Thursday 3 July 2014

അന്ന് ഞങ്ങള്‍ ഒരു കൂട്ടുകുടുംബമായിരുന്നു..

റോഡ്‌ സൈഡില്‍, ഓലകൊണ്ടുണ്ടാക്കിയ, അത്യാവശ്യം വലുപ്പമുള്ള വീടായിരുന്നെന്റേത്‌, ഓര്‍മ്മയിലെ വീട് അവിടെ നിന്നാണ് ആരംഭിക്കുന്നത്‌. റോഡിലൂടെ പോകുന്നവര്‍ക്ക്‌ കാണാനാകാത്ത വിധം മരങ്ങള്‍ ആ വീടിനു മുന്‍പിലുണ്ടായിരുന്നു. ഒരു കുട ചെരിച്ചു വെച്ച പോലെയുള്ള ഒരു പറങ്കി മാവായിരുന്നു അതില്‍ പ്രധാനി. വേനല്‍ കാലത്ത്‌ അതു നിറയെ ഇളം മഞ്ഞ നിറത്തിലുള്ള പറങ്ക്യാങ്ങകള്‍ നിറയും.


മഴക്കാലങ്ങളുടെയും ഓര്‍മ്മ തുടങ്ങുന്നതും ആ വീട്ടില്‍ നിന്നു തന്നെ ആയിരുന്നു.അലച്ച്‌ പെയ്യുന്ന മഴ ഓലവീടിന്മേല്‍ പ്രത്യേകശബ്ദത്തിലായിരുന്നു വീണിരുന്നത്‌, ജലദോഷം വന്ന് അടങ്ങ ശബ്ദം പോലെ അടഞ്ഞ മഴശബ്ദം കേട്ട്‌, ആദ്യമഴയുടെ മണ്‍‌ മണവും നുകര്‍ന്ന്‌, ഭൂമിയിലൂടെ ഉറവകളും, ചാലുകളും ഉണരുന്നതിനെ അറിഞ്ഞുള്ള മഴക്കാല ഉറക്കം മനോഹരമായിരുന്നു.വേനല്‍ക്കാലങ്ങളിലാകട്ടെ മുന്‍‌വാതിലും, പിന്‍‌വാതിലും തുറന്ന്‌ വെച്ചായിരുന്നു ഉറക്കം, ഫാനും കറന്റും വ്യാപകമല്ലായിരുന്ന അക്കാലത്ത്‌ അറബികടലും താണ്ടി, മരങ്ങളുടെയും, കുളങ്ങളുടെയും തണുപ്പും വഹിച്ചെത്തുന്ന കാറ്റായിരുന്നു, ഞങ്ങളുടെ ഫാന്‍.
മുറ്റത്തെ പറങ്കിമാവിന്റെ തണലില്‍, സ്വര്‍‌ണ്ണ നിറമുള്ള മണലില്‍ , അതി വിശാലമായ ഒരു മുറ്റവും ആ ഓലവീടിനുണ്ടായിരുന്നു. ആ മുറ്റത്തായിരുന്നു അയല്‍‌വക്കകാരായ ചിലരൊക്കെ ഉറങ്ങിയിരുന്നത്‌.എന്നും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കിഴക്കേ വീട്ടില്‍ നിന്നും കണ്ണേട്ടനായിരുന്നു ആദ്യത്തെ അതിഥിയായി എത്തിയിരുന്നത്‌. കണ്ണേട്ടന്‍ വളരെ സൌമ്യനും, സ്നേഹമുള്ളയാളുമായിരുന്നു. കാര്യങ്ങള്‍ നന്നായി പറയുകയും ഉള്ളറിഞ്ഞ്‌ ചിരിക്കുകയും ചെയ്തിരുന്ന ഓരാള്‍! കണ്ണേട്ടന്റെ കയ്യില്‍ തൂങ്ങി നാണം കുണുങ്ങി മകന്‍ രാജുവോ, അല്ലെങ്കില്‍ രാജുവിന്റേട്ടന്‍ പ്രേമേട്ടനോ ഉണ്ടാകുമായിരുന്നു. 


