Tuesday 16 July 2024

ഡോക്ടേഴ്സ് ഡേ


 

ഇന്നലെ ആയിരുന്നു ഡോക്ടേഴ്സ് ഡേ. ഒരു ഡോക്ടർ ജീവിതത്തിൽ എന്തെല്ലാം മാറ്റം വരുത്തും എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ. ഒരടിയിലൂടെയാണ് ഞാൻ എന്റെ ഡോക്ടറെ കണ്ടെത്തുന്നത് അല്ലെങ്കിൽ എന്റെ അമ്മ എന്റെ ഡോക്ടറെ കണ്ടെത്തുന്നത്. തെങ്ങിന്റെ പൊല്ല(വേര് )വെച്ച് അമ്മ തന്ന ഒരു അടി വലത് കൈകൊണ്ട് തടുത്തതാണ്,  വലത്തെ കൈവെള്ളയിൽ അതിന്റെ ആര് (വേര് )തറച്ച് കയറിയിട്ടുണ്ടായിരുന്നു  . അഞ്ചാം ക്ലാസിലെ സ്കൂൾ വെക്കേഷൻ സമയമായിരുന്നു അത്. കൈവെള്ള തടിച്ചു പൊങ്ങി ഒരു ഡസ്റ്ററിന്റെ വലിപ്പത്തിൽ നിന്നിരുന്നു. 

വിവരമറിഞ്ഞ് പതിവുപോലെ അമ്മയുടെ അനുജത്തി പാർവതി ചിറ്റ നാട്ടികയിൽ നിന്ന് നടന്നെത്തി. പിന്നെ എന്നെയും കൊണ്ട് നാട്ടികലേക്ക് പോയി. നാട്ടികയിലെ പി എച്ച് സി യിലാണ് ആദ്യം കാണിച്ചത്. അവിടത്തെ ഡോക്ടർമാരും നേഴ്സുമാരും പാർവതി ചിറ്റയും, അല്ലി ചിറ്റയും മുറുക്കെ പിടിച്ചുകൊണ്ട് പച്ചക്ക് അവർ കൈവെള്ള കീറി. ഒന്നും കിട്ടിയില്ല. എങ്കിലും കയ്യിലെ നീരും പഴുപ്പും അതുപോലെതന്നെ നിലനിൽക്കുകയും ചെയ്തു. അവിടെനിന്നും രണ്ടാഴ്ച കഴിഞ്ഞപ്പോൾ ചിറ്റമാർ രണ്ടും കൂടെ താങ്ങിയെടുത്ത് വീണ്ടും പിഎച്ച്എസ്സിയിലേക്ക് കൊണ്ടുപോയി. അവർ വീണ്ടും ബലമായി പിടിച്ചു കിടത്തി പച്ചയ്ക്ക് കീറി ഒന്നും ലഭിച്ചില്ല. പിന്നീട് പെരിങ്ങോട്ടുകര സി എച്ച് സി യിലേ ഡോക്ടറെ ആയിരുന്നു കാണിച്ചത്. അവിടെയും തരിപ്പിക്കാൻ ഒരു ഇഞ്ചക്ഷൻ പോലും എടുക്കാതെയാണ് ഈ കൈ പിടിച്ച് കീറി നോക്കുന്നത്. ഫലം തഥൈവ! ഒന്നുമില്ല കൈവെള്ളയിൽ എന്നവർ വിധിയെഴുതി. 

കൈ പക്ഷെ വീർത്തു, പഴുത്തു സമരം ചെയ്തു.   വലതു കൈയാണ് എഴുതാനോ, എന്തെങ്കിലും ചെയ്യാനോ വയ്യ.  വെക്കേഷനാകട്ടെ കഴിയാറുമായി.  വെക്കേഷൻ കഴിയാൻ ഒരാഴ്ച മുൻപ് മരുന്നും കെട്ടിപ്പൂട്ടലുകളും ആയി ഞാൻ തിരിച്ച് വീട്ടിലെത്തി.

അപ്പോഴാണ് അയൽവക്കത്ത് ആരോ കൃഷ്ണൻ ഡോക്ടറെ കുറിച്ച് ഞങ്ങളോട് പറയുന്നത്. വലിയ പൈസയൊന്നും വാങ്ങിക്കാത്ത ഒരാളാണ് എന്നതാണ് പ്രധാന ആകർഷണം. ഞങ്ങളുടെ ദാരിദ്ര്യത്തിൽ നല്ലപോലെ പൈസ വാങ്ങിക്കുന്ന ഒരു പ്രൈവറ്റ് ഡോക്ടർ സ്വപ്നത്തിൽ പോലുമില്ല. അതിലും ഭേദം ആ കൈ അങ്ങ് ചീഞ്ഞു പോകട്ടെ എന്ന് വിചാരിക്കുന്നതായിരുന്നു.

