സാധാരണ എന്തെങ്കിലും പുതിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ എല്ലാവരും പറയുന്ന ഒരു
കാര്യമുണ്ട്. അതു നമ്മുടെ സംസ്കാരത്തിനു നിരക്കുന്നതല്ല അഥവാ സംസ്കാരസമ്പന്നമായ ഇന്ത്യയാണിത്
എന്നൊക്കെ. അതു കേള്‍കുമ്പോഴൊക്കെ സഹിക്കാനാകാത്ത ദേഷ്യം വരാറുണ്ട്..
കുറഞ്ഞകാലം മാത്രം ജീവിതപരിചയം ഉള്ള ഒരാളാണ് ഞാന്‍, എന്നിട്ടും ചില അനുഭവങ്ങള്‍
സംസ്കാരത്തിനോടുള്ള ബഹുമാനം ഇല്ലാതാക്കിയിട്ടുണ്ട്, അതിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങള്‍
കരയിപ്പിച്ചിട്ടൂണ്ട്, അല്ല കരയിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.. കാരണം കണ്ട കാഴ്ചകളിലെ
ക്രൂരതകള്‍ക്കെല്ലാം കാരണമായി നിലകൊണ്ടിരിക്കുന്നതും മേല്പറഞ്ഞ സംസ്കാര സമ്പന്നതയാണ്.
6 മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചിരിക്കുന്നത്, അവള്‍ക്ക് ജനിച്ചപ്പോള്‍
ഉണ്ടായിരുന്ന സുന്ദരമായ ചുണ്ടും മൂക്കും മരിക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. കള്ളുകുടിച്ചെത്തിയ
അവളുടെ സ്വന്തം അച്ഛന്‍ കാമഭ്രാന്ത് കയറിയപ്പോള്‍ കടിച്ചു പറിച്ചെടുത്തതാണ്. ജില്ലാ
കളക്ടറ് ആരതി രാവും പകലും കാവലേര്‍പ്പെടുത്തി, തെളിവില്ലാതാക്കാനായി അവളെ അച്ഛന്‍ അപായപെടുത്തതിരിക്കാന്‍.
കാവലാകേണ്ടിയിരുന്ന അമ്മ തന്നെ അവള്‍ക്ക് പാലും മരുന്നും കൊടുക്കാതെ കൊന്നു കളഞ്ഞു.
ഭര്‍ത്താവ് അവരോട് പറഞ്ഞത്രെ കുഞ്ഞുങ്ങളിനിയും ഉണ്ടാകില്ലേ, ഭര്‍ത്താവോ എന്നു. സ്ത്രീകള്‍
ഭര്‍ത്താവിനെ കുറ്റവാളി ആക്കി വിധവയാകുന്നതും സംസ്കാരത്തിനു നിരക്കുന്നതല്ലല്ലോ, ഗര്‍ഭിണിയുടെ വയറിന്റെ ലക്ഷണം
നോക്കി അകത്തുള്ളത് പെണ്ണാണെന്ന നിഗമനത്തില്‍ നാടന്‍ രീതിയില്‍ ഗര്‍ഭം ഇല്ലാതാക്കുന്ന
നാടണിന്നും ഇന്ത്യ, അപ്പോളൊരു പെണ്‍ഹത്യക്ക് വല്യ പുതുമയൊന്നുമില്ല.
11 വയസ്സുള്ള പെണ്‍രൂപമെത്താത്തൊരു കുഞ്ഞു, അവളുടെ ഗര്‍ഭപാത്രം പൂര്‍ണ്ണമായും
തകര്‍ന്നിരുന്നു. അവളെ വീട്ടിലാരുമില്ലാത്ത സമയത്ത് ബലാത്സംഗം ചെയ്തത് അച്ഛന്റെ അനിയനായിരുന്നു.
പിന്നീടമ്മ മജിസ്ട്രേട്ടിനു മൊഴി നല്‍കി, വീടിനു മുകളില്‍ നിന്നും മറിഞ്ഞു വീണതാണെന്നു.
അതിലും നിസ്സംഗതയോടെ കുട്ടിയെ പറഞ്ഞു പഠിപ്പിച്ചു പെണ്‍കുട്ടികള്‍ ഇതൊക്കെ സഹിക്കാന്‍
പഠിക്കണമെന്ന്. സ്ത്രീകളെപ്പോഴും ക്ഷമയുടെ പര്യായമായിരികുന്നതല്ലേ നമ്മുടെ സംസ്കാരം.
