Sunday, 6 August 2017

ഒരു വട്ടം കൂടിയെൻ....

ആദ്യത്തെ പ്രണയവും ആദ്യത്തെ കോളേജും ലോകത്തിലാരും മറക്കാറില്ലെന്നാണ് തോന്നാറ്‌.സ്ക്കൂളുകളിലെ യൂണിഫോമിന്റെ മുഷിപ്പില്‍ നിന്നും നിറങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ആ പിച്ചവെപ്പ് എങ്ങനെ മറന്ന്‌ കളയും? അച്ചടക്കത്തോടെ പകലൊട്ടുക്ക് ക്ലാസ്സുകളില്‍ ഉറക്കം തൂങ്ങിയിരുന്നവരുടെ ക്ലാസ്സ് കട്ടുകളിലേക്കുള്ള ആഘോഷങ്ങളുടെ വളര്‍ച്ചയാണത്. പലതരം കോളെജുകളുണ്ടെങ്കിലും എന്നെ യൂണിഫോമുള്ള ക്രിസ്റ്റ്യന്‍ മാനേജ്മെന്റ്‌ കോളേജിലയക്കാനായിരുന്നു വീട്ടുകാര്‍ക്ക് താല്പര്യം.എന്നാല്‍ റിസല്‍ട്ട്‌ വന്നതോടെ അതിനൊരു തീരുമാനമായി. അവരുടെ നടക്കാത്ത സ്വപ്നം എനിക്ക് സന്തോഷത്തിനു കാരണമായി, എല്ലാ ഗവണ്‍മ്മെന്റ് മിക്സഡ്‌ കോളെജുകളും എന്റെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറപകിട്ടേകി.

എന്നാല്‍ മാര്‍ക്കിന്റെ ആധിക്യം കാരണം ഒരു വിധപ്പെട്ട എല്ലാ കോളെജുകളും എന്നെ തഴഞ്ഞെന്നറിഞ്ഞപ്പോള്‍ ഞാന്‍ അടുത്തുള്ള ടാഗൊര്‍ ട്യൂട്ടോറിയലില്‍ അഭയം പ്രാപിച്ചു. എന്നെ പോലെ ഇത്രയധികം ആള്‍ക്കാരുണ്ടെന്ന അറിവില്‍ ഇത്തിരി പ്രയാസത്തോടെ ഇതായിരിക്കും എന്റെ ഇടമ്മെന്ന് മനസ്സിലുറപ്പിച്ചു. ആ  ആഗസ്റ്റ്‌ അവസാനത്തിലാണ് സെന്റ് അലോഷ്യസില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ എത്തുന്നത്‌. സന്തോഷത്തിനു പകരം ദേഷ്യമാണ് തോന്നിയത്. എന്നാലമ്മ  വളരെ സന്തോഷത്തിലായിരുന്നു. എല്‍ എഫും വിമലയുമൊന്നുമല്ലേലും ക്രിസ്റ്റ്യന്‍ മാനേജ്മെന്റ് കോളേജാണല്ലോ..മിക്കവാറും യൂണിഫോമും ഉണ്ടാകും എന്നമ്മ പ്രത്യാശിച്ചു. അങ്ങനെയാണെങ്കില്‍ ടാഗോറില്‍ തുടരുന്നതാ ഭേദം എന്ന്‌ ഞാനും ഉറപ്പിച്ചു.

അമ്മയോട് എന്തൊക്കെ പറഞ്ഞിട്ടും അലോഷ്യസിലേക്ക് പോകാന്‍ തന്നെ തീരുമാനമായി. ഒരു മണിക്കൂര്‍ യാത്ര, അതിരാവിലെയുള്ള ഉണരല്‍, ഇതിനോളം ബുദ്ധിമുട്ടെന്തിനുണ്ടെന്നാണ് ഞാനാലോചിച്ചത്‌. ഇത്ര നേരം കാറ്റടിച്ച്‌ എനിക്ക് ജലദോഷം വരും, മനക്കൊടി പാടത്തെ ചീഞ്ഞ മണം കേട്ടാ, ബസിലെ കിളികളെ ഞാന്‍ പ്രേമിച്ചാലൊ എന്നു തുടങ്ങി ഉടക്കു ന്യായങ്ങള്‍ കുറേ പറഞ്ഞിട്ടും അമ്മക്ക് കുലുക്കമില്ല. എല്‍തുരുത്തില്‍ നിന്നും ഓട്ടോയില്‍ കയറി യാത്ര തുടങ്ങിയപ്പോള്‍ ശരിക്കും എന്റെ നിയന്ത്രണം വിട്ടിരുന്നു. അനവധി വളവുകള്‍ തിരിവുകള്‍ ആളനക്കമധികമില്ലാത്ത അവസാനമില്ലാത്ത റോഡ്, എവിടേക്കാ ചേട്ടാ കാട്ടിലേക്കാണോ പോണെ എന്ന്‌ അസഹ്യത മൂത്ത്‌ ചോദിക്കേം ചെയ്തു.