അങ്ങനെ വാടാനപ്പള്ളി അമ്പലനടയിൽ, ഇടത്തെ ഭാഗത്തുള്ള ഒരു ചെറിയ ബിൽഡിങ്ങിൽ കൃഷ്ണൻ ഡോക്ടറുടെ വെയ്റ്റിംഗ് റൂമിൽ ഞങ്ങൾ കാത്തിരുന്നു. എല്ലുന്തി ക്ഷീണിച്ച ശരീരവും തളർന്ന മുഖഭാവമുള്ള അമ്മയെയും മകളെയും കണ്ടപ്പോഴേ കൃഷ്ണൻ ഡോക്ടർക്ക് കാര്യം മനസ്സിലായി. കൃഷ്ണൻ ഡോക്ടർ കാരുണ്യത്തിന്റെ ഒരു കടലായി ഞങ്ങളുടെ മുമ്പിൽ നിവർന്നു നിന്ന്, മനസ്സ് നിറച്ച് ചിരിച്ചു. അമ്മയോട് പറഞ്ഞു ഭരതേട്ടന്റെ കടയിൽ പോയി തരിപ്പിക്കാനുള്ള ഒരു ഇഞ്ചക്ഷൻ മരുന്നു വാങ്ങിച്ചിട്ട് വരു എന്ന്. പത്തു രൂപയാണ് ആ മരുന്നിനെന്നാണ് അന്നത്തെ ഓർമ്മ. 

അമ്മ മരുന്നു വാങ്ങിക്കാൻ പോകുമ്പോൾ എന്നോട് പറഞ്ഞു,  പേടിക്കണ്ട ഒരു ഉറുമ്പ് കടിക്കുന്ന വേദന പോലും ഇല്ലാതെ ഞാൻ അത് ശരിയാക്കിത്തരാം ട്ടോ എന്ന്.കഴിഞ്ഞുപോയ വേദനകളുടെയും, നിത്യവും അനുഭവിക്കുന്ന വേദനയുടെയും ആധിക്യത്തിൽ ഇതുകൂടെ സഹിച്ചേക്കാം, ഈ വേദനയും കൂടെ കടിച്ചു പിടിച്ചിരിക്കാം എന്ന് തീരുമാനിച്ച ആ ചെറിയ പെൺകുട്ടിക്ക് എന്തൊരാശ്വാസമായിരുന്നു ആ ചിരിയും ആ ഉറപ്പും.

 ഡോക്ടർ ആദ്യം ഇഞ്ചക്ഷൻ എടുത്തു, പിന്നീട് എന്തൊക്കെയോ കഥകൾ പറഞ്ഞുകൊണ്ട് എന്റെ കൈ മുറിച്ച് വൃത്തിയാക്കി അതിനുള്ളിൽ നിന്ന് ഒരു വലിയപൊല്ലയുടെ( വേരിന്റെ )കഷ് ണം കണ്ടെടുത്തു. 

ഇതുവരെ ആരും നോക്കിയിട്ട് കിട്ടാത്ത ഒരു പിടികിട്ടാ പുള്ളിയെ പിടികൂടിയ മട്ടിൽ അതെന്റെ മുമ്പിൽ വെച്ച് ഡോക്ടർ ചിരിച്ചു. പിന്നീട് കൈ പൊതിഞ്ഞുകെട്ടി. 

അമ്മ കടം വാങ്ങിച്ചു കൊണ്ടുവന്ന പൈസ കൊടുത്തപ്പോൾ ഡോക്ടർ വാങ്ങിയില്ല, പകരം ഏതൊക്കെയോ വിറ്റാമിൻ സിറപ്പുകൾ മൂന്നോ നാലെണ്ണം ഞങ്ങൾക്ക് തന്നു വിട്ടു, കഴിക്കാനുള്ള ആന്റിബയോട്ടിക്കും ഫ്രീയായി തന്നു. അന്നുമുതൽ ഏറെക്കാലം നാടുവിടും വരെ എന്റെ ഡോക്ടർ,  കൃഷ്ണൻ ഡോക്ടർ ആയിരുന്നു. 

