Friday, 11 October 2019

അണ്ടിച്ചി അഥവാ വിപ്ളവകാരികുട്ടി അവളുടെ അമ്മയിൽ നിന്ന് ആദ്യമായി പഠിച്ചെടുത്ത പ്രയാസമേറിയ വാക്കായിരിന്നു 'വിപ്ലവകാരി'.
അന്നായിരുന്നു കുട്ടിയുടെ സ്‌കൂളിലെ നാണു മാഷ് കുട്ടിയുടെ അമ്മയെ അണ്ടിച്ചി എന്ന് പരസ്യമായി കുട്ടിയുടെ ക്ലാസിൽ വെച്ച് വിളിച്ചത് .
അതെന്തുട്ടാ മാഷേ ന്ന് വേറെ ഒരു ടീച്ചർ രസം പിടിച്ച് വിളിച്ചു ചോദിക്കുകയും ചെയ്തപ്പോൾ മാഷ്‌ക്ക് ആവേശമായി വിശദീകരിച്ചു
" സംഗതി ഇല്ലെങ്കിലും അതുണ്ടെന്ന തോന്നലിൽ നടക്കുന്ന ചില വേ..... ടക്കോൾ" മാഷ് ഇടക്ക് ഒന്നു നിർത്തി ദ്വയാർത്ഥ പ്രയോഗം നടത്തി.
അത് കേട്ട് കുട്ടിയുടെ ക്ലാസിലെ കുട്ടികളും, മതിലുകൾ ഇല്ലാത്ത അപ്പുറത്തെ ക്ലാസ്സിലെ കുട്ടികളും ടീച്ചർമാരും ആർത്ത് ചിരിച്ചു.അപ്പോൾ കുനിഞ്ഞ തലയും, നിറഞ്ഞെങ്കിലും,തൂവാത്ത കണ്ണുകളുമായി വീട്ടിലെത്തിയതാണ്.
'എന്താ മോളെ' ന്ന് 'അമ്മ ചോദിച്ചപ്പോഴും കുട്ടി തല ഉയർത്തിയില്ല. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ കുട്ടി കാര്യം പറഞ്ഞു..
ഏത് ആ വീട്ടിലെ മാഷോ, എന്നാൽ പിന്നെ ഞാൻ പോയി അയാളോട് ചോദിക്കാലോ എന്നായി അമ്മ. അമ്മക്കതിനും മടിയില്ലെന്ന് കുട്ടിക്കറിയാമായിരുന്നു. അതൊന്നും വേണ്ടെന്ന് കുട്ടി പറഞ്ഞിട്ടും ,കുട്ടിയുടെ തല താഴ്ന്നു തന്നെ നിന്നു.
കുട്ടിയുടെ അമ്മ അണ്ടിച്ചി ആയിട്ടധിക കാലമായിട്ടില്ലായിരുന്നു. അച്ഛന്റെ അടി മുഴുവൻ കൊണ്ട് നിന്ന്, തിരിച്ച് അച്ഛനെ ചീത്ത പറഞ്ഞ അന്നായിരുന്നു അമ്മക്ക് സ്വഭാവശുദ്ധിയുള്ള മരുമകൾ പട്ടം നഷ്ടപ്പെട്ട് പോയത്.
അതു വരെ അച്ഛനും അച്ഛമ്മയും അടിക്കാൻ പിടിക്കുമ്പോൾ അവരോടി ഇരുട്ടിൽ, പറമ്പിന്റെ കിഴക്കേ അറ്റത്തെ കൊട്ട കാടുകളിൽ ഒളിക്കുമായിരുന്നു. അല്ലെങ്കിൽ നേരിയ ഞരക്കങ്ങളോടെ ,തിരിച്ചൊന്നും പറയാതെ അടി മുഴുവൻ കൊള്ളുമായിരുന്നു. ആ വീട്ടിലെ അസ്വസ്ഥതകൾ പുറം ലോകം അറിഞ്ഞിരുന്നത് അടഞ്ഞ ശബ്ദത്തിലുള്ള മൂന്ന് കുഞ്ഞു നിലവിളികളിലൂടെ ആയിരുന്നു. സ്ഥിരമായ കരച്ചിൽ കാരണം അടഞ്ഞു പോയ ശബ്ദവും, വിശന്നു വലഞ്ഞ വയറും മാത്രമുള്ള കുഞ്ഞുങ്ങൾക്ക് കരയാൻ പോലും മര്യാദക്ക് ആരോഗ്യം ഉണ്ടായിരുന്നില്ല.
രാത്രികളിൽ കാണാതാകുന്ന അമ്മ ആത്മഹത്യ ചെയ്യുമോ എന്ന ഭയവും, പരസ്പരം താങ്ങായിരിക്കുന്നതിന്റെ ആശ്വാസവും കുട്ടികൾ പരസ്പരം കെട്ടി പിടിച്ചിരുന്ന് തീർക്കും. അച്ഛനിറങ്ങി പോയാൽ കുട്ടി മണ്ണെണ്ണ വിളക്കും പിടിച്ച് അമ്മയെ തിരയാനിറങ്ങും. കുട്ടിയെന്നും മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ ഒരു ശവത്തെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്..എന്നിട്ടും വിശക്കുന്നെന്ന് വാശി പിടിച്ചു കരയാത്ത കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കാൻ വേണ്ടി മാത്രം കുട്ടിയുടെ അമ്മ ജീവിച്ചിരുന്നു.

