Friday 2 February 2018

ആർത്തവവിചാരങ്ങൾ


(Photo Courtesy : Churan Zheng)
                          വർഷങ്ങൾക്ക് മുൻപാണ് കുറച്ചു കൊല്ലം ഹോസ്റ്റലിൽ നിൽക്കേണ്ടി വന്നത്. ഇരുനൂറ്റാമ്പതോളം പെൺകുട്ടികൾ പാർക്കുന്ന അവിടെ വെച്ചാണ് നാനാതരം സ്വഭാവമുള്ള ആൾക്കാരുമായി അടുത്തിടപഴകിയിട്ടുള്ളത്. അതിനേക്കാൾ ആർത്തവമെന്ന ബയോളജിക്കൽ സംഗതി എങ്ങനെയൊക്കെ വ്യത്യസ്തമായിരുന്നു എന്ന് കണ്ടതും അപ്പോഴായിരുന്നു. 
ചില ഭാഗ്യവതികൾ ഉണ്ടായിരുന്നു.. ഇളംകാറ്റ് തഴുകും പോലെ ആർത്തവം വന്ന് പോകുന്നതറിയാത്തവർ. വേദനകളോ മറ്റ് പരവേശങ്ങളോ ബാധിക്കാത്തവർ. ചിലരാകട്ടെ വയറുവേദന, നടുവേദന, കയ്യ്-കാൽ കഴപ്പുകൾ, ഛർദ്ദി, തലകറക്കം, മൂഡ് സ്വിംങ്ങ് എന്നിങ്ങനെ നിരന്തര ശല്യക്കാരുമായി പടവെട്ടുന്നത് കാണാം.. രക്തസ്രാവം കൂടുതലായി വിളറി വെളുത്ത് , ഇടക്കിടെ ബാത്റൂമിനകത്തേക്ക് ഓടി ഓടി പോകുന്നവരെ കാണാം... പലപ്പോഴും ആദ്യം പറഞ്ഞ ഭാഗ്യവതികൾക്ക് പരമപുച്ഛമാണ് ഈ പടവെട്ടുകാരോട്. പെണ്ണുങ്ങൾക്ക് മനശക്തിയില്ലെന്നും, സഹനശക്തി ഇല്ലെന്നും ഈ ഭാഗ്യവതികൾ ലേബലൊട്ടിച്ചു കളയും  മാനസികമായി അവരെ നിരന്തര   നാണകേടിലേക്ക് തള്ളിയിടാൻ  അവർക്കാവുന്നത് ചെയ്തിരിക്കും. 
ഇനി വീടുകളിലെ സ്ഥിതിയും വല്യ വ്യത്യസ്ഥമല്ല ,  വേദന ഉള്ള അമ്മയാണെങ്കിലും അടക്കം ഒതുക്കം എന്നാ ലേബലിൽ ആ വേദനകളെ ഒതുക്കി കളയാൻ ഉപദേശിക്കും . ആയവളൊഴിച്ച് ആരും അറിയരുത്. 
ഇതിലും ഭീകരമാണ് വെള്ളമില്ലാ നാട്ടിലെ ആർത്തവ ദിനങ്ങൾ.. മുകളിൽ പറഞ്ഞ ഒന്നിനോടും ഉപമിക്കാൻ വയ്യ. ഓർക്കുമ്പോൾ വയറ്റിൽ ഒരു വേദന ഉരുകാൻ തുടങ്ങും 
വലിയ മണൽ കിഴികൾ സിന്തറ്റിക്ക് തുണിയിൽ കെട്ടിയാണ് അവർ ആർത്തവത്തെ തടയിടുന്നത്. മണലുരഞ്ഞു പഴുത്ത തുടകളിൽ നരകം തീർക്കുന്ന കാലം.. ചില പെൺകുട്ടികൾ ചെറിയ മണൽ കൂനകൾ ഉണ്ടാക്കി അതിനു മുകളിൽ അടയിരിക്കുന്നത് കാണാം.. ചിലരാകട്ടെ കയ്യിൽ കിട്ടിയ പഴംതുണികൾ എല്ലാം കൂട്ടിക്കെട്ടി തിരുകി വെക്കും. ഉപയോഗശൂന്യമായ ചിലവയിൽ ഉള്ള ഹുക്കുകളിൽ നിന്ന് ടെറ്റനസ് അടിച്ച് മരിക്കുന്നവരും ഉണ്ട്.. പെൺജന്മങ്ങൾ തീർന്നു പോകുന്ന ഈ ഇടങ്ങളിലെ ഒരു കണക്കും ആർക്കും ഇല്ല. 
ഇത്രയൊക്കെ പ്രയാസങ്ങൾ ഉണ്ടായാലും ഒന്നും പുറത്ത് പറയാൻ പാടുള്ളതല്ല..ഭാരത സ്ത്രീ തൻ വിശുദ്ധി  ..അശുദ്ധി നേരത്തും കാത്തല്ലേ പറ്റൂ.. ആർത്തവത്തെ അശുദ്ധി എന്ന് ചിന്തിക്കുന്ന നമ്മുടെ നാട്ടിൽ എന്താണാവോ ആർത്തവമില്ലാത്ത പെണ്ണിനെ ആർക്കും ഭാര്യയായി വേണ്ടാത്തത്... 
ഈ എല്ലാ അങ്കവെട്ടലുകൾക്കിടയിലും ഞങ്ങൾ സ്ത്രീകൾ എഴുദിവസവും പ്രവർത്തനനിരതരാണെന്നത് അഭിമാനം തന്നെ എന്നും കൂടി പറഞ്ഞ് നിർത്തട്ടെ...

14 comments:

സുധി അറയ്ക്കൽ said...

എന്റെ പോന്നോ..................എച്ച്മുച്ചേച്ചിയ്ക്ക് പഠിക്കുവാരുന്നോന്ന്‍ ഒരു സംശയം...........

ഗൗരിനാഥന്‍ said...

സൂധീ ആർത്തവം എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതാ... അതിനെ കുറിച്ചെഴുതാൻ വേറെ ഒരാൾക്ക് പഠിക്കേണ്ട... എച്മുന് പഠിക്കാൻ പറ്റുന്നതിൽ സന്തോഷമേ ഒള്ളു

ajith said...

വേദനാരഹിതമായി സംഭവിക്കേണ്ട സ്വാഭാവികപ്രവർത്തനത്തിനിടയിൽ ഈ തീവ്രവേദനകൾ വരാൻ എന്താവോ കാരണം??

ഗൗരിനാഥന്‍ said...

ചിലർക്ക് സിസ്റ്റ് കൊണ്ടുള്ളതുണ്ടാകാം.. പിന്നെ വേദനക്കുള്ള പ്രോസസ്സ് നടക്കുന്നുണ്ടല്ലോ അത് കൊണ്ടാകാം സിസ്റ്റില്ലാത്തവർക്കും വേദന വരുന്നത്

© Mubi said...

ഈ ദിവസങ്ങളാണ് വേദനിച്ചാലും ചിരിക്കാന്‍ കഴിയുമെന്ന് പഠിപ്പിച്ചത്...

Muralee Mukundan , ബിലാത്തിപട്ടണം said...

ഹും ..എന്തെല്ലാം പ്രശ്നങ്ങൾ ..അല്ലെ

മഹേഷ് മേനോൻ said...

പലതരം പ്രശ്നങ്ങൾക്കിടയിലും പ്രവർത്തനനിരതർ. ചില വിദേശരാജ്യങ്ങളിൽ 'ആർത്തവാവധി' പ്രാബല്യത്തിൽ വരുന്നുവെന്ന് വായിച്ചതായി ഒരോർമ്മ

ഗൗരിനാഥന്‍ said...

അതേ മുബി

ഗൗരിനാഥന്‍ said...

അതേ അതേ...

ഗൗരിനാഥന്‍ said...

ചിലർക്ക് അങ്ങനെ ഒരവധി അത്യാവശ്യം തന്നെ

ആനന്ദ് ശ്രീധരം said...

ഒരു സ്ത്രീ ആയതിനാൽ അനേകം അനുഭവങ്ങൾ... എനിക്ക് ഇതുമായി ബന്ധപ്പെട്ട് ഒരനുഭവം... ഞാനത് എഴുതിയിട്ടുണ്ട്... ഇതേ പേരിൽ... ആർത്തവം..

ആദി said...

ആർത്തവക്കാരെ വേറൊരു കണ്ണ് കൊണ്ട് കാണുന്നവരോട് എനിക്ക് ഒരു കൊട്ട പുച്ഛം മാത്രം. എന്തെല്ലാം അനുഭവങ്ങളാണ് അല്ലേ?

ഗൗരിനാഥന്‍ said...

ആനന്ദിന്റെ ആ പോസ്റ്റ് വായിച്ചത് ഓർമ്മയുണ്ട് . അതെഴുത്താൻ തോന്നിയത്തിന് സ്നേഹം ട്ടോ

ഗൗരിനാഥന്‍ said...

അത് തന്നെ ഒന്നും കാണുന്ന പോലെ നിസ്സാരമല്ല