Tuesday 17 March 2020

റാഗിംങ്ങ് കാല ഓർമ്മകൾ


റാഗിംങ്ങ് എന്ന് കേട്ടിട്ടുപൊലുമില്ലാത്ത കാലത്താണ് വിമല കോളേജിന്റെ ദീപ്തി ഹോസ്റ്റലിലേക്ക് ജീവിതം പറിച്ചു നടുന്നത്.മിക്സഡ് കോളേജിൽ നിന്ന് ചെന്നത് കൊണ്ടോ, പെൺ ലോകം ഇങ്ങനെ ഉണ്ടാകും എന്ന അറിവില്യായ്മ കൊണ്ടോ വളരെ എളുപ്പത്തിൽ പുലികളുടെ മടയിൽ തല വെച്ചെന്ന് പറഞ്ഞാൽ മതിയല്ലോ!. എന്റെ ഉറക്കെ ഉറക്കെ ഉള്ള ചിരിയും, ഒന്ന് ചോദിച്ചാൽ പത്തായി തിരിച്ചു കൊടുക്കുന്ന ഉദാരതയും എന്നെ ശരിക്കും സ്ഥലത്തെ പ്രധാന റാഗിംങ്ങ് ഇരയാക്കി എന്ന് പ്രത്യേകം പറയേണ്ടല്ലൊ. സാധാരണ ആദ്യ മൂന്നുമാസമാണ് റാഗിംങ്ങ് കാലം, ആ കാലം കഴിഞ്ഞും എന്റെ മാത്രം റാഗിംങ്ങ് കാലം നീണ്ട് പോയത് സീനിയേർസിനു ഉണ്ടായ ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. അപ്പനും അമ്മക്കും വിളിക്കാൻ റാങ്ക് മേടിക്കുന്ന പെണ്ണുങ്ങളും മോശമല്ലെന്ന് തെളിയിക്കപ്പെട്ട കാലം! സുന്ദരികൾ റാഗ് ചെയ്യുമ്പോൾ പഞ്ചസാര പൊഴിയില്ലെന്ന തിരിച്ചറിവുണ്ടായ കാലം!
സീനിയേർസിൽ ഒരാൾക്ക് ചീത്ത പറഞ്ഞു കൊണ്ട് എഴുത്ത് എഴുതിയത് അടുത്തറിയുന്ന സുഹൃത്ത് ആയിരുന്നു.അത് ആരോടും പറയില്ലെന്ന് കൊടുത്ത വാക്ക് പാലിക്കാ‍ൻ വേണ്ടീ ഒരു കൊല്ലം ഈ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. 
ഏറെ മനപ്രയാസങ്ങലിലൂടെ കടന്നു പോയ ഇടമാണെങ്കിലും, 8 കെട്ടിന്റെ സകല നിഗൂഡതയും പേറി, പാലമരങ്ങൾക്ക് നടുവിൽ നിൽക്കുന്ന ആ സ്ഥലം ഇന്നും എനിക്കേറെ പ്രിയപ്പെട്ടതാണ്.
 ആ തരുണീമണികളോട് തീർത്താൽ തീരാത്ത കടപ്പാടും ഉണ്ട്. കാരണം അവിടെ നിന്നാണ് റാഗിങ്ങിൽ നിന്ന് എങ്ങനെ രക്ഷപെടാം എന്ന പാഠം പഠിച്ചെടുത്തത്. 
അപേക്ഷാ ഫോം വാങ്ങിക്കാൻ പൊയപ്പോഴേ റാഗിംങ്ങിന് തുടക്കമിട്ട ലോ കോളേജ് സീനിയർമാരെ കണ്ടപ്പോഴേ ഞാൻ പാവമാകാൻ തീരുമാനിച്ചിരുന്നു.
വിമലയിലെ എല്ലാ സുന്ദരീമണികളെയും മനസ്സിൽ ധ്യാനിച്ച്, നരച്ചതിൽ നരച്ചതായ പഴയ ചുരിദാർ തന്നെ ഇട്ട് ആദ്യദിനം ധന്യമാക്കാൻ ഇറങ്ങി പുറപ്പെട്ടത്.( പാഠം നമ്പർ 1: പുതിയ ഉടുപ്പുകൾ ശ്രദ്ധയാകർഷിക്കും). നെറ്റിയിലേക്കിറക്കി മുറിച്ചിട്ടിരുന്ന മുടി വെളിച്ചെണ്ണ തേച്ച്, ഈർക്കിളി സ്ലൈഡ് ഉപയോഗിച്ച് ഒതുക്കി കുത്തി, മുടി മൊത്തം ചെർത്ത്‌ ഒരു ഓഞ്ഞ പോണി ടെയിൽ കെട്ടി. ( പാഠം 2: ഒരു ഫാഷനും അരുത്) പിന്നെ പഴകി നിറം കെട്ട ഒരു ചെരിപ്പും, തനി വെളിച്ചെണ്ണ നായികയായി ഞാൻ ഇറങ്ങുന്നത് കണ്ട് അമ്മ വാ പൊളിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ലോ കോളേജിന്റെ ഗേറ്റിൽ നിന്ന് തന്നെ തുടങ്ങിയിട്ടുണ്ട് കലാപരിപാടി. കൂട്ടത്തിൽ സുന്ദരികൾ, ഫാഷൻ‌കാരി/കാരന്മമാർ, അൽപ്പം സാമർത്ഥ്യമുണ്ടെന്ന് തോന്നുന്നവരെ അവർ പിടിച്ചു നിർത്തുന്നുണ്ടായിരുന്നു. എന്നെ വളരെ വേഗം ഒഴിവാക്കി വിട്ടു. പ്രമാദം ന്ന് ഉള്ളിൽ ചിരിച്ച് ‘പാവം ഞാൻ‘ എന്ന് മുഖത്തും ഒട്ടിച്ച് ഫസ്റ്റ് ഫ്ലോറിൽ ഉള്ള ക്ലാസ്സിലേക്ക് പാഞ്ഞു.ക്ലാസ്സിനു മുൻപിൽ ഭയങ്കര ബഹളം കേട്ടപ്പോൾ ഒന്നു പതുങ്ങി , വരാന്തയിൽ കെസ് ആർ ട്ടി സിയുടെ സൂപ്പർ ഫാസ്റ്റ് ബസ്സ് ഓടിക്കുകയാണ് ഞങ്ങളുടെ ക്ലാസ്സ്കാർ. ഡ്രൈവറും, കണ്ടക്ടറും, യാത്രാക്കാരും, ഇരിക്കുന്നവരും എല്ലാം സങ്കല്പമാണെന്ന് മാത്രം. സഡൻബ്രേക്കില്ലേഡാ ന്ന് അലറുന്ന സീനിയർമാർക്ക് വേണ്ടി സ്പെഷ്യൽ സഡൻബ്രേക്ക്,അപ്പോൾ വീഴുന്ന യാത്രാക്കാർ. ഇതൊക്കെ കണ്ട് രസിച്ച്, രസിച്ച് ചിരിക്കുന്ന സീനിയർമാരെ കണ്ടപ്പോൾ ഉള്ള ജീവനും കയ്യിലെടുത്ത്, കോണിപ്പടിക്ക് താഴെയുള്ള ഭാഗത്ത് ഒളിച്ചിരിക്കാ‍ൻ ഓടി ചെന്നപ്പോൾ, അവിടെയതാ ഒരു മനുഷ്യൻ!
എന്താടോ ഇവിടെ? ന്ന്, ഒന്നുമില്ല എന്ന് ഷോൾഡർ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ “വാ എന്റെ കൂടെ പോരെ, ഞാനാ ബസ്സ് ഒന്ന് ഓടി എത്തിയിട്ട് ക്ലാസ്സിൽ കയറിയാൽ മതീന്ന് വെച്ച് നിന്നതാ” എന്ന് അങ്ങേര്
മൂപ്പര് സാറായിരുന്നു, സാറിനെ കണ്ടപ്പോൾ “സാറെന്തൂട്ടാ ഇത്ര വേഗം വന്നേന്ന്” ആയിരുന്നു സീനിയർമാരുടെ ചോദ്യം..
അങ്ങനെ ആദ്യദിവസത്തെ ക്ലാസ്സ് തുടങ്ങി, രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ അന്നത്തെ ക്ലാസ്സും കഴിഞ്ഞു. പിന്നെ മുറ പോലെ ചേട്ടന്മാരും ചേച്ചിമാരും വരുന്നു. പേടിപ്പിക്കുന്നു, ഞാൻ വേഗം വേഗം പേടിക്കുന്നു. അവരെന്ത് പറഞ്ഞാലും ചെയ്യുന്നു. അവർക്ക് പെട്ടെന്ന് ബോറടിക്കുന്നു.  ( പാഠം നമ്പർ 3: അവർ പറയുന്നത് അനുസരിചു അവരെ ബോറടിപ്പിക്കുക)
അവിടത്തെ പേടിപ്പിക്കലിൽ പ്രധാനപ്പെട്ട ഐറ്റങ്ങളിൽ ഒഴിച്ചു കൂടാനാകാ‍ത്ത രണ്ടെണ്ണമാണ്; ചൊറിച്ചു മല്ലലും, തെറികളുടെ അർത്ഥം പറയിക്കലും. യതൊരു മടിയും കൂടാതെ, നിസ്സംഗതയോടെ ഞാൻ ഇതൊക്കെ ആവർത്തിച്ചത് കൊണ്ട് അവർ ബോറടിച്ചു മരിച്ചു. വേഗം എന്നെ അവർ പറഞ്ഞയച്ചത് കണ്ട് എന്റെ ഉള്ളിൽ ഉഗ്രൻ ചോകളേറ്റ് ബോംബുകൾ പൊട്ടി.
