തണുത്തു വിറങ്ങലിച്ച പ്രഭാതങ്ങള്‍ ...
പൊള്ളുന്ന വെയിലുള്ള പകലുകള്‍ ...
അന്തിയാകാന്‍ തുടങ്ങുമ്പോഴേക്കും മഞ്ഞിറങ്ങുന്ന താഴ്വാരങ്ങള്‍ ...
എത്ര മനോഹരമെന്നോ ഈ വയനാട് ..ഇവിടെയാണ് പുതിയ ജോലിയെന്നറിഞ്ഞു ഒരു പാടു സന്തോഷത്തോടെയാണ് ഞാനും ഓടി വന്നത്..മാത്രമല്ല പഠന വിഷയം അതിലും സന്തോഷം തരുന്നതായിരുന്നു, അധികാര വികേന്ദ്രീകരണം പ്രാന്തവല്‍ക്കരിക്കപെട്ട (MARGINALISED) ജനവിഭാഗങ്ങളെ എത്ര മാത്രം ശാക്തീകരിച്ചു എന്നതിനെ കുറിച്ചും.വയനാട്ടിലെ പ്രാന്തവല്‍ക്കരിക്കപെട്ട ജനങ്ങളെ കുറിച്ചാകുമ്പോള്‍ പണിയ ആദിവാസി വിഭാഗത്തെ ഒഴിവാക്കാനാകില്ല. പഠനത്തിന്റെ ഭാഗമായി പണിയക്കോളനികളിലേക്കുള്ള യാത്രകളും ഇപ്പോള്‍ സ്ഥിരമാണ്.
പണിയ കോളനികള്‍ സാധാരണയായി കുന്നിന് ചെരിവുകളിലോ, പാടശേഖരങ്ങള്‍ക്കപ്പുറത്തായോ ഉള്‍പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യാറ്. മിക്കവാറും കല്ലിട്ട് പാകിയ ഒറ്റവരി റോഡോ, മണ്‍റോഡോ, അല്ലെങ്കില്‍ ഒരു പാടവരമ്പോ ആയിരിക്കും നമ്മെ കോളനികളിലേക്ക് നയിക്കുക. എന്തു തന്നെ ആയാലും മിക്കവാറും കോളനികള്‍ പ്രധാന റോഡുകളില്‍ നിന്നും കിലോമീറ്ററകളോളം അകലെയാണ്.വൃത്തിഹീനമായ പണിയ കോളനികളും, അവിടെ സ്കൂളില്‍ പോകാതെ അഴുക്കിന്‍കഷ്ണങ്ങളായി നടക്കുന്ന കുട്ടികളും സ്ഥിരം കാഴ്ചയാണ്.
കോളനികളിലേക്കുള്ള വഴി ചോദിച്ചു ചോദിച്ച് പോകുമ്പോള്‍ വിസ്തൃതമായ സ്വന്തം ഭൂമിയില്‍ നെഞ്ചും വിരിച്ച് നിന്നു പണി എടുക്കുന്നതും, എടുപ്പിക്കുന്നതുമായ ബുദ്ധിയുള്ളവരെ ഞങ്ങള്‍ കാണാറുണ്ട്.
...നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ..അവരു നന്നാവില്ല, ഞാനെത്ര ശ്രമിച്ചതാ അവരെ നന്നാക്കാന്‍. അവര്‍ക്കു ബുദ്ധിയില്ലന്നേ...കുടിക്കണം, മുറുക്കണം അത്ര തന്നെ..അതിനുള്ള തലയെ അവര്‍ക്കു ദൈവം കൊടുത്തുള്ളൂ..
എന്ന് സ്ഥിരമായി അവര്‍ ഉപദേശിക്കുകയും ചെയ്തുപോന്നു.ഈ ഡയലോഗ് പറയുന്നവരെ ആദ്യം ശ്രദ്ധിക്കാതെ ഒരു അലസമായ ചിരിയോടെ കടന്ന് പോകുമായിരുന്നു.പിന്നീട് പണിയരുടെ ചരിത്രം അറിഞ്ഞതൊടെ ഈ ബുദ്ധിമാന്മാരോട് സൌഹൃദ സംഭാഷണത്തിനു മുന്‍കൈയ്യെടുത്തു. ഈ വ്യക്തികളില്‍ അധികവും(ഇതില്‍ തിരഞ്ഞെടുക്കപെട്ട ജനപ്രധിനിധികളും ഉണ്ടായിരുന്നു) നായര്‍, ക്രിസ്ത്യന്‍, ഗൌഡര്‍ വിഭാഗത്തില്‍ പെടുന്നവരായിരുന്നു...അതായതു പണ്ട്പണിയരെ അടിമകളെ പോലെ പണിയെടുപ്പിച്ചിരുന്ന ഭൂവുടമകളുടെ ഇപ്പോഴത്തെ തലമുറ. മാത്രമോ നാട്ടില്‍ പണി കുറഞ്ഞ് കഷ്ടപാടിലായ പണിയരെ മലയാളികളായ ഭൂവുടമകള്‍ ഇന്നും കുടകിലും കൊണ്ട് പോയി പണി എടുപ്പിക്കുന്നുണ്ട്.. രാവിലെ ഏഴുമണിക്കു പണിക്കിറങ്ങും, അന്തിയാവോളം നീളുന്ന പണിക്കിടയില്‍ വിലകുറഞ്ഞ മദ്യം നല്കി പറ്റാവുന്ന അത്ര പണിയിപ്പിക്കും..ആ മദ്യത്തിന്റെ രൂപ അവരുടെ തന്നെ തുച്ചമായ കൂലിയില്‍ നിന്നു കുറക്കുകയും ചെയ്യും. അടിമത്തത്തിന്റെ മോഡേണ്‍ രൂപം...
