അന്ന് അച്ഛന്റെ 41 കഴിഞ്ഞു തിരിച്ചു വരുന്ന ദിവസമായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെയില് ചാഞ്ഞു പോയ നേരത്ത്, വന്ദേ ഭാരത് എത്തുന്നതിന് അരമണിക്കൂർ മുൻപേ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഓർമ്മയിൽ അച്ഛനോർമ്മകൾ കയറി വന്നപ്പോൾ, വായനയിലേക്ക് മനസ്സ് തിരിച്ചു വിട്ടു
ഒരു അടക്കി പിടിക്കാൻ ശ്രമിക്കുന്ന കരച്ചിൽ കേട്ടാണ് ഞാൻ മുഖമുയർത്തി നോക്കിയത്,
അപ്പോഴാണ് തൊട്ടു മുൻപിലൂടെ വിങ്ങി ഉലഞ്ഞു, ചുവന്നു റെയിൽവേ സ്റ്റേഷനിലെ ആളുകൾ കാണുമല്ലോ എന്ന ഭയത്തെയും കടന്ന് നിലവിളിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്. അവൾ കൃത്യമായി എനിക്ക് എടുത്ത് തന്നെ വന്നിരുന്നു എങ്ങലടിച്ചു കരഞ്ഞവളുടെ വിഷമത്തെ മുഴുവൻ അവളുടെ ഫോണിന്റെ മറുഭാഗത്തെ ആൾക്ക് കൊടുക്കുന്നുണ്ടായിരുന്നു.
അടുത്തിരുന്ന എന്നെ പോലും ആ ഉലച്ചിൽ വന്നു തൊടുന്നുണ്ടായിരുന്നു.
ഹിന്ദിയിലാണ് സംഭാഷണം30- 32 വയസ്സ് തോന്നിക്കുന്ന പെണ്ണാണ്. അപ്പുറത്തുള്ള അവളുടെ ബേബിയോട് ആണ് അവൾ കരഞ്ഞ് കാര്യങ്ങൾ പറയുന്നത്.
കണ്ടപ്പോഴേ ഊഹം തോന്നി പ്രണയം തന്നെ! കഠിനമായ ഒരു വേർപാടിന്റെ തുടക്കം ആയിരിക്കണം, ഞാൻ മനസ്സിൽ പറഞ്ഞു.
അവൾ ഫോൺ വച്ചതും, വെട്ടിവിറച്ച് ചെറുതായി പിന്നോക്കം മലക്കാൻ പോയി, നെഞ്ചിൽ കൈകൾ വച്ച് അമർത്തി വേദനിക്കുന്നത് എനിക്ക് കാണാമായിരുന്നു. ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അവളെ ചെന്ന് വട്ടം പിടിച്ചപ്പോൾ ആരെന്ന് നോക്കാതെ അവളെന്നിലേക്ക് ചാഞ്ഞു. അവളുടെ ശരീരം വെട്ടി വിറക്കുന്നുണ്ടായിരുന്നു. അവൾ വെറുമൊരു നിലവിളി മാത്രമായി മാറി.
എന്തുപറ്റി എന്ന ചോദ്യത്തിന് അവൾക്ക് സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല റെയിൽവേ സ്റ്റേഷനിലൂടെ പോകുന്നവർ ഞങ്ങളെ തുറുപ്പിച്ചു. നോക്കുന്നുണ്ടായിരുന്നു. എന്റെ കയ്യിൽ ഇരുന്ന വെള്ളം ബോട്ടിൽ എടുത്ത് കുറച്ചു വെള്ളം അവൾക്ക് കൊടുത്തു. നെഞ്ചിലും പുറത്തും തടവി അവളെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീണ്ടും ഇലക്ട്രിക് ഷോക്ക് അടിച്ചപോലെ അവൾ വീണ്ടും വെട്ടിവിറച്ച് ഒന്നുകൂടെ പുറകോട്ട് മലച്ചു, കടുത്ത നെഞ്ചുവേദനയോടെ ശ്വാസം വിലങ്ങി പിടഞ്ഞു. അവളപ്പോൾ തന്നെ മരിച്ചു പോകുമോ എന്ന് ഞാൻ പേടിച്ചു പോയിരുന്നു.
പാനിക്ക് അറ്റാക്ക് ആണെന്ന് പിന്നെ മനസ്സിലായി. എന്റെ ചുമലിൽ ചാരി ഇരുന്നവൾ വിങ്ങി വിങ്ങി കരയാൻ ആരംഭിച്ചു എന്റെ ചുമൽ കണ്ണുനീരു കൊണ്ട് നനഞ്ഞൊഴുകി.