കയ്യില്‍ കരുതിയിരിക്കുന്ന പായ്‌ വിരിച്ചോ, അല്ലെങ്കില്‍ തോളിലിട്ടിരിക്കുന്ന തോര്‍ത്ത്‌ വിരിച്ച്, കാറ്റും കൊണ്ട് ആകാശം നോക്കി അവര്‍ കിടക്കും

തൊട്ട് പിന്നാലെ തെക്ക് കിഴക്ക് നിന്നും ബാലേട്ടനും മകന്‍ ഷാജു ഏട്ടനും കൂടി എത്തുകയായി. ബാലേട്ടന്റെ കയ്യില്‍ 4കട്ടയുടെ വെള്ളിനിറമുള്ള ടോര്‍ച്ചുണ്ടാകും. ബാലേട്ടന്‍ അസാധ്യ ഹൂമര്‍സെന്‍സുള്ള ഒരാളായിരുന്നു. ബാലേട്ടന്റെ സംസാരം എപ്പോഴും തമാശയുടെ കൂടാരമായിരുന്നു. ആള്‍ക്കാരെ കളിയാക്കാന്‍ അദ്ദേഹം അതി വിദഗ്ദനായിരുന്നു, അതാകട്ടെ ആര്‍ക്കും പരിഭവം കൂടി തോന്നിക്കാറില്ലായിരുന്നു
നാനി( അപ്പൂപ്പന്റെ അനിയന്റെ ഭാര്യ) കൊടുത്ത ചോറും വാരി വലിച്ചു തിന്നു സഭകൂടാനെത്തുന്ന എല്ലാവര്‍ക്കും പ്രിയങ്കരനായ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള വിത്സനെന്ന നായ. സത്യത്തില്‍ വില്‍‌സനായിരുന്നു ആ മുറ്റത്തെ കൂട്ടുകുടംബത്തിന്റെ വാതില്‍ ഒരു ഇല അനങ്ങിയാലും, ഒരു തവള ചാടിയാലും, പാമ്പിനെയോ എലിയേയോ കണ്ടാലും അവന്‍ കുര തുടങ്ങും. ബാലേട്ടന്‍ നാലുകട്ട ടോര്‍ച്ചടിച്ച്  നോക്കി, ഞങ്ങള്‍ക്ക് ആപത്തൊന്നുമില്ലന്നവനു ബോധ്യമായാലേ അവന്‍ കുര നിര്‍ത്താറൊള്ളു.ഞങ്ങള്‍ മക്കളും, അച്ഛനും, അമ്മയും അപ്പൂപ്പനും അച്ഛമ്മയും ആ സഭയിലേക്ക് കൂടുന്നതോടെ രാത്രി കിസ സജീവമാകും


പിന്നീടങ്ങോട്ട് കഥകളുടെ കെട്ടഴിയുകയായി, അത്ഭുതങ്ങളുടെ ത്രസിപ്പിക്കുന്ന വീരകഥകള്‍, ഭയത്തിന്റെ കഥകള്‍. അവ ശരിക്കും ഒരു നാടിന്റെ കഥ കൂടി ആയിരുന്നു..അക്കാലത്തെ പ്രണയങ്ങള്‍, ഓടിപോകലുകള്‍, കുടുംബവഴക്കുകള്‍, ഗര്‍ഭിണി ആയിട്ടു വിവാഹം കഴിച്ചവര്‍, ഗര്‍ഭിണിയായിട്ടും വിവാഹം കഴിക്കാനാകാഞ്ഞവര്‍, അങ്ങനെ അങ്ങനെ... കുറ്റപേരുകളുടെ ഒരു ലിസ്റ്റുണ്ടായിരുന്നു.. നായ, കുറുക്കന്‍, കാടന്‍, പോക്കര, കൊള്ളി, കൊള്ളക്കാരന്‍, തേന്‍, തപ്പി, അല്പായുസ്സ്, അടപ്പി, കൊഞ്ഞ, വിശപ്പ്… ഓര്‍മ്മയില്‍ നില്‍ക്കാത്ത അത്രയും നീളുന്ന നിരയാണത്‌.


