Sunday, 14 September 2025

യാത്രക്കാരി



 എന്നെ സത്യമായി സന്തോഷിപ്പിക്കുന്നത് എന്താണെന്ന് അറിയുമോ? അപരിചിതരായ ആളുകളോട് സംസാരിക്കുന്നതാണ്! ആ അത് തന്നെ 

സംഭാഷണത്തിന്റെ പൂന്തോട്ടത്തിൽ പൂത്തു നിൽക്കുന്ന സന്തോഷത്തിന്റെ മൊത്തകച്ചവടക്കാരിയാണ് ഞാനെന്ന് പറഞ്ഞാൽ അധികമാകില്യ. 

ആളുകളോട് സംസാരിക്കുന്നതെൻറെ ദിനങ്ങളെ നിറയ്ക്കുന്നു, കണ്ടു മുട്ടുന്ന ഓരോരുത്തരും ഓരോ അറിവാണ്,  ചിലർ രസകരമായ ഓർമ്മയാണ് ,  ചിലർ രഹസ്യ സ്വപ്നം പോലെ നിഗൂഢമാണ് , ചിലർ ഓരോ കഥയാണ് , ചിലപ്പോൾ കണ്ണീരാണ് , ഞാനാകട്ടെ അവയെല്ലാം ശേഖരിക്കുന്ന, യാത്രകൾ ചെയ്യാതെ തന്നെ  അവരിലൂടെ, ലോകം ചുറ്റുന്ന യാത്രക്കാരിയാണ് . 

ചിലർക്ക് തോന്നാം ഞാൻ അതികൗതുകിയായെന്ന്, പക്ഷേ സത്യം പറയാം, ഇതൊരു നിമിഷ ബന്ധത്തിന്റെ തുടക്കമാണെങ്കിലും അവരെന്നെ ഇടക്കെങ്കിലും ആലോചിയ്ക്കും, ഒന്ന് കൂടെ കണ്ടെങ്കിലെന്ന്! 

കാരണം ഞാൻ മാത്രമല്ല അവരെയും കൂടെ സന്തോഷത്തിലാക്കിയേ ഞാൻ അവരിൽ നിന്ന് യാത്ര തിരിക്കാറുള്ളൂ. 

കാലങ്ങളായി കേൾക്കാത്ത നല്ലൊരു കാര്യം കേട്ടതിന്റെ സന്തോഷം അവരെ ഭരിക്കുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും. എന്നാലും ആ സന്തോഷം അവരുടെ കണ്ണുകളിൽ തിളങ്ങുന്നത് കാണാൻ എന്ത് രസമാണെന്നോ.

 അഞ്ചുമിനിറ്റ് സംസാരിച്ചാൽ പോലും ഒരാളുടെ ദിനം പ്രകാശിക്കുന്നത് അത്ഭുതമാണ്, അതെന്റേയും  ദിനം പ്രകാശഭരിതമാക്കുന്നു.

ലോകം മുഴുവൻ എന്റെ കണ്ണിൽ ഒരു വലിയ കുടുംബമാണ്. ഒരോ സംഭാഷണവും ഒരു ചേർത്തുപിടിത്തം പോലെയാണ്,ഇറുക്കിയ കെട്ടിപിടുത്തമാണ്!

 അതും ഇനി ഒരിക്കലും കാണാനാകാത്തവരുമായി. 

 അന്യരോടൊപ്പം ചിരിക്കാനും, അവരിൽ നിന്ന് പഠിക്കാനും, ഒടുവിൽ മുഖത്ത് ഒരു പുഞ്ചിരിയോടെ തിരിച്ചു പോവാനും    ഉള്ളഴിഞ്ഞു സാധിക്കുന്നത് എന്ത് സന്തോഷമെന്നോ!  

