Saturday, 14 February 2026

ഉപകാരസ്മരണ



എഴുത്തുകാർ സാമൂഹ്യ പ്രതിബദ്ധത ഉള്ളവർ ആയിരിക്കണോ?
 ആയിരിക്കുന്നതാണ് എനിക്കിഷ്ടം,
കാരണം സർഗ്ഗശക്തി അത്ര ശക്തമായ ഒരു  ആയുധം തന്നെയാണ്.. അത് വെച്ച് കുത്തിയോ വെട്ടിയോ കൊല്ലാം.. അത് പോലെ തൂവൽ സ്പർശം പോലെയോ,  ഒരു അപ്പൂപ്പൻ താടി പറന്ന് നിലത്തിറങ്ങും പോലെ  സ്നേഹിക്കുകയോ  ചെയ്യാം. സാധാരണമല്ലാത്ത കാര്യങ്ങളെ സർവ്വസാധാരണവുമാക്കാം, അങ്ങനെയങ്ങിനെ അതിന്റെ കഴിവുകൾ കണക്കുകൂട്ടാനാവാത്തതാണ്. 

ഉദാഹരണത്തിനു ഞാനൊരു കഥ പറയാം..പണ്ട് വളരെ പണ്ടാണ് മനുഷ്യനെ ശ്വാസംമുട്ടിക്കുന്ന തരത്തിൽ സ്നേഹം കാണിക്കുന്ന ഒരാളുമായി അടുപ്പത്തിലാകുന്നത്.  പ്രണയം എന്നുപോലും വിളിക്കാനാകാത്ത എന്തോ ഒന്ന്.. മറ്റുള്ളവർക്ക് കണ്ടാൽ മനസ്സിലാകാത്ത തരത്തിലുള്ള ഒരു ഭാരം അയാളുടെ 
 പെരുമാറ്റത്തിൽ ഉടനീളം ഉണ്ടായിരുന്നു.

 ഇണയാകേണ്ടവളെ ശരിയാക്കി എടുക്കാനുള്ള  മഹാ ത്യാഗമായിരുന്നു അയാൾക്ക് വിവാഹം. ആദ്യം തോന്നിയ അടുപ്പം തുടർച്ചയായ ഉപദേശത്താലും കളിയാക്കലിലും എപ്പോഴേ കെട്ടു പോയിരുന്നു. 
 
,എന്തുകൊണ്ടായിരിക്കാം എല്ലാവർക്കും വളരെ സാധാരണമായി തോന്നുന്ന ഈ പല കാര്യങ്ങളും  സഹിക്കാൻ ആകാത്തത് എന്നതായിരുന്നു മനസ്സ്  ചോദിച്ചിരുന്നത്.  എന്റെ ജീവിത പരിസരങ്ങളിലെ സാധാരണ ആണുങ്ങൾ കാണിക്കുന്നതൊക്കെ തന്നെയായിരുന്നു അയാളും കാണിച്ചിരുന്നത്. പക്ഷേ ഒട്ടും സഹിക്കാനാവാത്തതും ആയിരുന്നു!

 എങ്ങനെ പറഞ്ഞു ഒഴിവാക്കാൻ ശ്രമിച്ചാലും അവസാനം എല്ലാം ശരിയാകും ഒന്ന് കല്യാണം കഴിച്ചാൽ മതി  എന്നായിരുന്നു അതിനു മറുപടി കിട്ടിയിരുന്നത്.  ഊരി പോരാൻ സമ്മതിക്കാതെ, ചൂണ്ടയിൽ എന്നോണം കുടുക്കി  നിർത്താൻ അതീവ മിടുക്കനായിരുന്നു.

 ഇതെല്ലാം തോന്നുന്നത് എന്റെ മാത്രം കുഴപ്പമാണ് എന്ന് പറഞ്ഞു  മറ്റു സ്ത്രീകളുമായി ഉള്ള താരതമ്യ പഠനം വേറെയും പതിവാണ്. അങ്ങനെ  അങ്ങേയറ്റം കൺഫ്യൂഷനിലേക്ക് എന്നെ വിടുന്നതും സർവ്വസാധാരണമായിരുന്നു. എന്തായാലും എന്നെ നന്നാക്കി എടുക്കേണ്ടത് അയാളുടെയും ഈ സമൂഹത്തിന്റെയും വലിയ ഉത്തരവാദിത്തമായിരുന്നു. 

 അങ്ങനെയിരിക്കെ  തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ഞാൻ റെയിൽവേ സ്റ്റേഷനിലെ ബുക്ക് സ്റ്റോറിൽ നിന്ന് സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥാസമാഹാരം വാങ്ങിക്കുന്നത്. ആലുവ അടുത്തെത്താൻ ആയപ്പോഴാണ് ആ കഥ ഞാൻ വായിച്ചു തുടങ്ങുന്നത്.  അന്ധൻ ആയിട്ടുള്ള ഒരാളും അയാളുടെ മകനും ട്രെയിനിലൂടെ യാത്ര ചെയ്യുന്നതും അത് നോക്കിയിരിക്കുന്ന പ്രണയ ജോഡിയെയുമാണ് ആ കഥയിൽ വിവരിക്കുന്നത്. 
 അതിലെ പുരുഷനാകട്ടെ ഇയാൾ കാണിക്കുന്നതുപോലെയുള്ള എല്ലാ സ്വഭാവസവിശേഷതകളും ഇണയായ പെൺകുട്ടിയോട്   കാണിക്കുന്നുണ്ട്. കഥയിലെ പെൺകുട്ടിയും   കൺഫ്യൂഷനിലാണ്, ശരിയും തെറ്റും ഏതെന്ന് സ്വയം തിരിച്ചറിയാനുള്ള കഴിവിനെ അടിച്ചമർത്തി അയാൾ അയാളുടെ അഭിപ്രായങ്ങൾ  പതുക്കെ അവളിലേക്ക്  സന്നിവേശിപ്പിക്കുന്നുണ്ടായിരുന്നു, ആദ്യമൊന്നും അവൾക്ക് പോലും മനസ്സിലാകാത്ത രീതിയിൽ  തന്നെയായിരുന്നു അതും. 