ഗ്രാമങ്ങളിലെ ദളിതര്‍ക്കാവട്ടെ വെള്ളമില്ല, വെളിച്ചമില്ല, വിദ്യാഭ്യാസവുമില്ല.
അതൊക്കെ നിഷേധിച്ചിരിക്കുന്നത് ഉയര്‍ന്ന ജാതിക്കാരാണ്, അവരുടെ അടിമകളായി കഴിയുന്ന ദളിതര്‍
ഇല്ലെങ്കില്‍ ഉയര്‍ന്ന ജാതിക്കാരുടെ ഒരു സൌകര്യങ്ങളും നടക്കില്ല. പ്രധാന സിറ്റികള്‍
വിട്ട് കഴിഞ്ഞാല്‍ എല്ലാ ചായക്കടകളിലും ദളിത് ഗ്ലാസ്സുകള്‍ കാണാം.( പ്രധാനമന്ത്രിയുടെ
നാട് ഇക്കാര്യത്തിലൊട്ടും പിറകിലല്ല) ദളിതനു ചായ വേണമെങ്കില്‍ മതിലിരിക്കുന്ന ചായഗ്ലാസ്സ്
എടുത്ത് വന്നാല്‍ ഗ്ലാസ്സില്‍ തൊടാതെ ചായ ഒഴിച്ചു കൊടുക്കും, ആ ഗ്ലാസ്സ് പ്രത്യേകം
വെച്ചിട്ടുള്ള വെള്ളത്തില്‍ കഴുകി പുറം മതിലില്‍ കമിഴ്ത്തി വെക്കണം.
ഒരിക്കല്‍ സഫായിവാലകള്‍ വന്നപ്പോള്‍ രാവിലത്തെ ഭക്ഷണം കഴിക്കാനവരെ വിളിച്ചു.
ഒട്ടിയ വയറും അഴുക്കു പുരണ്ട് ചിരിയുമായി വെറും
നിലത്ത് കുട്ടിപട്ടാളം നിരന്നിരുന്നു. വിളമ്പാന്‍ പാത്രം കൊണ്ട് വന്നപ്പോള്‍ വെറും
നിലത്ത് വിളമ്പാനായിരുന്നു അവര്‍ പറഞ്ഞത്. ഇല്ലെന്ന് വാശി പിടിച്ചപ്പോള്‍ ഭക്ഷണത്തിനോടുള്ള
കൊതി കൊണ്ടായിരിക്കണം പൂക്കളുള്ള പ്ലേറ്റില്‍ കഴിക്കാമെന്ന് സമ്മതിച്ചത്. സെക്കന്റുകള്‍ കൊണ്ട്, ശ്വാസം മുട്ടലോടെ കഴിച്ചു തീര്‍ത്ത് ആ പ്ലേറ്റും കൊണ്ടാണവര്‍ പോയത്. അതിലിനി
ഞങ്ങള്‍ കഴിച്ചാല്‍ അവര്‍ നരകത്തില്‍ പോകുമെന്നാണത്രെ വിശ്വാസം.
പട്ടണത്തിന്റെ നടുവിലൂടെ വരുന്ന വര്‍ണ്ണങ്ങളില്‍ കുളിച്ച ബരാത്തിലേക്ക് എത്തി
നോക്കാതിരിക്കാന്‍ കഴിയില്ല, അത്രക്ക് സിനിമാറ്റിക്ക് ആണ് വിവാഹങ്ങള്‍, ഈയിടെ കണ്ട വരനു
കൂടിയാല്‍ 7 വയസ്സുവരും , വധു ചെറിയകുഞ്ഞ് കല്യാണപല്ലക്കില്‍ തളര്‍ന്നുറങ്ങുന്നു.നിയമം
വഴി നിരോധിക്കപെട്ടിട്ടും ആയിരകണക്കിനു ബാലവിവാഹങ്ങളാണ് നടക്കുന്നതിന്ത്യയില്‍.
പര്‍ദ്ദാ സമ്പ്രദായ പ്രകാരം ജീവിക്കുന്ന ഒരു സ്ത്രീയെ അബദ്ധവശാല്‍ പുറത്തുള്ള
ഒരാള്‍ കണ്ടു. അന്നു തന്നെ ആ സ്ത്രീയെ ജാതിയില്‍ നിന്നു പുറത്താക്കി, അവള്‍ പിന്നീട്
മറ്റൊരു ജാതിക്കാരുടെ വേശ്യയായി മാറി.
കുഞ്ഞുങ്ങള്‍ മുതല്‍ ഹിജഡകള്‍ വരെ ലൈഗികപീഡനത്തിനിരയാകുന്നു, എന്തിനേറേ അഴുക്കു
കൊണ്ട് നാറുന്ന ഭ്രാന്തിയെ പോലും വെറുതെ വിടില്ല.കൂട്ടബലാത്സംഗം ഒരു ശിക്ഷയായി നടപ്പിലാക്കുന്ന
ഗ്രാമങ്ങള്‍ ധാരാളമുണ്ടിപ്പോഴും. അഭിമാനം രക്ഷിക്കാന്‍ കൊല, എന്തിനും ഏതിനും ലൈഗിംകപീഡനം
ഒരു പരിഹാരമായി കാണുന്ന അതു നടപ്പിലാക്കാന്‍ സദാ തയ്യാറുള്ള പുരുഷലിംഗങ്ങളുള്ള നാടാണിത്.
ഇത് കെട്ടുകഥകളല്ല, കണ്ട കാഴ്ചകളാണ്, ഇന്നാട്ടിലെ കൂടുതല്‍ ജനങ്ങളും ഈയവസ്ഥയിലാണ്.
ഇത്തരത്തില്‍ പരമകഷ്ടമായ വ്യവ്സ്ഥിതിയുടെ ജനത പറയും ഭിന്നലിംഗക്കാരും സ്വവര്‍ഗ്ഗപ്രേമികളുമൊക്കെ
അവരുടേ സമ്പന്നമായ സംസ്കാരത്തിനു യോജിക്കാനാവാത്തതാണെന്നു. അവരും മനുഷ്യരാണ്, അവരെ
കുറ്റവാളികളാക്കുന്നത് നമ്മുടെ (മജോറിറ്റിയുടെ) വ്യവസ്ഥാപിത താല്പര്യങ്ങളാണ്.ജീവിച്ചിരിക്കാന്‍
കൊതിയുണ്ടായിട്ടും നിവൃത്തിയില്ലാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരാണവര്‍. ജീവിക്കാനുതകാത്ത
സംബ്രദായങ്ങളേക്കാള്‍, ജീവനെടുക്കാത്ത , കരുണയുള്ള സംബ്രദായങ്ങളല്ലേ നല്ലത്? അവരെ അംഗീകരിക്കുമ്പോഴല്ലേ
നമ്മള്‍ സംസ്കാരസ്മ്പന്നരാകുക.
ഈ ഭൂമിയില്‍ ഓരോരുത്തരും ജനിക്കുന്നത് ആനന്ദത്തോടെ ജീവിക്കാനാണ്.
ഒരാളുടെ ആനന്ദത്തിന്റെ അതിര്‍ വരമ്പ് മറ്റൊരാളിന്റെ മൂക്കുനോവിക്കാത്ത അത്രയും അകലെയുമായിരിക്കണം
. ഈ ചെറിയ നിയമം മാത്രമേ വേണ്ടു സംസ്കാര സമ്പന്നരായി ഈ ഭൂമിയില്‍ ജീവിക്കാന്‍. എന്നിട്ടും
എത്ര മാത്രം സങ്കീര്‍ണ്ണമായ വ്യവസ്ഥിതിയാണ് നാം കൊണ്ട് നടക്കുന്നതു.ഭൂമിയിലെ ഓരോ ജീവനും
ആനന്ദിക്കട്ടെ, ആരും പിടിച്ചു വെക്കാതെ തന്നെ…
27 comments:
ഓരാളുടെ ആനന്ദത്തിന്റെ അതിർവരമ്പ് മറ്റൊരാളിന്റെ മൂക്കു നോവിക്കാത്ത അത്രയും അകലെ ആയിരിക്കണം.
ഗൗരി നാഥൻ .. ആനന്ദത്തിന്റെ അവകാശികൾ വളരെ നന്നായിരിക്കുന്നു.
ഓരാളുടെ ആനന്ദത്തിന്റെ അതിർവരമ്പ് മറ്റൊരാളിന്റെ മൂക്കു നോവിക്കാത്ത അത്രയും അകലെ ആയിരിക്കണം.