പിന്നെ ചോദിക്കാതെ തന്നെ മനസ്സിലുള്ളതെല്ലാം അവളിരുന്ന് പറയാൻ തുടങ്ങി.
അവൾക്കൊരു ഓൺലൈൻ റിലേഷൻഷിപ്പ് ഉണ്ട്. എല്ലാ ദിവസവും ഒരുമിച്ചാണ് അവർ. അവൾ ഇപ്പോൾ ബേബി എന്ന് വിളിച്ച അയാൾ തന്നെ. ഭാര്യയും കുട്ടിയും മരിച്ച ഒരു ഓസ്ട്രേലിയയിൽ സെറ്റിൽ ആയിട്ടുണ്ടെന്ന് അവളോട് പറഞ്ഞിട്ടുള്ള ഒരാൾ.
അവൻ ഓസ്ട്രേലിയയിൽ നിന്ന് ഈ കുട്ടിയെ കാണാനായി മാത്രം ഇന്ത്യയിലേക്ക് വന്നുവത്രെ. ബോംബെ എയർപോർട്ടിൽ വെച്ച് മുംബൈ പോലീസ് അവനെ എന്തോ പറഞ്ഞു തടഞ്ഞു വെച്ചിരിക്കുകയാണ്. 20,000 രൂപ അയച്ചു കൊടുത്താൽ അവരവനെ വിടും.
ആ പൈസ അവന്റെ കയ്യിൽ ഇല്ലാത്തത് കൊണ്ട് അവളോട് അയച്ചു കൊടുക്കാൻ പറഞ്ഞിരിക്കുകയാണ്. അവളുടെ ഒരു മാസത്തെ ശമ്പളം ആണ് ഇരുപതിനായിരം രൂപ, ഇപ്പോൾ അഡ്വാൻസ് ആയി ചോദിച്ചിട്ടും തൊഴിലുടമ പൈസ കൊടുത്തില്ല. അവനെ ജയിലിൽ ഇടുമെന്നു പോലീസ് പറഞ്ഞിരിക്കുകയാണ്. അത് കൊണ്ടാണ് ഈ പെൺകുട്ടി കരയുന്നത്.
വെള്ളം കുടിച്ച് കുറച്ച് ആശ്വാസമായപ്പോൾ ഞാൻ പറഞ്ഞു ഇത്തരത്തിൽ സ്കാമുകൾ ഇഷ്ടം പോലെ നടക്കുന്നുണ്ട്.
ഓൺലൈൻ ആയാലും അവൾ അതികഠിനമായ പ്രണയത്തിലാണ്. പ്രണയത്തിൽ ആയിരിക്കുന്നത് എവിടെയാണെങ്കിലും സ്ത്രീകൾ എത്രമാത്രം ആത്മാർത്ഥതയോടെയാണ് അതിനെ എടുക്കുന്നത് അവൾ എനിക്ക് വീണ്ടും തെളിയിച്ചു തന്നു.
അവൾ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.
ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു ഓൺലൈനിൽ കാണുന്ന എല്ലാ പുരുഷന്മാരെ നമുക്ക് വിശ്വസിക്കാനാവില്ല ഇത് പോലെ വിശ്വസിച്ചവർക്ക് എല്ലാം പണി കിട്ടിയിട്ടുണ്ട്, അതുകൊണ്ട് ആ വേദന എന്തെന്നറിയാം.
അതുകൊണ്ടാണ് പറയുന്നത് ഇതൊരു സ്‌കാമാണ്, പൈസ അവൻ വെറുതെ ചോദിക്കുന്നതാണ് അല്ലെങ്കിൽ അവന് ചോദിക്കാൻ വേറെ ആൾക്കാർ ഉണ്ടാവില്ല എന്ന്
അവൻ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് നാട്ടിൽ ആരും ബന്ധുക്കളില്ല, ആകെയുള്ള ബന്ധം ഈ കുട്ടി മാത്രമാണ് എന്നാണ്.
