Tuesday, 24 November 2009

ആണ്‍‌ഗ്രാമങ്ങള്‍‌

ഇതു ഇരുപത്തിഒന്നാമത്തെ തവണയാണ് ഹിംഗോള എന്ന ഗ്രാമത്തിലേക്ക് പോകുന്നത്

ഇത്തവണ ആ അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍‌... ഒരു സ്ത്രീയെ എങ്കിലും ആ ഗ്രാമത്തില്‍ കാണാനാകുമെന്ന അത്ഭുതം!!!

ആദ്യകാലങ്ങളില്‍ സ്ത്രീകളെ അവിടെ കാണാത്തത് അത്ര ശ്രദ്ധിച്ചിരുന്നില്ല, എന്നാല്‍ സന്ദര്‍ശനങ്ങള്‍ തുടര്‍ച്ചയായിട്ട് പോലും ഒരു സ്ത്രീയെയോ, ,ഒരു പെണ്‍കുട്ടിയെയൊ അവിടെ കണ്ടിട്ടില്ല.. ഞാനോര്‍ത്തു ഇതെന്താ മേലേപറമ്പില്‍ ആണ്‍‌വീട് എന്ന് പറയും പോലെ, ആണ്‍ഗ്രാമമോ... മാത്രമല്ല ഗ്രാമമുഖ്യനും മകനും എന്നെ കാണുമ്പോള്‍ ഒരു ശത്രുവിനെ പോലെയുമാണ്. പിന്നീടാണ് കൂടെയുള്ള സുഹൃത്ത് വിശദീകരിച്ചത്‌. ഇതു രാജ്പുരൊഹിതരുടെ ഗ്രാമമാണത്രെ, സ്ത്രീകളെല്ലാം പര്‍ദ്ദ സമ്പ്രദായപ്രകാരമാണത്രെ ജീവിക്കുന്നത്. ആ ഗ്രാമത്തിലെ ഒരു സ്ത്രീക്കും പുറത്തിറങ്ങാനോ, വിദ്യാഭ്യാസത്തിനൊ സ്വാതന്ത്ര്യമില്ല, അപരിചതരായ ആരും അവരെ കണ്ട് പോകരുത്, അവര്‍ വീടിനുള്ളില്‍‌ തന്നെ കഴിഞ്ഞ് കൂടണം.. വിരുന്ന് പോകലുകളില്ല, വിരുന്ന് വരവുകളില്ല.വെള്ളം കൊണ്ട് വരാന്‍‌ പോലും പുറത്തേക്കിറങ്ങില്ല. രാജസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന ജാതിക്കാരണത്രെ ഇവര്‍‌...രാജാവിന്റെ പുരോഹിതരാകുന്നവരാണിവര്‍‌.
ഗ്രാമമുഖ്യനൊപ്പം ഒരു ചര്‍ച്ച...


എണ്‍പത് രാജ്പുരോഹിത് കുടുംബങ്ങളും, പത്ത് മേഘ്‌വാളരും(ദളിതര്‍)ആണിപ്പോള്‍‌ ഹിംഗോളയില്‍ താമസിക്കുന്നത്‌. പിന്നീട് ഹിംഗോളയിലെ സ്ത്രീകളുമായി സംസാരിക്കുക എന്നത് എന്റെ മുഖ്യ അജണ്ടയായി മാറി. മുഖമില്ലാത്തതെങ്കിലും കുറച്ച് സ്ത്രീകളെ കാണാമായിരുന്നു മറ്റ് ഗ്രാമങ്ങളില്‍, എന്തു തന്നെ ആയാലും സ്ത്രീകളെ കാണണം എന്ന ഉദ്ദേശത്തിലാണ് മറ്റ് ഗ്രാമങ്ങളില്‍ നിന്ന് സ്കൂള്‍‌ കുട്ടികളെ സംഘടിപ്പിച്ച് അവിടെ ഒരു ജാഥ നടത്തിയത്.


വയസ്സായതെങ്കിലും ഒരു സ്തീയെ കാണുമെന്ന എന്റെ പ്രതീക്ഷ മുഴുവനും തെറ്റി. ജാഥയല്ല ഭൂകമ്പം ഉണ്ടായാലും ഇവര്‍ പുറത്തിറങ്ങില്ലന്ന് തോന്നുന്നു..


ഒരിക്കല്‍ ഹിംഗോള ലോവര്‍‌ പ്രൈമറി സ്കൂളിലെത്തിയപ്പോള്‍ പേരിനെങ്കിലും കുറച്ച് പെണ്‍കുട്ടികളെ കാണാനൊത്തു, പക്ഷെ അവരുമായി സംസാരിക്കണമെങ്കില്‍‌ എന്റെ ജാതി അവിടത്തെ ടീച്ചറെ ബോധ്യപെടുത്തണമായിരുന്നു. സാധാരണ എല്ലാ ഗ്രാമവാസികളും മേംസാബിന്റെ പേരിനേക്കാള്‍ മുന്‍പേ ജാതിയായിരുന്നു ചോദിക്കാറ്, അതു കൊണ്ട് തന്നെ ജാതി പറയല്‍‌ പ്രയാസമല്ല. പക്ഷെ എന്റെ കൂടെ രണ്ട് പുരുഷന്മാര്‍ കൂടി ഉണ്ടെന്ന് കണ്ടതോടെ ടീച്ചറും കയ്യൊഴിഞ്ഞു. സഹായത്തിനാളില്ലെങ്കില്‍ ഇവര്‍ സംസാരിക്കുന്ന മാര്‍വാടി എനിക്ക് മുഴുവന്‍ പിടികിട്ടുകയും ഇല്ല.