അന്നാകട്ടെ വഴക്കിന്റെ ഉച്ചസ്ഥായിയിൽ അമ്മ മുറ്റത്തേക്കിറങ്ങി നിന്ന് അച്ഛനെ ഉറച്ച ശബ്ദത്തിൽ ചീത്ത വിളിച്ചത്. ' നാറി പട്ടി മനുഷ്യൻ' അതായിരുന്നു ആ ചീത്ത വാക്കുകൾ. ഇതിൽ കൂടുതൽ ചീത്ത വാക്കുകൾ കുട്ടിയുടെ അമ്മക്ക് പറയാൻ അറിയില്ലായിരുന്നു. കാരണം ബാക്കി എല്ലാ വാക്കുകളും അച്ഛനും അച്ഛമ്മയും അമ്മയെ വിളിച്ചിരുന്നതാണ്.
അച്ഛനെന്നയാൾ മുറ്റത്തെ ശീമകൊന്നയുടെ വലിയൊരു കൊമ്പ് അടർത്തിയെടുത്ത്, ലാത്തി വലുപ്പത്തിൽ ചവിട്ടി ഒടിച്ചെടുത്തു.അമ്മയുടെ കണ്ണുകളിൽ രണ്ട് മൂർച്ചയേറിയ വാളുകൾ തിളങ്ങുന്നുണ്ടെന്ന് കുട്ടിക്ക് തോന്നി. കുട്ടികൾ മൂന്നും ശ്വാസം വലിക്കാൻ കൂടി മറന്നു പോയി.. ഉറക്കെ ഒരു മുദ്രാവാക്യം പോലെ കുട്ടിയുടെ അമ്മ ആ ചീത്ത വാക്കുകൾ വിളിച്ചു പറഞ്ഞു. വടിയും കൊണ്ട് അച്ഛനെഅടുത്തെത്തിയിട്ടും അമ്മക്ക് ഭയം വരുന്നില്ലാതായിരുന്നു.. അന്നാദ്യമായി മുറ്റത്തെ തെങ്ങും കെട്ടി പിടിച്ച് നിന്ന് കുട്ടിയുടെ 'അമ്മ അടി മുഴുവൻ കൊണ്ടു.
അച്ഛന്റെ കൈ തളർന്നിട്ടും, അച്ഛമ്മയുടെ 'കൊടുക്കടാ അടി' എന്ന അലർച്ച നിന്നിട്ടും അമ്മയുടെ ചീത്ത വിളി നിന്നിരുന്നില്ല. ആ വാക്കുകൾ തുപ്പലിനൊപ്പം അവരുടെ മനസ്സുകളിൽ തെറിച്ച് വീഴുന്നത് കുട്ടി കണ്ടു നിന്നു.
കുട്ടിയുടെ അമ്മയുടെ ദേഹം മുഴുവനും സൈക്കിൾ ടയർ അടയാളത്തിൽ , വയലറ്റ് വർണ്ണത്തിൽ അടികൾ തിണർത്ത്‌ കിടന്നു.  അന്നാണ് കുട്ടിയുടെ അമ്മ പുതിയ ഓല വീട്ടുണ്ടാക്കി കുട്ടികൾക്കൊപ്പം താമസിക്കാൻ ആരംഭിച്ചത്. അച്ഛനും അച്ഛമ്മക്കും മുന്പിലായിട്ടും അവരാരും അമ്മയെ അടിക്കാനോ വഴക്ക് പറയാനോ വരുന്നില്ലന്ന് കുട്ടി അതിശയിച്ചു.
സാരിയും കേറ്റി കുത്തി അമ്മ കിട്ടുന്ന എല്ലാ പണിക്കും പോകാൻ തുടങ്ങി..ഉപദേശിക്കാൻ വരുന്നവരോട് 'എന്നാൽ പിന്നെ നൂറു രൂപാ താ' ഉപദേശം അല്ല വേണ്ടതെന്ന് ദാക്ഷിണ്യമില്ലാതെ പറഞ്ഞു.
വയറു നിറയെ ഭക്ഷണം കഴിച്ചു തെളിഞ്ഞു തുടങ്ങിയ കുട്ടിയേം കുട്ടിയുടെ അനിയൻമാരേയും കാണാൻ നല്ല അഴകേന്ന് അമ്മ സ്വയം പറഞ്ഞു.
എല്ലുകൾ എഴുന്നു നിൽക്കുന്ന മൂന്നു നെഞ്ചിൻകൂടുകളും, ദീനത മുറ്റിയ മൂന്നു ജോഡി കണ്ണുകളും കൊല്ലങ്ങളോളം സഹിച്ച് അവർ നേടിയ സ്വഭാവശുദ്ധി പട്ടം ഏതാനും ദിവസങ്ങൾക്കുള്ളിൽ പോയി കിട്ടിയിരുന്നു.
അങ്ങനെയാണ് നാണുമാഷ് പുതിയ പട്ടം കുട്ടിയുടെ അമ്മക്ക് ചാർത്തി കൊടുത്തത്.