കടലില്‍ വഞ്ചി തകര്‍ന്നിട്ടും രക്ഷപെട്ടവര്‍, കടലിലെ വീരേതിഹാസങ്ങള്‍,തുടങ്ങി.. വിവിധ ഇനം മീനുകള്‍, ആകാശം നോക്കി സമയം പറയല്‍, നക്ഷത്രങ്ങളുടെ നാടന്‍ പേരുകള്‍, അവ ഉദിക്കുന്ന കൃത്യസമയങ്ങള്‍ എല്ലാം അവര്‍ക്ക്‌ അറിയാമായിരുന്നു.


വടക്കന്‍ പാട്ടുകളത്രയും പാട്ടായി കേട്ടതു, യക്ഷിയെം ഗന്ധര്‍വനേയും പരിചയപെട്ടതും ആ സഭയില്‍ നിന്നായിരുന്നു. അവര്‍ കാണാത്ത ദൈവങ്ങളും ഉണ്ടായിരുന്നില്ല, വെളുപ്പിന്‍ കോട്ടത്തായ കുളത്തില്‍ കുളി കഴിഞ്ഞ്‌ പോകുന്ന വാടാനപ്പള്ളി ദേവി, തൃപ്രയാറപ്പന്‍ കടല്‍‌പ്പുറത്ത് കാറ്റ് കൊള്ളാന്‍ പാതിരാക്കു വന്നപ്പോള്‍  കണ്ട കഥ അതില്‍ പ്രധാനപ്പെട്ടതായിരുന്നു.ഒടിയന്‍, ജിന്ന്, മലക്ക്, കുട്ടിച്ചാത്തന്‍, ബ്രഹ്മരക്ഷസ്‌ എന്നു തുടങ്ങി പല ശക്തികളെയും അവര്‍ പലപ്പോഴായി കണ്ടിട്ടുണ്ടെന്ന വാദം അവര്‍ പരസ്പരം അംഗീകരിക്കുകയും, അതു ഞങ്ങള്‍ കുട്ടികള്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ ജനിക്കും മുന്‍പേ ഉണ്ടായിരുന്ന കാടും അതിലുണ്ടായിരുന്ന കുട്ടികളെ തട്ടികൊണ്ട്‌ പോകുന്ന ഒറ്റമുലച്ചി എന്ന യക്ഷിയെ കുറിച്ച് അച്ഛമ്മ എന്നും വാചാലയാകുമായിരുന്നു. അക്കാലത്ത്‌ പകലുകളില്‍ അപ്പൂപ്പന്‍ വീട്ടിലേക്കുള്ള വഴി തെറ്റുന്നത് പതിവായിരുന്നു. ജിന്നിന്റെ അതിര്‍ത്തി പുല്ലെന്ന പുല്ല് ചവിട്ടിയിട്ടെന്നായിരുന്നു പറഞ്ഞിരുന്നത്‌, അന്നൊക്കെ ആ പുല്ല്‌ ചവിട്ടാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു ഞങ്ങള്‍ നടന്നിരുന്നത്‌, പേരറിയാത്ത എല്ലാ പുല്ലുകളേയും ഞങ്ങള്‍ കുട്ടികള്‍ സംശയിച്ചിരുന്നു. വയസ്സാകുമ്പോള്‍ ഉണ്ടാകുന്ന ദിശാഭ്രമമായിരുന്നു അതെന്നു തിരിച്ചറിയാന്‍ പിന്നെയും കാലമേറെ എടുത്തു.

