ബിക്കാനേറിലെ സ്വര്‍ണ്ണനിറത്തിലുള്ള മണലില്‍ തലയുയര്‍ത്തിപിടിച്ചിരിക്കുന്ന
ജാല്‍ മരങ്ങളും ബബൂല്‍ മരങ്ങളും ഇതു ജോദ്പൂര്‍ തന്നെ എന്നു പലപ്പോഴും തോന്നിപ്പിച്ചു.
വലിയ തിരക്കില്ലാത്ത റോഡുകള്‍, വഴിയരികില്‍ നിറയെ കര്‍ണി എന്ന പേരില്‍ കടകള്‍, ഹോട്ടെലുകള്‍,
സ്കൂളുകള്‍. താമസിക്കുന്ന കര്‍ണിഭവന്‍ ഹോട്ടെലിലെ ഒരു ജോലിക്കാരന്റെ പേരും കര്‍ണിസിംഗ്,
മുന്‍ രാജാവിന്റെ പേരും കര്‍ണീസിംഗ്, പരിപാടിക്കിടെ പരിചയപെട്ട പെണ്ണിന്റെ പേരും കര്‍ണീ
ദേവി. മരുനഗരിയെന്നും, ജാംഗളീദേശ് എന്നുമുള്ള ബിക്കാനേറിന്റെ മറ്റ് പേരുകള് മുന്‍പേ
അറിവുണ്ടായിരുന്നു.. ആ പേരിലുള്ള കൌതുകമാണ് കര്‍ണീമാതയെന്ന 600 വര്‍ഷം മുന്‍പ് ജീവിച്ചിരുന്നെന്നു
പറയുന്ന ദൈവത്തെ കുറിച്ചറിയാന്‍ പ്രേരിപ്പിച്ചത്…കാരണം ബിക്കാനേര്‍ അത്ര മാത്രം ആ പേരില്‍
അലിഞ്ഞു ചേര്‍ന്നിരിക്കുകയാണ്.
ബിക്കാനറുകാരനായ സുഹൃത്ത് പവന്‍ ബഞ്ചാരിയയുടെ വാക്കുകള്‍ കടമെടുത്താല്‍ കര്‍ണീമാത
ദേശ് ക്കീ നാഖ് ഹേ( ദേശത്തിന്റെ മൂക്കാണ്) മൂക്കു പോയാല്‍ ശ്വാസമില്ലല്ലോ, അപ്പോള്‍
കര്‍ണീമാതയില്ലെങ്കില്‍ ബിക്കാനേര്‍ ശ്വാസമില്ലാതെ ചത്തുപോകുമെന്നു …
ബിക്കാ എന്നും നേരാ എന്നും പേരുള്ള രണ്ട് പേരുടെ സൌഹൃദഭരണത്തിന്റെ ഓര്‍മ്മ
പുതുക്കി ബിക്കാനേര്‍ ഒരു നാട്ടുരാജ്യം പോലെ തന്നെ അഭിമാനപുരസ്സരം തലയുയര്‍ത്തിപിടിച്ചു
നില്‍ക്കുന്നു. ജോദ്പൂരിലെ റാവു ജോദ്ദായുടെ സഭയില്‍ നിന്നും സ്വകാര്യം പറഞ്ഞു ചിരിച്ചതിനു
അപമാനിതനായി ഇറങ്ങി പോരേണ്ടി വന്ന രാജാവിന്റെ തന്നെ ഇളയപുത്രന്‍, ബിക്കാ തനിക്കു പറ്റിയ രാജ്യം അന്വേഷിച്ചു നടന്നിരുന്ന കാലം, പല നാട്ടുരാജ്യങ്ങളിലൂടെ കടന്നു