കുനിഞ്ഞ തലക്കുള്ളിൽ നിറഞ്ഞിരിക്കുന്ന സങ്കടങ്ങളെ തിരിച്ചറിഞ്ഞ് കുട്ടിയുടെ അമ്മ പറഞ്ഞു.
" കുഞ്ഞേ , കുഞ്ഞ് വിശന്നു തളർന്ന്, തലകറങ്ങി വീണപ്പോൾ എന്നെങ്കിലും നാണു മാഷ് ചായ വാങ്ങി തന്നിരുന്നോ?"
കുട്ടിയോർത്തു ഇല്ലല്ലോ, വിശപ്പ് കൊണ്ടായിരുന്നു കുട്ടി ഇടക്കിടെ സ്‌കൂളിൽ തലകറങ്ങി വീഴുന്നത് എന്ന് തിരിച്ചറിഞ്ഞ് നേന്ത്രപ്പഴവും ചായയും വാങ്ങിച്ചു തന്നിരുന്നത് കസ്തൂരി ടീച്ചറും , വിമല ടീച്ചറും അല്ലേ? ഈയിടെ ആണെങ്കിൽ കുട്ടിക്ക് തലകറങ്ങാറുമില്ല..
കുട്ടിയുടെ അമ്മ തുടർന്നു " കുട്ടിക്കിപ്പോൾ തലകറങ്ങാത്തത് എന്ത് കൊണ്ടാ, വിശക്കാത്തത് കൊണ്ടാ, അതെന്ത് കൊണ്ടാഅമ്മ  പണിക്ക് പോയി കാശു കിട്ടുന്നത് കൊണ്ടല്ലേ? കുട്ടിക്കിപ്പോൾ നല്ലു ടുപ്പുകൾ ഇല്ല്യേ, ഇതൊന്നും ആരും തന്നില്ലല്ലോ.. അപ്പോൾ പിന്നെ അവരൊക്കെ പറയുന്നത് കുഞ്ഞ് ശ്രദ്ധിക്കേണ്ട ട്ടാ
 ഇനി അമ്മയെ ആരെങ്കിലും അമ്മയെ അണ്ടിച്ചി എന്ന് വിളിക്കുമ്പോൾ കുഞ്ഞു കേൾക്കേണ്ടത് വിപ്ലവകാരി എന്നാണ്.. അത് പെണ്ണുങ്ങൾക്ക് മാത്രമുള്ള വാക്കാണ്.. പെറ്റിട്ട കുഞ്ഞുങ്ങൾക്ക് സമാധാനവും ശാന്തിയും ഇടാനും ഉടുക്കാനും തരാൻ വേണ്ടി ആരെയും കൂസാതെ ഓടുന്ന പെണ്ണുങ്ങൾക്ക് ഉള്ള പേരാണത്. അവരോളം  വിപ്ലവകാരികൾ വേറെ ആരുണ്ട്.. വിപ്ലവകാരൻ എന്ന് കുഞ്ഞ് എവിടെ എങ്കിലും കേട്ടിട്ടുണ്ടോ"
അതും പറഞ്ഞു കുട്ടിയുടെ അമ്മ വിപ്ലവ ചിരി ചിരിച്ചു.
കുട്ടിയുടെ കുനിഞ്ഞ തല നിവർന്നു. കണ്ണിലെ നീർ, കണ്ണുകൾക്ക് കൂടുതൽ തിളക്കം കൂട്ടി.
അവിടെ രണ്ടാമതൊരു വിപ്ലവകാരി കൂടി ജനിച്ചു.

