമുണ്ട് അവർക്ക് നമ്മളെക്കുറിച്ച് മുൻധാരണകൾ ഒന്നും തന്നെ ഇല്ല , നല്ലതോ ചീത്തയോ എന്ന വിചാരങ്ങൾ ഇല്ല, അത് കൊണ്ട് തന്നെ എളുപ്പത്തിൽ പരസ്പരം അവർ നമ്മളെ സ്വീകരിക്കും, നമ്മളെ അംഗീകരിക്കും. ഇപ്പോൾ എന്താണോ നമ്മൾ, എങ്ങനെയാണോ പെരുമാറുന്നത് അതാണ് അവർ അംഗീകരിക്കുന്നത്.
അത് കൊണ്ട് തന്നെ അവർ നമ്മെ ഉള്ളുതുറന്ന് സ്നേഹിക്കാൻ പാകത്തിനാണ് കൂടെ നില്കുന്നത്. ഞങ്ങളിൽ നല്ലതും ചീത്തയും ഉണ്ടാകാം പക്ഷേ ഇപ്പോൾ ഞങ്ങളിൽ നന്മയും സ്നേഹവും സൗഹൃദവും മാത്രമേയുള്ളൂ.
അടിമാലിയിലെ നേർത്ത തണുപ്പിൽ നിന്ന് ബസ് മൂന്നാറിലേക്ക് തിരിഞ്ഞു ആകാശത്തെ തോൽപ്പിക്കും എന്ന വിധത്തിൽ വാശിക്ക് നെടുങ്ങനെ വളർന്നു ഒറ്റാംതടിയായി നിൽക്കുന്ന യൂക്കാലി മരങ്ങൾ ചുറ്റും, അവക്കിടയിലൂടെ കോടമഞ്ഞു വിട്ടു പിരിയാൻ കൂട്ടാക്കാതെ നിൽക്കുന്ന മലനിരയുടെ സൗന്ദര്യം കാണാം . ഉറങ്ങിക്കോ എന്ന് പറഞ്ഞിട്ടും വൈബ് വിടാത്ത കുട്ടി തേവാങ്കുകൾ ബസ്സിൽ ചന്നം പിന്നം ഡാൻസ് കളിക്കുമ്പോൾ ബസ് മൂന്നാറിൽ നിർത്തി. വീണ്ടും ചായയ്ക്ക് ശേഷം ബസിലേക്ക്
മൂന്നാറിൽ നിന്നും വട്ടവടയ്ക്കുള്ള യാത്രയിലെ ഭൂപ്രകൃതിയെ കുറിച്ച് പറയാൻ വാക്കുകളില്ല, നോക്കെത്താ ദൂരത്തോളം പച്ചമേഘതുണ്ടുകൾ അടുക്കിവെച്ച പോലെ മലനിരകൾ, ചായല തോട്ടങ്ങളാണ് ( ഞാനുണ്ടാക്കിയ പേരാണ് കേട്ടോ തേയില എന്ന പേര് ഓർമ്മ വരാതിരുന്നപ്പോൾ ഉണ്ടാക്കിയ പുതിയ പേരാണ്)
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് എന്ന് പറഞ്ഞുകൊണ്ട് മനസ്സുനിറഞ്ഞ പച്ചപ്പിൽ മയങ്ങി ഇരിക്കുമ്പോഴും ബസ്സിൽ ഡാൻസ് തകൃതിയായി നടക്കുന്നുണ്ടായിരുന്നു
പിന്നെ കണ്ടത് മാട്ടുപ്പെട്ടി ഡാമായിരുന്നു, ഒരു സൈഡിൽ എല്ലാം നീല നിറത്തിൽ മദാലസയും മറുഭാഗത്ത് വന്യയായ പ്രകൃതി ദേവിയെ പോലെ വെളുത്ത തുടുത്ത് പതഞ്ഞ് തെറിക്കുന്നുണ്ടായിരുന്നു.