അന്ന് മടിച്ചാണെങ്കിലും ഗ്രാമമുഖ്യനോട് ഞാന്‍‌ ഒരു സ്സ്ത്രീയെ കാണാന്‍‌ അനുവദിക്കണമെന്ന് ആവശ്യപെട്ടു, പ്രതീക്ഷിച്ച പോലെ അയാള്‍‌ പറ്റില്ലന്ന് തീര്‍ത്തു പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍ക്ക് ചിരപരിചിതനായ പൂസാറാം, ജാനദേസര്‍ എന്ന പഞ്ചായത്തിന്റെ പ്രസിഡണ്ട് ഹിംഗോളക്കാരനാണന്ന് അറിയുന്നത്. അയാളാണെങ്കില്‍ മുഴുവന്‍‌ സമയവും സോഹാ ഖാ എന്ന മുസ്ലിം സുഹൃത്തിനോടൊപ്പമാണ് കാണാറുള്ളത്, പൊതുവെ രാജ്പുരോഹിതര്‍‌ മറ്റുള്ള ജാതിക്കാരുമായി സമ്പര്‍ക്കം കുറവായത് കൊണ്ട് പൂസാറാം രാജ്പുരോഹിതനാണെന്ന് ഞാന്‍‌ കരുതിയിരുന്നില്ല.
പൂസാറാമുമൊത്തൊരു മീറ്റിങ്ങില്‍, സ്യുട്ടിട്ടിരുകുന്നത് പൂസാറാം.
പഞ്ചായത്ത് പ്രസിഡണ്ട് അദ്ദേഹത്തിന്റെ വീട്ടിലെ സ്ര്തീകളെ കാണാന്‍‌ അവസരമൊരുക്കാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു, എങ്കിലും അതിലും ഒരു ഉറപ്പുണ്ടായിരുന്നില്ല. കാരണം പൂസാറാം ഹിംഗോളക്കാര്‍ക്ക് സ്വീകാര്യനായ നേതാവല്ല തന്നെ. ഞാന്‍‌ അതിശയത്തോടെ ചോദിച്ചു ‘അപ്പോള്‍ വാര്‍ഡ് മെംബര്‍‌‌ ആയതെങ്ങിനെ?”
പൂസാറാം ചിരിച്ചു കൊണ്ട് ഒരു കഥ പറഞ്ഞു ‘ എന്റെ വീട്ടുകാരുടെ വോട്ട് പോലും എനിക്ക് ലഭിച്ചിട്ടുണ്ടാകുമോ എന്ന് സംശയമാണ്, മറിച്ച് മൂല്‍ ക്കി ഡാണിയിലെ (മറ്റൊരു ഗ്രാമം) മുന്നൂറ്റി എണ്‍‌പത് സിന്ധ് (വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോകാന്‍‌ പറ്റാതെ ഇന്ത്യന്‍‌ ബോര്‍ഡറില്‍ കുടുങ്ങി പോയ മുസ്ലീങ്ങളാണ് സിന്ധ്കള്‍) കുടുംബങ്ങളിലെയും മുഴുവന്‍ വോട്ടും കിട്ടി വന്‍‌ഭൂരിപക്ഷത്തിലാണ് ഞാന്‍‌ ജയിച്ചത്.
പണ്ട് ഹിംഗോള അഞ്ഞൂറോളം കുടുംബങ്ങള്‍‌ നിറഞ്ഞ, ഒന്‍‌പത് കുളങ്ങള്‍‌ സ്വന്തമായുള്ള അതായത് ഏത് വരള്‍ച്ചയേയും അതിജീവിക്കാന്‍‌ വിധം കുടിവെള്ള ലഭ്യത ഉള്ള ഒരു ഗ്രാമമായിരുന്നു. അഞ്ഞൂറ് കുടുംബത്തില്‍ ഈ മുന്നൂറ്റി എണ്‍പത് സിന്ധുകളും ഉണ്ടായിരുന്നു, എന്നാല്‍‌ രാജ്പുരോഹിതര്‍ സ്ഥിരമായി ഈ മുസ്ലിങ്ങളെ ഉപദ്രവിക്കുകയും, വിദ്യാഭ്യാസം മുതല്‍ കുടിവെള്ളം വരെ തടയുകയും ചെയ്ത് പോന്നു.. സ്ത്രീകളെ പുറത്തിറങ്ങി കണ്ടാല്‍ അപമാനിക്കുന്നതും ഒരു പതിവായിരുന്നത്രെ. ഒടുവില്‍‌ ആ എണ്‍പതോളം രാജ്പുരോഹിത കുടുംബങ്ങളോട് പൊരുതി നില്‍ക്കാനാകതെ സിന്ധുകള്‍‌ എല്ലാവരും പത്ത് കിലോമീറ്ററോളം അപ്പുരത്തേക്ക് മാറി താമസിച്ചു, ആ ഗ്രാമമാണ് മൂല്‍ ക്കീ ഡാണി.
അതീവ രൂക്ഷമായ കുടിവെള്ള ക്ഷാമം മൂല്‍‌ ക്കീ ഡാണിക്കാര്‍‌ അനുഭവിക്കുമ്പോള്‍ അവര്‍ക്ക് കൂടി അവകാശപ്പെട്ട കുളങ്ങള്‍‌ ഹീംഗോളക്കാര്‍‌ ഒറ്റക്ക് അനുഭവിക്കുകയാണ്.
എങ്കിലും സോഹാ ഖായോട് സംസാരിച്ചപ്പോള്‍‌ സംന്തോഷം തോന്നി.. അദ്ദേഹം പറഞ്ഞു, ‘ഇപ്പോള്‍‌ ആരെയും പേടിക്കാതെ ഞങ്ങളുടെ കുട്ടികള്‍ക്ക് സ്കൂളില്‍‌ പോകാം, കിട്ടുന്ന വെള്ളം പങ്കിട്ടെടുത്ത് ഉള്ളത് കൊണ്ട് സന്തോഷം പോലെ കഴിയാം. ഞങ്ങളുടെ സ്ര്തീകള്‍ നരേഗക്ക് (എന്‍‌. ആര്‍‌. ജി. എ) പോയി നല്ല വരുമാനം കിട്ടുന്നുണ്ട്...ഞങ്ങളിപ്പോള്‍‌ സന്തോഷത്തിലാണ്.പക്ഷെ അവിടെ ഇപ്പോഴും താമസിക്കുന്ന മേഘ്‌വാളരുടെ കാര്യം വലിയ കഷ്ട്ടത്തിലാണ്’.
സോഹാ ഖാക്കൊപ്പം ഒരു മീറ്റിംങ്ങ്.
ഇവിടെ താമാസിക്കുന്ന മേഘ്‌വാളരുടെ വീടെവിടെയാണ് എന്ന എന്റെ ചോദ്യം കേട്ടപ്പോഴെ ഹിംഗോള ഗ്രാമമുഖ്യന്റെ മുഖം ചുവന്നു വന്നു. അവിടേക്ക് പോകരുത് എന്ന് പറഞ്ഞിട്ടും ഞങ്ങള്‍‌ പോയി. പത്ത് കുടുംബങ്ങള്‍‌, കുടിലുകളില്‍‌ നിശബ്ദരായി കഴിഞ്ഞു കൂടുന്നു. രാജ്പുരോഹിതര്‍‌ കല്‍പ്പിച്ചിട്ടുള്ള അയിത്തം കാരണം തലമുറകളായി സ്കൂളില്‍‌ പ്രവേശനമില്ലാത്തവര്‍, വെളിച്ചമില്ല, വെള്ളമില്ല.. സമൃദ്ധമായി കുടിവെള്ളം ലഭ്യമായിട്ടും, വെള്ളം എടുക്കാന്‍‌ അനുവാദമില്ല. ആരും കാണാതെ, എല്ലാവരും എടുത്ത ശേഷമാണിവര്‍‌ വെള്ളം എടുക്കാറ്..ആരെങ്കിലും കണ്ടാല്‍ തല്ലും ചവിട്ടും ഉറപ്പ്... അവരുടെ സങ്കടങ്ങള്‍ എണ്ണമില്ലാതെ തുടരുകായാണ്...
നിങ്ങള്‍ക്കും സിന്ധ്കള്‍‌ പോയ പോലെ മാറിതാമസിച്ചു കൂടെ?
പൈസ ഇല്ല മേംസാബ്....
എന്തു പറയാന്‍‌... വിദേശത്ത് നിന്നും ധാരാളം ഫണ്ടൊഴുകി വരുന്ന, രാജ്പുത്രര്‍‌ ഭരിക്കുന്ന എന്റെ സ്ഥാപനത്തിലെ തലവരോട് ഒരു കെഞ്ചല്‍‌...
‘അവര്‍ക്ക് കുടിവെള്ളത്തിനെന്തെങ്കിലും,അല്ലെങ്കില്‍‌ ആ കുട്ടികളുടെ പഠനത്തിനെന്തെങ്കിലും.....
അവര്‍‌ ചിരിച്ച് കൊണ്ട് പറഞ്ഞു ‘ഏസാ ഹീ ഹോത്താ ഹേ...
ഒരു സൌത്ത് ഇന്ത്യക്കാരി നോര്‍ത്ത് ഇന്ത്യന്‍‌ ദളിതരെ കണ്ടപ്പോഴുള്ള എക്സൈറ്റ്മെന്റ് ആണത്രെ!!!
അവരോട് ദേഷ്യപെട്ടിറങ്ങി... പൊള്ളുന്ന വെയിലിലേക്കിറങ്ങി നിന്നു... നക്സല്‍‌ മൂവ്മെന്റുകള്‍‌‌ ഉണ്ടായികൊണ്ടിരിക്കട്ടെ എന്ന് മനസ്സില്‍‌ സിന്ദാബാദ് വിളിച്ചു..
ശ്രീനിവാസന്‍‌ അറബികഥയില്‍‌ കണ്ണാടിക്ക് മുന്‍പില്‍‌ നിന്ന് സിന്ദാബാദ് വിളിക്കും പോലെ!!!

