ഞങ്ങൾന്ന് പറഞ്ഞാൽ കടപ്പുറത്ത്കാർ..അല്ലാ കടപ്രത്ത്കാർ..വഴക്കുകൾ നടക്കുമ്പോൾ കേൾക്കാം കടപ്രത്ത്കാർടെ സ്വഭാവം കാണിക്കല്ലേ ന്ന് മുന്നറിയിപ്പുകൾ ..എന്താ അങ്ങനെ പറയുന്നത് എന്നു ചോദിച്ചാൽ പറയും അവർക്ക് തീരെ സ്റ്റാൻഡേർഡ് ഇല്ലാ ത്രേ. അതു ശരിയാകും നിങ്ങൾക്ക് കഴിക്കാൻ വേണ്ടി നാറ്റമുള്ള മീൻ പിടിക്കുന്നവർ അല്ലേ.. അപ്പോൾ അത് വാങ്ങി വയർ നിറച്ചും കഴിക്കുന്ന നിങ്ങൾക്ക് എന്ത് സ്റ്റാൻഡേർഡ് ആണുള്ളത് എന്നും കൂടെ പറയണം!
ഞങ്ങൾ ഭയങ്കര തല്ലൂടികൾ ആണത്രേ..കാര്യം ശരിയാണ് ഞങ്ങൾ ശീത സമരം നടത്താറില്ല. കടൽ പോലെ തന്നെയാണതും. ഉള്ളിൽ ഉള്ളത് ശബ്ദമുണ്ടാക്കി തന്നെ പറയും. ഞങ്ങൾ കാക്കകളെ പോലെയാണ്. ഞങ്ങളിൽ ഒന്നിനെ തൊട്ടാൽ , അത് ശത്രു ആയാലും മിത്രം ആയാലും അയാൾക്ക് വേണ്ടി ഞങ്ങളങ്ങ് ഒന്നിക്കും.. എന്നിട്ട് ആ മാരണത്തെ ഓടിച്ചു കളയുകയും ചെയ്യും. പരസ്പര സ്നേഹവും വിശ്വാസവും അല്പം കൂടുതൽ ആണ്. അപകടം നിറഞ്ഞ കടലിൽ പരസ്പര വിശ്വാസത്തിന്റെയും , സ്നേഹത്തിന്റെയും കരുതലിലാണ് പണിയെടുക്കാൻ പോകുന്നത്. നിങ്ങൾ പരസ്പര വിശ്വാസം സ്നേഹവും കുറയുമ്പോൾ ഉണ്ടാകുന്ന വഴക്കുകളിൽ അവര് കടപ്രത്തുകാരെ പോലെ തല്ലുണ്ടാക്കുന്നു എന്ന് പറഞ്ഞു ഞങ്ങളെ അപമാനിക്കരുത്. നിങ്ങളുടെ കുഴപ്പങ്ങൾ നിങ്ങൾ ഏറ്റെടുക്കുകയെങ്കിലും വേണം ഭായ്.
ഞങ്ങൾ കൂട്ടത്തിൽ ഒരാളെ കൂട്ടുക എന്നാൽ അവർ ഞങ്ങളുടേതാകുക എന്ന് തന്നെയാണ് അർത്ഥം.പരസ്പര രഹസ്യങ്ങളും സങ്കടങ്ങളും ഇല്ലാതാകാറുണ്ട് ഞങ്ങൾക്കിടയിൽ. വലിയ ഭാരമില്ലാത്ത ഹൃദയമുള്ളവരാകാറുണ്ട് ഞങ്ങൾ..അത് കൊണ്ട് തന്നെ ചതിച്ചവരെ, കൂട്ടത്തിൽ പണി തരുന്നവരെ.. ഞങ്ങളുടെ നിഷ്കളങ്കതയെ മുതലെടുക്കുന്നവരെ മറന്നു കളയുന്ന പതിവും ഞങ്ങൾക്കുണ്ട്.. അതിനും കടലിന്റെ സ്വഭാവമാണ്.തിരയടിച്ച് കരയിലുള്ളവയെ മായ്ച്ചുകളയും പോലെ ഓർമ്മയിലെ നിങ്ങളെ ഞങ്ങളങ്ങ് മറന്നു കളയും എന്നന്നേക്കുമായി..