'നീ കാണാത്ത ഒരാൾ തന്ന വാഗ്ദാനമല്ലേ കുഞ്ഞേ, ഓരോ നിമിഷവും എത്രയോ സ്ത്രീകൾക്കാണ് ഓൺലൈൻ പ്രണയം കാരണം പണി കിട്ടുന്നതെന്ന് അറിയാമോ' എന്ന് ചോദിച്ചപ്പോൾ അവളെന്നോട് തിരിച്ചു പറഞ്ഞത് "ഞാൻ ഏറ്റവും കൂടുതൽ ഈ ഭൂമിയിൽ പ്രണയിക്കുന്ന, ജീവനുതുല്യം സ്നേഹിക്കുന്നവനല്ലേ ദീദി, ചിലപ്പോൾ അവൻ ശരിക്കും ഇങ്ങനത്തെ ഒരു അവസ്ഥയിലാണെങ്കിലോ ഇരുപതിനായിരം രൂപ പോയാലും കുഴപ്പമില്ല ഞാനിത് അയച്ചില്ലെങ്കിൽ എനിക്ക് മനസ്സമാധാനം ഇല്ലാതെ ഇനിയുള്ള കാലം ജീവിക്കേണ്ടി വരും" എന്നാണ്.
പ്രണയമാണ് പറഞ്ഞാൽ മനസ്സിലാകില്ല, അത് എത്ര വയസ്സുകാരി ആയാലും അവർക്കത് മനസ്സിലാകണമെന്നില്ല, അതെല്ലാം ഞാനും കടന്നു പോയിട്ടുള്ളതാണല്ലോ, അത് കൊണ്ട് തന്നെ ഞാൻ പറച്ചിൽ നിർത്തി.
ഈ ഇരുപതിനായിരം രൂപ അവൾക്ക് നഷ്ടപ്പെടട്ടെ അവൾക്കൊരു പാഠം പഠിക്കാനുള്ള ഫീസ് ആയിട്ട് ഞാൻ ഇതിനെ കണക്കാക്കി.
അപ്പോഴേക്കും വന്ദേ ഭാരത് വരുന്നുണ്ടെന്നുള്ള അനൗൺസ്മെന്റ് കേട്ടു,
അവളുടെ കഴുത്തിൽ കിടക്കുന്ന വെള്ളി നിറമുള്ള കൊന്ത നോക്കി ഞാൻ അവളോട് ചോദിച്ചു 'നിനക്ക് നല്ല വിശ്വാസമില്ലേ, നിനക്ക് നല്ലതിനു വേണ്ടിയാണ് ഇത് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് പറഞ്ഞതൊന്നും മറക്കാതിരിക്കുക. നന്നായി പ്രാർത്ഥിക്കുക,' അവളെ ആശ്വസിപ്പിക്കാൻ അപ്പോൾ അതു മാത്രമേ എന്റെ കയ്യിൽ മറുവഴി ഉണ്ടായിരുന്നുള്ളൂ. അവൾ നിറഞ്ഞു ചുവന്ന ക ണ്ണുകളിൽ പ്രതീക്ഷ നിറയുന്നുണ്ടായിരുന്നു. പതുക്കെ അവൾ കൊന്തയിൽ തൊടുന്നുണ്ടായിരുന്നു.
എന്നിട്ടും പോലീസിനെ അറിയിക്കണോ എന്നും കൂടെ ചോദിച്ചു.
'അവൻ ഒരു ചതിയൻ ആണെങ്കിലോ ദീദി, വേണ്ടാ അവനെ ഞാനായിട്ട് ഉപദ്രവിക്കില്ല' എന്നവൾ.
അവൾ എന്റെ ഫോൺ നമ്പർ വാങ്ങി, പിന്നെ അടുത്ത് വന്നെന്നെ ഇറുകെ കെട്ടിപിടിച്ചു. അവളൊരിക്കലും എന്നെ മറക്കില്ലന്ന് പറഞ്ഞപ്പോൾ ഞാൻ ശ്രീനിവാസന്റെ ഡയലോഗ് പറഞ്ഞു 'എന്നെ ഓർക്കുകയേ വേണ്ട, ഓർത്തു വെക്കാനായി ഞാനിപ്പോൾ ആർക്കും ഒന്നും ചെയ്യാറില്ല' എന്ന്.