ചരിത്രം പറയാന്‍ ഞാനാളല്ല..എങ്കിലും ഇത്രയും ദിവസത്തെ പരിചയം കൊണ്ട് എനിക്കിത്രയെങ്കിലും പറയാതിരിക്കാനാകില്ല. നന്നാക്കിയാല്‍ നന്നാവാത്തവര്‍ എന്ന പേരുള്ള ഈ വിഭാഗം പണ്ടുള്ള ഭൂവുടമകളുടെ അടിമകളായിരുന്നു, ഈ അടിമ വിഭാഗത്തിനു അവരെ ഭരിക്കുകയും അടിമകളാക്കുകയും ചെയ്തിരുന്നവര്‍ എത്ര മാത്രം അവസരങ്ങള്‍ കൊടുത്തിരിക്കും..അടച്ചിട്ട മുറിയില്‍ വളര്‍ത്തിയ ഒരു കുട്ടിക്കെത്ര ബുദ്ധിയുണ്ടായിട്ടും കാര്യമുണ്ടാകുമൊ? ഈ ഉപദേശികള്‍ പറയുന്നത് കുറിച്ച്യ വിഭാഗത്തിന്റെ വളര്‍ച്ചയെ കുറിച്ചാണ്.. ശരിയാണ് കുറെ അധികം ഗവണ്മെന്റ് ഉദ്യോഗസ്ഥരും, ഉന്നത വിദ്യഭ്യാസം ലഭിച്ചവരും അവര്‍ക്കിടയില്‍ കാണാം..അത് അവരുടെ ബുദ്ധികൂടുതല്‍ കൊണ്ട് മാത്രമാണോ... എന്റെ തോന്നല്‍ ചരിത്രപരമായി അവര്‍ക്കു വികസനത്തിലേക്കുള്ള ഒരു പാത ഉണ്ടായിട്ടുണ്ട്. പഴശ്ശിരാജയുടെ ഒളിയുദ്ധവും, അതിനോടനുബന്ധിച്ച് മുഖ്യധാരാ സമൂഹത്തില്‍ അവര്‍ക്കു ലഭിച്ച അവസരങ്ങളും അനവധിയായിരിക്കാം.. എന്നാല്‍ ചരിത്രത്തിന്റെ ഇടനാഴിയിലൊരിടത്തും പണിയരുടെ അടിമത്തതിനു ഒഴിവുണ്ടായിട്ടില്ല. 60 വര്‍ഷം മുന്‍പു വരെ അവര്‍ അടിമകളെ പോലെ മറ്റുള്ളവരുടെ തോട്ടത്തില്‍ പണി എടുക്കുകയായിരുന്നു.(80 വര്‍ഷം മുന്‍പു വരെയുള്ള ചരിത്രമേ എനിക്കറിയു, അതും പണിയ വിഭാഗത്തിലെ മുതിര്‍ന്നവര്‍ പറഞ്ഞു തന്നതും) ചെമ്പന്‍ എന്ന 71 വയ്യസ്സുകാരന്‍ അന്നത്തെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിച്ചു. ‘ കാളകള്‍ക്ക് പോലും അന്നു വിശ്രമം ഉണ്ടായിരുന്നു, പക്ഷെ പണിയനു അതു പൊലും ഉണ്ടായിരുന്നില്ല’.
നമ്മള് , വികസനത്തിന്റെ തലതൊട്ടപ്പന്മാര് മലയാളത്തിലാണ് അവരെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമിച്ചത്, പണിയരാകട്ടെ സംസാരിക്കുന്നത് അവന്റെ സ്വന്തം ഭാഷയിലും... വികസനത്തിലേക്കുള്ള ആദ്യപാത നാം ഭാഷയിലൂടെ അടച്ച് കളഞ്ഞിരുന്നു.വിദ്യഭ്യാസമില്ലാത്ത മലയാളി തമിഴ് നാട്ടില്‍ ചെന്ന് തമിഴ് പഠിക്കും പോലെ പണിയര്‍ കാര്യം പഠിക്കാന്‍ കാലമെടുത്തു, അപ്പൊഴേക്കും നമ്മള് ഇന്റെര്‍നെറ്റ് യുഗത്തിലെത്തി. ഒപ്പമെത്താന്‍ അവരോടി കിതക്കുമ്പോള് നമ്മള് പരിഹസിച്ച് ചിരിചുകൊണ്ടെയിരിക്കുകയാണ്.