ഞങ്ങളുടെ ഭാഷ ചെറ്റഭാഷയാണത്രെ.. അല്ലാ അലക്കി തേച്ച നിങ്ങളുടെ ഭാഷയിൽ മറ്റൊരാളെയും വേദനിപ്പിക്കാറില്ലേ? ചെറ്റവീട്ടിൽ ജീവിച്ചു വളർന്ന ഞങ്ങളും മാളികയിൽ വളർന്ന നിങ്ങളും മറ്റൊരാളെ വാക്കുകൾകൊണ്ട് മുറിവേല്പിച്ചാൽ ഒരേ ആഴമാണ്, വേദനയാണ്. അതേ ഭാഷ കൊണ്ട് തന്നെ നിങ്ങളും ഞങ്ങളും ഒരാളെ ചേർത്ത് പിടിച്ചാൽ ഉണ്ടാകുന്ന സ്നേഹവും പ്രചോദനവും ഒരേ അളവായിരിക്കും. അതിൽ കൂടുതൽ എന്ത് മായാജാലമാണ് ഭാഷ കൊണ്ട് കാണിക്കേണ്ടത്.
ഞങ്ങളുടെ സ്ത്രീകൾ സാമർത്ഥ്യക്കാരികൾ ആണത്രേ..അതേലോ നല്ല ധൈര്യവും സാമർത്ഥ്യവും ഞങ്ങൾക്കുണ്ട് ഇത്രയും അപകടം നിറഞ്ഞ കടലിലേക്ക്, തിരിച്ചു വരുമോ എന്നുറപ്പില്ലാത്ത ജോലിക്ക് വീട്ടിലെ ആണുങ്ങളെ പറഞ്ഞയച്ചിട്ട് മനസ്സുറപ്പിച്ച് ഇരിക്കുന്ന ഞങ്ങളുടെ സ്ത്രീകളിൽ നിന്ന് നിങ്ങളെന്താണ് പ്രതീക്ഷിക്കുന്നത്? കടൽ പോലെ ആഴമാർന്ന പ്രതീക്ഷകളും ,ആത്മാർത്ഥതയും ,ധൈര്യവുമാണ് ഞങ്ങളുടെ സ്ത്രീകൾ.
ഞങ്ങളെ കാണാൻ ലുക്ക് പോരാത്രേ.. ഉറച്ച ഇരുണ്ട നിറമുള്ള പുരുഷന്മാരും സ്ത്രീകളും ആണ് ഞങ്ങളുടെ പരമ്പര. പകലൊട്ടുക്ക് കടലിൽ പണിയെടുക്കുന്ന ഞങ്ങൾക്ക് തണൽ കിട്ടാൻ കടലിൽ മരം നടാൻ പറ്റില്ലല്ലോ ഭായ്. സൂര്യപ്രകാശം തട്ടി ഇരുണ്ട ശരീരത്തിന്റെ ജീനുകളെ ഞങ്ങൾക്കൊള്ളു. ഞങ്ങൾ അങ്ങനെ ആയിരിക്കേ തന്നെ സുന്ദരികളും സുന്ദരന്മാരും ആണ്.
ഇന്നിപ്പോൾ ഞങ്ങളോടി പഠിപ്പിലും, പണത്തിലും നിങ്ങൾക്ക് ഒപ്പമെത്തി തുടങ്ങിയപ്പോൾ നിങ്ങൾക്ക് അസ്വസ്ഥത വന്നതല്ലേ? ഞങ്ങളുടെ വളർച്ച സ്വീകരിക്കാനാകാത്ത നിങ്ങളുടെ മനസ്സിന്റെ സങ്കുചിതത്വമല്ലേ പ്രശ്നം ഭായ്..അല്ലാതെ ഞങ്ങൾ ഇങ്ങനെ ആയതല്ലാ ഭായ്..
33 comments:
കടലുള്ളമനുഷ്യരെ,കണ്ടിട്ടുണ്ട് കടലും. പക്ഷെ കാണുന്നവന്റെ കടലല്ല, അവരുടെ കടൽ,അസ്തിത്വവും.
