കൂട്ടുകാരന്റെ പിറന്നാൾ ദിവസമായിരുന്ന ഡിസംബർ രണ്ടിനായിരുന്നു ആ വിശേഷം ടെസ്റ്റ് ചെയ്തുറപ്പിച്ചത്..പ്രണയാനന്തരജീവിതത്തിൽ വിപ്ലവം ഒന്നും ഇല്ലെന്നും, പറ്റുമെങ്കിൽ പള്ളിക്കാരനും, പുള്ളിക്കാരന്റെ കുടുംബത്തിനും ഒതുങ്ങി ജീവിക്കണം എന്നൊക്കെ മനസ്‌സിലാക്കിയത് കൊണ്ട് നേരെ നാട് കാലിയാക്കി മരുഭൂമിയിൽ എത്തിയതാണ്. ആനപ്പുറത്ത് ഇരിക്കുമ്പോൾ നായ കുരയെ പേടിക്കണ്ടല്ലോ..
ടെസ്റ്റ് ചെയ്യും മുൻപേ എത്തി നോക്കിയ ചർദ്ദി പിന്നീടങ്ങോട്ട് നിർത്താതെ പിന്തുടരാൻ തുടങ്ങി.. മൂക്കിലൂടെയും വായിലൂടെയും ചോര വരുന്ന രീതിയിൽ ചർദ്ദി.. 3 മാസം കൊണ്ട് 10 കിലോ കുറഞ്ഞു. ദേഹത്ത് നിന്ന് തൊലി പതുക്കെ ഡ്രൈ ആയി കൊഴിയാൻ തുടങ്ങി.
ഓഫീസിൽ നിന്ന് ഓടി പിടിച്ച് , കരിക്ക് കിട്ടുന്ന ഇടങ്ങളിൽ നിന്ന് കരിക്കും കൊണ്ട് കൂട്ടുകാരൻ ഇടക്കിടക്ക് ഓടി വരും.. ആആ ഒരു മൂന്നു മാസമല്ലേ സഹിക്കേണ്ടൂ എന്നോർത്ത് മിണ്ടാൻ പോലും വയ്യാതെ ഒരു മൂലക്ക് കിടക്കും.
പ്രണയ വിവാഹം ആയത് കൊണ്ട് സഹായത്തിന് ആരും വരില്ലന്ന് അറിയാം. എന്നാലും ഫോണിലൂടെയുള്ള ഉപദ്രവവും ഉപദേശവും ആരും ഒട്ടും കുറച്ചില്ല.
മനക്കട്ടി ഇല്ലാത്തത് കൊണ്ടാണ് ചർദ്ദി വരുന്നതെന്നും, ഇലക്കറി കഴിക്കാത്തത് കൊണ്ട് കണ്ണ് കാണാത്ത കുട്ടി ഉണ്ടാവുമെന്ന് ചർദ്ദിക്കാതെ പ്രസവിച്ചവരും, ഇത് വരെ പ്രസവിക്കാത്തവരും ഉപദേശിച്ചു.
എന്ത് ചെയ്യാം സഹിക്കുക തന്നെ
ഫോണ് എടുത്തില്ല എങ്കിൽ പിന്നെ കൂട്ടുകാരന്റെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുമെന്നത് കൊണ്ട് എടുക്കാതെയും നിവർത്തി ഇല്ല. ഒടുവിൽ ഫോണെടുത്ത് ദൂരെ മാറ്റി വെച്ചിരിക്കും. എന്നെ ഉപദേശിച്ച നിർവൃതിയിൽ മറുവശത്തുള്ളവർ ഫോണ് വെക്കും..
3 മാസം കഴിഞ്ഞിട്ടും നിർത്താതെ ചർദ്ദി തന്നെ..അങ്ങനെയും ചില ഹതഭാഗ്യർ ഉണ്ടെന്ന് മനസ്സിലായി എന്ന് മാത്രം.
8 മാസം നിർത്താതെ ഛർദ്ദിച്ചു. വിങ്ങി കനം പിടിച്ച തലയും, ചർദ്ദിക്കാരണം എപ്പോഴും പൊട്ടിയിരിക്കുന്ന തൊണ്ടയും, ശരീരം വേദനയും ആയി നീണ്ട 8 മാസം.ഛർദി കോരി മടുത്ത കൂട്ടുകാരനും. വീട്ടിലെ ഒരു കാര്യവും ചെയ്യാൻ പറ്റാത്ത രീതിയിൽ ചർദ്ദി എന്നെ വീഴ്ത്തി കളഞ്ഞിരുന്നു. എല്ലാം ഏറ്റെടുത്ത്, ഒരസഹ്യതയും കാണിക്കാതെ മനസ്സിൽ ഗർഭം ചുമന്നിരുന്നു എന്റെ കൂട്ടുകാരൻ..
സദാ പുളിച്ച.മണം ആയിരുന്നു എനിക്കും എന്റെ വീടിനും..അപ്പുറത്തെ വീട്ടിലെ വെളുത്തുള്ളി കാച്ചിയ മണം മതി ഒരു ചർദ്ദി തുടങ്ങാൻ . 8 മാസം കഴിഞ്ഞപ്പോൾ ചർദ്ദി ദിവസത്തിൽ മൂന്നോ നാലോ ആയി കുറഞ്ഞു.
