അങ്ങനെ നാട്ടിലൊന്ന് പോയി വന്നു. അതെന്താ ഇത്ര പറയാൻ അല്ലേ? ഉണ്ടെന്നേ, അതായത് ഞാൻ ബ്ലോഗിൽ എഴുതിയ ഒരു അനുഭവം ചിലരെ ഒക്കെ വേദനിപ്പിച്ചുവെന്നും അതു കൊണ്ട് ചിലർ എന്നെ വീട്ടിൽ കേറ്റില്ല എന്ന് തീരുമാനിച്ചിട്ടുണ്ടെത്രെ! ഒരു കൂട്ടർ എന്നെ നല്ല പോലെ ചീത്തയും വിളിച്ചു, തിരിച്ച് ചീത്ത വാക്കുകൾ ഒന്നും പറഞ്ഞില്ല എങ്കിലും പറയാൻ ഉള്ളത് സത്യം സത്യമായത് മാത്രം പറഞ്ഞാണ് ഇറങ്ങി പോന്നത്. ആ അനുഭവത്തിലെ ഒരാൾ ഞങ്ങളുടെ ജീവിതത്തിൽ വില്ലനായത് അദ്ദേഹത്തെ മറ്റുള്ളവർ ഉപയോഗിച്ചത് കൊണ്ടാണ് എന്ന് എനിക്ക് ഉറച്ച ബോധ്യം ഉള്ളത് കൊണ്ട് , അദ്ദേഹത്തോട് പരിഭവമോ പിണക്കമോ ഇല്ല. അണിയറയിൽ എനിക്കെതിരെ പതിവ് പോലെ അടവുകൾ ഉണ്ടാകുന്നുണ്ട്. പരിഭവമില്ല, എനിക്ക് ഉള്ള ആയുധങ്ങൾ സത്യവും അതെഴുതാനുള്ള കരുത്തും ധൈര്യവും മാത്രമാണ്. അതു കൊണ്ടുണ്ടാകുന്ന ഏത് കഷ്ടനഷ്ടങ്ങളും ഞാൻ സഹിക്കാൻ തയ്യാറാണ്.
ദരിദ്രനും കുടിയനുമായ അച്ഛന്റെ മക്കൾക്ക് ഭൂമിയിൽ ഒരിടത്തും സ്ഥാനമില്ലാത്തവർ ആണ്. ആർക്കും എപ്പോൾ വേണമെങ്കിലും വേദനിപ്പിക്കാനുള്ള ഒരു ഉപകരണമാണ് അത്തരം കുട്ടികൾ. ദരിദ്ര്യമാകട്ടെ ഓരോ ഇഞ്ചിലും ആ കുട്ടികളിൽ കയ്യൊപ്പു ചാർത്തിയിട്ടുണ്ടാകും. വിളറിയ മുഖവും , ക്ഷീണിച്ച ശരീരവും, കരുവാളിച്ച തൊലിപ്പുറമോ എന്തും അവരുടെ പുഞ്ചിരിക്ക് മുകളിൽ നിന്ന് പ്രഖ്യാപിക്കും ഏതോ ദരിദ്യവാസി എന്ന്. അത്തരം ഒരു സാഹചര്യത്തിന്റെ അവകാശികൾ ആയ ഞങ്ങൾക്കും മറിച്ചെന്താണ് സംഭവിക്കുക?
തന്നിൽ താഴ്നാവരോട് മനുഷ്യകുലം എന്നും ക്രൂരമായ തരംതാഴ്തൽ കാണിക്കും. ഒരു തരം റാഗിംഗിന്റെ അതേ മനോഭാവം. അത്തരം കാക്കത്തൊള്ളായിരം അനുഭവങ്ങളിലൂടെ ഞങ്ങൾ കടന്നു പോയിട്ടുണ്ട്. അതിന്റെ മുറിവുകൾ ഇന്നും, കൊല്ലങ്ങൾ കടന്നു പോയിട്ടും വിങ്ങുന്നുണ്ട്.വളരെ കുറച്ചു എഴുത്തുകളിൽ മാത്രമേ അതിൽ ചിലത് സത്യസന്ധമായി എഴുതിയിട്ടൊള്ളൂ. ഒരു പ്രായം വരെയും എനിക്ക് അതെഴുതാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ചുറ്റുമുള്ള ആ ക്രൂരത കാണിച്ചവരെ ഭയന്നു തന്നെ ആയിരുന്നു എഴുതാതെ ഇരുന്നത്. പ്രായം ചെല്ലും തോറും അവ കുറഞ്ഞു വന്നു.