അത് മനസ്സിലാവാൻ ഇനിയും പ്രളയങ്ങൾ കടക്കേണ്ടി വരും.
സലാം ചേച്ചി.കട്ട ഇഷ്ടം
കടലും കടൽക്കാറ്റും കടൽമനുഷ്യരും
പെരുത്തിഷ്ടം...
ഞാൻ ആദ്യായിട്ടാ ഈയിടത്തിലേക്ക് വരണത്. ഇതിനു മുന്നത്തെ ഒന്നും വായിച്ചിട്ടില്ലാട്ടോ.
കടൽ കാണുമ്പോ ഒക്കേം എന്റെയുള്ളിൽ കടലോളം സ്നേഹം നിറയാറുണ്ട് ന്ന് ഞാൻ പണ്ടെപ്പഴോ എഴുതീട്ട് ണ്ട്. ഇപ്പൊ കടലോളം സ്നേഹം ചേച്ചിയോടും ആമിയോടും. ഉമ്മാസ്.
നിങ്ങ ഇങ്ങനൊക്കെ ആയാ മതി ഭായ്.
ഞങ്ങൾ ഇങ്ങനാണ് bhai... അതിനിയും ഓർക്കണമെങ്കിൽ ആ പ്രളയം... വേണ്ട പ്രളയം undavaathirikkate ഇനിയും പക്ഷേ നാം ഇടക്കൊക്കെ കഴിഞ്ഞ പ്രളയം ഒന്നോർക്കണം .. അപ്പോ നമ്മൾ ഓർക്കും ഇവരെയും
നന്നായിരുന്നു ഗൗരി കുറിപ്പ് ... ഒരോർമ്മപ്പെടുതൽ ... ആശംസകൾ
സ്റ്റാൻഡേർഡ് ഉണ്ടെന്ന് സ്വയം പറയുന്ന ആളുകളെക്കാൾ നല്ലത് എന്നും ഒളിയും മറയും ഇല്ലാതെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പച്ചയായ മനുഷ്യരാണ് ❤️❤️
കടലോളം സ്നേഹത്തോടെ ...💝💝💞💞
പ്രളയം വന്നാൽ മാത്രം മതി ഞങ്ങൾ..അതു കഴിഞ്ഞാൽ പതിവുള്ള ഡയലോഗുകൾ തന്നെ
കടലാഴം സ്നേഹം സൂര്യാ
സമയം കിട്ടുമ്പോൾ ഒക്കെ ഇതിലെ വരു ട്ടൊ.. കടലോളം സ്നേഹം കുട്ട്യേ
ഒരു സമാധാനത്തിന് വേണ്ടി എഴുത്തുയതാണ് ചേച്ചി..ആരും ഓർക്കുകയൊന്നുമില്ല.. എങ്കിലും ഞങ്ങൾ ഓർക്കണമല്ലോ
സത്യം.. നമുക്ക് പ്ലാൻ ചെയ്യാതെ പെരുമാറാം.. സുഖമാണ് അതെനിക്ക്
കടലാഴം സ്നേഹം
ഇതുവരെ ചിന്തിക്കാത്ത, കാണാത്ത, പലതും ചിന്തിക്കാനും കാണാനും മനസ്സിനെ ഒരുക്കുന്ന എഴുത്ത്. ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയോ താഴ്ത്തുകയോ ചെയ്തിട്ടില്ലെങ്കിലും കാണാത്തതും ഉയർത്താത്തതും ഒരു തെറ്റു തന്നെയെന്ന് തോന്നിപ്പിക്കുന്ന എഴുത്ത്.
സ്നേഹം ശാരീ
കടലോളം ആഴമുള്ളത്... സ്നേഹം ഗൗരി :) ആ കരുതൽ ഞാനനുഭവിച്ചിട്ടുണ്ട്. ബഹുമാനമാണ് കലർപ്പില്ലാത്ത ജീവിതങ്ങളോട്...
കടലിൽ നിന്നും കടക്കോലാൽ കടഞ്ഞെടുത്ത സ്നേഹം ...