അങ്ങനെയാണ് നാട്ടിലേക്ക് പുറപ്പെട്ടത്. ഉപദേശ ട്രെയിനുകൾക്ക് തലവെക്കാൻ ഉള്ള പോക്കാണ് അതേന്ന് പ്രത്യേകം പറയേണ്ടല്ലോ..
നാട്ടിലെത്തിയ പതിനഞ്ച് ദിവസം ചർദ്ദി നിന്നു. ചർദ്ദി എന്ന് പറഞ്ഞത് അടവായിരുന്നെന്നോ എന്ന് ചില ചോദ്യങ്ങളും ഉണ്ടായി എന്തായാലും ആ പതിനഞ്ച് ദിവസം മാത്രമാണ് സന്തോഷമായിരുന്നത്. അതു കഴിഞ്ഞു ചർദ്ദി അത്യാവേശപൂർവ്വം തിരിച്ചു വന്നു.
ഇടക്ക് ചർദ്ദി കാരണം ഹോസ്പിറ്റലിൽ 6 ദിവസം കിടക്കേണ്ടിയും വന്നു.
നിൽക്ക കുട്ടിയെ ഓപ്പറേറ്റ് ചെയ്തെടുക്കണം ന്ന് ഉറപ്പായി പറഞ്ഞു ഡോക്ടർ ഡേറ്റും തന്നു.
തലേ ദിവസം രാത്രിയിലും , ഓപ്പറേഷന്റെ അന്ന് രാവിലെയും ഛർദ്ദിച്ചു അവശയായി ബി പി താഴ്ന്ന് ഉള്ള ബോധം കൂടെ പോയികിട്ടി..
ഏതോ ഇരുട്ടറയിൽ പെട്ട് ശ്വാസം മുട്ടിയത് പോലെ കാലത്തിനോടും ജീവിതത്തിനോടും എന്നന്നേക്കുമായി ബന്ധം മുറിഞ്ഞ അരക്ഷിതാവസ്ഥ.. അതായിരുന്നു ആ ബോധം പോകൽ തന്ന മുറിവ്. മരണ ഭയം അതായിരിക്കണം!
മറ്റുള്ളവരുടെ കരച്ചിലേക്കും ഡോക്ടർമാരുടെ നിസ്സഹയതായിലേക്ക് ആശ്വാസമായി കണ്ണുകൾ പൊടുന്നനെ മിഴിച്ച് അവരെ ഞെട്ടിച്ചു എന്ന് പറയാം.. എന്നാലും പ്രസവിക്കാൻ ഭയന്നാണ് ബോധം പോയത് എന്ന കളിയാക്കൽ കാലം കുറെ വരെ നേരിടേണ്ടി വന്നു.
എന്റെ കൂട്ടുകാരൻ മാത്രം പറഞ്ഞു, അല്ല അതു കൊണ്ടല്ല. കുഞ്ഞിനെ കാണാൻ, ഈ ചർദ്ദി ഒന്നവസാനിക്കാൻ അവൾ എന്തിനും തയ്യാറായിരുന്നു എന്ന്.
ആണ്കുഞ്ഞിന് വേണ്ടി എല്ലാവരും ആഗ്രഹിച്ചപ്പോൾ ഞങ്ങൾ രണ്ടും ഒരു പെണ്കുഞ്ഞു വേണമെന്നായിരുന്നു ആഗ്രഹിച്ചത്. കഴുത്തൊപ്പം മുടിയുമായി, അമ്മയുടെ ചർദ്ദിയെ വെല്ലുവിളിച്ചെന്നോണം മൂന്നര കിലോ ഭാരവുമായി അവൾ ജനിച്ചു വീണു.
ഓപ്പറേഷൻ ടേബിൾ കിടന്ന് അവളെ തൊട്ട ഉടനെ ഞാൻ സിന്ധു സിസ്റ്ററിനോട് പറഞ്ഞു. ഇനി വേണം എനിക്ക് വയർ നിറച്ചൊന്ന് ഭക്ഷണം കഴിക്കാൻ..ആദ്യം വന്ന ആഗ്രഹം അതായിരുന്നു..സത്യം .ഡോക്ടർ സുലോചന അലിവോടെ പറഞ്ഞു നാളെ കഴിഞ്ഞു മറ്റന്നാൾ മുതൽ തിന്നു നിറച്ചോണം..ന്ന്
ഞങ്ങൾ എല്ലാവരും ഒന്നിച്ചു ചിരിച്ചു..
പുറത്തെത്തി കൂട്ടുകാരൻ കെട്ടിപിടിച്ചു ഉമ്മ തന്നത് ഓർമ്മയുണ്ട്..പിന്നെ ഓർമ്മ വന്നും പോയി ഇരുന്നു..
അവൾ വന്ന് കയറിയത് മുതൽ ജീവിതം മാറി സിനിമാറ്റിക്ക് ആയി..തീർച്ചയായും അവൾ അകത്തു കിടന്നിരുന്ന കാലം ഞങ്ങൾ രണ്ടു പേർക്കും ഒട്ടും കാല്പനികം ആയിരുന്നില്ല.
കല്പനികതയുടെ ഒരകമ്പടിയുമില്ലാത്ത 9 മാസവും ചില്ലറ ദിവസവും അവസാനിച്ചതിന്റെ വാർഷികം നാളെയാണ്