വന്ദേ ഭാരതിലേക്ക് കയറും മുൻപേ ഒരിക്കൽ കൂടെ ഞാൻ പറഞ്ഞു. രണ്ടോ മൂന്നോ തവണ പൈസ വാങ്ങിച്ചു കഴിയുമ്പോൾ അവൻ നിന്നെ ഗോസ്റ്റ് ചെയ്തു പോകും. അന്നും ഇതുപോലെ പാനിക്കറ്റാക്ക് വരാതെ നോക്കണം. ഇപ്പോഴേ അതിന് തയ്യാറെടുക്കുക. നമ്മുടെ ആരോഗ്യം നമ്മൾ തന്നെയാണ് നോക്കേണ്ടത്. നമ്മളെ ഇട്ടിട്ട് പോകുന്നവർ അതൊന്നും ആലോചിക്കുന്നവർ ആകില്ലല്ലോ. അത് കൊണ്ടല്ലേ ഇങ്ങനെ ഇട്ടിട്ട് പോകാൻ പറ്റുന്നത്. വ്യക്തമായ പ്ലാനോടെ അവർ വരുന്നതേ നമ്മളെ പറ്റിക്കാനാണ്. നിനക്ക് നല്ലതേ വരൂ നിനക്ക് പഠിക്കാനുള്ള ഒരു വലിയ പാഠമാണ് ഇതെന്ന് കരുതു എന്നും പറഞ്ഞു ട്രെയിനിലേക്ക് കയറുമ്പോൾ അവൾ വീണ്ടും പറഞ്ഞു 'നല്ല വാർത്ത വല്ലതും വന്നാൽ വിളിക്കും ഇല്ലെങ്കിൽ ഞാൻ ഒരിക്കലും വിളിക്കില്ല.'
ട്രെയിനിൽ ഇരിക്കുമ്പോൾ മുഴുവനും ഹൃദയമുലഞ്ഞു കരയുന്ന ആ പെൺകുട്ടിയായിരുന്നു മനസ്സിൽ. അവളുടെ പേരാണെങ്കിൽ ഞാൻ ചോദിക്കാനും മറന്നു പോയിരുന്നു.
പ്രണയമെന്ന മനോഹരമായ ആ വികാരത്തെ ഉപയോഗിച്ച് എത്രയോ മനുഷ്യരാണ് ഹൃദയങ്ങളെ ഇങ്ങനെ അമ്മാനമാടുന്നത്,
ഇത്തരം ആണുങ്ങൾക്ക് ഹൃദയം ഇല്ലെ ആവോ? അവരിങ്ങനെ ഇങ്ങനെ കടന്നു പോകുമ്പോൾ ആ സ്ത്രീകളെ കുറിച്ച് ഒരിക്കലെങ്കിലും ഓർക്കുമോ ആവോ? നൂറായിരം ചോദ്യങ്ങളുമായാണ് ഞാൻ യാത്ര തിരിച്ചത്.
പ്രണയത്തെ സെക്സിനും, പണത്തിനും മാറ്റാവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ച് അപ്പുറത്ത് നിൽക്കുന്ന മഹാപാവം മനുഷ്യരെ ഒരു നിമിഷം പോലും ഓർക്കാതെ പോകുന്നവരുടെ മനസ്സമാധാനത്തിനു ഒരു പ്രശ്നവും ഇല്ലല്ലോ എന്നോർത്തു, അവളെ കണ്ടു കടന്നു പോയ എന്റെ സമാധാനത്തെ തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടുമ്പോൾ അതായിരുന്നു ചിന്തിച്ചത്.
ഒരർഹതയുമില്ലാത്ത അയാളെ ഇത്ര മാത്രം ആഴത്തിൽ, കളങ്കമില്ലാതേ സ്നേഹിക്കുന്ന അവളെ കണ്ടിട്ട് എനിക്ക് അയാളോട് കനത്ത ദേഷ്യം തോന്നി.
ഈ ചതി അവൾ അതിജീവിച്ചു വരുമ്പോഴേക്കും എത്രമാത്രം വേദനകളിലൂടെ, അവിശ്വാസത്തിലൂടെ കടന്നു പോകും! ജീവിതം മുഴുവൻ മാറ്റിമറിക്കുന്ന ഒരു അനുഭവമായി എന്നും ഇതിന്റെ വേദന അവൾക്കൊപ്പം ഉണ്ടാകും.
ആഴ്ച രണ്ടു കഴിഞ്ഞു ഇപ്പോഴും അവൾക്ക് വരാനുള്ള 'അച്ചി ഖബർ' വന്നിട്ടില്ലെന്നു തോന്നുന്നു. അവൾ എന്നെ വിളിച്ചിട്ടുമില്ല ഞാൻ തിരിച്ചും വിളിച്ചിട്ടില്ല.
ദ ക്രയിങ് നോർത്ത് ഇന്ത്യൻ ഗേൾ ഇൻ ദി തൃശൂർ റെയിൽവേ സ്റ്റേഷൻ എന്ന് ഞാൻ സേവ് ചെയ്തിരിക്കുന്ന ആ നമ്പറിൽ നിന്ന് ഞാൻ ആ വിളി പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം.

No comments:
Post a Comment