മാട്ടുപ്പെട്ടി ഡാമിന് കുറച്ചു മാറി റോഡ് സൈഡിൽ ഇത് ഞങ്ങളുടെ റോഡ് എന്ന സകല അധികാരബോധത്തോടെ ബസ് നിർത്തി, പാട്ടു വെച്ച് എല്ലാവരും കൂടെ തകർപ്പൻ ഡാൻസ് തുടങ്ങി. കണ്ടു നിന്ന കുരങ്ങുകൾക്ക് വരെ നാണം തോന്നി, പക്ഷെ ഒരു കാര്യവും ഇല്ല, ഭാവിയിൽ എന്തെന്നും, ഭൂതകാലത്തിലെന്തെന്നും ഓർക്കാത്ത 49 പേരുടെ ഒരു ആഹ്ലാദപ്രകടനങ്ങൾക്ക് എന്ത് നാണം. പിന്നെ ഫോട്ടോ എടുപ്പും കഴിഞ്ഞു വീണ്ടും വട്ടവടയ്ക്കുള്ള യാത്ര തുടങ്ങി.
റോഡ് വളഞ്ഞു പുളഞ്ഞു ഏതോ റൊമാന്റിക്ക് സിനിമയിലെ ലൊക്കേഷനെ അനുസ്മരിപ്പിച്ചു, വട്ടവടയുടെ തുടുത്ത പച്ചപ്പിനുള്ളിൽ പൂത്തു നിൽക്കുന്ന പലതരം കാട്ടുപ്പൂക്കൾ വർണം കൊണ്ട് മനസ്സു മയക്കി, ഹോ ഇതിലും നല്ലൊരു കളർ തെറാപ്പി വേറെയില്ല . ഒരു ഭാഗം അഗാധമായ താഴ്ച, മറുഭാഗം പച്ചമേഘത്തുണ്ടുകൾ ഭൂമിയിൽ ഇറങ്ങി വന്നപോലെയുള്ള സുന്ദരമായ തേയില തോട്ടങ്ങൾ, അതിനുള്ളിലൂടെ സ്നേഹം നിറഞ്ഞ ഹൃദയങ്ങളും പേറി ഒരു ബസ്സ് വട്ടവടയിലേക്ക് അടുത്ത് കൊണ്ടിരുന്നു . ദൂരെ തട്ടുതട്ടായി കൃഷി ചെയ്യുന്ന തോട്ടങ്ങൾ കാണാം, വിവിധ ഇനം പച്ചപ്പ് കൊണ്ട് തട്ടുകൾ നിറഞ്ഞിരിക്കുന്നു , അതിനുമപ്പുറം മലനിരയെ വിടാൻ മടിച്ച കാമുകിയെ പോലെ കോട ഇപ്പോഴും ഉണ്ട്. മനസ്സ് ആനന്ദം നിറഞ്ഞ ശാന്തിയുടെ അഗാധതീരം തൊട്ടു കഴിഞ്ഞിരുന്നു ഇതാണ് എന്റെ തീർത്ഥാടനം. സ്നേഹം നിറഞ്ഞ ഹൃദയങ്ങൾക്കൊപ്പമുള്ള തീർത്ഥാടനം.
വട്ടവട സെന്ററിൽ നിന്ന് ഭക്ഷണം കഴിച്ചു നേരെ ജീപ്പിലേക്ക് , ചോരവർണത്തിൽ മുരിക്കും പൂക്കൾ അതിരിട്ട കല്ല് വഴികൾ പൊടിപാറിച്ചു പ്രധിഷേധം അറിയിച്ചു, ജീപ്പിനെ പറത്തി കൊണ്ട് പോയി നിർത്തിയത് ഞങ്ങൾ താമസിക്കാൻ പോകുന്ന ടെന്റ്കൾക്ക് മുന്പിലായിരുന്നു. പൂക്കൾ നിറഞ്ഞു നില്കുന്ന ഒരു മലംചെരിവിലാണ് ആ ടെന്റുകൾ. ചെറിയ സ്ട്രോബറി തോട്ടവും ഉണ്ട്. കുളിയും തിരക്കും കഴിഞ്ഞു വന്നു കട്ടനും കട്ടൻകാപ്പി ടീമിനുമൊപ്പം പരിചയപ്പെടൽ എന്ന മഹാമഹം , ആഹാ എന്തൊരു വെറൈറ്റി ഐറ്റങ്ങൾ , എന്നോളവും എന്നിലധികവും വട്ടുള്ളവരെ ഇങ്ങനെ ഒന്നിച്ചു കിട്ടുന്നത് അപൂർവം. അതിപ്പോൾ ആറു വയസ്സുള്ള ഐറിൻ കുഞ്ഞു വാവയടക്കം, അറുപതു വയസുള്ള റഷീദ് ബായ്ക്ക് വരെ വൈബോഡ് വൈബ്.