പക്ഷെ രണ്ടാം ദിവസം, ഒരു വൃത്തിക്കെട്ടവൻ നടത്തിയ സെക്ഷ്വൽ ഹരാസ്മെന്റ് റാഗിംങ്ങ് എന്ന പേരിൽ നോക്കി നിൽക്കേണ്ടി വന്നു. ഇന്നും ആ ദിവസം ഓർക്കാൻ വയ്യ. അയാളെ പിന്നീടുള്ള കാലം മുഴുവൻ പരിചയം പോലും കാണിക്കാൻ എന്നിലെ പെണ്ണീന് കഴിഞ്ഞിട്ടില്ല.. രണ്ട് പെൺ‌കുട്ടികളെ അയാൾ ഉപദ്രവിക്കുന്നത് കണ്ടിട്ടും സ്വന്തം സുരക്ഷയെ കരുതി പ്രതികരിക്കാതെ നിന്ന എന്നെ എനിക്ക് തന്നെ വെറുപ്പായിരുന്നു.. ആ ഇഷ്യു പിന്നീട് കമ്പ്ലയിന്റ് ആയിട്ടുണ്ടായിരുന്നു. 
പക്ഷേ ഒരാഴ്ചക്കുള്ളിൽ, കോളെജ് ഗേറ്റിനു മുൻപിൽ വെച്ച് അയാളെന്നെ പിടികൂടി, എന്റെ കൂടെ വേറെയും കുട്ടികൾ ഉണ്ടായിരുന്നിട്ടും എന്നെ വിളിച്ചു. നീ ഷഡ്ഡീ ഇട്ടിട്ടുണ്ടൊ, പാഡ് വെച്ചിട്ടുണ്ടൊ എന്നതും കഴിഞ്ഞു വജൈനയുടെ അളവു ചോദ്യങ്ങളിലേക്ക് കടക്കാൻ തുടങ്ങിയപ്പോൾ ഞാനെന്റെ റീജീയണൽ തീവ്രവാദം പുറത്തെടുത്തു. “പല്ലിന്റെ എണ്ണം കുറഞ്ഞും, എല്ലിന്റെ എണ്ണം കൂടിയും കോരി കൊണ്ട് വേണോടാ നിനക്ക് നാട്ടിൽ പൊകേണ്ടത് പട്ടിമനുഷ്യാ, തൃശ്ശൂർക്കാരോട് കളിക്കരുത് ട്ടാ” ന്ന് ഒറ്റ അലർച്ചയായിരുന്നു. അവൻ സ്തംഭിച്ചു നിൽക്കുന്ന സമയം കൊണ്ട് ഞാൻ സ്കൂട്ടായി.
പിറ്റേ ദിവസം കോളേജിൽ പോകാൻ നല്ല ഭയം ഉണ്ടായിട്ടും, അനിയന്റെ ഒരു ഇടിക്കട്ടയും ബാഗിലിട്ട് കോളെജിലേക്ക് പുറപ്പെട്ടു. അയ്യന്തോൾ കോടതിയുടെ മുൻപിൽ എത്തിയപ്പോൾ കലാഭവൻ മഹേഷ് ബൈക്കും കൊണ്ട് നിൽകുന്നു. ഉള്ള ടെൻഷൻ മുഴുവൻ അവനോട് പറഞ്ഞപ്പോൾ പട്ടിമനുഷ്യന് രണ്ടടി കൊടുത്തിട്ടേ ഒള്ളൂ ന്ന് അവൻ ആവേശകമ്മിറ്റി ആയി. അവൻ അയ്യന്തോൾകാരൻ ആണ്, വേണ്ട ഗ്യാംങ്ങും ഉണ്ട്. അവന്റെ ബൈക്കിൽ അന്ന് കോളെജിൽ ചെന്നിറങ്ങി, അവനാകട്ടെ കൊളേജിന്റെ ഉള്ളിൽ കൊണ്ട് പൊയി ബൈക്ക് നിർത്തിയിട്ട് പട്ടി മനുഷ്യന്റെ ഒറിജിനൽ പേരും , അവനെയും കാണിച്ചു കൊടുക്കാ‍ൻ പറഞ്ഞു കൊണ്ടിരുന്നു. ഇനി എന്തെങ്കിലും ഉണ്ടായാൽ മതി അടി എന്നും പറഞ്ഞ് സമാധാനിപ്പിച്ചു വിട്ടു.
എന്തായാലും പട്ടി മനുഷ്യൻ പിന്നീട് ഒരിക്കലും എന്നോട് ഉടക്കാൻ വന്നിട്ടില്ല, മനുഷ്യതമില്ലാത്ത അയാളെ ഞങ്ങളുടെ ബാച്ചുകാർ പട്ടിമനുഷ്യൻ എന്ന് വിളിച്ചു പോന്നു. 
പട്ടിമനുഷ്യന്റെ ടീമിന് പക്ഷേ എന്നോട് ഭയങ്കര ദേഷ്യമായിരുന്നു, അതിലൊരാൾ ഫയർവെൽ പാർട്ടിക്ക് പ്രസംഗിക്കുമ്പോൾ എന്നെ പണ്ട് റാഗ് ചെയ്യാൻ പറ്റാത്ത ഖേദം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അയാൾ നല്ലൊരു വ്യക്തി ആയതിനാലും, മൂന്ന് മാസം കഴിഞ്ഞ് ഞനെന്റെ തൽസ്വരൂപം പുറത്തെടുത്തത് കണ്ടാൽ ഏത് സീനിയറിനും ഇതൊക്കെ തോന്നുമെന്നുള്ളത് കൊണ്ട് ഞാനും അതങ്ങ് എൻ‌ജോയ് ചെയ്തു.