പോയെങ്കിലും ഒന്നിലും രാജകുമാരന്റെ മനസ്സുടക്കിയില്ല.എന്നാല്‍ തൊട്ടടുത്ത നാട്ടുരാജ്യത്തെത്തിയപ്പോള്‍
അദ്ദേഹം ഒരു കാഴ്ച കണ്ടെത്രെ, ഒരു സിംഹത്തിനോട് ശൌര്യത്തോടെ തന്റെ കുഞ്ഞുങ്ങളെ സിംഹത്തില്‍
നിന്നും രക്ഷിക്കാന്‍ പൊരുതുന്ന ഒരു അമ്മയാടിനെ..ഇത്രയും അഭിമാനികളായ, എനര്‍ജി ഉള്ള
ഈ നാടു തന്നെ മതി തനിക്കെന്നു അയാള്‍ തീരുമാനിച്ചു . അന്നാ നാട് പരിപാലിച്ചു പോന്നിരുന്നതു
നേരയെന്ന ജാട്ട് ജാതിയില്‍ പെട്ട( താഴ്ന്ന ജാതിക്കാരന്‍) ഒരാളായിരുന്നു. പ്രധാന ഉപദേഷ്ട്ടാവാകട്ടെ
കൃഷിക്കാരിയായ റിതുഭായ് എന്ന ചാരണ്‍ ജാതിക്കാരിയും.. അതായിരുന്നു കര്‍ണീമാതയുടെ ശരിയായ
പേര്.ബിക്കാക്കു മുന്‍പില്‍ സ്നേഹപൂര്‍വ്വം സമര്‍പ്പിച്ച രാജ്യത്തിന്റെ തുടര്‍ന്നുള്ള
ഭരത്തിന്റേയും നട്ടെല്ല് നേര തന്നെ ആയിരുന്നു. അയാളുടെ ഓര്‍മ്മക്കായി രാജാവ് രാജ്യത്തിന്റ് പേരു തന്നെ ബിക്കാനേര്‍ എന്നാക്കി.
നിര്‍ഭാഗ്യവശാല്‍ നേരയുടെ ഒരു ചിത്രം പോലും ഒരിടത്തുനിന്നും
കിട്ടിയില്ല, ഗൂഗിളിലും കിട്ടിയില്ല.
ചാരണ്‍ജാതിക്കാര്‍ ചരിത്രകാരന്മാരാണ്,അവരാണ് അവരുടെ ഗ്രാമത്തിന്റെയും, അവിടെത്തെ
ഓരോ കുടുംബത്തിന്റെയും( പ്രധാനമായും ഉയര്‍ന്ന ജാതിക്കാരുടെ)ചരിത്രം സൂക്ഷിക്കുന്നതു.എഴുതി
തയ്യാറാക്കിയ താളുകളും, പുസ്തകങ്ങളും, തലമുറകളായി കൈമാറുന്ന എഴുതപെടാത്ത കഥകളും പാട്ടുകളും
ഇവര്‍ക്ക് പാരമ്പര്യമായി ഇപ്പോഴും ലഭിക്കുന്നുണ്ട്. നൂറ്റാണ്ടുകളോളം പഴക്കമുള്ള രാജസ്ഥാന്റെ
ചരിത്രം ഇന്നും ഇവര്‍ക്കിടയില്‍ ഉണര്‍ന്നിരിപ്പുണ്ട്.