ഗൗരി നാഥൻ .. ആനന്ദത്തിന്റെ അവകാശികൾ വളരെ നന്നായിരിക്കുന്നു.
നല്ല ചിന്തകൾ!!!
എവിടൊക്കെയോ എച്മുച്ചേച്ചിയെ ഓർമ്മിപ്പിക്കുന്നു.
ഇനിയും വരാം.
യാഥാര്‍ത്ഥ്യബോധത്തോടെ ചരിത്രത്തെയും പുരാണങ്ങളെയും വായിക്കുന്നുവെങ്കില്‍ നാം അവകാശപ്പെടുന്നത്ര സംസ്കാരസമ്പന്നരൊന്നുമായിരുന്നില്ല എന്നും ഇപ്പോഴും ഇന്‍ഡ്യയുടെ സിംഹഭാഗവും ആ അവസ്ഥയില്‍ത്തന്നെ തുടരുന്നു എന്നും കാണാം. നമ്മുടെ നവോത്ഥാനനായകര്‍ക്ക് നന്ദി പറയുക, സഹ്യനിപ്പുറം സംസ്കാരത്തിന് അല്പമെങ്കിലും വളര്‍ച്ചയും ചൈതന്യവും കൈവന്നിട്ടുണ്ട്. ഭീഷണമായ വിധത്തില്‍ അത് മാഞ്ഞുപോകുന്നുവെന്നതും കാണാതിരുന്നുകൂടാ താനും.
എനിക്ക് തോന്നുന്നത് സംസ്ക്കാരം എന്ന് പറയുന്ന ഒന്ന് ഇല്ലെന്നാണ്. ഓരോ കാലഘട്ടത്തിലും മനുഷ്യര്‍ ജീവിക്കുമ്പോള്‍ അതത് കാലഘട്ടത്തിനു അനുസരിച്ച ശീലങ്ങള്‍ മാത്രം പിന്‍ തുടരുന്നു എന്നാണ്. മാറ്റങ്ങള്‍ക്കനുസരിച്ച് ആ ശീലങ്ങളില്‍ മാറ്റം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന പോരുത്തപ്പെടലിലെ വൈവിധ്യങ്ങള്‍ ആണ് പ്രശ്നങ്ങള്‍. അവിടെ മനുഷ്യനില്‍ പല തരത്തിലും അവന്‍ അറിയാത്ത പല കുഴപ്പങ്ങളും പെരുകുന്നുണ്ട്. ആ കുഴപ്പങ്ങളുടെ ശരിയായ ഉറവിടങ്ങള്‍ എങ്ങിനെ സംഭവിച്ചു എന്ന അറിവില്ലായമയാണ് പല കുറ്റപ്പെടുത്തലുകള്‍ക്കും കാരണമാകുന്നത് എന്ന് തോന്നിയിട്ടുണ്ട്. കുറ്റങ്ങള്‍ക്കുള്ള ശിക്ഷ എന്നല്ലാതെ ഇനി കുറ്റങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അത്തരം ഉറവിടം കണ്ടെത്തി പരിഹരിക്കാതെ മറ്റ് വഴിയില്ല എന്ന് തോന്നുന്നു.
അജിത്തേട്ടന്‍ പറഞ്ഞത് പോലെ നമ്മളൊക്കെ കുറേകൂടി ഭേദമാണ്, അല്ല ആയിരുന്നു എന്ന് വേണം ഇപ്പോഴത്തെ അവസ്ഥയില്‍ പറയാന്‍. ഭൂമിയിലെ ഓരോ ജീവനും ആനന്ദിക്കാന്‍ അവകാശമുണ്ടെന്ന തിരിച്ചറിവിന്‍റെ സമ്പന്നതയെങ്കിലും ഓരോരുത്തരിലും ഉണ്ടായിരുന്നെങ്കില്‍!
വല്ലപ്പോഴും വന്ന് .. ഓരൊന്ന് പറഞ്ഞു .. നെഞ്ചു നീറാൻ കനൽ കോരിയിട്ട്... :(
വല്ലപ്പോഴും വന്ന് .. ഓരൊന്ന് പറഞ്ഞു .. നെഞ്ചു നീറാൻ കനൽ കോരിയിട്ട്... :(
ഇരുളടഞ്ഞ ഭൂതകാലങ്ങളിലേയ്ക്കും.......