41 comments:

Soorya Mohan said...

ഇഷ്ടപ്പെട്ടുട്ടോ...ആ വെടിക്കെട്ട്‌ പോലത്തെ ചീത്തവിളി കലക്കി 💪 നിങ്ങ പുലിയാണ് വക്കീലമ്മേ 💓hugs 💓💓

കൊച്ചു ഗോവിന്ദൻ said...

റാഗിങ്ങ് ഓർമ്മകൾ കലക്കി യുവർ ഓണർ! വക്കീൽ സീനിയറായതിനു ശേഷമുള്ള റാഗിംഗ് ഇടപെടലുകൾ കൂടി പോസ്റ്റാക്കാൻ താഴ്മയായി അപേക്ഷിക്കുന്നു.

Bipin said...

ആള് ഗുണ്ടയാ അല്ലേ? ഇടിക്കട്ടയും ഒക്കെ ആയിട്ട്.... റാഗിംഗ് എല്ലാ പരിധിയും വിട്ട് വീഡിയോയിൽ കാണുന്ന IS ആക്രമണം പോലെ ആയി. എഴുത്ത് രസകരം.

Areekkodan | അരീക്കോടന്‍ said...

നിയന്ത്രിത റാഗിങ് ആവശ്യമല്ലേ എന്നൊരു തോന്നൽ ഇപ്പോഴത്തെ കാമ്പസുകൾ കാണുമ്പോൾ തോന്നിപ്പോകുന്നു.

രാജേശ്വരി said...

Hats off ചേച്ചി... ആ ധൈര്യത്തിന്പ്ര, തികരണത്തിന്.. അയാൾക്കിട്ട പട്ടിമനുഷ്യൻ എന്ന പേര് വിശ്വസ്തതയുടെ പര്യായമായ ആ ജീവിക്കു കൂടി അപമാനം ആണ്...
റാഗിംഗിനോട് ഒരിക്കലും താല്പര്യം തോന്നീട്ടില്ല. അതിനു എന്തൊക്കെ നല്ല വശം ഉണ്ടെന്നു പറഞ്ഞാലും ..
നല്ലൊരു കുറിപ്പ് ❤️

ഉദയപ്രഭന്‍ said...

റാഗിംഗ് േകേൺഫിഡൻസ് കൂട്ടും സഭാകമ്പം കുറക്കും എന്ന് പറയുന്നുണ്ടങ്കിലും ചിലരെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടിട്ടുമുണ്ട്.

നല്ല രചന

സമാന്തരൻ said...

റാഗിംഗ് അനുഭവിച്ച 10 ൽ 7 പേർ സീനിയർ ആകുമ്പോൾ കിട്ടിയതിന്റെ നൂറിരട്ടി ജൂനിയേഴ്സിന് തിരിച്ചു കൊടുത്തിരിക്കും. ഒരാൾ എല്ലാം ഏറ്റുവാങ്ങി, ആരോടും പരിഭവമില്ലാതെ (എന്ന് നടിച്ച് ) എവിടെയെങ്കിലും side ആവും. ബാക്കി 2 പേരുണ്ടല്ലോ അവരായിരിക്കും 7 പേരുടെയും തല . അനുഭവിച്ചനു വേണ്ട ഉപദേശങ്ങൾ, സാന്ത്വനം (അവൻ പണി വെയ്ക്കരുതല്ലോ ), nice ആയി ചിരിച്ച് ചെറിയ ചെറിയ കടും ഭീഷണികൾ, അങ്ങനെ പോകും അവരുടെ ജോലികൾ.

വക്കീൽ ലോ Collegeൽ ഒന്നാം ദിവസം പോയതു പോലെയായിരുന്നു, എന്റെ total setup എന്നതിനാൽ ഒന്നിനും കൊള്ളാത്തവൻ എന്ന് തള്ളിക്കളയെപെട്ടു.