അന്നാട്ടിലെ ചില വ്യക്തികളെ സ്നേഹത്തോടെ കാണാന്‍ ആ സഭയിലെ കഥകള്‍ കാരണമായിട്ടുണ്ടായിരുന്നു. വീട് കെട്ടിമേയാനും, പറമ്പു കിളക്കാനും വരുന്ന വേലുകുട്ടി അച്ചാച്ചന്‍ അതിലൊരാളായിരുന്നു. 16 രൂപ മാസ ശമ്പളം കിട്ടുന്ന ഗവണ്മെന്റ് ഉദ്യോഗം പുല്ലു പോലെ വലിച്ചെറിഞ്ഞു പോന്നയാളായിരുന്നു അദ്ദേഹം.. അതില്‍ കൂടുതല്‍ പൈസ അന്നാദ്ദേഹത്തിന് ഇത്തരം പണികളിലൂടെ ഒരു മാസം കിട്ടുമായിരുന്നത്രെ , അതു പറഞ്ഞാണദ്ദേഹം ആ ജോലി വേണ്ടെന്ന്‌ വെച്ചത്‌.
പിന്നെ സദാ സമയം ചതി ചതി എന്നലറികൊണ്ട് നടന്നിരുന്ന മാടമ്പിയേട്ടന്‍ എന്ന ഭ്രാന്തന്‍ അദ്ദേഹത്തിന്റെ നല്ല കാലത്ത്‌ എത്ര മിടുക്കനായിരുന്നത്രെ..
പിന്നെ മന്ത്രവാദം, കൈവിഷം, ഒടിവെക്കല്‍, എന്നു തുടങ്ങിയ കലാരൂപങ്ങളെ കുറിച്ച്‌ അറിഞ്ഞതും ആ രാത്രികാല കഥകളില്‍ നിന്നായിരുന്നു.
കഥയുടെ രസത്തിനും പേടിക്കും മീതെ പാതിയുറക്കം വന്നു വീഴുമ്പോഴായിരുന്നു അമ്മ ഞങ്ങളെ അകത്തേക്ക് എടുത്ത്‌ കിടത്താറുണ്ടായിരുന്നത്‌.


പകലുകളാകട്ടെ അന്നാട്ടിലെ അമ്മൂമ്മമാരുടെ സംഗമസ്ഥലം കൂടിയായിരുന്നു ആ മുറ്റം. ആ കാറ്റും സുഖവും തേടി ഉച്ചയൂണു കഴിഞ്ഞ ഉടനെ എത്തുക വടക്കേവീട്ടില്‍ നിന്നും നാനിയായിരുന്നു. പിന്നെ തെക്കെലെ അമ്മാമ്മ, ചക്കിഅമ്മാമ്മ, കിഴക്കേലെ അമ്മാമ്മ, രണ്ട കല്യാണി അമ്മാമ്മമാര്‍, മങ്കമ്മാമ്മ..ഇതില്‍  ഏറ്റവും ദൂരെ നിന്നും വരുന്നത്‌ മങ്കമ്മാമ്മയായിരുന്നു, അവരുടെ കൂടെ ഒന്നോ രണ്ടോ ആടുകളും ഉണ്ടാകാറുണ്ട്, അവക്ക് ഇലയൊടിക്കാനാണ് വരുന്നതെന്നായിരുന്നു മൂപ്പര്‍ പറയാറ്‌. ഇക്കൂട്ടത്തിലെ ഏറ്റവും മാന്യയും, സ്നേഹമുള്ള അമ്മാമ്മയായി തോന്നിയിട്ടുള്ളതും അവരെ തന്നെയാണ്. കൂട്ടത്തില്‍ എറ്റവും സുന്ദരിയും , പാവവും ചക്കി അമ്മാമ്മയായിരുന്നു. അച്ഛമ്മയും നാനിയും ആരെയും വരച്ച വരയില്‍ നിര്‍ത്താന്‍ ശേഷിയുള്ള തന്റേടികളായിരുന്നു.ഭ്രാന്തിനോളം വരുന്ന വഴക്കാളികളായിരുനു കല്യാണി അമ്മാമ്മമാര്‍.തെക്കേലെ അമ്മാമ്മ സ്നേഹം വരുമ്പോഴും, ദേഷ്യം വരുമ്പോഴും തെറിവാക്കുകള്‍ കൊണ്ടായിരുന്നു ആളുകളെ അഭിസംബോധന ചെയ്തിരുന്നത്‌.അല്പം സെക്സ് കലര്‍ത്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെയായിരുന്നു കിഴക്കേലെ അമ്മാമ്മ സംസാരിച്ചിരുന്നത്‌

