ഈയിടെ മലയാളം ചാനലുകളില്‍ കൂടെ കൂടെ കമ്മ്യൂണിറ്റി മാട്രിമോണിയുടെ പരസ്യം കാണാറുണ്ട്.സത്യത്തില്‍ നമ്മുടെ നാട്ടിലെ ജാതിയുടെ രാഷ്ട്രീയം ശരിയാംവണ്ണം മനസ്സിലാക്കിയത് അവരാണെന്നു പറയാം. ഒരേ ജാതിയിലുള്ളവര്‍ കല്യാണം കഴിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പുകിലുകള്‍ ഓര്‍മ്മിപ്പിക്കാന്‍ അവരും നമ്മുടെ കൂടെ ഉണ്ട്.
രാജസ്ഥാനില്‍ താമസിക്കുകയും , ഇവിടത്തെ ആളുകളെ അടുത്തറിയുകയും ചെയ്ത അവസരങ്ങളിലെല്ലാം വ്യക്തി ജീവിതത്തിലും സമൂഹത്തിലും ജാതിയുടെ എല്ലാ തരത്തിലുള്ള ഇടപെടലുകളും കണ്ടിട്ടുണ്ട്.ജാതി തന്നെയാണ് ജീവിതമെന്ന് ഇവര്‍ എപ്പോഴും, എവിടെയും ആവര്‍ത്തിച്ച് പറയുകയും ചെയ്യും. ഇവിടെ ജാതിയെ നമ്മുക്കു കണ്ടും തൊട്ടും അറിയാം. കേരളത്തില്‍ ജാതിയെ കാണാനും, തൊടാനും സാധിക്കില്ല, പക്ഷേ പൊള്ളി അറിയാറുണ്ട്.
രാജസ്ഥാനില്‍ ഓരോ കോളേജിനോടും ചേര്‍ന്ന് അവരവരുടെ ജാതിക്കാരുടെ സൌജന്യ ഹോസ്റ്റലുകള്‍ ഉണ്ട്. സമുദായസംഘടനകളുടെ നേതാക്കന്മാരുടെ കീഴിലാണ് ഇവ പ്രവര്‍ത്തികുക.അതു കൊണ്ട് ജാതി ഏതെന്നു പറയുന്നത് ഇവര്‍ക്ക് ഏറെ പ്രയോജനപെടുന്നുണ്ട്. അതെ സമയം ജാതിയുടെ കീഴില്‍ ഇവരെ അണിനിരത്താനുള്ള മൂലധനമാണ് ജാതി സംഘടനകള്‍ ചെലവിടുന്നത്. ഇതു പോലെ ജീവിതതിന്റെ ഓരോ ചുവടുവെപ്പിലും ജാതിയുടെ ഇടപെടലുകള്‍ നമ്മുക്കിവിടെ കാണാന്‍ സാധിക്കും. ഇവിടെ വന്ന അവസരത്തിലൊരിക്കല്‍ ട്രയിനില്‍ വെച്ച് ഏകദേശം 4 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പരിചയപെട്ടു.അവളാദ്യം പേരു ചോദിച്ചു, പേരു പറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു, ആന്റീജിയുടെ സര്‍ നെയിം എന്താ? സര്‍ നെയിമില്‍ ഇവിടെ ജാതി അറിയാം, ഇതിവിടത്തെ തുടരനുഭവമായപ്പോഴാണ് ഈ ഗുട്ടന്‍സ് പിടികിട്ടിയത്
എന്നാല്‍ കേരളത്തില്‍ , ഏറ്റവും വിദ്യാസമ്പന്നരുള്ള, ‘a developed state in a developing country’ എന്ന് വിശേഷണമുള്ള, വിപ്ലവാത്മകമായ സാമൂഹിക നവീകരണങ്ങള്‍ നടന്നിട്ടുള്ള ഇവിടെ, ജാതിയില്ലന്നും, അതില്‍ വിശ്വാസമില്ലെന്നും ഉപരിപ്ലവമായി പറയുകയും, അതിനേക്കാള്‍ ശക്തമായി ജാതിയെ നെഞ്ചില്‍ കൊണ്ട് നടക്കുന്നവരേയുമാണ് കാണാന്‍ സാധിക്കാറ്.