റാഗിംഗ് കാലം എഴുതിയാൽ ഒന്നല്ല ഒരുപാട് പോസ്റ്റ് ഇടാനാവും ഇവിടെ പലർക്കും .

ന്നാലും വക്കീലിന്റെ ആ ഡയലാഗ് ...

Cv Thankappan said...

പല്ലിന്റെ എണ്ണം കുറഞ്ഞും, എല്ലിന്റെ "എണ്ണം കൂടിയും കോരി കൊണ്ട് വേണോടാ നിനക്ക് നാട്ടിൽ പൊകേണ്ടത് പട്ടിമനുഷ്യാ, തൃശ്ശൂർക്കാരോട് കളിക്കരുത് ട്ടാ” ഉഗ്രൻ ഡയലോഗായി. തീർച്ചയായും, ഇത്തരം സന്ദർഭങ്ങളിൽ ഇങ്ങനെത്തന്നെ പ്രതികരിക്കണം.
നല്ല വിവരണം.
ആശംസകൾ മാഡം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കോളേജ് വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്നവർ ക്ക്‌ മാർഗ്ഗദർശനം ആകുന്നു,ഇൗ പോസ്റ്റ്.. വളരെ രസകരം..തനി വെളിച്ചെണ്ണ നായികയായി ഞാൻ ഇറങ്ങുന്നത് കണ്ട് അമ്മ വാ പൊളിച്ചു നിൽക്കുന്നുണ്ടായിരുന്നു എന്നൊക്കെയുള്ള വിവരണങ്ങൾ ഏറെ ഹൃദ്യം...നന്നായിരിക്കുന്നു..

Shaheem Ayikar said...

ഈ പോസ്റ്റ് വായിച്ചപ്പോൾ എന്റെ മനസ്സിൽ പഴയ കോളേജ്/ഹോസ്റ്റൽ ജീവിതം ഓടിയെത്തി. എനിക്കുമുണ്ട് ഒരു പാട് റാഗിങ്ങ് കിട്ടിയ /കൊടുത്ത ഓർമ്മകൾ …. അതിരുവിടുന്ന റാഗിങ്ങ് പലപ്പോഴും അപകടങ്ങളിൽ ചെന്നെത്തിക്കുമെന്നറിയാമെങ്കിലും , എനിക്ക് വ്യക്തിപരമായി പണ്ട് കിട്ടിയ റാഗിങ്ങ്, ഭാവിയിൽ എന്റെ വ്യക്തിത്വ വികസനത്തിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട് . എന്തായാലും ഈ പോസ്റ്റ് കലക്കി … എന്റെ ആശംസകൾ.

uttopian said...

തൃശൂർ ലോ കോളേജ് ഇമ്മാതിരി സംഭവങ്ങളിൽ (കു)പ്രസിദ്ധമാണല്ലേ..

എന്റെ ഒരു ഫ്രണ്ടിന്റെ ചേട്ടൻ അവിടെ ചേർന്നപ്പോൾ എസ് എഫ് ഐ ക്കാരുടെ ചൊറിച്ചിൽ /റാഗിംഗ് സഹിക്കാൻ വയ്യാതെ കെ എസ് യു ക്കാരൻ ആയതാ.. നാട്ടിൽ പുള്ളി കടുത്ത ഇടത് പക്ഷം ആണ് എന്നുള്ളതാണ് വൈരുദ്ധ്യം..

പിന്നെ റാഗിംഗ് ന്റെ കാര്യം പറഞ്ഞാൽ ഞാനൊക്കെ ബ്ലോഗിങ് പോലെ റാഗിംഗ് ന്റെയും പ്രതാപകാലം അവസാനിച്ചപ്പോൾ ആണ് കോളേജിൽ, എം എച്ചിൽ ഒക്കെ ചേരുന്നത്.. വർണ്ണ വ്യവസ്ഥ പോലെ ആയിരുന്നു അവിടെയൊക്കെ.. പൊതുവിൽ.. എം ബി ബി എസ് കാർക്ക് ആരെ വേണമെങ്കിലും റാഗ് ചെയ്യാം.. ബാക്കിയുള്ളവർ പൊതുവിൽ അവരവരുടെ കോഴ്‌സിലെ ഫ്രെഷേഴ്‌സിനെ മാത്രമേ ഇരയാക്കാറുള്ളൂ.. പറയാനാണെങ്കിൽ കൊറെയുണ്ട്. പിന്നെപ്പോഴെങ്കിലും ആവാം.

uttopian said...

സത്യം. <3

Geetha said...

റാഗിംഗിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല .
അതിന് എന്തൊക്കെ കാരണങ്ങൾ ഉണ്ടായാലും . അതിനെ ദുരുപയോഗം ചെയ്യുന്നവരും ഇല്ലേ .. അങ്ങനെ സീരിയസ് ആയ എത്രയോ കേസുകൾ .
അതോണ്ടാ . പിന്നെ ശാരി വക്കീല് അതിനെയൊക്കെ സ്കൂട്ടായി തരണം ചെയ്തല്ലോ . മിടുക്കി ട്ടോ

ഗൗരിനാഥന്‍ said...