ആ സഭയില്‍ വെച്ചായിരുന്നു ആ വീടുകളിലെയെല്ലാം മരുമക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കപ്പെട്ടിരുന്നത്‌. ഒരു വിധപെട്ട മരുമക്കളും ചെറുപ്പക്കാരികളും ആ ഗ്രൂപ്പിനു മുന്നില്‍ വന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. മരുമക്കള്‍ക്കെതിരെയുള്ള  ചില കാര്യങ്ങള്‍ ശരിയല്ലെന്നു പറയാന്‍ ആകെ ധൈര്യം കാണിച്ചിരുന്നത്‌ മങ്കമ്മാമ്മയായിരുന്നു.,ഇവര്‍ക്കെല്ലാം ഇടക്കിടെ കട്ടന്‍ ചായയുമായി വരുന്ന എന്റെ അമ്മയുടെ നേരെ നീളുന്ന അവരുടെ നോട്ടത്തിലെ ദയ ഇന്നും മനസ്സിലുണ്ട്.


ഞങ്ങള്‍ കുട്ടികളും, വില്‍‌സനും ഒട്ടുമിക്കവാറു സഭകളുടേയും കൂടെ ഇരിക്കാമായിരുന്നു. അവര്‍ക്കൊപ്പമിരിക്കുമ്പോള്‍ നൂറായിരം വിമര്‍ശനങ്ങളും, ഉപദേശങ്ങളും ചാക്കു കണക്കിനു ഞങ്ങള്‍ക്ക്‌ നല്‍കിപോന്നിരുന്നു.വില്‍‌സന്‍ പോലും അവകേട്ട്, ആലസ്യത്തോടെ കോട്ടുവാ വിട്ട് പാതി അടഞ്ഞ കണ്ണുകളോടെ കിടക്കും.. അവരോടെല്ലാം മര്യാദയിലും, ബഹുമാനത്തിലും പെരുമാറുക എന്നത്‌ ഒരു അനുഭവമായിരുന്നു. സദാസമയം ഞങ്ങളുടെ അമ്മമ്മാരെ ചീത്ത പറയുന്നതു കേട്ടിട്ടും തിരിച്ചൊന്നും പറയാനാകാത്തത്, ജീവിതമെന്ന പ്രയാണത്തിലെ ആദ്യത്തെ പരീക്ഷയായിരുന്നു എന്നു ഇപ്പോഴാണ് തിരിച്ചറിയുന്നതെനു മാത്രം. പെട്ടെന്നു തന്നെ ക്ഷമിക്കാനും, ചുറ്റുമുള്ളവരെല്ലാം എന്റേതാണെന്ന്‌ കരുതി സ്നേഹിക്കാനുള്ള മനസ്സൊക്കെ ആ ക്ലാസ്സ്മുറിയില്‍ നിന്നു കിട്ടിയതാണ്.ഇന്നിപ്പോള്‍ മരങ്ങളെല്ലാം വെട്ടിമാറ്റപ്പെട്ടു, അവക്കു പകരം മറ്റൊന്നു വെചുപിടിപ്പിച്ചുമില്ല, ഓലവീടെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങളാക്കി, അവയുടെ മുറ്റത്തേക്ക് ചായുന്ന മരങ്ങളെല്ലാം അപ്പപ്പോള്‍ വെട്ടി ചെറുതാക്കി..രാത്രിയിലും നട്ടപ്ര വെയിലത്താണോ കിടക്കുന്നതെന്ന് സംശയം തോന്നാറുണ്ടന്നമ്മ പറയുന്നു. കാറ്റു കടക്കാനിടം തരാതെ ജാലകങ്ങളും വാതിലും അടച്ചിട്ടും തൃപ്തി വരാതെ ഉറക്കം വരാത്ത രാത്രികളാണിപ്പോള്‍, ഭയത്തിന്റേയും, അവിശ്വാസത്തിന്റേയും മതിലുകളും വാതിലുകളും കൊണ്ട്‌ എന്റെ ഗ്രാമം നിറഞ്ഞിരിക്കുന്നു.ആരെയും പരസ്പരം വിശ്വാസമില്ലാത്ത അയല്‌വക്കമായിരിക്കുന്നു ഞങ്ങളെല്ലാം...കനത്ത താഴിട്ടു പൂട്ടിയ ഗേറ്റിനപ്പുറം നിന്നു അയല്‍‌വക്കകാരോട് വര്‍ത്തമാനം പറഞ്ഞപ്പോള്‍ ഓര്‍ത്തു, ഇനിയില്ല അങ്ങനെ വിശ്വാസത്തിന്റെ ഒരു കൂട്ടുകുടുംബം, ഇനിയില്ല അങ്ങനെയൊരു സ്നേഹക്കാലം, ഇനിയില്ല ആ കഥാകാലം.. അല്ലെങ്കിലും നൊസ്റ്റാള്‍ജിയകള്‍ സുഖമുള്ള ഒരു വേദനയല്ലേ.. 