കൃഷ്ണൻ ഡോക്ടറുടെ മക്കളും ഞാനും ഒരേ സ്കൂളിലായിരുന്നു പിന്നീട് പഠിച്ചിരുന്നത്. കൃഷ്ണൻ ഡോക്ടറുടെ രണ്ടാമത്തെ മകന്റെ ബാച്ച് മേറ്റ് കൂടെയായിരുന്നു ഞാൻ.  

ഞങ്ങളെ ജീവനോടെ പിടിച്ചുനിർത്താൻ അമ്മയെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് കൃഷ്ണൻ ഡോക്ടറായിരിക്കും. പലപ്പോഴായി തന്ന വിറ്റാമിൻ ടോണിക്കുകളും, ഉപദേശങ്ങളും ഞങ്ങളുടെ ആരോഗ്യം  പിടിച്ചുനിർത്താൻ ഞങ്ങളെ നല്ലപോലെ സഹായിച്ചിട്ടുണ്ട്.

ഒരുപക്ഷേ കൃഷ്ണൻ ഡോക്ടർ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ആരും തന്നെ ഇത്ര ആരോഗ്യത്തിൽ ജീവിച്ചിരിക്കില്ലായിരുന്നു എന്ന്  തന്നെ ഉറപ്പിച്ചു പറയാം.

ജീവിതത്തിൽ ഒരിക്കലും അദ്ദേഹം ഞങ്ങളുടെ കയ്യിൽ നിന്ന് അമിതമായ ഫീസ് വാങ്ങിയിരുന്നില്ല. ഫീസ് കൊടുക്കുവാൻ കൊടുക്കാൻ പ്രാപ്തരായപ്പോൾ പോലും വേണ്ടെടി നിനക്ക് നീ എനിക്ക് പത്ത് രൂപ തന്നാൽ മതി എന്ന് ആ മനുഷ്യൻ സ്നേഹത്തോടെ പറയുമായിരുന്നു.

എങ്ങനെയാണ് ഒരു മനുഷ്യന് ഇത്രയധികം സഹിഷ്ണുതയോടെ,  മനസ്സിലാക്കലോടെ ദരിദ്രരെ ചേർത്തു പിടിച്ചിരുന്നത് എന്നത് എനിക്കൊരു മാതൃക തന്നെയായിരുന്നു. ദാരിദ്ര്യം മനുഷ്യരെ പലതരത്തിൽ വഴക്കാളികളും, അസഹിഷ്ണരും ആക്കി മാറ്റാറുണ്ട്. അത് ഞങ്ങളുടെ നിവർത്തികേടാണ്, അത് കൃത്യമായി മനസ്സിലാക്കി പെരുമാറിയിരുന്ന ഒരു ഒരാളായിരുന്നു കൃഷ്ണൻ ഡോക്ടർ.

ഇംഗ്ലണ്ടിൽ അഡ്മിഷൻ കിട്ടിയപ്പോൾ മെഡിക്കലി ഫിറ്റ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന് വേണ്ടി പരിചയമുള്ള ഒരു ഫാമിലി ഡോക്ടറുടെ ഒപ്പ് വേണമായിരുന്നു. ഞാൻ കൃഷ്ണൻ ഡോക്ടറെ കാണാൻ ചെന്നപ്പോൾ ഡോക്ടർ, എന്തിന് അഞ്ച് വർഷത്തെ പരിചയം എനിക്ക് നിന്നെ എനിക്ക് 25 വർഷമായിട്ട് അറിയാമല്ലോ എന്നും പറഞ്ഞു 25 വർഷമായി അദ്ദേഹം എന്റെ കുടുംബ ഡോക്ടർ ആണെന്ന് എന്ന് എഴുതിത്തന്നു. എന്നിട്ട് കാരുണ്യം നിറഞ്ഞ ആ ചിരി എന്നോട് വീണ്ടും ചിരിച്ചു. അന്നും ഇന്നും, ഇനി ഒരിക്കലും വീട്ടാനാകാത്ത കടം കൃഷ്ണൻ ഡോക്ടറോട് തന്നെയാണ്.

 ചെറിയ ചെറിയ ഇടപെടലിലൂടെ ഞങ്ങളുടെ ജീവിതത്തെ മുഴുവൻ മാറ്റിമറിച്ച ആ മനുഷ്യന്  ഇന്നത്തെ ദിനം എന്റെ സ്നേഹവും ആദരവും.