വല്യ വല്യ MNC ടീമ്സ് അടക്കം എല്ലാവരും നല്ല തിരക്കുള്ളവർ, വന്നവരിൽ മജോറിറ്റിയും എന്റെ തഗ്ഗുകളുമായി ഒത്തു പോയി, ചിലർ ബലം പിടിച്ചു നിന്നെങ്കിലും എടുത്ത് മടക്കി ചുരുട്ടിയപ്പോൾ ഇത് പോലെ സ്നേഹള്ളവർ വേറെയില്ല.
പിന്നെ എടുത്തു പറയേണ്ടത് കോർഡിനേറ്റർ ജാസ്‍മിനെയാണ് , വട്ടുകൾക്കൊരു നേതാവ്, എന്ന് വെച്ച് കുട്ടിക്കളി കളിക്കുന്നത് കൊണ്ടോ , തഗ്ഗ് അടിക്കുന്നത് കൊണ്ടോ കുറച്ചു കാണേണ്ട , കിടു ബിസിനസ് വുമൺ, പോരാത്തതിന് വേണ്ട സമയത് വേണ്ട പോലെ ഗൗരവവും ഉണ്ട്. അത് കൊണ്ട് കളിച്ചാൽ കളി കാര്യമാകും .
ഗെയിമുകളും കഥ പറച്ചിലും കഴിഞ്ഞു ഫുഡ് കഴിച്ചു കഴിയുമ്പോഴക്കും ഞാൻ തണുത്ത് വിറയ്ക്കാൻ തുടങ്ങി, ഇംഗ്ലണ്ടിലും ഡെല്ഹിയിലും ജീവിച്ചിരുന്ന ഞാനാ എന്ന അഹങ്കാരത്തെ, എല്ലു കിടുക്കി വട്ടവടയിലെ തണുപ്പെടുത്തു കളഞ്ഞു. വിനീത വിധേയയായി കൂടുതൽ സ്വറ്റെർ ഇട്ട് ക്യാമ്പ് ഫയറിനെ പ്രണയിക്കുക എന്നതല്ലാതെ മാർഗ്ഗമുണ്ടായില്ല.
പാട്ടിന്റെ പാലാഴിയുമായി ഒരു ഗിറ്റാറും പിടിച്ചു വന്ന രഞ്ജിത്തിനെ കണ്ടപ്പോൾ തണുപ്പിനെ ഞാൻ വെറുത്തു പോയി.തണുപ്പ് കാരണം പുറത്തിരിക്കാനും പറ്റുന്നില്ലായിരുന്നു. ടീം കട്ടൻ കാപ്പി ഒരുക്കിയ ക്യാമ്പ് ഫയർ ചുവന്ന നാളങ്ങൾ വിടർത്തിയപ്പോൾ ഇത്തിരി സമാധാനം കിട്ടി. സുന്ദര ഗാനങ്ങൾ തീയ്യിന്റെ ചൂടിൽ കേട്ടിരിക്കുമ്പോൾ ഞാൻ ഏത് ലോകത്താണെന്നു യാതൊരു ഓർമ്മയും ഉണ്ടായിരുന്നില്ല. തണുപ്പ് കൂടി വരുന്നത് കൊണ്ട് തണുപ്പൊക്കെ പുല്ലായി ഇരിക്കുന്ന രെശ്മിക്കും ബാക്കിയുള്ളവർക്കൊക്കെയും ഒരു ലോഡ് പുച്ഛം വിതറി വുഡൻ ടെന്റിനുള്ളിൽ കയറി പറ്റി. ഉറങ്ങുമ്പോഴും നേർത്ത ശബ്ദത്തിൽ രഞ്ജിത്തിന്റെ പാട്ടും ഗിറ്റാറിന്റെ ബാക്ക്ഗ്രൗണ്ടും സ്വപ്നത്തിലെന്നവണ്ണം കേൾക്കാമായിരുന്നു, സ്വപ്നമേത് യാഥാർത്യമേതെന്നു തിരിച്ചറിയാതെ ചുണ്ടിലൊരു ചിരിയുമായി ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ടു കൂടി.