ഇനി കറ്ണീമാതയെ കുറിച്ച്
റിതുഭായിയെ അമ്മ ഗര്‍ഭിണി ആയപ്പോഴേ അവര്‍ക്കു ദേവിയുടെ ദര്‍ശനം കിട്ടിയിരുന്നത്രെ,
വയറ്റില്‍ വളരുന്നതു ദുര്‍ഗ്ഗാ ദേവിയുടെ അവതാരമാണെന്നു. റിതുഭായി 21 മാസം അമ്മയുടെ
വയറ്റില്‍ കിടന്നിട്ടാണെത്രെ കടിഞ്ഞൂല്‍ സന്താനമായി പൂറത്തു വന്നതു. കുട്ടിക്കാലം മുതലേ
തുടങ്ങുന്ന അത്ഭുതങ്ങളുടെ ഒരു കഥാസാഗരം തന്നെ ബിക്കാനറുകാര്‍ പറയുന്നുണ്ട്. അവര്‍ക്കീ
പേരു വന്ന കഥ പറഞ്ഞു തന്നെ തുടങ്ങാം. ഇവര്‍ ദൈവമെന്നു വിശ്വസിക്കാത്ത അവരുടെ ഒരു അമ്മായി
അവരുടെ തലക്കു വലതുകൈകൊണ്ട് തല്ലി കൊണ്ട് പറഞ്ഞു ‘മൂത്തതു തന്നെ കല്ലായി കുടുംബത്തില്‍
പിറന്നല്ലോ‘ എന്നു.. പെണ്‍കുട്ടികള്‍ മൂത്തതായി പിറക്കുന്നതു കുടുംബത്തില്‍ കല്ലു വീഴ്ചയുണ്ടാകുന്നതിനു
തുല്യമാണെന്നൊരു വിശ്വാസം ബിക്കാനെറുകാര്‍ക്കുണ്ടത്രെ. അവര്‍ തല്ലിയപ്പോള്‍ തന്നെ അവരുടേ
വിരലുകള്‍ മടങ്ങി കല്ലു പോലായി തീര്‍ന്നു എന്നു ചരിത്രം. പിന്നീട് റിതുഭായി ഇത്തിരി
കൂടി മുതിര്‍ന്നപ്പോള്‍ എന്നെ ആ കൈ കൊണ്ട് തന്നെ അമ്മായി കുളിപ്പിക്കണമെന്ന് വാശിപിടിപ്പിച്ച്
കുളിപ്പിച്ചെത്ര, അപ്പോള്‍ അവരുടെ കൈ പഴയ സ്ഥിതിയായി മാറി. അന്നവര്‍ പറഞ്ഞു നീ റിതു
ഭായി അല്ല, കര്‍ണീമാതയാണെന്ന്( ചെയ്തു കാണിക്കുന്നവള്‍) പിന്നീട് റിതുഭായി ദേശത്തിനൊന്നാകെ
കര്‍ണീമാതയായി മാറി.
പ്രശസ്തനായ കൊള്ളക്കാരന്‍ ഠാക്കൂര്‍ റാവു ശേഖ കര്‍ണീമാതയെ സ്ത്രീ ആണെങ്കിലും
സഹോദരന്‍ ആയിട്ടാണ് കണക്കാക്കിയിരുന്നത്. അയാള്‍ കര്‍ണീമാതക്കു രാഖി കെട്ടി അനുഗ്രഹം
വാങ്ങിച്ചിട്ടായിരുന്നത്രെ കുരുത്തക്കേടുകള്‍ക്കിറങ്ങാറ്. പിന്നീട് മാനസ്സാന്തരം
വന്ന് നല്ല പിള്ളയായി ഇയാള്‍ മാതക്കൊപ്പം കൂടിയെന്നും പറയപ്പെടുന്നു.
റിതുഭായിക്കു ശേഷം സഹോദരന്മാരും, സഹോദരിമാരും ഉണ്ടായി, പതിവു പോലെ കല്യാണപ്രായമായപ്പോള്‍
അവരെ ,അവരുടെ എതിര്‍പ്പുകള്‍ വക വെക്കാതെ വിവഹം ചെയ്തയക്കുകയും ചെയ്തു. വധു ദൈവമാണെന്ന
ദര്‍ശനം ലഭിച്ച വരന്‍ പിന്നീട് റിതുഭായിയെ വീട്ടില്‍ കൊണ്ട് വന്നു വിട്ട്, അവരുടെ
തന്നെ അനിയത്തിയെ വിവാഹം കഴിച്ചു തൃപ്തനായി കഴിഞ്ഞു പോന്നു. തന്റെ സഹോദരിമാരുടെയും,
സഹോദരിമാരുടെയും മക്കളെ കര്‍ണീദേവി സ്വന്തം മക്കളെ പോലെ സ്നേഹിച്ചിരുന്നു.