51 comments:
നല്ല കുറിപ്പ്
കൂടുതൽ ആഴത്തിൽ പഠിക്കാനും പണിയർക്കായി എന്തെങ്കിലുമൊക്കെ ചെയ്യാനും ഇടവരട്ടെ
>ഗൗരി നാഥന്
ഇനിയും എഴുതിയാല്‍ പല ബുദ്ധിയുള്ളവരെകുറിച്ചും എഴുതേണ്ടിവരും.
ഇന്റര്‍ നെറ്റ് യുഗത്തില്‍ മൊബൈല്‍ സംഗീത ശീതളിമയില്‍ മയങ്ങുന്ന ഒരു വിഭാഗത്തിന്റെ കൂടാതെ ഇന്നും നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഇത്തരം ജന്മങ്ങള് ചില ബുദ്ധിയുള്ളവര്‍ക്കായി ജീവിക്കുന്നുണ്ടെന്നത് കാണാന്‍ നമുക്ക് കഴിയുന്നില്ലല്ലോ..
ഒരു ഭാഗം ഉയര്‍ന്ന് ഒരു ഭാഗം വലിയ ഗര്‍ത്തമായ വികസനം . അടിസ്ഥാന സൗകര്യം പോലും എന്തിനേറെ സ്വന്തമായി ചിന്തിക്കാന്‍ പോലും സ്വതന്ത്ര്യമില്ലാത്ത ഒരു വിഭഗം ഇന്നും നമ്മുടെ നാട്ടില്‍ ജീവിക്കുന്നു(?) എന്ന് ഏവര്‍ക്കുമറിയാം. പക്ഷെ അവരെ ഉയര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ കാര്യമായി നടക്കുന്നില്ലെന്ന് മാത്രം.
നിഷ്കളങ്കതയെ അടിമയാക്കി പണച്ചാക്ക് നിറക്കുന്ന ബുദ്ധിയുള്ളവര്‍ പക്ഷെ അവര്‍ നന്നാവാന്‍ സമ്മതിക്കില്ല. അതാണു സത്യം.
ഒരു പരാതി.. ഈ കുറിപ്പ് പൂര്‍ണ്ണമായിട്ടില്ല. അത് താങ്കള്‍ക്ക് തന്നെ അറിയാം. താങ്കള്‍ കണ്ടതും അനുഭവിച്ച്തുമായ (ഈ നന്നാവാത്തവരുടെ ജീവിതം ) യാഥാര്‍ത്ഥ്യങ്ങളിലേക്ക് കടക്കുന്നതിനു മുന്നെ ഫുള്‍സ്റ്റോപ്പിട്ടു. അല്ലേ..?
എല്ലാ ആശംസകളും നേരുന്നു
ചേച്ചീ,
നന്നായിരിയ്ക്കുന്നു, വയനാട്ടില്‍ ഒരു വര്‍ഷം താമസിച്ചിരുന്ന കാലത്ത് പണിയരെയും,കുറിച്യരെയും പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചിരുന്നു. പക്ഷേ എനിക്കു തോന്നുന്നത് അവര്‍ “നന്നാക്കിയാല്‍ നന്നാവാത്തവര്‍” അല്ല എന്നാണ്. നന്നാക്കാന്‍ ഉള്ള ഫണ്ട്,നന്നാക്കാന്‍ ഏല്പിച്ചവര് കട്ടുമുടിച്ചതു കൊണ്ട് നന്നാവാത്തവര്‍ എന്നു പറയുന്നതായിരിയ്ക്കും ശരി.
വെള്ളറക്കാട് പറഞ്ഞപോലെ കുറിപ്പ് അപൂര്‍ണ്ണമെന്ന് തോന്നിക്കുന്നു.