പിറ്റേ ദിവസം പാറയിൽ കല്ലുരക്കും പോലെയുള്ള ജാസ്മിന്റെ വിളികേട്ടുണരുമ്പോൾ സമയം അഞ്ചര, കോട എത്തി നോക്കി ഞങ്ങൾക്കടുത്തെത്തിരിക്കുന്നു. ചുറ്റുവട്ടം മുഴുവൻ ചെറു നനവുണ്ട്. ഉഷാറായി ഒരുങ്ങി നേരെ ജീപ്പിലേക്ക്, അങ്ങനെ വട്ടവടയിലുള്ള ചിലന്തിയാർ ഫോറസ്റ്റ് ഏരിയയിലേക്കാണ് ഞങ്ങൾ പോയത്. അയ്യപ്പൻ എന്ന ഞങ്ങളുടെ ഡ്രൈവർ രാവിലെ തന്നെ കുളിച്ചു കുറി തൊട്ട് വന്നു നില്പുണ്ടായിരുന്നു, അല്ലെങ്കിലും ഈ തണുപ്പൊന്നും വട്ടവടക്കാർക്ക് തണുപ്പല്ല. തട്ടുതട്ടായുള്ള കൃഷിയിടങ്ങൾ എല്ലാം പുക പോലെ കോട മൂടി കിടക്കുന്നുണ്ട്. വഴിയരികിലെ വ്യൂ പോയിന്റുകളിൽ പല വട്ടം നിർത്തി വട്ടവടയുടെ സൗന്ദര്യം നിറയെ കണ്ടു, കാട്ടു പൂക്കൾ പറിച്ചു ബൊക്കെ ഉണ്ടാക്കി മുൻപോട്ട് നടന്നു . ചിലന്തിയാർ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നീളെ ഓറഞ്ച് നിറത്തിൽ കാട്ട് ഓർക്കിഡുകൾ മോഹിപ്പിച്ചു പൂത്തിരിക്കുന്നു.
കല്ലും പാറയും ചവിട്ടി കാട്ടു പാതയിലൂടെ മുന്നോട്ട് കൂട്ടമായി നടന്നു, കല പില വർത്തമാനത്തിനിടക്ക് ഓരോരുത്തരുടെയും വിശേഷങ്ങൾ കെട്ടഴിഞ്ഞു. ചിലന്തിയാർ കാടിനകത്തുളള ഒരു ചെറിയ ഗുഹയിലൂടെ കയറി വേണമായിരുന്നു പോകാൻ , വലിയ പാറകൾക്കിടയിലൂടെ തുടക്കത്തിൽ വലുപ്പമുള്ള ഗുഹയാണെങ്കിലും അകലെ ഇരുട്ട് കാണുന്നത് കൊണ്ട് അവിടം ഇടുങ്ങിയാതായിരിക്കും എന്നൊരു ഊഹം കിട്ടി. പൊതുവെ അടഞ്ഞു കൂടിയ സ്ഥലങ്ങൾ കാണുമ്പോഴേ സ്ഥലം കാലിയാക്കുന്ന ഞാൻ കൂട്ടുകാരുടെ ബലത്തിൽ അകത്തേക്ക് നടന്നു. അരുൺ തെളിയിച്ച മൊബൈൽ വെളിച്ചത്തിൽ നടന്നു ഉള്ളിലേക്ക് കയറും തോറും ഒരാൾക്ക് കഷ്ടിച്ച് കയറാം എന്നായി. ഉള്ളിൽ ഒരു ശ്വാസം മുട്ടൽ ഉണരുന്നുണ്ടായിരുന്നു. 'വക്കീൽ ധൈര്യമായിട്ട് കയറെന്നേ' എന്ന് പ്രോത്സാഹിപ്പിച്ച് കൂടെയുള്ളവർ ധൈര്യം തന്നു. തല മുകളിൽ ഇടിക്കാതെ പതുക്കെ ഉരുളൻ പാറകളിൽ പിടിച്ചു മുന്നോട്ട് കയറി, മുകളിൽ വെളിച്ചം കാണാനുണ്ടായിരുന്നു. കൂട്ടത്തിലൊരാൾ പുറത്തു നിന്ന് കൈ നീട്ടുന്നുണ്ടായിരുന്നു . അവന്റെ കൈപിടിച്ച് ഗുഹയിൽ നിന്ന് ഞാൻ പൊങ്ങി വരുമ്പോൾ 'സുഭാസേ' വിളികൾ കൊണ്ട് കാട് മുഖരിതമായി, അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു ഗുഹ നൂണ്ടു കയറി ഇറങ്ങിയിരിക്കുന്നു, കൂടെയുള്ളവരുടെ സ്നേഹം കൊണ്ട് മാത്രമാണ് അത് സാധ്യമായത്.