ഞാൻ അടക്കം ഉള്ള പലരും പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത ഈ അനുഭവങ്ങളുടെ ഇരകളാണ് നിഷ.. എഴുതി പോകും.. പറഞ്ഞു കൊണ്ടേ ഇരിക്കാലോ.. ആരൊക്കെ മനസ്സിൽ ഇതൊക്കെ ഓർക്കുമെന്ന് അറിയില്ല. ..എന്നാലും
ഇങ്ങനെ കേൾക്കുന്നത് തന്നെ ആനന്ദം മുബി
തിരമാലകളോളം സ്നേഹം സഹോ
കരളുറപ്പോടെ കടലിലേക്ക് കണവനെ വിടുന്ന കടലാഴത്തോളം കരുത്തുള്ള കരിങ്കുഴലിയെ കുറിച്ചുള്ള ചിന്തകൾക്ക് കനമുണ്ട്.....
തിരമാലകൾ പോലെയുള്ള അവരുടെ സ്നേഹത്തിന്റെ മാറ്റ് മലയാളികളറിഞ്ഞു....
കപ്പോളം സ്നേഹമെങ്കിലും തിരികെ കൊടുക്കാൻ കഴിഞ്ഞാൽ തന്നെ മനുഷ്യനാവും....
കുട്ടൂ.നിന്റെ കമന്റ് എനിക്ക് ചേച്ചിയുടെ പോസ്റ്റോളം തന്നെ ഇഷ്ടായി ട്ടാ...
സത്യം കുട്ടത്തെ കപ്പലോളം സ്നേഹം വേണ്ട... കടലോളം ബഹുമാനവും വേണ്ട... കപ്പോളം സ്നേഹവും,ഒരിറ്റ് ബഹുമാനവും മതീന്ന്.. ഞങ്ങൾക്ക് തൃപ്തി ആകാൻ
ആരും ആരുമല്ല... ആരും ഒന്നുമല്ല... മനുഷ്യൻ മനുഷ്യൻ അല്ലാതായാൽ ചിലർ ചിലരാകും.. വേർതിരിയും...
നല്ല വാക്കുകൾ...
കടലിന്റെ ആഴങ്ങൾ ഉള്ളിലൊളിപ്പിച്ച പച്ചയായ മനുഷ്യർ...
നമ്മൾ എങ്ങനെയായിരിക്കുന്നോ അങ്ങനെ നമ്മളെ ഇഷ്ടപ്പെടുന്നവർ മതിയെന്നേ.. ബാക്കിയുള്ളവരോട് ഗെറ്റ് ഔട്ട് ഓഫ് മൈ ഹൌസ് എന്ന് പറയാമല്ലോ ;-)
കടലിന്നഗാധമാം നീലിമയിൽ ...... നല്ല പോസ്റ്റ്
എല്ലാവരിലും ഒരിറ്റ് നന്മയുണ്ട് എന്ന പ്രതീക്ഷയിൽ എഴുതിയത്
സ്നേഹം സു ... സുധീ
അതേ ഇപ്പോൾ അതാണ് നയം, അല്ലാത്തവരോട് കടക്ക് പുറത്ത് തന്നെ
നൻട്രി സഹോ
സ്നേഹിച്ചാൽ നക്കി കൊല്ലും, സുഹൃത്തുക്കൾക്ക് വേണ്ടി ജീവൻ വരെ കൊടുക്കുന്നവരാണ് കടപ്പുറത്ത്കാർ. ദ്രോഹിച്ചാൽ നേരെ മറിച്ചും. എനിക്ക് കൂറേ കൂട്ടുകാരുണ്ട്.ഞാനീ പോസ്റ്റ് അവർക്ക് ഷെയർ ചെയ്യുന്നുണ്ട് ട്ടോ. ഇഷ്ടായി. നല്ല പോസ്റ്റ്
നീയിപ്പോഴാണല്ലേ ഈ വഴി വരുന്നത്.. ടാൻക്സ്
അറിഞ്ഞില്ല. ആരും പറഞ്ഞില്ല
Post a Comment