പഠനവും റിപ്പോർട്ടുണ്ടാക്കി ഗവൺമന്റിനു കൊടുക്കുന്നതും കഴിഞ്ഞാൽ പിന്നെ എല്ലാ ഏജൻസികളും ഇവരെ മറക്കാറാണു പതിവ്. അല്ലെങ്കിൽ ഏതെങ്കിലും ഗ്രാന്റ് കിട്ടുന്നതുവരെ. ജീവകാരുണ്യപ്രവർത്തകരും അനാഥാലയങ്ങളുമില്ലാത്ത അവരെ ആവശ്യമില്ലാത്ത ഒരു ലോകം ഉണ്ടാവട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം
പറയേണ്ടതും എഴുതേണ്ടതുമായ സത്യങ്ങൾക്ക് ആശംസകൾ
സത്യമാണ് ഈ കുറിപ്പ് മുഴുവനല്ല..പക്ഷെ മുഴുവനാക്കാന്‍ സാധിക്കുകയുമില്ല..കാരണം അത്രയേറെ അനാചാരങ്ങള്‍ ഈ വിഭാഗം അനുഭവിക്കുന്നുണ്ട്..അത് എഴുതി പഴകുകയും, വഷളാകുകയും ചെയ്തു..ഉദാഹരണം വിവാഹം കഴിക്കാതെ അമ്മയായിട്ടുള്ളവര്..എനിക്ക് ചൂണ്ടികാണിക്കാന്‍ തോന്നിയത് ഈ ബുദ്ധിമാന്മാരുടെ വാചക കസര്‍ത്ത് ആണെന്ന് തോന്നി...പിന്നെ സ്വയം കടന്ന് പോയ അനുഭവവും..കമന്റിട്ട എല്ലാവര്ക്കും ഹ്രുദയം നിറഞ്ഞ നന്ദി
നല്ല പോസ്റ്റ്.
“നന്നാക്കിയാൽ നന്നാവില്ല” എന്നതൊക്കെ ഇവരെ ചൂഷണം ചെയ്ത് കൊഴുക്കുന്നവർ നടത്തുന്ന കുപ്രചരണങ്ങളാണ്.
ഈ ബ്ലോഗ് ഇതു വരെ കണ്ടില്ല.
നല്ല എഴുത്തു. കുറെ പോസ്റ്റുകള്‍ വയിചു
ഇനിയും വരാം.
നമ്മൾ മലയാളത്തിൽ ചിന്തിക്കാതെ അവരുടെ ഭാഷയിൽ ചിന്തിക്കേണ്ടിയിരുന്നു അല്ലെ?.
ആദിവാസികളെ നന്നാക്കാൻ? വേണ്ടി ഒരോരുത്തറ്ക്കും ലക്ഷങ്ങൾ ചിലവാക്കിയതായി പണ്ടെന്നോ വായിച്ചതോറ്ക്കുന്നു.
‘നെല്ല്’ എന്ന പഴയ സിനിമയിൽ അവരെ ചെറുതായി വരച്ചിട്ടതായി കാണാം.
എന്റെ നാടിന്റെ അടുത്ത സ്ഥലമായിട്ടും ഒരിക്കൽ പോലും അവിടെ കാണാൻ സാധിച്ചിട്ടില്ല.
ഗൌരിക്കെന്തെങ്കിലുമൊക്കെ അവറ്ക്കായി ചെയ്യാൻ കഴിയട്ടെ...
ആശംസകളോടെ.
കൊള്ളാലോ വീഡിയോണ്. ഇതെവിടായിരുന്നു അമ്മച്ചി ഇത്രേം നാള്.. ടെയിം കിട്ടിയില്ലേ പോസ്റ്റാന്‍.. ഇനി മേലാല്‍ ഇത്ര ഡിലേ പോസ്റ്റിടാന്‍ വരുത്തിയാല്‍... അമ്മച്ചിയാണേ ഞാന്‍ ഈ വഴി തിരിഞ്ഞുനോക്കത്തില്ലേ... പറഞ്ഞേക്കാം. പോസ്റ്റ് കൊള്ളാം ട്ടാ.. പിന്നെ ഞങ്ങള്‍ വയനാട്ടില്‍ വരുന്ന കാര്യം. ഞാന്‍ മറന്നിട്ടില്ലേ..... ഒരൂസം ഞങ്ങളു വരും.
Thanks a lot for the info. Yes it is time we have to do something for Waynad and for the people there. It is a beautiful place.
നന്നായിരിക്കുന്നു എന്ന് മാത്രം പറഞ്ഞ് ഒതുക്കാന്‍ തോന്നുന്നില്ല.കൂടുതല്‍ പറഞ്ഞ് സീരിയസ്സ് ആകാന്‍ വയ്യാത്തതിനാല്‍ ആശംസകള്‍ മാത്രം നേര്‍ന്ന് നിര്‍ത്തുന്നു
നല്ല കുറിപ്പ് ചേച്ചീ.
പാവപ്പെട്ടവരെയോര്ത്ത് വേദനിക്കുന്ന മനസ്സിന് എന്റെ അഭിനന്ദനങ്ങള്‍
നാടോടുമ്പോള്‍ നടുവെ ഓടണം എന്നുള്ളത് ആ പാവം പണിയര്‍ അറിഞ്ഞില്ല. പാവം പണിയന് പണിയെടുക്കാനെ അറിയൂ. അവരുടെ ലോകം ആ ഇട്ടാവട്ടം തന്നെ.