വലിയ പാറകൾക്കിടയിലൂടെ ഒഴുകുന്ന അരുവിയും കടന്നു, വലിയ കയറ്റങ്ങൾ കയറി വീണ്ടും വന്ന വഴിയിൽ എത്തുമ്പോഴേക്കും ഒരാനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നു. കൈനിറയെ കാട്ടുപ്പൂവും ശേഖരിച്ച് കൂട്ടത്തിലെ ഫോട്ടോഗ്രാഫർമാർക്ക് പോസു ചെയ്തു ക്ഷീണിച്ചു വരുമ്പോൾ , കാട്ട് ഓർക്കിഡ് കയ്യിൽ പിടിച്ചു സിന്ധു കൊച്ച് സന്തോഷപൂർവം വരുന്നുണ്ടായിരുന്നു, ഭർത്താവ് മരിച്ചു 5 വര്ഷങ്ങള്ക്ക് ശേഷം ആദ്യമായി പുറത്തിറങ്ങിയ അവളുടെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു, ആ കാട്ട് ഓർക്കിഡ്‌പൂവിനേക്കാൾ ശോഭ അവളുടെ ചിരിക്കുണ്ടായിരുന്നു.
ജീപ്പിൽ കയറിയപ്പോൾ രശ്മി മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്, കാരണം ജീവിതത്തിൽ ആദ്യമായി വലിയ പാറകൾ താണ്ടി ട്രെക്കിങ്ങ് നടത്തിയതിന്റെ ആനന്ദം എങ്ങാനും മിണ്ടിയാൽ തലയിൽ നിന്ന് പോകുമോ എന്ന് ഭയന്നാണ് ഇരിപ്പ്, ഞാൻ ഒന്നും ചോദിയ്ക്കാൻ പോയില്ല, കാരണം ആ മുഖം കണ്ടാലറിയാം എന്ത് സ്നേഹത്തിലാണ് ഇരിക്കുന്നതെന്ന്, കൂടെയുള്ള ആ അവതാരങ്ങൾ ഇല്ലായിരുന്നു, അവരുടെ കരുതൽ ഇല്ലെങ്കിൽ രശ്മി അത് പാതി വഴിക്ക് നിർത്തിയേനെ .
വട്ടവട അതിന്റെ മാജിക്ക് മുഴുവൻ കാണിച്ചു ഞങ്ങൾക്ക് മുൻപിൽ വിടർന്നു ചിരിച്ചു, മധുരമുള്ള സ്ട്രോബറി പോലെ മധുരിച്ചു, സ്നേഹിച്ചു . നോക്കെത്താ ദൂരം കിടക്കുന്ന സ്ട്രോബറി ഫാമുകളിൽ കള്ളികളായ കുഞ്ഞി കിളികൾ ആളുകളെ പറ്റിച്ച് സ്ട്രോബറി കഴിക്കുന്നുണ്ടായിരുന്നു. ഒപ്പം ഞങ്ങളും കൂടെ ഇറങ്ങി കഴിക്കാൻ തുടങ്ങി. സ്ട്രോബറിക്കൊക്കെ ഇത്ര രുചിയുണ്ടോ എന്ന് അത്ഭുതപ്പെട്ടു.