80കളിലൊന്നും കേരളത്തില്‍ ജാതി ചിന്തകള്‍ ഇത്ര ശക്തമായിരുന്നു എന്ന് തോന്നിയിട്ടില്ല.പന്ത്രണ്ടാം ക്ലാസ്സ് എത്തുന്നത് വരെ ജാതി എന്തെന്ന് ഞാനൊന്നും ചിന്തിച്ചിട്ട് തന്നെയില്ലായിരുന്നു. പന്ത്രണ്ടാം ക്ലാസ്സില്‍ വെച്ചാണ് ആദ്യമായി ജാതിയെ കുറിച്ചുള്ള പരാമര്‍ശം കേട്ടിട്ടുള്ളതും. മനകൊടി എന്നൊരു സ്ഥലത്ത് ഒരു കൃസ്ത്യന്‍ വിവാഹ ചടങ്ങില്‍ ഇളം പച്ച പട്ടു പാവാട ഇട്ടു വന്ന കൂട്ടുകാരിയെ നോക്കി ‘ഇവള്‍ നീചജാതിയാണല്ലേ‘ എന്നു ചോദിച്ച കൃസ്ത്യന്‍ സുഹൃത്താണ് ജാതിയെന്ന മഹാമേരുവിനെ ആദ്യമായി ഓര്‍മ്മിപ്പിച്ചത്. നീചജാതിക്കാര്‍ ഉപയോഗിക്കുന്ന തരം നിറമാണത്രെ അതു. അന്നൊക്കെ ജാതി ഒളിപ്പിച്ച് വെക്കാന്‍ ആ കമന്റ് കാരണമായി തീര്‍ന്നു. ജാതി എത്രതോളം ജീവിതത്തില്‍ പ്രധാനമാണെന്നും, ശക്തമാണെന്നും പഠിപ്പിച്ചത് വിമല കോളേജ് ഹോസ്റ്റലിലെ ജീവിതമായിരുന്നു. താഴ്ന്ന ജാതിക്കാരണെന്ന് കരുതുന്നവരോട് വ്യക്തവും ശക്തവുമായ വേര്‍തിരിവ് കാണിക്കാന്‍ കന്യാസ്ത്രീകള്‍ അടക്കം എല്ലാവരും ശീലിച്ചിരുന്നു. അന്ന് മുതല്‍ ആണ് വായനയുടെയോ, സ്വന്തമെന്നു പറയുന്നതിനോടുള്ള ബഹുമാനമോ എന്തോ ഞാനിന്ന ജാതിയാണെന്ന് തുറന്ന് പ്രഖ്യാപിക്കുകയും, അതിന്റെ പേരില്‍ പലതവണ വേര്‍തിരിവ് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പണം, ഭാഷ, നിറം, ഭംഗി കൂടാതെ ജാതിയും വേര്‍തിരിവിന്നാധാരമാണെന്ന് നല്ല പോലെ തിരിച്ചറിയാന്‍ ആ അനുഭവങ്ങള്‍ പഠിപ്പിച്ചു.
ഇനി ജാതിയില്ലെന്ന് പറയുന്നവരുടെ കാര്യമെടുത്താലോ? അത് അതിലും രസകരമാണ്. കൃസ്ത്യാനികളെല്ലാവരും ബ്രഹ്മണരില്‍ നിന്നും മാര്‍ക്കം കൂടിയവരാണെന്നാണ് അടുത്തറിയാവുന്ന എല്ലാ കൃസ്ത്യാനികളുടെയും വാദം. അവര്‍ണ്ണരെന്ന് വിളിക്കപ്പെടുന്ന ജാതിക്കാരുടെ മക്കളെയാണ് സ്നേഹിച്ച് വിവാഹം കഴിക്കുന്നതെങ്കില്‍ അവര്‍ക്ക് കുറ്ച്ച് മനസമാധനം ഉണ്ടാകാറുണ്ട്. അവരുടെ മതം മാറ്റത്തോടെ രണ്ട് കൂട്ടരും ഒരേ തരക്കാരാവുമല്ലോ.