ഗൗരി ,
യാഥാര്‍ത്ഥ്യത്തിന്റെ ദൈന്യമുഖം! നന്നയിരിക്കുനു തുടരുക എല്ലാ നന്മകളും !
നന്നായിട്ടുണ്ട്. ഇനിയും ഇവരെപ്പറ്റിയൊക്കെ കൂടുതല്‍ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്വന്തം മണ്ണില്‍ തന്നെ അന്യരായിക്കൊണ്ടിരിക്കുന്ന ഈ പാവം മനുഷ്യരെക്കുറിച്ചുള്ള അനുസ്മരണം നന്നായി.
നന്നായിട്ടുണ്ട്....
ആ നല്ല മനസ്സിനും നല്ല എഴുത്തിനും ഭാവുകങ്ങള്‍...അഭിനന്ദനങ്ങളും...
ആർക്കും ആരേൂം നന്നാക്കാനും ചീത്തയാക്കാനും ഒക്കില്ലാ..പണ്ടിതിനോക്കെ നടന്നു, ഇപ്പോൾ ദുബയിൽ വന്നു എന്റെ അചനും, അമ്മക്കും, കുറചൊക്കെ അനിയനും, ഇപ്പോൾ അടുതിടെ കല്യാണം കഴിച്ച എന്റെ ഭാര്യകുട്ടിക്കും (അവൾ BEdനു പടിക്കുന്നേ ഉള്ളൂ ചിലവിനു കൊടുത്ത്, എന്റെ വിപ്ലവ സ്വപ്നങ്ങളും, കാൽപനിക സ്വപ്നങ്ങളുമൊക്കെ അടച്ചു പൂട്ടി വെചു ജീവിച്ചു പോകുന്ന ഒരു പെറ്റി ബൂർഷ്യ ആണു ഞാൻ. പുച്ചം തോന്നുന്നുണ്ടല്ലേ? എന്റെ സുഹ്രുതെ, സഹതാപം ഏറ്റവും അപകടകരമായ വികാരം ആണു.
എന്റായലും താങ്കളുടെ നല്ല മനസ്സിനു ദൈവം അനുഗ്രഹങ്ങൾ തരട്ടെ.
വളരെ നല്ല വിവരണം....പച്ചയായ ജീവിതം.
നന്നാക്കിയാല്‍ നന്നാവാത്തവര്‍ - Theerchayayum ee lokathu ingineyun undu. Ashamsakal.
നല്ലത് ഈ മൂന്നാം കണ്ണ്...
ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും അവരെ ഓര്‍ക്കാനെങ്കിലും ഉള്ള നല്ലമനസ്സുകള്‍ക്ക്...നന്ദി...
ഇതു വായിച്ചപ്പേള്‍ നിന്നെ പിറകില്‍ ഇരുത്തി കുന്നിനു മേലെക്കു bike drive ചെയ്തതു മുതലായി... നല്ല post about my land...Thanks..
dear gouri,
ഞാന്‍ ആദ്യമായാണു ഇവിടെ.എനിക്കു ഇവിടെ എത്തിപ്പെടുവാനും എല്ലാ പോസ്റ്റുകളും വായിക്കുവാനും വഴിയൊരുക്കിയതിനു പ്രത്യേകം നന്ദിയും സന്തോഷവും അറിയിക്കുന്നു.
പ്രൊഫൈല്‍ മുതല്‍ എല്ലാ പോസ്റ്റുകളും താങ്കളുടെ ജീവിതത്തൊടും സഹജീവികളൊടുമുള്ള സഹവര്‍ത്തിത്തവും സാഹോദര്യവും മനസ്സിലാക്കിതരുന്നു.ഉന്നതമായ ആശയങ്ങള്‍ കുറച്ചെങ്കിലും നടപ്പിലാക്കുന്നതില്‍ ഭാഗഭാക്കാകുവാന്‍ കഴിഞതില്‍ ആശംസകള്‍ നേരുന്നു
അറിവിന്റെ... ആത്മബോധത്തിന്റെ
ആകാശം കാണിക്കാതെ വളര്‍ത്തിയാല്‍
ഏതു സായിപ്പിന്റെ മോനെപ്പോലും
ആദിവാസിയെക്കാള്‍ വിവരമില്ലാതാക്കാം.
ഇടക്കിടക്ക് നിന്ദിച്ചുകൊണ്ടിരുന്നാല്
അടിമത്വത്തില്‍ നിന്നും
രക്ഷപ്പെടണമെന്ന ആഗ്രഹം പോലും
ഇല്ലാതാക്കാം.
കുറച്ചു മദ്യം,മയക്കുമരുന്ന്,
ലൈംഗീകത,മനുഷ്യത്വമില്ലായ്മ എന്നിങ്ങനെയുള്ള കുറഞ്ഞ മുതല്‍മുടക്കേ ആവശ്യമുള്ളു.