Monday, 1 June 2009

മരുഭൂമി കാഴ്ചകള്‍

ഇനി കുറച്ച് മരുഭൂമി കാഴ്ചകളാകാം ..!!! ഇത് താര്‍ മരുഭൂമിയിലെ മാര്‍വാടില്‍ നിന്നുള്ള കാഴ്ച്ചയാണ്.. സാധാരണ മരുഭൂമികളില്‍ ആള്‍ താമസം കുറവാണ്...ഉള്ളത് തന്നെ സ്കയര്‍ കിലോമീറ്ററില്‍ 3
മുതല്‍ നാല് വരെയാണ് ജനസാന്ദ്രത..എന്നാലിവിടെ 80മുതല്‍ 90വരെയാണ്‌ ജനസാന്ദ്രത.. മരുഭൂമിയായത് കൊണ്ട് ചൂടിനെ പറ്റി പറയേണ്ടതില്ലല്ലോ..പതിവു പോലെ വെള്ളം തന്നെയാണ് പ്രധാന പ്രശ്നം. അപ്പോള്‍‌ ഇവിടത്തെ വികസനം കുടിവെള്ളം ലഭ്യമാക്കുക എന്നത് തന്നെ, എന്നാലും കൂട്ടത്തില്‍‌‌ സ്ത്രീവികസനത്തിന്റെ ലീഡര്‍‌ പദവി കൂടി കിട്ടിയിട്ടുണ്ട്. ‍പതിവു പോലെ ജോലിക്കു ചേര്‍ന്നിട്ട് ആദ്യം ചെയ്തത് രാജസ്ഥാന്‍ ഗ്രാമങ്ങള്‍‌‌ കാണാന്‍ പോകലായിരുന്നു, അപ്പോള്‍ കണ്ട ചില കാഴ്ചകളാണിത്.
ഇതാണ് ഒരു സാധാരണ രാജസ്ഥാന്‍ സ്ത്രീയുടെ വേഷം, ആ‍ഭരണങ്ങള്‍ ജാതി ഉയര്‍ന്നതായാല്‍ കുറച്ച്കൂടി കണ്ടേക്കാം.
മരുവാത് എന്ന സംസ്ക്രുത നാമത്തില്‍ നിന്നാണത്രെ മാര്‍വാട് എന്ന പേരുണ്ടായിരിക്കുന്നത്, മരണത്തിന്റെ പ്രദേശമെന്നര്‍ത്ഥം.
അതെ ഇടക്കിടെ ആഞ്ഞുവീശുന്ന പൊടിക്കാറ്റും, എപ്പോഴും പാഞ്ഞ് പറക്കുന്ന ചൂടുക്കാറ്റും, കിലോമീറ്ററോളം ആളൊഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളും, പൊള്ളികിടക്കുന്ന മണലും ...എല്ലാം ശശ്മാനങ്ങളേക്കാള്‍ ഭീകരം ആയി തോന്നും.. ഇതിനെയെല്ലാം അതിജീവിച്ച് കുറച്ച് മനുഷ്യരിവിടെ താമസ്സിക്കുന്നു,ജീവിതത്തിന്റെ യാതൊരു സൌകര്യങ്ങളും ഇല്ലാതെ. എന്തിനു കുടിവെള്ളം പോലുമില്ലാതെ!!!