ഇനി താഴ്ന്ന ജാതിക്കാരുടെ കാര്യവും വ്യത്യസ്തമല്ല. ‘ഞങ്ങളുടെ തറവാട്ടുപേര്‍ കേട്ടില്ലേ ശരിക്കും ഒരു ഇല്ല പേരാ അതു. അവിടത്തെ ഒരമ്മ ഓടിപോന്നുണ്ടായതാ ഈ പേര്‍’ ഇത്തരം പ്രസ്താവനകള്‍ പണ്ട് സാധാരണമാണെങ്കിലും ഞെട്ടിക്കുന്ന മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റം ശരിക്കും ഞെട്ടിക്കുന്നതു തന്നെയാണ്. കാലങ്ങളായി നവീകരണ പ്രസ്ഥാനങ്ങളും മറ്റ് സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളിലൂടെ നേടിയെടുത്ത അദ്ധ്വാനമാണ് മാറുന്നത്, അതും മുന്നോട്ടുള്ള മാറ്റമല്ല, പിന്നോക്കമാണ് പോക്ക്. ജാതി തിരിച്ച് അയല്‍ക്കൂട്ടങ്ങള്‍ , അവയുടെ മാസം തോറുമുള്ള മീറ്റിംങ്ങുകള്‍, ജനങ്ങളുടെ നിത്യ ജീവിതത്തില്‍ അവയുടെ ഇടപെടലുകള്‍. മാത്രമല്ല ജാതി സംഘടനകളുടെ , ചില ജീവിച്ചിരിക്കുന്ന ദൈവങ്ങളുടെ പേരിലുള്ള സംഘടനകള്‍ എന്നിവര്‍ ഉള്‍ഗ്രാമങ്ങളില്‍ പോലും നടത്തുന്ന ഹിന്ദുമതത്തെയും ആരാധനാക്രമങ്ങളെയും കുറിച്ച് നടത്തുന്ന സെമിനാറുകള്‍. തികച്ചും പ്രകോപനപരവും, മറ്റ് മതങ്ങളെ ഇടിച്ച് താഴ്ത്തിയുമാണ്‍ പ്രസംഗങ്ങള്‍, പ്രാസംഗികനും മോശക്കാരനല്ല, ഒരു പാട് ഡിഗ്രികളുടെ പിന്‍ബലത്തോടെയാണ് അയാളും വന്നിരിക്കുന്നത്. തുടര്‍ന്ന് അതിന്റെ സിഡികള്‍ ചൂടപ്പം പോലെ വില്‍ക്കുന്നു. ഒരു കാര്യം പറയാതെ വയ്യ, ആ പ്രസംഗം കേട്ട് കഴിഞ്ഞാല്‍ പിന്നെ മറിച്ചൊന്നു ചിന്തിക്കുക പോലുമില്ല അത്രക്ക് ശക്തമായി സ്വാധീനിക്കുന്നതാണത്. ഇങ്ങനെ ഓരോരുത്തരും പാകിയിട്ട് പോകുന്നത് തീവ്രഹിന്ദുയിസത്തിന്റെ വിത്തുകളാണ്. ഏത് വികാരമായാലും അധികമായാല്‍ തീവ്രവാദം തന്നെയാണ്, ഓരോരുത്തരുടെയും ജാതിയില്‍ അഭിമാനിക്കുന്നത് നല്ലതു തന്നെ. സംഘടിച്ച് ശക്തരാകുന്നതും നല്ലത് തന്നെ. ഇതൊക്കെ കാണുമ്പോള്‍ സംഘടിച്ച് തീവ്രവാദികള്‍ ആയി പോവുകയാണോ എന്നു തോന്നി പോകും.
ഇനി ജോത്സ്യവും, അമ്പലങ്ങളുടെയും ആള്‍ദൈവങ്ങളുടെയും വളര്‍ച്ചയെ കുറിച്ച് പറയാനാണെങ്കില്‍ ഈ കുറിപ്പ് എനിക്കു നിര്‍ത്തേണ്ടി വരില്ല. അതു കൊണ്ട് ആ വഴിക്കു കടക്കുന്നില്ല
ഹിന്ദൂയിസം ഒരു സംസ്കാരമാണ് മതമല്ല, മറ്റുള്ളവരെ ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ഗുണമെന്നൊക്കെ കേട്ടിട്ടുണ്ട്..ഒന്നു പറയാതെ വയ്യ അതിനകത്തുള്ള വ്യക്തി സ്വതന്ത്ര്യം മറ്റേതു മതത്തിനേക്കാളും അധികമായതു കൊണ്ട് ഞാനും വിശ്വസിക്കുന്നു അതു ഒരു സംസ്കാരം തന്നെയായിരിക്കും എന്നു. അതൊക്കെയാണ് ഈ ഇടപെടലുകള്‍ കൊണ്ട് നശിക്കുന്നത് എന്നു നാം അറിയുന്നേ ഇല്ല്യല്ലോ എന്നോര്‍ത്ത് വിഷമം തോന്നുന്നുണ്ട്. അതിന്റെ വില, അതു തിരിച്ച് കൊണ്ട് വരാന്‍ വേണ്ടി എന്ത് മാത്രം നാം അദ്ധ്വാനിക്കേണ്ടി വരും..
ജാതി ഇല്ലാതായാല്‍ വേര്‍തിരിവുകള്‍ ഇല്ലാതാകും എന്നൊരു വിശ്വാസം എനിക്ക് തീരെയില്ല. കാരണം ജാതി ഇല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം ഇത്തരം വേര്‍തിരിവുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. വികസിത രാഷ്ട്രങ്ങളില്‍ വര്‍ഗ്ഗവും, രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ നമ്മുക്കുള്ള എല്ലാ കാര്യങ്ങളെയും നല്ലതിനും, നന്മക്കും ഉപയോഗിക്കുമ്പോള്‍ നാം വലിയവരാകില്ലേ ജാതിയും നമ്മുക്ക് അതു പോലെ ഉപയോഗിക്കാവുന്ന നല്ല കാര്യമായി എനിക്ക് തോന്നാറുണ്ട്.. ഉത്സവങ്ങളും, കൂട്ടായ്മകളും, വിവിധ ചടങ്ങുകളും ആചാരങ്ങളും അങ്ങിനെ മനുഷ്യരെ ഒന്നിച്ച് നിര്‍ത്താന്‍ അതിനുള്ളില്‍ എത്ര സാധ്യതകളാണുള്ളതു…
അടിക്കുറിപ്പ്:- മേല്‍പറഞ്ഞ ഒരു കാര്യങ്ങളും ഒരു കണക്കിന്റെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു തീര്‍ത്തും വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നുമാണ് എഴുതിയിരിക്കുന്നത്.
23 comments:
നല്ല ചിന്തകള്‍.
ഇതെല്ലാം കണ്ടിട്ടല്ലേ വിവേകാനന്ദന്‍ അന്നൊരു കമന്റ് പറഞ്ഞത്. പക്ഷെ പല സംസ്ഥാനത്ത് ജീവിച്ച അനുഭവം വച്ചു പറയുകയാണെങ്കില്‍ താരതമ്യേന അല്പം കുറവുള്ളത് കേരളത്തിലായിരുന്നു. (മുമ്പൊക്കെ) ഇപ്പോള്‍ നിത്യവാസിയല്ലാത്തതിനാല്‍ കാര്യം അത്ര വ്യക്തമായിട്ടറിയുകയുമില്ല. എന്തായാലും ആസന്നഭാവിയിലൊന്നും ജാതിത്തരം ഇല്ലാതാവുകയില്ല. അത് നിശ്ചയം
എപ്പോഴാണോ അധികാരത്തിലെത്താന്‍ അല്ലെങ്കില്‍ അധികാരം നില നിര്‍ത്താന്‍ ജാതി ആവശ്യമില്ലാത്തത് അന്നേ ജാതി ഇല്ലാതാവൂ ... മനുഷ്യനെ ഗ്രൂപ്പ് തിരിചാലല്ലേ നേതാക്കള്‍ ഉണ്ടാവൂ ....അപ്പോള്‍ കൂടുതല്‍ ഗ്രൂപ്പ് ഉണ്ടാകേണ്ടത് അധികാരം ഉള്ളവരുടെ അല്ലെങ്കില്‍ നേതാക്കളുടെ ആവശ്യമാണ്
കേരളത്തില്‍ സ്വാതന്ത്ര്യ സമരവും മറ്റ് സാമൂഹ്യ പരിഷ്കരണവും ജാതി ചിന്തക്കതീതമായി മാനവകീയത വളര്‍ത്തുന്നതിന് സഹായിച്ചിരുന്നു. എന്നാല്‍ പിന്നീട് ജാതി അടിസ്ഥാനത്തിലുള്ള സംവരണം കാരണം ഇരു പക്ഷത്തിലുമുള്ള ജാതി ചിന്തക്ക് ശക്തി കൂടി. ജാതിക്ക് പ്രാധാന്യമില്ലാത്ത അവസ്ഥ വന്നെങ്കിലേ അതിന് മാറ്റമുണ്ടാകൂ. സംവരണം കാരണം അത് നടക്കില്ല.
പണ്ട് മഹാന്‍മാര്‍ പാകിയ നവോദ്ധാന വിത്തിന്റെ ചെറു അംശം ആത്മാവിലുള്ളതുകൊണ്ടാണ് നമുക്ക് ജാതിയെ കാണാനും, തൊടാനും സാധിക്കാത്തത്. അതിലും തലമുറകള്‍ തമ്മിലെ വ്യത്യാസം നമുക്ക് കാണാം. പക്ഷേ പ്രായോഗിക തലത്തില്‍ വരുമ്പോള്‍ അത് മാറുന്നു. പരസ്പരം കുറ്റപ്പെടുത്താന്‍ രണ്ട് വിഭാഗം ജാതിക്കാര്‍ക്കും ധാരാളം സംഗതികള്‍ ഉണ്ടാകും. താമസിയാതെ മനുഷ്യ ജീവിതം കൂടുതല്‍ ദുഷ്കരമാകുമ്പോള്‍ ഇവിടെയും നവോദ്ധാന ചിന്തയെ തര്‍ത്ത് പൂര്‍ണ്ണമായ കാട്ടാള സംസ്കാരം നമ്മുടെ നാട്ടിലും പ്രകടമാകും.
ഹിന്ദുമതം സ്വതന്ത്രമല്ല. സത്യത്തില്‍ ഹിന്ദു എന്നതാ ബ്രാഹ്മണനാണ്. അവര്‍ക്ക് എന്തൊക്കെ സ്വാതന്ത്ര്യമുണ്ടെന്ന് നോക്കൂ. മറ്റുള്ളവരെയൊക്കെ പട്ടേല്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. ആരാണ് വേദം പഠിക്കുന്നത്?
വിവാഹം വ്യക്തിപരമായ കാര്യമാണ്. അതില്‍ ചേരുന്ന പങ്കാളിയെ കണ്ടെത്തുക എന്നതിനാവണം പ്രാധാന്യം. അല്ലാതെ ജാതില്ലായ്മ തെളിയിക്കായാവരുത്. അത് തട്ടിപ്പാണ്.
സംഭവം കൊള്ളാം .. പക്ഷെ പകുതിയില്‍ നിര്‍ത്തി പോയപോലെ
മലയാളികളുടെയോ ഇന്ത്യക്കാരുടെയാകയോ ജിവിതം രാഷ്ട്രീയമായോ സാമ്പത്തികമായോ സാംസ്ക്കാരികമായോ ആത്മീയമായോ മത-ജാതി വിമുക്തമല്ല എന്നതാണു് യാഥാര്‍ത്ഥ്യം. ഈ പച്ചപ്പരമയാഥാര്‍ഥ്യത്തെ മറച്ചു പിടിച്ചു്, തങ്ങളുടെ രാഷ്ട്രീയം മത-ജാതി വിമുക്തമാണെന്ന ആത്മവഞ്ചന പ്രകടിപ്പിച്ചുകൊണ്ടാണു് മലയാളി ജാടക്കാര്‍ ജീവിക്കുന്നത്. അതുകൊണ്ടാണു് ഇതുമായി ബന്ധപ്പെട്ട് അസംഖ്യം പോസ്റ്റുകള്‍ മുസ്ലീംലീഗിനു് അഞ്ചാം മന്ത്രിയെ ലഭിച്ചയുടനെ ഇറങ്ങിയത്.
ജാതികളായും മതങ്ങളായും വേറിട്ടു ജീവിക്കുന്നവരെല്ലാം ചേര്‍ന്നു്, ജനാധിപത്യഭരണകൂടം നിര്‍മ്മിക്കുമ്പോള്‍ അതില്‍ കൃത്യമായ ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുന്നതാണു് സാമൂഹികസന്തുലനാവസ്ഥ. അതുണ്ടാകുമ്പോള്‍ സാമൂഹികനീതി ഭാഗികമായെങ്കിലും നടപ്പായെന്നു പറയാം.
കേരളത്തിലെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജാതി-മത സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം തന്നെയാണുള്ളത്. സമുദായതാല്പര്യം സംരക്ഷിക്കുന്ന തരത്തില്‍ മാത്രമാണു് മതേതര കക്ഷികളെന്നു് മേനി നടിക്കുന്ന കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും മറ്റ് ജാതി-മത പാര്‍ട്ടികളും സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. അത് അങ്ങിനെ തന്നെയാകുന്നതില്‍ എന്താണു് തെറ്റ് ? കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ആറു മന്ത്രിമാരെ വരെ അവകാശപ്പെടാവുന്ന സ്ഥിതിയ്ക്ക് അവര്‍ അഞ്ചുമന്ത്രിമാരെയെങ്കിലും നേടിയെടുത്തില്‍ മാത്രം ചിലര്‍ രോഷാകുലരാകുന്നത് അധികാരത്തിലെ സവര്‍ണാധിപത്യകുത്തക വെല്ലുവിളിക്കപ്പെടുന്നതു കൊണ്ടാണു്. സവര്‍ണരായ സുറിയാനികൃസ്ത്യാനികള്‍ക്കും നായന്മാര്‍ക്കും അവരുടെ ജനസംഖ്യാനുപാതത്തേക്കാള്‍ അധികം പ്രാതിനിധ്യം എന്നും ഉണ്ടായിരുന്നു. ഇന്നുമുണ്ട്. ഇതില്‍ ആര്‍ക്കും യാതൊരു അലോഗ്യവുമില്ല.
നായര്‍ക്ക് അധികാരക്കുത്തക ആനുഭവിക്കാന്‍ സ്വന്തം രാഷ്ട്രീയകക്ഷികയുടെ ആവശ്യമേയില്ല. എല്ലാമതേതരകക്ഷികളിലൂടെയും സവര്‍ണനേതൃത്വം തന്നെ പതിവായി അധികാരത്തിലെത്തുമ്പോള്‍ അത്തരം രപാഷ്ട്രീയ കക്ഷികളുടെ ആവശ്യമേയില്ല. കൂടാതെ മതേതരത്വമേനി പറച്ചില്‍ തുടരുകയും ചെയ്യാം. കേരള കോണ്‍ഗ്രസ്സുകളെന്ന നസ്രാണി മതപ്പാര്‍ട്ടികളിലൂടെയും മതേരരകക്ഷികളിലൂടെയും ആവശ്യത്തിലധികം സവര്‍ണനസ്രാണികള്‍ ആനുപാതികമായതിനേക്കാളധികം അധികാരം അനുഭവിക്കുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ലല്ലോ ?
സംഘടിത മതസമൂഹങ്ങളിലെയും സവര്‍ണജാതിസമുദായങ്ങളിലെയും അംഗങ്ങള്‍ അവരുടെ ജാതി-മത താല്പര്യങ്ങള്‍ നോക്കിത്തന്നെയാണു് തിരെഞ്ഞടുപ്പില്‍ വോട്ടു കുത്തുന്നത്. അതിനാലാണു് അതാതുവിഭാഗങ്ങളിലെ സ്ഥാനാര്‍ഥികളെ തന്നെ മത്സരിപ്പിക്കുന്നതും. ഈ കാര്യം മനസ്സിലാക്കാതെ മതേതരത്വത്തിനുവേണ്ടി ചാകാന്‍ നടക്കുന്നത് ഒ.ബി.സി ജാതിക്കാരും പട്ടികജാതി- പട്ടിക വര്‍ഗക്കാരുമാണു്. ഫലത്തില്‍ മതേതരത്വത്തിന്റെ പേരില്‍ അധികാരത്തില്‍ യാതൊരു പങ്കും ഈ മഠയന്മാര്‍ക്കു ലഭിക്കുന്നില്ല. ഹിന്ദുമതത്തില്‍ പെട്ട കീഴാളജാതിക്കാരുടെ തലയെണ്ണി സ്ഥാനങ്ങള്‍ മുഴുവന്‍ നായര്‍ തട്ടിയെടുക്കുന്നു. അര്‍ഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങണമെങ്കില്‍ ഈ കിഴങ്ങന്മാര്‍ക്കു് ജാതിബോധമുണ്ടാകണം. അവര്‍ ജാതിയമായി സംഘടിക്കണം. ജാതീയമായി ചിന്തിക്കണം. അങ്ങിനെ ജാതി പറയുന്നത് മോശമാണു്, സങ്കുചിത്വമാണു്, അശ്ലീലമാണു് എന്നൊക്കെ സവര്‍ണജതി- മതക്കാര്‍ ഉല്‍ബോധിപ്പിച്ചു കൊണ്ടിരിക്കുന്നത് അവരുടെ അധികാരകുത്തക നിലനിര്‍ത്തുന്നതിനു വേണ്ടിയാണു്. ഇവറ്റകളെ വെറകുവെട്ടികളായി നിലനിര്‍ത്തുകയും ചെയ്യാം. സ്വന്തം ജാതിയുടെ പ്രാതിനിധ്യാവകാശം നേടിയെടുക്കാന്‍ കഴിവില്ലാത്ത വെള്ളാപ്പള്ളിമാര്‍ അത് ഭാഗികമായെങ്കിലും നേടുന്ന മുസ്ലീങ്ങള്‍ക്കെതിരെ കുരച്ചു കൊണ്ടിരിക്കും.
നല്ല ചിന്തകള്‍...
പണ്ട് മുബൈയില്‍ പോയപ്പോഴാണു ആദ്യമായി ലാസ്റ്റ് നെയിം എന്ന അസുഖം നേരിടേണ്ടി വന്നത്.. അവിടെ നിന്നുള്ള അനുഭവം ഉള്ളതിനാല്‍ അമേരിക്കയിലെ ഇന്ത്യന്‍സിന്റെ (ഭാരതീയര്‍) മുന്നില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി :) നമ്മുടെ ജാതി അറിയുവാന്‍ അവര്‍ കിടന്ന് കഷ്ടപ്പെടുന്നത് കണ്ട് പലപ്പോഴും രസിക്കാം :)
വോട്ടിനു വേണ്ടി മതപ്രീണനം നടത്തുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയത് തന്നെയാണു ഇന്ന് കേരളം ഇത്രയും പിന്നിലേയ്ക്ക് പോയത്.. ഇനിയും പിന്നോട്ട് പോയി ആ പഴയ ഭ്രാന്തലയത്തേക്കാള്‍ കഷ്ടമായി മാറുമെന്നതില്‍ സംശയം ഇല്ല... :(
കുട്ടി ജനിച്ചു എന്ന് പറയുമ്പോള്‍ തന്നെ ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്ന അതേ പോലെ തന്നെയാണു പേരു പറഞ്ഞ് കഴിഞ്ഞാല്‍ ഉടനെ ജാതി ഏതെന്നത് അറിയുവാന്‍ ശ്രമിക്കുന്നതും :(
പണ്ട് നമ്മൾ ഉപേക്ഷിച്ചതെല്ലാം പൂർവാധികം ശക്തിയായി തിരിച്ചു വരുന്നു...