  ഒടുവിൽ ഈ കഥയിലൂടെ അയാൾ കാണിക്കുന്നത് ശരിയല്ലെന്നും അത് ആ പെൺകുട്ടിയെ ശ്വാസംമുട്ടിക്കുന്നതാണെന്നും ജീവിതത്തിൽ ഒരിക്കലും അയാൾക്കൊപ്പമുള്ള ജീവിതം സമാധാനം തരില്ലെന്നു പെൺകുട്ടി മനസ്സിലാക്കി അയാളിൽനിന്ന് ഇറങ്ങി പോകുന്നിടത്താണ് കഥ അവസാനിക്കുന്നത്.  

 കഥ വായിച്ചു നിർത്തുമ്പോൾ ട്രെയിൻ ആലുവ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരിക്കുകയിരുന്നു.  തിരുവനന്തപുരത്തേക്ക് പോകാനുള്ള ഞാൻ ധൃതിപിടിച്ച് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി,  കോയിൻ ബോക്സ്‌ ടെലഫോൺ ബൂത്തിൽ കയറി  അയാളെ വിളിച്ചു
 അത്രനാളും പിടിച്ചുവെച്ചിരുന്ന എല്ലാ അസഹ്യതയും,  ആ നിമിഷം ഒന്നും ഓർക്കാതെ ധൈര്യത്തിൽ അയാളോട് വിളിച്ചുപറഞ്ഞു. ഇനിമേലിൽ എന്നെ ശല്യം ചെയ്യുകയും അരുത് എന്ന് അവസാന താക്കീതും കൊടുത്ത് നിർത്തി. അയാൾക്ക് മറുപടി പറയാൻ പോലും അവസരം കൊടുത്തില്ല. കാരണം യുദ്ധം ചെയ്ത് നേടിയ ഈ ജീവിതം ആർക്കും പണയം വെക്കാനുള്ളതല്ലെന്ന് ആ സമയം കൊണ്ട് ആ എഴുത്തുകാരൻ എന്നെ ഓർമിപ്പിച്ചു കഴിഞ്ഞിരുന്നു. 

 അന്ന് പുസ്തകം വായിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ വിവാഹം കഴിച്ച ശേഷം ആയിരിക്കും  വഴക്കായി ഒരു വിവാഹമോചനത്തിലോ കൊലപാതകത്തിലോ ഒക്കെ എത്തുക. 

 ജീവിതത്തിനെ അത്തരം വലിയ ചുഴികളിൽ പെടുത്താതെ ഒരു നിമിഷത്തെ ഓർമ്മപ്പെടുത്തലിലൂടെ എന്തുവേണമെന്ന്  എഴുത്തുകാരൻ കാണിച്ചുതന്ന വഴി തന്നെയായിരുന്നു ആ കഥ.
 അതിനുശേഷം ഞാൻ എത്ര ലോകം കണ്ടു, യാത്രകൾ ചെയ്തു, പുസ്തകം എഴുതി നിരവധി സൗഹൃദത്തിലൂടെ തോണി തുഴഞ്ഞു, സ്നേഹത്താൽ ഹൃദയം നിറഞ്ഞു , എന്നെക്കാൾ എന്നെ മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തി, മനോഹരങ്ങളായ നിരവധി അനുഭവങ്ങളിലൂടെയാണ് ജീവിതം പിന്നെ നടന്നു പോയത്. 

  ഏതൊരു പുതിയ കാര്യം ചെയ്യാൻ ഇറങ്ങുമ്പോഴും സന്തോഷ് എച്ചിക്കാനത്തെ  സ്നേഹപൂർവ്വം ഓർക്കും സത്യത്തിലാക്കഥയുടെ പേരൊന്നും എനിക്ക് ഓർമ്മയില്ലെങ്കിലും,  അന്ന്  സന്തോഷ് ആ കഥയിലൂടെ കാണിച്ചുതന്ന വിഷലിപ്തത എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമെടുക്കുന്നതിന് പ്രചോദനമായി. 

 കാ ഫെസ്റ്റിവലിലെ ഒരു സെഷനിൽ വച്ച്, ഞാൻ സന്തോഷിനെ കാണുകയും പരസ്യമായി അത് നന്ദി പറയുകയും ചെയ്തിരുന്നു. 

 പിന്നെ സ്നേഹപൂർവ്വം ചോദിച്ചു വാങ്ങിയ ഒരു ഫോട്ടോ കൂടെയുണ്ട്,  അടുത്തുതന്നെ ഞാനത് ഫ്രെയിം ചെയ്ത് മുറിയിൽ തൂക്കും ഉപകാരസ്മരണയ്ക്ക്. 💜

No comments: