പ്രിയപ്പെട്ട ജയ്പൂർ, നീ എനിക്കെത്ര പ്രിയം നിറഞ്ഞതായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. നീ ആന്തിയടിപ്പിച്ച് വീടിനെ ഒരു പൊടി കൂടാരമാക്കുമ്പോൾ, മയിലുകൾ കൂട്ടമായി വന്ന് ബാൽക്കെണി നിറച്ചും അപ്പിയിട്ട് എനിക്ക് കെണിയൊരുക്കുമ്പോൾ, കുരങ്ങന്മാർ കുടുംബമായി വന്ന് ഹർത്താൽ നടത്തിയ ദിവസങ്ങളിൽ, റോഡുകൾ നിറയെ കുറുമ്പൻ പട്ടികൂട്ടം മേയുമ്പോൾ..ചൂട് കൂടി കൂടി 'നിന്നെ ഞാൻ ഉണക്കി കളയും' എന്നാ നിന്റെ ഭീഷണി കൂടുമ്പോൾ, തണുപ്പിച്ച് തണുപ്പിച്ച് നീയെന്നെ ഒരു മഞ്ഞുകാലമാക്കാൻ വാശി പിടിക്കുമ്പോഴെല്ലാം അതിയായ ദേഷ്യത്തോടെ ഞാൻ നിന്നോട് പിണങ്ങിയിട്ടുണ്ട്... നിന്നിൽ നിന്നും ഓടി പോയി കേരളത്തിലേക്ക് വണ്ടി കയറിയിട്ടുണ്ട്..
ഇന്ന് ഡൽഹിയിലെ തിരക്കിലലിയുമ്പോൾ, നിന്നോടുള്ള പ്രണയം ഞാനറിയുന്നു.നീ തന്ന സന്തോഷങ്ങൾ എന്നും ആഹ്ലാദിപ്പിക്കുന്നു..
ലോകരായ ലോകരെല്ലാം നിന്നെ കുറിച്ചെഴുതുമ്പോൾ ഞാൻ മാത്രം നിന്നെ കുറിച്ച് എഴുതിയില്ല, കാരണം നീയും ഞാനും അത്രകണ്ട് സ്നേഹത്തിലായിരുന്നു,എഴുതി നിന്നെ വേർപ്പെടുത്താനാവാതെയാണ് ഞാനതിന് മുതിരാതിരുന്നത്..
എന്ത് രസമായിരുന്നു, നേഹർഘട്ടിലേക്കുള്ള വൈകുന്നേര യാത്രകൾ. മുകളിലേക്ക് പോകും തോറും യാത്രകൾക്ക് ഹരം കൂടുമെന്ന് നീയെന്റെ ഹൃദയത്തിൽ എഴുതി വെച്ചു. നരച്ച് ഉണങ്ങിയ കാടും വിജനമായ വളഞ്ഞ് തിരിഞ്ഞ റോഡുകൾക്ക് നടുവിൽ എന്റെ മകൾ മയിലിനെക്കാൾ മനോഹരമായി നൃത്തമെത്ര ചെയ്തിരിക്കുന്നു.ഒറ്റമഴ കൊണ്ട് പച്ചപിടിക്കുന്ന അതെ കാടുകൾ, ആ മാജിക്കിൽ മനംനിറഞ്ഞെത്ര സമയം അവിടെ നിന്നിരിക്കുന്നു.
ജവഹർ കലാകേന്ദ്രയിലെ നാടകങ്ങൾ, ചിത്രപ്രദർശനങ്ങൾ, കൗതുക വസ്തുക്കളുടെ മേളകൾ, പാനിപ്പൂരികൾ,... എന്തിന് നൊസ്റ്റാൾജിയയുടെ ആവിപറക്കുന്ന ഇന്ത്യൻ കോഫീ ഹൌസ് കാപ്പികളിൽ അലിഞ്ഞ സന്ധ്യകൾ എത്രയോ വട്ടം ആസ്വദിച്ചിരുന്നു.
നിന്റെ ഹൃദയങ്ങളായ കോട്ടക്കൊത്തളങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് ക്ഷീണിച്ച ദിവസങ്ങളെത്ര...ഹവാ മഹലും, അംബർ ഫോർട്ടും, ആൽബർട്ട് ഹോളും എന്റെ മകളുടെ ചിരികൾ അലയടിച്ചത് മറക്കുന്നതെങ്ങനെ...
ചോക്കീ ഡാണിയിലെ നാട്ടുനൃത്തക്കാർക്കൊപ്പം മാർവാടി പാട്ടിനൊപ്പം ഞങ്ങൾ ആടിയ ആട്ടം കണ്ട് നീ ചിരിച്ച് തകർന്നിട്ടുണ്ടാകണം.. ആ ഗ്രാമങ്ങളെല്ലാം പുനർനിർമ്മിക്കപ്പെട്ടവയാണെന്ന് ഞങ്ങൾ ഇപ്പോഴും വിശ്വസിച്ചിട്ടില്ല, അവ എത്ര സുന്ദരമാണ്.
നിറമിളകി എന്നെയെത്ര പറ്റിച്ചിട്ടും പഴയ സിറ്റിയിലെ ജോഹരി ബസാറും, ചോട്ടീ ചോപ്പടും, ബാപ്പു ബസാറും നിറങ്ങൾ കാണിച്ച് തന്നെ എന്നെ വീണ്ടും ആകർഷിക്കുന്നു. ഇന്നിപ്പോൾ മൂന്നിരട്ടി വിലകൊടുത്തിട്ടും കിട്ടാനില്ലവിടെ അവയൊക്കെ..ജയ്പൂർ ജൂത്തകളും, നിറങ്ങൾ കണ്ണ്നിറക്കുന്ന കുട്ടി ലേഹങ്കകളും എന്റെ മകൾക്കെത്ര മിസ്സാകുന്നുവെന്നോ.
മധുരമിഷ്ടമില്ലാത്ത എന്നെ നീയെത്ര മധുരം കഴിപ്പിച്ചു. ബൂന്ദീ ലഡ്ഡു, ദൂത് ലഡ്ഡു, രസഗുളാ, ഗുലാബ് ജാമുൻ, കാജു കീ മിഠായ്... മധുരമില്ലാത്തവരോക്കെ മനസ്സേറി എന്റെ അടുക്കളയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. രാജ്കച്ചോരി, മിർച്ചി വട,ചോളാ ബട്ടൂര, ഗോപീ കീ പറാട്ട, ഖട്ട കറി... നീളുന്ന നിര അല്ലേ....
വളയിടാത്ത ഞാൻ മണിയറോം വാല കാ രസ്തായിൽ പോയി, അവയുടെ ചന്തം കണ്ട് ബാഗ് നിറച്ചും കല്ല് വെച്ച വളകൾ കൊണ്ട് വന്നപ്പോൾ , എന്റെ കൂട്ടുകാരൻ വള വട്ടത്തിൽ വായ് പൊളിച്ചിരുന്നത് ഓർമ്മയില്ലേ.... നീ ഒരു മായലോകം മുക്കിലും മൂലയിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് ആ പാവം അറിഞ്ഞിരുന്നില്ലന്നേ..
കാലി നമക്കും , മധുരവും ഇട്ട ലസ്സിവാലായിലെ ലസ്സീയെ കുറിച്ച് 'ഛീ' ന്ന് പറഞ്ഞ ലോകത്തിലെ ആദ്യത്തെ ആൾ ഞാനായിരിക്കും അല്ലേ.. പക്ഷേ ബിക്കാനറി ബുജിയയും, വറുത്ത മൂംഗ് ദാലും ഞങ്ങൾ കൂടെ കൊണ്ട് പോന്നു ... സെൻട്രൽ പാർക്കിലെ ഭീമൻ പതാക പറക്കുന്നതും നോക്കിരുന്നു , താപ്രീ ടെറസ്സിലെചൂടൻ മസാല ചായ കുടി നീ എന്നെ മാത്രം ഉദ്ദേശിച്ചൊരിക്കയതാണെന്ന് ഞാൻ സങ്കല്പിക്കാറുണ്ട്...
മരുഭൂമിയെ പോലെ തന്നെ പരിചിതരായ വരോടും അപരിചിതർ ആയി പെരുമാറുന്ന നിന്റെ മക്കൾക്കിടയിൽ നല്ലതിനെ മാത്രം എനിക്ക് വേണ്ടി നീ നീക്കിവെച്ചിരുന്നു.എന്നത്തേയും പോലെ ഭാഗ്യം സൗഹൃദത്തിന്റെ രൂപത്തിൽ എനിക്ക് വേണ്ടി കാത്തിരുന്നു. ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന അവളേത് ഞാനെതെന്ന് മനസ്സിലാക്കാൻ പ്രയാസമുള്ള അത്രയും സാമ്യമുള്ള രണ്ട് പേർ, അത് ഞാനും നിധിയും ആകുന്നു .എന്തിനും ഏതിനും കൂടെ നിലക്കുന്ന സ്കേറ്റിങ്ങ് ഗ്രൗണ്ടിലെ കൂട്ടുകാരികൾ... സ്കൂളിലെ അമ്മ കൂട്ട്കാരികൾ....സ്നേഹവും ആഘോഷവും നീ എനിക്കായി കാത്ത് വെച്ചു.
ദീപാവലിയും, ഹോളിയിലും നിറങ്ങൾ ചാലിച്ച് എന്നെ സ്നേഹിച്ച ജയ്പൂർ അവിടെയായിരുന്നു ഞങ്ങളുടെ ജീവിതം പിച്ചവെച്ച് തുടങ്ങിയത്...എന്റെ മകൾ വളർന്നതും നിന്റെ മണ്ണിലായിരുന്നു. നീയിങ്ങനെ ഒരു മരം വേരുകളാഴ്ത്തി പടരും പോലെ ഞങ്ങളിൽ പടർന്നിരിക്കയാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്....... Miss you Jaipur.... Miss You alll...
1 comment:
I love it . it is very beautiful. will you be my friend :-)
Post a Comment