ഗതികേട് കൊണ്ട് പുലിയായി പോയതാ സൂര്യകുട്ടീ

ഗൗരിനാഥന്‍ said...

എന്റെ റാഗിങ്ങ് വീരകഥകൾ എഴുതാനുള്ള അവകാശം ഞാൻ എന്റെ ജൂനിയര്മാര്ക്ക് വിട്ട് കൊടുത്തിരിക്കുന്നു

ഗൗരിനാഥന്‍ said...

അയാളെങ്ങാനും കേറി പിടിച്ചാൽ ഒരു പഞ്ച് കൊടുക്കേണ്ട? പരിധി വിട്ട റാഗിങ്ങ് ചെയ്യാൻ ഒരു മടിയും ഇല്ലാത്തവൻ ആണവൻ

ഗൗരിനാഥന്‍ said...

അതും വേണ്ടാ ന്നാണ്, ഈ പ്രായത്തിൽ ഇരുന്ന് ആലോചിക്കുമ്പോൾ തോന്നുന്നത്..
എനിക്ക് ഗുണകരമായത് പോലെ മറ്റുള്ളവർക്ക് ആവണം ന്നില്ലല്ലോ

ഗൗരിനാഥന്‍ said...

അതു കൊണ്ടാണ് പട്ടിമനുഷ്യൻ ന്ന് വിളിച്ചത്.
ഇപ്പോൾ ആലോചിക്കുമ്പോൾ റാഗിങ്ങ് വേണ്ടാ ന്ന് തന്നെയാണ് എന്റയും അഭിപ്രായം

ഗൗരിനാഥന്‍ said...

അതേ.. മോശമായി ബാധിച്ചവർ ധാരാളം ഉണ്ട്.. അത് കൊണ്ട് അത് വേണ്ടാന്ന് തോന്നാറുണ്ട്

ഗൗരിനാഥന്‍ said...

ചില റാഗിങ്ങ് മനുഷ്യരുടെ ആത്മാവിശ്വാസത്തിനെ വെട്ടി നിരത്തും കേട്ടോ..
കിട്ടിയത്തിന്റെ ഇരട്ടി കൊടുക്കുന്നവർ ആണ് ധാരാളം..
ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു ട്ടോ

ഗൗരിനാഥന്‍ said...

വേറെ നിവർത്തിയില്ലാതെ ആയി പോയതാ...സ്വയം രക്ഷ

ഗൗരിനാഥന്‍ said...

ഒത്തിരി സ്നേഹം ട്ടോ
അല്ലാത്ത സമയത്ത് വെളിച്ചെണ്ണ യും ഞാനും ശത്രുക്കൾ ആണ്..
അതാ

ഗൗരിനാഥന്‍ said...

എനിക്ക് കിട്ടിയ റാഗിങ്ങ് ഉപകാരമായി.
തെറി വാക്കുകളുടെ ഉത്ഭവം, അതിന്റെ പൊളിറ്റിക്കൽ ഇൻ കറക്റ്റനെസ് ഒക്കെ അവിടെ നിന്നാണ് മനസ്സിലായത്.
എന്നാലും അതില്ലാതെ ഇതൊക്കെ ചെയ്യാം ന്നും, റാഗിങ്ങ് മോശം കാര്യം അയാണ് ഇപ്പോൾ തോന്നാറുണ്ട്

ഗൗരിനാഥന്‍ said...

ലോ കോളേജുകളിൽ ഭേദം തൃശൂർ ആണത്രേ..
ചില ലോ കേളേജുകൾ ഇതിലും ഭീകരമാണ്

ഗൗരിനാഥന്‍ said...

തീർച്ചയായും റാഗിങ്ങ് മോശം കാര്യം തന്നെ

എം.എസ്. രാജ്‌ | M S Raj said...

നല്ല കലക്കൻ സാധനം. എന്റെ ചില സുഹൃത്തുക്കൾ ഇങ്ങനെ പെട്ടെന്ന് ഒരു മൊമന്റിലെങ്കിലും രൗദ്രഭാവം പൂണ്ടെങ്കിലെന്ന് ഞാൻ ആലോചിച്ചുപോകാറുണ്ട്. സിറ്റുവേഷൻ റാഗിങ്ങല്ലെന്ന് മാത്രം. പെൺസിംഹങ്ങൾ ഉറങ്ങാതിരിക്കട്ടെ.

കല്ലോലിനി said...