ആശംസകള്‍
ഞാനിവിടെ ആദ്യമായി വരികയാണ്...... നല്ല മൂര്‍ച്ചയുള്ള എഴുത്ത്.....
സംസ്കാരം ഇല്ലാത്ത സംസ്കാരത്തിലൂടെ നിരങ്ങി നീങ്ങികൊണ്ടിരിക്കുന്ന നമ്മളുടെ ഈ ലോകത്തിനു നേരെ പിടിച്ച കണ്ണാടി പോലെയായിരുന്നു എഴുത്ത്.....
നിയമം കണ്ണുകെട്ടി കാവലിരിക്കുന്ന ഈ നമ്മുടെ നാട്ടില്‍ വാക്കുകള്‍ കൊണ്ടുള്ള ചാട്ടവാടിയായി ഈ എഴുത്ത് ആശംസകൾ
പൊള്ളുന്ന സത്യങ്ങളെ കുറിച്ച് മൂർച്ചയുള്ള കുറിപ്പ്...
ഞാനും കൂടെ കൂടി ട്ട്വോ.......
ഭൂമിയിൽ ജനിക്കുന്നത് ആനന്ദത്തോടെ ജീവിക്കുവാനാണ് എന്ന് പറയുന്നത് ശരിയാണോ? ആരുടെയോ ആനന്ദത്തിന്റെ ഇരകൾ ആയാണ് ജനിക്കുന്നത്. ആനന്ദം എന്തെന്നറിയാത്ത ജീവനുകൾ. ജീവിച്ചു തുടങ്ങുമ്പോഴാണ് ആനന്ദം വേണമെന്ന് ആഗ്രഹിക്കുന്നത്. അത് കൂടുതൽ കൂടുതൽ വേണം എന്ന് ആഗ്രഹിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അന്യൻറെ ആനന്ദം കൂടി കവർന്നെടുക്കാൻ ശ്രമിക്കും. എടുക്കും. അതാണ് പ്രശനങ്ങളുടെ ഹേതു.
സംസ്കാരത്തിനു നിരക്കാത്തത് എന്നുള്ള കുറെ സംഭവങ്ങൾ എഴുതിയല്ലോ. അത് തന്നെയാണ് നമ്മുടെ സംസ്കാരം. അത്തരം കാര്യങ്ങൾ ഉണ്ടാകാതെ ഉള്ള ഒരു ജീവിത രീതി. അതായിരിക്കണം നമ്മുടെ സംസ്കാരം. ഭൌതിക സുഖങ്ങൾ ആണ് അവസാന വാക്ക് എന്ന മാനസിക സ്ഥിതി ആണ് ഇങ്ങിനെയൊക്കെ സംഭവിക്കുന്നതിനു കാരണം,
എഴുത്ത് നന്നായി. എന്തെങ്കിലും മാറ്റം ആരിലെങ്കിലും ഉണ്ടാകട്ടെ.
കുറ്റവാളികളുടെ മന:ശാസ്ത്രം പഠികുമ്പോള്‍ അവരും വെളിപ്പെടുത്തുന്നു - ആനന്ദ ലബ്ദിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന്.അപ്പോള്‍ ആനന്ദലബ്ദിയുടെ മാര്‍ഗ്ഗങ്ങളാണ് വിശകലനം ചെയ്യേണ്ടത്. സ്വയം ആനന്ദിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കൂടി ശ്രദ്ധിച്ചാല്‍ ഭൂമി സുന്ദരമാകും.
വായിച്ചു. ഈ 21-ാം നൂറ്റാണ്ടിലും നമ്മള്‍ എത്ര എത്ര പിന്നില്‍! ഇതെല്ലാം ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരെ വധിച്ച് ഇല്ലാതാക്കുകയല്ലേ ചെയ്യുന്നത്, ഈ സ്ഥിതി മാറ്റുവാന്‍ ശ്രമിക്കുന്നതിനു പകരം."കാലിന്നടിയില്‍ മുട്ട ഇരുന്നാല്‍ തകരാത്ത വിധം വേണം പെണ്ണ് നടക്കേണ്ടത്, ഭൂമിയോളം ക്ഷമിക്കണം പെണ്ണ്.." മുന്‍തലമുറയിലെ സ്ത്രീകള്‍ ഇളം മുറക്കാരോട് പറഞ്ഞുകൊടുത്തിരുന്നതാണ് ഈയടുത്ത കാലം വരെ.അല്ലാ, "സ്ത്രീ നശിച്ചാല്‍ സമൂഹം നശിക്കും" എന്ന പറഞ്ഞു വച്ചത് നമ്മുടെ സ്വന്തം ശ്രീകൃഷ്ണന്‍ തന്നെ അല്ലേ?