39 comments:

സുധി അറയ്ക്കൽ said...

ഹോ..എന്നാ എഴുത്താ ചേച്ചീ?!?!?!!?!

.നിങ്ങൾ മറ്റൊരു എച്മുച്ചേച്ചി ആകുന്ന ലക്ഷണമാ.

shajitha said...

sherikkum, apara ezhuth, alle sudhi

റോസാപ്പൂക്കള്‍ said...

മനോഹരം ഈ എഴുത്ത്. ഇഷ്ടമായി. ഇനിയും വരാം.

Geetha said...

Good....iniyum kooduthal poratte...ashamsakal

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനസ്സിൽ തട്ടിയ എഴുത്ത്.എവിടെയൊക്കെയോ കണ്ട,കേട്ട മുഖങ്ങളെ വീണ്ടും കൺമുന്നിൽ എത്തിച്ചു...

ഗൗരിനാഥന്‍ said...

നീയിത് എല്ലാ കമന്റിലും പറയുന്നുണ്ട് ട്ടാ സുധിയെ.. മോളും ദിവ്യയും സുഖമായിരിക്കുന്നോ

ഗൗരിനാഥന്‍ said...

ഇനിയും വരണം ട്ടോ

ഗൗരിനാഥന്‍ said...

നന്ദി കേട്ടോ.. ഇതൊരു പ്രചോദനമായി ഒരു നൂറു പോസ്ടിട്ടേക്കാം

ഗൗരിനാഥന്‍ said...

നാട്ടുമ്പുറം അണ്ടിച്ചികളാൽ സമൃദ്ധം തന്നെ ആയിരുന്നു

മഹേഷ് മേനോൻ said...

അങ്ങനെ ആരും കാണാതെ കേൾക്കാതെ പോകുന്ന എത്ര വിപ്ലവകാരികൾ എങ്ങും..

ആദ്യമായിട്ടാണ് ഇവിടെ വരുന്നത്... ഫോളോ ചെയ്തിട്ടുണ്ട്. ഇനിയും വരാം

ഗൗരിനാഥന്‍ said...

സന്തോഷം വായനക്ക്.. ഇനിയും വരു ട്ടോ

മാധവൻ said...

ആദ്യമാണ് ഇവിടെ.കമന്റ് വേട്ടക്കിറങ്ങിയതാണ്.
വിപ്ലവകാരിക്ക് പുറകിൽ ഇങ്ങനെ ഒരു അമ്ല കഥയുടെ സാധ്യത ചിന്തിച്ചിട്ടുപോലുമില്ല.സലാം

ഗൗരിനാഥന്‍ said...