നല്ല പോസ്റ്റ്...
ആശംസകള്‍...
വ്യത്യസ്തമായൊരു ബ്ലോഗ്...
ഇന്നാണ് ഈ ബ്ലോഗ് കാണുന്നത്...പോസ്റ്റുകള്‍ എല്ലാം ഇഷ്ടപ്പെട്ടു... പ്രത്യേകിച്ചും, ഘാനയില്‍ പോയതിനെപറ്റിയുള്ളതു, കൂട്ടുകാരി ദിവ്യയെപറ്റിയുള്ളതും...
വളരെ രസകരമായ പോസ്റ്റ്
ആശംസകള്‍...........
ഗൌരി യാഥാര്‍ഥ്യത്തിന്റെ ലോകത്താണ് ; ഞാന്‍ സ്വപ്നങ്ങളുടേയും.കാണുന്നതും അറിയുന്നതും ഇനിയും പങ്കുവയ്ക്കുക.ലോകത്ത് ഇങ്ങനൊക്കെയും നടക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയുമല്ലൊ.
മാഡം ഇയ്യിടെ ഒരു ടി വി പ്രോഗ്രാമിൽ ഉണ്ടായിരുന്നൊ?
സത്യമാണ് കിഷോര്‍ അവരെ തിന്നു കൊഴുക്കുന്നവരുടെ ആരോപണങ്ങള്‍ തന്നെ...
സഞ്ചു നന്ദി ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റ് ഇട്ടതിനും...
OAB നമ്മള് അവരുടെ ഭാഷയിലൂടെ തന്നെ വേണമായിരുന്നു അവരോട് വികസനത്തിനെ കുറിച്ച് പഠിപ്പിക്കാന്‍..
കുടുക്കുടുക്കുട്ടാപ്പി ഇനി ശ്രദ്ധിക്കാം ട്ടോ
സുനന്ദ് അവരെ കുറിച്ച് ആലോചിക്കാന്‍ കാണിച്ച മനസ്സിന് നന്ദി
അരുണ്‍..സീരിയസ്സാവല്ലേ..പരമ ബോറാകും..എന്നാല്‍ പിന്നെ ആ ബ്ലോഗ്ഗ് പരിസരത്തേക്ക് വരില്ലാട്ടോ
ശ്രീ & കുമാരന് നന്ദി നല്ല വാക്കുകള്‍ക്ക്..
സത്യം യൂസഫ് അവര്‍ക്ക് നടുവെ ഓടി ശീലമില്ല..
മഹി, എഴുത്തുക്കാരി, ശ്രീ ഇടമണ്‍, മുസാഫിര്‍ & തെന്നാലി..നിങ്ങളുടെ നല്ല വാക്കുകള്‍ എത്ര പ്രചോദനമാകുന്നെന്നൊ!!!
ജീവിതത്തിന്റെവിപ്ലവത്തില് കുട്ടേട്ടന് തോല്‍ക്കാതിരിക്കട്ടെ..ഒരുനാള്‍ വരും എല്ലാവര്ക്കും അതു താങ്കള്‍ക്കും വരും..ഒട്ടും പരിഹാസമില്ല കേട്ടോ..കാരണം അവനവന്റെ കര്‍മ്മം ചെയ്യാതെ നാട്ടുകാര്‍ക്കു ചെയ്യ്താല്‍ നന്നോ...
സ്വപ്ന, രെഞ്ചിത്ത്, സുരേഷ് നന്ദി..നന്മ നിറഞ്ഞ വാക്കുകള്‍ക്കു
ജ്വാലെ അങ്ങിനെ ഒക്കെ ആകാന്‍ എളിയ ശ്രമം..എന്താകുമൊ ആവൊ?നന്ദി ബ്ലോഗ്ഗിലെത്തിയതിനു
നെന്മേനി..നടുവുളുക്കിയാണെലും ആ ബൈക്കിലിരുത്തി , എന്റെ കത്തിയും കേട്ട് സഹിച്ചെന്നെ കോളനികളില്‍ കൊണ്ട് പോയതിനും, ,ആ സഹനശക്തിക്കും എന്റെ പ്രണാമം..
ചിത്രകാരന്..താങ്കള്‍ പറഞ്ഞെതെത്ര നേര്..എത്ര ചുരുങ്ങിയ മുതല്‍ മുടക്കിലാണവര് ഈ പാവങ്ങളെ കുടുക്കുന്നതു...ബുദ്ധിയില്ലാത്തവ്വരാക്കുന്നത്..
ചാണക്യന് & ജെ പി..നന്ദിയുണ്ട് ഒരുപാട്..
നിലാവെ..എല്ലാ പോസ്റ്റും ഒറ്റദിവസം കൊണ്ട് വായിചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..