വരാന്നു പറഞ്ഞിട്ട് വരാന് താമസിച്ചു. ക്ഷമാപണത്തോടെ....
നല്ല തെളിഞ്ഞ ചിന്ത.നമ്മള്‍ ഏറെ പുകഴ്ത്തുന്ന സംസ്കാരം ഇതെല്ലാം കൂടി ചേര്‍ന്നതാണ്.
Good post...ഇതേ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും തന്നെയാണ് എനിക്കും തോന്നാറുള്ളത്.
valare nannayirikkunnu, uracha bhasha, theeshnamaya sathyangal
കുഞ്ഞുങ്ങളോടും, സ്ത്രീകളോടും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളടക്കമുള്ള ദുർബല വിഭാഗങ്ങളോടുമൊക്കെയുള്ള മനസാക്ഷിക്കു നിരക്കാത്ത അതിക്രമങ്ങൾ ഇന്നും തുടരുകയാണ്. ഇവിടെ നിയമം പലപ്പോഴും നോക്കുകുത്തിയാവുന്നു.
രക്തബന്ധങ്ങളെ പോലും കൊടും പാതകത്തിന് വിധേയമാക്കുന്നവര്‍ സുബോധത്തോടെയല്ല അതൊന്നും ചെയ്യുന്നത് .നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവുംവലിയ ശാപം മദ്യവും മയക്കുമരുന്നുകളും സുലഭമായി ലഭിക്കുന്നു എന്നതാണ് ഇന്നേയുടെ അവസ്ഥകളാണ് ഇവിടെ എഴുതപ്പെട്ടിരിക്കുന്നത് അല്ലെങ്കില്‍ത്തന്നെ പിഞ്ചുകുഞ്ഞുങ്ങളില്‍ നിന്നും എന്ത് ശാരീരിക സുഖമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുന്നത് ?
വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി
നല്ല ആനന്ദം വരുത്തുന്ന ചിന്തകൾ തന്നെയാണ്
ഗൌരി ഇവിടെ പങ്കുവെച്ചിരിക്കുന്നത്
അഭിനന്ദനങ്ങൾ...
JinyAnish , സുധി അറയ്ക്കൽ ajith bai, പട്ടേപ്പാടം റാംജി, Mubi, ഇട്ടിമാളു അഗ്നിമിത്ര , Cv Thankappan, വിനോദ് കുട്ടത്ത്, Shaheem Ayikar , Bipin, Areekkodan | അരീക്കോടന്, Maithreyi Sriletha , vettathan g, harinath, shajitha, Pradeep Kumar , ചിന്താക്രാന്തൻ, Muralee Mukundan , ബിലാത്തിപട്ടണം എല്ലാവര്‍ക്കും നന്ദി.. ബിപിന്‍ ജി മറ്റ് രണ്ടാളിന്റെ ആനന്ദ്ത്തിന്റെ ഫലമായി ഉണ്ടായത് കൊണ്ട് അവര്‍ക്കിവിടെ ലഭിക്കാനുള്ളത് തടഞ്ഞ് വെക്കാന്‍ ആര്‍ക്കാണ് അധികാരം...വന്നു കണ്ട് പോയവര്‍ക്കെല്ലാം നന്ദി
വായിച്ചിരുന്നു. കമന്റുകയും ചെയ്തിരുന്നല്ലോ ചിലപ്പോൾ എഫ്.ബിയിൽ ആയിരിക്കും.. ഒന്ന് കൂടി വായിച്ചു. സങ്കടപ്പെടാൻ :)
ഇട്ടിമാളു പറഞ്ഞതു പോലെ വല്ലപ്പോഴുമേ എഴുതുന്നുള്ളൂവെങ്കിലും... മനസ്സു തൊടുന്ന ചിന്തകള്‍ തന്നെ
ക്രൂരലോകം
എഴുത് ചേച്ചീ!!!
എഴുത് ചേച്ചീ!!!
Post a Comment