ഞാനോര്‍ത്തു എന്റെ കൊച്ച് കേരളത്തില്‍ നമ്മള്‍ വെറുതെ കളയുന്ന വെള്ളമുണ്ടെങ്കില്‍ ഇവര്‍ സുഖമായി ജീവിച്ചേനെ, നമ്മള്‍ എത്ര വിലകുറച്ചാണ് വെള്ളത്തെ കാണുന്നത്.ഈ ഗ്രാമങ്ങളിള്‍‌ കണ്ടപ്പോഴാണ് പ്രകൃതി വിഭവങ്ങള്‍ കൊണ്ട് നാമെത്ര അനുഗ്രഹിതരാണെന്ന് ഓര്‍ത്തത്, ഒപ്പം നമ്മള്‍ക്കതിലുള്ള അശ്രദ്ധയും.
മാര്‍വാട് ചുട്ട് പഴുക്കുന്നതില്‍‌ അതിശയമില്ല, മരുഭൂമിയല്ലേ, പക്ഷെ മരങ്ങളും,പുഴകളും നിറഞ്ഞ കേരളം വേനലില്‍ ചുട്ട്പഴുക്കുന്നത് നാമോരുരുത്തരും പ്രകൃതിയില്‍‌ ചെയ്ത് കൂട്ടുന്ന അഹങ്കാരത്തിന്റെയും, ബഹുമാനമില്ല്യായ്മയുടെയും തിരിച്ചടിയല്ലേ?
ചീഞ്ഞളിഞ്ഞ പുഴകളും, മരങ്ങള്‍ലില്ലാത്ത കാടുകളും, മരങ്ങള്‍ വളരാനുവദിക്കാത്ത തൊടികളും, മണ്ണടിച്ച് മൂടികൊണ്ടിരിക്കുന്ന പാടങ്ങളും, ഇല്ലാതായികൊണ്ടിരിക്കുന്ന കാവുകളും....ഇങ്ങനെയെല്ലാമായാല്‍ മഴ പെയ്യാന്‍‌‌ മടിക്കുന്നതില്‍ എന്തതിശയം...വേനല്‍‌ തീപിടിക്കാതിരിക്കുമോ...
ഒരു രാജസ്ഥാനി കുടുംബത്തോടൊപ്പം...

ഒരു രാജസ്ഥാനി വീട്.

വെള്ളത്തിന് ബുദ്ധിമുട്ടായതിനാല്‍‌ മണ്ണ് കൊണ്ട് പാത്രങ്ങള്‍ കഴുകുന്നതാണിതു, ഇതിനു ശേഷം നല്ല കോട്ടണ്‍ തുണി കൊണ്ടിത് തുടക്കും, അതാണ് പാത്രം കഴുകല്‍‌.


ഇതാണ് കുടിവെള്ളം, മഴക്കാലത്ത് ചാലുകള്‍ വഴി കുളത്തിലേക്ക് ശേഖരിച്ച ജലമാണിത്, ഇതിനെ മീട്ടാ പാനി ആയാണ് കണക്കാക്കുന്നത്. നായ്ക്കളും,ഒട്ടകവും, പക്ഷികളും, മനുഷ്യരും ഒന്നിച്ച് വെള്ളം കുടിക്കുന്നത്, കേരളത്തിലെ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല.








മീട്ടാ പാനിയുടെ നിറം അടുത്ത് നിന്ന്




ഉപ്പും, കടുപ്പവും ഉള്ള വെള്ളമാണ് കിണര്‍ കുഴിച്ചാല്‍ ലഭിക്കുക,അതു കൊണ്ട് ഈ വെള്ളമല്ലാതെ മറ്റ് സ്രോതസ്സുകള്‍‌ ഇല്ല.



മണ്‍കുടത്തിന്റെ വായ കോട്ടണ്‍ തുണി കൊണ്ട് അടച്ച് അരിച്ചാണ് ഒട്ട് മിക്കവാറും ആള്‍ക്കാര്‍‌ വെള്ളം കോരുക, അങ്ങനെ പാര്‍ട്ടി കൊടി കൊണ്ട് അതെങ്കിലും നടന്നു!!
ഇനി കുറച്ച് നാട്ട് വിശേഷങ്ങള്‍..ഇത് വിമല..... പ്രായം അഞ്ച് വയസ്സ്, വിവാഹിതയാണ്, ഇതില്‍ നിന്ന് തന്നെ ഇവിടത്തെ സ്ത്രീകളുടെ പദവി വളരെ താഴ്ന്നതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. മാത്രമല്ല ഓരോ ബാലവിവാഹവും നടക്കുന്നതു ഒരു മരണത്തോടൊപ്പമാണ്. ഒരു മുതിര്‍ന്ന കുടുംബാംഗം മരിച്ച് കഴിഞ്ഞാല്‍ മ്രിത്യുബോജ് നടത്തേണ്ടതുണ്ട്, അതില്‍ പത്ത് മുതല്‍ പതിനനഞ്ച് ഗ്രാമങ്ങളില്‍നിന്ന് ആള്‍ക്കാരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കേണ്ടതുണ്ട്, ഈ ചെലവേറിയ ചടങ്ങിനോടൊപ്പം ഒന്നോ രണ്ടോ ബാലവിവാഹം കൂടി ഗ്രാമീണര്‍ നടത്തും, വീണ്ടും ഒരു ചെലവുണ്ടാകാതിരിക്കാന്‍,പിന്നീട് പ്രായപൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിയെ സ്ത്രീധനത്തോടെ ഭര്‍ത്താവിന്റെ വീട്ടിലെത്തിക്കും.
മുതിര്‍‌ന്ന സ്ത്രീകള്‍ക്കാണെങ്കില്‍ പൊതുവേദികളില്‍ വരാന്‍ അനുവാദമില്ല, വന്നാല്‍ തന്നെ മുഖം മറച്ച്,സംസാരിക്കതിരിക്കണം,
വെള്ളം എടുത്ത്പോകുമ്പോഴും മുഖം മറച്ചിരിക്കണം, ഇത് പോലെ. കുട്ടികള്‍ക്ക് മുഖം മറക്കേണ്ടതില്ല, ഒട്ട് മിക്കവാര്‍ സ്ത്രീകളും സ്കൂള്‍‌ കാണാത്തവരാണ്, ഇപ്പോഴത്തെ തലമുറയില്‍ കുറച്ച് പേര്‍ സ്കൂളില്‍ പോകുന്നുണ്ട്, പക്ഷെ വെള്ളത്തിനു വേണ്ടി അഞ്ചും പത്തും കിലോമീറ്റര്‍‌ നടന്ന് വെള്ളം ഏറ്റാന്‍‌ ആളില്ലാതാകുന്നത് കൊണ്ട് ഗ്രാമീണര്‍‌ പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍‌ താല്പര്യപെടുന്നില്ല.