ലേഖെ, സ്വപ്നങ്ങള്‍ കാണുമെങ്കിലും എഴുതാനിക്കുമ്പോള് ഇതൊക്കെയെ വരാരോള്ളു..സ്വപ്നങ്ങളും നല്ലതല്ലെ...നന്ദി കമന്റിനു..
തഥാഗതന് സര്...ഇല്ല്യാ ടി.വി യില്‍ വന്നിട്ടെ ഇല്ല്യ..ഇതു വരെ..വെറുപ്പിക്കാതിഷ്ടാ വെറുതെ മേഡം ഒക്കെ വിളിച്ച്..
ഓ കെ ഗൌരീനാഥൻ
എനിക്ക് തോന്നിയതാണ്
താങ്കളുടെ വീക്ഷണവും കാഴ്ചപ്പാടും വളരെ ഇഷ്ടപ്പെട്ടു.എന്റെ മിക്ക പോസ്റ്റുകളും വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും പ്രത്യേക സന്തോഷമുണ്ട്
താങ്കള്‍ വിമലയിലെ പൂര്വ്വവിദ്യാര്ഥിയായിരുന്നുവെന്നു വായിച്ചു.. അങ്ങനെയെങ്കില്‍ sr.Jesmyയെക്കുറിച്ച് താങ്കളുടെ ഓര്‍മ്മകള്‍ ഉദ്ധരിച്ച് ഒരു പോസ്റ്റിട്ടു കൂടെ? ഞങ്ങള്‍ക്ക് അതൊരു നല്ല അനുഭവമായേക്കും....
ഇവിടെ ഞങ്ങളുടെ വിദ്യാര്‍ഥിസമൂഹത്തില്‍ ഈ പുസ്തകം ഒരു വല്യപ്രശ്നം തന്നെ ഉണ്ടാക്കി. ഇനി അതിന്റെ ഒരു കോപ്പി കിട്ടാതെ ഇത് ഒതുക്കാന്‍ പറ്റില്ല.
http://ooramana.blogspot.com/2009/02/blog-post_13.html
ഹയ്യോ..ഒത്തിരിവൈയ്കിയോ??...ക്ഷമിക്ക.
കലക്കി..പക്ഷെ ഒന്ന് പറയട്ടെ..
ഇങ്ങനെ ആരും ഇല്ല....
നന്മ ,നന്നാക്കാന്‍ നോക്കുന്നവരുടെ മനസ്സിലുണ്ടെങ്കില്‍ എല്ലാം നന്നാവും.
അതു തനിക്കുണ്ട്.
നന്നാവാതെവിടെ പോവാന്‍..
ദൈവം അനുഗ്രഹിക്കട്ടെ..
:)
ഗൌരീനാഥാ..,വായിച്ചപ്പോള്‍ സങ്കടം തോന്നി...അവര്‍ക്കായി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ പറ്റട്ടെ..
വയനാടിനെ പറ്റി വായിക്കാന്‍ തുടങ്ങിയിട്ടേറെ നാളായി. ഇത് വരെ അവിടെക്ക് വരാന്‍ സാധിച്ചില്ല.
അടുത്ത് തന്നെ വരണം.
greetings from thrissivaperoor
വെറുതെ ഒന്ന് കയറി നോക്കിയതാണ്. അപ്പോളതാ എന്റെ ഇഷ്ടപ്രദേശത്തെക്കുറിച്ച്, അവിടത്തെ ജനങ്ങളായ ആദിവാസികളെക്കുറിച്ച് മനോഹരമായ പോസ്റ്റൊരെണ്ണം.
രണ്ടുമാസത്തിലൊരിക്കലെങ്കിലും പോകുന്ന ഇടമാണെങ്കിലും പണിയക്കോളനികളില്‍ ഒന്നിലും ഇതുവരെ പോകാന്‍ സാധിച്ചിട്ടില്ല. അതൊരു ആഗ്രഹമാണ്, അധികം വൈകാതെ നടത്തുന്നതായിരിക്കും. വയനാട്ടില്‍ വന്നാല്‍ നേരില്‍ കാണാന്‍ കഴിയുമോ സുഹൃത്തേ. നിങ്ങള്‍ ഉദ്യോഗസ്ഥരുടെ കൂടെയാകുമ്പോള്‍ അവിടൊക്കെ പോകല്‍ എളൂപ്പമാകുമല്ലോ ? ഞാനൊരു റിപ്പോര്‍ട്ടറോ ക്യാമറാമാനോ ആയി അഭിനയിച്ച് കൂടെ വരാം. അല്ലെങ്കില്‍പ്പിന്നെ പരിചയക്കാരായ ചില രാഷ്ടീയക്കാര്‍ വഴി കുമാരി.സി.കെ.ജാനുവിനെ കണ്ട് അവര്‍ വഴി ശ്രമിച്ച് നോക്കേണ്ടിവരും.