എന്നാല്‍ കോളേജിന്റെ ആദ്യ ഗേറ്റെത്തുന്നതിനു മുന്‍പേ വച്ചു തന്നെ എല്‍തുരുത്തിന്റെ ശാന്തത എന്നിലും പകരാന്‍ തുടങ്ങിയിരുന്നു. റോഡിന്റെ ഇരു സൈഡിലും ഇടതൂര്‍ന്ന വാഴത്തോട്ടങ്ങള്‍, അതിനിടയിലൂടെ നിലാവെട്ടം വീണപോലെ വെയിലടിച്ച്‌  തിളങ്ങുന്ന വെള്ളം നിറഞ്ഞ കോള്‍പ്പാടം, വല്ലാത്ത നിശബ്ദതയും…..ആ നിമിഷം മുതല്‍ ഞാന്‍ അലോഷ്യസിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

അതിവിശാലവും , നിരവധി പടികളുള്ള പള്ളിക്കു മുന്‍പിലാണ് ഓട്ടോ നിന്നത്‌. മുന്‍പ്പിലാകട്ടെ വന്‍പന്‍ പച്ചകുട നിവര്‍ത്തി പിടിച്ച പോലെ ഒരു മദിരാശി മരം.. അതിന്റെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന  വേരുകള്‍ക്കിടയില്‍ നിറങ്ങളുടെ ഉത്സവമെന്നോണം നിരന്നിരിക്കുന്ന കുട്ടികള്‍.ദൂരെ മലകളുടെ നേര്‍ത്ത രേഖ കാണിച്ച്, വെള്ളം നിറഞ്ഞ്‌ വെയിലില്‍ തിളങ്ങി കിടക്കുന്ന കോള്‍ പാടം. മുട്ടുകാലൊപ്പം പൊക്കത്തില്‍ പുല്ലു നിറഞ്ഞ ഗ്രൌണ്ട്, അതിനിടയിലൂടെ നീണ്ടു കിടക്കുന്ന ഒറ്റവരി നടപ്പാത..ഏതൊക്കെയോ റൊമാന്റിക്ക്‌ സിനിമകളില്‍ കണ്ടുമറന്ന അടയാളങ്ങള്‍ എനിക്ക്‌ മുന്‍പില്‍ നിവര്‍ത്തിയിട്ട്‌ അലോഷ്യസ്‌ ചിരിച്ചു.



അന്ന്‌ ഒരു സമരദിവസമായിരുന്നു. ഞങ്ങള്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ പ്രിന്‍സിപ്പാളും, സൂപ്രണ്ടും സമരനേതാക്കളും കൂടെ കലശലായ തര്‍ക്കം നടക്കുന്നു. പ്യൂണ്‍ ഹരിക്കുട്ടന്‍ വന്ന് അരമണിക്കൂ‍ര്‍ കഴിഞ്ഞേ അഡ്മിഷന്‍ നടക്കൂ എന്നറിയുച്ചു. എന്നെ കൂടാതെ 5 പേര്‍ കൂടി ഉണ്ടായിരുന്നു അഡ്മിഷന്. ഞങ്ങളെല്ലാരും കൂടെ നേരെ പോയത് കാന്റീനിലേക്കായിരുന്നു.