ജനക്കൂട്ടങ്ങളിലോ ശബ്ദങ്ങളിലോ അല്ല എന്റെ സന്തോഷം,

മനസ്സിനെ തൊടുന്ന ബന്ധങ്ങളിലാണ് എന്റെ സന്തോഷം

ഒരു കടക്കാരനോടുള്ള ചിരിയുടെ പങ്കുവെപ്പ്,

ബസ്‌സ്റ്റോപ്പിൽ നിൽക്കുന്ന ഒരാളോട് ഒരു ഹൃദയസംഭാഷണം,

ചായകപ്പിനപ്പുറമിരുന്ന് പറയാവുന്ന കഥകളുടെ സൗഹൃദം.

 അങ്ങനെ, അങ്ങനെ ഓരോ ‘ഹലോ’പോലും ഒരു പുതിയ സുന്ദര തുടക്കം ആകാമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു നിമിഷം മാറ്റാൻ,

അല്ലെങ്കിൽ ഒരു ജീവിതം തന്നെ മാറ്റാൻ

വീണ്ടും കണ്ടുമുട്ടാത്ത ഈ സൗഹൃദം കാരണമായേക്കാം 


ശബ്ദങ്ങളാലും, പുഞ്ചിരികളാലും,

അപ്രതീക്ഷിത സംഭാഷണങ്ങളുടെ കരകൗശലത്താൽ നെയ്തെടുത്തൊരു ഹസ്തശില്പങ്ങളാണ് ഓരോ കുഞ്ഞു സൗഹൃദവും.. 


എനിക്കുറപ്പാണ് ഇന്നലെ കണ്ട വിടർന്ന കണ്ണുകളുള്ള ചേച്ചി, അവരുടെ കൗമാരത്തിലെ കാമുകനെ ഓർത്തൊരു ചിരി നുണഞ്ഞാവും രാത്രി ഉറങ്ങിയിട്ടുണ്ടാവുക. അവരെത്ര കാലം കഴിഞ്ഞാകും ആ കണ്ണുകളുടെ സൗന്ദര്യത്തെ കുറിച്ച്  ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടാവുക!


നല്ല ഉശിരൻ ചായ ഉണ്ടാക്കി തന്ന ചായക്കടക്കാരൻ ചേട്ടൻ കട വലുതാകുന്നതും സ്വപ്നം കണ്ടു കാണും.!

തലകറങ്ങാതെ ഊഞ്ഞാലാടാൻ ആഗ്രഹമുള്ള 60 വയസ്സുകാരി ഉറക്കത്തിൽ തലകറങ്ങാതെ ഊഞ്ഞാലാടി കാണും.!

എന്റെ കൂടെ വന്ന രാജ്, രമ്യയോട് പറഞ്ഞു കാണും ഞാനൊരു പ്രാന്തത്തിയെയും കൊണ്ടാണ് മടവൂർ പാറക്ക് പോയതെന്ന്!

പാറക്കുള്ളിൽ കുടിയിരിക്കുന്ന ദൈവത്തെ  എനിക്ക് ചുറ്റുമുള്ള മനുഷ്യരിൽ ആണിന്നലെ ഞാൻ  കണ്ടെത്തിയത്!




Friday, 15 August 2025

പാതിരാവിൽ രണ്ടുമണിയോടെ തിരിച്ചറിഞ്ഞത്



ഞാനിടയ്ക്കിടെ നിറങ്ങളുടെ ഉത്സവമായി  പുനർജനിക്കാറുണ്ട്. പ്യൂപ്പയുടെ പുറം കുപ്പായം പൊഴിച്ചു കളഞ്ഞു ചിറകു വിരിച്ചു ലോകത്തെ ആദ്യം കാണുന്നത് പോലെ നോക്കുന്ന ഒരു പൂമ്പാറ്റയെ പോലേ!

ഞാനാർക്കൊക്കെ വേണ്ടി കരുണയുടെ കടും പായസമായിട്ടുണ്ടോ അതിനിരട്ടിയായി എനിക്കത് തിരിച്ചു കിട്ടിയിട്ടുണ്ട്!