ലാക്കണ്‍ എന്ന സഹോദരീ പുത്രന്‍ ചെറുപ്രായത്തില്‍
മരിച്ചു പോയപ്പോള്‍ അതില്‍ രോഷാകുലയായ കര്‍ണീമാത യമരാജാവുമായി കലഹിച്ച് അയാളെ ജീവിപ്പിച്ചു.
പേടിച്ചു പോയ യമരാജാവു കര്‍ണീമാതയോട് തന്റെ കര്‍മ്മം ചെയ്യാന്‍ സമ്മതിക്കണേ എന്ന അപേക്ഷയുമായി സമീപിച്ചു. തുടര്‍ന്ന്
അവര്‍ തമ്മില്‍ ഒരു കരാറുണ്ടാക്കി, അതിപ്രകാരമായിരുന്നു. മരണപ്പെടുന്ന കര്‍ണീമാതയുടെ
ബന്ധുക്കളെ ആരെയും യമരാജ്യത്ത് താമസിപ്പിക്കാന്‍ പാടില്ല, പകരം അവര്‍ മാതയുടെ അമ്പലത്തില്‍
എലികള്‍ ആക്കി പുനര്‍ജനിപ്പിക്കണം എന്നായിരുന്നു. അങ്ങനെ ബന്ധുക്കള്‍ എല്ലാവരും എലികള്‍
ആയി അമ്പലത്തില്‍ ഇന്നും പുനര്‍ജനിച്ചുകൊണ്ടിരിക്കുന്നു. ആ എലികള്‍ മരിച്ചാല്‍ അവര്‍
ചാരണുകള്‍ ആയി കൊണ്ടിരിക്കും. ഈ എലികളെ എലികള്‍ എന്നു പറയാന്‍ പാടില്ലാ, പകരം ബഹുമാനപുരസ്സരം
‘കബ്‌ഹ‘ എന്നാണ് പറയേണ്ടതു. കബ്‌ഹ എന്നാല്‍ വളരെ വേണ്ടപെട്ടയാള്‍ എന്നാണ് അര്‍ത്ഥം.
ഇതാണ് കര്‍ണിമാതയുടെ അമ്പലം
പണ്ട് അവര്‍ സ്വന്തം കൈകൊണ്ട് പണിത കുഞ്ഞൊരു അമ്പലമായിരുന്നു ഉണ്ടായിരുന്നതു, അവരുടെ മരണശേഷം പിന്നീട് ഇതു വലുതാക്കി പണിതതാണിത്.
ഉള്ളിലേക്ക് കടന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു, അമ്പലത്തിന്റെ
ഓരോ ഇഞ്ചിലും എലികള്‍ , ലക്ഷകണക്കിനു വരുന്ന എലികള്‍. എനിക്കൊപ്പം കര്‍ണിമാതയുടെ ഇളംതലമുറക്കാരനുമുണ്ടായിരുന്നു.
അയാള്‍ പറഞ്ഞു ഈ കബ്‌ഹകള്‍ പുറത്തു കാണുന്ന സാധാരണ എലികളില്‍ നിന്നും വ്യത്യസ്ഥരാണെന്നതു,
വാലുകള്‍ അവയേക്കാള്‍ വലുതാണത്രെ. മാത്രമല്ല ക്ബ്‌ഹകളുടെ കണ്ണും മൂക്കും മനുഷ്യരുടേതു
പോലെയാണത്രെ
എലിക്കാഴ്ചകള്‍
പ്രസാദം കൊടുക്കല്‍
ഒരു വലിയ പ്ലേറ്റില്‍ നിന്നും പാലു കുടിച്ചു കൊണ്ടിരുന്ന ഗ്രൂപ്പില്‍ നിന്നും
ഒരെണ്ണം എന്റെ ചെരിപ്പടാ കാലില്‍ വന്നു വിശ്രമിക്കുമ്പോള്‍ അതിനെ വലിച്ചെറിയാന്‍ അതിയായ
ആഗ്രഹം ഉള്ളിലുണ്ടായി. ഏതോ ചാരണിനെ കാലുകൊണ്ടെറിയുന്നതിനു തുല്യമാണെന്ന ഓര്‍മ്മയില്‍
നിയന്ത്രിച്ചു നില്‍ക്കുമ്പോള്‍, എന്റ് ഉള്ളില്‍ എലിപ്പനിയുടെ ഭീതി അതിലേറെ തലപൊക്കി.