സന്തോഷം.. വായനക്കും നല്ല വാക്കുകൾക്കും

സുധി അറയ്ക്കൽ said...

സുഖം ചേച്ചീ.ചേച്ചിയ്ക്കും സുഖമല്ലേ???

സുധി അറയ്ക്കൽ said...

അതെ അതെ.

സുധി അറയ്ക്കൽ said...

ഹാ ഹാ .ചേച്ചീ

കല്ലോലിനി said...

എന്താ പറയ്യാ... ഞരമ്പുകളില് ചോര ഒന്നു തിളച്ചു...
വളരെ നന്നായിട്ടുണ്ട് !!!

ഗൗരിനാഥന്‍ said...

നന്ദി ദിവ്യാ വായനക്ക്

ഗൗരിനാഥന്‍ said...

അതിന് വല്ല സംശയം ഉണ്ടോ കുഞ്ഞേ

© Mubi said...

ഇതു പോലെയെത്ര അണ്ടിച്ചികളാണ് പുസ്തകത്തിനപ്പുറമുള്ള ജീവിത പാOങ്ങൾ ഓതി തന്നത്.. ഉമ്മാസ് ഗൗരീ

ഗൗരിനാഥന്‍ said...

സത്യം മുബി

വിനോദ് കുട്ടത്ത് said...

ഗംഭീരം.... എന്നൊരു വാക്കിൽ തീർത്ത് വെറുതെ പോകാൻ കഴിയാത്തത്ര ഗംഭീരം...

തുറന്നെഴുത്തുകൾ തച്ചുടക്കുന്നത് തിന്മകളെയാണ്....


നന്മകൾ നേരുന്നു...

ഗൗരിനാഥന്‍ said...

നന്ദി കുട്ടത്തെ.. കുറെ കാലങ്ങൾക്ക് ശേഷമാണ് ഇവിടെ കണ്ടത്.. നാലാൾ വാക്കുകൾ ക്ക് വളരെ സ്നേഹം ട്ടൊ

Muralee Mukundan , ബിലാത്തിപട്ടണം said...

ഹോ ..ഭയങ്കര വിപ്ലവം തന്നെയാണല്ലൊ ..!

Typist | എഴുത്തുകാരി said...

വിപ്ലവം ജയിക്കട്ടെ!

ആനന്ദ് ശ്രീധരം said...

ഇതിലെ അവസാന ഖണ്ഡികയിലെ ഒറ്റ വാചകം... വിപ്ലവകാരൻ എന്നു കേട്ടിട്ടില്ല.. അതേ വിപ്ലവകാരിയെ ഉള്ളൂ..
അസ്സൽ എഴുത്ത്..

ഗൗരിനാഥന്‍ said...

Accidental വിപ്ലവകാരി യാണേ😁

ഗൗരിനാഥന്‍ said...

അതേ നമുക്ക് ജയിക്കാതിരിക്കാനാവില്ല

ഗൗരിനാഥന്‍ said...

നന്ദ്രി ബ്രോ... നല്ല വാക്കുകൾക്ക്

ramanika said...

വിപ്ലവകാരികൾ ഉയർത്തെഴുനേൽക്കട്ടെ..
ആശംസകൾ

രാജേശ്വരി said...

മനോഹരം. എല്ലാ അർത്ഥത്തിലും.

ഗൗരിനാഥന്‍ said...

സ്നേഹം സുഹൃത്തേ

ഗൗരിനാഥന്‍ said...

രാജേശ്വരി വായനക്ക് നന്ദി

കൊച്ചു ഗോവിന്ദൻ said...

കണ്ണ് നിറയാതെ ഇത് വായിച്ച് തീർക്കാൻ പറ്റിയില്ല.

ഗൗരിനാഥന്‍ said...

ഇതൊക്കെ വായിക്കുമ്പോൾ തന്നെ നിറഞ്ഞു പോകുന്നെടോ.. നല്ല വാക്കുകൾക്ക് സ്നേഹം

ആദി said...