നല്ല പോസ്റ്റ്... നല്ല ചിന്തകൾ
valare sathyamaya nireekshanam....... blogil puthiya post..... NEW GENERATION CINEMA ENNAAL..... vayikkane......
good thoghts
അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ഒരു കുറിപ്പായതിനാല്‍ ഇത് പ്രശംസനീയം തന്നെ! പലപ്പോഴും നമ്മുടെ തിക്താനുഭവങ്ങള്‍ നമുക്ക് ഇത്തരം ഒരു കാഴ്ചപ്പാടിലൂടെ കാണാന്‍ പറ്റാറില്ല!
കൂട്ടത്തില്‍ പറയട്ടെ, താഴ്ന്ന ജാതിക്കാര്‍ എന്ന് മുദ്ര കുത്തപെട്ടവര്‍ മാത്രമല്ല വിവേചനം അനുഭവിക്കുന്നത് ഉയര്‍ന്ന ജാതിക്കാരെന്നു മുദ്രണം ചെയ്യപ്പെട്ടവരും ഇതിനു പാത്രമാകാറുണ്ട്... വേറെ വിധത്തിലാണെന്ന് മാത്രം.. ആത്യന്തികമായി മനുഷ്യന്റെ ഉള്ളില്‍ നന്മ ഉണ്ടെങ്കില്‍ ഈ വക വിവേചനങ്ങള്‍ കാണിക്കാന്‍ ആര്‍ക്കും പറ്റില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്..
മനുഷ്യനെ മനുഷ്യനായ് കാണാന്‍ കഴിയുന്ന ഒരു സമൂഹം പിറവി കൊള്ളട്ടെ എന്ന് ആഗ്രഹിക്കുന്നു...
നന്നായിരിക്കുന്നു.
ജീവിതത്തെ പഠിയ്ക്കുക..മനുഷ്യരെ പഠിക്കുക ...ഏറ്റവും രസകരമായ ഒരു കാര്യമണ്..
മനുഷ്യനെ മനുഷ്യനായ് അംഗീകരിയ്ക്കാന്‍ കഴിയുന്ന ഒരു സമൂഹം.. അവിടെയാണ് മനുഷ്യന്റെ മഹത്വമളക്കപ്പെടുന്നത്!!!
എല്ലാ ഭാവുകങ്ങളും!!!
നല്ല ചിന്തകള്‍ ഗൌരീനാഥാ.. ഈ കമ്മ്യൂണിറ്റി മാട്രിമോണീം,ജ്യോത്സ്യോമൊക്കെ കാണുമ്പോള്‍ പണ്ടുള്ളതിനേക്കാള്‍ ജാതിചിന്തയും,വേര്‍തിരിവും ഇപ്പോള്‍ കൂടിയോന്ന് വരെ സംശയം തോന്നുന്നു..
ജാതി ഇല്ല എന്ന ഒരു അവസ്ഥ നമുക്കിനി ഉണ്ടാക്കാനാകില്ല.. ജാതി പറഞ്ഞുള്ള അവഗണനയും അധിക്ഷേപവും പൊങ്ങച്ചങ്ങളും ആണ് ഇല്ലാതാക്കേണ്ടത്.. വിദ്യാഭ്യാസം നേടുമ്പോള്‍ അത് കുറയുന്നതിന് പകരം കൂടി വരുന്നത് എന്ത് കൊണ്ടാണ് എന്നാണ് പഠനം നടത്തേണ്ടത്.. നല്ല കുറിപ്പ്. ആശംസകള്‍
കേരളത്തിൽ ജാതി ചിന്തയും മതചിന്തയും ശക്തിപ്പെടുകയാണ് എന്നുള്ളത് സത്യം തന്നെ..അതേ സമയം മറ്റൊരു കാഴ്ച്ച ആനന്ദിപ്പിക്കുകയും ചെയ്യുന്നു.. ഇടത്തരക്കാരിലും ദരിദ്രവിഭാഗങ്ങളിലും കണ്ടു വരുന്ന പ്രണയവിവാഹങ്ങൾ.. അവർ പലപ്പോഴും ജാതിയും മതവും ഒരു വിഷയമായി പരിഗണിക്കുന്നില്ല..ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതു പോലെ, പ്രണയിച്ചതിന്റെ പേരിൽ കൊല്ലപ്പെടുന്നതായും കേട്ടിട്ടില്ല കേരളത്തിൽ..