'അല്ല സഹോദരാ ഇവ കാരണം വല്ല അസുഖങ്ങളും..' പറഞ്ഞു പൂര്‍ത്തിയാക്കും മുന്‍പേ
ഭക്ത്യാദരപൂര്‍വ്വം മറുപടി കിട്ടി.
എല്ലായിടത്തും 1830- 50 കളില്‍ പ്ലേഗ് വ്യാപകമായപ്പോഴും ബിക്കാനേറിലോ കര്‍ണീമാതാ
അമ്പലത്തിനടുത്തോ പ്ലേഗ് വന്നിട്ടില്ല്യത്രെ. ആര്‍ക്കറിയാം, അവിടെ നിന്നോടി പോകാനുള്ള ത്വര എന്നിട്ടും ഉള്ളിലുണ്ടായി
ഉള്ളില്‍, ആള്‍ക്കാരാരും തൊഴാതെ പോകുന്ന ഒരു കുഞ്ഞ് അമ്പലം ഉണ്ടായിരുന്നു.
അത് കര്‍ണീമാതയുടെ മേഘ്‌വാള്‍(ദളിത്) സുഹൃത്തിന്റെ അമ്പലമാണ്.അയാളെ തല്ലിയ രജപുത്രനെ
കര്‍ണീമാത തല്ലി നിലമ്പരിശാക്കി, അതിനു ശേഷം മാതയുടെ ഗോശാല മുഴുവനും അയാളെ ഏല്‍പ്പിച്ചുവെന്നാണ്
കഥ. ഇതു മൂലം കര്‍ണീമാത ജാതിരഹിതയായും കണക്കാക്കുന്നു.എന്തായാലും ഇപ്പോഴത്തെ ജാതിവാദികളാരും
തന്നെ അവിടെ തൊഴുന്നില്ല്യായിരുന്നു എന്നത് സത്യമാണ്.
മേഘ്‌വാള്‍ അമ്പലം
തിരിച്ചെത്തിയ ഉടനെ കാലുകളില്‍ മുറിവുണ്ടായിരുന്നോ എന്നു നോക്കി, ചൂടുവെള്ളത്തില്‍
കാലുകഴുകുമ്പോള്‍, മേശപുറത്തിരുന്ന് കര്‍ണീമാതയുടെ ഇളംതലമുറക്കാരന്‍ സമ്മാനിച്ച കര്‍ണീമാത
ചരിത്ര പുസ്തകവും, ഫോട്ടോയും എന്നെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.
12 comments:
വിജ്ഞാനപ്രദമായ ലേഖനം. ഭംഗിയായ അവതരണം. ആകെക്കുടി നന്നായിരിക്കുന്നു.