തണുപ്പ് ഇത്തിരി കുറഞ്ഞിട്ടുണ്ടായിരുന്നു, വട്ടവട വ്യൂ പോയിന്റിൽ നിൽകുമ്പോൾ ചെറു ചൂട് എത്തി നോക്കി,നല്ല ചൂടിൽ ഒരു ചായയും പഴുത്ത പഴം കൊണ്ടുള്ള ചിപ്സും കഴിച്ചു വീണ്ടും ടെന്റിലേക്ക്..
കുളിയും കഴിഞ്ഞു എന്നും കഴിക്കുന്നതിൽ കൂടുതൽ ഭക്ഷണവും കഴിച്ചു എല്ലാവരും വീണ്ടും കൂട്ടം കൂടിയുരുന്നു കഥ പറച്ചിൽ ആരംഭിച്ചു , ഇത്രയും സ്നേഹത്തോടെയും കരുതലോടെയും ഒരുമിച്ചുള്ള ഈ യാത്ര അവസാനിക്കാനായി എന്നത് വിശ്വാസം വരുന്നുണ്ടായിരുന്നില്ല , അതിമനോഹരമായെതെന്തും ഇത്തിരിയെ ലഭിക്കൂ എന്നത് ലോകതത്വമാണ്, അത് കൊണ്ട് അത് എന്നും അമൃത് പോലെ അമൂല്യവുമായിരിക്കും, ആ കേട്ടതെല്ലാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട് . തിരിച്ചു പോകുമ്പോൾ തലയിലേറ്റി വന്ന ഒരു തിരക്കുകളോ ടെൻഷനുകളോ ഇല്ലായിരുന്നു പകരം അതിനെക്കൽ ഭാരമേറിയ മൂല്യമേറിയ കുറെ ഹൃദയങ്ങളെയാണ് ഞങ്ങൾ പരസ്പരം ഏറ്റി കൊണ്ട് പോകുന്നത്.
കൊണ്ട് പോയ ചെറിയ സമ്മാനം നറുക്കിട്ടെടുത്തു കിട്ടിയ കൂട്ടുകാർക്ക് കൈമാറുമ്പോഴേ സന്തോഷം കൊണ്ടുള്ള കണ്ണീർ ഉള്ളിൽ പെയ്യുന്നുണ്ടായിരുന്നു.
തുടർന്നുള്ള ജാസ്മിന്റെ യാത്ര പറച്ചിൽ ഒരു ധ്യാനം പോലെ എല്ലാവരും കണ്ണടച്ചു നിന്ന് കേട്ടു പിന്നെയെല്ലാവരും ചേർന്ന് നിന്ന് പരസ്പരം പുണർന്നു, ആ തുറന്ന ഹാളിൽ പലതരത്തിലുള്ള ഉമ്മകളും കെട്ടിപിടുത്തങ്ങളും കണ്ണീരും കൂടെ കലർന്നു. മനസ്സിൽ നന്ദിയുടെ കൊടും പച്ചപ്പ് വട്ടവട പോലെ തന്നെ തഴുത്തു നിബിഢമായി, കിട്ടിയ ഈ സ്നേഹത്തിന് , അനുഭവിച്ച സന്തോഷത്തിനു കട്ടൻ കാപ്പി ടീമിനോട് കടപ്പെട്ടിരിക്കുന്നു.
ഖലീൽ ജിബ്രാനെ കടമെടുത്ത് പറയട്ടെ 'നിങ്ങള്‍ സ്നേഹത്തിലായിരിക്കുമ്പോള്‍ ദൈവം എന്റെ ഹൃദയത്തിലാണെന്ന് പറയാതിരിക്കുക. മറിച്ച്, ഞാന്‍ ദൈവഹൃദയത്തിലാണെന്ന് പറയുക ' അതെ ഞങ്ങൾ ഓരോരുത്തരും കഴിഞ്ഞ ജന്മത്തിൽ കണ്ടു മുട്ടി പിരിഞ്ഞു വീണ്ടും ചേർന്നവരാകുന്നു, ഞങ്ങൾ എല്ലാവരും ദൈവത്തിന്റെ ഹൃദയത്തിൽ തന്നെയാണ്.