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ നമ്മെ ചിന്തിപ്പിക്കുന്നതില്‍ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് നല്ല പങ്കുണ്ട്. എങ്ങനെയും വോട്ടു നേടാനുള്ള വ്യഗ്രതയില്‍ അവര്‍ തന്നെ വീതം വെച്ച് ഓരോന്നും കൊടുക്കുമ്പോള്‍ മറ്റുള്ളവര്‍ അങ്ങനെ ചിന്തിക്കാന്‍ ഇടയാകുന്നു.
നമ്മുടെ ഇടയില്‍ ജാതി എന്നുള്ള വേര്‍തിരിവ് ഉള്ളതുപോലെ തന്നെ, സായിപ്പിന്റെ ഇടയിലും ഉണ്ട്. അമേരിക്ക കാരന് ബ്രിട്ടീഷു കാരന്‍ തന്റെ താഴെയാന്നുള്ള തോന്നല്‍, ബ്രിട്ടീഷു കാരനു ഐരീശു കാരന്‍ താനെ താഴെയാനെന്നുള്ള തോന്നല്‍..അറബ് വശജരില്‍ തന്നെ ആര് കേമന്‍ എന്നുള്ള നോട്ടം..എന്തിനു ഇന്ത്യക്കാരന് പാക്കിസ്ടാനികള്‍ തന്റെ താഴെയാനുള്ള തോന്നല്‍ ...
ജാതി ചിന്ത വേണ്ട എന്ന് വെക്കനനെമില്‍ ജാതി തിരിച്ചുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തണം...ഇവിടുത്തെ ഭരണഖടന എല്ലാവര്ക്കും തുല്യ അവകാശം വിഭാവനം ചെയ്യുന്നുണ്ട്..എന്നാല്‍ നടക്കുന്നതോ ?
പോസ്റ്റിലെ നന്മയെ കാണുന്നു..എന്നാല്‍ ഒരിക്കലും നടക്കാത്ത ഒരു സംഭവമാണ് കേരളീയരുടെ മനസ്സില്‍ നിന്നും ജാതി ചിന്ത കളയല്‍ എന്നത്..
എല്ലാ ആശംസകളും..
Gowri, after such a long break i came back to read this. I have such a long story narrate in connection with this but really don't want to do it.
From my experience I can assert that education does not really work in a way it should actually work. Recently I went through a terrible incident which actually killed my spirits. I was taken to a temple where they gave me the juice of some leaves mixed with milk and thereafter I along with almost 100 other "lunatics" walked around the temple and drank pots of hot water till the time we vomited our lungs out to take out the "kaivisham" (the black magical poison) we had consumed. I don't know why others did it. But me... it was just because i couldn't talk against my parents that i did it. But that incident made a deep wound in my heart which will never get cured am sure. I have been abroad studied there worked there and at the moment doing my PhD. My parents are also highly educated. Still this is what i went through.
The cultural conditioning was so strong that I could not go against my parents' will. I was nurturing some sort of blind obedience which made me forget all my individuality. It took a long time for me to come out of the incident but still it upsets me like anything.
Another similar situation is beyond words to be carved here. The society still is conditioned by the same old parameters of ignorance and false interpretation of prestige. People who want to break these codes have to actually break hearts of their loved ones.
Well written as always Gowri.
Thanks.
ജാതീം മതോം ഇല്ലാണ്ട് കഴിയണ്ടി വരണത് മുജ്ജന്മ പാപാണ്.
ജാതിയും മതവും ഇല്ലാത്ത പെണ്ണിനു അതുള്ളവരുടെ അവസ്ഥ തിരിച്ചറിയാന്‍ പറ്റില്ല, അതാണു മതം നോക്കാതെ പ്രേമിക്കാന്‍ തോന്നുന്നത്.
എല്ലാ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും പുറത്തായ എനിക്ക് വേറെ ഒന്നും പറയാനില്ല...
ജാതി മതങ്ങള്‍ക്ക് മനുഷ്യ ജീവിതത്തെ പിച്ചിച്ചീന്താന്‍ കഴിയും..പണം, പഠിപ്പ്, ഉദ്യോഗം ഇതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ല.
നന്നായി എഴുതി കേട്ടൊ, വായിക്കാന്‍ വൈകിയതിലെ വിഷമം മാത്രം.....
എനിക്ക് നിസ്സഹായന്‍ പറഞ്ഞ അവസാന പാരഗ്രാഫിനോട് പൂര്‍ണ യോജിപ്പുണ്ട് :) ഇത് വായിക്കാന്‍ ഒരു പാട് താമസിച്ചെന്ന് തോന്നുന്നു. നന്ദി ഇത് വായിച്ച് പത്ത്പേരെങ്കിലും മനം മാറിയെങ്കില്‍...
Post a Comment