അതൊരൊന്നൊന്നര ഡയലോഗ് ആയിരുന്നൂട്ടാ....
അതും പറഞ്ഞു സ്ലോ മോഷനിൽ തിരിഞ്ഞു നടക്കുന്ന ചേച്ചി...
ബാക്ക് ഗ്രൗണ്ടിൽ
"പുതിയ മുഖം ...."
എന്ന പാട്ട് . ഇത് വായിച്ചപ്പോൾ മുതൽ അങ്ങിനെ ഒരു സീൻ ആണെന്റെ മനസ്സിൽ...

വളരെ സുന്ദരികളായ, അതിനൊപ്പം ഫാഷൻ ആയി അണിഞ്ഞൊരുങ്ങിയിരുന്ന എന്റെ കൂടെ പഠിച്ചിരുന്ന ചില കൂട്ടുകാരികൾക്ക് ഇതുപോലെ ഒരു വർഷത്തോളം റാഗിംഗ് കിട്ടിയിട്ടുണ്ട്. കോളേജിൽ.
ഹോസ്റ്റലിൽ മെയിൻ LH ലേക്ക് രണ്ടാം വർഷം ആണ് അഡ്മിഷൻ. അതുകൊണ്ട് ആദ്യ വർഷം പഴയ ഹോസ്റ്റലിലും രണ്ടാം വർഷം പുതിയ ഹോസ്റ്റലിലും എല്ലാവരും റാഗിംഗ് മേടിച്ചു കൂട്ടി.
ചില സാഹചര്യ വശാൽ ആദ്യ വർഷം തന്നെ നരിമടയിൽ ചെന്നു ചേക്കേറി വന്ന ചിലരിൽ ഒരാളാണ് ഞാൻ. ചേച്ചി ലോ കോളേജിലെ ആദ്യ ദിവസങ്ങളിൽ അഭിനയിച്ച ആ പഞ്ചപാവം നടിപ്പ് മുഖമുദ്ര ആയിരുന്നതിനാൽ ആരും കാര്യമായി റാഗ് ചെയ്തിട്ടില്ല. ചെറിയ ചില വിശേഷം ചോദിക്കലുകൾ മാത്രം. പക്ഷേ വളരെയേറെ സുന്ദരിയും താമരക്കണ്ണും മുട്ടറ്റം മുടിയും അതിനുമൊക്കെ മുകളിൽ സ്വരമാധുരിയുമുള്ള എന്റെ റൂമേറ്റിന് ഒട്ടേറെ റാഗിംഗ് സഹിക്കേണ്ടി വന്നു. ശാരീരിക ഉപദ്രവങ്ങൾ ഒന്നുമില്ല. മെന്റൽ ഹരാസ്സ്മെന്റ്സ്. പലദിനങ്ങളിലും പാതിരാത്രിക്ക് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവൾ വന്നു കിടക്കുന്നത് കണ്ടു നെഞ്ഞു കലങ്ങിയിട്ടുണ്ട്. ചോര തിളച്ചിട്ടുണ്ട്. പക്ഷേ ഞാൻ പഞ്ചപാവം ആയിരുന്നല്ലോ... പിന്നെ അവൾ നല്ല മിടുക്കിയായതു കൊണ്ടും നേരത്തെയും റാഗിംഗ് കിട്ടി ശീലം ഉള്ളവളും ആയതുകൊണ്ട് സ്വയം അതിനെയൊക്കെ തരണം ചെയ്യും എന്ന് അറിയുകയും ചെയ്യാമായിരുന്നു..!!

മത്തായിച്ചന്റെ കഥകളിൽ കേട്ട് പരിചയമുള്ള ആ വഴിത്താരകൾ ചേച്ചിക്ക് സുപരിചിതം ആയിരിക്കുമല്ലോ...

കല്ലോലിനി said...

ഏതു തരത്തിൽ ആയാലും റാഗിങ്ങിനോട് യോജിക്കാൻ ആവില്ല.
എനിക്ക് റാഗിംഗ് കിട്ടിയിട്ടും ഇല്ല. ഞാൻ കൊടുത്തിട്ടും ഇല്ല..

Muralee Mukundan , ബിലാത്തിപട്ടണം said...

പീഡന റാഗിങ്ങിന്   വിധേമായതിന് പകരം
സിനിമക്ക് വന്ന സീനിയർ രാഗർമാരേ കൂട്ടുകാരുമായി 
ചെന്ന് തല്ലിയ ചരിതമാണ് എനിക്കുള്ളതെങ്കിലും പിന്നീട്
സീനിയറായപ്പോൾ മാന്യമായി റാഗ് ചെയ്യുന്ന ഒരു പ്രവണതയും
എന്നിൽ ഉണ്ടായിരുന്ന കഥയൊക്കെ ചുമ്മാ ഇത് വായിക്കുമ്പോൾ ഓർക്കുന്നു 

ഗൗരിനാഥന്‍ said...

ഇടക്ക് രൗദ്രത വരുന്നത് സ്വയം രക്ഷക്ക് നല്ലത് തന്നെയാണ്..അത് ഏത് അവസ്ഥ ആണെങ്കിലും ഉപകരിക്കും..റാഗിംഗിൽ മാത്രമല്ല.