കോള്‍പ്പാടത്തെ തണുത്ത കാറ്റ്‌ എന്റെ വിടത്തിയിട്ട മുടിക്കുള്ളിലൂടെ ഇക്കിളിയിട്ട് പാഞ്ഞു. കണ്ണത്താദൂരം ആകാശമതിരിട്ട് കിടക്കുന്ന പാടത്തിനിടയില്ലൂടെ ബണ്ട്‌ റോഡുകള്‍ ആകാശത്തേക്കാണോ വഴി കാട്ടുന്നതെന്ന് സംശയിച്ച്, ആലീസ് അത്ഭുത ലോകത്തില്‍ പെട്ട പോലെ ഞാന്‍ കാന്റീന്‍ പുറത്ത്‌ നിന്നു. മനസ്സിലപ്പോള്‍ ഇതാണ് ഇതു മാത്രമാണെന്റെ ഇടമെന്ന്‌ വീണ്ടും വീണ്ടും ഉറപ്പിച്ചു.


ഡിക്സണ് ചേട്ടന്‍ വക ചായയും കുടിച്ച്‌, തിരിച്ച്‌ ഓഫീസിലെത്തിയപ്പോഴാണ് അടുത്ത ഷോക്കുണ്ടായത്‌. അഡ്മിഷനു വേണ്ടി എടുത്ത് വെച്ചിരുന്ന 6 അപേക്ഷാഫോമുകളില്‍ എന്റെ ഫോം മാത്രം കാണാനില്ല, ഹരിയാണെങ്കില്‍ അതെടുത്ത്‌ വെച്ചിരുന്നതാണെന്ന് പറയുന്നുമുണ്ട്.ഇനി അഡ്മിഷന്‍ നടക്കാന്‍ സാധ്യത ഇല്ലെന്ന് സൂപ്രണ്ടിന്റെ മുഖം പരയുന്നുണ്ട്.. എങ്കില്‍ പിന്നെ പോയേക്കാം എന്ന ട്യൂണിലാണമ്മ, അല്ലെങ്കിലും യൂണിഫോമില്ലാത്ത കോളേജിനെന്ത് വില. ഞാനും ഹരിയും കൂടെ മൊത്തം ഫോമുകള്‍ എടുത്ത് പരിശോധിച്ചു, , പക്ഷേ അതിലും അതിനെ കണ്ടു കിട്ടിയില്ല.

ഉള്ളില്‍ നഷ്ടബോധത്തിന്റെ വേദന ഒരു വലിയ കരച്ചിലായി വിങ്ങുന്നുണ്ട്, കണ്ണുനിറയാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഇനി പോകാം എന്നമ്മയോട് പറഞ്ഞു. അപ്പോഴാണ് മാറ്റി വെച്ചിരിക്കുന്ന ആ 5 ഫോമുകളിലൊന്നിനു ഇത്തിരി കനം കൂടുതലില്ലേ എന്ന് അമ്മ സംശയിച്ചത്‌, ഹരി ആ ഫോമെടുത്ത് ഒന്നു കുടഞ്ഞപ്പോള്‍ എന്റെ ഫോം മറ്റൊന്നിനകത്ത്‌ നിന്നു “നിന്നെ പറ്റിച്ചേ“ എന്ന മട്ടില്‍ പുറത്തേക്ക് ചാടി.


അന്ന്‌ മനസ്സ്‌ കൊണ്ട് അവിടെയാടിയ ദപ്പാം കൂത്ത് 2 വര്‍ഷവും തുടര്‍ന്നു. ഏറ്റവും പ്രണയപൂര്‍വ്വം ആ വളവുകളും തിരിവുകളും പൊട്ടിച്ചിരികളോടെ നടന്നു തീര്‍ത്തു. പ്രണയങ്ങളുടെ, സൌഹൃദങ്ങളുടെ, പിണക്കങ്ങളുടെ, സ്വപ്നങ്ങളുടേ, കുറുമ്പുകളുടേ എല്ലാം ആദ്യകാഴ്ച അവിടെ നിന്നായിരുന്നു. ഇടക്കിടെ വെള്ളം നിറയുകയും, പച്ചനിറയുകയും, കായ്കുകയും, കൊയ്തൊഴിഞ്ഞു മരവിച്ച് കിടക്കുകയും ചെയ്തിരുന്ന കോള്‍ പാടം പോലെ തന്നെ വ്യത്യസ്തമായിരുന്നു അലോഷ്യസിലെ പിഡിസി ജീവിതവും. പ്രിയ തുരുത്തിലെ കലാലയമേ നീ തന്നതോളം ഒരിടത്ത്‌ നിന്നും ലഭിച്ചിട്ടില്ല, നിന്നോളമില്ല പിന്നെ വന്ന ഒരു കലാലയവും.