28 comments:

ഗൗരിനാഥന്‍ said...

ചിത്രങ്ങളെല്ലാം ഗൂഗില്‍ വഴി ലഭിച്ചതാണ്, അതാത് സൈറ്റുകള്‍ രേഖപെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ , ഇതിന്റെ അവകാശികള്‍ ഈ തെറ്റ് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.. കൂടുതല്‍ അഭിപ്രായങ്ങള്‍ക്കായി ഒരു പഴയ ഓര്‍മ്മ സമര്‍പ്പിക്കുന്നു

Echmukutty said...

അതെ.. ആ കാലം പോയി... വേറെ കാലം വരുന്നു.. ഇനി ഈ കാലവും പോകും..

നല്ലെഴുത്ത് കേട്ടോ ..

ajith kumar said...

kollam chechi

ഇട്ടിമാളു അഗ്നിമിത്ര said...

കാണാതെ പറയാതെ നീ പോയിയല്ലേ

ashraf malayil said...

പെട്ടെന്നു തന്നെ ക്ഷമിക്കാനും, ചുറ്റുമുള്ളവരെല്ലാം എന്റേതാണെന്ന്‌ കരുതി സ്നേഹിക്കാനുള്ള മനസ്സൊക്കെ ആ ക്ലാസ്സ്മുറിയില്‍ നിന്നു കിട്ടിയതാണ്.വായിച്ചു
കൊള്ളാം ..ആശംസകൾ

ഉദയപ്രഭന്‍ said...

ഒരു വേല പഴയ കുട്ടിക്കാലത്തിലെത്തിയ പ്രതീതി. സംഗതി ഇഷ്ടമായി.

പട്ടേപ്പാടം റാംജി said...

എല്ലാം മാറി മാറിക്കൊണ്ടിരിക്കുന്നു....
ഓര്‍മ്മകള്‍ മാത്രം മായാതെ..
ഇഷ്ടായി.

Manoj vengola said...

ആ കാലം ഇനി വരില്ല. ഹോ...എത്ര മനോഹരമായി എഴുതി...

Sangeeth K said...

മനോഹരമായി എഴുതി... കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി...

Sudheer Das said...

ഓര്‍മ്മകളുടെ പൂക്കാലം.ആശംസകൾ

Anonymous said...

ഇഷ്ടപ്പെട്ടു. എനിക്കിങ്ങനെയുള്ള ഓര്‍മ്മകളൊന്നും ഇല്ല. ബ്ലോഗ് വായനയും എഴുത്തും വീണ്ടും തുടങ്ങണമെന്ന് ആശയുണ്ട്. ഇതു തുടക്കമാകട്ടെ. :)

റിനി ശബരി said...