 പ്രണയമായും, സൗഹൃദമായും, സ്നേഹമായും, ആരാധനയായും കരുതലായും എനിക്കൊപ്പം എന്റെ മനുഷ്യർ കൂടെ നിന്നിട്ടുണ്ട് എന്നിട്ട് ഹൃദയം നിറയെ വാരി കോരി ഊട്ടിയിട്ടുണ്ട്. 

ഇന്നെന്റെ ഹൃദയം കൃതജ്ഞതാഭാരത്താൽ നിറഞ്ഞിരിക്കുകയാണ്. 

ഹൃദയത്തിൽ ഒരു മുള്ളു കൊള്ളാൻ പോകുകയാണെന്ന്, എന്റെ വഴി നീളെ ചിതറി കിടക്കുന്ന തീഷ്ണ വിഷം തീണ്ടിയ മുള്ളുകളെ കുറിച്ച് മുന്നറിയിപ്പ് തന്നത് ഏത് ശക്തിയാണെന്ന് എനിക്കറിയില്ല്യ. എന്റെ ബുദ്ധി,  അറിവ് എന്ന് മാത്രം പറഞ്ഞു മാത്രം നിർത്താനും വയ്യ.

 എന്റെ കാഴ്ചവട്ടത്തിലേക്ക് ഇരുണ്ട അഗാധമായ ആ കയത്തെ കാണിച്ചു തരുന്നത്, എനിക്ക് ചുറ്റുമുള്ളവരുടെ സ്നേഹം, എന്റെ ആത്മാർത്ഥത, കറ തീർന്ന സ്നേഹം ഒക്കെയാണന്ന് തോന്നിപോവുകയാണ്.

അല്ലെങ്കിലും  ഇത്രയെല്ലാം ഉള്ളയെന്നെ പറ്റിക്കാൻ ആർക്കും സാധിക്കില്ല്യ.

 ഇന്നത്തോളം എന്നോട്, എനിക്ക് ഇത്രയും സ്നേഹവും കരുതലും തോന്നിയ ഒരു ദിവസമില്ല്യ. എന്നോളം എന്നെ ഒരാൾക്ക് മുന്നിൽ തുറന്നു വെക്കുക എന്നത് വലിയ പ്രയാസമാണ്, അത് ചെയ്യണമെങ്കിൽ കൊടുംസ്നേഹം വേണം.  പകരം അതെങ്ങനെ അവർ ഉപയോഗിക്കുമെന്ന് നമുക്ക് ഊഹിക്കാൻ പോലുമാകില്ല്യ. എന്നിട്ടും അത് ചെയ്തു പോകുന്ന സ്നേഹത്തെ ഒക്കെ പറ്റിക്കാൻ ഈ ലോകം കൂട്ട് നിൽക്കില്ല്യ.

കാരണം നിഗൂഢമായ കാടുപോലെയാണതെന്ന് കണ്ടവർ തിരിച്ചറിയില്ല്യ. ദിശതെറ്റി അലയുമ്പോഴേ അവരതറിയൂ.

 അതേ ഇന്നും,  ഞാൻ കൂടുതൽ നല്ല ഒരാളായി പുനർജനിച്ചിരിക്കുന്നു. ഞാനെന്റെ നിറമുള്ള ചിറകുകൾ നോക്കി അഭിമാനിച്ചു കൊണ്ട് വീണ്ടും പറക്കട്ടെ. 

എന്നോടെനിക്ക് കടലോളം കരയോളം കാടോളം സ്നേഹം.

Wednesday, 2 July 2025

ജനനവും മരണവും

 


ജനനമാഘോഷിക്കുമ്പോൾ എന്തായാലും മരണത്തെയും കൂടെ ഓർക്കണമല്ലോ.  


ഞാൻ മരിച്ചാൽ ആരും കരയരുതെന്നോ മറ്റു നിയമങ്ങളോ എനിക്കില്ല്യ.


നിങ്ങൾ എന്നത്തേയും പോലെ,  എന്നെ കാണാൻ വരിക, പണ്ടത്തെ പോലെ തന്നെ നിങ്ങളായി എനിക്ക് മുൻപിൽ വെളിപ്പെടുക.