ഈ പ്രായത്തിലും കടന്നു പോയ വേദനകൾ മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കാറുണ്ട്. എന്തിനാണ് ഈ വേദനകളുടെ ഭാണ്ഡം ഞാൻ മുറുക്കി കെട്ടി കൂടെ കൊണ്ട് നടക്കുന്നതെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ഓർമ്മകളിൽ ഏറ്റവും വേദനിപ്പിച്ചവയെ ഓടിച്ചു കളയാൻ ഒരു തെറാപ്പി പോലെ എഴുതി വെച്ചതാണ് അവയെല്ലാം. വേദനയുടെ കനം കുറക്കുന്ന കൺ കെട്ട് വിദ്യയാണത്.
അപമാനിക്കുന്നവർ ഓർത്തു വെക്കില്ലെങ്കിലും, അപമാനമേറ്റവർ മുറിവുണങ്ങാതെ നടക്കും. അത്തരം ഒരു തിരിച്ചറിവ് എങ്കിലും ഞാൻ അവരിൽ നിന്ന് പ്രതീക്ഷിച്ചത് തെറ്റാണ് എന്നറിയാം. നമ്മൾ വിചാരിക്കും പോലെ നമ്മൾ ആരും അത്രക്ക് പ്രൈവറ്റ് അല്ല. ഒരു പാട് പേരുടെ കൂടെയാണ്. നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിൽ എന്തൊക്കെ നമ്മൾ കുടഞ്ഞിട്ടോ അവയെല്ലാം ഒരിക്കൽ നമ്മുടെ വഴിയിൽ തിരികെ വരിക തന്നെ ചെയ്യും.. അതു തന്നെയാണ് ഞാനും ചെയ്തത്.
എനിക്കറിയാം എനിക്ക് ചുറ്റുമുള്ളവർ ആരും മദർ തെരേസയെ പോലെയോ, ബുദ്ധനെ പോലെയോ വേദനിപ്പിക്കാത്തവരോ ക്ഷമിക്കുന്നവരോ അല്ലെന്ന്. അങ്ങനെയുള്ളവർ എന്നെയും മറവിയുടെയും ക്ഷമയുടെയും പാഠങ്ങൾ പഠിപ്പിക്കാൻ വരരുത് എന്ന് എനിക്ക് നിർബന്ധമാണ്. ആദ്യമേ നിങ്ങൾ വഴി തെളിയിച്ചാൽ ഞാനും കൂടും. അങ്ങനെ അല്ലാതാകാൻ ഞാൻ ദൈവമല്ല.
എങ്കിലും ഇവരോടൊക്കെ എനിക്ക് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട് ട്ടോ. അവരെന്നെ അപമാനിച്ച ദിവസങ്ങളിൽ ഞാൻ കൂടുതൽ പഠിച്ചിരുന്നു. . പുതിയ കൂട്ടുകാരെ നേടിയിരുന്നു.അവരിൽ നിന്നെല്ലാം അകന്നു നിന്നു. അപവാദത്തിൽ ഒറ്റപ്പെട്ടവരെ ചേർത്തു പിടിച്ചു, കൂട്ടത്തിലുള്ളവരെ ചതിക്കാതെ സ്നേഹിച്ചു.എന്റെ മുൻപിൽ ആരെയും അപമാനിക്കാൻ സമ്മതിക്കാതിരുന്നു. ഏത് കുഞ്ഞു സന്തോഷത്തിലും ഉള്ളു നിറഞ്ഞു ചിരിച്ചു. മനസ്സ് തുറന്ന് സത്യസന്ധമായി ജീവിച്ചു. സ്നേഹവും മനസ്സിലാക്കലും അല്ലാതെ മറ്റൊന്നും ബന്ധങ്ങളിൽ വേണ്ടെന്ന് പഠിച്ചു. ചുമ്മാ പഠിച്ചതല്ല, എന്റെ ചുറ്റുമുള്ളവർ എന്താണോ അതാകരുത് എന്ന് മനസ്സിലാക്കിയത് കൊണ്ട് കിട്ടിയ പാഠങ്ങൾ ആണ് ഇവയെല്ലാം.
ഇന്നെനിക്ക്
മാണിക്യം പോലത്തെ സുഹൃത്തുക്കൾ ഉണ്ട്..