ഗൗരിനാഥന്‍ said...

മത്തായി പറഞ്ഞ ശേഷം പോയി കണ്ടിട്ടുള്ള സ്ഥലമായത് കൊണ്ട് വളരെ നന്നായി കണ്ട പോലെ മമസ്സിലാകും..
എത്രയോ ചോര തെളച്ചിട്ടും മിണ്ടാതെ നടക്കുകയായിരുന്നു ലോ കോളേജിൽ..പക്ഷെ അയാളെ സഹിക്കാൻ വയ്യായിരുന്ന്. ആത്മാഭിമാനം അത് അങ്ങനേം ഇങ്ങനേം അടങ്ങി ഇടിക്കില്ലല്ലോ
ആ സ്ലോമോഷൻ എനിക്കും ഇഷ്ടമായി

ഗൗരിനാഥന്‍ said...

അമ്പമ്പോ ഭയങ്കരാ.. കണ്ടാൽ പക്ഷെ തോന്നില്ല ട്ടോ

മാധവൻ said...

ആദ്യത്തെ കമന്റ് എവിടെയോ പോയി.ഇത്രയും വൃത്തികെട്ട രീതിയിലേക്കൊക്കെ റാഗിംഗ് പോവുമെന്ന് അറിയില്ലായിരുന്നു ട്ടാ.ഇടിക്കട്ടയും കൊണ്ട് പിറ്റേ ദിവസം വീണ്ടും പോയല്ലേ..ഭയാനകി.ഞാനാണെങ്കിൽ ഒരാഴ്ച്ച മിനിമം ആ വഴിക്ക് പോവില്ലായിരുന്നു.

മഹേഷ് മേനോൻ said...

ക്രൈസ്റ്റിലും, കേരള വർമ്മയിലുമെല്ലാം വളരെ മാന്യമായ രീതിയിൽ സ്വീകരിക്കുകയും, സ്വീകരിച്ചതെല്ലാം തിരിച്ചു കൊടുക്കുകയും ചെയ്ത ചരിത്രമേ ഉള്ളൂ :-) ഒരു തുള്ളി വെള്ളത്തിൽ നിലത്തു കിടന്നു നീന്തുന്നതും, ചുവരിൽ വരഞ്ഞിട്ട തെങ്ങിന്റെ ചിത്രത്തിൽ കയറി തേങ്ങയിടുന്നതും, ഡാൻസ് ചെയ്യാനറിയാത്തവൻ ഒരു കൈ കൊണ്ട് മുകളിലെയും മറ്റേ കൈ കൊണ്ട് താഴെയുമുള്ള സാങ്കൽപ്പിക ബൾബുകൾ തിരിക്കുന്നതും അടക്കമുള്ള അതിരുവിടാത്ത ഇത്തരം തമാശകൾ ചെയ്തില്ലെങ്കിൽ പിന്നെ കോളേജ് കാലത്തെ ഓർത്തിരിക്കുന്നതിലെന്തു രസം ;-)

ആനന്ദ് ശ്രീധരം said...
This comment has been removed by the author.
ആനന്ദ് ശ്രീധരം said...

ഇങ്ങളോട് മുട്ടാൻ വരുമ്പോൾ അവർ നെറ്റിയിൽ ഒളിഞ്ഞു കിടന്ന ആ ബോർഡ് കണ്ടിക്കുണ്ടാവില്ല.
Handle with care!!
Simply കടൂരം

സുധി അറയ്ക്കൽ said...

ആസ്വദിച്ചു ആസ്വദിച്ച് ആസ്വദിച്ചു വായിച്ചു. കുറെ കൂടി നീളമുണ്ടായിരുന്നെങ്കിൽ എന്നോർത്തു പോയി.

ഗൗരിനാഥന്‍ said...

എനിക്ക് ഭയങ്കര പേടി...ഇല്ലടാ..
സത്യത്തിൽ പേടി ഉണ്ട്..
പക്ഷെ പുറത്ത് കാണിക്കില്ല

ഗൗരിനാഥന്‍ said...

കേരള വർമ്മ ഒക്കെ ഫണ് ഫീൽഡ് റാഗിങ്ങ് അല്ലേ..
ഇവിടെം അങ്ങനെ ആയിരുന്നു..
ആ ജന്തു ആണ് ഇതെല്ലാം ഇത്ര മോശമാക്കിയത്

ഗൗരിനാഥന്‍ said...

അന്ന് ഇത്ര വല്യ ബോഡ് ആയിരുന്നില്ല ആനന്ദ്..
അതു കൊണ്ട് മനസ്സിലായില്ല.

ഗൗരിനാഥന്‍ said...

വൈകിയല്ലോ വരവ്..
ആദ്യത്തെ കമന്റ് സുധി ആയാൽ ഒരു സുഖമാണ്..