14 comments:

Manikandan said...

പ്രിഡിഗ്രീ പഠനം നടത്തിയ എറണാകുളം മഹാരാജാസും ഡിപ്ലോമയ്ക്ക് ആദ്യം ചേർന്ന അളഗപ്പയും പിന്നീട് ട്രാൻസ്ഫർ വാങ്ങി ചേർന്ന കളമശ്ശേരി ഗവണ്മെന്റ് പോളിയും സമരകലുഷിതങ്ങൾ ആയിരുന്നു. എന്നാൽ കലാലയങ്ങൾ എല്ലാം പ്രണയാതുരങ്ങളും ആയിരുന്നു. അന്ന് മൊട്ടിട്ട പല പ്രണയങ്ങളും ഇന്ന് പുഷ്പിച്ച് ഫലപ്രാപ്തിയിൽ എത്തിയിട്ടുണ്ട്. ആരംഭത്തിലേ കൊഴിഞ്ഞ പ്രണയങ്ങളും അനവധി :)

Typist | എഴുത്തുകാരി said...

മധുരമുള്ള ഓര്‍മ്മകള്‍ അല്ലേ.

© Mubi said...

സെന്റ് അലോഷ്യസിലേക്ക് പോകാതിരിക്കാനുള്ള കാരണങ്ങള്‍ ചിരിപ്പിച്ചുട്ടോ ഗൗരി :)

സുധി അറയ്ക്കൽ said...

നല്ല ഓർമ്മകൾ കേട്ടോ ഗൗരിച്ചേച്ചീീീ.

Punaluran(പുനലൂരാൻ) said...

ആദ്യമാണ് ഇവിടെ ..എന്താ എഴുത്തിന്റെ ഭംഗി .. ആശംസകൾ

അനാമികം said...

ഇന്നു വരെ ഇപ്പറഞ്ഞ കോളേജ് ഞാൻ കണ്ടിട്ടില്ല. ഒരിക്കൽ ഞാനും വരുന്നുണ്ട്.. നിന്റെയൊപ്പം ആ കോളേജ് കാണാൻ...

മഹേഷ് മേനോൻ said...

അലോഷ്യസ് വേണോ കേരള വർമ്മ വേണോ എന്ന കൺഫ്യൂഷൻ വന്നപ്പോൾ... രണ്ടു ബസ്സ് കയറിയാണ് തൃശ്ശൂർ തന്നെ എത്തുന്നത്. എൽത്തുരുത്തിലേക്ക് ഇനിയൊരു ബസ് കൂടി കയറിപ്പോകണ്ടേ അതോണ്ട് കേരള വർമ്മ തന്നെ തട്ടകം എന്ന് തീരുമാനിച്ച ഒരാൾ... :-) കെമിസ്ട്രിയിലെ ജോൺസൻ സാറിനെ കണ്ടതും, ക്യാന്റീനിൽ കയറി ചായ കുടിച്ചതും ഓർമ്മിപ്പിച്ചു...

ഗൗരിനാഥന്‍ said...

പ്രണയങ്ങളെ കുറിച്ച് എഴുതാൻ ആണെങ്കിൽ രണ്ട് പുസ്തകം എഴുതാനുള്ള വകുപ്പുണ്ട്

ഗൗരിനാഥന്‍ said...

നന്ദി വായനക്ക്

ഗൗരിനാഥന്‍ said...

നന്ദി നല്ല വാക്കുകൾക്ക്

ഗൗരിനാഥന്‍ said...

സ്നേഹം സുധി

ഗൗരിനാഥന്‍ said...

നന്ദി നല്ല വാക്കുകൾക്ക്

ഗൗരിനാഥന്‍ said...

ക്ടാവേ ഓടി വാ ട്ടാ

ഗൗരിനാഥന്‍ said...

ഞാൻ ലോ കോളേജിൽ പഠിക്കുമ്പോൾ 1999ലൊക്കെ എപ്പോഴും കേരള വർമ്മയിൽ വരുമായിരുന്നു