ഇനി അമ്മയെ ആരെങ്കിലും അമ്മയെ അണ്ടിച്ചി എന്ന് വിളിക്കുമ്പോൾ കുഞ്ഞു കേൾക്കേണ്ടത് വിപ്ലവകാരി എന്നാണ്.. അത് പെണ്ണുങ്ങൾക്ക് മാത്രമുള്ള വാക്കാണ്.. പെറ്റിട്ട കുഞ്ഞുങ്ങൾക്ക് സമാധാനവും ശാന്തിയും ഇടാനും ഉടുക്കാനും തരാൻ വേണ്ടി ആരെയും കൂസാതെ ഓടുന്ന പെണ്ണുങ്ങൾക്ക് ഉള്ള പേരാണത്. അവരോളം വിപ്ലവകാരികൾ വേറെ ആരുണ്ട്.. വിപ്ലവകാരൻ എന്ന് കുഞ്ഞ് എവിടെ എങ്കിലും കേട്ടിട്ടുണ്ടോ"


I like it...

ചേച്ചി സൂപ്പറായി എഴുതി.. നല്ല കഥ. ഒരു പാട് ഇഷ്ടായി. ചെറുതായി കണ്ണ് നിറഞ്ഞു.

പിന്നെ കുട്ടി കുട്ടി എന്ന് കുറേ വന്നപ്പോ ഒരു ഫ്ലോ ഇല്ലത്ത പോലെ. തുടക്കത്തിൽ കുട്ടി കൊടുത്ത് പിന്നെ നമ്മൾ പറയുന്ന പോലെ "അവൾ'' എന്ന് കൊടുത്താൽ നന്നായിരിക്കും എന്ന് തോന്നി. അത് പോലെ അമ്മ കുട്ടിയോട് സംസാരിക്കുന്നിടത്ത് ഒന്ന് ഇമോഷണൽ ആണെന്നറിയാൽ "മോളെ (മകൾ)" എന്ന് ചേർത്താലും നന്നായേനെ എന്ന് എനിക്ക് തോന്നി. ബാക്കി എല്ലാം കിടു.

ലോകത്തിലെ ഏറ്റവും വലിയ വിപ്ലവ കാരി സ്ത്രീയാണ്, അമ്മയാണ്.

ഗൗരിനാഥന്‍ said...

നീ ആളു സൂപ്പറാ..കൃത്യമായ നിരീക്ഷണങ്ങൾ ആദി.. കുട്ടി എന്ന് മനപ്പൂർവ്വം ചേർത്ത വാക്കാണ്. ഒരു അനുഭവത്തെ ചേർത്ത് എഴുതിയതാണ്. ആ വിഷമം മനസ്സിൽ തട്ടാതിരിക്കാൻ മനപ്പൂർവ്വം അങ്ങനെ ചെയ്തതാണ്.

ആദി said...

എന്റെ അഭിപ്രായത്തിൽ ചേച്ചിടെ വിഷമം അതിന്റെ ആഴം മറ്റുള്ളവരിലേക്കും എത്തിക്കാമായിരുന്നു. കഥ ആണെങ്കിലും അനുഭവം ആണെങ്കിലും എഴുതുന്ന ആളുടെ അതേ ഫീൽ, മാനസിക സങ്കർശങ്ങൾ, സന്തോഷം എല്ലാം വായനക്കാരനും ഉണ്ടാക്കുക എന്നത് ഒരു അസാദ്യ കഴിവാണ്. അത്ചേച്ചിക്കുണ്ട്.

Soorya Mohan said...

പൊന്നരിവാളേന്തിയ അണ്ടിച്ചിമാരാണ് നാട്ടിന്പുറങ്ങളിലത്രയും.. പാടത്തും പറമ്പിലും വലിയവരുടെ അടുക്കളപ്പുറത്തും പണിയെടുത്തു അവരൂട്ടി വലുതാക്കിയ വിപ്ലവക്കുഞ്ഞുങ്ങളാണ് ഈ നാടൊട്ടുക്ക് നിലാവ് പരത്തിയത്.. അതിലൊരു വിപ്ലവക്കുട്ടി ഇതാ ഇവിടെ എന്റെ മനസ്സിലൊരു കനലൂതി തെളിച്ചിരിക്കുന്നു❤️ഞാൻ ഭാഗ്യവതിയാണ്.. നിങ്ങളെ പരിചയപ്പെടാനായല്ലോ 🥰