ഇവിടത്തെ ജാതി വിശേഷങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഈ പോസ്സ്റ്റ്നീണ്ട് പോകും, അതു കൊണ്ട് ആ വിശേഷങ്ങളുമായി വീണ്ടും വരാം.

Tuesday, 24 March 2009

ഒരു നല്ല രാത്രിയുടെ ഓര്‍മ്മയില്‍‌....


കുട്ടനാട്ടില്‍‌ ജോലി ചെയ്യല്‍‌ ഒരു ആഘോഷമായിരുന്നു എനിക്ക്..ചൂണ്ടയിട്ടുള്ള മീന്‍പിടുത്തവും, പുഴകളും, കായലിലൂടെയുള്ള ബോട്ട് യാത്രകളും ആകെ രസകരമായ ദിനങ്ങളായിരുന്നു അത്. ‘എന്നാടാ കൂവ്വേ’ എന്ന് സ്നേഹപൂര്‍വ്വം ചോദിക്കുന്ന കൃഷി ക്കാരായ നല്ല നാട്ടുകാരുമായി ചങ്ങാത്തമുണ്ടാക്കാന്‍ എനിക്കെളുപ്പം കഴിഞ്ഞു.അവരുമായുള്ള ചങ്ങാത്തവും എനിക്കാഘോഷമായിരുന്നു. കണ്ടിട്ടും കണ്ടിട്ടും തീരാത്ത അത്ഭുതമായി വിസ്ത്രുതമായ കുട്ടനാട് കണ്മുന്‍പില്‍‌, ഏതു കുറുമ്പിനും കൂട്ട് നില്‍ക്കുന്ന മാത്യൂസ് എന്ന സഹപ്രവര്‍ത്തകന്‍, സ്നേഹം കൊണ്ട് പൊതിയുന്ന മാറങ്കരി എന്ന ഞങ്ങളുടെ പ്രവര്‍ത്തന പ്രദേശത്തെ നാട്ടുകാര്‍..വലിയ കുഴപ്പക്കാരല്ലാത്ത മറ്റ് കുറച്ച് സഹപ്രവര്‍ത്തകര്‍.. മാറങ്കരി എന്ന പ്രദേശത്ത് നിന്ന് തന്നെ തിരഞ്ഞെടുത്ത സാഫ് എന്നറിയപെടുന്ന സാമൂഹ്യപ്രവര്‍ത്തകരായ എന്റെ പ്രിയപെട്ട അഞ്ച് കൂട്ടുകാര്‍: സാജന്‍, ലിനു, ആശാമ്മ, സുനിമോള്‍‌, സിജി.. ഞങ്ങള്‍ ഏഴുപേര്‍ ചേര്‍ന്ന് വിജയമായി മാറ്റിയ പദ്ധതി നല്‍ക്കുന്ന സന്തോഷം ഒരു വശത്ത്... അങ്ങിനെ രണ്ട് വര്‍ഷങ്ങള്‍ കടന്ന് പോയി... അതിനിടക്കാണ് മാത്യൂസിനു കുവൈറ്റിലേക്ക് പോകാനുള്ള വിസ വരുന്നതു..

രണ്ട് വര്‍ഷം സദാസമയം കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍ പോകുന്നതിന്റെ വിഷമം ഒരു വശത്ത്..മറ്റൊരു വശത്ത് സാഫുമാരുടെ വിങ്ങി പൊട്ടിയുള്ള കരച്ചില്‍, നാട്ടുകാരുടെ സങ്കടം പറച്ചില്‍..അങ്ങിനെ ഞങ്ങളില്‍ വലിയൊരു ശൂന്യതയുണ്ടാക്കി മാത്യൂസ് കുവൈറ്റിലേക്ക് യാത്ര തിരിച്ചു.

മാത്യൂസ് യാത്രയാകുന്ന ദിവസം ഞങ്ങളുടെ ഓഫീസില്‍ താമസിച്ച് ജോലി ചെയ്യുന്ന കൂട്ടുകാരില്‍ ഒരാളൊഴിച്ച് എല്ലാവരും അവരവരുടെ നാട്ടിലേക്ക് പോവുകയും ചെയ്തു. ഞങ്ങള്‍ പ്രേതഭവനം എന്നു വിളിക്കുന്ന എകദേശം നാല്പതോളം മുറികള്‍ ഉള്ള പ്രവര്‍ത്തനരഹിതമായ ഒരു ആശുപത്രിയുടെ രണ്ടറ്റത്തായാണ് ഞങ്ങള്‍ അഞ്ച് പെണ്ണുങ്ങളും, മൂന്ന് പുരുഷസഹപ്രവര്‍ത്തകരും താമസിക്കുന്നതു. കയ്യബദ്ധത്താല്‍ ഒരാള്‍ മരണപെട്ടത് കൊണ്ടാണത്രെ ആ ആശുപത്രിപ്രവര്‍ത്തനരഹിതമായത്. അന്ന് നാട്ടില്‍ പോകാതിരുന്ന കേരളത്തിന്റെ വടക്കന്‍ ജില്ലയില്‍ നിന്നുള്ള ആ സഹപ്രവര്‍ത്തക കുട്ടനാട്ടില്‍ വന്നിട്ട് കുറച്ച് നാളുകളായിട്ടൊള്ളു. അതു കൊണ്ട് ആ കുട്ടിയെ ആ വലിയ കെട്ടിടത്തില്‍ ഒറ്റക്കാക്കി പോകാന്‍ വിഷമം തോന്നി, മാത്രമല്ല എന്നോട് അവിടെ നില്‍ക്കാമോ എന്നു ചോദിക്കുകയും കൂടി ചെയ്തപ്പോള്‍ അവിടെ അന്നേ ദിവസം നില്‍ക്കാം എന്ന് ഞാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ ഞാനും വീട്ടിലേക്ക് പോയേനേ..

ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യും മുന്‍പേ തന്നെ ഞാന്‍‌ ഒരു ഭയങ്കര സാധനമാണന്ന് മൂപ്പര്‍ പറഞ്ഞത് ഞാനറിഞ്ഞിട്ടുണ്ടായിരുന്നു.നല്ല ഉറച്ച ശബ്ദത്തില്‍‌ ഇഷ്ടമില്ലാത്തവയെ ഇഷ്ടമില്ലന്നും, നല്ലത് കണ്ടാല്‍ കൊള്ളാം എന്നും ആരുടെയും മുഖത്ത് നോക്കി പറയാനുള്ള ധൈര്യവും, മുഖസ്തുതി പറയാനറിയാത്ത കഴിവുകേടും ആണ് പലപ്പോഴും എന്നെ ഭയങ്കരസാധനമാക്കുന്ന ഘടകങ്ങള്‍.ഒരു ഭയങ്കര സാധനമല്ലാതാകാന്‍‌ ഞാന്‍ ആവത് ശ്രമിച്ചാലും ആ കുട്ടി ഇടക്കിടെ എന്നെ പരീക്ഷിക്കാന്‍ വരാറും ഉണ്ട്. രണ്ട് തല തമ്മിലേ ചേരു എന്ന ബഷീറിന്റെ തിരുവചനം ഓര്‍ത്ത് ഞാന്‍‌ അതു മറക്കാറും ഉണ്ട്. ആ കുട്ടിയും അങ്ങനെ തന്നെ മറക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നാറുള്ളതു...

പക്ഷെ ഇത്രക്ക് വലിയ പണി എന്റെ കൂട്ടുകാരന്‍ പോയ അതെ ദിവസം തന്നെ തരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നേ ഇല്ലായിരുന്നു....

രാമങ്കരി കവലയില്‍ നിന്നും കുറച്ച് പച്ചക്കറി വാങ്ങിക്കുമ്പോഴാണ് സിജിത്തെന്ന കൂട്ടുകാരന്റെ മെസ്സേജ് വരുന്നതു ‘ ആ ചേച്ചി കുട്ടനാട്ടുകാരന്‍ തന്നെ ആയ ഞങ്ങളുടെ മറ്റൊരു സഹപ്രവര്‍തകന്‍ ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുന്ന ആശുപത്രിയില്‍‌ അന്ന് രാത്രി കൂട്ടിനു പോയെന്ന്’ അദ്ദേഹത്തിന്റെ വീട് ആ ആശുപത്രിയുടെ അടുത്ത് തന്നെയാണു താനും..മനസ്സില്‍ ഞാന്‍ സകലദൈവങ്ങളെയും അറിയാതെ വിളിച്ച് പോയി, ആ പ്രേതഭവനത്തില്‍ ഞാനീ രാത്രി കഴിച്ച് കൂട്ടണോ? ആയിടെ അവിടെ കള്ളന്മാരുടെ ശല്യവും ധാരാളം..

ഓര്‍ത്തപ്പോള്‍ തന്നെ പാതി കരച്ചിലിന്റെ വക്കിലായി. ഉടനെ തന്നെ സിജിയെ വിളിച്ചു, സിജി പതിവു പോലെ നമ്മുക്ക് ശരിയാക്കാം എന്ന് പറഞ്ഞപ്പോള്‍ ഒരാശ്വാസമായി,‌ അതിനു ശേഷമാണ് കുടുംബസമേതം തൊട്ടടുത്ത് താമസിക്കുന്ന സുരേഷ്ജി എന്ന് ഞാന്‍ വിളിക്കുന്ന സുരേഷ് എന്ന സഹപ്രവര്‍ത്തകനെ ഓര്‍മ്മ വന്നത്. സുരേഷ്ജിയെ വിളിച്ചപ്പോള്‍ തന്നെ വീട്ടിലേക്ക് കൂട്ടാനായി വരാമെന്ന വാഗ്ദാനവും കിട്ടി..

നിറഞ്ഞ മനസമാധാനത്തോടെ രാമങ്കരിയില്‍ നിന്നും നടന്ന് തായങ്കരി പാലത്തിനടുത്തെത്തിയപ്പോള്‍‌ ഒരു തടിച്ച രൂപം കാത്ത് നില്‍ക്കുന്നു. ഞങ്ങളുടെ എഞ്ചിനീയറായ ജെപി ചേട്ടനാണ്,കയ്യിലൊരു കവറില്‍ കുറച്ച് ഓറഞ്ച്, ഒരു പൈന്റ് കുപ്പി, മറ്റൊരു കവറില്‍ നല്ല നെയ്മീന്‍‌... ജെപി ചേട്ടനും മാത്യൂസും പൈന്റടിക്കുന്നെങ്കില്‍ ഓറഞ്ച് എന്റെ അവകാശമാണ്. ജെപി ചേട്ടന്‍ എന്നെ കണ്ടതെ പറഞ്ഞു ‘ എന്റെ കൊച്ചേ ബസ് സ്റ്റോപ്പിലെത്തിയപ്പോഴല്ല്യോ വിവരമറിഞ്ഞേ..മറ്റേ കൊച്ച് വിട്ട വിവരം. ഞാന്‍‌ പല്ലവിയെ(ഭാര്യ) ഒന്നു വിളിച്ച് വിവരം പറയട്ടെ കേട്ടോ’ എന്ന്..
ഞാന്‍ മനസ്സിലോര്‍ത്തു ഇന്നു നെയ്ന്മീന്‍‌ കൂട്ടി നല്ലൊരു ഊണു തരമാകും, ജെപി ചേട്ടന്‍ നല്ല ഒരു പാചകക്കാരനും കൂടി ആണ്.

ചായയും കുടിച്ച് ജെപി ചേട്ടനുമായി കത്തി വെക്കുമ്പോഴാണ് ഒരു ഓട്ടോ വന്ന് നിന്നത്. അതെന്റെ മാറങ്കരിക്കാരായ സാഫ്മാരായിരുന്നു... സിജി, ആശാമ്മ, സാജന്‍, ലിനു..എനിക്കപ്പോള്‍ സന്തോഷം കൊണ്ട് കരച്ചില്‍ വന്നു.കയ്യില്‍ ബെഡ് ഷീറ്റുകളും കരുതിയാണവര്‍ വന്നിരിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ സുരേഷ്ജി കൂടി വന്നു. ഒറ്റക്കാകുമൊ എന്ന ഭയന്നിരുന്ന ഞാന്‍‌ ഒരു കൂട്ടം ആള്‍ക്കാര്‍കിടയില്‍‌...