ആഘോഷങ്ങളൊ ആര്‍ഭാടങ്ങളൊ ഇല്ലാതെ
ഹൃദയത്തില്‍ പതിയേ പെയ്യുന്ന ഓര്‍മ മഴ പൊലെ
വാക്കുകള്‍ ഇങ്ങനെ പൊഴിഞ്ഞ് വീഴുന്നു ..!
തറവാടിലേക്ക് കൂട്ടി കൊണ്ട് വരികള്‍ കേട്ടൊ ..
ഏക്കറോളം പുരയിടത്തിന്റെ നടുക്കായ് , വൈദ്യുതി
ഇല്ലാത്ത ഓലമേഞ്ഞ , മുന്‍ വശം താഴ്ന്ന് , അടക്കാമരത്തിന്റെ
നീളം തടി കൊണ്ടുള്ള കഴുകോലുകല്‍ വച്ച ,കുനിഞ്ഞ് കേറേണ്ടി
വരുന്ന ഞങ്ങളുടെയെല്ലം സ്വന്തം തറവാട് , ഇത് വായിച്ചപ്പൊള്‍
ആദ്യം ഒടിയെത്തിയത് " ടോമി " ആണ് ഒരിക്കല്‍ പൊലും തൊടലില്‍
അവനേ കണ്ടിട്ടില്ല എന്നാലൊ വീട് വിട്ടൊരിടത്തും പൊകാറുമില്ല ..
പിന്നെ പൊന്തകാടുകള്‍ പൊലെ കുടകളായ് വളര്‍ന്ന് പന്തലിച്ചിരുന്ന
പറങ്കിമാവുകള്‍ ( തെക്കന്‍ കേരളമാണോ സ്ഥലം ഗൗരിനാഥന്റെ ..? )
നമ്മുക്കെല്ലാം ഒരു നിമിഷത്തേക്ക് എടുത്ത് തലൊലിക്കാന്‍ എത്ര -
വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഓര്‍മകളാണുള്ളത് , പുതിയ തലമുറക്ക്
അന്യമായ് പൊകുന്നത് , ചിലതൊക്കെ ഓര്‍മയില്‍ വന്ന് തൊടുമ്പൊഴാണ്
നമ്മുക്കുള്ള നഷ്ടത്തിന്റെ തൊതറിയുക , ഇന്ന് ആ മണ്‍പാതകളെല്ലാം
മറ്റ് പലരും കാലത്തിന്റെ മാറ്റങ്ങളില്‍ കൈയ്യേറിയിരിക്കുന്നു ..
എല്ലാം മുറിച്ച് വിറ്റ് , മുറിച്ച് വിറ്റ് അന്യം വന്നിരിക്കുന്നു ..
തറവാട് നിന്നടുത്ത് അതിന്റെ ശേഷിപ്പ് പൊലുമില്ല , അപ്പുപ്പനും -
അമ്മാമയും തിരി വച്ചിരുന്ന കാവും , അതിനടുത്തുള്ള കുളവും
അനാഥമായ് കിടക്കുന്നത് കാണുമ്പൊള്‍ കണ്ണീര്‍ പൊടിയും ...
ഈ വരികള്‍ മനസിനേ ഒരുപാട് പിന്നൊട്ട് കൊണ്ട് പൊയ് ..!

ajith said...

വെറുതെ ഇരുന്ന് പഴയ ഓര്‍മ്മകളെല്ലാം പൊടിതട്ടിയെടുത്ത് ഒന്ന് മനോഹരമായി അടുക്കിവച്ചപ്പോള്‍ വായിക്കാന്‍ രസം. വായനക്കാരുടെയും ഓര്‍മ്മകളെ ഉദ്ദീപിപ്പിച്ചിട്ടുണ്ടാവും ഈ എഴുത്ത്!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വായനാസുഖം ഏറെയുണ്ട് .

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വായനാസുഖം ഏറെയുണ്ട് .

ഫൈസല്‍ ബാബു said...

ഓര്‍മ്മകളുടെ കൈ പിടിച്ചു ഒരു യാത്ര,,നല്ല അവതരണം പതിവ് പോലെ,, ( അക്ഷര വലിപ്പം കൂട്ടിയാല്‍ വായനാസുഖം കൂടും . ആശംസകള്‍ .

ശ്രീ said...

മനോഹരമായ ഒരു പോസ്റ്റ്, ചേച്ചീ...