നല്ല വജ്രം പോലുള്ള ചില ബന്ധുക്കൾ ഉണ്ട്, ഏത് ദരിദ്ര്യത്തിലും സമത്വവും സ്നേഹവും കാണിച്ച് ഒപ്പം നിന്നവർ. അവർക്ക് ചേർത്തു പിടിച്ചു ഒരു കെട്ടിപിടുത്തം കൊടുക്കാതെ ഈ എഴുത്ത് നിർത്തുക വയ്യ . കൂടെ കട്ടക്ക് നിൽക്കുന്ന എല്ലാവരോടും സ്നേഹം മാത്രം..
വിവാദമായ എഴുത്തിന്റെ ലിങ്ക് താഴെ 👇
http://mayakazhchakal.blogspot.com/2018/11/blog-post.html?
10 comments:
ആ പോസ്റ്റ് ഇത്രേം വലിയ പ്രശ്നം ആയോ?
നമുക്ക് വേണ്ട സമയത്ത് സഹായിക്കാതെ ഉപദ്രവിച്ചവരെ യാതൊരു കാരണവശാലും പരിഗണിയ്ക്കണ്ട. എന്ത് തന്നേ വന്നാലും ആ കഥകളൊക്കെ എഴുതണം ചേച്ചീ. സ്വയം ഒരു ബോധ്യം വരട്ടെ അവറ്റകൾക്ക്........
ചേച്ചി ദൈര്യായിട്ട് എഴുതിക്കോ. ആദിണ്ട് കൂടെ. നമ്മുടെ കുഞ്ഞ് കുഞ്ഞ് സന്ദോഷങ്ങൾ കാണുമ്പോൾ അത് സങ്കടമാകാൻ പ്രാർത്ഥിക്കുന്നവരും ഉണ്ട് നമ്മുടെ ചുറ്റും എന്ന് തോന്നീട്ടില്ലെ ചേച്ചിക്ക്? അത് തന്നെയാണ് എന്റെ അവസ്ഥ.
എത്ര സങ്കടത്തിലും നമ്മൾ സന്തോഷം കണ്ടെത്താൽ ശ്രമിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു എല്ലാർക്കും.
നിരാശയുടെ കാരണം പലപ്പോഴും പ്രതീക്ഷകളാണ്..
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ജീവിക്കുക...
ഒരു പുഞ്ചിരി പോലും ആരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാതെ ജീവിക്കുക.......
സ്നേഹത്തോടെ,
ആദി
തന്നിൽ താഴ്നാവരോട് മനുഷ്യകുലം എന്നും ക്രൂരമായ തരംതാഴ്തൽ കാണിക്കും
മാരാരെയ്..എത്രയോ തവണ കണ്ടിരിക്കുന്നു,അനുഭവിച്ചിരിക്കുന്നു.
അവർ നിങ്ങളെ ആകെപ്പാടെ ഒന്ന് ഉഴിഞ്ഞു നോക്കും,വസ്ത്രം,തൊലിയുടെ നിറം,രൂപം, മാതാപിതാക്കളുടെ,തൊഴിൽ,അവരുടെ സാമ്പത്തീക സാമൂഹിക,ജാതീയ നില...
എത്ര എത്ര അളവ്തൂക്കങ്ങളാണ്,,
ചേച്ചിയെപ്പോലെ മുളച്ച് വളരുന്നവർ അപൂർവ്വമാണ്.
ഒരു വെയിലത്തും വാടില്ല ട്ടാ മ്മളൊന്നും.
എല്ലാ വേദനകളുടെയും പൂട്ടി
കെട്ടിയ ഭാണ്ഡങ്ങൾ ഇവിടെ വന്ന് അഴിച്ചിടുക
ഫേസ്ബുക്കിൽ പറഞ്ഞത് ഇവിടെയും പറയട്ടെ! ചിലരുടെയൊക്കെ അടുത്ത് 'കടക്ക് പുറത്ത്' മാത്രമേ നടക്കൂ...
ഈ സപ്പൊട്ടിന് നന്ദി സൂ..സന്തോഷമായി
നന്ദി ആദി..മനസ്സ് നിറഞ്ഞു
വാടാൻ മനസ്സില്ല ടാ..
തോൽക്കാൻ വയ്യ ഇനിയും
സ്നേഹം
സ്നേഹം ട്ടോ
Post a Comment