കാണാന്‍ ഏറെ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ബിക്കാനീര്‍
നല്ല അവതരണം,ബിക്കാനീര്‍ കാഴ്ചകളെ മനോഹരമായി അവതരിപ്പിച്ചു..ചിത്രങ്ങളും ഇഷ്ടപ്പെട്ടു
ഞാൻ ഒരു ദിവസം രാവിലെ നാലര അഞ്ചു മണി ആയപ്പോ എഴുനേറ്റു, മരുഭൂമ്മിയിൽ സൂരോധയം കാണാൻ പോയത് ബിക്കാനീരിൽ വെച്ച് ആയിരന്നു. മൂടി കെട്ടിയ ആകാശം കാരണം, മൂപ്പര് വന്നത് ഞാനോ, ഞാൻ വെയിട്ടിങ്ങിൽ ഉള്ളത് മൂപ്പരോ അറിഞ്ഞില്ല. എന്തായാലും, അത് കഴിഞ്ഞു, നേരെ കാർണീ മാതാ അമ്പലം കാണാൻ പോയി. ഈ പറഞ്ഞ പോലെ, തിരിച്ചു വണ്ടിയിൽ കേറിയതും, സോക്സ് ഊരി കവറിൽ ഇട്ടു കളയാൻ വെച്ച്...റൂമ്മിൽ എത്തിയതും, ചൂട് വെള്ളം, ഡെറ്റോൾ തുടങ്ങി കയ്യില കിട്ട്യത് എല്ലാം എടുത്തു കാലു കഴുകൽ ആയിരന്നു.
ബൈ ദി ബൈ, ആ ക്ഷേത്രത്തിൽ ഉള്ള പ്രാവുകളെ കണ്ടോ ? ഇത്രേ അധികം പ്രാവുകൾ ഒരുമിച്ചു ഇങനെ പറക്കുന്നത് നല്ല രസം ആണ് കാണൻ. അവിടെ ഉള്ള എലികൽദെ അത്ര തന്ന പ്രാവും ഉണ്ട് എന്ന് തോന്നുന്നു.
വേറെ ഒന്ന്, രാജസ്ഥാനിൽ കണ്ട പാലസുകളിൽ ഏറ്റവും ഇസ്ട്ടം ആയതു, ബിക്കാനെർ പാലസ്സൗം ഉധയപൂർ പാലസും ആണ്. ബിക്കാനീർ രാജ്ജക്കന്മാരു കുറച്ചും കൂടെ നല്ല പാർടികൾ ആണ് എന്ന് തോന്നുന്നു.
ഭക്തി എന്നൊക്കെ പറഞ്ഞാലും എലിയുടെ കടി കിട്ടിയാല്‍ പണി കിട്ടിയേനെ, ഭാഗ്യമായി.
നന്നായി എഴുതി, ചേച്ചീ
എലിക്കോവില്‍ എന്ന് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ഇത്രയധികം എലിദൈവങ്ങളെ ആദ്യമായിട്ടാണ് കാണുന്നത്.
ഡിസ്കവറി ചാനലില്‍ ആണ് ആദ്യം ഈ എലിക്കോവിലിനെ പരിചയപ്പെട്ടത്.. ഉഷാറായി എഴുതീട്ടുണ്ട് കേട്ടൊ.. അഭിനന്ദനങ്ങള്‍..
ഇനിയും രാജസ്ഥാൻ കഥകൾ ഏറെ ഉണ്ടാവും കൈയ്യിൽ അല്ലേ ?
പോരട്ടെ... പോരട്ടെ...
നന്നായി വിവരിച്ചു തന്നതിന് നന്ദി. അവിടെ പോകുമ്പോള്‍ ഡെറ്റോള്‍ കരുതാമല്ലോ.
തങ്ങളെ വിശ്വാസമില്ലാത്ത കക്ഷിയെ എലികൾ കടിക്കാതെ വിട്ടതിനു അവയോടു നന്ദി പറയണം :)
നല്ലൊരു വിവരണം
ബ്ലോഗില്‍ എത്താന്‍ താമസിച്ചുപോയി.
പോകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇങ്ങനെയുള്ള നല്ല വിവരണങ്ങള്‍ വായിക്കുന്നതൊരുഭാഗ്യമാണ്,അനുഗ്രഹമാണ്.നന്ദിയുണ്ട്.
ആശംസകളോടെ
നന്നായിരിക്കുന്നു
Post a Comment