എന്റെയും കുട്ടിക്കാലത്തെ വല്ലാതെ ഓര്‍മ്മിപ്പിയ്ക്കുന്നു ഈ ഓര്‍മ്മക്കുറിപ്പുകള്‍. കുട്ടിക്കാലത്ത് ടിവിയും ചാനലുകളും മറ്റുമില്ലാതിരുന്ന സമയത്ത് ഇതു പോലുള്ള ഒത്തു ചേരലുകള്‍ എത്ര മാത്രം രസകരങ്ങളായിരുന്നുവെന്ന് ഇന്ന്, വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് മനസ്സിലാക്കാനാകുന്നത്.

എന്റെ ഓര്‍മ്മയിലും സമാനമായ ഒരു കാലഘട്ടമുണ്ടായിരുന്നു എന്നതു കൊണ്ടാകാം ഒരു പക്ഷേ ഈ പോസ്റ്റ് വളരെ ടച്ചിങ്ങ് ആയി തോന്നുന്നത്.

Kamalsy Najmal said...

vayichu, Thank you....

Cv Thankappan said...

പഴയകാലഓര്‍മ്മകളുടെ തിളക്കവുമായി കൂട്ടുകുടുംബവിശേഷം!
മനോഹരമായിരിക്കുന്നു....
ആശംസകള്‍

ഉമ്മര്‍ പൂക്കയില്‍ said...

എഴുത്ത് വളരെ മനോഹരമായിരിക്കുന്നു ഗൌരി. പണ്ട് ഞങ്ങള്‍ സ്‌ക്കൂളില്‍ പോവുന്ന വഴിയില്‍ ഒരുപാടു പറങ്കിമാവുകള്‍ ഉണ്ടായിരുന്നു അതില്‍ ഒരുപാടു പറങ്ക്യാങ്ങകളും... ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സ് കുളിരണിയുന്നു പക്ഷെ ഇന്ന് അതൊക്കെ നൊസ്റ്റാള്‍ജിയകള്‍ മാത്ര...ഞാനും ഗൌരിയും എല്ലാം കേട്ടു വളര്‍ന്ന കഥകള്‍ ഒന്ന് തന്നെ പക്ഷെ ഇനി അങ്ങനെ ഒരു കാലം തിരിച്ചു കിട്ടുമോ എന്തോ... ആശംസകൾ

Harinath said...

കടന്നുപോയ നല്ല കാലം. നന്മയുടെ സുഖം അറിയിക്കുന്ന അനുഭവങ്ങളാണവ. ആരാണ്‌ അതിനെ നഷ്ടപ്പെടുത്തിയത് ?

കുഞ്ഞൂസ്(Kunjuss) said...

നല്ല രസായിട്ട് എഴുതിയിരിക്കുന്നു. ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ വായന സമ്മാനിച്ചതിന് നന്ദി...

ശ്രീക്കുട്ടന്‍ said...

എഴുത്ത് നന്നായിരുന്നു. പറഞ്ഞിരിക്കുന്നതില്‍ മിക്കതും ഇനി ഓര്‍മ്മകളില്‍ മാത്രം ആസ്വദിക്കുവാനേ കഴിയൂ..

Melvin Joseph Mani said...

ഒരു ഓര്‍മ്മകാലത്തിലേക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി..... :)

Vishnulal Uc said...

ഒരോർമ്മക്കുറിപ്പ്

വിനോദ് കുട്ടത്ത് said...

അമ്മ കുശുമ്പുകള്‍വാഴുന്ന നന്മ നിലങ്ങള്‍.... എന്താ എഴുത്ത്....... മനോഹരമായി രചന..... ഒരുപാട് ആശംസകൾ......

സജീവ്‌ മായൻ said...

വല്ലാത്ത നോസ്ടാല്‍ജിയ!!!ആ പഴയകാല നാട്ടുക്കൂടത്തില്‍ എത്തിയപോലെ...
ചിത്രങ്ങള്‍ എല്ലാം ഒത്തുവന്നു
ആശംസകള്‍!!!

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലോരു ഓർമ്മ കുറിപ്പ്
തീർച്ചയായും ശാരിക്ക് എഴുത്തിന്റെ വരമുണ്ട് കേട്ടൊ