ഞാന്‍ കാര്യായിട്ട് തന്നെ പറയുന്നതാണ്.
നിരക്ഷരാ...ഞാനും കാര്യമായിതന്നെ എടുത്തു ട്ടോ..ഞാന്‍ ഏപ്രില്‍ അവസാനം വരെ വയനാട്ടില്‍ ഉണ്ടാകും, അതിനുള്ളില്‍ എപ്പോഴാണേലൂം അറിയിക്കൂ..നമ്മുക്ക് നടന്ന് നടന്ന് കാണാം...ഒരു പ്രയാസവും ഇല്ല്യ, അടുത്ത 10 ദിവസം ഞാന്‍ ഫ്രീ അല്ലാട്ടോ..ചിക്കന്‍ പോക്സ് പിടികൂടിയിരിക്കാ..നേരത്തെ വരുന്ന വിവരം അറിയിച്ചാല്‍ പണിയരുടെ വല്ല പരിപാടികള്‍(ചടങ്ങുകള്‍) നടക്കുന്നുണ്ടോ എന്നു കൂടി അന്വേഷിച്ച് വെക്കാം..എന്താ അപ്പോള്‍ പുറപ്പെടല്ലേ....
ഹോ കുഴഞ്ഞല്ലോ ?
ജൂലായ് 1 മുതല്‍ ജൂലായ് 20 വരെയാണ് ഞാനിനി കേരളത്തില്‍ ഉണ്ടാകുക. അത് കഴിഞ്ഞാല്‍ ഒന്നരാടം മാസങ്ങളില്‍ സ്ഥിരമായി കേരളത്തില്‍ ഉണ്ടാകും. ഇപ്പറഞ്ഞ സമയത്ത് എപ്പോഴെങ്കിലും പദ്ധതി തരപ്പെടുത്താന്‍ പറ്റുമോ ?
പ്രോജക്ട് കഴിഞ്ഞോ അവിടെ ? ഏപ്രില്‍ കഴിഞ്ഞാല്‍ ഇനിയൊരു വയനാട് യാത്ര ഉണ്ടാകില്ലേ ?
വിശദമായി ഫോണിലോ മെയിലിലൂടെയോ സംസാരിക്കാന്‍ പറ്റുമോ ? എന്റെ മെയില്‍ ഐ.ഡി. manojravindran@gmail.com
ചിക്കന്‍ പോക്സിന്റെ പിടിയില്‍ നിന്നും കാര്യമായ അടയാളങ്ങളും, പാടുകളുമൊന്നും ഇല്ലാതെ രക്ഷപ്പെടട്ടെ എന്നാശംസിക്കുന്നു.
Hello, Thanks for introducing such an ethnic community.
ഇപ്പോഴാണ് ഈയിടെ എഴുതിയതൊക്കെ കണ്ടത്. സാമൂഹ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മേഖല ആയതിനാല്‍ വീണ്ടും വരാം.
നല്ല നിരീക്ഷണങ്ങള്‍ .
ആര്‍ജ്ജവമുള്ള പ്രസ്താവങ്ങള്‍ .
അഭിനന്ദനങ്ങള്‍ !
Very good article. All the best.
വയനാട്ടുകാരനല്ലാത്ത വയനാട്ടു നൊസ്റ്റാള്ജിയക്കാരനാണു ഞാന്‍.
കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ ആഴച്ചയില്‍ രണ്ടു ദിവസം ജോലിക്കായി ഞാന്‍ ചുരം കയറിയിറങ്ങാറുണ്ടായിരുന്നു.പണീയര്ക്കും കുറിച്യര്‍ക്കും പൊകയില കച്ചവടം നടത്തി എനിക്കവരെ നേരിട്ടറിയാം.
ഒരു തുണ്ടു പൊകയിലക്കു വേണ്ടി നാലുകിലോമീറ്റര്‍ മലയിറങ്ങി വരുന്നവര്‍.
ഒരു കഷ്ണം ത്രാസില്‍ അധികമിട്ടു കൊടുത്താല്‍ ഒരു കുപ്പി തേന്‍ തരുന്നവര്‍.
ഞാനും അവരെ ചൂഷണം ചെയ്തിരുന്നു.
അതിന്റെ ഫലം ഇന്നനുഭവിക്കുന്നു. തേന്‍ തൊട്ടു കൂടാ..! (ഷുഗര്‍)
എന്റെ കണ്ണുകള്‍ക്ക് ഇതുവരെ ചെന്ന് എത്താന്‍ കഴിയാത്ത സ്ഥലങ്ങളിലെ കാഴ്ചകള്‍ വിവരിച്ചു തന്നതിന് നന്ദി. ഞാന്‍ ഇത് എന്റെ ബ്ലോഗ് പട്ടികയിലേക്ക് ചേര്‍ക്കുന്നു.
Post a Comment