മരിച്ചാൽ എന്റെ ശരീരത്തെ എന്ത് ചെയ്യണമെന്ന് ഞാൻ നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട് 


മരിച്ചാൽ എന്നെ കുഴിച്ചിടണമെന്നാണെന്റെ ആഗ്രഹം.


എനിക്ക് വേണ്ടി ഇളംകാറ്റിലുലയുന്ന കാട്ടുമരങ്ങൾ നിറഞ്ഞ, ഇത്തിരി മണ്ണ് കണ്ടു പിടിക്കണം..മഴ വരുമ്പോൾ ഉള്ളുറവകൾ ഊറാൻ സാധ്യതയുള്ള ഇത്തിരി മണ്ണ്!


നല്ല മണ്ണിൽ ആഴത്തിൽ വെട്ടിയ കുഴിയിൽ എന്നെ അടക്കം ചെയ്തേക്കുക, 


എന്നെ നിവർത്തി കിടത്താതേ അമ്മയുടെ വയറ്റിൽ കിടന്ന പോലെ ചുരുട്ടി കിടത്തിയേക്കണം,

മണ്ണിന്റെ ഇളം ചൂടിൽ, അതിന്റെ സ്‌നിഗ്ധ  ഗന്ധത്തിൽ മുങ്ങി  ഗർഭപാത്രത്തിലെന്ന വണ്ണം,ഇന്നലെകളോ ഇപ്പോഴോ ഇല്ലാതെ ഞാൻ കിടന്നോളാം.


എന്നെ മണ്ണിന്റെ പുതപ്പണിയിച്ചു മുഴുവൻ മൂടി കഴിഞ്ഞാൽ നിറയെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന രണ്ടു മരങ്ങൾ കാൽക്കലും തലയ്ക്കലും വെച്ച് പിടിപ്പിക്കുക!


അവർ എന്നിലേക്ക് വേരുകളാഴ്ത്തി, എന്നെ ഭക്ഷിച്ചു വളരട്ടെ.


എന്നിട്ട് കാലമെറെ കഴിയുമ്പോൾ നിങ്ങൾ പറയുക ഞാനതാ പൂത്തും കായ്ച്ചും നിൽക്കുന്നു എന്ന്.


എന്നെ വീണ്ടും ഭക്ഷിക്കാനെത്തുന്ന പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും കണക്കെടുക്കുക, 


എന്നിട്ട് സന്തോഷത്തോടെ ഇറുകേ പൂത്തും കായ്ച്ചും നില്കുന്നത് ഞാനെന്ന് കരുതി ഓർമ്മകളെ പുതുക്കുക

 ആ പൂക്കളിലും കായ്കളിലും എന്റെ സ്വപ്‌നങ്ങൾ ഉണ്ടാകുമെന്ന് കരുതുക,

ഞാൻ കരൾ പകുത്തെടുത്ത പ്രണയങ്ങൾ, പ്രണയ നിരാസങ്ങൾ, എന്റെ സന്തോഷങ്ങൾ, കണ്ണീരിറ്റു വീഴാതെ കരഞ്ഞ വിങ്ങലുകൾ, സ്നേഹിച്ചു മരവിപ്പിച്ച കാലങ്ങൾ അങ്ങനെ, അങ്ങനെ  എന്തെല്ലാം നിങ്ങൾക് കണ്ടെത്താൻ പറ്റുമെന്ന് ശ്രമിക്കുക.


 പിന്നെയും കാലം പോകെ കുഞ്ഞു കുഞ്ഞു വിത്തുകൾ വീണു, മഴയത്ത് തലയുയർത്തി ഞാനേതെന്നും കാടേതെന്നും തിരിച്ചറിയരുത്.


എന്നിട്ട് പറയണം അവിടെ കാട് പോലൊരു പെണ്ണുണ്ടായിരുന്നു, അവളെ കാടെടുത്തു പോയെന്ന്! 

ഗൗരിനാഥൻ