നെയ്മീന്‍ കറി കൂട്ടി നല്ലൊരു ഊണും കഴിച്ച് കഴിഞ്ഞ്, ജെപി ചേട്ടനും സുരേഷ്ജിയും ഓരോ സ്മോള്‍ കൂടി അടിച്ചപ്പോള്‍‌ രംഗം കൊഴുത്തു. ആ ആശുപത്രിയുടെ നടുമുറ്റത്ത്, നവംബറിലെ നല്ല നിലാവത്ത് ആശാമ്മയുടെ മടിയില്‍‌ ഞാന്‍ തലവച്ച് കിടന്ന്, സുരേഷജി പാടിയ തേനും വയമ്പും പാട്ടും, ജെപി ചേട്ടന്റെ കവിതകളും, സിജിയുടെ പാത്രങ്ങളില്‍ താളമിട്ട് പാടിയ നാടന്‍പാട്ടും, സാജന്റെ തമാശകളും, മാത്യൂസ് പോയതോര്‍മ്മിച്ചുള്ള സെന്റിമെന്റ്സും കേട്ട്...എല്ലാം ചേര്‍ത്ത് ജീവിതത്തിലെ മനോഹരമായ ഉറക്കമില്ലാത്ത രാത്രിയായി മാറി അത്. ആശാമ്മയുടെ മടിയില്‍ കിടന്ന് അവരറിയാതെ ഞാനൊന്ന് കരഞ്ഞു..ഇല്ലെങ്കില്‍‌ സന്തോഷം കൊണ്ടെന്റെ ഹൃദയം പൊട്ടി പോയേനെ..

പിറ്റെ ദിവസം രാവിലെ വന്ന ആ കുട്ടിയുടെ മുഖത്ത് നോക്കി ഞാന്‍ നന്ദിപൂര്‍വ്വം മനസ്സ് നിറഞ്ഞ് ചിരിച്ചു...ഇത്രയും മനോഹരവും, സ്നേഹവും നിറഞ്ഞ രാത്രിക്ക് നിമിത്തമായതിന്.

Friday, 23 January 2009

നന്നാക്കിയാല്‍ നന്നാവാത്തവര്‍


(മുണ്ടുറുമ്മാല്‍ എന്ന പരമ്പരഗത പണിയ വേഷത്തില് കറപ്പി എന്ന അമ്മൂമ്മ)



തണുത്തു വിറങ്ങലിച്ച പ്രഭാതങ്ങള്‍ ...

പൊള്ളുന്ന വെയിലുള്ള പകലുകള്‍ ...

അന്തിയാകാന്‍ തുടങ്ങുമ്പോഴേക്കും മഞ്ഞിറങ്ങുന്ന താഴ്വാരങ്ങള്‍ ...

എത്ര മനോഹരമെന്നോ ഈ വയനാട് ..ഇവിടെയാണ്‌ പുതിയ ജോലിയെന്നറിഞ്ഞു ഒരു പാടു സന്തോഷത്തോടെയാണ് ഞാനും ഓടി വന്നത്..മാത്രമല്ല പഠന വിഷയം അതിലും സന്തോഷം തരുന്നതായിരുന്നു, അധികാര വികേന്ദ്രീകരണം പ്രാന്തവല്‍ക്കരിക്കപെട്ട (MARGINALISED) ജനവിഭാഗങ്ങളെ എത്ര മാത്രം ശാക്തീകരിച്ചു എന്നതിനെ കുറിച്ചും.വയനാട്ടിലെ പ്രാന്തവല്‍ക്കരിക്കപെട്ട ജനങ്ങളെ കുറിച്ചാകുമ്പോള്‍ പണിയ ആദിവാസി വിഭാഗത്തെ ഒഴിവാക്കാനാകില്ല. പഠനത്തിന്റെ ഭാഗമായി പണിയക്കോളനികളിലേക്കുള്ള യാത്രകളും ഇപ്പോള്‍ സ്ഥിരമാണ്.

പണിയ കോളനികള്‍ സാധാരണയായി കുന്നിന്‍ ചെരിവുകളിലോ, പാടശേഖരങ്ങള്‍ക്കപ്പുറത്തായോ ഉള്‍പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യാറ്. മിക്കവാറും കല്ലിട്ട് പാകിയ ഒറ്റവരി റോഡോ, മണ്‍‌റോഡോ, അല്ലെങ്കില്‍ ഒരു പാടവരമ്പോ ആയിരിക്കും നമ്മെ കോളനികളിലേക്ക് നയിക്കുക. എന്തു തന്നെ ആയാലും മിക്കവാറും കോളനികള്‍ പ്രധാന റോഡുകളില്‍ നിന്നും കിലോമീറ്ററകളോളം അകലെയാണ്.വൃത്തിഹീനമായ പണിയ കോളനികളും, അവിടെ സ്കൂളില്‍ പോകാതെ അഴുക്കിന്‍കഷ്ണങ്ങളായി നടക്കുന്ന കുട്ടികളും സ്ഥിരം കാഴ്ചയാണ്.
കോളനികളിലേക്കുള്ള വഴി ചോദിച്ചു ചോദിച്ച് പോകുമ്പോള്‍ വിസ്‌തൃതമായ സ്വന്തം ഭൂമിയില്‍ നെഞ്ചും വിരിച്ച് നിന്നു പണി എടുക്കുന്നതും, എടുപ്പിക്കുന്നതുമായ ബുദ്ധിയുള്ളവരെ ഞങ്ങള്‍ കാണാറുണ്ട്.

...നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ..അവരു നന്നാവില്ല, ഞാനെത്ര ശ്രമിച്ചതാ അവരെ നന്നാക്കാന്‍. അവര്‍ക്കു ബുദ്ധിയില്ലന്നേ...കുടിക്കണം, മുറുക്കണം അത്ര തന്നെ..അതിനുള്ള തലയെ അവര്‍ക്കു ദൈവം കൊടുത്തുള്ളൂ..

എന്ന് സ്ഥിരമായി അവര്‍ ഉപദേശിക്കുകയും ചെയ്തുപോന്നു.ഈ ഡയലോഗ് പറയുന്നവരെ ആദ്യം ശ്രദ്ധിക്കാതെ ഒരു അലസമായ ചിരിയോടെ കടന്ന് പോകുമായിരുന്നു.പിന്നീട് പണിയരുടെ ചരിത്രം അറിഞ്ഞതൊടെ ഈ ബുദ്ധിമാന്മാരോട് സൌഹൃദ സംഭാഷണത്തിനു മുന്‍‌കൈയ്യെടുത്തു. ഈ വ്യക്തികളില്‍ അധികവും(ഇതില്‍ തിരഞ്ഞെടുക്കപെട്ട ജനപ്രധിനിധികളും ഉണ്ടായിരുന്നു) നായര്‍, ക്രിസ്ത്യന്‍, ഗൌഡര്‍ വിഭാഗത്തില്‍ പെടുന്നവരായിരുന്നു...അതായതു പണ്ട്പണിയരെ അടിമകളെ പോലെ പണിയെടുപ്പിച്ചിരുന്ന ഭൂവുടമകളുടെ ഇപ്പോഴത്തെ തലമുറ. മാത്രമോ നാട്ടില്‍ പണി കുറഞ്ഞ് കഷ്ടപാടിലായ പണിയരെ മലയാളികളായ ഭൂവുടമകള്‍ ഇന്നും കുടകിലും കൊണ്ട് പോയി പണി എടുപ്പിക്കുന്നുണ്ട്.. രാവിലെ ഏഴുമണിക്കു പണിക്കിറങ്ങും, അന്തിയാവോളം നീളുന്ന പണിക്കിടയില്‍ വിലകുറഞ്ഞ മദ്യം നല്‍കി പറ്റാവുന്ന അത്ര പണിയിപ്പിക്കും..ആ മദ്യത്തിന്റെ രൂപ അവരുടെ തന്നെ തുച്ചമായ കൂലിയില്‍ നിന്നു കുറക്കുകയും ചെയ്യും. അടിമത്തത്തിന്റെ മോഡേണ്‍ രൂപം...


ചരിത്രം പറയാന്‍ ഞാനാളല്ല..എങ്കിലും ഇത്രയും ദിവസത്തെ പരിചയം കൊണ്ട് എനിക്കിത്രയെങ്കിലും പറയാതിരിക്കാനാകില്ല. നന്നാക്കിയാല്‍ നന്നാവാത്തവര്‍ എന്ന പേരുള്ള ഈ വിഭാഗം പണ്ടുള്ള ഭൂവുടമകളുടെ അടിമകളായിരുന്നു, ഈ അടിമ വിഭാഗത്തിനു അവരെ ഭരിക്കുകയും അടിമകളാക്കുകയും ചെയ്തിരുന്നവര്‍ എത്ര മാത്രം അവസരങ്ങള്‍ കൊടുത്തിരിക്കും..അടച്ചിട്ട മുറിയില്‍ വളര്‍ത്തിയ ഒരു കുട്ടിക്കെത്ര ബുദ്ധിയുണ്ടായിട്ടും കാര്യമുണ്ടാകുമൊ? ഈ ഉപദേശികള്‍ പറയുന്നത് കുറിച്ച്യ വിഭാഗത്തിന്റെ വളര്‍ച്ചയെ കുറിച്ചാണ്.. ശരിയാണ് കുറെ അധികം ഗവണ്മെന്റ് ഉദ്യോഗസ്ഥരും, ഉന്നത വിദ്യഭ്യാസം ലഭിച്ചവരും അവര്‍ക്കിടയില്‍ കാണാം..അത് അവരുടെ ബുദ്ധികൂടുതല്‍ കൊണ്ട് മാത്രമാണോ... എന്റെ തോന്നല്‍ ചരിത്രപരമായി അവര്‍ക്കു വികസനത്തിലേക്കുള്ള ഒരു പാത ഉണ്ടായിട്ടുണ്ട്. പഴശ്ശിരാജയുടെ ഒളിയുദ്ധവും, അതിനോടനുബന്ധിച്ച് മുഖ്യധാരാ സമൂഹത്തില്‍ അവര്‍ക്കു ലഭിച്ച അവസരങ്ങളും അനവധിയായിരിക്കാം.. എന്നാല്‍ ചരിത്രത്തിന്റെ ഇടനാഴിയിലൊരിടത്തും പണിയരുടെ അടിമത്തതിനു ഒഴിവുണ്ടായിട്ടില്ല. 60 വര്‍ഷം മുന്‍പു വരെ അവര്‍ അടിമകളെ പോലെ മറ്റുള്ളവരുടെ തോട്ടത്തില്‍ പണി എടുക്കുകയായിരുന്നു.(80 വര്‍ഷം മുന്‍പു വരെയുള്ള ചരിത്രമേ എനിക്കറിയു, അതും പണിയ വിഭാഗത്തിലെ മുതിര്‍ന്നവര്‍ പറഞ്ഞു തന്നതും) ചെമ്പന്‍ എന്ന 71 വയ്യസ്സുകാരന്‍ അന്നത്തെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിച്ചു. ‘ കാളകള്‍ക്ക് പോലും അന്നു വിശ്രമം ഉണ്ടായിരുന്നു, പക്ഷെ പണിയനു അതു പൊലും ഉണ്ടായിരുന്നില്ല’.


നമ്മള്‍ , വികസനത്തിന്റെ തലതൊട്ടപ്പന്മാര്‍ മലയാളത്തിലാണ് അവരെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമിച്ചത്, പണിയരാകട്ടെ സംസാരിക്കുന്നത് അവന്റെ സ്വന്തം ഭാഷയിലും... വികസനത്തിലേക്കുള്ള ആദ്യപാത നാം ഭാഷയിലൂടെ അടച്ച് കളഞ്ഞിരുന്നു.വിദ്യഭ്യാസമില്ലാത്ത മലയാളി തമിഴ് നാട്ടില്‍ ചെന്ന് തമിഴ് പഠിക്കും പോലെ പണിയര്‍ കാര്യം പഠിക്കാന്‍ കാലമെടുത്തു, അപ്പൊഴേക്കും നമ്മള്‍ ഇന്റെര്‍നെറ്റ് യുഗത്തിലെത്തി. ഒപ്പമെത്താന്‍ അവരോടി കിതക്കുമ്പോള്‍ നമ്മള്‍ പരിഹസിച്ച് ചിരിചുകൊണ്ടെയിരിക്കുകയാണ്.